Thursday, October 27, 2011

എന്‍റെ മണികുഞ്ഞിന്.......

ന്റേയും, ഞാന്‍ സ്വപ്നം കണ്ടിരുന്ന എന്‍റെ മണികുഞ്ഞിന്റെയും ഹൃദയത്തെ കൂട്ടിയിണക്കുന്ന പൊന്‍തൊട്ടിലിന്‍റെ   നേര്‍ത്ത പട്ടുനൂല്‍ ചരട്,   എനിക്ക് സന്തോഷങ്ങള്‍ മാത്രം തരുന്ന സ്വാമി പോലും അറിയാതെ പോട്ടിപോയിരിക്കുന്നു...എന്‍റെ കരള്‍ കൂമ്പിനു ഉണങ്ങാത്ത മുറിവേല്‍പ്പിച്ചു കൊണ്ട്......

ഈ രാത്രി.....മനസ്സ് ഒരുപാട് അസ്വസ്ഥമാണ്...എന്‍റെ ചോരയില്‍ കുരുത്ത ഒരു പവിഴമല്ലി പൂമൊട്ടിനെ വിടരും മുന്‍പേ, പുലരിയെത്തും മുന്‍പേ... രാത്രിയുടെ കാണാകൈകള്‍ കൊണ്ട് ആരോ നുള്ളിയെടുത്തു.. എല്ലായിടത്തും  ഇരുട്ട് മാത്രം..ആകെ ഉണ്ടായിരുന്ന ചെറുവെളിച്ചവും  തിരിച്ചെടുത്ത്‌ മിന്നാമിന്നികളും പറന്നകലുന്നു......

മാഞ്ഞു പോകുന്ന മഴവില്ലിന്‍റെ  ആയുസ്സെ എന്‍റെ സ്വപ്നങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ..എങ്കിലും എന്‍റെ മറവിക്കും മായ്ക്കുവാന്‍ കഴിയുമോ ഞാന്‍ സ്വപ്നം കണ്ടിരുന്ന ആ കുഞ്ഞു മുഖം..കുഞ്ഞി കൈകള്‍ നുണഞ്ഞു ഉറക്കത്തില്‍ ചിരിച്ചു തൊട്ടിലില്‍ കിടക്കുന്ന നിനക്കായി ഞാന്‍ മനസ്സില്‍ താരാട്ട് പാടിയിട്ടുണ്ട്..  തൊട്ടിലാട്ടിയിട്ടുണ്ട് ..പെയ്തൊഴിയാത്ത പേമാരിയാണ് എന്‍റെ സ്വപ്‌നങ്ങള്‍ .. ഒരു രാത്രി കൊണ്ട് ആ വെള്ള മേഘങ്ങള്‍ക്ക് മുകളില്‍  കറപുരണ്ട കാര്‍മേഘം വന്നു കൂടണഞ്ഞു. നോവിന്‍റെ നേര്‍ത്ത സൂചി കൊണ്ട് കുത്തുംമ്പോളും സ്വപ്നം കണ്ടു നടന്ന ഓരോ നിമിഷങ്ങളും ഇനിയും മറക്കാനായിട്ടില്ല..

 " ആ വഴി മറന്നേക്കു ..അത് വിജനമായി, ഇനി മറ്റൊരു പാതയിലൂടെ ഒരു ഇടവേളയ്ക്കു ശേഷം നടക്കാം" എന്ന് ആശ്വസിപ്പിക്കുന്നു  പ്രിയപ്പെട്ടവര്‍. വഴിമാറി നടക്കാന്‍ ഒരടി പിന്നോട്ട് വച്ച് വെറുതെ പിന്നെയും തിരിഞ്ഞു നോക്കിയപ്പോള്‍, ആരെയോ തേടി വിലപിക്കുന്ന എന്‍റെ ആത്മാവിനെ കാണാമായിരുന്നു എനിക്ക്..എന്‍റെ സ്വപ്നങ്ങളെ നിന്‍റെ പ്രതീക്ഷകള്‍  കൊണ്ട് എന്തിനാണ് കുഞ്ഞേ നീ ഉണര്‍ത്തിയത്??

