Follow by Email

Wednesday, October 30, 2013

ഒരു പ്രണയക്കാപ്പി............ !

തിവ്പോലെ പ്രഭാതം ചൂടാക്കിയുണർത്താൻ ഒരു കാപ്പി ഉണ്ടാക്കുന്ന തിരക്കിൽ , പ്രണയത്തിന്റെ ഉൾപ്പുളകങ്ങളും രാസമാറ്റങ്ങളും, തൂനിലാപ്പാലിനും സൗഗന്ധിയായ കാപ്പിപ്പൊടിക്കുമിടയിൽ കാപ്പിപ്പാത്രത്തിൽ അഗ്നിസാക്ഷിയായ് നടക്കുന്നത് എന്റെ പ്രിയതമ അറിഞ്ഞില്ല......!

പാൽമണമുള്ള ചുണ്ടിൽ ചുംബിക്കാൻ അനുവദിക്കാതെ പാവം കാപ്പിപ്പൊടിയെ വട്ടം ചുറ്റിക്കുന്ന രംഗത്തിനു തീനാളങ്ങൾ മാത്രം സാക്ഷി...! പ്രണയത്തിൻ ഊഷ്മാവ് ഉയർന്ന് പഞ്ചസാര അലിഞ്ഞ് മധുരമൂറി വന്നു. കാപ്പിപ്പൂ ചുണ്ടിലും കവിൾ ചെണ്ടിലും പാൽച്ചുണ്ടുകൾ തുരുതുരാ ഉമ്മ വക്കുന്നു.

അധികനേരം ആ തീവ്ര പ്രണയ രംഗം നീണ്ടു നിന്നില്ല........


മൂർച്ചിത ഭാവത്തിൽ ഒന്നായ്  അലിഞ്ഞ് വർദ്ധിത വീര്യത്തിൽ പതഞ്ഞുയർന്നു വന്നപ്പോൾ, കെട്ടുപിണഞ്ഞു കിടന്നവർ വലച്ചകത്തപ്പെട്ടു.........
രണ്ടു കോപ്പകളിൽ.......
പരിഭവം കരിനീലിച്ച കവിളുകളിൽ നിരാശയുടെ ചുവപ്പ് പടർത്തി അവർ ഒരു കയ്യകലത്തിൽ അടുത്തടുത്ത്‌, തമ്മിൽ സ്പർശിക്കാൻ ആകാതെ.......!
കവിളത്ത് കാമുകൻ കടം വച്ച മുത്തങ്ങൾ ചോക്ലേറ്റ് നിറത്തിൽ പതഞ്ഞു നിൽക്കുന്നു.....!!
വിരഹത്തിൻ സംഗീതം കേട്ടു ഞാൻ നോക്കി......
ഉഷ്ണമറിയാതെ ഉടൽ വിയർപ്പിൽ കുളിച്ചിരുന്ന മിഥുനങ്ങളെ ഞാൻ തുറന്നു വിടുന്നു.............
അവർ ഒന്നിച്ചൊഴുകി കാപ്പിതോട്ടത്തിലെ പൂമണം പരത്തട്ടെ......!!!

Thursday, October 10, 2013

ജീവിത കഥ............

ണ്ടായിരത്തിരണ്ടിലെ ഒരു പകൽ.
പഠിത്തവും ജോലിയുമൊക്കെയായി ചെന്നൈ നഗരത്തിൽ വന്നെത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.  ഒരു തമിഴ് അഗ്രഹാരത്തിലെ മുകളിലത്തെ നിലയിൽ ആയിരുന്നു  താമസം.    എന്നും പ്രഭാതത്തിൽ ചൂട് ചായയുടെ കൂട്ടുപിടിച്ച് ഈ ജാലകത്തിലൂടെ മദിരാശി പട്ടണം നോക്കി നില്ക്കുന്നത് പതിവാണ്. താഴെ അഗ്രഹാരത്തിലെ 'അഴകിന്റെ വിഗ്രഹങ്ങൾ' കൈവിരുതു കൊണ്ട് കോലങ്ങൾ  വരക്കുന്നുണ്ട്. വേഗവിരലുകൾ ശൂന്യതയിൽ കുസൃതിയായ് ചലിപ്പിക്കുമ്പോൾ എത്ര ഭംഗിയിലാണ് ഈ കോലങ്ങൾ തെളിയുന്നത് ..!! ചില്ല് ജാലകത്തിലെ മഞ്ഞ്,  സൂര്യന്റെ ഇളം ചൂടുള്ള മുത്തങ്ങൾ കിട്ടുമ്പോൾ കൗമാരക്കാരിയുടെ  നാണത്തോടെ ഓടിയൊളിക്കുന്നു. 

