Wednesday, June 13, 2012

നിലാവ് കരയിട്ട ഒരു ഓണക്കാലം

ഫേസ്ബുക്ക്‌ താളുകള്‍ മറിക്കുമ്പോള്‍ കഴിഞ്ഞ ദിവസം എനിക്കൊരു മയില്‍‌പ്പീലി കിട്ടി!! കലാലയ നാളുകളിലെ പഴയ ക്ലാസ്സ്മേറ്റിന്‍റെ മുഖം. അവളെ കാണാന്‍ ഇപ്പോഴും ഡിഗ്രി ക്ളാസ്സിലേത് പോലെ തന്നെ. മേല്‍വിലാസം മാറി എന്ന് മാത്രം, മുന്‍പ് എന്‍റെ വീട്ടില്‍ നിന്ന് പത്തു നിമിഷം നടന്നെത്താവുന്ന ദൂരമായിരുന്നെങ്കില്‍ ഇപ്പോള്‍ ചെന്നൈയില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടിവ്! ഇന്ദു.
നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവയ്ക്കുന്നതിനിടയില്‍ "ഈ ഓണത്തിന് നാട്ടില്‍ വരുന്നുണ്ടോ മനൂ" എന്നവള്‍ ചോദിച്ചു. പിന്നെ പണ്ടത്തെ കുട്ടിക്കാലത്തെ   ഓണക്കാല വിശേഷങ്ങള്‍ കടന്നു വന്നു.
ഓണക്കാലത്ത് അമ്പലമുറ്റം നിറയെ തുമ്പ പൂക്കും! .
ആ തുമ്പക്കാട്ടില്‍ എവിടെയോ ഇന്ദൂന്‍റെ പാദസരം കളഞ്ഞു പോയി. അരിച്ചുപെറുക്കി തെരയാന്‍ എല്ലാവരും കൂടി. കൈപ്പളിയിലെ  കുക്കുടുവും, സീതയും വാര്യത്തെ ഉഷ ചേച്ചിയും, കൊച്ചുമണിയും, കഴകക്കാരന്‍ നാരായണേട്ടനുമൊക്കെ..പക്ഷെ  തുമ്പപ്പൂക്കള്‍ക്കിടയില്‍ ഒളിച്ചു കിടന്ന ആ പാദസരം കിട്ടിയത് എന്‍റെ കണ്ണുകള്‍ക്കാണ്.
എനിക്ക് മാത്രം!
ആ വെള്ളിക്കൊലുസ്സ് എട്ടാം ക്ലാസ്സുകാരിയുടെ കയ്യില്‍ വച്ചുകൊടുക്കുമ്പോള്‍ മുത്തുമണി കിലുങ്ങും പോലെ അവള്‍ ചിരിച്ചു. ഇന്നും ചിലപ്പോള്‍ ഓര്‍മകളിലെ ബാല്യത്തിലേയ്ക്ക് തിരികെ നടക്കുമ്പോള്‍ ഒരു ചില്ലലമാരയില്‍ ആരും കാണാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആ വെള്ളിക്കൊലുസ്സ് പുറത്തെടുത്ത് ഗൂഡമായി ഒന്ന്  ഓമനിക്കും , പിന്നെ അതു പോലെ സേഫ് ആയി തിരിച്ചു വയ്ക്കും.
 
മാവുകള്‍ തളിരിടുന്ന ഓഗസ്റ്റ് മാസം. ഓണവെയിലിന്‍റെ വെള്ളിവെളിച്ചം കൊണ്ട് നാടൊന്നു സുന്ദരി ആയിട്ടുണ്ട്‌. മാവേലി എത്താറായി എന്നറിയിച്ച് കുട്ടി ഹെലികോപ്റ്റര്‍  പോലെ പാഞ്ഞു പറക്കുന്നു ഓണത്തുമ്പികള്‍!  പതിവ് ഊരുചുറ്റല്‍   കഴിഞ്ഞ്  റോഡുവക്കിലെ കമ്മ്യുണിസ്റ്റ് പച്ചയോടും മുട്ടായിച്ചെടിയോടും കുശലം ചോദിച്ച് ആടിതൂങ്ങി വീട്ടിലേക്ക് വരുമ്പോളാണ് കണ്ടത്- കരുവായത്ത് വീടിനരികെ പറമ്പില്‍  ഒരു കൂടാരം! നാല് ചുറ്റും മരങ്ങളിലേക്ക് വലിച്ചു കെട്ടിയ തോരണങ്ങള്‍.
തെങ്ങില്‍കയറി റോഡിലേക്ക് മൂക്കും നീട്ടിയിരുന്ന് കോളാമ്പി മൈക്കുകള്‍ പാടുന്നുണ്ട്.
ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളെ......... 
ടൂറിംഗ് സര്‍ക്കസ് വന്നൂ, ഞങ്ങളുടെ നാട്ടിലും!
 
 
കോളേജ്  അടച്ചതുകൊണ്ട് ഇനി കുറച്ചു ദിവസത്തേക്ക് വൈകുന്നേരങ്ങളില്‍ സര്‍ക്കസ് കാഴ്ചകള്‍ കാണാം..എല്ലാവര്‍ക്കും സന്തോഷം!
ഡിസ്കോ പാട്ടുകള്‍ക്കൊപ്പം ചടുലമായ നൃത്തചുവടുകളോടെയാണ് ഷോയുടെ തുടക്കം. സൈക്കിള്‍ കൊണ്ടുള്ള തുടക്കത്തിലെ അഭ്യാസ പ്രകടനങ്ങള്‍ക്ക് ശേഷം  മൈക്കിലൂടെ അറിയിപ്പ്:  "പ്രിയമുള്ളവരേ, "ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞൂ" എന്ന മനോഹരഗാനത്തിനൊപ്പം ചുവടുവയ്ക്കാന്‍ ഇതാ കടന്നു വരുന്നു മിസ്സ്‌ രമ്യാറാണിയും  സുധീറും! സംഭൂജ്യരായ ഗുരുജനങ്ങളെ ഈ മാദക നൃത്തം ആസ്വദിക്കൂ, ഈ യുവ മിഥുനങ്ങളെ അനുഗ്രഹിക്കൂ"
 