ഉയരങ്ങളിലേയ്ക്കു പറക്കാന്‍ കൊതിച്ച്  ചിറകറ്റ വീണു പോയ ഞാന്‍ ഇവിടെത്തന്നെ ഉണ്ട്..നിന്നെയും കാത്തു..നീ തിരികെ വരും വരെ ഞാന്‍ പോകില്ല..ഇവിടെ ഞാനുണ്ട്,നോക്കൂ..എന്‍റെ ഹൃദയത്തില്‍ നീ പോയ നോവിന്‍റെ സൂചി തറച്ച പാടുകള്‍..പക്ഷെ ..അവിടെ ഇപ്പോഴും നിന്നോടുള്ള സ്നേഹത്തിന്റെ  ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...നിന്നെ വാരിയെടുത്ത് ആ മണിച്ചുണ്ടില്‍ തരാന്‍ കരുതിവച്ച ഒരു അച്ഛന്റെ മുത്തം ഉണ്ട്..എന്റെ മനസ്സുണ്ട്..നീ തിരികെ വരാന്‍ എന്‍റെ ആയുസ്സുകൊണ്ട് ഞാന്‍ കണ്ണന് തുലാഭാരം നേര്‍ന്നു കാത്തിരിക്കും......

പലപ്പോഴും തോന്നിയിട്ടുണ്ട് ജീവിതം ഒരു സിനിമപോലെയാണെന്ന്..കാരണം ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളകളെ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ഓര്‍മകളാക്കുന്നത്..അതുപോലെ തന്നെ, അല്ലെങ്കില്‍  അതിനെക്കാള്‍ എത്രയോ ചുരുങ്ങിയ സമയത്തിലൂടെയാണ് എന്‍റെ ഓരോദിനവും ഓരോ സംഭവങ്ങള്‍ കടന്നുപോകുന്നത്..പെയ്തിറങ്ങിയ നിലാവുകളെ പ്രണയിച്ച കാലവും, വിടവാങ്ങലിന്‍റെ  കണക്കുകള് സൂക്ഷിച്ച കാലവും,ഇന്ന് വേദനകളുടെ കറുത്ത ജാലകം മുന്നില്‍ തുറന്നപോലെ ഈ സങ്കടവും എല്ലാം  എനിക്കു മുന്നില്‍ തെളിയുമ്പോള്‍ അതെല്ലാം ഒരു സിനിമാകഥ പോലെ തോന്നുന്നു.....

പ്രത്യാശനല്‍കുന്ന ആശ്വാസത്തോടെ നല്ല നാളെയുടെ  സുന്ദരമായ കാഴ്ചലഭിക്കാന്‍ ഒരുപാട് മോഹങ്ങള്‍ കൊണ്ട് അലങ്കരിച്ചതോണിയില്‍ തുഴഞ്ഞുപോകവെ കൂട്ടിനെത്തിയ ഒരു സുവര്‍ണ്ണപുഷ്പം, ആ സ്നേഹത്തിന്റെ തീക്ഷ്ണത,നൊമ്പരം അവയെല്ലാം എന്നെ മറ്റൊരു ഞാനാക്കിമാറ്റി, പുതിയ അനുഭവങ്ങള്‍ കൊണ്ട്....സ്വാമിയോട് പോലും പരിഭവം ഇല്ല ....

ഇന്നലെയുടെ തീരത്തുനിന്നും വന്ന് ഇന്നിലൂടെ കടന്ന് നാളെയുടെ തീരത്തിലേയ്ക്ക് അകലുന്ന ഒരു കാലപ്രവാഹം..
ഈ കാലപ്രവാഹത്തില്‍ ഓര്‍മകളുടെ കണ്ണുനീര്‍ത്തുള്ളികള്‍ക്കായ്...ഇത് എന്റെ സ്വപ്നഭൂമിയിലെ നിറവാര്‍ന്ന നിഴലുകള്‍.!!

Thursday, October 6, 2011

ചെമ്പകപ്പൂമണമുള്ള പ്രണയമഴ.....





റയട്ടെ ഞാന്‍ നിന്നോട് എന്റെ മനസ്സില്‍ പൂക്കുന്ന ചെമ്പകപ്പൂമണം ഉള്ള പ്രണയത്തെ കുറിച്ച്.......
 
അല്ലെങ്കില്‍ വേണ്ട  ... പറയുന്നില്ല, വരൂ എന്റെ കൂടെ.. എന്റെ മനസ്സിലേക്ക് ഒരു യാത്ര പോകാന്‍ ..അവിടെ നിനക്ക് കാണാം മറ്റൊരു മനുവിനെ..!!!

എന്‍റെ സങ്കല്‍പ്പത്തില്‍ ... കോടമഞ്ഞ്‌ നിറഞ്ഞ ഒരു താഴ്വരയിലെ ഒരു സുന്ദര തടാകത്തില്‍  ഒരു നീലത്താമാരയായി നീ ഇതള്‍ വിരിയാറുണ്ട്. നിന്റെ നുണക്കുഴികളിലെ പ്രണയത്തിന്‍ തേന്‍ തുള്ളികള്‍  ഞാന്‍ കൊതിയോടെ നോക്കിനില്‍ക്കാറുണ്ട്...!!