എറ്റവും ഭംഗിയിൽ കോലമെഴുതിയത് ഞാനാണെന്ന ഭാവത്തോടെ അഭിരാമി (ഹൌസ് ഓണറുടെ മകൾ)  മുകളിലേക്ക് നോക്കി എനിക്കൊരു പ്രഭാത പുഞ്ചിരി സമ്മാനിച്ച്, വെള്ളിക്കൊലുസ്സും കിലുക്കി അകത്തേക്കോടി.  സൈന്യത്തിലെ ഉദ്യോഗസ്ഥൻ ആയിരുന്നു അവളുടെ അപ്പാ. അവൾ എന്ജിനീയറിംഗ് മൂന്നാം വർഷം പഠിക്കുന്നു. ഇപ്പോൾ പോയി അമ്മ ഉണ്ടാകിയ പാലപ്പം പഞ്ചസാരയും പാലും ചേർത്ത് കഴിച്ചു തുടങ്ങിക്കാണും.!  എന്നും പാലപ്പം കഴിക്കുന്നത്‌ കൊണ്ടാകുമോ അവൾക്കീ പാൽനിറം...!  . 


മുകളിലെ  നിലയിലെ പുറകുവശത്ത്, കഴുകിയതുണി ഉണങ്ങാൻ  ഇടുന്ന നീളൻ വരാന്തയുണ്ട്.   നനച്ചുണക്കിയ പെണ്‍തുണികളുടെ സുഗന്ധം നിറഞ്ഞു നില്ക്കുന്ന ഒരിടം..!  നാലുമണി നേരങ്ങളിൽ സിന്ദൂരവെയിലിനെ തോല്പ്പിക്കാൻ, വെണ്ണയുടെ നിറത്തിലും, കനകാംബരത്തിന്റെ അഴകിലും മുഖത്ത് വിരിയുന്ന ഗൂഡ സ്മിതവുമായി അഭിരാമി പടികയറി ആ വഴി വരാറുണ്ട്.  ചിലനേരങ്ങളിൽ  അതിവിശുദ്ധമായ ആ പുഞ്ചിരിയുടെ ആരാധകനായി  ഈ ഉള്ളവൻ ആ പിൻവാതിലിൽ നിൽക്കാറുണ്ട്.  അലക്കിയ തുണികളെ കെട്ടിപ്പിടിച്ച് ആയിരം മണിയൊച്ചയുള്ള കൊലുസ്സിനെ ശക്തിയിൽ കിലുക്കി ചിരിച്ചുകൊണ്ട് അവൾ പോയപ്പോൾ, എന്റെ ചുണ്ടിൽ വന്ന ഒരു വരി പാട്ട് അവളുടെ നുണക്കുഴികളിൽ തട്ടി പ്രതിഫലിച്ചു. " നിന്റെ അരഞ്ഞാണ ചരടിലെ എലസ്സിനുള്ളിൽ ആരെയും മയക്കുന്ന മന്ത്രമുണ്ടോ?" ...........മലയാളം അധികമാർക്കും അവിടെ അറിയാത്തത് പാട്ടിന്റെ ഭാഗ്യം.


നാട്ടിൽ നിന്നും ആദ്യായിട്ട് ഇത്രേം ദൂരെ വന്നെത്തിയിട്ട് ഒരു കൊല്ലം ആകുന്നു.  വിശ്വസിക്കാൻ പ്രയാസം. അമ്മയ്ക്കും ഇതേ വിശ്വാസക്കുറവുണ്ടായിരുന്നു.  ദോശയും തേങ്ങാ ചുട്ടരച്ച ചമ്മന്തിയും, നാക്കിലിട്ടാൽ അലിഞ്ഞു പോകുന്ന മുല്ലപ്പൂ ഇഡ്ഡലിയും ഉള്ളിസാമ്പാറും എല്ലാം ഓർമ്മയാക്കി എന്റെ മോൻ അധിക കാലം എവിടേം പോയി നിൽക്കൂല്ല എന്നൊരു അമിത മാതൃവാൽസല്ല്യം ആകും അമ്മയുടെ വിശ്വാസത്തിനു പിന്നിൽ.  ഇവിടെയും കിട്ടാത്ത സാധനമല്ലല്ലൊ ഈ ഇഡ്ഡലി.