ചുവപ്പും നീലയും സ്പോട്ട് ലൈറ്റുകള്‍ മിന്നി തെളിയുന്ന വേദിയിയിലെ മാദക മുന്തിരിക്കുലയായിരുന്നു രമ്യാറാണി!! പണ്ടത്തെ സിനിമകളിലെ  കാബറെ രംഗങ്ങളില്‍ ജയമാലിനിയും, അനുരാധയും, ഉണ്ണിമേരിയും ഇട്ടിരുന്ന വേഷങ്ങള്‍ പിഞ്ഞികീറാന്‍ തുടങ്ങിയപ്പോള്‍ ലേലത്തില്‍ പിടിച്ചു ഈ മാംസളതയ്ക്ക്  നല്കിയതാണോ എന്ന് ഒരു ഉല്‍പ്രേക്ഷ തോന്നും അവരുടെ വേഷം കണ്ടാല്‍!! നീണ്ട നഖങ്ങളില്‍ ചുവന്ന നെയില്‍പോളിഷിന്‍റെ പെരുന്നാള്! കൈനിറയെ പല വര്‍ണ്ണങ്ങളിലെ കുപ്പി വളകള്‍. നിറമാറില്‍ യൌവ്വന കലശങ്ങള്‍ ആ നാട്ടിലെ പുരുഷ കേസരികള്‍ക്ക് നേരെ വെല്ലുവിളിച്ചു നില്‍ക്കുന്നു. സര്‍ക്കസ് പറമ്പിലേക്ക് കൊതിയന്മാരായ നാട്ടുകാരെ ആകര്‍ഷിച്ചു കയറ്റുന്ന കോഴി ബിരിയാണി ആയിരുന്നു രമ്യാറാണി!! നാട്ടുകാരായ നീലകണ്‌ഠപിള്ളയും, പഞ്ചായത്ത് പ്രസിഡന്‍റു ഗോപാലകൃഷ്ണ കുറുപ്പും, മെമ്പര്‍ കുഞ്ഞച്ചായനുമൊക്കെ കൃത്യം 6 .30  നു തന്നെ സര്‍ക്കസ്സു കാണാന്‍ എത്തിയതിന്‍റെ പിന്നിലെ രഹസ്യമോഹം മറ്റൊന്നുമല്ല.
 

ഓരോ ദിവസവും രമ്യാറാണി ഓരോ വേഷങ്ങളില്‍ നൃത്തമാടി. അവളുടെ അരക്കെട്ടില്‍ ചുറ്റിപിടിച്ചും ചുണ്ടുകള്‍ കൊണ്ട് ചിത്രം വരച്ചും സുധീര്‍ പാവപ്പെട്ട എന്‍റെ നാട്ടുകാരുടെ രക്തം, ആ ചിങ്ങ നിലാവില്‍ ഏഴുമണിവരെ ആവിയാക്കി.
തീയിലൂടെ സൈക്കിള്‍ ചവിട്ടല്‍, നെഞ്ചില്‍ ആട്ടുകല്ല് കയറ്റി വച്ച് അരിയാട്ടല്‍, പൊട്ടിയ ട്യൂബ് വിഴുങ്ങല്‍ തുടങ്ങിയ കലാപരിപാടികള്‍ തുടര്‍ന്ന് നടക്കും.
സാഹസികമായ ഓരോ അഭ്യാസത്തിനും തൊട്ടുമുന്‍പ് "അതിസാഹസികമായി ഈ വിദ്യ ഇവിടെ അവതരിപ്പിക്കുന്ന ഈ പാവം കലാകാരന്‍റെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കണേ പ്രിയമുള്ളവരെ" എന്നൊരു വികാര തീവ്രമായ അന്നൌന്‍സ്മെന്‍റ് വരും.
പിന്നെ കരലളിയുന്ന പോലെ ശോകഭാവത്തില്‍ ഒരു ഭക്തിഗാനം മുഴങ്ങും. ആ സമയം വെള്ള സാരിയും  ബ്ലവ്സ്സുമിട്ടു രമ്യാറാണി വേദിയില്‍ വന്നു സുധീറിനെ മുട്ടിയുരുമ്മി നില്‍ക്കും. (ഭക്തിയുടെ കാറ്റഴിച്ചു വിടുന്ന ഒരു ഏര്‍പ്പാടാണത്).
 

ചീട്ടുകളി ടീമും, മറ്റു കൌമാര കുമാരന്മാരും, പഞ്ചായത്തില്‍ പര്യടനവുമായി (വായിനോക്കി)നടക്കുന്ന മറ്റു തൈക്കിളവന്മാരും പകല്‍ സമയങ്ങളില്‍ സര്‍ക്കസ്സു കൂടാരത്തിന് ചുറ്റും ഉപഗ്രഹം പോലെ ചുറ്റിക്കറങ്ങി. പക്ഷെ നിരാശ ആയിരുന്നു ഫലം. രമ്യാറാണി എന്ന മായാമോഹിതചന്ദ്രിക ക്ഷീരപഥത്തില്‍ പ്രത്യക്ഷയാകാതെ പകല്‍ സമയങ്ങളില്‍ ആ ടെന്‍റിന്‍റെ മേഘ പാളികള്‍ക്കുള്ളില്‍ മറഞ്ഞിരുന്നു! ചിങ്ങ നിലാവ്  പാല്‍വെളിച്ചം വീശുന്ന ആ രാത്രികളില്‍  ഗ്രാമത്തിന്‍റെ പുരുഷ സ്വപ്നങ്ങളില്‍ ഒരേയൊരു മുഖം മാത്രം
.
രണ്ടാഴ്ച്ചയേ ആയുസ്സുണ്ടായിരുന്നുള്ളൂ ആ മാമ്പഴക്കാലത്തിന്.
കൂടാരമഴിഞ്ഞു വീണു. സര്‍ക്കസ്സുകാര്‍ അടുത്ത നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു. ദു:ഖത്തോടെ ആണ് നാടുണര്‍ന്നത്. രമ്യാറാണി  ആ നാട്ടില്‍ നിന്ന് യാത്ര പറയുന്നതോര്‍ത്ത് പൈക്കിടാങ്ങള്‍ പോലും ഏങ്ങി നിന്നു. പെറ്റതള്ള മരിച്ചാല്‍ കരയാത്ത കരിങ്കല്ല്‌ ഹൃദയങ്ങള്‍ പോലും വിങ്ങി.
 