എങ്കിലും യാഥാര്‍ത്ഥ്യത്തിന്റെ കനലുകള്‍ എന്നെ പൊതിയുമ്പൊള്‍ ചെറിയ ഒരു വിഷമം എനിക്ക് തോന്നുന്നുണ്ടോ?
കാരണം നമ്മള് ‍സംസാരിച്ചു നടന്ന  ഇടവഴികളില്‍ നിന്ന്,  ആരും കാണാതെ നിന്റെ കവിളില്‍ നിന്ന് സ്നേഹം നുള്ളിയെടുക്കാന്‍ എപ്പോഴും എനിക്ക് കഴിയില്ലല്ലൊ?
നീലോല്‍പ്പലങ്ങള്‍ തോറ്റുപോകുന്ന  നിന്‍റെ   ഇമകള്‍ക്കിടയിലെ പ്രണയമുകിലില്‍ നിന്നും പ്രണയമഴ എപ്പോഴുമെന്നെ കുളിരണിയിക്കില്ലല്ലൊ??
അങ്ങനെ ഓര്‍ക്കുമ്പോള്‍ ഞാന്‍  വല്ലാതെ വേദനിക്കുന്നു.....
ഇമവെട്ടാതെ കണ്ണും കണ്ണും തമ്മില്‍ നോക്കി ഒന്നും ഉരിയാടാതെ ഒരുപാട് നേരം നില്‍ക്കാം നമുക്ക്..
ഞാന്‍ നിനക്കായ് അക്ഷരങ്ങളുടെ മൌന ജാഥ തുടരട്ടെ.........
അക്ഷരങ്ങളിലൂടെ മനസ്സിന്റെ വിചാരങ്ങള്‍ അറിയിക്കാനുള്ള ഈ യാത്ര മാത്രമല്ലെ എനിക്കുള്ളൂ..
ഓര്‍ക്കുക എന്നെ എപ്പോഴും ...എവിടെപോയാലും........  ഇവിടെ നിന്നുമകലെ  ഏതു 
 മൌനത്തിന്റെ ദ്വീപുകളിലേക്കു പോയാലും .......ഞാനവശേഷിപ്പിച്ച സ്നേഹവും..നിനക്ക് തരാന്‍ കൊതിച്ച , അല്ലെങ്കില്‍ ഞാന്‍ മനസ്സ് തുറന്നു കാണിച്ചു തന്ന എന്‍റെ പ്രണയത്തിന്‍റെ നിറമുള്ള സ്വപ്നങ്ങള്‍ എന്‍റെ  ഓര്‍മ്മയടയാളമായി നിന്നിലുണ്ടെങ്കില്‍........
ഞാന്‍ കൂടെ ഉണ്ടാകും.....നീ പോലും അറിയാതെ ഒരു ഹൃദയമിടുപ്പിന്റെ  അകലത്തില്‍....
 
പണ്ട്  ഭഗവതി നടയില്‍ പട്ടുപാവാടയും ഉടുത്തു കല്‍വിളക്കില്‍ തിരികത്തിച്ചു തൊഴുതു വരുന്ന നിന്നെ കാണാന്‍ വേണ്ടി മാത്രം ഞാന്‍ കാവിലെ മണ്ഡപത്തിന്റെ അടുത്ത് വന്നു നില്‍ക്കുമായിരുന്നു. സ്വര്‍ണ്ണ പ്രഭ ചൊരിഞ്ഞു തെളിഞ്ഞു കത്തുന്ന ചുറ്റുവിളക്കുകള്‍ക്കു അരികിലൂടെ കൈകുമ്പിളില്‍ തുളസിയും തെച്ചിയും, ചന്ദവും കുങ്കുമവും ഒരിലയില്‍ ഒതുക്കിപ്പിടിച്ച്, ചന്ദന സുഗന്ധം പരത്തുന്ന ഒരു കുളിര്‍തെന്നല്‍ പോലെ നീ എന്‍റെ മുന്നിലൂടെ നടന്നു പോകുന്നത് ഞാന്‍ ദേവി പോലും അറിയാതെ നോക്കി നില്‍ക്കുമായിരുന്നു..പൂവിനു സുഗന്ധം പോലെ തേനിനു മധുരം പോലെ, പൂര്‍ണ്ണചന്ദ്രന് നിലാവ് പോലെ, എന്‍റെ ഹൃദയത്തിന്റെ അനുരാഗ സംഗീതമായി ഇപ്പോഴും നീ ബാക്കി  വച്ച ആ ചുവന്ന കുപ്പിവളകളുടെ കിലുക്കമുണ്ട്..
  