ഇരുപത്തിരണ്ടു വസന്തകാലങ്ങൾ പിന്നിട്ടപ്പോൾ സ്വന്തം കാലിൽ നിൽക്കണമിനിയെന്നൊരു വാശിതോന്നിക്കാൻ ഒരിക്കൽ അച്ഛൻ കാരണക്കാരനായി. മംഗലത്തെ നകുലേട്ടന്റെ സഹോദരിയുടെ കല്യാണ തലേന്ന്, എല്ലാവരും അമ്പലത്തിലെ ആഡിറ്റോറിയത്തിൽ കാര്യമായ സഹായങ്ങൾ ചെയ്യുന്നു.  പരിപ്പിനും അവിയലിനും, പ്രഥമനുമൊക്കെയായി തേങ്ങാ തിരുമ്മി, രാജേന്ദ്രേട്ടന്റെ പൊടിപ്പുമില്ലിൽ കൊണ്ട് പോയി ചതച്ചെടുത്ത് വരുന്ന ഒരു പരിപാടി ഉണ്ട്.   ഒരു ബൈക്കിനു പിന്നിൽ അതെടുത്തുവച്ച്  വെളുപ്പാൻകാലത്ത് മില്ലിലേക്കു പോകുമ്പോൾ ഇരുട്ടത്ത്‌ എവിടൂന്നോ ഒരു സൈക്കിൾ പാഞ്ഞു വന്നു. അപ്രതീക്ഷിതമായ ആ വരവിൽ എന്റെ കണ്ട്രോള് പോയി, ഞാൻ സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ചു.  ഇടിയുടെ ആഘാതത്തിൽ ഞാൻ പോയി വീണത്‌ വേസ്റ്റ് വെള്ളം ഒഴുക്കി വിടുന്ന ഓവ് ചാലിന്റെ അടുത്താണ്. മില്ലിൽ നിന്നും രാജേന്ദ്രേട്ടന്റെ ഭാര്യ ഓടി വന്നു. ഞാൻ ആകെ "കിളിപോയ" അവസ്ഥയിൽ ദേഷ്യം കൊണ്ട് എഴുനേറ്റ്  വായിൽ വന്ന പത്ത് 'മഹത് വചനങ്ങൾ' സൈക്കിളുകാരന് ഫ്രീ ആയി കൊടുത്തു. അയാളും ചാലിൽ കിടക്കുകയാണ്. ആരാണെന്ന് പോലും കണ്ടില്ല. 

"രാജേന്ദ്രേട്ടനെ ഒന്ന് വിളിക്കൂ ചേച്ചി"  ഞാൻ അവരോടു പറഞ്ഞു.
മില്ലിൽ ഇരിപ്പുണ്ട് ആള്, എന്നാലും ലോകത്തിലെ ഏറ്റവും തിരക്ക് കുറഞ്ഞ ആളിനെ പോലെയാണ് ചേട്ടൻ ചിലപ്പോളൊക്കെ പെരുമാറുക. അത്യാവശ്യമായി ഒരു കിലോ ഒക്സിജൻ വേണമെന്ന് പറഞ്ഞാലും സാ))) മട്ടിലേ എടുക്കൂ..!!  വേറെ രണ്ടുമൂന്നു പേരെ കൂട്ട് വിളിച്ച് സൈക്കിളുകാരനെ രാജേന്ദ്രേട്ടൻ ഒരോട്ടോയിൽ ആശുപത്രീൽ എത്തിച്ചു.  എൻറെ പൊട്ടിയ മുട്ടിൽ അയഡിൻ പുരട്ടിത്തന്നു ചേച്ചി രംഗം നീറ്റിക്കുന്നതിന് ഇടയ്ക്കു പറഞ്ഞു
" പത്രം എടുക്കാൻ രാവിലെ സൈക്കിളിൽ ബസ്സ്‌  സ്റ്റാൻഡിൽ പോയ കണ്ണപ്പൻ ആശാരി ആണ് അത്". 