സാധങ്ങളും സൈക്കിളും കിടുപിടിയുമൊക്കെ കയറ്റാന്‍ ലോറി വന്നു.
അപ്പോളതാ........കൈലിയും ടീ- ഷര്‍ട്ടുമിട്ട് ചുണ്ടത്തൊരു പനാമ സിഗറെറ്റും പുകച്ചു മിസ്സ്‌  രമ്യാറാണി പുറത്തു വരുന്നു!!!!!!
ആ നീണ്ട മുടിയഴകെവിടെ???
 ഈ ഗ്രാമത്തിന്‍റെ ഹൃദയതാളമായ  ആ കയ്യിലെ കുപ്പിവളകളുടെ കിലുക്കമെവിടെ? 
സഹ്യാദ്രിമല പോലെ ഉയര്‍ന്നുനിന്ന കുചദ്വന്തങ്ങള്‍ എവിടെ?
എല്ലാം മായ!!!
 

ടീ- ഷര്‍ട്ട് ഊരി ലോറിയിലേക്കെറിഞ്ഞ് കൈലി മടക്കിക്കുത്തി, ക്ലീന്‍ ഷേവ് ചെയ്ത ഒരു ചെറുപ്പക്കാരന്‍ ലോഡിംഗ് തൊഴിലാളിയെപ്പോലെ ലോറിയിലേക്ക് ചാടിക്കയറി!
""നോക്കി നില്‍ക്കാതെ ആ മേശ ഇങ്ങോട്ട് പിടിക്കടേ"" ഹൃദയത്തില്‍ നഖക്ഷതങ്ങള്‍ ഉണ്ടാക്കിയ മുഖത്തു നിന്നാണോ ഈ കൂതറ ശബ്ദം?? വെള്ളി വെളിച്ചത്തില്‍ കണ്ട മനോഹര പാദങ്ങളിലെ നെയില്‍ ക്യുടെക്സോ, പകല്‍ വെളിച്ചത്തില്‍ ഇപ്പോള്‍ ഈ കാണുന്ന കാളപൂട്ടുകാരന്‍റെ കാലുകളോ സത്യം??
 

സാരിയുടുത്ത ഒരു വഞ്ചനയായിരുന്നു രമ്യാറാണിയെന്ന നഗ്നസത്യം പഞ്ചായത്ത് പ്രസിഡന്‍റുള്‍പ്പെട്ട ആരാധകവൃന്ദം മനസ്സിലാക്കിയപ്പോള്‍ നിറുത്താതെ ചിരിച്ചത് ആ നാട്ടിലെ യഥാര്‍ഥ പെണ്ണുങ്ങള്‍  തന്നെയായിരുന്നു.
 

അങ്ങനെ സര്‍ക്കസ്സു കഴിഞ്ഞു. തിരുവോണമെത്തി.......
 

 വികാസ് ആര്‍ട്ട്സ്    ആന്‍ഡ്‌ സ്പോര്‍ട്ട്സ്  ക്ലബ്ബില്‍ ഒണാഘോഷപ്പരിപാടികള്‍   തകൃതിയായി നടക്കുന്നു. കഴകയറ്റ മത്സരവും ഉറിയടിയും 
വടംവലിയുമാണ് പ്രധാന ഇനങ്ങള്‍.  രാത്രി സിനിമാ പ്രദര്‍ശനം! ഇന്നത്തെപ്പോലെ ടെലിവിഷനില്‍ വലിയ പരിപാടികള്‍  ഇല്ലല്ലോ അന്ന്‌. അതുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കം  കളികള്‍ കാണാന്‍ വരും.
വടംവലിയ്ക്ക്‌ സമ്മാനമായ 501   രൂപ സ്പോണ്‍സര്‍ ചെയ്തിരുന്ന പട്ടാളം ഗോപിച്ചേട്ടന്‍ കാലുമാറിയെന്ന ഞെട്ടിക്കുന്ന വാര്‍ത്തയുമായി നാലുമണിനേരത്തെ ചൂടുകാറ്റിനോടൊപ്പം  സുഭാഷിന്‍റെ സൈക്കിള്‍
 ക്ലബ്ബിലെത്തി.  
സാമ്പത്തിക ഭദ്രത BPL ആയിരുന്ന വികാസ് ക്ലബ്ബിനു അത് വലിയ 
ഷോക്കായിരുന്നു.  ഭീമന്‍ രഘുവിനേപ്പോലെ ഏഴുപേര്‍ ചേര്‍ന്ന  പുലിക്കോട് ബ്രദേഴ്സ് ആണ് വടംവലിച്ചു സമ്മാനം നേടിയത്..
വൈകിട്ട് അഞ്ഞൂറ്റി ഒന്ന് രൂപ കൊടുത്തില്ലെങ്കില്‍ ആ വടത്തില്‍ ഭാരവാഹികളെ കെട്ടിതൂക്കും.
വായിനോട്ടമല്ലാതെ മറ്റൊരു വരുമാന മാഗ്ഗവും ഇല്ലാത്ത  ഞങ്ങള്‍ക്ക്  ഒരു ഐഡിയ കാണിച്ചു തരൂ ദൈവമേ എന്ന് പറഞ്ഞെല്ലാവരും മുകളിലേക്ക്നോക്കി കണ്ണുകള്‍കൊണ്ട് ശൂന്യതയില്‍ ചിത്രം വരച്ചു.
പെട്ടെന്ന് ഒരു വെളിപാട് പോലെ സ്വാമിനാഥന്‍,
 " എഡാ മനൂ, നിന്‍റെ ചിറ്റപ്പന്‍ ഓണത്തിന് നാട്ടില്‍ വന്നിട്ടില്ലേ, ഗള്‍ഫീന്ന്? ആളു വിചാരിച്ചാല്‍ കാര്യം നടക്കും." എന്ന്  പറഞ്ഞു.

