Follow by Email

Saturday, December 1, 2012

സൂചികുത്താന്‍ ഇടം കൊടുത്താല്‍...

മുന്‍പൊരിക്കല്‍ നാട്ടില്‍ നില്‍ക്കുന്ന  കാലത്ത് ഒരു മരണവീട്ടില്‍ പോകേണ്ടി വന്നു. സത്യത്തില്‍ അമ്മയുടെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രമാണ് കേട്ടോ പോയത്. അല്ലാതെ അത്തരം  ചടങ്ങില്‍ പങ്കെടുക്കുന്നതില്‍  നിന്നും പണ്ടേ ഞാന്‍ പിന്നോട്ടുമാറിയിരുന്നു.  ആത്മാവിന്‍റെ ആടയാഭരണങ്ങള്‍   ഊരിയെറിഞ്ഞ്, ചായംതേച്ചു മനോഹരമാക്കിയ ബന്ധങ്ങളുടെയും, സൌഹൃദങ്ങളുടെയും  ഒരു കുഞ്ഞുലോകത്തുനിന്നും  ‍ കൂടുതല്‍ വെളിച്ചമുള്ള മറ്റൊരു വലിയ ലോകത്തേക്ക് തനിയെ ഒരു യാത്ര പോകലാണ് മരണം!
ആ ഒറ്റക്കുള്ള  യാത്രപോകലിനു സാക്ഷിയാകാന്‍ എന്തുകൊണ്ടോ എനിക്കിഷ്ടമല്ല. (എനിക്കും ഒരിക്കല്‍ പോകേണ്ടിവരും എന്നാലും ഇപ്പോള്‍ ആ ഇഷ്ടം അനിഷ്ടമായി അങ്ങനെതന്നെ നില്‍ക്കട്ടെ! )

ഇതെന്താപ്പാ ഇന്ന് മരണ വാര്‍ത്തയുമായാണോ  ഇവന്‍റെ വരവ്, എന്ന ചോദ്യം വായിക്കുന്നവര്‍ക്ക് ഉണ്ടാകും. അല്ല കേട്ടോ, സംഭവം വേറെയാണ്, ചിരിക്കഥ തന്നെ.

തൊണ്ണൂറ്റിരണ്ടുകാരനായ കൊച്ചുതുണ്ടില്‍ ഔസേപ്പിന്‍റെ  മരണം എന്‍റെ  ജീവിതത്തില്‍ ഒരു നഷ്ടമേ അല്ല.
അമ്മയുടെ കൂട്ടുകാരി ഗ്രേസ്സി  ആന്‍റിയുടെ അപ്പച്ചനാണ് ടിയാന്‍. അതുകൊണ്ട് മാത്രം ഈ ഉള്ളവന് ആ ചടങ്ങില്‍ പങ്കെടുക്കേണ്ടി വന്നു.
"തിരോന്തോരം" ജില്ലയുടെ ഉള്‍നാടന്‍  ഗ്രാമത്തിലാണ് പ്രസ്തുത വീട് നിലകൊള്ളുന്നത്.  അവിടെ അടുത്തായി നമുക്ക് കുറച്ചു തെങ്ങും പുരയിടം ഉണ്ടായതു കൊണ്ട് വല്ലപ്പോഴും ആ വഴി പോകേണ്ടി വന്നിട്ടുണ്ട്. നാട്ടിലെ ആളുകളെയും പരിചയമുണ്ട്.


സത്യത്തില്‍ ആ മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍ ചിരിയാണ് എനിക്ക് വന്നത്!!
ശവമൊഴിച്ചു ബാക്കി എല്ലാപേരും കല്യാണത്തിന് വന്നപോലെ!
സുഗന്ധം പരത്തുന്ന ഒരു വലിയ പൂമൊട്ട് പോലെയായിരുന്നു ആ വീട്.  ഒരുപാട് തരം സെന്റുകളുടെയും ബോഡി സ്പ്രേകളുടെയും , റിങ്ങ്ടോണുകളുടെയും കൂടാരം.


 ഡെഡ്ബോഡിക്കൊഴിച്ചു  ബാക്കി എല്ലാപേര്‍ക്കും മൊബൈല്‍ ഫോണില്‍ എസ്സ് എം എസ്സ് സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. ഒരാള്‍ക്ക്‌ ട്രിംഗ് എന്നാണ് വരുന്നതെങ്കില്‍  മറ്റൊരാള്‍ക്ക് 'അമ്മായി വട്ടായി പോയേ" എന്ന  പാട്ട്, വേറെ ഒരാള്‍ക്ക് ടിഗ് ടോങ്ങ് , എല്ലാം കൂടിച്ചേര്‍ന്നാല്‍  ആകെ വട്ടായിട്ട്  ടിഗ്ട്യൂംഷ്യൂം!!!


അന്ന് അവിടെ കേട്ട ഒരു കഥ എന്നെ ഒരുപാട് ചിരിപ്പിച്ചു, മരണ വീടാണെന്ന ചിന്ത പോലും ഇല്ലാതെ ഞാന്‍ ഉറക്കെ ചിരിച്ചു പോയി.


ചാക്കാലവീട്ടില്‍ കൂടി നിന്ന ആളുകള്‍ക്കിടയില്‍ രണ്ടു കയ്യിലും പ്ലാസ്റ്റെര്‍  ഇട്ടൊരു ചെറുപ്പക്കാരനെ എന്‍റെ  കണ്ണ് തേടി  പിടിച്ചു.  പ്രായം 20. ഞാന്‍ അവനെ മുന്‍പ്     എപ്പോളൊക്കെ കണ്ടിട്ടുണ്ടോ ആ അവസരങ്ങളിലെല്ലാം  എല്ലാം അവന്‍ തിരക്കിട്ട് സൈക്കളില്‍ അങ്ങിങ്ങ് കറങ്ങി നടക്കുന്നത്  കാണാം. സര്‍ക്കസ്സിലെ സൈക്കിള്‍ യജ്ഞക്കാരനെപോലെ.  ഒരിക്കല്‍ അമ്മയോട് ഞാന്‍ പറയുകയും ചെയ്തു "സൈക്കളില്‍ ഇരിക്കുന്ന രൂപത്തിലാണ് അവന്‍റെ അമ്മ അവനെ പ്രസവിച്ചത്" എന്ന് തോന്നുന്നുവെന്ന്.


 സൈക്കളില്‍ നിന്നും ഇറങ്ങാറില്ല, മൂത്രമൊഴിക്കാന്‍ പോലും.
ആളൊഴിഞ്ഞിടം കണ്ടാല്‍  റോഡരികിലെ മൈല്‍ക്കുറ്റിയിലേക്ക് 
ഒരുകാല്‍ വച്ച് സൈക്കളില്‍ത്തന്നെ  എഴുനേറ്റു
നില്‍ക്കും. മറ്റെക്കാല്‍ പെഡലില്‍  ബലത്തില്‍ ചവിട്ടും, സൈക്കിള്‍ സര്‍ക്കസ്സ്കാരനെ പോലെ ഇടത്തോട്ട് ചരിച്ചു ഒറ്റ നില്‍പ്പാണ്.  ഒരു തുള്ളിപോലും കാലിലോ, സൈക്കിളിലോ വീഴ്ത്താതെ ക്ലീനായി കാര്യം സാധിക്കും, ഭയങ്കരന്‍.!


 രണ്ടുകാലും ഭൂമിയില്‍ കുത്തി കഥാനായകന്‍ നില്‍ക്കുന്നത്
ആദ്യമായി കണ്ട അസുലഭ ദര്‍ശനാനന്ദ പ്രക്ഷാളനത്തില്‍, അടുത്ത് നിന്ന ഒരു പരിചയക്കാരനോട്‌ സൈക്കിള്‍ യജ്ഞക്കാരന്‍റെ   കയ്യിലെ കെട്ടിന്‍റെ   ഗുട്ടന്‍സ് എന്താണെന്ന് അന്യേഷിച്ചു.

മേക്കപ്പിടാത്ത സുന്ദരിമാരുടെ മുഖം പോലെയിരിക്കുന്ന  നമ്മുടെ റോഡുകൾ "ഓം പുരി' യുടെ മോന്ത പോലെ ആയിക്കിടക്കാൻ തുടങ്ങിയിട്ട്‌ മാസങ്ങളും, വർഷങ്ങളുമായി.. അതുവഴി  ഹെല്‍മെറ്റ്‌ വയ്ക്കാത്ത ഒരു കണ്ടന്‍പൂച്ച റോഡു  ക്രോസ് ചെയ്തതാണ്, അസാധ്യ ബാലന്‍സുള്ള നമ്മുടെ യജ്ഞക്കാരന്‌ ഒന്ന് പിഴച്ചു. വീണു കയ്യൊടിഞ്ഞു, കാലു ചതഞ്ഞു!!

സൈക്കിളിന്‍റെ മുഖത്തും അവന്‍റെ ബോഡിയിലും ചോര.

എക്സ്റേ ഫിലിം ലൈറ്റിനു നേരെ പിടിച്ച്  ഡോക്ടര്‍ ട്യൂബ് ലൈറ്റ് കത്തും പോലെ ചിരിച്ചു പറഞ്ഞു  "നോക്കെടോ ചെണ്ടമുറിയന്‍ കപ്പ മുറിച്ചു വച്ചിരിക്കുന്നപോലെ മൂന്നൊടിവുകള്‍."
മുറിവുകളില്‍ നീറ്റല്‍മരുന്ന്  പുരട്ടി സീന്‍ അയഡിന്‍ നിര്‍ഭര‍മാക്കിയ   ഡോക്ടര്‍ പറഞ്ഞു --ഒരു ഇന്‍ജക്ഷന്‍ വേണം.


അതുവരെ വേദനകൊണ്ട് ഞരങ്ങിക്കൊണ്ടിരുന്ന പുള്ളിക്കാരന്‍ ഒറ്റ അലര്‍ച്ച 
--- കുത്തിവയ്പ്പ് വേണ്ട ))))))!!!


തീരെ മൂര്‍ച്ച ഇല്ലാത്ത കത്തികൊണ്ട് കോഴിയെ അറത്ത് അറത്ത് അറത്ത് കൊല്ലാന്‍ മടിയില്ലാത്ത കഠോരഹൃദയന് --ഒരു നൂലിന്‍റെ കനമുള്ള കുഞ്ഞു സൂചി കൊണ്ടുള്ള കുഞ്ഞു കുത്തിവയ്പ്പിന്
പേടിയോ?


 ഇന്‍ജക്ഷന്‍ തന്നെ വേണമെന്ന് ഡോക്ടര്‍ക്ക്‌ ദുര്‍വാശി , എന്നാല്‍ കയ്യില്‍ എടുത്താല്‍ മതിയെന്ന് വീണവന്‍! ഡോക്ടര്‍ നോക്കിയപ്പോള്‍ മുറുവുകള്‍ ഇല്ലാത്ത ഒരിടം ബാക്കിയില്ല കയ്യില്‍,  തുടയില്‍ തന്നെ മതിയെന്ന് അദ്ദേഹം നഴ്സ്സ്നോട്  വിധി പറഞ്ഞു. ചങ്ങാതി പക്ഷെ ഒരു വിധത്തിലും വഴങ്ങുന്നില്ല. കൂടെ ഉള്ള കൂട്ടുകാര്‍ ആശ്വസിപ്പിക്കുന്നുണ്ട്
--പേടിക്കണ്ടാടാ, ഒരു ഉറുമ്പ് കടിക്കുന്ന വേദനയേ  വരൂ!

വേദനയല്ലെടാ പ്രശ്നം!

പിന്നെ?

നീ പോടാ, അത് ശരിയാകൂല്ല,  ചത്താലും തുടയില്‍ വേണ്ട!!!

 അക്ഷമനായ ഡോക്ടര്‍  അലറി.."പിടിക്കെടോ അവനെ, കുത്തെടോ ))))))


അറവുശാലയിലെ പോത്തിനെ പോലെ അറ്റന്റര്‍മാരും  നഴ്സ്സ്‍മാരും ചേര്‍ന്ന് പാവത്തിന്‍റെ കാലും കയ്യും കട്ടിലിനോട് ചേര്‍ത്ത് പിടിച്ചു.

ഒരു സൂചി കുത്താനായുള്ള ഇടം തേടിയുള്ള  യുദ്ധത്തിനൊടുവില്‍ ഉടുത്തിരുന്ന ലുങ്കിയുടെ കുത്ത് നഴ്സ്സ്  അഴിച്ചപ്പോള്‍ അതാ താഴെ വീഴുന്നു ഒന്നിന് പിറകെ ഒന്നായി നാല് മാസികകള്‍!!

കട്ടുറുമ്പ് വരിവച്ചു നടന്നു പോകുമ്പോലെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍  അടിച്ച നാലു കൊച്ചുപുസ്തകങ്ങള്‍..നീലപൊന്മാന്‍ എന്ന പേരിലുള്ള ഒരെണ്ണത്തില്‍  മുഖചിത്രമായി പഴയ ജയമാലിനി എന്ന മാദകത്തിടമ്പ്  നാലുവയസ്സുളള   ഒരു കുഞ്ഞിന്‍റെ ഫ്രോക്കിട്ട് തുളുമ്പുന്ന ശരീരം മറയ്ക്കാന്‍ പാടുപെട്ടു നില്‍ക്കുന്നു.
 ചെറുപ്പക്കാര്‍ക്കിടയില്‍ ടോപ്‌ ഗീയറില്‍ ഓടിക്കൊണ്ടിരുന്ന മാസികകളാണത്. അശ്ലീകരങ്ങള്‍! ആരും കാണാതെ അരയില്‍ ഒളിപ്പിച്ചുവചിരിക്കുകയായിരുന്നു, നമ്മുടെ പരുക്കന്‍.


കുത്താനെടുത്ത  സിറിഞ്ചാണ് ആദ്യം ചിരിച്ചത്. പിന്നെ നഴ്സ്സ്മാര്‍ നാണംചാലിച്ച് അടക്കിച്ചിരിച്ചു അതു പിന്നെ ആശുപത്രി കുലുങ്ങും പൊലൊരു  പൊട്ടിച്ചിരിയായി.


ഒടുവില്‍ ഒരാഴ്ച കഴിഞ്ഞ് ടിയാനെ ഡിസ്ചാര്‍ജ് ചെയ്യുന്ന സമയം, ബാഗും തുണിയും മരുന്നുമെല്ലാം എടുത്തു പായ്ക്ക് ചെയ്തു. എന്നിട്ടും എന്തോ മറന്നപോലെ ആളിന്‍റെ  മുഖം. ആരോടും തുറന്നു ചോദിക്കാന്‍ ഇനിയും ഒരു സൂചിയുടെ കനത്തില്‍ മാത്രം ബാക്കിയുള്ള അഭിമാനം അനുവദിക്കുന്നില്ല!

ഇപ്പോഴും ഈ ഒടിഞ്ഞ കയ്യും വച്ച് മരണ വീട്ടില്‍ ദു:ഖഭാവത്തില്‍ നില്‍ക്കുമ്പോഴും,  ആ മുഖത്തുനിന്നും എനിക്ക് വായിക്കാം ഒരു ചോദ്യം...
എങ്കിലും ഒരു സൂചി  കേറുന്ന സമയത്തിനിടക്കു ആ പുസ്തകങ്ങള്‍ ആരുമുക്കി? ഡോക്ടറോ? കമ്പോണ്ടറോ? അതോ ചതിയന്മാരായ ചങ്ങാതികളോ?
സി ബി ഐ വേണ്ടി വരും.................!!

Tuesday, November 13, 2012

പ്രിയ സഖീ.......

പ്രിയ സഖീ.......
ഇപ്പോള്‍ ഞാനൊരു വെള്ളരിപ്രാവാണ്.......
എന്റെ ശരീരത്തില്‍ നിന്നും നിന്നോടുള്ള പ്രണയത്താല്‍ തുടിക്കുന്ന ആത്മാവിനെ ഞാനീ വെണ്‍പിറാവില്‍ സന്നിവേശിപ്പിക്കുന്നു. എനിക്ക് പലവര്‍ണ്ണങ്ങള്‍  ഉള്ള തൂവലുകള്‍ ഉണ്ട്...നിന്നോടുള്ള ഇഷ്ടത്തിന്‍റെ ആകാശ നീല നിറമുള്ള തൂവല്‍, എന്‍റെ ആത്മാനുരാഗത്തിന്‍റെ സ്വര്‍ണ്ണ വര്‍ണ്ണമുള്ള തൂവല്‍..പ്രായവും കാലവും തന്ന വെള്ളികെട്ടിയ തൂവല്‍.....ഉഷ്ണം പുകയുന്ന മോഹങ്ങള്‍ വളര്‍ത്തിയ ചുവപ്പ് തൂവല്‍..

ഈ തൂവല്‍ക്കെട്ടുകള്‍ക്കിടയില്‍ നിനക്കായി മിടിക്കുന്ന കുഞ്ഞു കിളിമനസ്സുമായി ഞാന്‍...
എന്‍റെ കണ്ണുകള്‍ നിന്നെ തിരയുന്നുണ്ട്...

നിന്നെ കാണാമെന്ന പ്രതീക്ഷയുടെ വെയില്‍ വെളിച്ചം ദൂരെ കാണുന്നുണ്ട്...
ഞാന്‍ പറക്കാന്‍ തുടങ്ങുകയാണ്.......
നിന്‍റെ ഹൃദയത്തിലേക്ക് ഞാനിറക്കിയ പ്രണയത്തിന്‍റെ വേരുകളില്‍ ഉറച്ചു നില്‍ക്കുന്ന ആ ജീവന്‍റെ മരത്തില്‍ കൂടുകൂട്ടാന്‍.....
നീ എന്നിലെയ്ക്കൊഴുക്കിയ ആര്‍ദ്രമായ സ്നേഹത്തെ അമര്‍ത്തി ചുംബിച്ചു കൊണ്ട് ഞാനിതാ പറന്നുയരുന്നു......
ഇനിയൊരുപാടു  സ്നേഹം എന്നില്‍ നിറച്ചുവച്ച് കാത്തിരുന്നാല്‍ ഈ കുഞ്ഞു ഹൃദയം പൊട്ടി പോകുമെന്ന് ഞാന്‍ ഭയക്കുന്നു, ഇത് നിനക്ക് പകര്‍ന്നു തരണം, ചൂടോടെ.....ആശാമരത്തില്‍
കൂടുകൂട്ടി  കാത്തിരിക്കുന്ന എന്‍റെ കിളിയമ്മയ്ക്ക്..

കുടമുല്ലപ്പൂക്കളുടെയും നന്ത്യാർവട്ടങ്ങളുടെയും നാലുമണിപ്പൂക്കളുടെയും കാതില്‍ കാറ്റ് വന്നു മൃദുവായി പറയുന്നു "നമുക്ക് കൊക്കുരുമ്മി ഇരിക്കാം..സ്വപ്നങ്ങള്‍ കൈമാറാം.. ഈ ദിനം ആഘോഷമാക്കാം"...
അതുപോലെ നിന്‍റെ മൊഴിമുത്തുകളെ എന്‍റെ കാതിനു അമൃതഗാനമാക്കാന്‍, നിന്‍റെ നീളന്‍ വിരലുകള്‍ കൊണ്ട് നീ എന്‍റെയുള്ള് തൊട്ടുണര്‍ത്തുമ്പോൾ നിന്‍റെ അദൃശ്യമായ സുഗന്ധ സാമീപ്യം അറിയാന്‍, ഞാന്‍ വരാം.....
എനിക്ക് ശ്വസിക്കാന്‍ നിന്‍റെ മുടിയിലൊരു  തുളസ്സിക്കതിരും, സ്നേഹമുദ്ര പതിപ്പിച്ച  പോലെയൊരു കുങ്കുമപ്പൊട്ട് ആ നെറ്റിയിലും വേണം...
നിന്നടുത്തെത്തുമ്പോള്‍ എന്‍റെ ചുണ്ടുകള്‍ ആ  കവിള്‍ത്തടത്തില്‍ ചുവന്ന അക്ഷരത്തില്‍ ഒരു വാക്ക് വരക്കും........
അത് "എനിക്കുസ്വന്തം" എന്നായിരിക്കും...........
വീണ്ടുമൊരു പ്രണയ കാവ്യമെഴുതാന്‍ ഈ മഞ്ഞുകാല സായാഹ്നത്തില്‍ ഞാനിരിക്കുന്നു..........
കടല്‍ക്കാഴ്ച്ചകളിലേക്ക്   തുറക്കുന്ന ഈ ജാലകചില്ലുകളില്‍ തണുത്തകാറ്റ് ചീറിയടിക്കുന്നു.
അകലങ്ങളില്‍ നിന്നും നിന്നെ തഴുകി, നിന്‍റെ കവിളിന്‍ ശോണിമ കട്ടെടുത്ത്  സന്ധ്യക്ക്‌ നിറം  പാകി, ഈ കള്ളസൂര്യന്‍ എന്‍റെ കയ്യെത്തും ദൂരത്തുണ്ട്‌.

ഒരു ലജ്ജയില്ലാതെ വീണ്ടും പറയട്ടെ......നിന്‍റെ പ്രണയത്താല്‍ ഞാന്‍ അധീരനായിരിക്കുന്നു!!!
ഇനിയൊരു സന്ധ്യവരെ കാത്തിരിക്കാം,
 നിന്നെ തഴുകി എന്നരികില്‍ എത്തുന്ന ഈ കാറ്റിന്‍റെ സുഗന്ധം മുകരാന്‍...
നിന്‍റെ ചിരിയുടെ ചുവന്ന കുപ്പിവളക്കിലുക്കം  ഈ തിരമാലയുടെ ഇരുമ്പലില്‍ നിന്നും വേര്‍തിരിച്ചറിയാന്‍........
അനന്തതയില്‍ പൂക്കുന്ന നീല ശങ്ഖുപുഷ്പങ്ങള്‍ ഇറുത്തു, വിറയ്ക്കുന്ന കൈകള്‍ കൊണ്ട് നിന്‍റെ നനഞ്ഞ മുടിച്ചാര്‍ത്തി   തിരുകാന്‍..
ജലബിന്ദുക്കള്‍ ഉമ്മവയ്ക്കുന്ന ശങ്ഖു കടഞ്ഞ നിന്‍റെ കഴുത്തഴകില്‍ കുസൃതിയോടെ അധരം കൊണ്ട് ചിത്രമെഴുതാന്‍.......നിന്‍റെ നീല നയനങ്ങളില്‍ എന്‍റെ തണുത്ത വിരല്‍ കൊണ്ട് പ്രണയത്തിന്‍റെ അന്ജ്ഞനമെഴുതാന്‍....
ഞാനീ  മണ്ണില്‍ പൂത്ത മോഹങ്ങളെ  മരതകവള്ളികള്‍ കൊണ്ട് മെടഞ്ഞ ഒരു പൂക്കൂടയില്‍ ഒതുക്കി പിടിച്ച്,  പ്രണയത്തിന്‍റെ മുകില്‍ മുല്ല കുടവിരിയിച്ച മാനത്തെ കുടിലിന്‍ ജനാലക്കരുകില്‍, മുക്കൂറ്റി കമ്മലിട്ടു കാത്തിരിക്കുന്ന നിന്നരികത്തേക്ക്,  കുങ്കുമക്കാറ്റിന്‍റെ ചിറകില്‍ പറന്നുയര്‍ന്ന് വരുന്നു..
പൂനിലാവും,ഇളവെയിലും ചാലിച്ചെടുത്ത് ഞാന്‍ തന്ന ഈ ചുംബനം, നിന്‍റെ  തുടുനെറ്റിയില്‍ എന്‍റെ  പ്രണയാക്ഷരമായി വിളങ്ങും............
സുഖഗന്ധമെഴുന്ന ഈ അനുരാഗം എന്നും എന്‍കൂടെ ഉണ്ടാകട്ടെ............