 എനിക്ക് നിന്നോട് തോന്നുന്ന ഈ സ്നേഹത്തെ കുറിച്ചെഴുതാന്‍ എന്റെ
വാക്കു കളുടെ ശേഖരം മതിയാവുകയില്ല, ആ  തിരിച്ചറിവിലാണ് എന്റെ ഭാഷയ്ക്ക്‌ ഇനിയും ഒരുപാട് ശുദ്ധത വരാന്‍  ഉണ്ടെന്ന
സത്യം ഞാന്‍ മനസ്സിലാക്കുന്നത്........ഞാന്‍ നിന്റെ മുന്‍പില്‍ ഒരുപാട് ചെറുതാകുന്നത്...
 
 മനസ്സില്‍ മഴ പോലെ പെയ്തു നിറയുകയാണ് നിന്നോടുള്ള പ്രണയം ....എന്റെ നെഞ്ചോട് ചേര്ത്ത് നിറുത്തി പ്രണയാവേശത്തില് എല്ലാം മറന്നു നിന്റെ നെറുകയില് ഉമ്മ വക്കാന് ഇനി എത്ര മരു
 കാറ്റുകളില്‍ ഞാന്‍ മരിക്കാതിരിക്കണം....
ഒന്നോര്ത്തു നോക്കു..നമ്മള്‍ മാത്രം ഉള്ള ഒരു ലോകം ..ഒരു പൂമരതണലില്‍ ഞാന്‍ നിന്റെ  മടിയില്‍ തലവച്ചു  കിടക്കുമ്പോള് അവിടെ കൊഴിഞ്ഞു വീഴുന്ന ഇലകളിലെ ഹിമകണത്തിനു എന്റെ ഹൃദയത്തിന്റെ ചൂടുണ്ടാകും.....നിന്നോടുള്ള പ്രേമത്താല്‍  ആ  കണ്ണുകളില്‍ നോക്കി  ഞാന്‍ പറയുന്ന വാക്കുകള്‍ക്കു എന്റെ  കവിതയുടെ ഗന്ധം ഉണ്ടാകും..
 
മനസ്സില്‍ നിന്നോടുള്ള പ്രേമത്തിന്റെ ഊഷ്മാവ് പകരും ഉണര്‍വുമായി, ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും..നീ വരുന്നതും നോക്കി..ഈ പകല്‍ മായുവോളം..

സ്വപ്നം മെനെഞ്ഞെടുക്കുവാന്‍ എന്തെളുപ്പം?     സാക്ഷാല്കാരത്തിന്റെ നിര്‍വൃതിയിലാകാന്‍ എന്‍റെ ഹൃദയം കൊതിക്കുണ്ട് വല്ലാതെ..
ആഴക്കടലിന്റെ തീരത്തു ഒരു മണല്‍ത്തരി കൂമ്പാരം തീര്‍ത്തു ഞാന്‍,  ആ സങ്കല്‍പ്പ ഗോപുരം തച്ചുടക്കാന്‍ ഒരു വന്‍തിരയും വരാതിരിക്കട്ടെ...  സ്വപ്ന വിമാനത്തില്‍ ഏറി പറന്നു എന്റെ ആ സ്നേഹ വികാരങ്ങള്‍ വന്നു നില്‍ക്കുന്നത് നിന്റെ മുന്നില്‍ ആണെന്ന തിരിച്ചറിവ് വൈകിയാണോ നീ അറിഞ്ഞത്??..തേന്‍ മഴയായ് എന്നില്‍  പെയ്തിറങ്ങി നെഞ്ചില്‍ പൂമണം ചാലിച്ച കൂട്ടുകാരീ ,എങ്ങനെ പിരിയും ഞാന്‍  ഈ നിശബ്ദ പ്രണയത്തെ..ചങ്ങല കൂടാതെന്നെ ബന്ധിച്ച സാമര്‍ത്ഥ്യത്തെ.........




Wednesday, October 5, 2011

മന്ത്രം മണക്കുന്ന മനയിലേയ്ക്ക് ഒരു യാത്ര......

രണശേഷം എന്തുസംഭവിക്കും എന്ന മനുഷ്യോല്‍കണ്ഠയെ പൂര്‍ണ്ണമായും സാന്ത്വനപ്പെടുത്താന്‍   പോന്ന ഒരു ഉത്തരം ഇനിയും പിറന്നിട്ടില്ല. എങ്കിലും സംവല്സ്സരങ്ങളായി മനുഷ്യന്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നു..മരിച്ചവര്‍ ശേഷിപ്പിക്കുന്ന ആത്മാക്കളിലും, ജീവിച്ചിരിക്കുന്നവരുടെ ബോധത്തിലേക്കുള്ള അവരുടെ കടന്നുവരവിലും ഇപ്പോഴും  വിശ്വസിക്കുന്നു..(അപ്പോഴും അവയെ കൃത്യമായി  വ്യാഖ്യാനിക്കുന്ന ശാസ്ത്ര പദ്ധതികളില്‍ ഭൂരിപക്ഷവും അവിശ്വാസികളായി തുടര്‍ന്നു).



