Follow by Email

Monday, May 21, 2012

ഈശ്വരന്‍ പണി പാലപ്പത്തില്‍ തന്നു..

രു ഒഴുവുകാലം നാട്ടില്‍ ആഘോഷിച്ചതിന്‍റെ ആലസ്യത്തിലാണ് മനസ്സിപ്പോഴും. ഒരു ചെറുമടിയോടെ നാട്ടില്‍നിന്നും തിരിച്ചെത്തുമ്പോള്‍ കടല്‍ക്കരയില്‍ തല ഉയര്‍ത്തി നിന്നിരുന്ന അല്‍-റിയ അപ്പാര്‍ട്ട്മെന്റ്റിലെ ഫ്ലാറ്റിനും മാറ്റം വന്നിരിന്നു എന്ന് തോന്നി. തലേന്നുവരെ അച്ചടക്കമില്ലാതെ ബഹളംവച്ച് കിലുക്കാംപെട്ടിയായി ഓടി നടന്നിരുന്ന പെണ്‍കുട്ടി മഴയുള്ള ഒരു രാത്രി ഋതുമതിയായപ്പോള്‍ പെട്ടെന്ന് വന്ന മാറ്റം പോലെ...! ഫ്ലാറ്റിനുള്ളില്‍ ആവിശ്യതിലധികം അടക്കവും ഒതുക്കവും സൈലന്‍സും!
എന്നെ വലിച്ചു മുറുക്കി കെട്ടിയിരുന്ന ചില കയറുകള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അഴിഞ്ഞു കിടക്കുകയായിരുന്നു, വീണ്ടും അത് ചുറ്റി വരിയുന്ന പോലെ.
 ഫ്ലാറ്റിലിരുന്നപ്പോള്‍ ഒരുതരം വീര്‍പ്പുമുട്ടല്‍. പുറത്തേക്കിറങ്ങി, താഴെ ഈ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് നടുവിലൂടെ വീണുപോയ വെള്ളിയരഞ്ഞാണം പോലെ ഒരു മെലിഞ്ഞ നീര്‍ച്ചാല്‍ ഒഴുകുന്നുണ്ട്. എവിടെയോ ഒളിപ്പിച്ചു വച്ച ഒരു ടാങ്കില്‍ നിന്ന് രാവിലെ എട്ടുമുതല്‍ പത്തു മണിവരെയും വൈകിട്ട് അഞ്ചു മണിമുതല്‍ ഒമ്പത് വരെയും ഒരു നീര്‍ച്ചാല്‍ നടക്കാനിറങ്ങുന്നപോലെ! ബാക്കി സമയം ഒളിച്ചിരിക്കും!!
അതിന്‍റെ ഇരുവശങ്ങളിലും പൂന്തോട്ടമാണ്. കുറച്ചുനേരം അവിടെ ഇരിക്കാന്‍ തോന്നി. ഇസ്മയില്‍ എന്ന ബംഗാളി തോട്ടക്കാരനെ പേടിച്ചു ജീവിക്കുന്ന ചെടികളാണ് തോട്ടത്തിലേത്. ആ നീര്‍ച്ചാലിനോട് ചേര്‍ന്ന് വരിവരിയായി പല വര്‍ണ്ണങ്ങളില്‍ പേരറിയാപ്പൂവുകള്‍,
ഇലകള്‍ ഒതിക്കിപ്പിടിച്ചു കോണ്‍വെന്റു സ്കൂളിലെ കുട്ടികളെപ്പോലെ നല്ല അച്ചടക്കത്തോടെയാണ് അവയുടെ നില്‍പ്പ്!!


മഴപെയ്തു തോര്‍ന്ന പ്രഭാതം. ചക്രവാളത്തിൽ നീലമേഘങ്ങളെ വകഞ്ഞു നീക്കി ചുവന്ന കണ്ണുകളോടെ സൂര്യൻ എത്തി നോക്കി നില്‍ക്കുന്നു. അനു എഴുനേറ്റിട്ടില്ല, രാത്രിമഴയേകിയ സുഖത്തിൽ തലയിണയെ മുറുകെ പുണർന്ന് കിടക്കുകയാണ് മടി പിടിച്ച്. ചൂട് ചായയോടൊപ്പം ഏഷ്യാനെറ്റ്‌ ന്യൂസിലെ ചൂടന്‍ വാര്‍ത്തകളും അകത്താക്കി പെട്ടെന്ന് ഓഫീസില്‍ പോകാന്‍ റെഡിയായി.

രാവിലെ വീണ്ടും പതിവ് ജോലിതിരക്കിലേക്ക്. അവിടെ മാത്രം മാറ്റങ്ങള്‍ ഒന്നുമില്ല. നാട്ടുവിശേഷങ്ങള്‍ കുറച്ചു സമയം അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ച് ജോലി തുടങ്ങി.
വൈകുന്നേരം, നഗരത്തിന്‍റെ കറുത്ത ഞരമ്പുകളില്‍ രക്തയോട്ടം നിലയ്ക്കുന്ന സമയമാണ്. എല്ലായിടവും കൊടും ബ്ലോക്ക്‌. അലറിവിളിക്കുന്ന നഗരത്തിരക്കുകള്‍ക്കിടയിലൂടെ കാറോടിച്ച് പാമ്പും കോണിയും കളിച്ച് വീട്ടിലെത്തി. ഷൂവില്‍ നിന്നും പുറത്തു കടന്ന ആശ്വാസത്തില്‍ വെള്ള സോക്ക്സുകള്‍ ഇട്ട കാലുകള്‍ സോഫയിലേയ്ക്കു വലിച്ചെറിഞ്ഞ്, ടേബിളില്‍ ഇരുന്ന ഒരു കഷണം ചോക്ലേറ്റ് പൊട്ടിച്ചു വായിലിട്ട്, ധ്യാനത്തിന്‍റെ മൌനത്തിലേക്ക്‌ മെല്ലെ ഞാന്‍ നനഞ്ഞിഴയാന്‍ തുടങ്ങുകയായിരുന്നു.