Wednesday, August 8, 2012

അരവിന്ദനും അനന്ദലക്ഷ്മിയും പിന്നെ ഞാനും..........


"രവിന്ദന്‍"
എന്ന എന്‍റെ സുഹൃത്ത്‌, ഈ ബ്ലോഗ്ഗിന്‍റെ വായനക്കാരനാകണേയെന്ന പ്രാര്‍ത്ഥനയോടെ ആരംഭിക്കാം.    
മഴവില്ല്, പുഞ്ചിരി, നാണം, പൂവിരിയല്‍, പ്രണയം..ഇങ്ങനെയുള്ള പല  കാര്യങ്ങളുടേയും തുടക്കം നാടകീയമാണ്‌.
ഡിസംബറിലെ ഒരു തിങ്കളാഴ്ച അരവിന്ദന്‍ ഒന്നാം വര്‍ഷഡിഗ്രീ ക്ലാസ്സിലേയ്ക്ക് ആദ്യമായി കയറി വന്നതും ഒരു നാടകത്തിന്‍റെ നടുത്തളത്തിലേക്കായിരുന്നു .

പ്രഫ. മധുമേനോന്‍ സാറിന്‍റെ ഷേക്സ്പിയര്‍ നാടക ക്ലാസ്സ്. മാസങ്ങളില്‍ ഒന്നോരണ്ടോ ദിവസങ്ങളില്‍ സാറിന്‍റെ തലയില്‍ നിലാവുദിക്കും.
ആ ദിവസങ്ങില്‍ ക്ലാസ്സെടുക്കില്ല. കുട്ടികളുടെ ഇടയില്‍ വന്നിരിക്കും. എന്നിട്ട് ഇംഗ്ലീഷ് നാടകങ്ങളിലെ പ്രണയ രംഗങ്ങള്‍ ഞങ്ങളെക്കൊണ്ട് ക്ലാസ്സില്‍ അവതരിപ്പിക്കലാണ് സാറിന്‍റെ ലഹരി!!

ഓരോ ഉന്മാദത്തിനും ഓരോ നാടകം. പേരോര്‍മ്മയില്ലാത്ത ഒരു ഇംഗ്ലീഷ് നാടകത്തിലെ സീന്‍ നടക്കുന്നു. അധ്യാപകര്‍ക്കുള്ള പ്ലാറ്റ് ഫോം നാടക വേദിയായി,  അതില്‍ നില്‍ക്കുന്നു അനന്ദലക്ഷ്മിയെന്ന എലിസബത്ത് രാജകുമാരി. നാലാം ബെഞ്ചിലെ ഈ ഉള്ളവനാണ് കാമുകന്‍, രാജകുമാരന്‍.

അനന്ദലക്ഷ്മി എന്നെ നോക്കി ഇംഗ്ലീഷില്‍ ഇങ്ങനെ പറയുന്നു:

"മഴവില്ലുകളുടെ നാട്ടിലെ പ്രീയപ്പെട്ടവനേ....നീ എവിടെയാണ്? വസന്തകാലം വിടപറയാറായി, ഇപ്പോഴും നിന്‍റെ വരവും കാത്ത് ഞാന്‍ ഇവിടെ നില്‍ക്കുന്നത് നീ അറിയുന്നില്ലേ പ്രിയനേ...""
ഈ ഡയലോഗ് തീര്‍ന്നാല്‍ ഞാന്‍ രാജകുമാരന്‍റെ ചലന ഗാംഭീര്യത്തോടെ സ്റ്റേജിലേക്ക് വരണം.
മധു സാര്‍ ക്ഷമയില്ലാതെ " മനൂ, കമോണ്‍ ഫാസ്റ്റ് " എന്ന് പറയുന്നു.

പക്ഷെ...
അനന്ദലക്ഷ്മി "പ്രിയനേ..." എന്ന് വിളിച്ചതും ക്ലാസ്സിനു പുറത്ത് ഒരു മുഖം തെളിഞ്ഞതും ഒരുമിച്ചായിരുന്നു. അരവിന്ദന്‍!! ആ സന്ദര്‍ഭം മധുസാര്‍ നാടകീയമാക്കി. റോമന്‍ പടയാളിയെപ്പോലെ ‍ വാതില്‍പ്പുറത്ത് ചെന്ന് അവനെ സ്വീകരിച്ചു സാര്‍  പ്ലാറ്റ് ഫോമിലേക്ക് ആനയിച്ചു.

പുതിയ അഡ്മിഷനാണെന്നുള്ള പ്രിന്‍സിപ്പലിന്‍റെ   കുറിപ്പ് അവന്‍റെ കയ്യിലുണ്ടായിരുന്നു. ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ ലിഖിതം വാങ്ങുന്ന പടനായകന്‍റെ ആദരവോടെ ആ കടലാസ് ഏറ്റുവാങ്ങിയ മധുസാര്‍ ഇങ്ങനെ ഉറക്കെ വായിച്ചു:

"ഇവന്‍ ഈ രാജ്യത്ത് വിരുന്നു വന്ന പുതിയ രാജകുമാരന്‍, പൂക്കളുടെ നാട്ടില്‍ നിന്നുള്ള ട്രോജന്‍ സുന്ദരന്‍. ഇവനെ
ആരവങ്ങളോടെ വരവേല്‍ക്കുക.   ഇവനായി ഇനി എത്രയെത്ര കരുനീക്കങ്ങള്‍ കാത്തിരിക്കുന്നു, എത്ര സുന്ദരികള്‍ ഉറക്കം കളയുന്നു.!!

എല്ലാവരും  കയ്യടിച്ചു. ആ കയ്യടിക്കു നടുവില്‍  അവന്‍ ഒരു വീരപുരുഷനെ പോലെ നിന്നു. പക്ഷെ എന്‍റെ അസൂയക്കണ്ണുകള്‍ ശരറാന്തല്‍
പോലെ അവിടെ തെളിഞ്ഞു കത്തി നിന്നിരുന്ന അനന്തലക്ഷ്മിയില്‍ ആയിരുന്നു.

 കാലം തെറ്റി ആ ക്ലാസ്സിന്നുള്ളില്‍ പൂത്ത വസന്തമായിരുന്നു അവള്‍.
ബിജുലാല്‍, അജീഷ്, രമേശ്‌ കുറുപ്പ്, നകുലന്‍ ഇങ്ങനെയുള്ള ആരാധക സംഘമുള്ള ഒരു പനിനീര്‍പ്പൂവ്! എന്‍റെ പേര് പരസ്യമായി ഈ ലിസ്റ്റില്‍
ചേര്‍ക്കുന്നില്ല, കാരണം ബുദ്ധിജീവികള്‍ ആരെയും ഒരിക്കലും പരസ്യമായി ആരാധിക്കാറില്ല.
എത്ര പുഷ്പാഞ്ജലികള്‍!
എത്ര ദീപാരാധനകള്‍!!

 ബോറന്‍ ലക്ചര്‍  ക്ലാസ്സുകളില്‍ അവളുടെ സാന്നിധ്യംകൊണ്ടു മാത്രം ഞങ്ങള്‍ ആഘോഷിച്ചത് എത്ര എത്ര നിശ്ശബ്ദ ഉത്സവങ്ങള്‍!

പക്ഷേ..അടുത്ത  വര്‍ഷമായപ്പോള്‍ ഞങ്ങളുടെ നിശ്ശബ്ദ പ്രേമങ്ങള്‍ ചവിട്ടിയച്ചുകൊണ്ട് അരവിന്ദന്‍ ഒരു ചീറ്റപ്പുലിയെ പോലെ മുന്നേറി.
രണ്ടാം വർഷ ഡിഗ്രി എന്ന സർവജ്ഞപീഠം പാതി കയറിക്കഴിഞ്ഞ ആളാണ്‌ താനെന്ന അഹന്ത അരവിന്ദനെ ആക്രാന്ദ പുളകിതനാക്കി.
 അതിന്‍റെ അനുരണനമെന്നോണം എന്തു കാര്യത്തിനും സംശയലേശമന്യേ അരവിന്ദൻ ചാടി വീഴുമായിരുന്നു, എല്ലാവരെക്കാളും മുന്നേ..!
കോളേജിലെ പുലിത്തരങ്ങൾ കൂടിയപ്പോൾ  അദ്ദേഹത്തിന്  ഭയ-ഭക്തി-ബഹുമാനപുരസരം 'പുലിവിന്ദൻ' എന്നൊരു വിളിപ്പേരും വീണു.

 ചുരിദാർ,പാവാട-ബ്ലൌസ്‌ മുതലായ നാരീ വേഷങ്ങൾക്ക്‌ മുന്നിൽ രോമാഞ്ചകഞ്ചുകിതനായി ലോകത്തിന്‍റെ അർഥമില്ലായ്മയെക്കുറിച്ചും,
 മറ്റുള്ള  ആൺ പരിഷകളുടെ കഴിവുകേടിനെക്കുറിച്ചും, അതിലെല്ലാമുപരി, തന്‍റെ സദ്ഗുണസമ്പന്ന വീരചരിതങ്ങളെപ്പറ്റിയും പുലിവിന്ദൻ
മുഴുനീളം കത്തിക്കയറുമായിരുന്നു..!

ഇടവേളസമയങ്ങളിലും,ഉച്ചഭക്ഷണ നേരത്തും  കൂടെയുള്ള പെണ്‍കുട്ടികള്‍ക്ക്  ചോക്ലേറ്റ്‌ പീസുകളും, ഹിന്ദി പാട്ടുകളുടെ ശേഖരണവും
 ഒക്കെ കൊടുത്തു അവന്‍ അവരുടെ ഇടയിലിരുന്നു അര്‍മാദിച്ചു.
ശര്‍ക്കരയില്‍ ഈച്ച പൊതിയും പോലെ ചില സമയങ്ങളില്‍ പതിനെട്ടിന്‍റെ മാംസളത അവന്‍റെ മേലമര്‍ത്തി പെണ്‍കുട്ടികള്‍ അരവിന്ദനെ ശ്വാസം മുട്ടിക്കുന്നത്‌ കണ്ട് ഞങ്ങളുടെ രക്തം ആവിയായിട്ടുണ്ട്.  എപ്പോഴും മുല്ലപൂമ്പൊടി ഏറ്റു നടക്കുന്ന അവനോടു തീരാത്ത
 അസൂയയായിരുന്നു ഞങ്ങള്‍ക്ക് .

പ്രേമിക്കാന്‍ പഠിക്കാനാണ് കോളേജില്‍ വന്നതെന്ന പോലെയായിരുന്നു
അവന്‍ പെണ്‍കുട്ടികളുടെ ഇടയിലൂടെ   ഒഴുകിയിരുന്നത്‌. അവര്‍ക്കാകട്ടെ ഞങ്ങളെക്കാള്‍ ഇഷ്ടവും വിശ്വാസവും അവനോടായിരുന്നു.

"ചിരിക്കുമ്പോഴും പിണങ്ങുമ്പോഴും  അരവിന്ദന്‍റെ മീശക്കും താടിക്കുമിടയില്‍ മനോഹരമായ ഒരു വെളുത്ത നാണം തിളങ്ങി നില്‍ക്കാറുണ്ട്"
എന്ന് അശാഫിലിപ്പ് പറഞ്ഞപ്പോള്‍ സൂചി തറക്കുന്ന വേദനയായിരുന്നു  നെഞ്ചില്‍.
നോട്ടുകള്‍ എഴുതിക്കൊടുത്തും റെക്കോര്‍ഡ്‌ വരച്ചുക്കൊടുത്തും അങ്ങനെ   അദ്ദേഹം സ്ത്രീസമ്മതനായി സസുഖം വാണു പോന്നു.

ഇങ്ങനെ ഒരു അപൂര്‍വ്വ രസതന്ത്ര സമവാക്യത്തില്‍ ക്ലാസ്സുകള്‍ നീങ്ങവേ, ഉന്മാദത്തിന്‍റെ  കുന്നുകയറ്റം പോലെ  ഞങ്ങളുടെ ബാച്ച്‌ ഊട്ടിയ്ക്ക്‌ സ്റ്റഡി ടൂറിനു പോകാന്‍ തയ്യാറാകുന്നു.
ആൺ-പെൺ അംഗങ്ങളുള്ളതിനാൽ ഇന്ദിര ടീച്ചറും, സത്യവാൻ സാറുമായിരുന്നു കൂട്ടു വന്നത്‌.

സത്യവാൻ സാർ തികഞ്ഞ ഗാന്ധിയൻ,ശുദ്ധൻ,സൌമ്യൻ,ശാന്ത ശീലൻ... വാക്കുകൾ കൊണ്ട്‌ പോലും വിദ്യാർത്ഥികളെ നോവിക്കാത്തയാൾ..!

യാത്ര അതിരസകമായിരുന്നു..!
ഞങ്ങൾ ആൺ സംഘമെല്ലാം പിറകിലത്തെ സീറ്റുകളിൽ അൽപം വലിയും;സ്വൽപം കുടിയും അതിലേറെ ഓളവുമായി കൂടി.അരവിന്ദനടങ്ങുന്ന പെൺ സംഘം മുൻ സീറ്റുകളിൽ കൈ നോട്ടവും,തിരുവാതിരപ്പാട്ടും,, കടല കൈമാറലും,പൊതികളിൽ കയ്യിട്ടു വാരലും ഒക്കെയായി തകർത്തു വാരി..!

അരവിന്ദ
ന്‍റെ കയ്യിലെ വലിയ ബാഗ്‌ ഇടയ്ക്കിടെ തുറന്നടയുന്നതും,ദുർലഭമായ ഭക്ഷണ സാമഗ്രികൾ വളയിട്ട കൈകളിലിരുന്ന്‌ പിറകിലേക്ക്‌ നോക്കി
നിനക്കൊന്നും യോഗമില്ലെഡാ മക്കളേ..' എന്ന മട്ടിൽ ചിരിക്കുന്നതും,
കൊടുക്കലും;കൈമാറലും;കൂടെക്കഴിക്കലും അരങ്ങു തകർക്കുന്നതും കണ്ടു..


ഒളിച്ചിരുന്ന് അധികം വെള്ളം ഒഴിച്ച് അശുദ്ധമാക്കാത്ത വിദേശമദ്യം ആവോളം നുകര്‍ന്ന ക്ഷീണത്തില്‍ എന്‍റെ കൂടെയുള്ള പിന്‍സീറ്റുകാര്‍ ചെറുമയക്കത്തില്‍ വീണുതുടങ്ങി.

ഹെയര്‍പിന്‍ വളവുകള്‍  കയറുമ്പോള്‍ ആ ബസ്സില്‍ ഉറങ്ങാത്തവരായി  നാല് പേര്‍. ഒന്ന് ഡ്രൈവര്‍ ഹംസ, രണ്ടു അരവിന്ദന്‍, മൂന്നു അവന്‍റെ തൊട്ടടുത്ത്‌  ഇരിക്കുന്ന അനന്ദലക്ഷ്മി. പിന്നെ ഈ ഞാന്‍!!


"അരവിന്ദാ എനിക്ക് വല്ലാതെ തണുക്കുന്നു..നോക്കൂ ചുണ്ടൊക്കെ വിറച്ചു തുടങ്ങീ" പതിഞ്ഞ ശബ്ദത്തില്‍ അവനോടു അനന്ദലക്ഷ്മി!!!

പുലിവിന്ദന്‍ എഴുനേറ്റു മുകളില്‍ വച്ചിരുന്ന ബാഗ്ഗില്‍ നിന്നും ഒരു പുതപ്പെടുത്തു, പിന്നെ പിന്നിലോട്ടു  നോക്കി ക്യാമെറ കണ്ണുകള്‍ ഒന്നും ഇല്ല എന്നുറപ്പുവരുത്തി..

 "ഇത് നമ്മള്‍ക്ക് പുതക്കാം" എന്ന് പറഞ്ഞു രണ്ടാളും ഒരു പുതപ്പിന്‍ ചൂടില്‍ കേറി.
കോടമഞ്ഞ്‌ കാഴ്ച്ചമറച്ച  ജനാലക്കടുത്തേക്ക് ചാരിയിരിക്കുന്ന അനന്ദലക്ഷ്മിയുടെ നെഞ്ചില്‍, ഇരുട്ടത്ത്‌ എന്തോ കളഞ്ഞുപോയ പോലെ അരവിന്ദന്‍റെ കുസൃതിക്കൈകള്‍ തപ്പുന്നു!!!

അവളുടെ ചുണ്ടില്‍ ഒരു ഗൂഢസ്മിതം!!!!


വിരസമായ രസതന്ത്ര ക്ലാസ്സുകളില്‍  കണ്ണുകള്‍ക്ക്‌ ദര്‍ശന സുഖമേകിയിരുന്ന ആ പട്ടത്തിപെണ്ണിന്‍റെ നിമ്നോന്നതങ്ങളില്‍, പുലിവിന്ദന്‍റെ പുലിക്കൈകള്‍ വീണ മീട്ടുന്നത് കണ്ട ആ സമയം എന്‍റെ രക്തസമ്മര്‍ദം പരിശോധിച്ചിരുന്നെങ്കില്‍, ആ രക്തസമ്മർദമാപനയന്ത്രം അപ്പോള്‍ തന്നെ
പൊട്ടിത്തെറിച്ചു പോയിരിക്കും.

എന്‍റെ പോലെ അത്ര ബലമുള്ളതായിരുന്നില്ല  ബിജുലാലിന്‍റെയും, അജീഷിന്‍റെയും, രമേശ്‌ കുറുപ്പിന്‍റെയും ഹൃദയം!!
അതുകൊണ്ട് ഉറങ്ങിക്കിടന്ന ആ പാവം കാമുകരെ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനായി  ക്ഷണിക്കാന്‍ എനിക്ക് ധൈര്യമുണ്ടായില്ല.
അസൂയ മൂത്തിട്ട്  ഇരിക്കാന്‍ മേലാതിരുന്ന എന്നെ എപ്പോഴോ കുടിച്ച കള്ള് കീഴ്പ്പെടുത്തി ഉറക്കി.

അതിരാവിലെ ഊട്ടിയിലെത്തി..!
ഹോട്ടല്‍ വൃന്താവനം, എന്ന നീല ബോര്‍ഡ്‌ കാണാം വെളിയില്‍.
എല്ലാവരെയും ബസിൽ തന്നെയിരുത്തി റൂം ശരിയാക്കാൻ പോയ അദ്ധ്യാപക ജോഡികളിൽ ഇന്ദിര ടീച്ചർ മാത്രം തിരികെയെത്തി ഇറങ്ങാൻ വിസിലൂതി..!

കൂടു തുറന്നുവിട്ട കോഴിക്കുഞ്ഞുങ്ങളെപ്പോലെ എല്ലാവരും ചാടിയിറങ്ങി. രാത്രി മുഴുവന്‍ കുടിച്ചും  കഴിച്ചും  ശേഖരിച്ചു വച്ചിരിക്കുന്ന "ശങ്ക" ഒരു ഭാരമായി എല്ലാവര്ക്കും അടിവയറ്റില്‍ മുറവിളി കൂട്ടുന്നുണ്ടായിരുന്നു. കോമൺ ബാത്ത് റൂമുകളെന്ന ശങ്ക നിർവഹണ കേന്ദ്രം ലക്ഷ്യമാക്കി ശങ്കന്മാരും, ശങ്കികളും ചീറിയടുത്തു...!

ഡോർമിറ്ററിയും അതിന്‌ ശേഷം ടോയ്‌ലെറ്റുകളുടെ നിരയുമായി എൽ ഷേപ്പിലായിരുന്നു പാത.
അതിലൂടെ മറ്റു കുതിരകളെ പിന്നിലാക്കി കുതിയ്ക്കുന്ന അശ്വരാജന്‍റെ കരുത്തോടെ,അതിലേറെ ആക്രാന്ദത്തോടെ തള്ളി മാറ്റിയും;വകഞ്ഞ്‌ നീക്കിയും പുലിവിന്ദന്‍ കുതിച്ചോടി മുന്നിലെത്തി..!
മറ്റുള്ളവർ എത്തിയപ്പോഴേയ്ക്കും അശ്വമുഖ്യൻ ആദ്യം കണ്ട വാതിലിൽ പിടുത്തമിട്ടു കഴിഞ്ഞിരുന്നു.

'ഈ പുണ്യ ഭൂവിൽ ഞാനാദ്യം.....' എന്ന മട്ടിൽ മറ്റുള്ളവരെ നോക്കി, അധികം പ്രതിരോധമില്ലാത്ത വാതിൽ പുലിവിന്ദന്‍ മലർക്കെ തുറന്നു....
അതിനുള്ളിൽ ത്രിശങ്കു സ്വർഗത്തിലായ സത്യവാൻ സാറിന്‍റെ നരച്ച മീശ ഉയർന്നു വിറച്ചു...അനാട്ടമിയുടെ പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ പോലും
കാണാത്ത ദഹനേന്ദ്രിയ വ്യവസ്ഥയുടെ നേര്‍ക്കാഴ്ച!!!

കിടക്കപ്പായയിൽ നിധി കണ്ട്‌ പ്രജ്ഞയറ്റവനെപ്പോലെ കണ്ണുകൾ തള്ളിയ അരവിന്ദൻ ഒട്ടും സംശയിക്കാതെ വെച്ചടിച്ചു..
'ഗുഡ്‌ മോർണിങ്ങ്‌ സർ..!'

കുറ്റിയില്ലാത്ത ടോയ്‌ലെറ്റിൽ നിന്നും പിന്നെ ഒരു അലർച്ച മാത്രം..
'അടയ്ക്കെടാ പട്ടീ വാതിൽ...!' ഒപ്പം വേർതിരിച്ചെടുക്കാനാകാത്ത ഭാഷയുടെ പെരുമഴയും....!

ചുറ്റും  ആരാധികമാരുടെ ആർത്തു ചിരി...
കേട്ടതും കണ്ടതും വിശ്വസിക്കാന്‍ കഴിയാത്ത പോലെ പുലിവിന്ദ മുഖം..
തികച്ചും ഗാന്ധിയനായ സത്യവാന്‍ സാറാണോ ചന്ദ്രിക സോപ്പിട്ടു കുളിച്ചാലും നാറുന്ന ഈ തെറി എന്‍റെ ദേഹത്ത് തെറിപ്പിച്ചത്?
ആവേശത്തോടെ ഓടിക്കയറി പുറത്തു കളയാന്‍ തുടങ്ങിയ "ശങ്ക" ബാഷ്പീകരിച്ചു പോയപോലെ,  ഇനി കയറേണ്ട ആവശ്യമില്ലെന്ന ചിന്തയോടെ തിരിഞ്ഞു നടന്നു..

തിരികെയുള്ള യാത്രയിൽ സൂചി വീണാലറിയുന്ന നിശബ്ദത .... ബസിൽ രണ്ട്‌ പുലികളുള്ളത്‌ കൊണ്ടാകാം ...!!!
എന്നാലും പുലിവിന്ദന്‍ പണിമേടിച്ചതില്‍ ഏറ്റവും സന്തോഷിച്ചത്‌ ഞാനായുരുന്നു.