തന്ത്രവിധികള്‍ അനുസരിച്ച് പ്രേത, യക്ഷി,ഗന്ധര്‍വ ബാധകള്‍ ഒഴിപ്പിക്കാന്‍ ഒരായുഷ്കാലം മാറ്റിവച്ച മന്ത്രവാദികളും താന്ത്രികരും,  എനിക്ക് അത്ത്യത്ഭുതം ഉളവാകുന്ന അതിമാനുഷരായിരുന്നു..അറയിലും താളിയോലയില്‍ നിന്നും ജീവിതത്തിലേക്ക് ഇറങ്ങിവരുന്ന എണ്ണമറ്റ പ്രേതകഥകള്‍ എന്‍റെ കൌതുകങ്ങള്‍ ആയിരുന്നു..എപ്പോഴും  അതിന്റെ കേള്‍വിക്കാരനും, ആസ്വാദകനും ആയിരുന്നു ഞാന്‍ ..പഴയ മന്ത്രവാദ കഥകള്‍ കേട്ട് എന്‍റെ മനസ്സ് മറ്റേമ്മ പറയുന്ന കഥകളിലെ അതിമാനുഷികമായവരുടെ ലോകത്തിലൂടെ സഞ്ചരിക്കും..നിലച്ചുപോയ മുത്തശ്ശിക്കഥകളുടെ ബാക്കി  പത്രം പോലെ യക്ഷി ഗന്ധര്‍വ കഥകള്‍ പുനര്‍ജ്ജനിക്കും..വെറ്റിലകറ മണക്കുന്ന ആ മുത്തശ്ശി കഥകള്‍ ശ്വാസമടക്കിപ്പിടിച്ചു കേള്‍ക്കുമ്പോള്‍ യക്ഷി ഗന്ധര്‍വ പ്രേത രൂപങ്ങളെ  മനസ്സില്‍ എന്റേതായ കാല്‍പ്പനിക രൂപത്തില്‍ ഞാന്‍ വരച്ചെടുക്കും..

വാര്‍ധക്യത്തിലും വറ്റാത്ത കാല്‍പ്പനിക ഭാവനയുടെ ഒരു ഉറവയുണ്ട് ഓരോ മനുഷ്യ മനസ്സിലും, ആ വിളനിലങ്ങളിലേക്കാണ്
യക്ഷി ഗന്ധര്‍വ കഥകള്‍ ഊറിയിറങ്ങുന്നതും, അനശ്വരമായ പ്രണയ കാവ്യങ്ങള്‍ നാമ്പിടുന്നതും..യൌവ്വനത്തിന്റെ തീഷ്ണതകളില്‍ ആ കഥകള്‍ക്ക് പകിട്ടേരും..അതവര്‍ക്ക് കാണാത്ത സ്വപ്നങ്ങളുടെ പുല്‍മേടും വിതാനങ്ങളും ഒരുക്കിക്കൊടുക്കും..പ്രണയാര്‍ദ്രമായ ഇത്തരം ചില കഥകളെ ചുറ്റിപ്പറ്റി എന്നോ പരക്കാന്‍ തുടങ്ങിയ പൊതു സങ്കല്പം അതാണ്‌..

മന്ത്രോപാസന  ഉള്ള ഏതു താവഴിക്കും പറയാന്‍ ഉണ്ടാകും ഇത്തരം കഥകളും, ചിലര്‍ നേരിട്ടനുഭവിച്ചറിഞ്ഞ സത്യങ്ങളും.
തിരുവനന്തപുരം, ശ്രീപദ്മനാഭന്‍ അനന്തശായിയായി കുടികൊള്ളുന്ന തലസ്ഥാന നഗരിയില്‍ കരമനയുടെ    തെക്കേ അതിര്‍ത്തിയിലാണ് എന്റെ വീട്. വീട്ടില്‍ നിന്ന് സ്കൂളിലേക്ക്  പുറപ്പെടുമ്പോള്‍ ഒറ്റക്കായിരിക്കും. ഒരു ചെറിയ നെല്‍പ്പാടവും മൂന്നു കൈതോടുകളും കടന്നാല്‍ ആറ്റുകാല്‍  ഗ്രാമത്തിന്റെ ഹൃദയഭാഗത്തെത്തും. അവിടെവെച്ച് ചില കൂട്ടുകാരെ കിട്ടും. കൃഷ്ണന്‍ കുട്ടി ചേട്ടന്റെ പരിപ്പു വട മണക്കുന്ന ചായക്കടയും, കുഞ്ഞുവറീതേട്ടന്റെ റേഷന്‍ കടയും കടന്ന് ആറ്റുകാല്‍ ദേവീ  ക്ഷേത്രം , മുന്നിലെ അരയാലും, അതിനോടു 
 