മുതിര്‍ന്നവരുടെ ഉഴപ്പ് കമ്പനിയിലേക്ക് പ്രൊമോഷന്‍ കിട്ടി കറങ്ങി നടക്കുന്ന വെന്ന് ഒരു പ്രഭാതഭേരി എന്നും  പ്രഭാത  ഭക്ഷണത്തോടൊപ്പം  വിളമ്പുന്ന അച്ഛന്‍, ഇനി ഈ  അഞ്ഞൂറ് രൂപ   മേടിച്ച കഥ കൂടെ അറിഞ്ഞാല്‍  എന്‍റെ ഓണം  അത്ര ശുഭകരമാകില്ല എന്നൊരാത്മഗതം  വരുത്തി  ഞാന്‍ മൌനത്തെ കൂട്ടുപിടിച്ചു. .
" എഡാ..പൈസ ചോദിക്കാനല്ല ചിറ്റപ്പന്‍  കൊണ്ടുവന്ന ഒരു കുപ്പി ചോദിക്ക്, കിട്ടിയാല്‍ നമുക്ക് ലേലം ചെയ്യാം"..അവന്‍ വീണ്ടും.
 

അതൊരു നല്ല ഐഡിയ! കുഞ്ഞമ്മയോടു ഈ പ്രതിസന്ധിഘട്ടത്തിന്‍റെ പ്രസക്സ്തി പറഞ്ഞു മനസ്സിലാക്കി  എങ്ങനെയും സംഗതി നടത്താം, എന്നുറച്ച് സൈക്കിളെടുത്ത് പാഞ്ഞു.
നീല ശംഖുപുഷ്പങ്ങള്‍ സ്വാഗതമോതുന്ന വീടിനു മുന്നില്‍ സൈക്കിള്‍ കളഞ്ഞ്  അടുക്കള  ലക്
ഷ്യമാക്കി   മാര്‍ച്ച്‌ ചെയ്തു. അവിടെ അടുപ്പില്‍ തിളച്ചു കിടക്കുന്ന  സേമിയ പായസത്തെ 
സാക്ഷിനിറുത്തി കുഞ്ഞമ്മ കിസ്സ്മിസ്സും കശുവണ്ടിപ്പരിപ്പും നെയ്യില്‍ മൂപ്പിക്കുന്നു.
സംഗതി പറഞ്ഞപ്പോള്‍ കുഞ്ഞമ്മ ഒരു മറുചോദ്യം, "സത്യം പറ മനൂ, ഓണത്തിന് കൂട്ടുകാരുടെ കൂടെ കള്ള്കുടിക്കാന്‍ ആണോ ഈ വടംവലിക്കഥ‍?
ഉള്ള സത്യാവസ്ഥ അറിയാവുന്ന എല്ലാ ദൈവങ്ങളുടെയും പേരില്‍ കുഞ്ഞമ്മേടെ തലയില്‍ തൊട്ടു സത്യം ചെയ്തപ്പോള്‍ തേക്കിന്‍റെ കണ്ണാടി അലമാര തുറന്നു.

 

സില്‍വറും  കറുപ്പും ചേര്‍ന്ന കുപ്പായമിട്ട ഒരു ഷിവാസ് റീഗല്‍!!!

"ചിറ്റപ്പനോടു ഞാന്‍ പറഞ്ഞേക്കാം, വിശ്വസിക്കില്ല  നിന്റെ ഈ കഥ, ഇന്നാ കൊണ്ട് പൊയ്ക്കോ" എന്ന് പറഞ്ഞു കുഞ്ഞമ്മ ആ തറവാടിയെ എന്‍റെ കയ്യിലേക്ക് തന്നപ്പോള്‍ ബഹുമാന സൂചകമായി ഈ ശരീരത്തിലെ എല്ലാ രോമാരാജികളും  എഴുനേറ്റു നിന്നു. കണ്ണുകളില്‍ ആനന്ദാശ്രു!! ആദ്യായിട്ടാണ്‌ ഒരു സ്കോട്ച് ഈ കൈകൊണ്ടു തൊടുന്നത്. ആദ്യ പ്രണയിനിയ്ക്ക് കൊടുക്കാന്‍ കരുതി വച്ചിരുന്ന എന്‍റെ ഒരു മുത്തം ഞാന്‍ അറിയാതെ ഷിവാസ് റീഗല്‍ കട്ടെടുത്തു!
പക്ഷെ കാര്യമില്ലല്ലോ. ലേലം ചെയ്യാനുള്ളതല്ലേ.....

ചിങ്ങ നിലാവിന്‍റെ പുതപ്പിന്‍ കീഴില്‍ ഗ്രാമത്തിലെ  തിരുവോണരാത്രി!
രാവിലെ നടത്തിയ കളികളില്‍ സമ്മാനം നേടിയവരും, സമ്മാനദാനം കഴിഞ്ഞ് സിനിമാ പ്രദര്‍ശനം കാണാനുള്ളവരും മൈതാനത്ത് എത്തിക്കഴിഞ്ഞു. മൈക്കിലൂടെ സുഭാഷിന്‍റെ അന്നൌന്‍സ്മെന്‍റ് : പ്രീയപ്പെട്ട നാട്ടുകാരെ, സുഹൃത്തുക്കളെ, സമ്മാനദാനം ഉടന്‍ തന്നെ ഉണ്ടാകും, നമ്മുടെ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റു ഗോപാലകൃഷ്ണ കുറുപ്പ് നിര്‍വഹിക്കുന്നതാണ്. അതിനു മുന്‍പേ ഒരു "ലേലം വിളി" ഉണ്ടായിരിക്കുന്നതാണ്. ആര്‍ക്കും പങ്കെടുക്കാം. ഒന്നര ലിറ്റര്‍ ഷിവാസ് റീഗല്‍ സ്കോച് വിസ്കീ   ആണ് ഇവിടെ ലേലം ചെയ്യുന്നത്, ഈ ലേലം ഒരു വമ്പിച്ച വിജയമാക്കി തീര്‍ക്കണേ എന്ന് അഭ്യര്‍ത്ഥിക്കുന്നു."

നിമിഷ നേരം കൊണ്ട് 'ഷക്കീല'പ്പടം റിലീസ് ചെയ്ത തീയേറ്റെര്‍ പോലെയായി വികാസ്   ആര്‍ട്ട്സ്  ആന്‍ഡ്‌ സ്പോര്‍ട്ട്സ് ക്ല്ബ്ബ്!!
പോലീസ് വരാന്‍ സാധ്യത ഉള്ളതുകൊണ്ട് സ്കോച്ചിന്‍റെ ഉടുപ്പഴിച്ച് വെളിയില്‍ കാണിക്കാന്‍ വച്ചു, അകത്തുള്ള കുപ്പി ഭദ്രമായി ക്ലബ്ബിനുള്ളിലും.