ഊട്ടിയിലെ തണുത്ത രാത്രിയില്‍ എണ്ണമയമുള്ള പൈന്‍ വിറകുകഷണങ്ങള്‍ക്ക് തീപിടിക്കേ, കൊഴിഞ്ഞു വീഴുന്ന നല്ല ദിവസങ്ങള്‍ക്കു ചിയേഴ്‍സ് പറയാനിരുന്ന ഞങ്ങള്‍ സംസാരിച്ചത് അരവിന്ദനെയും  അനന്തലക്ഷ്മിയേയും കുറിച്ചായിരുന്നു.  പാട്ടും കഥകളും നിറഞ്ഞ ഭാവനകള്‍ക്ക് തീപിടിച്ച ആ യാത്ര അവര്‍ക്കുവേണ്ടി.

കാലം മുന്നോട്ടു പോയി..
മാര്‍ച്ച് വന്ന് ഞങ്ങളെ പിരിച്ചു വിട്ടു.


ക്ലാസ്മേറ്റ് എന്ന  സിനിമയുടെ ആവേശത്തില്‍ പഴയ ഡിഗ്രീ ക്ലാസ്സുകാരുടെ ഒരു  കൂട്ടായ്മ സംഘടിപ്പിക്കാന്‍ ശ്രമം നടക്കുന്നു എന്ന് ഒരു സുഹൃത്ത്‌ വിളിച്ചു പറഞ്ഞപ്പോള്‍ കണ്ണുകളില്‍  ഊട്ടിയുടെ കുളിരുകുടഞ്ഞു വന്നതാണീ ഓര്‍മകള്‍!!. 

Wednesday, July 18, 2012

നാല് മുഴം പിച്ചിപ്പൂ..........


യിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ തിരുവനന്തപുരത്തെ ഒരു ഗ്രാമക്കാഴ്ച.
കഥാനായകന്‍ ബലരാമന്‍. പേരുപോലെ തന്നെ ആളെ കണ്ടാല്‍
കരിമ്പനയിലെ ജയനെ പോലെയായിരുന്നു!!
എണ്‍പതുകളില്‍ ആളിനൊരു ചീത്തപ്പേരുണ്ടായിരുന്നു, അത് മറ്റൊന്നുമല്ല ചെറിയതോതില്‍ മോഷണം!!
എന്നു വെച്ചാൽ 'തേങ്ങ','കപ്പ', 'പഴുത്ത വാഴക്കുല',കശുവണ്ടി', പശുക്കിടാവ്‌'..ഇത്ത്യാദി ..കാര്‍ഷിക വിഷയങ്ങളില്‍ ആണ് പഥ്യം.
'ക്ലപ്റ്റോമാനിയ' എന്നു തികച്ച്‌ പറയാനറിയാത്തത്‌ കൊണ്ട്‌ 'ചൂണ്ടാനുള്ള ഏനക്കേട്‌' എന്നാണ്‌ അദ്ദേഹം സ്വയം ഈ അസുഖത്തെ സൌകര്യപൂർവം വിളിച്ചു പോന്നത്‌..!
ചില സംഗതികള്‍ കണ്ടു മോഹിച്ചാല്‍ അറിയാതെ വലംകയ്യും മനസ്സും അതിനെ അടിച്ചുമാറ്റാനുള്ള സിഗ്നല്‍സ് ബലരാമന്‍റെ തലച്ചോറിനു കൈമാറും.  എന്ത്‌ കാര്യവും വിചാരിച്ചാലുടനെ നടത്തുക എന്നത്‌ ടിയാ
ന്‍റെ വേറൊരു പ്രത്യേകത ആണ്‌.

ആ കാലത്ത് നാട്ടിൽ ആരുടെ എന്ത്‌ പോയാലും സംശയലേശമന്യേ എന്‍റെ നാട്ടുകാര്‍ നീട്ടി വിളിക്കും
"ബലരാമോ ))))) ....!"
പക്ഷെ പല കേസുകളിലും 
ആള്  നിരപരാധി ആയിരുന്നു.എന്നാലും "ചത്തത്‌ കീചകനെങ്കിൽ.." എന്ന്‌ ചിന്തിക്കാനായിരുന്നു എല്ലാവർക്കും എളുപ്പം.
അങ്ങനെയിരിക്കെ ഒരു നാൾ
ബലരാമന്‍ പരസ്യമായി മോഷണത്തിൽ നിന്നും 'റിട്ടയർമെന്റ്റ് ' പ്രഖ്യാപിച്ചു..!
വിവരം അറിഞ്ഞ നാട്ടുകാര്‍ 'തിരോന്തോരം' സ്റ്റൈലില്‍ ഒന്ന് ഞെട്ടി.. "തള്ളേ"........
എന്നാലും ബലേട്ടന്‍റെ  'തടി' പരിഗണിച്ച്‌ ആരും അതിൽ അവിശ്വാസം പ്രകടിപ്പിച്ചില്ല.

കുറെ നാൾ മോഷണ വിവരങ്ങളൊന്നും തന്നെ റിപ്പോർട്ട്‌ ചെയ്യപ്പെടാതെ കടന്നു പോയി.

ഇതിനിടയില്‍
ബലരാമന്‍ അറിയാവുന്ന മറ്റൊരു തൊഴിലായ ഇലക്‌ട്രിക് വര്‍ക്കിലേക്ക്  ശ്രദ്ധ തിരിച്ചു. 'അന്ന വിചാരം മുന്ന വിചാരം' എന്നാണല്ലോ. സ്വന്തം ശരീരത്തില്‍ അമിതാഭിമാനിയും, കണ്ണാടി  നോക്കി ആ  ശരീര സൌന്ദര്യം കണ്ടു രോമാഞ്ച   കഞ്ചുകമണിയുന്നവനുമായ ബലേട്ടന്‍, ഐ ടി ഐ പരീക്ഷ ഒന്നും പാസ്സായില്ലെങ്കിലും ശരീരത്തിന് തീനും വെള്ളവും കൊടുക്കാന്‍ വയറിംഗ് ജോലി ആത്മാര്‍ഥമായി ചെയ്തു പോന്നു.
ആ ഇടയ്ക്ക്  ഒരു പുത്തന്‍ പണക്കാരനായ  അമേരിക്കക്കാരന്‍ ചുമ്മാ ജാഡ കാണിക്കാന്‍ ഞങ്ങളുടെ നാട്ടില്‍ ഒരു മണിമാളിക പണിതു. അതിന്‍റെ വയറിംഗ് ജോലികള്‍ ലോട്ടറി അടിച്ചപോലെ കിട്ടിയത് നമ്മുടെ ബലരാമന്!
ജോലി തീര്‍ന്നപ്പോള്‍ ആളിന്  കൈനിറയെ ഡോ
ര്‍ കിട്ടി. അതുകൊണ്ട് അയാളൊരു   നല്ലകാര്യവും ചീത്തക്കാര്യവും ചെയ്തു.
ആദ്യം നല്ല കാര്യം പറയാം.......
പ്രായമായ അയാളുടെ അമ്മയ്ക്ക് പച്ചക്കല്ല് മുത്ത്‌ ഇടയ്ക്കിടയ്ക്ക് വരുന്ന രണ്ടു പവന്‍റെ ഒരു സ്വര്‍ണ്ണമാല മേടിച്ചു കൊടുത്തു.  എഴുപതു സങ്കടവര്‍ഷങ്ങള്‍ നടന്നു കൂനിപ്പോയ ഒരമ്മയാണ്. സ്വര്‍ണ്ണം തൊട്ടതോടെ ആ മുഖമൊന്നു തുടുത്തു.

ഇനി ചീത്ത കാര്യം............
നാല് പവന്‍റെ മറ്റൊരു മാല വാങ്ങി സ്വന്തം  കഴുത്തിലിട്ടു. ഒരു മാല വാങ്ങി സ്വന്തം കഴുത്തില്‍ ഇടുന്നതില്‍ എന്ത് മോശമാണ് ഉള്ളതെന്ന് വായിക്കുന്നവര്‍ക്ക് തോന്നാം. പക്ഷെ സ്വര്‍ണ്ണമാല വന്നതോടെ ആള് ഷര്‍ട്ടിന്‍റെ ഒന്നുമുതല്‍ ആറു ബട്ടണുകള്‍ ഇടാതെയായി!! വയറിംഗ് എന്നാല്‍ വയറു കാണിക്കല്‍ ആണെന്ന് തെറ്റിദ്ധരിച്ചപോലെ!!
ഏതു  വീട്ടില്‍ വയറിംഗ് പണിക്കു ചെന്നാലും  ആദ്യം  "സീനാ
ടെയ് ലേര്‍സ് കരമന" എന്ന സ്റ്റിക്കെറുള്ള ഷര്‍ട്ടഴിച്ച് സ്വന്തം വാഹനമായ പഴയ വിജയ്‌സൂപ്പര്‍ സ്ക്കൂട്ടെറിന്‍റെ ഹാന്‍റിലില്‍ തൂക്കും. പിന്നെ ആകെയുള്ളത് ഒരു കൈലിയാണ്. അതുടുക്കാന്‍ പഠിപ്പിച്ചത് പഴയ സിനിമയിലെ ജയഭാരതി ആണെന്ന് തോന്നാറുണ്ട്.
"സൌന്ദര്യമുള്ള ശരീരം കാണിച്ചാല്‍ എന്താടാ കുഴപ്പം. അസൂയക്കാരോട് പോകാന്‍ പറ" എന്നായിരുന്നു പലപ്പോഴും ബലേട്ട
ന്‍റെ ചോദ്യം. 

നാട്ടില്‍ ചില കാര്യങ്ങള്‍ ബോറാണ്.
K S R TC  സ്റ്റാ
ന്‍റ്റിലെ മൂത്രപ്പുരയുടെ വാതില്‍.
ജലദോഷം പിടിച്ചവന്‍റെ ഷേക്ക്‌ഹാന്‍ഡ്‌.
വീടി
ന്‍റെ ഉമ്മറത്തിണ്ണയില്‍ അണ്ടര്‍വിയറുകളുടെ  തോരണം.
അതിനെക്കാള്‍ ബോറാണ് ആണ്‍ബോഡിയുടെ ആവിശ്യമില്ലാത്ത പൊതു ദര്‍ശനം.
പഴശ്ശിരാജയിലും, വടക്കന്‍ വീരഗാഥയിലും ശരത് കുമാറും മമ്മൂട്ടിയും ഷര്‍ട്ട്‌ ഇട്ടിട്ടില്ല, പക്ഷേ അതിനൊക്കെ വ്യക്തമായ കാരണമുണ്ട്, കാണാന്‍ ശംഖു കടഞ്ഞെടുത്ത ഒരു കലയുണ്ട്.. പക്ഷെ  "തിരോന്തോരത്ത്" ഒരു കുഞ്ഞു ഗ്രാമത്തിലെ ബലരാമന്‍‍,  നാടുണര്‍ന്നു നാട്ടുകാര്‍ 
കൂടുന്ന നേരത്ത്, ഒരു ഇളം നീലയില്‍ ചുവപ്പും വയലറ്റും വരകളുള്ള കളസ്സം മാത്രമിട്ട്, അശ്ലീല ചലനങ്ങളോടെ, റോഡു സൈഡിലുള്ള 
വീടിനു മുന്നില്‍ പുഷ് അപ്സ് എടുക്കുന്നതിനു എന്ത് പര്‍പ്പസ്സ് ആണുള്ളതെന്ന് ആര്‍ക്കും മനസ്സിലാകാത്ത കാര്യമായിരുന്നു. 
ബെഡ് റൂമിന്‍റെ സ്വകാര്യ വെളിച്ചത്തില്‍ ആണിന്‍റെ നെഞ്ച് സ്ഫടിക തുല്യം തിളങ്ങും. അതിനു നിഗൂഢമായ വശ്യതയും ആകര്‍ഷണീയമായ സുഗന്ധവുമുണ്ട്. അത് മുല്ലവള്ളികളെ അലസം ചുറ്റിപ്പടരാന്‍ ക്ഷണിക്കും..അങ്ങനെ ആണ് വേണ്ടത്. ചിലതൊക്കെ കാണണ്ടവരെ    മാത്രം കാണാന്‍ ഉള്ളത് ആകണം!

അങ്ങനെ അല്ലറ ചില്ലറ നേരമ്പോക്കുകളും ബോഡിഷോയും ഒക്കെയായി നമ്മുടെ നായകന്‍ കഴിഞ്ഞുപോകെ ..
ഏതോ ഒരു സുന്ദര പ്രഭാതത്തില്‍ ബലരാമന് ‌ പ്രേമം പൊട്ടിമുളച്ചു..സുഗന്ധിയോട്‌..!
പീതാംബരേട്ടന്‍റെ രണ്ടാമത്തെ മകള്. ഒരു  ഇലക്ട്രിക്‌ ഷോക്കിലൂടെ ഉടലെടുത്ത ബന്ധം!! ആ നാട്ടിലെ  സ്ത്രീ രത്നങ്ങള്‍ കാലെടുത്തുകുത്താന്‍  ഭയക്കുന്ന ബലരാമന്‍റെ മനസ്സെന്ന അങ്കത്തട്ട്, സുഗന്ധിയുടെ പുരികത്തിന്‍ ചുരിക തടുക്കാന്‍ പരിച ഇല്ലാതെ കീഴടങ്ങി. ‍

ബലന്‍-സുഗന്ധി ബന്ധം വറീത്ചേട്ടന്‍റെ ചൂട്  'ബോണ്ട'പരിപ്പുവട' കിട്ടുന്ന ചായക്കട, മരംചുറ്റി പ്രണയം വഴിയുന്ന  സിനിമ കൊട്ടക , സായം കാലത്തെ കടല്‍ത്തീരം,  മുതലായ സ്ഥലങ്ങളിലൂടെ മുന്നേറി..!
ഒരു നാൾ സുഗന്ധി 'പിച്ചിപ്പൂ'വിനോടുള്ള തന്‍റെ അടങ്ങാത്ത ആസക്തി അവന്‍റെ  മുന്നിൽ തുറന്നിട്ടു..
"ബലേട്ടാ ......എന്‍റെ തലയില്‍ ചൂടാന്‍ നാലുമുഴം പിച്ചിപ്പൂ കൊണ്ട് തരുമോ"?
ബലന്‍ 'ഭീമൻ' ആയി..
പിച്ചി പൂക്കുന്ന കാലം അല്ലെങ്കിലും പ്രിയതമയെ  എടുത്തു വാരിപ്പുണര്‍ന്നു അവന്‍ പറഞ്ഞു " എന്റെ സുഗന്ധീ...നിന്‍റെ ഈ പേര് പോലെ, സുഗന്ധം നാടെങ്ങും പരത്താന്‍ നിന്‍റെ മേനി  ഞാന്‍ പിച്ചിപ്പൂ കൊണ്ട് മൂടും, എ
ന്‍റെ തേന്‍ കുടുക്കേ" എന്ന് പ്രണയ പരവശനായി വിളിച്ചുകൊണ്ടു  സുഗന്ധമുള്ള കവിളില്‍ നുള്ളി.
ആ പ്രഭാതത്തില്‍ തന്നെ 'പിച്ചിപ്പൂ' എന്ന്‌ മനസിൽ മൂന്ന്‌ തവണ കോറിയിട്ടു..!
**************************
ചെത്തുകാരന്‍ നാരായണേട്ടന്‍റെ പൂവാലന്‍ പൂങ്കോഴിയുടെ പുഷ്കലകണ്‌ഠനാദം, ആ വൃശ്ചികമാസ ഗ്രാമത്തെ ഉണര്‍ത്തി..
'ബലരാമനെ 'പിറന്ന പടി' പാലമരത്തിൽ കെട്ടിയിട്ടിരിക്കുന്നു...!'
എന്ന വാർത്ത കേട്ടാണ്‌ ആ നാടുണർന്നത്‌..!
'പാലമരം', 'കെട്ട്‌' ഇതൊക്കെ ദഹിക്കാം...പക്ഷെ..."ഈ പിറന്നപടി"എന്ന വാക്കില്‍ എവിടെയോ ഏന്തോ ഒരു ഇത്‌.!
സംഭവം ശരി തന്നെയായിരുന്നു..
കാണുമ്പോൾ തേക്കിലയിൽ നാണം മറച്ച്‌, നാട്ടാർക്ക്‌ മുൻപിൽ ബന്ധിതനായിരുന്നു കഥാനായകൻ..!
കൂടി നിന്നവരുടെ 'അയ്യേ, നാണക്കേട്‌' എന്ന മൊഴികൾക്കിടയ്ക്ക്‌ സുഗന്ധിയുടെ പരിചിത സ്വരത്തില്‍ "നാണമില്ലാത്തവന്‍" എന്നത് കേട്ട്  'യൂ റ്റൂ ബ്രൂട്ടസ്‌..!' എന്ന ഭാവത്തോടെ, അതിലേറെ നിസ്സഹായതയോടെ ബലരാമന്‍ നിന്നു..!!!

"എങ്കിലും ഇത് എങ്ങനെ സംഭവിച്ചു"??? അവന്‍ മോഷണം പിന്നെയും തുടങ്ങിയോ? എന്തിന്??
 
വറീത് ചേട്ടന്‍റെ ചായക്കടയിലെ  വര്‍ഷങ്ങളായുള്ള  കസ്റ്റമേഴ്സിന്‍റെ   മൂലതാപം കൊണ്ട് ഇരുണ്ടു   പോയ ബെഞ്ചില്‍, ഇരുന്നും കിടന്നും നാട്ടുകാര്‍ കൂലംകഷമായി ചിന്തിച്ചു..

അവസാനം പഞ്ചായത്ത് മെമ്പര്‍ വാസുവാശാനോട് ബലരാമന്‍ നടന്ന സത്യം പറഞ്ഞു.......

അതിരാവിലെ ശരീരമാസകലം എണ്ണയും തേച്ച്‌,തോർത്ത്‌ മുണ്ട്‌ മാത്രമുടുത്ത്‌ അമ്പലക്കുളത്തിൽ കുളിക്കാൻ
പോകാനിറങ്ങിയതായിരു
ന്നു, ഒന്നും പിന്നത്തേക്ക്‌ നീട്ടിവെക്കാറില്ലാത്ത ബലരാമന്‍. 
ഊണിലും ഉറക്കത്തിലും സുഗന്ധിയുടെ 'പിച്ചിപ്പൂ' മാത്രമായിരുന്നു  കുറച്ചു ദിവസമായി.
ശബരിമലക്ക് പോകാന്‍ മാലയിട്ടു വ്രതം നോറ്റ്,  അതിരാവിലെ ദേഹം മുഴുവന്‍ എണ്ണ തേച്ചു പിടിപ്പിച്ച്, അമ്പലക്കുളത്തിലേക്ക് കുളിക്കാന്‍ പോകും വഴിയാണ് ഒരു അഭൌമ സൌരഭം തന്‍റെ നാസികയെ ഭ്രമിപ്പിക്കുന്നു എന്ന സത്യം മനസിലാക്കിയത്.  

"ഹെന്ത്.....ഇതുവരെ ഈ മണം ഇവിടെ ഇല്ലാരുന്നുവല്ലോ? ഇതിപ്പോള്‍ എവിടെനിന്ന്? എന്തിന്‍റെ? എങ്ങനെ? ഇത്യാദി ചിന്തകള്‍ ആ ലോലമനസ്സിനെ മഥിച്ചു.
പോലീസ് നായ മണം പിടിച്ചു ചെല്ലും പോലെ  കൊച്ചുവെളുപ്പാങ്കാലത്ത് ആ നീണ്ട  മൂക്ക് ചെന്ന്നിന്നത് റേഷന്‍കട നടത്തുന്ന കമലാക്ഷി ചേച്ചിയുടെ  വീട്ടിൽ.
അപ്പോള്‍ കണ്ട  കാഴ്ച!!!!!
ആ വര്‍ഷത്തെ ന്യൂ ഇയര്‍ ബംബര്‍ അടിച്ചപോലെ ബലരാമ
ന്‍റെ കണ്ണ് ഊരിത്തെറിച്ചു.   ആയിരം പൂത്തിരി ഒന്നിച്ചു കത്തിയ തിളക്കം. ഉടലാകെ വെളുത്തമുത്ത്‌ കൊണ്ട് മാല കൊരുത്തിട്ട പോലെ  കമലാക്ഷി ചേച്ചിയുടെ പിച്ചകവള്ളി പൂ ചൂടി നില്‍ക്കുന്നു"!!!
സുഗന്ധിയുടെ കാച്ചെണ്ണ തേച്ച കാര്‍കൂന്തളവും, അതില്‍ ഈ  പൂചൂടിക്കുമ്പോള്‍ അവള്‍ അനുരാഗപരവശയായി ത
ന്‍റെ ഇടത്തേ കവിളില്‍ പ്രണയമുദ്ര പതിപ്പിക്കുന്നതും   അവന്‍റെ മനസ്സില്‍ മിന്നി മാഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. കയ്യിലിരുന്ന സോപ്പുപെട്ടി താഴെവച്ച്, ഉടുത്തിരുന്ന തോര്‍ത്തുമുണ്ട് ഒന്നുമുറുക്കിക്കുത്തി    അഞ്ചടി പൊക്കത്തിലെ ആ  മതില്‍ ചാടിക്കടന്നു.

 ആ അരണ്ട വെളിച്ചത്തില്‍ മെല്ലെ പൂ പറിക്കാനായി തോട്ടത്തില്‍   കയറി.    കമലാക്ഷി ചേച്ചിയുടെ  മകൻ 'പട്ടാളം മണിയന്‍'  അവധിയ്ക്ക് വന്നിടുണ്ടായിരുന്നു. മൂന്നരമണി
തൊട്ടു   തോന്നിപ്പിക്കുന്ന ഒരു  'ശങ്ക' തീർക്കാൻ മണിയന്‍ മുറ്റത്തിറങ്ങിയപ്പോള്‍‍  ശരീരമാസകലം എണ്ണ തേച്ച 'ബലരാമ'  രൂപത്തെ കണ്ടതും, 'കൃത്യ നിർവഹണത്തിനായി എണ്ണ തേച്ചിറങ്ങിയ കള്ളൻ' എന്ന്‌ ബ്രെയിനില്‍ മെസ്സേജ് കിട്ടിയ ഞെട്ടലോടെ, പട്ടാളം മണിയന്‍ ഒരു നിമിഷം അതിര്‍ത്തിയില്‍ കണ്ട പാകിസ്താന്‍ ചാരന് നേരെ പായുംപോലെ   ബലരാമന്‍റെ നേരെ ചാടി.  അതു കണ്ട്‌ അപകടം മണത്തു ബലരാമന്‍ ഓടാൻ ശ്രമിച്ചതും ,റൊസാച്ചെടിയിൽ കുരുങ്ങിയ തന്‍റെ ഒറ്റത്തോർത്തെടുക്കാൻ വീണ്ടും തിരിഞ്ഞതും, ആ ശ്രമം പരാജയപ്പെട്ട് പട്ടാളത്തിന്‍റെ 'കരാളഹസ്ത'ത്തിലകപ്പെട്ടതും...
എല്ലാം ചരിത്രം...!
തേക്കിലയുടെ പിന്നില്‍ പുരുഷത്വത്തെ മറച്ച്, ഒരു  ബോഡി ഷോ നാട്ടുകാര്‍ക്ക് ടിക്കെ
റ്റില്ലാതെ സമ്മാനിച്ച ബലരാമന്‍, ആ സംഭവത്തിനു ശേഷം കുളിക്കുമ്പോള്‍ പോലും ഷര്‍ട്ട് ഊരാന്‍ നില്ക്കാതെആയതിനു സുഗന്ധിയോടു നാടുകാര്‍ക്ക് കടപ്പാട്.