ചേര്‍ന്നുള്ള ഇറക്കവും ഇറങ്ങിക്കഴിഞ്ഞാല്‍ വിശാലമായ തിരുമലയായി ഇരുവശങ്ങളിലും നെല്‍ വയല്‍ വിരിഞ്ഞു നില്‍ക്കുന്ന പാടത്തിനു   നടുവിലൂടെ തിരുമലതോടിനു മുകളിലെ പാലത്തിലെത്തും. അവിടുന്നപ്പുറം കമലേശ്വരം . മഞ്ഞുകാലത്ത്  തിരുമലപ്പാടത്തിന്റെ നെല്‍ച്ചെടിത്തുമ്പില്‍ മഞ്ഞുതുള്ളികള്‍ കാണാം. നടക്കുന്നതിനിടയില്‍ കാലുകൊണ്ട് ചെടിത്തുമ്പിലെ മഞ്ഞുതുള്ളികളെ തട്ടിത്തെറിപ്പിക്കും, മഞ്ഞുതുള്ളി പൊട്ടിച്ചിതറി വെയിലില്‍തട്ടി നെല്ലിന്‍ തലപ്പില്‍ മഴവില്ലു വിരിയും.
സ്കൂള്‍ വിട്ടു വരുമ്പോള്‍ തിരുമല വരെ കൂട്ടുകാര്‍ കാണും , പിന്നെ ഇരുവശത്തും മഞ്ഞമുള കാടുപിടിച്ച് നില്‍ക്കുന്ന വഴിയിലൂടെ സേവ്യര്‍ സാറിന്‍റെ വീട്ടില്‍  ട്യുഷന്‍  പഠിക്കാന്‍ പോകണം..നടന്നു കയറുന്ന ചെമ്മന്നു വഴിയുടെ ഒടുവില്‍ ഒരു വലിയ പാല ഉണ്ട്..മുത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാല . പാലപ്പൂവിന്റെ മണം ഒഴുകി വരുന്ന രാത്രികളില്‍ പാലയില്‍ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ചു  പാലമരത്തിലേക്ക്   കൊണ്ടു പോയി രക്തം ഊറ്റി   കുടിക്കുമെന്നും പിറ്റേന്ന് രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ  എന്നുമുള്ള മുത്തശ്ശി കഥകള്‍ ആരിലും ചെറുപ്പകാലത്ത് ഭീതി ഉയര്‍ത്തുന്നതായിരുന്നു . കൂടാതെ പാലമരത്തില്‍ ഗന്ധര്‍വന്‍ വസിക്കുന്നുവെന്നും ഗന്ധര്‍വന്‍പെണ്‍കിടാങ്ങളെ പ്രലോഭിപ്പിക്കുമെന്നുമുളള കഥകളും ഉണ്ടായിരുന്നു . പാല പൂക്കുമ്പോള്‍  ആ മണമേറ്റ്   പാമ്പുകള്‍ പാലച്ചുവട്ടില്‍ എത്തുമെന്നുമുള്ള വിശ്വാസവും ഉണ്ട്  ഒരുപക്ഷെ കേരളത്തിലെ ഒട്ടു മിക്ക കാവുകളിലും  പാലയുണ്ട് എന്നതാവാം അതിനു കാരണം   പക്ഷെ എന്ത് തന്നെ ആയാലും ഈ വശ്യ സുഗന്ധം ഏതൊരാളിലും ഒരു നിശബ്ദ റൊമാന്‍സിന്  വഴി തെളിക്കും എന്നതില്‍ സംശയമില്ല.