അഞ്ചുരൂപ ഗണപതിക്ക്‌ വച്ച് ലേലം തുടങ്ങി വച്ചത് ഷണ്‍മുഖന്‍ മേശിരിയാണ്. ഷിവാസ് റീഗലിന്‍റെ  കവര്‍ കണ്ടപ്പോള്‍ തന്നെ ആ കണ്ണുകളില്‍ ആര്‍ദ്രമായ ഒരു തിളക്കം. വാശിയോടെ ആളുകള്‍ വിളി തുടങ്ങീ. ആദ്യഘട്ട പോരാട്ടം ഷണ്‍മുഖന്‍ മേശിരിയും കോണ്ട്രാക്ടര്‍ ബാബുവും, ചെത്തുകാരന്‍ അനിയുമായിരുന്നു. വിട്ടുകൊടുക്കാതെ അയ്യഞ്ചു രൂപ കൂട്ടിവിളിച്ചു മുന്നേറി! പിന്നീട് പക്ഷെ വമ്പന്‍ സ്രാവുകള്‍ രംഗം കയ്യേറി. റേഷന്‍കട മുതലാളി ജയന്‍ ചേട്ടന്‍, വട്ട പലിശ അജയന്‍ തുടങ്ങിവര്‍ വിളിച്ചു തുടങ്ങിയപ്പോള്‍ മോഹവില 900  എത്തിയിരുന്നു!  ആദ്യം വിളിച്ച കണ്ണുകളില്‍ നിരാശ. ഞങ്ങള്‍ക്ക് ആശ്വാസമായി വടംവലിയുടെ സമ്മാനത്തുക കൊടുത്താലും പൈസ മിച്ചം! ലേലം ഇനിയും അവസാനിച്ചില്ല, ഇത് മിക്കവാറും 1500  എങ്കിലും എത്തും.

ലേലംവിളിയുടെ ആവേശത്തില്‍ എല്ലാരും ഭ്രമിച്ചു നില്‍ക്കുമ്പോള്‍ ക്ലബ്ബിനുള്ളില്‍ നിന്നു സ്വാമിനാഥന്‍ എന്നെ കയ്യാട്ടി വിളിച്ചു. 

"എടാ)))))))))))).....അകത്തു വച്ചിരുന്ന കുപ്പി കാണാന്‍ ഇല്ല )))))))))......!!!!!!!!

എന്‍റെ തലയുടെ ഉള്ളിലെവിടെയോ ചുവന്ന നിറമുള്ള വാകകള്‍ കടപുഴകി വീഴാന്‍ തുടങ്ങി. കണ്ണില്‍ ഇരുട്ട് കയറും  പോലെ. ലേലം ഉറപ്പിച്ചാല്‍ സാധനം കൊടുക്കണം. ഇല്ലങ്കില്‍ എല്ലാരും കൂടെ ചവിട്ടിത്തേച്ചു റോഡില്‍ പറ്റിക്കും. ആവേശത്തിന്‍റെ മൂര്‍ദ്ധ്യന്ന്യത്തില്‍ നില്‍ക്കുകയാണ് പുറത്തു ആളുകള്‍.
നക്ഷത്രങ്ങള്‍ ഉറങ്ങാന്‍ തുടങ്ങുന്ന ആ തണുത്ത രാത്രിയിലും ഞങ്ങള്‍ മൂന്നാല് പേര്‍ വിയര്‍ത്തു കുളിച്ചു.
പെട്ടെന്ന് സുഭാഷ്‌ പറഞ്ഞു " എടാ ഇടയ്ക്ക് ഷണ്‍മുഖന്‍ മേശിരി അകത്തോട്ടു പോകുന്ന കണ്ടാരുന്നല്ലോ, ആളിനെ ഇപ്പോള്‍ പുറത്തു കാണാന്‍ ഇല്ല, ഇനി പുള്ളി പണി പറ്റിച്ചതാകുമോ???
സംഗതി സത്യമാണല്ലോ...400  രൂപ വരെ ആവേശത്തോടെ ലേലം വിളിച്ചു കയ്യിലെ പൈസ തീര്‍ന്നു നിരാശനായ ആളിനെ ഇപ്പോള്‍ വെളിയില്‍ കാണാന്‍ ഇല്ല.
സ്വാമിനാഥനും, ഞാനും, സുഭാഷും സൈക്കിളെടുത്ത് അമ്പലത്തിന്‍റെ ഭാഗത്തേക്ക്........
നിലാവ് വീശാന്‍ മടിച്ച ഇടവഴിയില്‍ പാലപ്പൂവിന്‍റെ മാദക ഗന്ധം ഉരുക്കി ഒഴിച്ചപോലെ ഒരു സൌരഭം. ആലിന്‍ ചുവട്ടില്‍ നിന്നു ഇടത്തേക്കുള്ള വഴിയില്‍ ഒരാള്‍ തിടുക്കത്തില്‍ നടക്കുന്നു. സംശയമില്ല  ഷണ്‍മുഖന്‍ തന്നെ. ഞങ്ങളെ കണ്ടപ്പോള്‍ മുഖത്തൊരു പരുങ്ങല്‍.
പെട്ടെന്ന് അടുത്ത് ചെന്ന് സുഭാഷ് ഉടുപ്പ് വലിച്ചു പൊക്കി, നീലയും വയലറ്റും മാറിമാറി വരച്ച അണ്ടര്‍വെയറിന് മുകളില്‍ ഒരു ചോദ്യചിഹ്നം പോലെ അതാ ഷിവാസ് റീഗല്‍!!!!
സിംഹം ഇരയെ പിടിക്കുന്ന ആവേശത്തോടെ സുഭാഷ്‌ മേശിരിയെ കടിച്ചു കീറി.
***************
അങ്ങനെ ആ ഓണക്കാലവും സംഭവബഹുലമായി കഴിഞ്ഞു. കഥകള്‍ ഇപ്പോഴും എല്ലാവരും ഓര്‍ക്കും. ഇന്നിതോര്‍ക്കാനും ഓണ്‍ലയിനായി ചിരിക്കാനും വന്നത് ഇന്ദു. ചെന്നയില്‍ നിന്നു. ഓരോ തവണയും ഇത്തരം മാമ്പഴക്കാലം  ഓര്‍ക്കുമ്പോള്‍ അപൂര്‍വ്വമായ ഒരു ഉന്മാദം എന്നില്‍ വന്നു പൂക്കുന്നുണ്ട്.  ആ ഓര്‍മകള്‍ക്ക് ചിത്രപ്പൂട്ടുള്ള അറകളിലാണ്  സ്ഥാനം. പൊന്നും വെള്ളിയും രക്നങ്ങളും പോലെ..കാലം ചെല്ലുന്നതിനോടൊപ്പം അവയ്ക്ക് തിളക്കം കൂടുന്നുണ്ട്, സുഗന്ധവും!!