നാലുമുഴം പിച്ചിപ്പൂ ബലരാമ
ന്‍റെ  കീര്‍ത്തി നാടാകെ പരത്തി..ആ പൂമണം ഇപ്പോഴും ഗ്രാമത്തില്‍ ഒഴുകുന്നുണ്ട്.

Sunday, July 1, 2012

പ്രണയം കൊണ്ടൊരു തുലാഭാരം..

കാശം പരിഭവം പെയ്തു തീര്‍ക്കാന്‍ വാശിപിടിക്കുന്ന പോലെ  ഇടവപ്പാതി മഴ!!
കൂട്ടുകാരിയുടെ തണുത്ത വിരല്‍തുമ്പ്‌ പിടിച്ചുനടന്നിരുന്ന  കരിയില മൂടിയ ആ പഴയ  ഇടവഴിയിലൂടെ ഇപ്പോള്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍, അവളുടെ സ്മൃതിയില്‍ പുണ്യം തളിക്കും  പോലെ കൂട്ട് വന്നതാണോ ഈ മഴ?
ഓറഞ്ച്നിറത്തിലെ കോളാമ്പിപ്പൂവുകള്‍ മഴയുടെ ചുംബനമേറ്റ്  നാണിച്ചു തലതാഴ്ത്തി!!ഇടവഴി നടന്നു കയറിയാല്‍ അമ്പലക്കുളം.
കുളിമുറികളില്‍ ചാറ്റമഴകള്‍   കൃത്രിമമായി
പെയ്യാന്‍  തുടങ്ങിയതോടെ ഈ കുളം തനിച്ചായപോലെ!! കഷ്ടം!!

 ആരും വരാത്ത  കുളിക്കടവില്‍ തിരയിളക്കമില്ലാത്ത വെള്ളത്തിന്‍റെ സങ്കടം. സമപ്രായക്കാരായ കൂട്ടുകാരികളെല്ലാം വിവാഹം കഴിഞ്ഞു പോയിട്ടും, പ്രണയിക്കാനും സ്നേഹിക്കാനും ആരുമില്ലാതെ ഒറ്റക്കായ പോയ ഒരു പാവം പെണ്‍കുട്ടിയെ പോലെ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ  അമ്പലക്കുളം. 

ചാഞ്ഞു പെയ്യുന്ന മഴയില്‍ മെല്ലെ ഞാന്‍ പടവുകളിലൂടെ താഴേയ്ക്ക് ഇറങ്ങിച്ചെന്നു.
നനഞ്ഞ വിരലുകള്‍ കൊണ്ട് വെള്ളം എന്‍റെ പാദത്തില്‍ വന്നു തൊട്ടു!!
എന്‍റെ പ്രണയസഖിയുടെ സ്പര്‍ശം പോലെ!!
ഓര്‍മ്മകള്‍!!! ചന്ദനമുട്ടി വച്ച് കത്തിച്ചാലും അഗ്നിയ്ക്ക്   ദഹിപ്പിക്കാന്‍ ആവില്ല അതിനെ.
സന്ധ്യയെ യാത്രയാക്കാന്‍ വന്ന പൂനിലാവിന്‍റെ   ഇലഞ്ഞിപൂത്ത   ഓര്‍മകളില്‍, കസ്സവിന്‍റെ പാവാട മുട്ടൊപ്പം കയറ്റി, വെള്ളിക്കൊലുസ്സിട്ട കാലുകള്‍ വെള്ളത്തില്‍ ഇളക്കിക്കൊണ്ട്, ഈ കുളിക്കടവില്‍ അവള്‍ എന്‍റെ കൌമാരത്തിന്‍റെ ജലോത്സവങ്ങള്‍ക്ക് കാവലിരുന്നിട്ടുണ്ട്!

സൂര്യരശ്മികള്‍ ചിത്രമെഴുതുന്ന അമ്പലക്കുളത്തില്‍ വാലു നനച്ചിട്ടു പോകുന്ന തുമ്പികള്‍.
 "ഈ കുളത്തിലെ മീനുകള്‍ പ്രണയിക്കുന്നുണ്ട് മനൂ"  ഒരിക്കല്‍ അവള്‍ ഒരു കുസൃതി  പറഞ്ഞു.  
"മൂക്കുകള്‍ പരസ്പരം മുട്ടിക്കുന്നത്‌ അവരുടെ സ്നേഹപ്രകടനമാണ്, പ്രണയത്തിന്‍റെ കാതരമായ രഹസ്യം പറച്ചിലുകള്‍ വരുമ്പോളാണ് അവ ചെകിളപ്പൂവുകള്‍ തമ്മില്‍ ചേര്‍ത്ത് പിടിച്ചു ഒരുമിച്ചു വാലിളക്കുന്നത് !!"
അവളുടെ കണ്ണിലെവിടെയും പ്രണയത്തിന്‍റെ സൂര്യകാന്തിപ്പൂക്കള്‍ മാത്രമായിരുന്നു ആ നാളുകളില്‍. 

 വാക്കിലും സ്പര്‍ശത്തിലും പ്രണയഗന്ധം നിറഞ്ഞു നിന്ന ദിനങ്ങള്‍.


മൊബൈല്‍ ഫോണുകളില്ലാതെ  അന്ന്  സന്ദേശങ്ങള്‍ അയച്ചിരുന്നത് കണ്ണുകളില്‍ നിന്നും കണ്ണുകളിലേയ്ക്കായിരുന്നു!!
 താമരത്തണ്ടിന്‍റെ മൃദുലതയുള്ള ആ കൈകളെ താലോലിക്കാന്‍ "കൈനോട്ടം" അറിയാമെന്നു കള്ളം പറയുമായിരുന്നു.   അവളുടെ ചായം തേക്കാത്ത ഭംഗിയുള്ള നഖങ്ങളോട് എനിക്കും തോന്നിയിരുന്നു അസൂയ!
അടുപ്പമുള്ളവര്‍ക്ക് മാത്രം വായിക്കാന്‍ കിട്ടുന്ന സ്വകാര്യ ഡയറിയാണ് പെണ്‍കുട്ടികളുടെ കൈകള്‍! ആര്‍ക്കും അത്ര എളുപ്പം വായിക്കാന്‍ കഴിയാത്തത് അവരുടെ മനസ്സാകും!

 അകലങ്ങള്‍ പ്രണയത്തെ അതിരുകളില്ലാതെ മനോഹരമാക്കുന്നു. ഒരു വാക്കും മിണ്ടാതെ ഒരു നോക്കിനില്‍പ്പിന്‍റെ മൌനം പകരുന്നത് ഒരിക്കലും അവസാനിക്കാത്ത രാഗങ്ങളുടെ ഘോഷയാത്രയാണ്. നിന്‍റെ  ഒരു ദളം മതി എനിക്ക് ആയിരം പൂക്കാലം ഒരുമിച്ചു കിട്ടിയപോലെയാകും, നീ  അറിയാതെ നിന്നെ നോക്കി നില്‍ക്കുമ്പോള്‍ ഞാനും പൂത്തൊരു മരമാകുന്നു..

ഒരു വേനലവധിക്കാലത്ത് എല്ലാമുറികളിലും വലിയ കണ്ണാടികളുള്ള  അവളുടെ വീട്ടിലേയ്ക്ക് ഞാന്‍ ചെന്നു.  പടികടന്നെത്തുന്ന അതിഥിയെ സ്വീകരിക്കുന്നത് സ്വന്തം പ്രതിബിംബം തന്നെ!!  നിറയെ കണ്ണാടികളുള്ള വീട്ടില്‍ താമസിക്കുന്നത് കൊണ്ടാകാം മോഹിപ്പിക്കുന്ന വസ്ത്രധാരണമായിരുന്നു അവളുടേത്‌.  ചിത്രപ്പണികളുള്ള മനോഹര കുര്‍ത്തകളും, പിന്നെ വല്ലാതെ നൊസ്റ്റാല്‍ജിയ‍   തോന്നിപ്പിക്കുന്ന ബംഗാളി കോട്ടണ്‍ സാരികളും!

നീലവിരിയിട്ട പതുപതുഞ്ഞ സോഫയിലേക്ക് ഒരു വള്ളിപ്പൂമരം പോലെ ചാഞ്ഞിരുന്ന് അവള്‍ സംസാരിക്കുമ്പോള്‍,  ആ മാന്തളിരധരങ്ങളുടെ മായിക ചലനം മാത്രമായിരുന്നു എന്‍റെ കണ്ണില്‍.
ഇടയ്ക്ക് മേശപ്പുറത്തിരുന്ന ഒരു ഡയറി വെറുതെ മറിച്ചു നോക്കി, വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതിലെ ഓരോതാളിലും എന്‍റെ പേര് എഴുതിയിരിക്കുന്നു. ആദ്യം ഇംഗ്ലീഷില്‍..പിന്നെ മലയാളത്തില്‍, ഹിന്ദിയില്‍..പിന്നെ എനിക്ക് അറിയാത്ത ഏതൊക്കെയോ ഭാഷകളില്‍!! എന്‍റെ പേര് ഇത്രയധികം തവണ ഞാന്‍ വായിച്ചിട്ടേയില്ല. മറ്റൊരാള്‍ എഴുതുമ്പോള്‍ ഈ പേരിനു ഇത്ര ഭംഗിയുണ്ടെന്നു ഞാന്‍ ആദ്യമായാണ്‌  തിരിച്ചറിയുന്നത്‌!!

സംസാരമഴ  പെയ്തു തോര്‍ന്ന ഇടവേളയില്‍, ഭഗവതിക്കാവിലെ ഇരുവശവും കരിങ്കല്ല്  കെട്ടിയ ഇടവഴിയിലൂടെ കുറേ നേരം നടന്നു.
 "സ്വന്തമല്ല നീ എനിക്ക്..ആവില്ല എന്നുമറിയാം, "
എങ്കിലും....ഒത്തിരി നേട്ടങ്ങള്‍ കൊയ്യാതെ, ഒരാള്‍ക്കും ഒന്നും നഷ്ടപ്പെടുത്താതെ, ഈശ്വരന് പോലും പരിഭവം തോന്നാതെ
അപൂര്‍വ്വമായി അനുവദിച്ചുകിട്ടുന്ന ഈ ചില സുന്ദര നിമിഷങ്ങളെ  നമുക്ക് ആസ്വദിച്ചുകൂടെ?" മെല്ലെ ഞാന്‍ ആ കൈപിടിച്ചു.
 അവളുടെ കൈകള്‍ക്കപ്പോള്‍  കര്‍ക്കിടക മഴത്തുള്ളിയുടെ തണുപ്പായിരുന്നു.

ജീവിതം പലപ്പോഴും യാത്രയാണല്ലോ ... ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്, നാം പോലുമറിയാതെ..ഇനിയുമൊരിക്കല്‍ നടക്കണം നമ്മള്‍ക്ക്  ഇതുപോലെ കയ്യോട് കൈചേര്‍ത്തു, ഒരുപാട്ദൂരം.  ജീവിതത്തിന്‍റെ  സായന്തനത്തില്‍
നാമൊറ്റയാവുമ്പോള്‍ കയ്യിലൊന്നും കരുതാതെ, പിന്നെയും ഒരുപാട് ദൂരെ പോകണം.
ആര്‍ക്കും സങ്കടം കൊടുക്കാതെ, പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഹൃദയം പങ്കുവയ്ക്കാന്‍, ഗുരുവായൂര്‍ കണ്ണന് നമുക്ക്  ഈ പ്രണയം കൊണ്ട് തുലാഭാരം നടത്താം....ഈ ആയുസ്സ് മുഴുവന്‍ നിന്നെ എനിക്കും,  എന്നെ നിനക്കും  സ്നേഹിക്കാന്‍.
"എത്ര കുടിച്ചു വറ്റിച്ചാലും തീരാത്തത് പോലെ സ്നേഹത്തിന്‍റെ ഒരു വലിയ കടല്‍ നമുക്കിടയില്‍ ഉള്ളപ്പോള്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടോ"  എന്ന് മനസ്സ് ചോദിക്കുന്നു.

ഈ ഇഷ്ടത്തിന്‍റെ ശരിയും തെറ്റും എനിക്കറിയില്ല. അറിയുകയും  വേണ്ട. അതുകൊണ്ടുതന്നെ സദാചാര സമൂഹത്തിന്‍റെ മിഴികള്‍ ഞാനെന്‍റെ
വലംകൈ കൊണ്ട് മറയ്ക്കുന്നു.

ഞാനീ  സുന്ദര നിമിഷങ്ങള്‍ എന്‍റെ പ്രീയപ്പെട്ടവളുടെ  കൂടെ മുകര്‍ന്നോട്ടെ...അവളുടെ ശ്വാസച്ചൂടില്‍  എന്‍റെ കവിള്‍ത്തടങ്ങളില്‍ വിയര്‍പ്പുമണികള്‍ പൊടിയുന്നത് ഞാന്‍ അറിയുന്നു. എന്ത് മണമാണ് നിന്‍റെ മുടിയിഴകള്‍ക്ക്‌..ഈ നിലാവില്‍ നമുക്കലിഞ്ഞു ചേരാം..
ഞൊറിവച്ചുടുത്ത നിന്‍റെ കസവ് ചേല എന്‍റെ കുസൃതിക്കൈ അഴിക്കുമ്പോള്‍ നാണം കൊണ്ട് മുഖം ചുവന്നു.
ആ പൊന്നുനൂലരിഞ്ഞാണത്തില്‍  എന്‍റെ വിരലുടക്കി...ഒന്നായ്  അലിഞ്ഞാത്മാവില്‍ ഒന്നായ് ചേരാന്‍ ഈ പ്രണയത്തിന്‍  മായാതീരം തിരിതെളിച്ചു. ഇപ്പോള്‍ ഒരു പട്ടുനൂലിന്‍റെ അകലം പോലും നമുക്കിടയില്‍ ഇല്ല.....
മഴവില്ലലിഞ്ഞു ചേര്‍ന്ന അഴകിന്‍റെ   ചിരിയൊന്ന്  അവള്‍ എന്‍റെ നേര്‍ക്ക്‌ നീട്ടി. അപ്പോള്‍ കുങ്കുമച്ചാറില്‍ പിഴിഞ്ഞെടുത്ത സാന്ധ്യ മേഘങ്ങള്‍‍ പ്രതിഭലിച്ചപോലെ   അവളുടെ കവിളില്‍ ഒരു  ശോണിമ പടര്‍ന്നു.   
നറുവെണ്ണയുടെ     നിറമായിരുന്നു അവള്‍ക്ക്. മണ്‍ചിരാതുകളുടെ ദീപപ്രഭയുടെ നടുവില്‍ ജ്വലിച്ചു നില്‍ക്കുന്ന  നിലവിളക്കിന്‍റെ  വിശുദ്ധിയോടെ എന്‍റെ പ്രീയപ്പെട്ടവള്‍!   
ഈ ഒരുമിച്ചുള്ള സമയമെങ്കിലും  ഞാന്‍ നിന്നെ സ്വന്തമാക്കിക്കോട്ടേ..!!
ഒരിക്കല്‍ അവള്‍  എനിക്കെഴുതിയ പ്രണയവരികളില്‍  ": എനിക്ക് നിന്‍റെ രാധിക ആകണ്ട, ഈ സ്നേഹസാമീപ്യം ഉള്ളപ്പോള്‍ ഞാന്‍ നിന്‍റെ ലക്ഷ്മിയാണ്‌, നിന്‍റെ മഹാലക്ഷ്മി..നിന്‍റെ ഇടം കൈ എന്‍റെ ചുമലില്‍ പിടിച്ചു നീ എന്നെ നെഞ്ചോടു ചേര്‍ത്തുപിടിക്കുമ്പോള്‍ ഞാന്‍ വൃന്ദാവനത്തി‍ലല്ല..മഥുരയില്‍ നിനക്കൊപ്പം. എന്തെന്നാല്‍ നിന്‍റെ വിരഹം എന്നെ തളര്‍ത്തുന്നത്   എനിക്കിഷ്ടമാകില്ല!! എന്നായിരുന്നു.

ഓര്‍മകളുടെ വേനലിന്‍റെ നടുമുറ്റത്തേക്ക് ഇന്നലെയൊരു  രാത്രിമഴ വിരുന്നുവന്നു.
കിടപ്പുമുറിയുടെ സ്വകാര്യതയില്‍ ഉന്മാദിയായ പെണ്‍കുട്ടിയെപ്പോലെ രാത്രിമഴ എന്‍റെ മുറ്റത്തെ ഇരുളില്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. സ്വീകരണമുറിയുടെ ജനാല തുറന്നു പുറത്തേക്കു നോക്കിയ  എന്‍റെ മുഖത്തേക്ക് കുളിര് കുടഞ്ഞിട്ടു കുസൃതി  മഴയുടെ ചോദ്യം:"വരുന്നോ എന്‍റെ കൂടെ? ഞാന്‍ നിന്‍റെ പ്രണയിനിയുടെ പ്രിയസഖി. അവള്‍ കാത്തിരിക്കുന്നു നീ മയില്‍പ്പീലികൊണ്ട് ഹൃദയതിലെഴുതിയ പ്രണയാക്ഷരങ്ങള്‍‍ക്കായി"  കേട്ടപ്പോള്‍ ഹൃദയം തുളുമ്പി!!

നേരം പുലരാന്‍ കാത്തു നില്‍ക്കാതെ മഴ ഏതോ രാത്രിവണ്ടിയില്‍ മടങ്ങിപോയിരുന്നു. ഇന്ന് പുലര്‍ച്ചെ  നോക്കുമ്പോള്‍ മുറ്റം നിറയെ മഴയുടെ കാല്‍പ്പാടുകള്‍. തൊടിയുടെ മൂലയില്‍ പിണങ്ങിനിന്ന പവിഴമല്ലി ഒരു രാത്രികൊണ്ട്‌ ആളാകെ മാറി. ഉടല്‍ നിറയെ പൂക്കള്‍ ചൂടി ഒരുങ്ങി നില്‍ക്കുന്നു. നവവധുവിനെ പോലെ..

ആ ഗന്ധത്തിന്‍റെ  ഊര്‍ജ്ജസൂനങ്ങളില്‍ എന്നിലെ പ്രണയത്തിന്‍റെ ഊഷ്മാവുപകരും ഉണര്‍വുമായി ഞാന്‍  കാത്തിരിക്കുന്നു. ആ പ്രണയത്തിന്‍റെ മുഖം ഒരിക്കല്‍ക്കൂടി ഒരു ശ്വാസത്തിന്‍റെ അകലത്തില്‍ കാണാന്‍. 
എഴുതിയതിനും ഇനി എഴുതാനിരിക്കുന്നതുമായ എല്ലാ നിര്‍വചനങ്ങള്‍ക്കും  അപ്പുറത്ത് നിന്ന് ഇപ്പോഴും പ്രണയം ഗൂഢമായി ചിരിക്കുന്നത് എനിക്ക് കാണാം..


Wednesday, June 13, 2012

നിലാവ് കരയിട്ട ഒരു ഓണക്കാലം

ഫേസ്ബുക്ക്‌ താളുകള്‍ മറിക്കുമ്പോള്‍ കഴിഞ്ഞ ദിവസം എനിക്കൊരു മയില്‍‌പ്പീലി കിട്ടി!! കലാലയ നാളുകളിലെ പഴയ ക്ലാസ്സ്മേറ്റിന്‍റെ മുഖം. അവളെ കാണാന്‍ ഇപ്പോഴും ഡിഗ്രി ക്ളാസ്സിലേത് പോലെ തന്നെ. മേല്‍വിലാസം മാറി എന്ന് മാത്രം, മുന്‍പ് എന്‍റെ വീട്ടില്‍ നിന്ന് പത്തു നിമിഷം നടന്നെത്താവുന്ന ദൂരമായിരുന്നെങ്കില്‍ ഇപ്പോള്‍ ചെന്നൈയില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടിവ്! ഇന്ദു.
നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവയ്ക്കുന്നതിനിടയില്‍ "ഈ ഓണത്തിന് നാട്ടില്‍ വരുന്നുണ്ടോ മനൂ" എന്നവള്‍ ചോദിച്ചു. പിന്നെ പണ്ടത്തെ കുട്ടിക്കാലത്തെ   ഓണക്കാല വിശേഷങ്ങള്‍ കടന്നു വന്നു.
ഓണക്കാലത്ത് അമ്പലമുറ്റം നിറയെ തുമ്പ പൂക്കും! .
ആ തുമ്പക്കാട്ടില്‍ എവിടെയോ ഇന്ദൂന്‍റെ പാദസരം കളഞ്ഞു പോയി. അരിച്ചുപെറുക്കി തെരയാന്‍ എല്ലാവരും കൂടി. കൈപ്പളിയിലെ  കുക്കുടുവും, സീതയും വാര്യത്തെ ഉഷ ചേച്ചിയും, കൊച്ചുമണിയും, കഴകക്കാരന്‍ നാരായണേട്ടനുമൊക്കെ..പക്ഷെ  തുമ്പപ്പൂക്കള്‍ക്കിടയില്‍ ഒളിച്ചു കിടന്ന ആ പാദസരം കിട്ടിയത് എന്‍റെ കണ്ണുകള്‍ക്കാണ്.
എനിക്ക് മാത്രം!
ആ വെള്ളിക്കൊലുസ്സ് എട്ടാം ക്ലാസ്സുകാരിയുടെ കയ്യില്‍ വച്ചുകൊടുക്കുമ്പോള്‍ മുത്തുമണി കിലുങ്ങും പോലെ അവള്‍ ചിരിച്ചു. ഇന്നും ചിലപ്പോള്‍ ഓര്‍മകളിലെ ബാല്യത്തിലേയ്ക്ക് തിരികെ നടക്കുമ്പോള്‍ ഒരു ചില്ലലമാരയില്‍ ആരും കാണാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആ വെള്ളിക്കൊലുസ്സ് പുറത്തെടുത്ത് ഗൂഡമായി ഒന്ന്  ഓമനിക്കും , പിന്നെ അതു പോലെ സേഫ് ആയി തിരിച്ചു വയ്ക്കും.
 
മാവുകള്‍ തളിരിടുന്ന ഓഗസ്റ്റ് മാസം. ഓണവെയിലിന്‍റെ വെള്ളിവെളിച്ചം കൊണ്ട് നാടൊന്നു സുന്ദരി ആയിട്ടുണ്ട്‌. മാവേലി എത്താറായി എന്നറിയിച്ച് കുട്ടി ഹെലികോപ്റ്റര്‍  പോലെ പാഞ്ഞു പറക്കുന്നു ഓണത്തുമ്പികള്‍!  പതിവ് ഊരുചുറ്റല്‍   കഴിഞ്ഞ്  റോഡുവക്കിലെ കമ്മ്യുണിസ്റ്റ് പച്ചയോടും മുട്ടായിച്ചെടിയോടും കുശലം ചോദിച്ച് ആടിതൂങ്ങി വീട്ടിലേക്ക് വരുമ്പോളാണ് കണ്ടത്- കരുവായത്ത് വീടിനരികെ പറമ്പില്‍  ഒരു കൂടാരം! നാല് ചുറ്റും മരങ്ങളിലേക്ക് വലിച്ചു കെട്ടിയ തോരണങ്ങള്‍.
തെങ്ങില്‍കയറി റോഡിലേക്ക് മൂക്കും നീട്ടിയിരുന്ന് കോളാമ്പി മൈക്കുകള്‍ പാടുന്നുണ്ട്.
ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളെ......... 
ടൂറിംഗ് സര്‍ക്കസ് വന്നൂ, ഞങ്ങളുടെ നാട്ടിലും!
 