ഈ ചോക്ലേറ്റ് അലിഞ്ഞു തീരും വരെ ഒരു ശബ്ദവും കേള്‍ക്കാതെ.... നിശബ്ദമായിരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് മനസ്സ് ആഗ്രഹിക്കേ, അനു മധുരമുള്ള കപ്പില്‍ ചായയുമായെത്തി.

എന്‍റെ നേരെ സ്നേഹ വിരലുകള്‍ നീട്ടി അവള്‍ ചോദിച്ചു : എന്‍റെ ഒരു വിരലില്‍ തൊടൂ, പ്ലീസ്.

അവളുടെ വിരലിലേക്ക് നോക്കിയപ്പോള്‍ കണ്ണില്‍പ്പെട്ടത് എന്‍റെ പേരെഴുതിയ വിവാഹമോതിരമാണ്. മോതിരത്തിന്‍റെ മുഖത്ത് ഇംഗ്ലീഷ് ഇറ്റാലിക്സ് അക്ഷരങ്ങളില്‍ എന്‍റെ പേര് ഇത്ര വലുപ്പത്തില്‍ എഴുതി വയ്ക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. ചില സത്യങ്ങള്‍ അലറി വിളിച്ചു പറയുന്നതിലും നല്ലത് അടക്കിപ്പറയുമ്പോള്‍ അല്ലേ?

കൈ നീട്ടി നില്‍ക്കുന്ന പ്രിയതമയോട് കാര്യമെന്തെന്ന് ചോദിക്കാന്‍ മെനക്കെടാതെ ഞാന്‍ ഇളം ചുവപ്പ് നിറമുള്ള നെയില്‍ പോളിഷിട്ട നടുവിരലില്‍ തൊട്ടു.

നിരാശയോടെ അവള്‍ ‍ചോദിച്ചു " ഞാന്‍ പ്രതീക്ഷിക്കുന്ന പോലെ ഒന്നും ചെയ്യില്ല എന്ന വാശിയാ അല്ലെ?"

"രണ്ടാമത്തെവിരലില്‍ തൊടുമെന്നായിരുന്നു ഞാന്‍ കരുതിയെ" ..കുപ്പിവളകള്‍ ‍പൊട്ടി തകരുന്ന പോലെ ആയിരുന്നു അവളുടെ ശബ്ദം.
പരിഭവം നിറച്ച മുഖത്തിലേക്ക് അവള്‍ മാറുന്ന കണ്ട്     " ഡോണ്‍ ബി സോ സില്ലി" എന്ന് പറഞ്ഞു ഞാന്‍ എഴുനേറ്റു നടക്കുന്നതും നോക്കി അവള്‍ വിസിറ്റിംഗ് റൂമില്‍ തണുത്ത ചായയ്ക്ക് കാവലിരുന്നു!!


വേഷം മാറി ഒന്ന് കുളിച്ചു ഫ്രഷ്‌ ആകാന്‍ തുടങ്ങുമ്പോഴും ഒരു ചോദ്യം മനസ്സില്‍ അലയടിച്ചു വരുന്നുണ്ടായിരുന്നു. ഇതിനു മുന്‍പും അവളിങ്ങനെ കൈവിരലുകള്‍ നീട്ടി ഒന്നില്‍ തൊടാന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്, അപ്പോഴൊക്കെ ചൂണ്ടു വിരലില്‍ പിടിച്ചു ഞാന്‍ അവളെ സന്തോഷിപ്പിച്ചു. എന്തുകൊണ്ടിത്‌ ഞാനിന്നോര്‍ത്തില്ല?

ആണുങ്ങള്‍ക്ക് മറവി കൂടുതലായി വരുന്നുണ്ടോ? പ്രധാന തീയതി പോലും വേസ്റ്റു ബോക്സുകളില്‍ വീഴുന്ന തുണ്ടുകടലാസ്സുകള്‍ പോലെ നഷടപ്പെട്ടു പോകുന്നുണ്ടോ? ഓര്‍മ്മപ്പെടുത്താനുള്ള ശ്രമങ്ങളെപ്പോലും പരിഹസിച്ച് നമ്മള്‍ എങ്ങോട്ടാണ് ഇത്ര വേഗത്തില്‍ പാഞ്ഞു പോകുന്നത്? പ്രതീക്ഷക്കൊപ്പം നില്‍ക്കുന്നവരെയാണോ പെണ്‍കു‍ട്ടികള്‍ക്കിഷ്ടം? അതോ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേയ്ക്ക് കൂട്ടികൊണ്ട് പോകുന്നവരെയോ?

ഇങ്ങനെ ഒരു ആത്മചിന്തനം കുളിമുറിയില്‍ വച്ചുണ്ടായീ!!