25 comments:

  1. ഇതിനെ ഒരു വിമര്‍ശനക്കുറിപ്പെന്നോ , സ്വയം വിശകലനമെന്നോ വിളിക്കാം. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസമാണ് പ്രതിഭാധനന്മാര്‍ പ്രകാശം പരത്തുന്ന ഈ ബൂലോകത്തില്‍ കാലെടുത്തുവയ്ക്കാന്‍ ഈ ഉള്ളവന്‍ ധൈര്യം കാണിച്ചത്. ഇപ്പോള്‍ ഒരു വര്ഷം തികയുന്നു. തിരിഞ്ഞു ചിന്തിക്കുമ്പോള്‍ ഒരുപിടി നല്ല സൌഹൃദങ്ങള്‍ നേടാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. അതിലുപരി സര്‍ഗധനരായ ചില എഴുത്തുകാരെ പരിചയപ്പെടാനും, നിശബ്ദമായി അവരുടെ സൃഷ്ടികള്‍ ആസ്വദിക്കാനും സാധിച്ചു. വിരലിലെണ്ണാവുന്ന പുസ്തകങ്ങള്‍ മാത്രം വായിച്ചു കിട്ടിയ, കൈക്കുമ്പിളില്‍ ഒതുക്കാവുന്ന കടുകുമണി പദസമ്പത്ത് കൊണ്ട് ഞാനിവിടെ പിച്ചവച്ചു നടക്കാന്‍ ഇറങ്ങിയപ്പോള്‍ , വാഗ്മയ ചാതുര്യം കൊണ്ട് വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ക്കുന്ന ഒരു പിടി നല്ല ബൂലോകവാസികളെ ഭയഭക്തി ബഹുമാനത്തോടെ മാറിനിന്നു നോക്കി നില്‍ക്കാനേ കഴിഞ്ഞിട്ടുള്ളൂ.

    "ഇനിയുമുണ്ട് ഒരുപാട് പൊന്‍ചെമ്പകം പൂത്ത കഥകള്‍ നിന്നോട് പറയാന്‍" എന്ന് പ്രണയിനിയോട് പരസ്യമായി പറയാന്‍, എന്‍റെ അക്ഷരങ്ങളെ അവള്‍ അംഗീകരിക്കുന്നത് കണ്ട് കോള്‍മയിര്‍ കൊള്ളാന്‍ "ആത്മകഥാംശം" ഉള്ള പൈങ്കിളി എഴുത്തുമായി ഞാന്‍ രംഗപ്രവേശം ചെയ്തു. ഒരു കാമുകനും, അവനെ കാണാന്‍ കാത്തിരിക്കുന്ന ഒരു കാമുകിയും!! ഈ രണ്ടു പേരില്‍ മാത്രമൊതുങ്ങി കുഞ്ഞു ഭാവന. പ്രകൃതിയിലെക്കോ മറ്റുള്ളവരിലേക്കോ, എനിക്ക് ചുറ്റുമുള്ള കാഴ്ച്ചകളിലെക്കോ കണ്ണും ചിന്തയും പോയില്ല.

    മനസ്സെന്ന കോമ്പസ്സുകൊണ്ടു പ്രണയത്തിനായി വരച്ച ഒരു വൃത്തത്തിനപ്പുറത്തേക്കു ആണ്‍പെണ്‍ബന്ധങ്ങളെക്കൊണ്ടുപോകാന്‍ എനിക്ക് സത്യത്തില്‍ ഭയമായിരുന്നു. സദാചാരം, സമൂഹം, ക്ലീന്‍ ഇമേജ് ഇങ്ങനെയുള്ള ചിന്തകളാകാം എന്നെ ഒരേ തരത്തില്‍ എഴുതാന്‍ നിര്‍ബന്ധിതനാക്കിയത്. എന്‍റെ എഴുത്തുകള്‍ക്ക് പരസ്യമായ ലൈംഗികതയെ പേടിയാണ്‌. പക്ഷെ ഈ അടുത്ത് ഒരു ദിവസം എന്‍റെ ഒരു സുഹൃത്ത്‌ എന്നെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഒരു കത്തെഴുതി. എന്നിട്ട് മറ്റു ബൂലോക പുലികളുടെ മടയിലേക്ക് എന്നെ പോകാന്‍ ക്ഷണിച്ചു. . മലയാളി പതുക്കെ പറയാന്‍ ശ്രമിക്കുന്ന ഉള്ളിലെ അടിച്ചമര്‍ത്തിയ വികാരങ്ങളെ പച്ചയായി എഴുതാന്‍ ചങ്കൂറ്റം കാണിച്ച ഒരുപാട് ബ്ലോഗ്ഗുകള്‍ . അതിലൊക്കെ കമന്റ്‌ ഇടാന്‍ മത്സരിക്കുന്നവരെ കണ്ടാല്‍ അറിയാം എത്രമാത്രം ആ ബ്ലോഗ്ഗറുടെ വാക്കുകള്‍ മറ്റുള്ളവരെ തന്നിലേക്ക് ആകര്‍ഷിപ്പിക്കാന്‍ പോന്നതാണെന്നു. സഭ്യമായ ഭാഷയില്‍ ഇങ്ങനെയും ചിലത് പറയാം എന്ന് ഞാന്‍ ഓര്‍ത്തു. താന്‍ പറയാന്‍ വിചാരിക്കുന്നതും എന്നാല്‍ സദാചാര സമൂഹത്തെ പേടിച്ചു ഉറക്കെ പറയാന്‍ പറ്റാത്തതുമായ ചിലത്, ഒരുത്തന്‍ ആരെയും കൂസാതെ വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ അത് എന്‍റെ ശബ്ദമാണെന്ന് സ്വയം കരുതും. അതില്‍ അഭിപ്രായപ്പെടാന്‍ വെമ്പല്‍ കൊള്ളും.