 
കോളേജ്  അടച്ചതുകൊണ്ട് ഇനി കുറച്ചു ദിവസത്തേക്ക് വൈകുന്നേരങ്ങളില്‍ സര്‍ക്കസ് കാഴ്ചകള്‍ കാണാം..എല്ലാവര്‍ക്കും സന്തോഷം!
ഡിസ്കോ പാട്ടുകള്‍ക്കൊപ്പം ചടുലമായ നൃത്തചുവടുകളോടെയാണ് ഷോയുടെ തുടക്കം. സൈക്കിള്‍ കൊണ്ടുള്ള തുടക്കത്തിലെ അഭ്യാസ പ്രകടനങ്ങള്‍ക്ക് ശേഷം  മൈക്കിലൂടെ അറിയിപ്പ്:  "പ്രിയമുള്ളവരേ, "ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞൂ" എന്ന മനോഹരഗാനത്തിനൊപ്പം ചുവടുവയ്ക്കാന്‍ ഇതാ കടന്നു വരുന്നു മിസ്സ്‌ രമ്യാറാണിയും  സുധീറും! സംഭൂജ്യരായ ഗുരുജനങ്ങളെ ഈ മാദക നൃത്തം ആസ്വദിക്കൂ, ഈ യുവ മിഥുനങ്ങളെ അനുഗ്രഹിക്കൂ"
 

ചുവപ്പും നീലയും സ്പോട്ട് ലൈറ്റുകള്‍ മിന്നി തെളിയുന്ന വേദിയിയിലെ മാദക മുന്തിരിക്കുലയായിരുന്നു രമ്യാറാണി!! പണ്ടത്തെ സിനിമകളിലെ  കാബറെ രംഗങ്ങളില്‍ ജയമാലിനിയും, അനുരാധയും, ഉണ്ണിമേരിയും ഇട്ടിരുന്ന വേഷങ്ങള്‍ പിഞ്ഞികീറാന്‍ തുടങ്ങിയപ്പോള്‍ ലേലത്തില്‍ പിടിച്ചു ഈ മാംസളതയ്ക്ക്  നല്കിയതാണോ എന്ന് ഒരു ഉല്‍പ്രേക്ഷ തോന്നും അവരുടെ വേഷം കണ്ടാല്‍!! നീണ്ട നഖങ്ങളില്‍ ചുവന്ന നെയില്‍പോളിഷിന്‍റെ പെരുന്നാള്! കൈനിറയെ പല വര്‍ണ്ണങ്ങളിലെ കുപ്പി വളകള്‍. നിറമാറില്‍ യൌവ്വന കലശങ്ങള്‍ ആ നാട്ടിലെ പുരുഷ കേസരികള്‍ക്ക് നേരെ വെല്ലുവിളിച്ചു നില്‍ക്കുന്നു. സര്‍ക്കസ് പറമ്പിലേക്ക് കൊതിയന്മാരായ നാട്ടുകാരെ ആകര്‍ഷിച്ചു കയറ്റുന്ന കോഴി ബിരിയാണി ആയിരുന്നു രമ്യാറാണി!! നാട്ടുകാരായ നീലകണ്‌ഠപിള്ളയും, പഞ്ചായത്ത് പ്രസിഡന്‍റു ഗോപാലകൃഷ്ണ കുറുപ്പും, മെമ്പര്‍ കുഞ്ഞച്ചായനുമൊക്കെ കൃത്യം 6 .30  നു തന്നെ സര്‍ക്കസ്സു കാണാന്‍ എത്തിയതിന്‍റെ പിന്നിലെ രഹസ്യമോഹം മറ്റൊന്നുമല്ല.
 

ഓരോ ദിവസവും രമ്യാറാണി ഓരോ വേഷങ്ങളില്‍ നൃത്തമാടി. അവളുടെ അരക്കെട്ടില്‍ ചുറ്റിപിടിച്ചും ചുണ്ടുകള്‍ കൊണ്ട് ചിത്രം വരച്ചും സുധീര്‍ പാവപ്പെട്ട എന്‍റെ നാട്ടുകാരുടെ രക്തം, ആ ചിങ്ങ നിലാവില്‍ ഏഴുമണിവരെ ആവിയാക്കി.
തീയിലൂടെ സൈക്കിള്‍ ചവിട്ടല്‍, നെഞ്ചില്‍ ആട്ടുകല്ല് കയറ്റി വച്ച് അരിയാട്ടല്‍, പൊട്ടിയ ട്യൂബ് വിഴുങ്ങല്‍ തുടങ്ങിയ കലാപരിപാടികള്‍ തുടര്‍ന്ന് നടക്കും.
സാഹസികമായ ഓരോ അഭ്യാസത്തിനും തൊട്ടുമുന്‍പ് "അതിസാഹസികമായി ഈ വിദ്യ ഇവിടെ അവതരിപ്പിക്കുന്ന ഈ പാവം കലാകാരന്‍റെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കണേ പ്രിയമുള്ളവരെ" എന്നൊരു വികാര തീവ്രമായ അന്നൌന്‍സ്മെന്‍റ് വരും.
പിന്നെ കരലളിയുന്ന പോലെ ശോകഭാവത്തില്‍ ഒരു ഭക്തിഗാനം മുഴങ്ങും. ആ സമയം വെള്ള സാരിയും  ബ്ലവ്സ്സുമിട്ടു രമ്യാറാണി വേദിയില്‍ വന്നു സുധീറിനെ മുട്ടിയുരുമ്മി നില്‍ക്കും. (ഭക്തിയുടെ കാറ്റഴിച്ചു വിടുന്ന ഒരു ഏര്‍പ്പാടാണത്).
 

ചീട്ടുകളി ടീമും, മറ്റു കൌമാര കുമാരന്മാരും, പഞ്ചായത്തില്‍ പര്യടനവുമായി (വായിനോക്കി)നടക്കുന്ന മറ്റു തൈക്കിളവന്മാരും പകല്‍ സമയങ്ങളില്‍ സര്‍ക്കസ്സു കൂടാരത്തിന് ചുറ്റും ഉപഗ്രഹം പോലെ ചുറ്റിക്കറങ്ങി. പക്ഷെ നിരാശ ആയിരുന്നു ഫലം. രമ്യാറാണി എന്ന മായാമോഹിതചന്ദ്രിക ക്ഷീരപഥത്തില്‍ പ്രത്യക്ഷയാകാതെ പകല്‍ സമയങ്ങളില്‍ ആ ടെന്‍റിന്‍റെ മേഘ പാളികള്‍ക്കുള്ളില്‍ മറഞ്ഞിരുന്നു! ചിങ്ങ നിലാവ്  പാല്‍വെളിച്ചം വീശുന്ന ആ രാത്രികളില്‍  ഗ്രാമത്തിന്‍റെ പുരുഷ സ്വപ്നങ്ങളില്‍ ഒരേയൊരു മുഖം മാത്രം
.
രണ്ടാഴ്ച്ചയേ ആയുസ്സുണ്ടായിരുന്നുള്ളൂ ആ മാമ്പഴക്കാലത്തിന്.
കൂടാരമഴിഞ്ഞു വീണു. സര്‍ക്കസ്സുകാര്‍ അടുത്ത നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു. ദു:ഖത്തോടെ ആണ് നാടുണര്‍ന്നത്. രമ്യാറാണി  ആ നാട്ടില്‍ നിന്ന് യാത്ര പറയുന്നതോര്‍ത്ത് പൈക്കിടാങ്ങള്‍ പോലും ഏങ്ങി നിന്നു. പെറ്റതള്ള മരിച്ചാല്‍ കരയാത്ത കരിങ്കല്ല്‌ ഹൃദയങ്ങള്‍ പോലും വിങ്ങി.
 

സാധങ്ങളും സൈക്കിളും കിടുപിടിയുമൊക്കെ കയറ്റാന്‍ ലോറി വന്നു.
അപ്പോളതാ........കൈലിയും ടീ- ഷര്‍ട്ടുമിട്ട് ചുണ്ടത്തൊരു പനാമ സിഗറെറ്റും പുകച്ചു മിസ്സ്‌  രമ്യാറാണി പുറത്തു വരുന്നു!!!!!!
ആ നീണ്ട മുടിയഴകെവിടെ???
 ഈ ഗ്രാമത്തിന്‍റെ ഹൃദയതാളമായ  ആ കയ്യിലെ കുപ്പിവളകളുടെ കിലുക്കമെവിടെ? 
സഹ്യാദ്രിമല പോലെ ഉയര്‍ന്നുനിന്ന കുചദ്വന്തങ്ങള്‍ എവിടെ?
എല്ലാം മായ!!!
 

ടീ- ഷര്‍ട്ട് ഊരി ലോറിയിലേക്കെറിഞ്ഞ് കൈലി മടക്കിക്കുത്തി, ക്ലീന്‍ ഷേവ് ചെയ്ത ഒരു ചെറുപ്പക്കാരന്‍ ലോഡിംഗ് തൊഴിലാളിയെപ്പോലെ ലോറിയിലേക്ക് ചാടിക്കയറി!
""നോക്കി നില്‍ക്കാതെ ആ മേശ ഇങ്ങോട്ട് പിടിക്കടേ"" ഹൃദയത്തില്‍ നഖക്ഷതങ്ങള്‍ ഉണ്ടാക്കിയ മുഖത്തു നിന്നാണോ ഈ കൂതറ ശബ്ദം?? വെള്ളി വെളിച്ചത്തില്‍ കണ്ട മനോഹര പാദങ്ങളിലെ നെയില്‍ ക്യുടെക്സോ, പകല്‍ വെളിച്ചത്തില്‍ ഇപ്പോള്‍ ഈ കാണുന്ന കാളപൂട്ടുകാരന്‍റെ കാലുകളോ സത്യം??
 

സാരിയുടുത്ത ഒരു വഞ്ചനയായിരുന്നു രമ്യാറാണിയെന്ന നഗ്നസത്യം പഞ്ചായത്ത് പ്രസിഡന്‍റുള്‍പ്പെട്ട ആരാധകവൃന്ദം മനസ്സിലാക്കിയപ്പോള്‍ നിറുത്താതെ ചിരിച്ചത് ആ നാട്ടിലെ യഥാര്‍ഥ പെണ്ണുങ്ങള്‍  തന്നെയായിരുന്നു.
 

അങ്ങനെ സര്‍ക്കസ്സു കഴിഞ്ഞു. തിരുവോണമെത്തി.......
 

 വികാസ് ആര്‍ട്ട്സ്    ആന്‍ഡ്‌ സ്പോര്‍ട്ട്സ്  ക്ലബ്ബില്‍ ഒണാഘോഷപ്പരിപാടികള്‍   തകൃതിയായി നടക്കുന്നു. കഴകയറ്റ മത്സരവും ഉറിയടിയും 
വടംവലിയുമാണ് പ്രധാന ഇനങ്ങള്‍.  രാത്രി സിനിമാ പ്രദര്‍ശനം! ഇന്നത്തെപ്പോലെ ടെലിവിഷനില്‍ വലിയ പരിപാടികള്‍  ഇല്ലല്ലോ അന്ന്‌. അതുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കം  കളികള്‍ കാണാന്‍ വരും.
വടംവലിയ്ക്ക്‌ സമ്മാനമായ 501   രൂപ സ്പോണ്‍സര്‍ ചെയ്തിരുന്ന പട്ടാളം ഗോപിച്ചേട്ടന്‍ കാലുമാറിയെന്ന ഞെട്ടിക്കുന്ന വാര്‍ത്തയുമായി നാലുമണിനേരത്തെ ചൂടുകാറ്റിനോടൊപ്പം  സുഭാഷിന്‍റെ സൈക്കിള്‍
 ക്ലബ്ബിലെത്തി.  
സാമ്പത്തിക ഭദ്രത BPL ആയിരുന്ന വികാസ് ക്ലബ്ബിനു അത് വലിയ 
ഷോക്കായിരുന്നു.  ഭീമന്‍ രഘുവിനേപ്പോലെ ഏഴുപേര്‍ ചേര്‍ന്ന  പുലിക്കോട് ബ്രദേഴ്സ് ആണ് വടംവലിച്ചു സമ്മാനം നേടിയത്..
വൈകിട്ട് അഞ്ഞൂറ്റി ഒന്ന് രൂപ കൊടുത്തില്ലെങ്കില്‍ ആ വടത്തില്‍ ഭാരവാഹികളെ കെട്ടിതൂക്കും.
വായിനോട്ടമല്ലാതെ മറ്റൊരു വരുമാന മാഗ്ഗവും ഇല്ലാത്ത  ഞങ്ങള്‍ക്ക്  ഒരു ഐഡിയ കാണിച്ചു തരൂ ദൈവമേ എന്ന് പറഞ്ഞെല്ലാവരും മുകളിലേക്ക്നോക്കി കണ്ണുകള്‍കൊണ്ട് ശൂന്യതയില്‍ ചിത്രം വരച്ചു.
പെട്ടെന്ന് ഒരു വെളിപാട് പോലെ സ്വാമിനാഥന്‍,
 " എഡാ മനൂ, നിന്‍റെ ചിറ്റപ്പന്‍ ഓണത്തിന് നാട്ടില്‍ വന്നിട്ടില്ലേ, ഗള്‍ഫീന്ന്? ആളു വിചാരിച്ചാല്‍ കാര്യം നടക്കും." എന്ന്  പറഞ്ഞു.

മുതിര്‍ന്നവരുടെ ഉഴപ്പ് കമ്പനിയിലേക്ക് പ്രൊമോഷന്‍ കിട്ടി കറങ്ങി നടക്കുന്ന വെന്ന് ഒരു പ്രഭാതഭേരി എന്നും  പ്രഭാത  ഭക്ഷണത്തോടൊപ്പം  വിളമ്പുന്ന അച്ഛന്‍, ഇനി ഈ  അഞ്ഞൂറ് രൂപ   മേടിച്ച കഥ കൂടെ അറിഞ്ഞാല്‍  എന്‍റെ ഓണം  അത്ര ശുഭകരമാകില്ല എന്നൊരാത്മഗതം  വരുത്തി  ഞാന്‍ മൌനത്തെ കൂട്ടുപിടിച്ചു. .
" എഡാ..പൈസ ചോദിക്കാനല്ല ചിറ്റപ്പന്‍  കൊണ്ടുവന്ന ഒരു കുപ്പി ചോദിക്ക്, കിട്ടിയാല്‍ നമുക്ക് ലേലം ചെയ്യാം"..അവന്‍ വീണ്ടും.
 

അതൊരു നല്ല ഐഡിയ! കുഞ്ഞമ്മയോടു ഈ പ്രതിസന്ധിഘട്ടത്തിന്‍റെ പ്രസക്സ്തി പറഞ്ഞു മനസ്സിലാക്കി  എങ്ങനെയും സംഗതി നടത്താം, എന്നുറച്ച് സൈക്കിളെടുത്ത് പാഞ്ഞു.
നീല ശംഖുപുഷ്പങ്ങള്‍ സ്വാഗതമോതുന്ന വീടിനു മുന്നില്‍ സൈക്കിള്‍ കളഞ്ഞ്  അടുക്കള  ലക്
ഷ്യമാക്കി   മാര്‍ച്ച്‌ ചെയ്തു. അവിടെ അടുപ്പില്‍ തിളച്ചു കിടക്കുന്ന  സേമിയ പായസത്തെ 
സാക്ഷിനിറുത്തി കുഞ്ഞമ്മ കിസ്സ്മിസ്സും കശുവണ്ടിപ്പരിപ്പും നെയ്യില്‍ മൂപ്പിക്കുന്നു.
സംഗതി പറഞ്ഞപ്പോള്‍ കുഞ്ഞമ്മ ഒരു മറുചോദ്യം, "സത്യം പറ മനൂ, ഓണത്തിന് കൂട്ടുകാരുടെ കൂടെ കള്ള്കുടിക്കാന്‍ ആണോ ഈ വടംവലിക്കഥ‍?
ഉള്ള സത്യാവസ്ഥ അറിയാവുന്ന എല്ലാ ദൈവങ്ങളുടെയും പേരില്‍ കുഞ്ഞമ്മേടെ തലയില്‍ തൊട്ടു സത്യം ചെയ്തപ്പോള്‍ തേക്കിന്‍റെ കണ്ണാടി അലമാര തുറന്നു.

 

സില്‍വറും  കറുപ്പും ചേര്‍ന്ന കുപ്പായമിട്ട ഒരു ഷിവാസ് റീഗല്‍!!!

"ചിറ്റപ്പനോടു ഞാന്‍ പറഞ്ഞേക്കാം, വിശ്വസിക്കില്ല  നിന്റെ ഈ കഥ, ഇന്നാ കൊണ്ട് പൊയ്ക്കോ" എന്ന് പറഞ്ഞു കുഞ്ഞമ്മ ആ തറവാടിയെ എന്‍റെ കയ്യിലേക്ക് തന്നപ്പോള്‍ ബഹുമാന സൂചകമായി ഈ ശരീരത്തിലെ എല്ലാ രോമാരാജികളും  എഴുനേറ്റു നിന്നു. കണ്ണുകളില്‍ ആനന്ദാശ്രു!! ആദ്യായിട്ടാണ്‌ ഒരു സ്കോട്ച് ഈ കൈകൊണ്ടു തൊടുന്നത്. ആദ്യ പ്രണയിനിയ്ക്ക് കൊടുക്കാന്‍ കരുതി വച്ചിരുന്ന എന്‍റെ ഒരു മുത്തം ഞാന്‍ അറിയാതെ ഷിവാസ് റീഗല്‍ കട്ടെടുത്തു!
പക്ഷെ കാര്യമില്ലല്ലോ. ലേലം ചെയ്യാനുള്ളതല്ലേ.....

ചിങ്ങ നിലാവിന്‍റെ പുതപ്പിന്‍ കീഴില്‍ ഗ്രാമത്തിലെ  തിരുവോണരാത്രി!
രാവിലെ നടത്തിയ കളികളില്‍ സമ്മാനം നേടിയവരും, സമ്മാനദാനം കഴിഞ്ഞ് സിനിമാ പ്രദര്‍ശനം കാണാനുള്ളവരും മൈതാനത്ത് എത്തിക്കഴിഞ്ഞു. മൈക്കിലൂടെ സുഭാഷിന്‍റെ അന്നൌന്‍സ്മെന്‍റ് : പ്രീയപ്പെട്ട നാട്ടുകാരെ, സുഹൃത്തുക്കളെ, സമ്മാനദാനം ഉടന്‍ തന്നെ ഉണ്ടാകും, നമ്മുടെ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റു ഗോപാലകൃഷ്ണ കുറുപ്പ് നിര്‍വഹിക്കുന്നതാണ്. അതിനു മുന്‍പേ ഒരു "ലേലം വിളി" ഉണ്ടായിരിക്കുന്നതാണ്. ആര്‍ക്കും പങ്കെടുക്കാം. ഒന്നര ലിറ്റര്‍ ഷിവാസ് റീഗല്‍ സ്കോച് വിസ്കീ   ആണ് ഇവിടെ ലേലം ചെയ്യുന്നത്, ഈ ലേലം ഒരു വമ്പിച്ച വിജയമാക്കി തീര്‍ക്കണേ എന്ന് അഭ്യര്‍ത്ഥിക്കുന്നു."

നിമിഷ നേരം കൊണ്ട് 'ഷക്കീല'പ്പടം റിലീസ് ചെയ്ത തീയേറ്റെര്‍ പോലെയായി വികാസ്   ആര്‍ട്ട്സ്  ആന്‍ഡ്‌ സ്പോര്‍ട്ട്സ് ക്ല്ബ്ബ്!!
പോലീസ് വരാന്‍ സാധ്യത ഉള്ളതുകൊണ്ട് സ്കോച്ചിന്‍റെ ഉടുപ്പഴിച്ച് വെളിയില്‍ കാണിക്കാന്‍ വച്ചു, അകത്തുള്ള കുപ്പി ഭദ്രമായി ക്ലബ്ബിനുള്ളിലും.

അഞ്ചുരൂപ ഗണപതിക്ക്‌ വച്ച് ലേലം തുടങ്ങി വച്ചത് ഷണ്‍മുഖന്‍ മേശിരിയാണ്. ഷിവാസ് റീഗലിന്‍റെ  കവര്‍ കണ്ടപ്പോള്‍ തന്നെ ആ കണ്ണുകളില്‍ ആര്‍ദ്രമായ ഒരു തിളക്കം. വാശിയോടെ ആളുകള്‍ വിളി തുടങ്ങീ. ആദ്യഘട്ട പോരാട്ടം ഷണ്‍മുഖന്‍ മേശിരിയും കോണ്ട്രാക്ടര്‍ ബാബുവും, ചെത്തുകാരന്‍ അനിയുമായിരുന്നു. വിട്ടുകൊടുക്കാതെ അയ്യഞ്ചു രൂപ കൂട്ടിവിളിച്ചു മുന്നേറി! പിന്നീട് പക്ഷെ വമ്പന്‍ സ്രാവുകള്‍ രംഗം കയ്യേറി. റേഷന്‍കട മുതലാളി ജയന്‍ ചേട്ടന്‍, വട്ട പലിശ അജയന്‍ തുടങ്ങിവര്‍ വിളിച്ചു തുടങ്ങിയപ്പോള്‍ മോഹവില 900  എത്തിയിരുന്നു!  ആദ്യം വിളിച്ച കണ്ണുകളില്‍ നിരാശ. ഞങ്ങള്‍ക്ക് ആശ്വാസമായി വടംവലിയുടെ സമ്മാനത്തുക കൊടുത്താലും പൈസ മിച്ചം! ലേലം ഇനിയും അവസാനിച്ചില്ല, ഇത് മിക്കവാറും 1500  എങ്കിലും എത്തും.

ലേലംവിളിയുടെ ആവേശത്തില്‍ എല്ലാരും ഭ്രമിച്ചു നില്‍ക്കുമ്പോള്‍ ക്ലബ്ബിനുള്ളില്‍ നിന്നു സ്വാമിനാഥന്‍ എന്നെ കയ്യാട്ടി വിളിച്ചു. 

"എടാ)))))))))))).....അകത്തു വച്ചിരുന്ന കുപ്പി കാണാന്‍ ഇല്ല )))))))))......!!!!!!!!

