Follow by Email

Thursday, June 16, 2011

കാശി

"നൂ" എന്നൊരു പിന്‍വിളി വിളിച്ചു ഇവിടെ എത്താന്‍ ആരും ഇല്ല .....

 
 കാശി, അനാദിയായ ഒരു ലയത്തെ കുറിക്കുന്നു...ഇവിടെ ഊറിക്കിടക്കുന്ന  ഊര്‍ജ്ജബിന്ദുക്കള്‍‍ക്കൊന്നിനും ജനന മരണങ്ങളില്ല..മോക്ഷം മാത്രം.. 
കാശിക്കു  കാലമില്ല ....ഈ സങ്കല്‍പ്പത്തെ സമീപിക്കുന്ന ഏതു മനുഷ്യനും തിരിച്ചറിയാവുന്ന ഒന്നാണത്..ഒരു പരിണാമചക്രവും ഈ വിശ്വാസത്തെ   സ്പര്‍ശിച്ചിട്ടില്ല ..കാലരഹിതമായ "ശിവം"  എന്ന മഹാലയത്തില്‍ ആണ് കാശിയുടെ തുടര്‍ച്ച..അങ്ങിനെ ഒരിടത്ത് 'മരണം' എന്നാല്‍ മോക്ഷമോ തുടര്‍ച്ചയോ അല്ലാതെ മറ്റെന്താകാന്‍.
നീ എന്തിനു  മരണത്തെ ഭയപ്പെടുന്നു മനു?...ഇവിടെ നിനക്ക് മരണം അല്ല,പുനര്‍ജ്ജന്മം..മനസ്സില്‍ ആഗ്രഹങ്ങള്‍ അടക്കിവച്ചു
 മോക്ഷമില്ലാതെ അലയുന്നതിലും എത്രയോ നന്നാണ് ഒരു പുനര്‍ജ്ജന്മം..
   
ഹരിച്ചന്ദ്രഘാട്ടിലും മണികര്‍ണ്ണികയിലും കത്തിയമര്‍ന്ന കോടികോടി ശവങ്ങളുടെ കാതില്‍ താരകമന്ത്രം ഓതിക്കൊടുത്തു
 മോക്ഷം നല്‍കിയ പ്രപഞ്ചത്തിന്റെ ആതിശക്തി.  "ശിവം" ,അതാണ്‌  കാശിയെ നയിക്കുന്ന ഉര്ജ്ജപ്രവാഹം. മോക്ഷം യാചിച്ചെത്തുന്ന ഓരോ മനുഷ്യനെയും ഈ മണ്ണിലൂടെ നയിക്കുന്ന കാശിവിശ്വനാഥന്‍ എന്ന കാന്തികോര്‍ജ്ജം.  
 ഒരു  രാഗമാലികപോലെ  ശാന്തമായ വിശ്വനാഥന്റെ ഭാവം ഉഗ്രശക്തിയായ കാലഭൈരവനിലേക്ക് ചിലപ്പോള്‍ മാറാട്ടം നടത്തും..  പിന്നെയും   ശാന്തിയിലേക്ക് കൊണ്ട്വരാന്‍ ആ  ശിവജടയില്‍ ഒരു   താഴംപൂവും മൂര്‍ധാവില്‍ ശിവഗംഗ പകരുന്ന തണുപ്പിനും മാത്രം സാധ്യം.
ശിവന്റെ മൂര്‍ധാവില്‍ നിന്ന് ഊറിയിറങ്ങിയ ഈ ജലധാര ,അളകനന്ദയും, മന്ദാകിനിയും ഭാഗീരധിയുമായി മനുഷ്യരാശിയുടെ പാപങ്ങളെ ഏറ്റുവാങ്ങുന്നു...അവര്‍ മുക്തിനേടുന്നു.

ഞാനും അതിനായിതന്നെ ഇവിടെ വീണ്ടും എത്തി........വിറയ്ക്കുന്ന കാലുകളോടെ ഗംഗയിലേക്ക് ഇറങ്ങി 
..തണുപ്പിന്ന്റെ ഒരു  വൈദ്യുതി പ്രവാഹം സിരകളിലേക്ക് പടര്‍ന്നു കയറി..ഒന്ന് മുങ്ങി കയറാം..