പകലിന്‍റെ  നീളും  നിഴലാട്ടം കഴിഞ്ഞു രാത്രികാലങ്ങളില്‍ കൂട്ടുകാരുമൊത്തു കുറെ വൈകുവോളം സമയം ചിലവിടാര്  പതിവായിരുന്നു.. നാട്ടിന്‍ പുറങ്ങളിലും പല വഴിയോരങ്ങളിലും  മാദക  സുഗന്ധവും പേറി നില്‍ക്കുന്ന ഏഴിലംപാല തുലാമാസത്തില്‍ ആണ് പൂക്കുന്നത്.    മഴക്കാലം കഴിഞ്ഞു പ്രകൃതി മഞ്ഞു കാലത്തേക്ക്  പോകുന്ന ഈക്കാലയളവില്‍ പകലിനു ദൈര്‍ഘ്യം കുറവും രാത്രിക്കു ദൈര്‍ഘ്യം കൂടുതലുമാണ്.. തണുപ്പരിച്ചിറങ്ങുന്ന ഈ രാവുകളുടെ നിറ സുഗന്ധമായി പാലപ്പൂ മണം  ഒഴുകിയിറങ്ങും... സമാനചിന്തകള്‍ ചര്‍ച്ചചെയ്യാന്‍ പറ്റുന്ന ഒരു സുഹൃത്ത് കൂട്ടത്തോടൊപ്പം പദ്മനാഭസ്വാമി ക്ഷേത്ര പടിയില്‍ ഇരുന്ന് ഇനിയും കാണാത്ത ആത്മാക്കളെയും, സുഗന്ധം  പരത്തി ഭൂമിയില്‍ കാലുകുത്താതെ ഒഴുകി നടക്കുന്ന സുന്ദരികളായ യക്ഷികളെയും  കുറിച്ച്  കാല്‍പ്പനിക കഥകള്‍ മെനയും..
ഇത്തരം കേട്ടറിഞ്ഞ കഥകളും അവയോടുള്ള  കൌതുകവും കൊണ്ട് യക്ഷി ഗന്ധര്‍വന്മാരെ കുറിച്ച് കൂടുതല്‍ വിസ്മയകരങ്ങളായ കഥകള്‍ കേള്‍ക്കാന്‍ ഒരു യാത്ര പോകണം എന്ന് മനസ്സില്‍ അതിയായ മോഹമുണ്ടായീ.

അതിനു  ഏറ്റവും അനുയോജ്യമായ ഒരിടം സൂര്യകാലടിമനയാണ്.. മരണത്തിന്‍റെ അപാരമുഖങ്ങളുടെ കുടിയിരുപ്പുകള്‍ തിരയുന്ന വേളയില്‍ ആദ്യം മനസ്സിലെത്തിയത്‌ മീനച്ചിലാറിന്‍റെ തീരങ്ങളില്‍ പിറന്ന സൂര്യകാലടിയുടെ പ്രേതഗന്ധങ്ങളുള്ള അകത്തളങ്ങലാണ്. .സൂര്യനെ പ്രത്യക്ഷപ്പെടുത്തി മന്ത്രവാദഗ്രന്ഥം സ്വന്തമാക്കിയ കാലടിമനയുടെ പാരമ്പര്യത്തെപ്പറ്റി കൊട്ടാരത്തില് ശങ്കുണ്ണിയുടെ  ഐതിഹ്യമാലയിലെ വിസ്തരിച്ച അധ്യായത്തിന്‍റെ അത്ഭുതം കണ്ണില്‍ തെളിഞ്ഞ് ,  സ്വാമിനാഥന്‍ എന്ന സുഹൃത്തിന്‍റെ കൂടെ അവിടെക്കൊരുയാത്ര..മന്ത്രം മണക്കുന്ന മനയിലേക്ക്..   ഏതോ മോഹവലയങ്ങളില്‍ തളക്കപ്പെട്ട ,പരലോകത്തേക്കുള്ള പ്രയാണം നിഷേധിക്കപ്പെട്ട ഓരോ ദുരാത്മാക്കളെയും, പ്രാര്‍ഥനാ നിര്‍ഭരമായ ഒരു ഉപാസനയിലൂടെ വിളിച്ചു വരുത്തി സായൂജ്യമര്‍പ്പിച്ച് ജലതമായ   ഏതോ വിദൂര മണ്ഡലത്തിലേക്ക് യാത്രയാക്കുന്ന മഹാമാന്ത്രികരുടെ ഗര്‍ഭഗ്രിഹമാണ് സൂര്യകാലടി..നൂറ്റാണ്ടുകള്‍ താണ്ടി ഇന്നും ജീവിക്കുന്ന  മരിച്ച മനുഷ്യന്‍റെ   ബോധബിന്ദുക്കള്‍ മനോമയകോശങ്ങളായ പ്രേതങ്ങളായി മാറാട്ടമാടി പിന്നെയും സഞ്ചാരം തുടരുന്ന ഒരിടം..നമ്മള്‍ ജീവിക്കുന്ന ഈ ഭൂമിയില്‍  മനുഷ്യരുടെ ബോധത്തിലേക്ക്‌ ഒഴിയാബാധയായി പടര്‍ന്നു  കയറി ഊര്‍ജ്ജം വര്‍ഷിക്കുകയും ഉന്മാദിയാക്കുകയും ചെയ്യുന്ന പ്രേത സാന്നിധ്യങ്ങളുടെ ഒരു മറുലോകമുണ്ട്  .