നേരം വെളുത്ത് വീട്ടിൽ എത്തി.  കുളിച്ചു. ആദ്യം സോപ്പിലും, പിന്നെ ഡെറ്റോളിലും പിന്നെ ക്യുട്ടികൂറയിലും കുറെ പ്രാവിശ്യം കുളിച്ചപ്പോൾ പൌഡർ ഫാക്ടറി മാനേജരെ പോലെ ആയി നില്പ്പ്.  ഇവിടെ കാറ്റിനു സുഗന്ധം.
മുല്ലപ്പൂ ഇഡ്ഡലിയെ ഉള്ളിസാമ്പാറിൽ സ്നാനം ചെയ്യിക്കുമ്പോൾ വെളിയിൽ  ഒരു ആട്ടോറിക്ഷ വന്ന ശബ്ദം കേട്ടു.  അച്ഛൻ പൂമുഖത്തിരുന്നു പത്രം വായിക്കുന്നുണ്ട്. ആരാ വന്നതെന്ന് നോക്കി, രണ്ടു പേരുണ്ട്, ഒന്ന് മരപ്പണിക്ക് പോകുന്ന സുകു, ഇനിയൊരാളെ പരിചയം ഇല്ല.

"എന്താ???.... അച്ഛൻ ചോദിച്ചു.

"മനു ഇല്ലേ ഇവിടെ? രാവിലെ വല്യച്ചനെ ബൈക്ക് കൊണ്ട് ഇടിച്ചിട്ടു. ഇപ്പോൾ ആശുപത്രീലാണ്, മനൂനെ പിന്നെ കണ്ടില്ലങ്ങോട്ട്‌. അവിടെ കുറെ പൈസ ചിലവുണ്ട്. ഞങ്ങൾ അത് പറയാൻ വന്നതാ" ....സുകൂന്റെ വക എട്ടിന്റെ പണി..!

ഇഡ്ഡലി തൊണ്ടേൽ കുടുങ്ങി.

അച്ഛൻ അകത്തു പോയി കയ്യിൽ കുറച്ചു പൈസ എടുത്തു സുകൂന് കൊടുത്തു.
 ആട്ടോറിക്ഷ പോയി.  ഞാൻ എങ്ങോട്ടും പോകാൻ വയ്യാണ്ട് അവിടെ ഇരുന്നു.

"കഴിച്ചോളൂ, ഇഡ്ഡലി ബാക്കി വക്കണ്ട,"  .........അച്ഛൻ 
"ഒരു കാര്യം ഞാൻ പറയാം, പെൻഷൻ കാശു കൊണ്ട് നിനക്കും കൂടെ ചോറ് തരുന്നുണ്ട് ഞാൻ. പക്ഷെ ഒരു ആശാരി കുടുംബം കൂടെ പോറ്റാൻ എനിക്ക് വേറെ വരുമാനം ഇല്ല" .

ഈ വിധമുള്ള സംസാരങ്ങൾ എന്നിലെ യുവതുർക്കിയെ ഉണർത്തി. അങ്ങിനെയാണ് NIIT പഠനവും, കൂടെ ജോലിയും എന്ന ആശയത്തിൽ ചെന്നൈയ്ക്ക് ഒരു മീനച്ചൂടിൽ തീവണ്ടി കേറിയത്‌. 

 ജീവിതത്തിന്റെ  പകുതി വഴിയിൽ വന്നെത്തി  ഈ എണ്ണ രാജ്യത്തിന്റെ ചൂടിലും തണുപ്പിലും ഓർമ്മകൾ ഉരുകുകയും ഉറയുകയും ചെയ്യുമ്പോൾ, അതിജീവനത്തിന്റെ ഇരുൾ വഴികളിൽ വഴിച്ചൂട്ട്‌കറ്റയുടെ ഇത്തിരിവെട്ടമായി വന്ന അവധൂതന്മാരുടെ മുഖം ഓരോന്നായി ഇടയ്ക്കിടെ തെളിഞ്ഞു വരാറുണ്ട്.   ഓരോ തീരുമാനങ്ങൾക്ക് പിന്നിലും ഓരോ ആളുകൾ ഉണ്ടാകും. അല്ലെങ്കിൽ ഒരു വാക്ക്..
അന്ന് നാട് വിട്ടു പോകാൻ തോന്നിക്കുവാൻ കണ്ണപ്പൻ ആശാരി ഒരു നിമിത്തമായി സൈക്കിളിൽ വന്നു.  ചെന്നൈ നഗരത്തിൽ കണ്ണിനു വസന്തം തീർത്ത് ബോറടിമാറ്റാൻ അഭിരാമി എന്ന ചിത്രശലഭം. അങ്ങനെ എത്ര എത്ര പേർ...!! വടിവൊത്ത തിരക്കഥയിൽ അവരവരുടെ ഭാഗം ഭംഗിയാക്കി പോയി.  അവസാനം പ്രണയം എന്തെന്ന് പഠിപ്പിച്ച് ഒരു തേൻ കിളിയും....!!

  ജീവിതം ശരിക്കും ഒരു മാജിക് തന്നെ..!