താണ്ഡവ ശിവന്‍ കാശിയില്‍  മാത്രം ശാന്തനെങ്കില്‍ അതിനു നിമിത്തം  മൂന്ന് മൈല്‍ നീളത്തില്‍ ഒരുചന്ദ്രക്കല പോലെ  കാശിയെ പുണര്‍ന്നൊഴുകുന്ന ഈ ഗംഗ ആണ്..
 ക്ഷമയോടെ  നിന്ന് പൊന്നമ്പലത്തിലെ ആ തിരുസ്വരൂപം തെല്ലിട നേരത്തേക്കു കണ്ടു തൊഴുമ്പോള്‍ അപക്വമായ എന്റെ മനസ്സ്‌ ശൂന്യമായിരുന്നു....സാഷ്ടാംഗം ആ തിരുമുറ്റത്ത്‌ നമിച്ചപ്പോള്‍ നിസ്സാരനായ ഞാന്‍ വീണ്ടുമൊരു മണ്‍തരിയായപോലെ... മതിയായില്ല, പിന്നെയും തൊഴുതു എല്ലാ വ്യഥകളും മോഹങ്ങളും സന്തോഷങ്ങളും മാഞ്ഞ്‌ ഉള്ളില്‍ ശാന്തി നിറയുന്ന നിര്‍വൃതി..
ഉഗ്രശിവനില്‍ ഉള്‍ചേര്‍ന്ന തണുപ്പാണ് ഗംഗ..എന്നില്‍ അലിഞ്ഞു ചേര്‍ന്ന എന്റെ പ്രണയം പോലെ.......എന്നില്‍ അലിഞ്ഞുചേര്‍ന്ന ദ്രാവകൂര്‍ജ്ജം

 കുട്ടിക്കാലത്ത് അപ്പൂപ്പന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് "കാശിയിലേക്ക്  എല്ലാരും പോകുന്നതെ ഉള്ളൂ..തിരിച്ചുവരാരില്ല എന്ന്..എവിടെപോയാല്‍ തിരിച്ചു  വരുന്നില്ല അതാണ്‌  പുണ്യം"...മതി വരുന്ന ഒരു ഭാവം...തിരിച്ചുവരാതിരിക്കുന്ന സങ്കല്പം മരണം ആയിടുതന്നെ ബന്ധപ്പെടുത്തണം എന്നില്ല 
,മറിച്ചു  ഇനിയും പുലരാത്ത ഒരു അല്ലില്‍ ഞാന്‍ അലിഞ്ഞു ചേരണം എന്നൊരാഗ്രഹം....ഈ തിരിച്ചറിവ് എന്നെ ഇവിടെ എത്തിച്ചു....

 വിശ്വനാഥന്റെ  പ്രസാദം ഉച്ചയൂണ്‌. ഇത്രയും രുചിയോടെയും തൃപ്തിയോടെയും അന്നും ഇന്നും വേറെ ഭക്ഷണം കഴിച്ചിട്ടില്ല. ഇല്ലായ്മയറിയിക്കാതെ എന്നും പോറ്റിപ്പരിപാലിക്കുന്ന എന്റെ അന്നദാനപ്രഭുവിനെ ഞാന്‍ നേരിട്ടറിഞ്ഞ മുഹൂര്‍ത്തം...ഇവിടെ എല്ലാരും തുല്യര്‍ ...സമ്പത്തും പദവിയും കുടുംബമഹിമയും വേര്‍തിരിവുണ്ടാക്കാത്ത ലോകം..പരസഹസ്രം നാവുകളില്‍ നിന്നും മന്ത്രങ്ങള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കാം.... എല്ലാവരുടെയും മുഖത്ത്‌ ഒരേ തേജസ്‌, എല്ലാ നാവിലും ഒരേ മന്ത്രം. മതവും ജാതിയും വേഷവും ഭാഷയും  ഒന്നാകുന്നു..


പുനര്ജ്ജന്മം എന്നൊന്നുണ്ടെങ്കില്‍.. ഒരുനിമിഷം ഓര്‍ത്തുപോയീ..