അതുകൊണ്ട് ആ സായാഹ്ന്നത്തിന്‍റെ മൂഡ്‌ വെറുതെ കളയണ്ട എന്ന് കരുതി ഞാന്‍ അനൂനോട് "നമുക്കൊന്ന് പുറത്തു പോയാലോ?" എന്ന് ചോദിച്ചു. കാഴ്ചകള്‍ കാണാന്‍ അവള്‍ക്കു കൌതുകമാണെന്നറിയാമായിരുന്നു.
"ഗുഡ് ഐഡിയ, ബട്ട്‌ എങ്ങോട്ട്? "

കുറേ  ദൂരം പോയി ഒരു ഐസ് ക്രീം കഴിക്കണം! എ ചേഞ്ച്‌!!

നിഗൂഡമായ സ്വകാര്യതകളിലൂടെ കാറോടിച്ച് ഒരു ലോങ്ങ്‌ നൈറ്റ്‌ ഡ്രൈവ്.

പ്രകാശം വെള്ളി പൊഴിക്കുന്ന നക്ഷത്ര വിളക്കുകളെ സാക്ഷിയാക്കി അവള്‍ രണ്ടു ‍ ചോക്ലേറ്റ് ഐസ് ക്രീം കപ്പ്‌ കാലിയാക്കി.

ഇത്തരം കുഞ്ഞു മോഹങ്ങളുടെ അക്കരെയും ഇക്കരെയും കടവുതോണി കിട്ടാതെ നില്‍ക്കുന്ന യാത്രക്കാരാകാറുണ്ടോ ഞങ്ങള്‍ എന്നെനിക്കു ഒരു നിമിഷം തോന്നി.

മടക്കയാത്രയില്‍ അവള്‍ വളരെ സന്തോഷവതിയായിരുന്നു. തണുത്ത കമ്പളം പുതച്ചു ഉറങ്ങാന്‍ കിടക്കുന്ന മരുഭൂമി, അതിനു നടുവിലൂടെ കുതിരയുടെ ഉന്മാദത്തോടെ കുതിച്ചുപായുകയാണ് കാര്‍.
ഫ്ലാറ്റിലെത്താറാകുമ്പോഴേക്കും മഴ പെയ്യാന്‍ തുടങ്ങി.

രാത്രിയുടെ നാലാംയാമം. ഏതോ വിദേശ പുഷ്പത്തിന്‍റെ സുഗന്ധവുമായി ഒരിളംകാറ്റ് ജനലഴികള്‍ക്കിടയിലൂടെ എന്‍റെ കിടപ്പുമുറിയിലെത്തി. ആകാശത്തിന്‍റെ തണുപ്പുമായി മഴനൂലുകള്‍ ഭൂമിയിലേയ്ക്ക് വീണുകൊണ്ടിരുന്നു. ഡബിള്‍ കോട്ടിനു അടുത്തുള്ള
വെളുത്ത സ്റ്റാന്‍ഡില്‍ ഞങ്ങളുടെ കല്യാണ ഫോട്ടോ. അതിന്‍റെ വശത്തായി നീല വെളിച്ചം തൂകി നില്‍ക്കുന്ന ബെഡ് ലാംബ്. ആ നിലാ വെട്ടത്തില്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ കിടക്കുന്ന കട്ടിലിന്‍റെ അരികില്‍ ഒരാള് നില്‍ക്കുന്നു!!!
"അയ്യോ..ആരാഡാ!! ബെഡ്റൂമില്‍ കേറിയത്‌ ആരാഡാ))))))"?? എന്നലറാന്‍ തോന്നിയിട്ടും വാക്കുകള്‍ പുറത്തു വരുന്നില്ല.

‍ "മനൂ"..ഭയപ്പെടേണ്ട, ഞാന്‍ നീ വിളിക്കുന്ന സ്വാമിയാണ്. നിന്‍റെ ഈശ്വരന്‍"!!!!!!!!!!

തളിരിലകളില്‍ മഞ്ഞു പെയ്യുംപോലെ മൃദുലമായിരുന്നു ആ ശബ്ദം.

ഞാന്‍ ചാടി എഴുനേറ്റു.

കാഴ്ചയില്‍ ആറര അടി ഉയരം, നീട്ടി വളര്‍ത്തിയ മുടിയിഴകള്‍ മുറിയിലെ വെളിച്ചത്തില്‍ സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങുന്നു. നിലാവില്‍ അലക്കിയെടുത്ത വസ്ത്രങ്ങള്‍ക്ക് പാലിനേക്കാള്‍ വെണ്മ! നക്ഷത്രങ്ങള്‍ ‍കൊണ്ട് കോര്‍ത്ത പോലെ ഒരു വജ്രമാല കഴുത്തില്‍ തിളങ്ങുന്നുണ്ട്. മുഖത്തിന്‌ വെണ്ണയുടെ നിറം, ഉടലിനു ഗോതമ്പിന്റെയും!! ഇത്രയും വശ്യസൌന്ദര്യമുള്ള ഒരു പുരുഷരൂപം ഞാന്‍ ആദ്യമായാണ്‌ കാണുന്നത്.

എന്‍റെ വെപ്രാളം കണ്ട് സ്വാമി ചിരിച്ചു, ഇളം ചോപ്പുള്ള ചുണ്ടില്‍ അപ്പോള്‍ വിരിഞ്ഞത് ഒരു അരിമുല്ലപ്പൂവ്!!