    അങ്ങനെ മാറ്റത്തിന്‍റെ ചുവടു പിടിച്ചു ഞാനും പിച്ചവച്ചു നടക്കുന്നു. ഈ ബ്ലോഗ്‌ എത്ര കണ്ടു നിലവാരം പുലര്‍ത്തി, അല്ലെങ്കില്‍ ഒരാളെയെങ്കിലും ഇതിലെ ഒരക്ഷരം തൃപ്തനാക്കിയോ എന്നൊന്നും അറിഞ്ഞുകൂടാ, അപക്വമായ എന്റെ വാക്കുകള്‍ വേദനിപ്പിച്ചോ, സന്തോഷിപ്പിച്ചോ, ചിന്തിപ്പിച്ചോ, കരയിച്ചോ, എന്നും എനിക്ക് അറിയില്ല. എന്റെ വാക്കുകള്‍ ചിന്തകള്‍ അവയുടെ നിലവാരം നിശ്ചയിക്കേണ്ടത് അത് വായിക്കുന്നവര്‍ മാത്രമാണ്. അവര്‍ മാത്രം.
    നന്ദി പ്രിയരേ.....ഇതുവരെ പ്രോത്സാഹിപ്പിച്ചവര്‍, വിമര്‍ശിച്ചവര്‍, സ്നേഹിച്ചവര്‍, മൌനം ദീക്ഷിച്ചവര്‍, എല്ലാവര്ക്കും സ്നേഹത്തിന്‍റെ ഭാഷയില്‍ നന്ദി.

    ReplyDelete
  2. മനൂസേ .. തെക്കന്‍ കേരളത്തിലേ ഓണവും
    ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഒരു വികാരമാണ് ..
    വടക്കിലേ വിഷു പൊലെ ..
    വിഷു തെക്കന്‍ കേരളം ഒരു ദിവ്സം കൊണ്ടു തീര്‍ക്കുമ്പൊള്‍
    വടക്കത് കുറെ നീളും .. അതു പൊലെ ഓണം തെക്ക്
    വല്ലാത്തൊരു ഗൃഹാതുരമായ ഓര്‍മകളേയാണ് കൂട്ടുന്നത് ..
    എന്റെ ബാല്യ കാലവും , എന്റെ പെറ്റമ്മയുമായ
    ആ നാടും , അതിന്റെ ചൂരും , ഓണത്തിന്റെ തുടിപ്പും
    ഒക്കെ മനൂന്റെ വരികളിലൂടെ വീണ്ടും വന്നൂ ..
    എന്താന്നറിയില്ല ഓണം വരുന്ന സമയങ്ങളില്‍ പ്രകൃതിക്ക്
    പൊലും ഒരു വശ്യതയാണ് , ആ മാറ്റം നമ്മുക്കറിയാന്‍ സാധിക്കും ..
    അന്നിന്റെ മനുഷ്യരില്‍ ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു ..
    ചെറിയ കാര്യങ്ങള്‍ വരേ കണ്ണു തള്ളിയിരുന്ന് കേട്ടിരുന്നു
    ആ മനസ്സുകളേ പറ്റിക്കാന്‍ രമ്യറാണിമാര്‍ ഉണ്ടാവുന്നത് തന്നെ
    ഒരു തരത്തില്‍ നാട്ടിന്‍ പുറത്തിന്റെ നൈര്‍മല്യം വിളിച്ചോതുന്നു ..
    ഇന്നെല്ലാം ഹൈ ടെക്കില്‍ എത്തി നില്‍ക്കുന്നു ..
    പാവം ഷണ്മുഖ അണ്ണന്‍ .. ഷിവാസ് കണ്ടാല്‍ ആര്‍ക്കാ
    പിടുത്തം വിട്ടു പൊകാത്തെ .. അതും അന്ത കാലത്ത് ..
    മനസ്സിനേ കുറച്ച് നിമിഷത്തേക്ക് പറിച്ച് നട്ടു ..
    മറന്നു പൊകാത്ത ഓര്‍മകളുടെ മനൊഹരമായ തീരത്ത് ..
    സ്നേഹപൂര്‍വം .. റിനീ

    ReplyDelete
    Replies
    1. സന്തോഷം റിനീ.......ഓണവിശേങ്ങള്‍ പറഞ്ഞാല്‍ തീരില്ല..പക്ഷെ എല്ലാം ഇവിടെ എഴുതാന്‍ പറ്റില്ല കേട്ടോ. ;-)

      Delete
  3. ഒണാഘോഷമോക്കെ നന്നായി .......

    എഴുത്തു തുടരുക സ്നേഹാശംസകളോടെ @ PUNYAVAALAN

    @ കേള്‍ക്കാത്ത ശബ്ദം
    ഒരു സുഹൃത്ത് ഒരു ലിങ്ക തന്നു ഇങ്ങോട്ടും ഒന്ന് വരുക

    ReplyDelete
    Replies
    1. ഈ സന്ദര്‍ശനത്തിനു നന്ദി. ഇങ്ങോട്ടുള്ള വഴി കാണിച്ച സുഹൃത്തിനും! എപ്പോള്‍ വേണേലും വരാം, പടിപ്പുര അടയ്ക്കാറില്ല.!

      Delete
  4. ചിത്ര പൂട്ടുള്ള അറകളിലെ ഓര്‍മ്മകള്‍ക്ക് സുഗന്തമുണ്ട് .... അത് കുറിച്ചിട്ട വാക്കുകള്‍ക്കു അഴകും..... ആശംസകള്‍ ..

    ReplyDelete
  5. ഇതിന്റെ രണ്ടാമത്തെ ഭാഗമാണ് കൂടുതല്‍ എനിക്കിഷ്ടായത്. നല്ല രീത്യില്‍ പറഞ്ഞു.. :) ആശംസകള്‍..

    ReplyDelete
    Replies
    1. സന്തോഷം സുഹൃത്തേ..മനസ്സൊഴുകും വഴിയിലേയ്ക്കു സ്വാഗതം.

      Delete
  6. nannayittundu manu..iniyum ezuthuka..cogratss..

    with love anjali marar

    ReplyDelete
  7. കൊള്ളാം കേട്ടോ. വായിക്കാന്‍ രസമുണ്ടായിരുന്നു

    ReplyDelete
    Replies
    1. നന്ദി അജിത്‌..
      സ്നേഹത്തോടെ മനു

      Delete
  8. മനു, ഓര്‍മകളിലെ ഓണക്കാലം നന്നായിരുന്നു..സുഖമുള്ള ഓര്‍മകളിലേക്ക് ഒരു തിരിച്ചുപോക്ക് ആരാണ് ആഗ്രഹികാത്തത് ?