എന്‍റെ തലയുടെ ഉള്ളിലെവിടെയോ ചുവന്ന നിറമുള്ള വാകകള്‍ കടപുഴകി വീഴാന്‍ തുടങ്ങി. കണ്ണില്‍ ഇരുട്ട് കയറും  പോലെ. ലേലം ഉറപ്പിച്ചാല്‍ സാധനം കൊടുക്കണം. ഇല്ലങ്കില്‍ എല്ലാരും കൂടെ ചവിട്ടിത്തേച്ചു റോഡില്‍ പറ്റിക്കും. ആവേശത്തിന്‍റെ മൂര്‍ദ്ധ്യന്ന്യത്തില്‍ നില്‍ക്കുകയാണ് പുറത്തു ആളുകള്‍.
നക്ഷത്രങ്ങള്‍ ഉറങ്ങാന്‍ തുടങ്ങുന്ന ആ തണുത്ത രാത്രിയിലും ഞങ്ങള്‍ മൂന്നാല് പേര്‍ വിയര്‍ത്തു കുളിച്ചു.
പെട്ടെന്ന് സുഭാഷ്‌ പറഞ്ഞു " എടാ ഇടയ്ക്ക് ഷണ്‍മുഖന്‍ മേശിരി അകത്തോട്ടു പോകുന്ന കണ്ടാരുന്നല്ലോ, ആളിനെ ഇപ്പോള്‍ പുറത്തു കാണാന്‍ ഇല്ല, ഇനി പുള്ളി പണി പറ്റിച്ചതാകുമോ???
സംഗതി സത്യമാണല്ലോ...400  രൂപ വരെ ആവേശത്തോടെ ലേലം വിളിച്ചു കയ്യിലെ പൈസ തീര്‍ന്നു നിരാശനായ ആളിനെ ഇപ്പോള്‍ വെളിയില്‍ കാണാന്‍ ഇല്ല.
സ്വാമിനാഥനും, ഞാനും, സുഭാഷും സൈക്കിളെടുത്ത് അമ്പലത്തിന്‍റെ ഭാഗത്തേക്ക്........
നിലാവ് വീശാന്‍ മടിച്ച ഇടവഴിയില്‍ പാലപ്പൂവിന്‍റെ മാദക ഗന്ധം ഉരുക്കി ഒഴിച്ചപോലെ ഒരു സൌരഭം. ആലിന്‍ ചുവട്ടില്‍ നിന്നു ഇടത്തേക്കുള്ള വഴിയില്‍ ഒരാള്‍ തിടുക്കത്തില്‍ നടക്കുന്നു. സംശയമില്ല  ഷണ്‍മുഖന്‍ തന്നെ. ഞങ്ങളെ കണ്ടപ്പോള്‍ മുഖത്തൊരു പരുങ്ങല്‍.
പെട്ടെന്ന് അടുത്ത് ചെന്ന് സുഭാഷ് ഉടുപ്പ് വലിച്ചു പൊക്കി, നീലയും വയലറ്റും മാറിമാറി വരച്ച അണ്ടര്‍വെയറിന് മുകളില്‍ ഒരു ചോദ്യചിഹ്നം പോലെ അതാ ഷിവാസ് റീഗല്‍!!!!
സിംഹം ഇരയെ പിടിക്കുന്ന ആവേശത്തോടെ സുഭാഷ്‌ മേശിരിയെ കടിച്ചു കീറി.
***************
അങ്ങനെ ആ ഓണക്കാലവും സംഭവബഹുലമായി കഴിഞ്ഞു. കഥകള്‍ ഇപ്പോഴും എല്ലാവരും ഓര്‍ക്കും. ഇന്നിതോര്‍ക്കാനും ഓണ്‍ലയിനായി ചിരിക്കാനും വന്നത് ഇന്ദു. ചെന്നയില്‍ നിന്നു. ഓരോ തവണയും ഇത്തരം മാമ്പഴക്കാലം  ഓര്‍ക്കുമ്പോള്‍ അപൂര്‍വ്വമായ ഒരു ഉന്മാദം എന്നില്‍ വന്നു പൂക്കുന്നുണ്ട്.  ആ ഓര്‍മകള്‍ക്ക് ചിത്രപ്പൂട്ടുള്ള അറകളിലാണ്  സ്ഥാനം. പൊന്നും വെള്ളിയും രക്നങ്ങളും പോലെ..കാലം ചെല്ലുന്നതിനോടൊപ്പം അവയ്ക്ക് തിളക്കം കൂടുന്നുണ്ട്, സുഗന്ധവും!!

Monday, May 21, 2012

ഈശ്വരന്‍ പണി പാലപ്പത്തില്‍ തന്നു..

രു ഒഴുവുകാലം നാട്ടില്‍ ആഘോഷിച്ചതിന്‍റെ ആലസ്യത്തിലാണ് മനസ്സിപ്പോഴും. ഒരു ചെറുമടിയോടെ നാട്ടില്‍നിന്നും തിരിച്ചെത്തുമ്പോള്‍ കടല്‍ക്കരയില്‍ തല ഉയര്‍ത്തി നിന്നിരുന്ന അല്‍-റിയ അപ്പാര്‍ട്ട്മെന്റ്റിലെ ഫ്ലാറ്റിനും മാറ്റം വന്നിരിന്നു എന്ന് തോന്നി. തലേന്നുവരെ അച്ചടക്കമില്ലാതെ ബഹളംവച്ച് കിലുക്കാംപെട്ടിയായി ഓടി നടന്നിരുന്ന പെണ്‍കുട്ടി മഴയുള്ള ഒരു രാത്രി ഋതുമതിയായപ്പോള്‍ പെട്ടെന്ന് വന്ന മാറ്റം പോലെ...! ഫ്ലാറ്റിനുള്ളില്‍ ആവിശ്യതിലധികം അടക്കവും ഒതുക്കവും സൈലന്‍സും!
എന്നെ വലിച്ചു മുറുക്കി കെട്ടിയിരുന്ന ചില കയറുകള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അഴിഞ്ഞു കിടക്കുകയായിരുന്നു, വീണ്ടും അത് ചുറ്റി വരിയുന്ന പോലെ.
 ഫ്ലാറ്റിലിരുന്നപ്പോള്‍ ഒരുതരം വീര്‍പ്പുമുട്ടല്‍. പുറത്തേക്കിറങ്ങി, താഴെ ഈ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് നടുവിലൂടെ വീണുപോയ വെള്ളിയരഞ്ഞാണം പോലെ ഒരു മെലിഞ്ഞ നീര്‍ച്ചാല്‍ ഒഴുകുന്നുണ്ട്. എവിടെയോ ഒളിപ്പിച്ചു വച്ച ഒരു ടാങ്കില്‍ നിന്ന് രാവിലെ എട്ടുമുതല്‍ പത്തു മണിവരെയും വൈകിട്ട് അഞ്ചു മണിമുതല്‍ ഒമ്പത് വരെയും ഒരു നീര്‍ച്ചാല്‍ നടക്കാനിറങ്ങുന്നപോലെ! ബാക്കി സമയം ഒളിച്ചിരിക്കും!!
അതിന്‍റെ ഇരുവശങ്ങളിലും പൂന്തോട്ടമാണ്. കുറച്ചുനേരം അവിടെ ഇരിക്കാന്‍ തോന്നി. ഇസ്മയില്‍ എന്ന ബംഗാളി തോട്ടക്കാരനെ പേടിച്ചു ജീവിക്കുന്ന ചെടികളാണ് തോട്ടത്തിലേത്. ആ നീര്‍ച്ചാലിനോട് ചേര്‍ന്ന് വരിവരിയായി പല വര്‍ണ്ണങ്ങളില്‍ പേരറിയാപ്പൂവുകള്‍,
ഇലകള്‍ ഒതിക്കിപ്പിടിച്ചു കോണ്‍വെന്റു സ്കൂളിലെ കുട്ടികളെപ്പോലെ നല്ല അച്ചടക്കത്തോടെയാണ് അവയുടെ നില്‍പ്പ്!!


മഴപെയ്തു തോര്‍ന്ന പ്രഭാതം. ചക്രവാളത്തിൽ നീലമേഘങ്ങളെ വകഞ്ഞു നീക്കി ചുവന്ന കണ്ണുകളോടെ സൂര്യൻ എത്തി നോക്കി നില്‍ക്കുന്നു. അനു എഴുനേറ്റിട്ടില്ല, രാത്രിമഴയേകിയ സുഖത്തിൽ തലയിണയെ മുറുകെ പുണർന്ന് കിടക്കുകയാണ് മടി പിടിച്ച്. ചൂട് ചായയോടൊപ്പം ഏഷ്യാനെറ്റ്‌ ന്യൂസിലെ ചൂടന്‍ വാര്‍ത്തകളും അകത്താക്കി പെട്ടെന്ന് ഓഫീസില്‍ പോകാന്‍ റെഡിയായി.

രാവിലെ വീണ്ടും പതിവ് ജോലിതിരക്കിലേക്ക്. അവിടെ മാത്രം മാറ്റങ്ങള്‍ ഒന്നുമില്ല. നാട്ടുവിശേഷങ്ങള്‍ കുറച്ചു സമയം അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ച് ജോലി തുടങ്ങി.
വൈകുന്നേരം, നഗരത്തിന്‍റെ കറുത്ത ഞരമ്പുകളില്‍ രക്തയോട്ടം നിലയ്ക്കുന്ന സമയമാണ്. എല്ലായിടവും കൊടും ബ്ലോക്ക്‌. അലറിവിളിക്കുന്ന നഗരത്തിരക്കുകള്‍ക്കിടയിലൂടെ കാറോടിച്ച് പാമ്പും കോണിയും കളിച്ച് വീട്ടിലെത്തി. ഷൂവില്‍ നിന്നും പുറത്തു കടന്ന ആശ്വാസത്തില്‍ വെള്ള സോക്ക്സുകള്‍ ഇട്ട കാലുകള്‍ സോഫയിലേയ്ക്കു വലിച്ചെറിഞ്ഞ്, ടേബിളില്‍ ഇരുന്ന ഒരു കഷണം ചോക്ലേറ്റ് പൊട്ടിച്ചു വായിലിട്ട്, ധ്യാനത്തിന്‍റെ മൌനത്തിലേക്ക്‌ മെല്ലെ ഞാന്‍ നനഞ്ഞിഴയാന്‍ തുടങ്ങുകയായിരുന്നു.

ഈ ചോക്ലേറ്റ് അലിഞ്ഞു തീരും വരെ ഒരു ശബ്ദവും കേള്‍ക്കാതെ.... നിശബ്ദമായിരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് മനസ്സ് ആഗ്രഹിക്കേ, അനു മധുരമുള്ള കപ്പില്‍ ചായയുമായെത്തി.

എന്‍റെ നേരെ സ്നേഹ വിരലുകള്‍ നീട്ടി അവള്‍ ചോദിച്ചു : എന്‍റെ ഒരു വിരലില്‍ തൊടൂ, പ്ലീസ്.

അവളുടെ വിരലിലേക്ക് നോക്കിയപ്പോള്‍ കണ്ണില്‍പ്പെട്ടത് എന്‍റെ പേരെഴുതിയ വിവാഹമോതിരമാണ്. മോതിരത്തിന്‍റെ മുഖത്ത് ഇംഗ്ലീഷ് ഇറ്റാലിക്സ് അക്ഷരങ്ങളില്‍ എന്‍റെ പേര് ഇത്ര വലുപ്പത്തില്‍ എഴുതി വയ്ക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. ചില സത്യങ്ങള്‍ അലറി വിളിച്ചു പറയുന്നതിലും നല്ലത് അടക്കിപ്പറയുമ്പോള്‍ അല്ലേ?

കൈ നീട്ടി നില്‍ക്കുന്ന പ്രിയതമയോട് കാര്യമെന്തെന്ന് ചോദിക്കാന്‍ മെനക്കെടാതെ ഞാന്‍ ഇളം ചുവപ്പ് നിറമുള്ള നെയില്‍ പോളിഷിട്ട നടുവിരലില്‍ തൊട്ടു.

നിരാശയോടെ അവള്‍ ‍ചോദിച്ചു " ഞാന്‍ പ്രതീക്ഷിക്കുന്ന പോലെ ഒന്നും ചെയ്യില്ല എന്ന വാശിയാ അല്ലെ?"

"രണ്ടാമത്തെവിരലില്‍ തൊടുമെന്നായിരുന്നു ഞാന്‍ കരുതിയെ" ..കുപ്പിവളകള്‍ ‍പൊട്ടി തകരുന്ന പോലെ ആയിരുന്നു അവളുടെ ശബ്ദം.
പരിഭവം നിറച്ച മുഖത്തിലേക്ക് അവള്‍ മാറുന്ന കണ്ട്     " ഡോണ്‍ ബി സോ സില്ലി" എന്ന് പറഞ്ഞു ഞാന്‍ എഴുനേറ്റു നടക്കുന്നതും നോക്കി അവള്‍ വിസിറ്റിംഗ് റൂമില്‍ തണുത്ത ചായയ്ക്ക് കാവലിരുന്നു!!


വേഷം മാറി ഒന്ന് കുളിച്ചു ഫ്രഷ്‌ ആകാന്‍ തുടങ്ങുമ്പോഴും ഒരു ചോദ്യം മനസ്സില്‍ അലയടിച്ചു വരുന്നുണ്ടായിരുന്നു. ഇതിനു മുന്‍പും അവളിങ്ങനെ കൈവിരലുകള്‍ നീട്ടി ഒന്നില്‍ തൊടാന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്, അപ്പോഴൊക്കെ ചൂണ്ടു വിരലില്‍ പിടിച്ചു ഞാന്‍ അവളെ സന്തോഷിപ്പിച്ചു. എന്തുകൊണ്ടിത്‌ ഞാനിന്നോര്‍ത്തില്ല?

ആണുങ്ങള്‍ക്ക് മറവി കൂടുതലായി വരുന്നുണ്ടോ? പ്രധാന തീയതി പോലും വേസ്റ്റു ബോക്സുകളില്‍ വീഴുന്ന തുണ്ടുകടലാസ്സുകള്‍ പോലെ നഷടപ്പെട്ടു പോകുന്നുണ്ടോ? ഓര്‍മ്മപ്പെടുത്താനുള്ള ശ്രമങ്ങളെപ്പോലും പരിഹസിച്ച് നമ്മള്‍ എങ്ങോട്ടാണ് ഇത്ര വേഗത്തില്‍ പാഞ്ഞു പോകുന്നത്? പ്രതീക്ഷക്കൊപ്പം നില്‍ക്കുന്നവരെയാണോ പെണ്‍കു‍ട്ടികള്‍ക്കിഷ്ടം? അതോ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേയ്ക്ക് കൂട്ടികൊണ്ട് പോകുന്നവരെയോ?

ഇങ്ങനെ ഒരു ആത്മചിന്തനം കുളിമുറിയില്‍ വച്ചുണ്ടായീ!!

അതുകൊണ്ട് ആ സായാഹ്ന്നത്തിന്‍റെ മൂഡ്‌ വെറുതെ കളയണ്ട എന്ന് കരുതി ഞാന്‍ അനൂനോട് "നമുക്കൊന്ന് പുറത്തു പോയാലോ?" എന്ന് ചോദിച്ചു. കാഴ്ചകള്‍ കാണാന്‍ അവള്‍ക്കു കൌതുകമാണെന്നറിയാമായിരുന്നു.
"ഗുഡ് ഐഡിയ, ബട്ട്‌ എങ്ങോട്ട്? "

കുറേ  ദൂരം പോയി ഒരു ഐസ് ക്രീം കഴിക്കണം! എ ചേഞ്ച്‌!!

നിഗൂഡമായ സ്വകാര്യതകളിലൂടെ കാറോടിച്ച് ഒരു ലോങ്ങ്‌ നൈറ്റ്‌ ഡ്രൈവ്.

പ്രകാശം വെള്ളി പൊഴിക്കുന്ന നക്ഷത്ര വിളക്കുകളെ സാക്ഷിയാക്കി അവള്‍ രണ്ടു ‍ ചോക്ലേറ്റ് ഐസ് ക്രീം കപ്പ്‌ കാലിയാക്കി.

ഇത്തരം കുഞ്ഞു മോഹങ്ങളുടെ അക്കരെയും ഇക്കരെയും കടവുതോണി കിട്ടാതെ നില്‍ക്കുന്ന യാത്രക്കാരാകാറുണ്ടോ ഞങ്ങള്‍ എന്നെനിക്കു ഒരു നിമിഷം തോന്നി.

മടക്കയാത്രയില്‍ അവള്‍ വളരെ സന്തോഷവതിയായിരുന്നു. തണുത്ത കമ്പളം പുതച്ചു ഉറങ്ങാന്‍ കിടക്കുന്ന മരുഭൂമി, അതിനു നടുവിലൂടെ കുതിരയുടെ ഉന്മാദത്തോടെ കുതിച്ചുപായുകയാണ് കാര്‍.
ഫ്ലാറ്റിലെത്താറാകുമ്പോഴേക്കും മഴ പെയ്യാന്‍ തുടങ്ങി.

രാത്രിയുടെ നാലാംയാമം. ഏതോ വിദേശ പുഷ്പത്തിന്‍റെ സുഗന്ധവുമായി ഒരിളംകാറ്റ് ജനലഴികള്‍ക്കിടയിലൂടെ എന്‍റെ കിടപ്പുമുറിയിലെത്തി. ആകാശത്തിന്‍റെ തണുപ്പുമായി മഴനൂലുകള്‍ ഭൂമിയിലേയ്ക്ക് വീണുകൊണ്ടിരുന്നു. ഡബിള്‍ കോട്ടിനു അടുത്തുള്ള
വെളുത്ത സ്റ്റാന്‍ഡില്‍ ഞങ്ങളുടെ കല്യാണ ഫോട്ടോ. അതിന്‍റെ വശത്തായി നീല വെളിച്ചം തൂകി നില്‍ക്കുന്ന ബെഡ് ലാംബ്. ആ നിലാ വെട്ടത്തില്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ കിടക്കുന്ന കട്ടിലിന്‍റെ അരികില്‍ ഒരാള് നില്‍ക്കുന്നു!!!
"അയ്യോ..ആരാഡാ!! ബെഡ്റൂമില്‍ കേറിയത്‌ ആരാഡാ))))))"?? എന്നലറാന്‍ തോന്നിയിട്ടും വാക്കുകള്‍ പുറത്തു വരുന്നില്ല.

‍ "മനൂ"..ഭയപ്പെടേണ്ട, ഞാന്‍ നീ വിളിക്കുന്ന സ്വാമിയാണ്. നിന്‍റെ ഈശ്വരന്‍"!!!!!!!!!!

തളിരിലകളില്‍ മഞ്ഞു പെയ്യുംപോലെ മൃദുലമായിരുന്നു ആ ശബ്ദം.

ഞാന്‍ ചാടി എഴുനേറ്റു.

കാഴ്ചയില്‍ ആറര അടി ഉയരം, നീട്ടി വളര്‍ത്തിയ മുടിയിഴകള്‍ മുറിയിലെ വെളിച്ചത്തില്‍ സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങുന്നു. നിലാവില്‍ അലക്കിയെടുത്ത വസ്ത്രങ്ങള്‍ക്ക് പാലിനേക്കാള്‍ വെണ്മ! നക്ഷത്രങ്ങള്‍ ‍കൊണ്ട് കോര്‍ത്ത പോലെ ഒരു വജ്രമാല കഴുത്തില്‍ തിളങ്ങുന്നുണ്ട്. മുഖത്തിന്‌ വെണ്ണയുടെ നിറം, ഉടലിനു ഗോതമ്പിന്റെയും!! ഇത്രയും വശ്യസൌന്ദര്യമുള്ള ഒരു പുരുഷരൂപം ഞാന്‍ ആദ്യമായാണ്‌ കാണുന്നത്.

എന്‍റെ വെപ്രാളം കണ്ട് സ്വാമി ചിരിച്ചു, ഇളം ചോപ്പുള്ള ചുണ്ടില്‍ അപ്പോള്‍ വിരിഞ്ഞത് ഒരു അരിമുല്ലപ്പൂവ്!!

ശാന്തമായ സ്വരത്തില്‍ ഭഗവാന്‍ ചോദിച്ചു, " മനൂ, നിനക്ക് ഒരു ജന്മം കൂടി വേണോ? എങ്കില്‍ നിനക്ക് ആരെയൊക്കെ കൂടെ വേണം?!!!???

എനിക്ക് പെട്ടെന്ന് ഉത്തരം കിട്ടിയില്ല. അത് പണ്ടേ അങ്ങനെയാണ്. പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ ഞാന്‍ പെട്ടെന്ന് കുട്ടിയാകും!

ഒരു വശത്ത് "ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നിന്നെ മാത്രമേ വിവാഹം കഴിക്കൂ" എന്ന് ഉറപ്പു കൊടുത്തു നില്‍ക്കുന്ന കാമുകി, പാലപ്പത്തിന്റെ നിറമുള്ളവള്‍, മറുവശത്ത്. ഒന്നുമറിയാത്ത പാവത്തെ പോലെ കിടന്നുറങ്ങുന്ന അനു!
ആകെ കണ്‍ഫ്യുഷന്‍!!

ഇന്ന് എന്തായാലും തീരുമാനതിലെത്താന്‍ പറ്റില്ല, "നാളെ വരാമോ സ്വാമീ" എന്ന് ദയനീയമായി ചോദിച്ചു.
"ശരി, നാളെ രാത്രി ഇതേ സമയം വീണ്ടും ഞാന്‍ വരും. അപ്പോള്‍ ഉത്തരം പറയണം" ..മറുപടിക്ക് കാത്തു നില്‍ക്കാതെ സായം കാലത്തെ വെയില്‍ മായും പോലെ ഈശ്വരന്‍ മറഞ്ഞു!!

അയ്യോ, കഷ്ടമായീ, ഈശ്വരന്‍ അടുത്ത് വന്നിട്ടും ഒന്നും ചോദിക്കാന്‍ പറ്റിയില്ല. എങ്ങനെയാണ് അകത്തു വന്നത്? അടുത്ത് വേറെ വല്ല ഫ്ലാറ്റിലും പോയോ? ഇങ്ങനെ കണ്ണുകള്‍ കൊണ്ട് ചിരിക്കാന്‍ ആരാണ് പഠിപ്പിച്ചത്? അങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍..ഒന്നും ചോദിയ്ക്കാന്‍ പറ്റിയില്ല..മണ്ടന്‍ മരമണ്ടന്‍.

ഒന്നുമറിയാതെ തിരിഞ്ഞു കിടന്നുറങ്ങുന്ന അനൂനെ വിളിച്ചുണര്‍ത്തി. "അനൂ..അനൂ..എഴുനേല്‍ക്കൂ...... നമ്മുടെ ബെഡ്റൂമില്‍ ദൈവം വന്നെടോ, ഇപ്പോള്‍ പോയതെ ഉള്ളൂ"

അനൂനു ആദ്യം പിടികിട്ടിയില്ല, പിടികിട്ടിയപ്പോള്‍ അവള്‍ ഒരു വടിയെടുത്തു. " രാത്രി കിടക്കുന്നതിനു മുന്‍പ് എത്ര പെഗ്ഗാ കമഴ്ത്തിയത്‌, കിടന്നുറങ്ങെന്‍റെ മനൂ..പാതിരാത്രിയില്‍ വട്ടു പറയാതെ.."""

നിറയെ പൂക്കളുള്ള ഒരു ഇലഞ്ഞിമരം പിടിച്ചു കുലുക്കും പോലെ അനുവിന്‍റെ ചുമലുകളില്‍ പിടിച്ചു കുലുക്കി ഉണര്‍ത്താന്‍ ഞാന്‍ നോക്കിയിട്ടും ഉറക്കത്തിന്‍റെ മേലാട ഊരിക്കളയാന്‍ അവള്‍ തയാറായില്ല. എന്‍റെ ഇടത്തേ കവിളില്‍ ഒരു കുഞ്ഞി ഉമ്മ തന്നു ആശ്വസിപ്പിച്ച് അവള്‍ മയക്കത്തിന്‍റെ പുതപ്പിനടിയിലേക്കു നൂഴ്ന്നു കയറി.