ശാന്തമായ സ്വരത്തില്‍ ഭഗവാന്‍ ചോദിച്ചു, " മനൂ, നിനക്ക് ഒരു ജന്മം കൂടി വേണോ? എങ്കില്‍ നിനക്ക് ആരെയൊക്കെ കൂടെ വേണം?!!!???

എനിക്ക് പെട്ടെന്ന് ഉത്തരം കിട്ടിയില്ല. അത് പണ്ടേ അങ്ങനെയാണ്. പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ ഞാന്‍ പെട്ടെന്ന് കുട്ടിയാകും!

ഒരു വശത്ത് "ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നിന്നെ മാത്രമേ വിവാഹം കഴിക്കൂ" എന്ന് ഉറപ്പു കൊടുത്തു നില്‍ക്കുന്ന കാമുകി, പാലപ്പത്തിന്റെ നിറമുള്ളവള്‍, മറുവശത്ത്. ഒന്നുമറിയാത്ത പാവത്തെ പോലെ കിടന്നുറങ്ങുന്ന അനു!
ആകെ കണ്‍ഫ്യുഷന്‍!!

ഇന്ന് എന്തായാലും തീരുമാനതിലെത്താന്‍ പറ്റില്ല, "നാളെ വരാമോ സ്വാമീ" എന്ന് ദയനീയമായി ചോദിച്ചു.
"ശരി, നാളെ രാത്രി ഇതേ സമയം വീണ്ടും ഞാന്‍ വരും. അപ്പോള്‍ ഉത്തരം പറയണം" ..മറുപടിക്ക് കാത്തു നില്‍ക്കാതെ സായം കാലത്തെ വെയില്‍ മായും പോലെ ഈശ്വരന്‍ മറഞ്ഞു!!

അയ്യോ, കഷ്ടമായീ, ഈശ്വരന്‍ അടുത്ത് വന്നിട്ടും ഒന്നും ചോദിക്കാന്‍ പറ്റിയില്ല. എങ്ങനെയാണ് അകത്തു വന്നത്? അടുത്ത് വേറെ വല്ല ഫ്ലാറ്റിലും പോയോ? ഇങ്ങനെ കണ്ണുകള്‍ കൊണ്ട് ചിരിക്കാന്‍ ആരാണ് പഠിപ്പിച്ചത്? അങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍..ഒന്നും ചോദിയ്ക്കാന്‍ പറ്റിയില്ല..മണ്ടന്‍ മരമണ്ടന്‍.

ഒന്നുമറിയാതെ തിരിഞ്ഞു കിടന്നുറങ്ങുന്ന അനൂനെ വിളിച്ചുണര്‍ത്തി. "അനൂ..അനൂ..എഴുനേല്‍ക്കൂ...... നമ്മുടെ ബെഡ്റൂമില്‍ ദൈവം വന്നെടോ, ഇപ്പോള്‍ പോയതെ ഉള്ളൂ"

അനൂനു ആദ്യം പിടികിട്ടിയില്ല, പിടികിട്ടിയപ്പോള്‍ അവള്‍ ഒരു വടിയെടുത്തു. " രാത്രി കിടക്കുന്നതിനു മുന്‍പ് എത്ര പെഗ്ഗാ കമഴ്ത്തിയത്‌, കിടന്നുറങ്ങെന്‍റെ മനൂ..പാതിരാത്രിയില്‍ വട്ടു പറയാതെ.."""

നിറയെ പൂക്കളുള്ള ഒരു ഇലഞ്ഞിമരം പിടിച്ചു കുലുക്കും പോലെ അനുവിന്‍റെ ചുമലുകളില്‍ പിടിച്ചു കുലുക്കി ഉണര്‍ത്താന്‍ ഞാന്‍ നോക്കിയിട്ടും ഉറക്കത്തിന്‍റെ മേലാട ഊരിക്കളയാന്‍ അവള്‍ തയാറായില്ല. എന്‍റെ ഇടത്തേ കവിളില്‍ ഒരു കുഞ്ഞി ഉമ്മ തന്നു ആശ്വസിപ്പിച്ച് അവള്‍ മയക്കത്തിന്‍റെ പുതപ്പിനടിയിലേക്കു നൂഴ്ന്നു കയറി.

ഇവളോട്‌ പറഞ്ഞിട്ട് കാര്യമില്ല. ആര്‍ക്കിടെക്ച്ചറും, നെയില്‍ പോളിഷും, ചിക്കന്‍ ചാപ്സും മാത്രമേ ഇവള്‍ക്ക് മനസ്സിലാകൂ.
നാളെ വീണ്ടും ദൈവം വരുമോ? വന്നാല്‍ എന്ത് ഉത്തരം പറയും? ആരൊക്കെ വേണം എന്റെകൂടെ അടുത്ത ജന്മം? ഇപ്പോഴത്തെ അച്ഛന്‍ അമ്മ, ഏക പെങ്ങള്‍ മിനി ഒക്കെ ഇത് പോലെ തന്നെ അടുത്ത ജന്മവും കൂടെപ്പോന്നോട്ടെ.
പക്ഷെ... പാലപ്പത്തിന്‍റെ നിറമുള്ള അവള്‍??ചുവപ്പ് ലിപ്സ്റ്റിക്ക് ഇട്ടുകൊണ്ട്‌ ആദ്യമായി എന്‍റെ മുഖത്ത് ചിത്രമെഴുതിയവള്‍?? ഈ ജീവിതത്തില്‍ ഞാന്‍  കൈവിട്ട ആദ്യത്തെ പ്രണയിനി, അടുത്ത ജന്മവും അവളെ ഉപേക്ഷിക്കേണ്ടി വരുമോ? ആലോചിക്കാന്‍ വയ്യ. എത്ര കരഞ്ഞിട്ടാണ് അവള്‍ മറ്റൊരു കല്യാണത്തിലൂടെ അകന്നു പോയത്?