Tuesday, June 14, 2011

താമരന്നൂലുകൊണ്ട് കോര്‍ത്ത എന്റെ പ്രണയം............പ്രിയ നിളാ നീ ഒഴുകുകയാണ് ...തീരത്ത് നില്‍ക്കുന്ന എനിക്ക് നിന്നെ ബന്ധിക്കാന്‍ കഴിയില്ലല്ലോ..ഞാനെന്നല്ല ആര്‍ക്കും സാധ്യമല്ല കാരണം നീ കാലം ആകുന്നു .അത് ഇങ്ങനെ അനസ്യുതം ഒഴുകികൊണ്ടേ ഇരിക്കും. നിന്നോടെനിക്ക് ഒരു കോടി നന്ദി പറയാനുണ്ട്‌.നിന്‍റെ മടിത്തട്ടില്‍  എനിക്കായി സൂക്ഷിച്ചു വച്ച എന്‍റെ  പ്രണയത്തെ തിരിച്ചു തന്നതിന്..ഈ തീരത്ത് പാദം സ്പര്‍ശിച്ചു കടന്നു പോയ ആയിരങ്ങള്‍ ആരും അറിഞ്ഞില്ല അനുരാഗത്തിന്‍റെ ഈ തിരയിളക്കം നിന്നില്‍ ഉണ്ടാകുമെന്ന്..

എപ്പോഴാണ് ഞാന്‍ അവളെ വീണ്ടും കണ്ടത്?  വിരസതകളുടെ നെടുവീര്‍പ്പുമായി നിന്റെ തീരത്ത് വന്നിരുന്നു സന്ധ്യകള്‍ മായുവോളം സൂര്യനെ നോക്കിയിരുന്നിട്ടുണ്ട്.     ഒരുനാള്‍ മണി കിലുങ്ങും വില്ല് കെട്ടി തുലാവര്‍ഷം പെയ്തിറങ്ങിയ ഒരു രാത്രിയില്‍ അവളെ  നീ കൊണ്ട് വന്നു കൂടെ. നിളയിലെ പൊന്നലകള്‍ അപ്പോള്‍ ആവേശത്തോടെ എന്‍റെയും അവളുടെയും പേര് ചൊല്ലി പാടുന്നുണ്ടായിരുന്നു.. ഇത്തിരി തേന്‍ തൊട്ടരച്ച പോന്നുപോലെ ആയിരുന്നു അവളുടെ സംസാരം, ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്‍, മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന അവളുടെ ഹൃദയം എത്രയോ സുന്ദരമായിരിക്കണം...
പലപ്പോഴും  ബോധത്തെയും ചിന്തയേയും നിയന്ത്രിക്കാന്‍ കഴിയാത്ത വികാരമായി എന്‍റെ പ്രണയം പോകുന്നുണ്ടോ? വായിക്കാന്‍ എടുക്കുന്ന പുസ്തകതാളിലെ കറുത്ത അക്ഷരങ്ങല്‍ക്കിടയിലും, ശബ്ദിച്ചു കൊണ്ടിരിക്കുന്ന നാഴികമണിയിലും, അപരിചിതമായ ആള്‍ക്കുട്ടത്തിലും, നിന്‍റെ മുഖം ഞാന്‍ തേടുന്നത് അതുകൊണ്ടല്ലേ??
തണുത്ത കാറ്റ് വീശി അടിക്കുന്ന ഒരു തുലാവര്‍ഷ സന്ധ്യയില്‍,  മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന ഇടവഴിയില്‍ വച്ച് ഞാന്‍ അവളോട്‌ "നിന്നെ ആണ് എനിക്കിപ്പോള്‍ എന്നെക്കാള്‍ ഏറെ ഇഷ്ടം " എന്ന് പറഞ്ഞു.. അപ്പോള്‍ അവള് ‍ചോദിച്ചു.."ഞാന്‍ ഒന്ന് കരഞ്ഞാല്‍ ഈ മഴതുള്ളികള്‍ക്കിടയില്‍ എന്‍റെ കണ്ണുനീര്‍ തിരിച്ചറിയാന്‍ മാത്രമുള്ള സ്നേഹം നിനക്കുണ്ടോ മനു?? നെഞ്ചില്‍ കൈ വച്ച് ഞാന്‍ പറഞ്ഞു "നിന്‍റെ കണ്ണുകള്‍ നിറയുന്ന ഓരോ നിമിഷവും അതില്‍ ഈ മനുവിന്റെ ഹൃദയരക്തതിന്‍റെ ചുവപ്പുണ്ടാകും...ഏതു പെരുമഴയിലും അത് ഞാന്‍ തിരിച്ചറിയും"..പക്ഷെ ഒരിക്കല്‍ പോലും ആ കണ്ണുകള്‍ നിറയരുതെന്നാണ്  ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നീ അറിയുന്നില്ലേ?