ഇവളോട്‌ പറഞ്ഞിട്ട് കാര്യമില്ല. ആര്‍ക്കിടെക്ച്ചറും, നെയില്‍ പോളിഷും, ചിക്കന്‍ ചാപ്സും മാത്രമേ ഇവള്‍ക്ക് മനസ്സിലാകൂ.
നാളെ വീണ്ടും ദൈവം വരുമോ? വന്നാല്‍ എന്ത് ഉത്തരം പറയും? ആരൊക്കെ വേണം എന്റെകൂടെ അടുത്ത ജന്മം? ഇപ്പോഴത്തെ അച്ഛന്‍ അമ്മ, ഏക പെങ്ങള്‍ മിനി ഒക്കെ ഇത് പോലെ തന്നെ അടുത്ത ജന്മവും കൂടെപ്പോന്നോട്ടെ.
പക്ഷെ... പാലപ്പത്തിന്‍റെ നിറമുള്ള അവള്‍??ചുവപ്പ് ലിപ്സ്റ്റിക്ക് ഇട്ടുകൊണ്ട്‌ ആദ്യമായി എന്‍റെ മുഖത്ത് ചിത്രമെഴുതിയവള്‍?? ഈ ജീവിതത്തില്‍ ഞാന്‍  കൈവിട്ട ആദ്യത്തെ പ്രണയിനി, അടുത്ത ജന്മവും അവളെ ഉപേക്ഷിക്കേണ്ടി വരുമോ? ആലോചിക്കാന്‍ വയ്യ. എത്ര കരഞ്ഞിട്ടാണ് അവള്‍ മറ്റൊരു കല്യാണത്തിലൂടെ അകന്നു പോയത്?

അയ്യോ അപ്പോള്‍ അവളെ വേണമെന്ന് കരുതിയാല്‍ അനുവോ? എന്‍റെ അരുകില്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ഈ പാവം പെണ്‍കുട്ടി, എന്നെ വിശ്വസിച്ചു കൈപിടിച്ച് ജീവിതത്തിലേക്ക് വന്നവള്‍,  അപ്പോള്‍ എന്ത് ചെയ്യും?അവളെ ഉപേക്ഷിക്കുന്നതെങ്ങനെ? ഹോ......വയ്യ..തീരുമാനത്തിലെത്താന്‍ വയ്യ.

എന്തായാലും നാളെ ഒരു ദിവസം ഉണ്ട്..വേറെ ആരോടും അഭിപ്രായം ചോദിയ്ക്കാന്‍ പോകണ്ട. വട്ടാണെന്ന് പറയും.പണി പാളും. അതുകൊണ്ട് നാളെ അനൂനോട് തന്നെ ചോദിക്കാം. അവള്‍ തന്നെ പറയട്ടെ എന്ന് കരുതി.

പിറ്റേന്ന് രാത്രി, അത്താഴ മേശയില്‍ ചപ്പാത്തിയെ ദാല്‍ കറി കൊണ്ട് സ്നാനം ചെയ്യിക്കുമ്പോള്‍ ഞാന്‍ തുടക്കമിട്ടു: അനൂ ഇന്ന് രാത്രി എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഭക്ഷണശേഷം പ്രാര്‍ഥിച്ചു അവള്‍ കിടക്കാന്‍ നേരം വെള്ളയില്‍ ചുവപ്പ് പുള്ളികള്‍ ഉള്ള രണ്ടു തലയിണകളെ സാക്ഷി നിറുത്തി ഞാന്‍ ദൈവം പറഞ്ഞ കാര്യം അവളോട്‌ ചോദിച്ചു:

"ഞാന്‍ അടുത്ത ജന്മമുണ്ടെങ്കില്‍ ആരെ വിവാഹം കഴിക്കണം? നിന്നെയോ, അതോ "പാലപ്പത്തിനെയോ"??


ആ രാത്രിയുടെ നാലാം യാമം.

വാക്ക് തെറ്റിക്കാതെ ഭൂമിയിലേക്ക്‌ ഇറങ്ങി ഭഗവാന്‍ കൃത്യ സമയത്ത് തന്നെ എന്റെ ഫ്ലാറ്റിനു വെളിയില്‍ വന്നു. അകത്തു നിന്നും ഉച്ചത്തിലുള്ള ശബ്ദം കേട്ട് സ്വാമി ഒന്ന് കാതോര്‍ത്തു.

ചില്ല് ഗ്ലാസ് പൊട്ടിത്തകരും പോലെ അനൂന്റെ ശബ്ദം :" നിങ്ങള്‍ ഏതു പാലപ്പത്തിനെ വേണമെങ്കിലും കല്യാണം കഴിച്ചോളൂ, പക്ഷെ അതിനു ഈ കല്ല്‌ വച്ച നുണ പറയരുത്", കള്ളു  കുടിച്ചപ്പോള്‍ പഴയ കാമുകി ഉള്ളില്‍ ഇരുന്നു വിളിക്കുന്നുവെങ്കില്‍ അത് പറഞ്ഞാല്‍ പോരെ?, ഈശ്വരന്‍ പറഞ്ഞു പോലും!!, ആ ഈശ്വരനെ എന്റെ അടുത്ത് കൊണ്ട് വരൂ, ഞാന്‍ മറുപടി കൊടുക്കാം, ഞാന്‍ വീട്ടിലോട്ടു വിളിച്ചു ചോദിക്കട്ടെ, ഈ പാലപ്പത്തിനെ അവിടെ എത്ര പേര്‍ക്ക് അറിയാമെന്നു  അറിയണമെനിക്ക്..നാളെ നേരം ഒന്ന് വെളുത്തോട്ടെ...  
നിങ്ങള്‍ ഭൂലോക കള്ളനാണ്, ഞാനെങ്ങനെ വിശ്വസിക്കും നിങ്ങളെ? എന്‍റെ ഈശ്വരാ..........


വെളിയില്‍ നിന്നും എല്ലാം കേട്ട ശേഷം സാഹചര്യം അത്ര പന്തി അല്ല എന്ന് മനസ്സിലാക്കി ആ എട്ടാം നിലയില്‍ നിന്നും ഡയറക്റ്റ് പുഷ്പക വിമാനത്തിലേക്ക് ചാടി ഈശ്വരന്‍ സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി പോയീ..

ദുഷ്ടന്‍!! എന്നെ  ഈ പ്രതിസന്ധിയിലാക്കി  കടന്നു അല്ലെ?  

Wednesday, March 21, 2012

ഇഷ്ടങ്ങളുടെ കുരുവിക്കൂടുകള്‍.....

ന്ന് ഞാന്‍ ഒന്നാം വര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ഥിയായി ചരിത്രമുറങ്ങുന്ന തലസ്ഥാന നഗരിയിലെ പ്രമുഖ കലാലയത്തില്‍ അര്‍മാദിച്ചു നടക്കുന്ന കാലം.പത്താം ക്ലാസ്സിലെ നാണംകുണുങ്ങിയും ആത്മവിശ്വാസക്കുറവുമുള്ള ആ മെലിഞ്ഞ പയ്യനില്‍ നിന്നും രണ്ടു വര്‍ഷത്തെ പ്രീ-ഡിഗ്രീ വിദ്യാഭ്യാസം എന്നെ ബഹുദൂരം മുന്നില്‍ എത്തിച്ചിരുന്നു. മൂന്നു പെണ്‍കുട്ടികള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനു മുന്നിലൂടെ പോലും നടക്കാന്‍, കാരണമറിയാത്ത ഏതോ അപകര്‍ഷതാബോധം പിന്നിലോട്ടു വലിച്ചിരുന്ന എന്നെ, വെറും രണ്ടു വര്‍ഷത്തെ കലാലയ അനുഭവം മറ്റൊരാളാക്കി മാറ്റി. നക്ഷത്രനയനങ്ങള്‍ കൂട്ടംകൂടി തിളങ്ങി നില്‍ക്കുന്ന വഴിയിലൂടെ തല ഉയര്‍ത്തിപ്പിടിച്ചു സഞ്ചരിക്കാന്‍ ഈയുള്ളവനെ പ്രാപ്തനാക്കിയ അന്നത്തെ സൌഹൃദ കൂട്ടായ്മയിലെ ഗുരുക്കന്മാരെ ഇപ്പോള്‍ നന്ദിയോടെ സ്മരിക്കുന്നു!! നിലാവ് കരയിട്ട നൊസ്റ്റാള്‍ജിയ പോലെ ആ കാലം എനിക്ക് കോളേജിന്‍റെ നാളുകളിലെ നിറമുള്ള ഓര്‍മകളാണ്.

"പ്രണയിക്കാന്‍ പറ്റിയത് മഴക്കാലത്താണ്", കര്‍ക്കിടകത്തില്‍ നിന്ന് ഓണക്കാലത്തേക്ക് നീണ്ട ഒരു കുഞ്ഞുമഴ കോളേജിന്‍റെ കൊലുസ്സുകെട്ടിയ പാദങ്ങള്‍ നനച്ച് കുസൃതിയായി പെയ്ത ഒരു ഉച്ചനേരം,കാന്റീനില്‍ ഇരുന്ന് സുഭാഷ്‌ പറഞ്ഞു.

"പാഴായ പ്രണയം ചീഞ്ഞ മുല്ലപ്പൂ പോലെയാണ്, തലയില്‍ ചൂടാനും പറ്റില്ല സുഗന്ധം മനസ്സില്‍ ബാക്കി നില്‍ക്കുന്നതുകൊണ്ട് ചവിറ്റുകുട്ടയിലെക്കെറിയാനും കഴിയില്ല" . അന്നൊക്കെ പ്രണയത്തെക്കുറിച്ച് അവന്‍ പറയുമ്പോള്‍ കണ്ണടച്ച് വിശ്വസിക്കാന്‍ തോന്നും. തികഞ്ഞ പരിചയ സമ്പന്നതയോടെ, നിറഞ്ഞ ആധ്യാത്മികഭാവത്തോടെയാണ് ഓരോ വാക്കുകളും.


"ഒരാള്‍ക്ക്‌ ഒരേ സമയം എത്ര പേരെ പ്രേമിക്കാനാകും?" എന്ന എന്‍റെ ചോദ്യത്തിന് സുഭാഷ്‌ ഉത്തരം പറയാതെ ഒരു മറു ചോദ്യം നീട്ടി "എത്ര മുറികളുണ്ട് നിന്‍റെ വീടിന്‌"?

ഞാന്‍ രണ്ടു മുറി കൂട്ടിപ്പറഞ്ഞു: "എട്ട്",

"വീട് നിന്‍റെ ഹൃദയമാണെന്നു കരുതുക", അതിലെ എല്ലാമുറികളും പ്രണയിനികളായ കുരുവികള്‍ക്ക് കുടിയേറാനുള്ള കൂടുകളാണ്. ഒരാള്‍ക്കോ അല്ലെങ്കില്‍ ഒരുപിടി കുരുവികള്‍ക്കോ"..മലയാളം പ്രോഫെസ്സര്‍ ശാകുന്തളം വിവരിക്കുന്ന പോലെ അവന്‍ വാചാലനായി.

"എത്ര പേര് നിന്‍റെ വീട്ടില്‍ കൂട് കൂട്ടിയിട്ടുണ്ട്"? ഞാന്‍ ചോദിച്ചു.

കള്ളച്ചിരിയോടെ പുറത്തുപെയ്യുന്ന മഴയിലേയ്ക്ക് കൈനീട്ടി നനയിച്ചുകൊണ്ട് അവന്‍ പറഞ്ഞു : കൂടുകളെല്ലാം ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നു, വരാനിരിക്കുന്ന ദേശാടനക്കിളികളെ കാത്തിരിക്കുകയാണ് ഞാന്‍"

ഇത്രയും പ്രണയാര്‍ദ്രമായ മനസ്സും ശരീരവുമുള്ള മറ്റൊരാളെയും ഞാന്‍ മുന്‍പ് കണ്ടിട്ടില്ല, അത്രയ്ക്കും തേനില്‍ മുക്കിയ നീലക്കരിമ്പായിരുന്നു സുഭാഷിന്‍റെ മനസ്സ്!!

"കൂട്ടുകാരിയുടെ ഓട്ടോഗ്രാഫില്‍ എഴുതാന്‍ പ്രണയത്തിന്‍റെ സുഗന്ധം ഉള്ള രണ്ടു വരി വേണം, നീ പറയു" എന്ന് എന്നോടൊരിക്കല്‍ അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. കാരണം പ്രണയിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാം തോറ്റു പിന്‍വാങ്ങിയ ആളായിരുന്നു ഞാന്‍. ഹൃദയത്തിന്‍റെ ക്ഷണക്കത്തും നീട്ടി ഞാന്‍ കാത്തിരുന്നത് കാണാതെ എത്രയോ മുഖങ്ങള്‍ മുന്നിലൂടെ നടന്നുപോയീ, കരിയിലകള്‍ കൊണ്ട് പുഷ്പവൃഷ്ടി നടത്തി കലാലയ മുത്തശ്ശി എന്നെ പരിഹസിച്ചു!

പ്രണയമെഴുതിയ കടലാസ്സുമെടുത്തു ഒരു മൂളിപ്പാട്ടും പാടി സുഭാഷ് നടന്നകലുമ്പോള്‍ ഒരു കാര്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു, ഇവിടെനിന്നും പടിയിറങ്ങും മുന്‍പ് ഒരു കുരുവി എങ്കിലും എന്‍റെ മനസ്സില്‍ കൂടുകൂട്ടിയിരിക്കും, ഒരു മൈന!! അവള്‍ ആരായിരിക്കും? ഇപ്പോള്‍ എവിടെ ആയിരിക്കും??

പെണ്‍കുട്ടികളെ കാണുമ്പോള്‍ മനസ്സിലെവിടെയോ പാലപൂക്കുന്ന പ്രായം. പറന്നു പോകുന്ന കാക്കയെ പോലും ക്യുട്ടിക്കൂറ പൌഡര്‍ ഇട്ടു പ്രണയിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കൌമാരത്തിന്‍റെ തെന്നിത്തെറിക്കുന്ന മനസ്സ്. ഗെസ്റ്റ് ലെക്ച്ചറര്‍ ആയി ഷേക്ക്‌സ്പിയറിനേയും ഷെല്ലിയെയും പരിചയപ്പെടുത്താന്‍ വന്ന ആന്‍മേരി ടീച്ചര്‍, അവരുടെ നഖങ്ങളില്‍ ചുവന്ന നെയില്‍പോളിഷിന്‍റെ ആഘോഷം, മുന്നേറ്റത്തിന്‍റെ ആര്‍ഭാടം കാണിക്കുന്ന ബ്ലൌസ്, ഉടലഴകുകള്‍ എടുത്തു കാണിക്കുന്ന ഷിഫോണ്‍ സാരി, സെന്റുകുപ്പി പൊട്ടിത്തൂവിയ സുഗന്ധം ക്ലാസ്സ്മുറിയിലെങ്ങും, അവാര്‍ഡു സിനിമയ്ക്കു ആളിരിക്കും പോലെയുള്ള ഇംഗ്ലീഷ് സാഹിത്യ ക്ലാസ്സില്‍ പ്രണയാതുരരായ ഈച്ചകളെ ആകര്‍ഷിച്ചു കയറ്റുന്ന മിഠായി കടലാസ്സായിരുന്നു ആന്‍മേരി ടീച്ചര്‍!!
ചുവപ്പും പച്ചയും മഞ്ഞയും വര്‍ണ്ണങ്ങളില്‍ അഴകിന്‍റെ മഴവില്ല് വിരിയിച്ചുകൊണ്ട്‌ ചുരിദാറിലും, സാരിയിലും, ദാവണിയിലും, പട്ടുപാവാടയിലുമെല്ലാം പെണ്‍കിടാങ്ങള്‍ എന്‍റെയും സുഭാഷിന്റെയും രക്തം ആവിയാക്കി, രാത്രികള്‍ നിദ്രാവിഹീനമാക്കി. കൌമാരങ്ങളെ പ്രലോഭിപ്പിച്ച മായാസുന്ദരികളെ ഓര്‍ത്ത് വിഹ്വലമായ അമ്ലമഴകള്‍ വീഴുന്നത് സ്വപ്നം കണ്ട്, പ്രണയച്ചൂളയില്‍ തിരിഞ്ഞും മറിഞ്ഞും അര്‍ദ്ധമയക്കത്തില്‍ കിടക്കുമ്പോള്‍, അമ്മ നെറ്റിയില്‍ തൊട്ട്‌ നോക്കി "പനിച്ചൂടാണെന്നു തോന്നുന്നു" എന്ന് പറഞ്ഞു ഫാനിന്‍റെ സ്പീഡുകൂട്ടിയിട്ട് പോകും. നമ്പീശന്‍റെ ആയുര്‍വേദ വൈദ്യശാലയിലെ ഒരു മരുന്നിനും എന്‍റെ ഈ രോഗത്തെ ശമിപ്പിക്കാന്‍ കഴിയില്ല അമ്മേ എന്ന് ഒരു ആത്മഗതം ഉയരും അപ്പോള്‍.


ഒരു സായാഹ്ന്നത്തില്‍ അലസമായി പെയ്യുന്ന മഴയോട് കൂട്ടുകൂടി വരാന്തയില്‍ ഇരിക്കുമ്പോള്‍ അമ്മ വന്നു പറഞ്ഞു. "കിളിമാനൂരിലെ കല്യാണമാണ് ഞായറാഴ്ച, നീ പോണം.  ക്ലാസ് കഴിഞ്ഞു വെള്ളിയാഴ്ച തന്നെ പൊയ്കോളൂ".

ഭാസുര തങ്കച്ചി, അമ്മയുടെ ഇളയ അനുജത്തി, അവരുടെ മകളുടെയാണ് കല്യാണം. ബന്ധുജനങ്ങള്‍ എല്ലാവരും കൂടും. കോളേജും, വൈകുന്നേരത്തെ അമ്പല മൈതാനത്തിലെ കളികളും, കാവില്‍ തൊഴുതു കളഭത്തിന്‍ ഗന്ധം പരത്തി വരുന്ന സുരസുന്ദരികളെ യാത്രയാക്കി ആല്‍ത്തറയില്‍ ഇരുന്നും , രാത്രി വരെ നീളുന്ന വെടിപറച്ചിലും ഒക്കെയായി ദിവസങ്ങള്‍ ആഘോഷിച്ചു പോരുന്നതിനിടയില്‍ രണ്ടു ദിവസം കിളിമാനൂര്‍ പോയി നില്‍ക്കുന്നതില്‍ താല്‍പ്പര്യം തീരെ ഇല്ലായിരുന്നു, എങ്കിലും പോകാതെ വയ്യ. അച്ഛന്‍ ഇടപെടുന്നതിലും നല്ലത് അമ്മയെ അനുസരിക്കുന്നതാണ് എന്ന് മനസ്സില്‍ ഓര്‍ത്തു.

കല്യാണത്തിരക്കുകളുടെ കൂട്ടത്തില്‍ ഞാനും കൂടി. കാറ്റിന് നെയ്യിന്‍റെയും പരിപ്പിന്‍റെയും സാമ്പാറിന്‍റെയും മണം!! എല്ലാവരും കൂടിയപ്പോള്‍ ഒരു ഉത്സവ പ്രതീതി. അടുത്തറിയുന്നതും തീരെ അറിയാത്തതുമായ ബന്ധുക്കള്‍. അടുക്കള മുഴുവന്‍ സ്ത്രീ ജനങ്ങള്‍ കയ്യെറിക്കഴിഞ്ഞു. ഭാസുരക്കുഞ്ഞമ്മ തിരക്കിലാണ്, അടുപ്പിലെ വെളിച്ചെണ്ണയില്‍ മുങ്ങിയും പൊങ്ങിയും കളിക്കുന്ന നെയ്യപ്പത്തിന്‍റെ മുഖം ചുവക്കുന്നത് ഞാന്‍ കുറച്ചു നേരം നോക്കി നിന്നു. അപ്പോഴാണ്‌ പച്ചക്കറികള്‍ അറിയുന്നവരുടെ കൂട്ടത്തില്‍ ഇരുന്ന് ഒരു "തക്കാളി" എന്നെ കൂടെ കൂടെ ശ്രദ്ധിക്കുന്നത് കണ്ടത്. കൂടെ ഇരിക്കുന്നവരോട് തമാശകള്‍ പറഞ്ഞിട്ട് ആ ചിരി അവസാനിക്കുന്നത്‌ എന്നെ നോക്കിയാണെന്ന് ഞാന്‍ മനസ്സിലാക്കി. മനസ്സില്‍ ലഡ്ഡു പൊട്ടി!!! ചിറ്റപ്പന്‍റെ ബന്ധത്തില്‍ മാവേലിക്കരയിലുള്ള കുട്ടിയാണെന്ന് പിന്നെ ആരോടോ ചോദിച്ചു മനസ്സിലാക്കി. അമ്മയോടും അച്ഛനോടും ഒപ്പം കല്യാണത്തിന് എത്തിയതാണ്. മനസ്സിരുത്തി രണ്ടുവര്‍ഷം പത്താം ക്ലാസില്‍ പഠിച്ച ശേഷം യൂണിവേഴ്സിറ്റിയെ കഷ്ട്ടപ്പെടുത്താന്‍ ഇപ്പോള്‍ പ്രീ-ഡിഗ്രി ചേര്‍ന്ന് പഠിക്കുന്നു. പേര് അമ്പിളി.


രാത്രിവൈകും വരെ പലതരം ജോലികള്‍ എല്ലാവരും ചെയ്തുകൊണ്ടിരുന്നു. പിന്നെ ഒരു ടൈംപാസ്സിനായി അന്താക്ഷരി കളി തുടങ്ങി. കുടുംബത്തിലെ ഗായകന്മാരും ഗായികകളും അവരവരുടെ കഴിവുകള്‍ തെളിയിച്ചു മുന്നേറി. എന്‍റെ പാട്ടുകേട്ടപ്പോള്‍ അമ്പിളിയുടെ മുഖം 100 വോള്‍ട്ട് ബള്‍ബു കത്തുന്നപോലെ പ്രകാശിച്ചു. കുഞ്ഞമ്മയുടെ പിറകില്‍ നിന്ന് സൂക്ഷിച്ച്, ഈ ലോകത്ത് ഞാനൊരാള്‍ മാത്രം കാണാനായി മുല്ലപ്പൂ പോലെയൊരു ചിരി എന്റെ നേര്‍ക്ക്‌ നീട്ടി.

പെണ്‍കുട്ടികള്‍ ഇങ്ങനെ കള്ളച്ചിരി ചിരിക്കാന്‍ പഠിക്കുന്നത് ഏതു ക്ലാസ്സില്‍ വച്ചാണ്? അവരുടെ കള്ളത്തരങ്ങള്‍ക്ക്‌ സുന്ദരവും മൃദുലവുമായ
സ്വാഭാവികത വരുന്നത് കൊഞ്ചലും നാണവും കലരുന്നതിലാണോ? ആണുങ്ങളുടെ മുഖത്തെ കള്ളത്തരങ്ങള്‍ക്ക്‌ ഇത്ര വശ്യഭംഗി ഇല്ലാത്തത് ഈ മീശയുടെ കറുപ്പ് നിറം കൊണ്ടാണോ? ഇങ്ങനെ കുറെ ചിന്തകള്‍ മനസ്സില്‍ മിന്നിമാഞ്ഞു.