അയ്യോ അപ്പോള്‍ അവളെ വേണമെന്ന് കരുതിയാല്‍ അനുവോ? എന്‍റെ അരുകില്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ഈ പാവം പെണ്‍കുട്ടി, എന്നെ വിശ്വസിച്ചു കൈപിടിച്ച് ജീവിതത്തിലേക്ക് വന്നവള്‍,  അപ്പോള്‍ എന്ത് ചെയ്യും?അവളെ ഉപേക്ഷിക്കുന്നതെങ്ങനെ? ഹോ......വയ്യ..തീരുമാനത്തിലെത്താന്‍ വയ്യ.

എന്തായാലും നാളെ ഒരു ദിവസം ഉണ്ട്..വേറെ ആരോടും അഭിപ്രായം ചോദിയ്ക്കാന്‍ പോകണ്ട. വട്ടാണെന്ന് പറയും.പണി പാളും. അതുകൊണ്ട് നാളെ അനൂനോട് തന്നെ ചോദിക്കാം. അവള്‍ തന്നെ പറയട്ടെ എന്ന് കരുതി.

പിറ്റേന്ന് രാത്രി, അത്താഴ മേശയില്‍ ചപ്പാത്തിയെ ദാല്‍ കറി കൊണ്ട് സ്നാനം ചെയ്യിക്കുമ്പോള്‍ ഞാന്‍ തുടക്കമിട്ടു: അനൂ ഇന്ന് രാത്രി എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഭക്ഷണശേഷം പ്രാര്‍ഥിച്ചു അവള്‍ കിടക്കാന്‍ നേരം വെള്ളയില്‍ ചുവപ്പ് പുള്ളികള്‍ ഉള്ള രണ്ടു തലയിണകളെ സാക്ഷി നിറുത്തി ഞാന്‍ ദൈവം പറഞ്ഞ കാര്യം അവളോട്‌ ചോദിച്ചു:

"ഞാന്‍ അടുത്ത ജന്മമുണ്ടെങ്കില്‍ ആരെ വിവാഹം കഴിക്കണം? നിന്നെയോ, അതോ "പാലപ്പത്തിനെയോ"??


ആ രാത്രിയുടെ നാലാം യാമം.

വാക്ക് തെറ്റിക്കാതെ ഭൂമിയിലേക്ക്‌ ഇറങ്ങി ഭഗവാന്‍ കൃത്യ സമയത്ത് തന്നെ എന്റെ ഫ്ലാറ്റിനു വെളിയില്‍ വന്നു. അകത്തു നിന്നും ഉച്ചത്തിലുള്ള ശബ്ദം കേട്ട് സ്വാമി ഒന്ന് കാതോര്‍ത്തു.

ചില്ല് ഗ്ലാസ് പൊട്ടിത്തകരും പോലെ അനൂന്റെ ശബ്ദം :" നിങ്ങള്‍ ഏതു പാലപ്പത്തിനെ വേണമെങ്കിലും കല്യാണം കഴിച്ചോളൂ, പക്ഷെ അതിനു ഈ കല്ല്‌ വച്ച നുണ പറയരുത്", കള്ളു  കുടിച്ചപ്പോള്‍ പഴയ കാമുകി ഉള്ളില്‍ ഇരുന്നു വിളിക്കുന്നുവെങ്കില്‍ അത് പറഞ്ഞാല്‍ പോരെ?, ഈശ്വരന്‍ പറഞ്ഞു പോലും!!, ആ ഈശ്വരനെ എന്റെ അടുത്ത് കൊണ്ട് വരൂ, ഞാന്‍ മറുപടി കൊടുക്കാം, ഞാന്‍ വീട്ടിലോട്ടു വിളിച്ചു ചോദിക്കട്ടെ, ഈ പാലപ്പത്തിനെ അവിടെ എത്ര പേര്‍ക്ക് അറിയാമെന്നു  അറിയണമെനിക്ക്..നാളെ നേരം ഒന്ന് വെളുത്തോട്ടെ...  
നിങ്ങള്‍ ഭൂലോക കള്ളനാണ്, ഞാനെങ്ങനെ വിശ്വസിക്കും നിങ്ങളെ? എന്‍റെ ഈശ്വരാ..........


വെളിയില്‍ നിന്നും എല്ലാം കേട്ട ശേഷം സാഹചര്യം അത്ര പന്തി അല്ല എന്ന് മനസ്സിലാക്കി ആ എട്ടാം നിലയില്‍ നിന്നും ഡയറക്റ്റ് പുഷ്പക വിമാനത്തിലേക്ക് ചാടി ഈശ്വരന്‍ സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി പോയീ..

ദുഷ്ടന്‍!! എന്നെ  ഈ പ്രതിസന്ധിയിലാക്കി  കടന്നു അല്ലെ?  