  പൂര്‍വ്വ ജന്മത്തിലേക്കു വിടര്‍ന്ന കണ്ണുകളുമായി ഉദിച്ച്,  മനയ്ക്കു പിന്നില്‍ തലയുയര്‍ത്തി നില്ക്കുന്ന  അവിടുത്തെ  വിരഹിണിയായ   യക്ഷിപ്പാലയും   നക്ഷത്രവനവും    മാന്ത്രികതയുടെ ഓര്മ്മകളുണര്‍ത്തുന്നു...കിഴക്ക് വശത്തുതന്നെ സര്‍പ്പക്കാവും കുളവുമുണ്ട്.. സിദ്ധിയുള്ള മാന്ത്രികരുടെ വലിയ താവഴിയായ കാലടി, സൂര്യകാലടിയായ  കഥയാണ്‌ ആ മന ബാക്കിവയ്ക്കുന്ന കഥകളിലൊന്ന്..ആ കഥയില്‍, ഒരിക്കല്‍ മരിച്ചുപോയവര്‍ ജീവിതം തുടരുന്ന ഒരു സൂക്ഷ്മലോകത്തിന്റെ ചിത്രമെഴുത്തുണ്ട്. സൂര്യകാലടിയിലെ   യക്ഷിപ്പാലയുടെ പ്രണയാതുരമായ ഭൂതകാലമുണ്ട്,,സൂര്യനെ തപം ചെയ്ത ഒരു മഹാമാന്ത്രികന്റെ പുരാവൃത്തമുണ്ട്. അതിലത്രെയും കവനീനദിയെന്ന ഇന്നത്തെ മീനച്ചിലാരിന്റെ കുളിരുമുണ്ട്..ജീവിച്ചിരിക്കുന്നവരെ നിരന്തരം പിന്തുടരാന്‍ വിധിക്കപ്പെട്ട മരിച്ച മനുഷ്യന്‍റെ ബോധശേഷിപ്പുകളെ സൂര്യകാലടി മനയിലെ ഭട്ടതിരി വിളിക്കുന്നത്‌ ചലിക്കുന്ന ഒരു ബോധകേന്ദ്രം എന്നാണ്..അതിനു നിയതമായ ഒരു ബാഹ്യരൂപമില്ല.  ജീവിതത്തെയും മരണത്തെയും ബന്ധിപ്പിക്കുന്ന ഒരു ഇരുണ്ട പാതയിലൂടെ കാലങ്ങളായി യാത്രചെയ്യുന്ന മഹാമാന്ത്രികരുടെ വഴികള്‍ പലതാണ്..ഭാരതപ്പുഴ കടന്നു തെക്ക് കൌമിയാറിന്‍ തീരതെതിയ കാലടി പട്ടേരിമാര്‍ അനുഭവങ്ങളിലൂടെയും പാരമ്പര്യത്തിലൂടെയും ആര്‍ജ്ജിച്ചെടുത്ത മന്ത്ര വിധിയോടെ ഉപാസന തുടര്‍ന്നു..തലമുറകള്‍ നീണ്ട ആ ഉപാസനയുടെ കയറ്റിറക്കങ്ങളില്‍ മലയാളി ചൊല്ലി നടക്കാന്‍ എണ്ണമറ്റ ഐതീഹ്യങ്ങള്‍ പിറന്നു..മനുഷ്യനെയും പ്രേതങ്ങളെയും ജീവിതത്തെയും മരണത്തെയും വേര്‍തിരിക്കുന്ന പദ്ധതിയാണ് "തന്ത്രം" എന്നറിയപ്പെട്ടത്..അതിന്റെ വഴികള്‍ പലതാണ്..സൂര്യകാലടിയിലെ മാന്ത്രികര്‍ നടന്നുപോയതും, തന്ത്ര പാരമ്പര്യത്തിന്റെ വഴികളിലൂടെയാണ്‌. മന്ത്രത്തിന്റെ വഴികളിലാണ്..സൂര്യനും ഗണപതിയും ത്രിപുര സുന്ദരിയുമായിരുന്നു ഉപാസനാ മൂര്‍ത്തികള്‍. ജനന   മരണ  വ്യഥകളെ   അതിജീവിക്കുന്ന  പരമമായ  അറിവ്   , ആ അറിവ് ശരിയായ   ഗുരുമുഖത്ത്  നിന്നും    സ്വായത്തമാകുമ്പോള്‍ യോഗം. അതില്‍ ശിവനും ശക്തിയും ഒരുമിക്കും എന്ന് വിധി..

പഴയ പുസ്തകത്താളിലെ മയില്‍പ്പീലിയോടു തോന്നാറുള്ള ഒരു വിസ്മയം ബാക്കിവച്ച് കുറേ കഥകളുടെ ഭണ്ടാരവുമായി അവിടുന്ന് പടിയിറങ്ങുമ്പോള്‍ കുറേ ചോദ്യങ്ങള്‍ ബാക്കിയായിരുന്നു...ഒരു യക്ഷിയെയോ ഗന്ധര്‍വനെയോ കാണാന്‍ കഴിഞ്ഞെങ്കില്‍...... !!!