    മനോഹരമയ വരികളുള്ള അനേകം പോസ്റ്റുകള്‍ ബൂലോകത്തിനു സമ്മാനിച്ച മനുവിന് വാര്‍ഷികവേളയില്‍ ആശംസകള്‍ !

    ReplyDelete
  9. മനു നന്നായിട്ടുണ്ട് ഇനിയും വരാം സ്നേഹാശംസകളോടെ ...

    ReplyDelete
  10. മനൂ..
    ഹൃദ്യമായ പോസ്റ്റ്‌ !....ഇത് വായിച്ചപ്പോള്‍ ഞാനും ഓര്‍ത്തു പണ്ട് അതിരാവിലെ തുമ്പപ്പൂ പറിക്കാന്‍ അമ്പലത്തില്‍ പോയിരുന്നത്..
    മറ്റു കുട്ടികള്‍ വന്നു പറിക്കും മുന്‍പേ മുഴുവനും പറിക്കാന്‍ എനിക്കും എന്‍റെ ചേട്ടന്മാര്‍ക്കും ആവേശമായിരുന്നു....
    മനുവിന്‍റെ എഴുത്ത് പലപ്പോഴും പ്രവാസം നഷ്ടപ്പെടുത്തിയ നാട്ടുവഴികളിലെക്കും, അവിടുത്തെ നല്ല ഓര്‍മ്മകളിലേക്കും എന്നെ കൊണ്ടുപോകാറുണ്ട്....
    നഷ്ടപ്പെട്ട പലതും ഓര്‍മ്മിപ്പിക്കാറുണ്ട്.......................
    പനാമ സിഗരറ്റ് വലിച്ചു മേശ പിടിച്ചിടുന്ന രമ്യാറാണി ഒരുപാട് ചിരിപ്പിച്ചു കേട്ടോ....
    സ്കോച്ച് ആരോ അടിച്ചു മാറ്റി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതി കൊണ്ട് പോയവന്‍ വഴിയില്‍ എവിടെയെങ്കിലും പാമ്പായി കിടക്കുന്നുണ്ടാകുമെന്ന്.........
    ഇനിയും നല്ല നല്ല രചനകള്‍ മനുവില്‍ നിന്നും ഉണ്ടാകട്ടെ.......
    എല്ലാ വിധ ആശംസകളും....
    ശുഭരാത്രി..!!

    ReplyDelete
    Replies
    1. സന്തോഷം മൃദുലാ..
      നാട്ടിന്‍പുറത്തെ വിശേഷങ്ങള്‍ക്ക് നൂറു നാവാണ്. പറഞ്ഞാല്‍ തീരില്ല. കുട്ടിക്കാലം മുതല്‍ ഈ ദിവസം വരെ ഉള്ളത്. അവിടെ ചെല്ലുമ്പോള്‍ തനി നാടന്‍ ആകാനാണ് എനിക്കിഷ്ടം..
      ഈ എഴുത്ത് ഇഷ്ടം ആയി എന്നറിയിച്ചതില്‍ സന്തോഷം..

      സ്നേഹത്തോടെ മനു.

      Delete
  11. മനൂ..
    നാട്ടിന്‍പുറവും അവിടുത്തെ നിഷ്കളങ്ക ആളുകളുടെ കഥകളും മനു ഭംഗിയായി പറയും. രസത്തോടെ. ആ ഷിവാസ് റീഗല്‍ പിന്നെ ലേലം വിളിച്ചവര്‍ക്ക് തന്നെ കൊടുത്തോ അതോ മൂന്നാളും കൂടെ അകത്താക്കിയോ? :-P , എന്തായാലും ചിരിപ്പിച്ചു. ചിത്രപ്പൂട്ടുള്ള അറകലിലെ ഓര്‍മ്മകള്‍ ഇനിയും പങ്കു വയ്ക്കൂ

    ReplyDelete
    Replies
    1. ശാലിനീ, ഷിവാസ് റീഗല്‍ പിന്നെ ലേലം വിളിച്ചവര്‍ക്ക് തന്നെ കൊടുത്തു (വേദനയോടെ)

      സന്തോഷം കേട്ടോ..

      Delete
  12. ഈ ഓര്‍മ്മപ്പൂക്കളത്തിന് ഓണനിലാവിന്റെ തിളക്കം..!
    വായനക്കാരന്റെ മനസ്സുണര്‍ത്തിയ എഴുത്തിന്
    ഒത്തിരിയാശംസകള്‍..
    സസ്നേഹം..പുലരി

    ReplyDelete
    Replies
    1. സന്തോഷം സുഹൃത്തേ..മനസ്സൊഴുകും വഴിയിലേയ്ക്കു സ്വാഗതം.

      Delete
  13. വായനയ്ക്കും അപ്പുറം ഓര്‍മകളുടെ പൂക്കളമൊരുക്കി ബാല്യകാലത്തെ ഓണ നാളുകളിലേക്ക് കൈപിടിച്ച് കൊണ്ടുപോയതിനു നന്ദി....ആശംസകള്‍
    ഒത്തിരി സ്നേഹത്തോടെ... ബിന്ദു

    ReplyDelete
  14. സന്തോഷം ബിന്ദൂ..
    ഓണപ്പൂക്കളങ്ങള്‍ ഇനിയും ഒരുപാടുണ്ട് മനസ്സില്‍. നാടിന്റെ ഗന്ധമുള്ളത്‌. വഴിയെ പറയാം ശ്രമിക്കാം...
    സ്നേഹത്തോടെ മനു.

    ReplyDelete
    Replies
    1. രമ്യാറാണി...!
      വല്ലാത്ത ചതിയായിപ്പോയി അല്ലേ?
      ഫോണ്ട് കുറച്ച് വലുതാക്കിയാല്‍ നന്നായിരുന്നു.

      Delete
  15. പറഞ്ഞപോലെ ഫോണ്ട് കുറച്ചൂടെ വലുതാക്കായിരുന്നു.
    നന്നായി എഴുത്ത്.. ആശംസകള്‍..

    ReplyDelete