പുറത്തു നല്ല തണുപ്പുണ്ട്....വഴിയില്‍ ഇരുട്ടിന്‍റെ പാറാവ്‌ നില്‍ക്കുന്ന ഈ തെരുവ് വിളക്കുകള്‍ക്കപ്പുറം കണ്ണെത്താദൂരത്തോളം കടല്‍ ആണ്....അതിനപ്പുറത്ത്   ഇനിയും സാധ്യമാകാത്ത കൂടികാഴ്ച ആണെങ്കിലും മനസ്സില്‍ മിന്നിമായുന്ന എന്റെ ഭാവനയില്‍ ഞാന്‍ കണ്ട രൂപവുമായി നീ ഇരിപ്പുണ്ട്.. , ആ നല്ല നാളിന്നു ഇനി അധികം ദൂരം ഇല്ല എന്ന പ്രതീക്ഷയോടും കൂടി കാതിരിക്കിക്കുന്ന ഞാന്‍ ഓരോന്ന് ആശിച്ചുപോകുകയാണ്, ഈ സമാന്തര രേഖകള്‍ പോലെ ഒരിക്കലും കൂട്ടിമുട്ടാത്ത സ്വപ്നങ്ങളാണ് എന്റെ ആഗ്രഹങ്ങള്‍. ആ രേഖകള്‍ എന്നെങ്കിലും കൂട്ടിമുട്ടുമോ ?അസാധ്യം . എന്റെ മനസ്സ് അങ്ങനെയാണ് അസാധ്യമായാതെ ചിന്തിക്കൂ ..എങ്കിലും അറിയാതെ  മനസ്സ് മനസ്സ് മന്ത്രിച്ചു കൊണ്ടേയിരിക്കുന്നു.. "പാതിയിലേറെ കടന്നു കഴിഞ്ഞു വഴി..ഇനി കുറച്ചു ദൂരം മാത്രം.ഓര്‍മ്മകള്‍ക്ക് തിളക്കം കൂട്ടി , മധുരങ്ങള്‍ പാടി കാത്തിരിക്കൂ  മനു " എന്ന്.
 വിഷമങ്ങള്‍ ഉള്ളിലോതുക്കുംബോളും അറിയാതെ ഹിമകണമായ് പൊഴിയുന്ന കണ്ണീരിനു ഇന്ന് പുത്തന്‍ പ്രതീക്ഷയുടെ സുഗന്ധം ..എന്റെ മനസ്സില്‍ ഒരു കുളിര്‍ മഴയായ് പെയ്തത്തിനു ,എന്റെ ഓര്‍മകളെ തിരിച്ചു തന്നതിന് ഒരുപാട് നന്ദി .....ഒരുപാട് നന്ദി ............

വീണ്ടും ഇങ്ങനെ എനിക്കെഴുതാന്‍ പ്രേരണയായി എന്റെ മുന്നില്‍ വന്ന പ്രിയകൂട്ടുകാരീ..ഇനിയുമുണ്ട് ഒരുപാട് പൊന്ചെമ്പകം പൂത്ത കഥകള്‍ നിന്നോട് പറയാന്‍. അതുകൊണ്ട് ഈ രാത്രിയില്‍ ഈ കഥ ഇവിടെ അപൂര്‍ണ്ണമായി നില്‍ക്കട്ടെ.........