31 comments:

 1. പാലപ്പത്തില്‍ കിട്ടിയത് എട്ടിന്റെ പണി...എഴുത്ത് ജോറായി കേട്ടോ

  ReplyDelete
  Replies
  1. സന്തോഷം അജിത്ത്...ഞാന്‍ ശ്രദ്ധിക്കാറുണ്ട് പല ബ്ലോഗ്ഗിലും ആദ്യ കമന്റ്റ്മായെത്തി എല്ലാരേയും പ്രോത്സാഹിപ്പിക്കുന്ന ഈ വായനക്കാരന് നന്ദി.
   സ്നേഹത്തോടെ മനു.

   Delete
 2. മനുവേട്ടാ,
  പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നവരെയാവും പെണ്‍കുട്ടികള്‍ക്കിഷ്ടം.
  പാലപ്പത്തിന്റെ നിറമുള്ള കാമുകിയുടെയോ അതോ മധുരമുള്ള കപ്പില്‍ സ്നേഹം വിളമ്പുന്ന അനുവിന്റെയോ പ്രതീക്ഷകള്‍ എന്ന് ചോദിച്ചാല്‍...............
  എന്താ പറയാ? ഏതായാലും ഒന്ന് പറയാം - പ്രതീക്ഷകള്‍ തെറ്റിക്കുന്നവരെ പെണ്‍കുട്ടികള്‍ക്ക് അത്ര ഇഷ്ടാവില്ല(എന്റെ മാത്രം അഭിപ്രായം ആണ് ട്ടോ). ഒരുപാട് ഇഷ്ടായി ഈ എഴുത്ത്.. പക്ഷെ , ഉത്തരം കണ്ടെത്താന്‍ എനിക്കും പറ്റണില്ലല്ലോ...
  - സ്നേഹപൂര്‍വ്വം അവന്തിക.

  ReplyDelete
  Replies
  1. പ്രതീക്ഷകള്‍ തെറ്റിക്കുന്നവരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടാവില്ലാന്നു അറിയാം അവന്തികാ.അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന്റെ ഉത്തരവും എനിക്കറിയാം..അത് ബ്ലോഗ്ഗില്‍ പറഞ്ഞില്ല എന്നെ ഉള്ളൂ.. :-)

   Delete
 3. മനുവേട്ട ഇത് നന്നായി കേട്ടോ ..ഇനി സ്വപ്നം കണ്ടാല്‍ :)) അവതരണം ഇഷ്ടമായി ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
  Replies
  1. സന്തോഷം മയില്‍‌പ്പീലി..

   Delete
 4. മനൂ,
  രണ്ടു ദിവസം മുന്‍പും കൂടി ആലോചിച്ചതെ ഉള്ളൂ മനുവിന്‍റെ പുതിയ എഴുത്തൊന്നും കാണുന്നില്ലല്ലോ എന്ന്. നല്ല രസായിട്ട് വായിച്ചു ഈ പാലപ്പക്കഥ. ഇത് സ്വപ്നത്തില്‍ കിട്ടിയ പണി ആണെന്ന് കരുതട്ടെ. റിയല്‍ ആണെങ്കില്‍ പണി ആകും .ഹ ഹ ഹ ..ലളിതമായ ഭാഷയില്‍ മനോഹരമായ എഴുത്ത്. ആശംസകള്‍.

  ReplyDelete
  Replies
  1. ഒന്നും റിയല്‍ അല്ല, ഒക്കെ "ഫാ"വന.!!! :-)

   Delete
 5. മനു, കിട്ടിയ പണി ഇത്തിരി കഷ്ട്ടായില്ലോ ! ഇതിനെക്കാള്‍ ഭേദം ഇശ്വരന് അനുവിനോട് നേരിട്ട് ചോദിക്കുന്നതായിരുന്നു....
  വളരെ രസകരമായി എഴുതിയിട്ടുണ്ട് കേട്ടോ..

  ReplyDelete
  Replies
  1. ശാലിനീ,
   അനൂനോട് ആണ് ഈ ചോദ്യമെങ്കില്‍??????? അതിനെക്കുറിച്ച് ഇനി ഒരു പോസ്റ്റ്‌ എഴുതാട്ടോ.

   Delete
 6. This comment has been removed by the author.

  ReplyDelete
 7. മനൂ...
  ഹോ ..ആകെ കണ്‍ഫ്യൂഷന്‍ ആകുന്നു....വിശ്വസിച്ചു കൈപിടിച്ച് ജീവിതത്തിലേക്ക് വന്നവള്‍ഒരുവശത്ത്..... "ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നിന്നെ മാത്രമേ വിവാഹം കഴിക്കൂ" എന്ന് ഉറപ്പു കൊടുത്തു, ഈ ജീവിതത്തില്‍ കൈവിട്ട ആദ്യത്തെ പ്രണയിനി. ഇത്ര നാളും നിധി പോലെ ഉള്ളില്‍ സൂക്ഷിച്ച പ്രണയം മറുവശത്ത്. പക്ഷെ തീരുമാനം മനുവിന്റെത് തന്നെ ആയിരിക്കണം. ഒന്നുമറിയാതെ വിശ്വസിച്ചു കൈപിടിച്ച് ജീവിതത്തിലേക്ക് വന്ന പെണ്‍കുട്ടി യോട് എന്ത് പറയും? അതേ സമയം ഒരു പുനര്‍ജന്മത്തിനായി ഈ ജീവിതം മുഴുവനും കാത്തിരുന്ന പ്രണയിനിയുടെ അര്‍ത്ഥമില്ലാതെ പോയ സ്നേഹത്തിന്‍റെയും കണക്കു എവിടെയെഴുതും?
  ദേവുസ്

  ReplyDelete
  Replies
  1. ദേവീ,
   പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. പ്രണയം സത്യമാണെങ്കില്‍ ജന്മാന്തരങ്ങളും ഋതുഭേദങ്ങളും ഒന്നും തടസ്സമാകില്ല ഒരു ഒന്ന് ചേരലിന്. പുനര്‍ജന്മത്തിനായി കാത്തിരിക്കുന്ന തീവ്രപ്രണയം ഉള്ള ആ കാമുകിയുടെ മനസ്സ് കാണാതെ ഇരിക്കാന്‍ സ്വാമിക്ക് പോലും കഴിയില്ല. കഠിന തപം ചെയ്യുന്ന ഋഷിമാരുടെ തപശക്തിപോലെ ഈ അഗ്നിസ്പുടം ചെയ്ത പ്രണയവും ഭഗവാന്‍റെ കണ്ണ് തുറപ്പിക്കും. പാതി ഉടല്‍ ഉമയ്ക്കായി പകുത്തു കൊടുത്തപ്പോഴും പരമേശ്വരന്‍ ഗംഗയെ ജടയില്‍ ഒളിപ്പിച്ചു. ഈശ്വരനുപോലും തീവ്രാനുരാഗം തണുപ്പ് പകര്‍ന്നു തിരുജടയില്‍ ഉള്ളപ്പോള്‍ പാവമീ പാലപ്പത്തെ കാണാതെ പോകുമോ? അത് പോലെ ഞാനും. :-) പക്ഷെ എഴുതുമ്പോള്‍ ഡിപ്ലോമാറ്റിക്ക് ആയെല്ലേ പറ്റൂ..

   Delete
 8. പാവം അനു :)
  പാലപ്പത്തിലും പണി വരുമല്ലേ ..
  ഈ ഈശ്വരന്‍ അല്ലേലും കള്ളനാ ..
  ഒരു പാവത്തിനേ ത്രിശങ്കു സ്വര്‍ഗത്തില്‍
  നിര്‍ത്തിയത് കണ്ടിട്ടും കടന്നു കളഞ്ഞില്ലേ ..
  ഈ വരികള്‍ ചില ഭര്‍ത്താക്കന്മാരെ ഉദ്ദേശിച്ചാണെന്ന്-
  ചില മാത്രം ഭര്‍ത്താക്കന്മാരെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നു അല്ലേ മനു :)
  എന്തായാലും സ്വപ്നം കാണലും , സംശയം ഭാര്യോട് തീര്‍ക്കുന്നതും
  ഇതു വായിച്ചതൊടെ നിര്‍ത്തീ .. ഒരു അണുവിസ്ഫോടനം ഒഴിവാക്കാന്‍
  സഹായിച്ചു കേട്ടൊ മനു ..
  പ്രതീഷകള്‍ക്കൊപ്പൊം നില്‍ക്കുന്നവരേ
  പ്രതീക്ഷകള്‍ക്കപ്പുറം പൊകുന്നവരെ .. ആരെയാ പെണ്‍കുട്ടികള്‍
  കൂടുതല്‍ ഇഷ്ടപെടുക .. ആവോ ..
  നല്ല വരികള്‍ കേട്ടൊ മനൂ .. ആകാശത്തിന്റെ തണുപ്പ്
  മഴനൂലുകളായി മനസ്സില്‍ പതിക്കുന്ന പൊലെ തന്നെ വരികള്‍ ..
  സ്നേഹപൂര്‍വം ..

  ReplyDelete
  Replies
  1. എല്ലാ സംശയങ്ങളും ഭാര്യയോടു ചോദിക്കാതിരിക്കുകയാകും സന്തുഷ്ട ദാമ്പത്യത്തിനു നല്ലത്. ഗുണപാഠം!! :-)

   Delete
 9. ഇവിടെ വന്നു പറയാന്‍ ഇന്നലെ സമയം കിട്ടിയില്ല.
  അതാ പറയാഞ്ഞേ.
  പറഞ്ഞത് പോലെ തന്നെ നല്ല പോസ്റ്റ്‌ മനൂ.
  വായിച്ചപ്പോ ഞാന്‍ ഓര്‍ത്തത്‌ എന്‍റെ മുന്നില്‍ വന്നു എന്നോടിങ്ങനെ ചോദിച്ചാല്‍ ഞാന്‍ എന്താ ആവശ്യപ്പെടെണ്ടേ എന്നാ.
  തലക്കെട്ട്‌ വായിച്ചപ്പോഴേ എവിടെയെങ്കിലുമൊക്കെ ഒരു ചിരി വരുത്തുമെന്ന് ഊഹിച്ചിരുന്നു.
  മനുവിന്‍റെ സ്ഥിരം രീതിയില്‍ അല്ലാത്ത ഒരു പോസ്റ്റ്‌.
  ലളിതം.സുന്ദരം.

  സസ്നേഹം
  ഉമ.

  ReplyDelete
  Replies
  1. സന്തോഷം ഉമാ..സത്യാണ്, പതിവ്ല്‍ നിന്നും മാറി ഒരു എഴുത്ത്.

   Delete
 10. ഒരു സ്വപ്നം പോലെ സമ്മാനിച്ച വായനാ...
  വളരെ സുന്ദരം ആയ കവിത പോലെ വരികള്‍..
  നല്ല ഒഴുക്ക് ഒട്ടും ബോര്‍ അടിക്കാതെ വായിച്ചു..
  അവസാനം വരെ സസ്പെന്‍സും നില നിര്‍ത്തി...
  അഭിനന്ദനങ്ങള്‍ മനു...

  പിന്നെ ഇനി ഇപ്പൊ പാലപ്പത്തിന്റെ കാര്യം
  ഒന്നും ചെയ്യാന്‍ പറ്റില്ല..അത് വളിച്ചു പോയി..
  മിണ്ടാതെ ഇരിക്കുക ആയിരുന്നു ബുദ്ധി...
  നോക്കു സ്വാമിക്ക് മനുവിനെക്കാള്‍ ബുദ്ധി ഉണ്ട്..
  അങ്ങേരു മുങ്ങിയല്ലോ....അതാണ്‌ ദൈവത്തിന്റെ
  മിടുക്ക്...അടുത്ത പോസ്റ്റ്‌ ഒന്ന് മെയില്‍ ചെയ്യണേ..

  ReplyDelete
  Replies
  1. മനസ്സോഴുകും വഴി വന്നതില്‍ സന്തോഷം. എഴുതുമ്പോള്‍ മെയില്‍ ചെയ്യാട്ടോ.

   Delete
 11. സുപ്രഭാതം മനൂ..
  വേനല്‍ അവധി നാട്ടില്‍ ആഘോഷിയ്ക്കുന്നതിനിടെ നിയ്ക്ക് ഇവിടെയെങ്ങും ഓടി എത്താനായില്ല..
  അവധി ആലസ്യത്തില്‍ നിന്ന് ഒരു രക്ഷപ്പെടലായിരുന്നു ന്റ്റെ “നിമിഷങ്ങള്‍..”
  മനുവിന്‍റെ കൌമാരം പെയ്തൊഴിയാനില്‍ കുറിച്ചത് വളരെ സന്തോഷം നല്‍കി...നന്ദി ട്ടൊ...!
  “മനസ്സൊഴുകും വഴിയില്‍“ നിയ്ക്ക് പുതിയ ഇടമാണ്‍...തീര്‍ച്ചയായും ന്റ്റെ പ്രിയങ്ങളിലെ ഒരിടം ആകുമെന്ന് ആശംസിയ്ക്കുന്നു...!

  ReplyDelete
  Replies
  1. മനസ്സോഴുകും വഴിയിലേക്ക് സ്വാഗതം ടീച്ചര്‍.

   Delete
 12. ഇഷ്ടമായി ,ആശംസകള്‍

  ReplyDelete
 13. പാവം ഈശ്വരന്‍ . എന്തൊക്കെ കഷ്ടപ്പാടാണെന്ന് നോക്കണേ...
  :)

  ReplyDelete
  Replies
  1. :-( ..sathyam paavam alle njan ..

   Delete
 14. വളരെ നന്നായിട്ടുണ്ട്..
  ഇടക്കുള്ള ചില വരികള്‍, വാചകങ്ങള്‍, പ്രയോഗങ്ങള്‍ ഒക്കെ പുതുമയുള്ളതായി തോന്നി..
  ഈശ്വരന്‍ വരുന്നത് വരെ കഥ ഒരു ട്രാക്കിലും അതിന് ശേഷം ഡിഫെരെന്റ്റ് ആയി മറ്റൊര് ട്രാക്കിലും ഒഴുകി..
  നന്നായിട്ടുണ്ട്...വായിച്ചു തുടങ്ങി, തീരും വരെ പിടിച്ച് നിര്‍ത്തുന്ന രചന..!!! സുപെര്ബ്..!

  ReplyDelete
  Replies
  1. അമ്മൂട്ടി..കൌതുകം ഉള്ള പേരാണല്ലോ..സ്വാഗതം മനസ്സോഴുകും വഴിയിലേക്ക് ..വന്നതില്‍ സന്തോഷം..

   Delete
 15. This comment has been removed by the author.

  ReplyDelete
 16. സുന്ദരമായ എഴുത്ത്..
  "ഞാന്‍ അടുത്ത ജന്മമുണ്ടെങ്കില്‍ ആരെ വിവാഹം കഴിക്കണം? നിന്നെയോ, അതോ "പാലപ്പത്തിനെയോ"??

  ഹ..ഹ.. നന്നായി എഴുതി..

  ReplyDelete
 17. സന്തോഷം...ശ്രീജിത്ത്‌..ഈവഴി വന്നതില്‍.

  മനു..

  ReplyDelete
 18. vythyashthammaya yezhuthanu ketto manuvinte.orupaadishtamayi.pranayinikku paalappam yenna peritta aadyathe kaamukan arikkum manu.hahahahahaha
  പ്രതീക്ഷക്കൊപ്പം നില്‍ക്കുന്നവരെയാണോ പെണ്‍കു‍ട്ടികള്‍ക്കിഷ്ടം? അതോ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേയ്ക്ക് കൂട്ടികൊണ്ട് പോകുന്നവരെയോ?
  yee varikal orupaadishttaayi.
  yellaa bhavukangalum.puthiya bloginaayi nokkiyirikkunnuu.
  shemikkuka malayalathil typaanjathinu

  ReplyDelete