വിജനമായ ഭൂമികയില്‍, തണുത്തരാത്രികളില്‍ ഉണര്‍ന്നിരുന്ന്, കണ്ണെത്താ ദൂരം നിറയെ സ്വര്‍ണ്ണവിളക്കുകള്‍ കൊളുത്തിവച്ച്, തിളങ്ങുന്ന കണ്ണുകളില്‍ ദീപാവലിയായി ഇരിക്കുന്ന ഇവള്‍ക്ക് വേണ്ടിയാണോ ഞാന്‍ ഇത്രനാളും എന്‍റെ മനസ്സില്‍ വാഴനാരുകൊണ്ട് മൃദുലമായ കുരുവിക്കൂട് കെട്ടി കാത്തിരുന്നത്?


കണ്ണുകള്‍ തമ്മില്‍ ഇടവേളകളില്ലാതെ കൂട്ടിമുട്ടി. പക്ഷെ ഞങ്ങളുടെ നാലുകണ്ണുകള്‍ അല്ലാതെ മറ്റു രണ്ടു കണ്ണുകള്‍ കൂടി ഈ കഥകളിയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട് എന്ന് ഞാനോ അമ്പിളിയോ സാക്ഷാല്‍ ആകാശത്തിലെ പൊന്നമ്പിളിയോ അറിഞ്ഞില്ല. ആ കണ്ണുകളുടെ ഉടമ ഭാസുരക്കുഞ്ഞമ്മ ആയിരുന്നു.

കല്യാണം ഭംഗിയായി കഴിഞ്ഞു. ഓരോ ബന്ധുക്കളായി പടിയിറങ്ങാന്‍ തിടുക്കം കൂട്ടി. അലങ്കാര വിളക്കുകള്‍ ഉറങ്ങാന്‍ തുടങ്ങി. സംസാരമഴ പെയ്തു തോര്‍ന്ന ശാന്തതയില്‍ എന്‍റെ കണ്ണുകള്‍ അവളെ തിരഞ്ഞു. അയലത്തെ വീട്ടുമുറ്റത്തേക്ക് സ്നേഹത്തിന്‍റെ കൈകള്‍ നീട്ടിനില്‍ക്കുന്ന ധാരാളിയായ മുത്തശ്ശിതേന്മാവിന് ചുവട്ടില്‍ കാതരമിഴികളോടെ മഞ്ഞ പട്ടുപാവാടയില്‍ അവള്‍!! ,. കുളിമെടച്ചിലില്‍ മുടി മെടഞ്ഞിട്ട് നെറ്റിയിലൊരു ചന്ദനകുറിയൊക്കെ തേച്ച്, സൂര്യനെതിരെ, അതിനെ വെല്ലുന്ന വെളിച്ചത്തില്‍. ‍ഞാന്‍ അടുത്തേയ്ക്ക് ചെന്നു.

"എന്നെ മറക്കുമോ?" പോയിക്കഴിഞ്ഞാല്‍?? ആ ചോദ്യം കേട്ടപ്പോള്‍ ഹൃദയത്തില്‍ ആണി തറച്ചു കേറുന്ന വേദന. പിന്നെയും അവള്‍ എന്തൊക്കെയോ പറഞ്ഞു. എനിക്കൊന്നും സംസാരിക്കാന്‍ പറ്റുന്നില്ല,(തോന്നിയില്ല). ചെവിയില്‍ മധുരത്തേന്‍ വീണു നിറഞ്ഞു കിടക്കുകയാണ്, കൂടുതല്‍ വാക്കുകള്‍ കയറി വന്നു അത് തുളുമ്പിപ്പോകരുതല്ലോ!


കണ്ണുകള്‍ നിറച്ചു പിടിച്ച് അവള്‍ അകത്തേക്ക് ഓടി, തിരികെ വന്നപ്പോള്‍ കുഞ്ഞമ്മേടെ ഇളയ മകളുടെ ഹിന്ദി കോപ്പി ബുക്കിന്‍റെ ഒരു കഷണം പേപ്പര്‍ കയ്യിലുണ്ട്. ആരും കാണുന്നില്ല എന്നുറപ്പുവരുത്തിയിട്ട് എന്‍റെ നേര്‍ക്ക്‌ നീട്ടി. ആദ്യമായി കിട്ടുന്ന പ്രേമലേഖനത്തിന്‍റെ ആവേശമോ ഷോക്കോ എന്താണെന്നറിയാതെ ഞാന്‍ യാന്ത്രികമായി കൈനീട്ടി അത് വാങ്ങിച്ചു.
"പിന്നെ വായിച്ചാല്‍ മതി, ഞാന്‍ പോകുന്നു. ഓര്‍മിക്കണേ... ", എന്ന് പറഞ്ഞു തിരിഞ്ഞ് പലതവണ നോക്കി അവള്‍ നടന്നകന്നു. അമ്മയും അച്ഛനും കാത്തു നില്‍പ്പുണ്ട്, ബസ്‌ വരാന്‍ നേരമായി. ചുവപ്പ് നിറമുള്ള ആ ബസ്സില്‍ കയറുമ്പോഴും അവള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. പൊതു വാഹനങ്ങള്‍ക്ക് ചുവപ്പ് നിറമടിക്കാന്‍ അനുവാദം കൊടുത്തത് ഏതു ബോറനാണ്? കണ്ണിനു കുളിര്‍മ നല്‍ക്കുന്ന പച്ചയോ, ആശ്വാസത്തിന്‍റെ വെളുപ്പോ ആകാമായിരുന്നില്ലേ? മനസ്സ് വേദനിക്കുന്ന ഒരാള്‍ ചുവന്ന ബസ്സില്‍ കേറിയാല്‍ എങ്ങനെ സമാധാനം കിട്ടും?

കണ്ണില്‍ നിന്നും ബസ്സ്‌ മറഞ്ഞപ്പോള്‍ ആകാംഷയുടെ മുള്‍മുനയില്‍ ആ കടലാസ്സു കഷണം ഞാന്‍ തുറന്നു.


P . അമ്പിളി, കിഴക്കേക്കര വീട്, പടപ്പനാല്‍ പി .ഓ , മാവേലിക്കര, ഐലാവിയു"..


ഇതായിരുന്നു ഉള്ളടക്കം!!! വായിച്ചെടുക്കാന്‍ വളരെ പണിപ്പെട്ടു. (ആ മലയാളം കണ്ടപ്പോള്‍ ആദ്യം തമിള്‍ ആണോ എന്ന് സംശയിച്ചു പേപ്പര്‍ തിരിച്ചു പിടിച്ചു) അവള്‍ പത്താം ക്ലാസ്സ്‌ രണ്ടുകൊല്ലം പഠിക്കാനുണ്ടായ ഒരു കാരണം എനിക്ക് മനസ്സിലായി. ഇതില്‍ അവസാനം എഴുതിയ "ഐലാവിയു" ഒരു സ്ഥലത്തിന്റെ പെരാണെന്നാണ് ആദ്യം കരുതിയത്‌. പിന്നെ സൂക്ഷ്മ നിരീക്ഷണത്തില്‍ ആണ് കാര്യം പിടികിട്ടിയത്. "ഐ ലവ് യു" എന്ന് മലയാളത്തില്‍ എഴുതാന്‍ ഒന്നാം ക്ലാസ്സിലെ കുട്ടി പോലും ആ കാലത്ത് വാശിപിടിക്കില്ല, അപ്പോളാണ് അമ്പിളി "ഐലാവിയു" എഴുതി സാഹസം കാണിച്ചത്. "ല" യ്ക്ക് ആവിശ്യമില്ലാത്ത ഒരു നീട്ടം!!

ഞാനും തിരിച്ചു വീട്ടില്‍ പോകാന്‍ റെഡി ആകാന്‍ തുടങ്ങി. കുഞ്ഞമ്മയോടു യാത്ര പറഞ്ഞു. അപ്പോള്‍ കുഞ്ഞമ്മ ഒരു ചോദ്യം

" എങ്ങോട്ടാ മോനേ ബസ്സ്‌ കേറുന്നേ? മാവേലിക്കരക്കോ അതോ തിരുവനന്തപുരത്തിനോ?" എന്തായാലും ഞാന്‍ ചേച്ചിയെ ഒന്ന് വിളിച്ചു പറയാം നീ ഇവിടുന്നു പുറപ്പെട്ടിട്ടുണ്ട് എന്ന്"!! അപ്പോഴത്തെ എന്‍റെ മുഖം വിവരിക്കാന്‍ ഈ എഴുതുതുന്ന അക്ഷരങ്ങളുടെ സഹായം പോര.


തിരിച്ചു വീട്ടിലേക്കുള്ള യാത്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരുംകാണാതെ ഞാന്‍ കട്ടെടുത്ത അവളുടെ കണ്ണിണകൊണ്ടുള്ള കടാക്ഷം വേട്ടയാടി. വഴിയരികില്‍ പതിപ്പിച്ചിരിക്കുന്ന സിനിമ പോസ്റ്റ്‌റുകളിലെ നായികയും നായകനും ഞാനും അവളുമാണെന്നു സങ്കല്‍പ്പിച്ചു. അന്ന് രാത്രി വീട്ടില്‍ കിടന്നിട്ടു ഉറക്കം വന്നതേ ഇല്ല. ടി.വി യില്‍ 'ചന്ദനച്ചോലയില്‍ മുങ്ങി നീരാടുമെന്‍ ഇളമാന്‍ കിടാവേ ഉറക്കമായോ...എന്ന പാട്ട് കേള്‍ക്കുന്നു. ‍കണ്ണുകള്‍ അറിയാതെ നിറഞ്ഞു, തുറന്നിട്ട ജന്നലിലൂടെ മാനത്ത് അമ്പിളിയെ കണ്ടപ്പോള്‍ കണ്ണുനീര്‍ ധാര ധാരയായി ഒഴുകി ഭൂമിയില്‍ വീണു ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി !!! ആ കണ്ണുനീരില്‍ നിന്നും സൂര്യനുദിച്ചു. പിന്നെയും കോളേജിന്‍റെ ലോകത്തിലേയ്ക്ക്.

കൈവിരലുകള്‍ക്കിടയിലൂടെ കാലത്തിന്‍റെ മണല്‍ത്തരികള്‍ ഉരുണ്ടുപോയി. തുറക്കാത്ത എത്രയോ പ്രണയത്തിന്‍റെ നിലവറകള്‍ മനസ്സില്‍ ബാക്കിവച്ച് കൌമാരവും കടന്നുപോയി. സമരമരത്തണലുകളും ഒളിച്ചിരിക്കാന്‍ വന്നോളൂ എന്ന് പറഞ്ഞു വിളിക്കുന്ന ചെടിപ്പടര്‍പ്പുകളും കഥപറഞ്ഞിരിക്കാന്‍ സുന്ദരമായ പൂമരത്തണലുകളും ഒരുക്കിവച്ച് യുവരക്തങ്ങളെ തിരക്കി കലാലയ മുത്തശ്ശി ഇപ്പോഴും കാത്തിരിപ്പുണ്ട്‌. ഒരുപാട് അറിവുകളുടെ ബലത്തില്‍ പ്രണയിക്കാനിറങ്ങിയിട്ടും ആരും വലയില്‍ കുടുങ്ങിയില്ല. എങ്കിലും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി, ഡിഗ്രി ക്ലാസ്സിന്‍റെ ആ ഫെയര്‍വെല്‍ ദിനം ഓര്‍മയില്‍ വരും. യാത്രപറയലിന്‍റെ സങ്കടങ്ങളില്‍ എരിഞ്ഞുതീരുന്ന സായാഹ്ന്നം. ഓട്ടോഗ്രാഫില്‍ അക്ഷരങ്ങളുടെ ആത്മബലി. ഒപ്പം പഠിച്ച പെണ്‍കുട്ടി അവളെപ്പോലെ തന്നെ ഭംഗിയുള്ള കയ്യക്ഷരത്തില്‍ ഇങ്ങനെ എഴുതി.

ഐ നെവെര്‍ വെയിറ്റ് ഫോര്‍ യുവര്‍ കാള്‍സ്സ്!

അതിനു താഴെ സ്വന്തം പേരും ഫോണ്‍ നമ്പറും!
ഇംഗ്ലീഷില്‍ എട്ടക്ഷരം മാത്രമുള്ള പേരായിരുന്നു അവളുടേത്‌, നാല് വ്യഞ്ജനം, നാല് സ്വരം. എഴുതാനും വിളിക്കാനും എളുപ്പം. എന്നിട്ടും സ്വന്തം പേര് അന്നവള്‍ എഴുതിതന്നപ്പോള്‍ ഒരക്ഷരം തെറ്റി. സ്വന്തം പേരെഴുതി തെറ്റിക്കുമോ എന്ന് ചോദിച്ചപ്പോള്‍ തിരുത്താന്‍ തയാറാകാതെ അവള്‍ പറഞ്ഞത് " അത് നിനക്കായി ഞാന്‍ മന:പൂര്‍വ്വം വരുത്തിയതാണ്" എന്നായിരുന്നു.


നീണ്ട ഉപജീവനയാത്രയില്‍ ചെന്നൈ, ബഹ്‌റൈന്‍, കുവൈറ്റ്‌ എന്നിവടങ്ങളിലേക്ക് ജീവിതം പലപ്പോഴും എടുത്തെറിയപ്പെട്ടു.

ആരോ മറന്നുവച്ച ഒരു കരച്ചില്‍ പോലെ 2003 ജൂണിലെ മഴ പെയ്ത പ്രഭാതം. അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ എന്നെ കൂട്ടി ഒരു ബന്ധുവീട്ടിലെ ഏതോ ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മ പോയി. അവിടെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പഴയ അമ്പിളി, കയ്യില്‍ ഒരു കുട്ടിയും ഉണ്ട്. തോളത്തു കയ്യിട്ടുകൊണ്ട് ഒരു ബലിഷ്ടമായ കൈ, അവളുടെ ഭര്‍ത്താവ്.

കുസൃതിക്കുടുക്കയായ ഈ കാലം എന്തൊക്കെ കാഴ്ചകളാണ് ഒരുക്കി കാത്തിരിക്കുന്നത്!!!

Saturday, February 18, 2012

സ്നേഹത്തോടെ നവോമി.

പ്രിയപ്പെട്ട മനു, 
എന്‍റെ ഈ മെയില്‍ നിനക്ക് തീര്‍ച്ചയായും ഒരു സര്‍പ്രൈസ് ആകും. ഞാന്‍ നവോമി!! മറന്നിട്ടുണ്ടാകില്ല എന്ന് കരുതട്ടെ?  
 അന്ന് നമ്മള്‍ സംസാരിച്ചിരുന്ന ചെന്നൈയിലെ  അഞ്ചു നക്ഷത്രങ്ങള്‍ നെറ്റിയില്‍ പതിച്ച അതേ ഹോട്ടലില്‍,  ശരറാന്തലുകള്‍ കണ്ണുചിമ്മുന്ന വിരുന്നു ഹാളിന്‍റെ   മൂലയിലെ കസേരയിലിരുന്ന് ഒരു   തണുത്ത പുട്ഡിഗ് രുചിച്ചു  ഞാന്‍ നിനക്കായി എഴുതുന്നു. ആ സംസാരത്തിലെപ്പോഴോ ഈ മെയില്‍ അഡ്രസ്സ്‌ ഞാന്‍ ചോദിച്ചു മേടിച്ചിരുന്നു. പക്ഷെ ഒരിക്കല്‍ പോലും കോണ്ടാക്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല, ശ്രമിച്ചില്ല എന്നതാണ് സത്യം! കഴിഞ്ഞ ബുധനാഴ്ച  വീണ്ടും നിന്നെ ഓര്‍മയിലേക്ക് കൊണ്ട് വരാന്‍ പോന്ന ഒരു സംഭവമുണ്ടായീ, എന്നെ 
അമ്മ വിളിച്ചു!!! നീണ്ട നാല്  വര്‍ഷങ്ങള്‍ക്കു  ശേഷം!  നീ പറഞ്ഞപോലെ "വാശിയുടെയും വിദ്വേഷത്തിന്‍റെയും മഞ്ഞുരുകി".

ജനുവരി മാസം, നേരം വെളുത്തു വരുന്നേ   ഉണ്ടായിരുന്നുള്ളു.  സൂര്യന്‍
എത്ര സ്നേഹത്തോടെ വിളിച്ചിട്ടും ഉണരാതെ മഞ്ഞിന്‍ പുതപ്പിനുള്ളില്‍ മടിപിടിച്ച് ഉറങ്ങുകയായിരുന്നു എന്‍റെ നാട്.   നീണ്ട നാളുകള്‍ക്കു  ശേഷം നഗരത്തിന്‍റെ നെഞ്ചിലെ അഞ്ചാംനിലയിലുള്ള തീപ്പെട്ടിക്കൂടില്‍ നിന്നും,
 ഞാന്‍ ചാവടിയും തുളസ്സിത്തറയുമുള്ള എന്‍റെ നാട്ടിന്‍പുറത്തെ
 സ്വ ര്‍ഗ്ഗത്തിലേക്ക് തിരിച്ചെത്തി.  അമ്മയും മുത്തശ്ശിയും എന്നെ കാത്തു നില്‍ക്കും പോലെ വരാന്തയിലുണ്ടായിരുന്നു. അമ്മയുടെ കണ്‍കോണുകളില്‍ ഊറിക്കൂടുന്ന നനവ്‌ ഞാന്‍ ശ്രദ്ധിച്ചു. ചിരി തുടിച്ചു നിന്ന  കണ്‍തടങ്ങളില്‍ ഇപ്പോള്‍ സങ്കടപ്പാടുകളുടെ കരിമഷി! മുത്തശ്ശി തിമിരത്തിന്‍റെ മഞ്ഞു കണ്ണടയിലൂടെ  വാത്സല്യത്തോടെ  എന്നെ നോക്കിയിട്ട്, വര്‍ഷങ്ങളുടെ തലോടലേറ്റ് ചുളുങ്ങിയ പാവം കൈകള്‍ കൊണ്ട് എന്‍റെ കവിളില്‍  മെല്ലെ തലോടി.

നാല്  വര്‍ഷം!! ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു!  പലതരം കൃഷികളുണ്ടാരുന്ന  ഒരേക്കറോളം വരുന്ന സ്ഥലം വെറുതെ കാടുപിടിച്ച് 
കിടക്കുന്നു, ആരും പ്രണയിക്കാന്‍ ഇല്ലാത്ത ഒരു സുന്ദരിപ്പെണ്‍കുട്ടിയെ പോലെ!.. കാല്‍പ്പാടുകള്‍ പതിയാത്ത തൊടിയില്‍  ഇപ്പോള്‍ കാലം വിരിച്ചിട്ട കരിയിലപ്പുതപ്പു മൂടിയിട്ടുണ്ട് . പുതപ്പിന്‍റെ കീറലുകള്‍ക്കിടയിലൂടെ അങ്ങിങ്ങ് പുല്‍നാമ്പുകളുടെ തലക്കനം പുറത്തേക്ക് കാണാം. ഒരിക്കല്‍ പോലും വെറുതെ ഇരുന്നു ഞാന്‍ കണ്ടിട്ടില്ലാത്ത അമ്മ, ഇപ്പോള്‍ ആ വഴിക്കൊന്നും വരാറേയില്ല എന്ന് മുത്തശ്ശി പറഞ്ഞു. പണ്ട്  തൊടിയിലെ പൂക്കള്‍ സുഗന്ധം പരത്തും തണലില്‍ ഇരിക്കുമ്പോള്‍ കൂട്ടുകാര്‍ ചോദിക്കാറുണ്ടായിരുന്നു, "നിറയെ മരങ്ങളുള്ള ഈ പറമ്പ് ഒറ്റ ഇല പോലുമില്ലാതെ നിന്‍റെ അമ്മ എങ്ങനെ ഇത്ര വൃത്തിയായി സൂക്ഷിക്കുന്നു? ഇല പൊഴിഞ്ഞാലുടന്‍ താഴെ വീഴാന്‍ സമയം കൊടുക്കാതെ അമ്മ ഓടിച്ചെന്നു പിടിക്കാറുണ്ടോ"  എന്ന്.

ക്ലോറിന്‍ ചുവയില്ലാത്ത വെള്ളത്തില്‍ കുളിച്ചിട്ടു മതിയാവണില്ലായിരുന്നു. എന്ത് തണുപ്പാണെന്നറിയോ വീട്ടിലെ വെള്ളത്തിന്‌!! കവിളില്‍ കൊള്ളുമ്പോള്‍ ഒരു മധുരവും! അമ്മയുടെ ഒരു പഴയ സെറ്റുമുണ്ടും ഉടുത്ത്, ഈറന്‍ മുടി തുമ്പ് മെടഞ്ഞിട്ട്‌ തുളസ്സിത്തറയില്‍ ദീപം കൊളുത്തി. മുത്തശ്ശി സന്ധ്യാനാമം ചൊല്ലുന്നുണ്ടായിരുന്നു.  കുറേ നാളിന് ശേഷം ആ പഴയ  ഈണത്തില്‍  "ജാനകീ മനോഹരാ മുകുന്ദ രാമാ പാഹിമാം, ദീന രക്ഷകാ വിഭോ""....  എന്ന്  ചൊല്ലുന്ന കേട്ടപ്പോള്‍ സാംബ്രാണി മണമുള്ള ഒരു കാറ്റുവന്നു ഉമ്മവച്ചപോലെ തോന്നീ.

 അടുക്കളയില്‍ അമ്മ ഇലയട ഉണ്ടാക്കുന്ന മണം!! ഞാന്‍ എത്തിയത് കൊണ്ടാണ്, എന്‍റെ ഇഷ്ടങ്ങള്‍ അമ്മയെ പോലെ ആര്‍ക്കും അറിയില്ല. പക്ഷെ ഞാന്‍ പോലുമറിയാതെ  എന്നിലുണ്ടായ മറ്റൊരിഷ്ടം അത് അമ്മയെ വല്ലാതെ ഉലച്ചു. അച്ഛന്‍ പകുതിവഴിയില്‍ യാത്ര പറഞ്ഞുവെങ്കിലും ജീവിതം കൈപിടിച്ച് അമ്മ ആത്മവിശ്വാസത്തോടെ ഒരുപാട് ദൂരം മുന്നോട്ടു പോയി. മനസ്സില്‍ വിരിയുന്ന വികാരങ്ങളെ മുഖത്തോളം എത്തിക്കാതിരിക്കാന്‍ അമ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ചില ഓര്‍മ്മകള്‍ നഷ്ബോധത്തിന്‍റെ തീച്ചൂളകളാണ്. പലവിധം ചിന്തകളും ഒരുപാട് മുഖങ്ങളും ഒന്നിച്ച്   മനസ്സിലേക്ക് തള്ളിക്കയറാന്‍ തിടുക്കം കൂട്ടിയ നിമിഷത്തില്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ഭവഗതിക്കാവില്‍ രണ്ടു കതിന പൊട്ടി, നിനച്ചത്  നടക്കാന്‍ ഏതോ ഭക്തന്‍ ഭഗവതിക്ക് നേര്‍ന്നതാകും, ആ നേര്‍ച്ചയ്ക്ക് ദേവി തുണയാകട്ടെ എന്ന് മനസ്സില്‍ ഓര്‍ത്തു .

  "അമ്മയുടെ സ്നേഹസംരക്ഷണമെന്ന ചിറകിന്‍കീഴില്‍നിന്നും  പ്രണയച്ചൂടിന്‍റെ അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക്   യാത്ര പോലും പറയാതെ പോയപ്പോള്‍,  തിരിച്ചു വരും നാളുവരേയ്ക്കും പൊന്നുമകള്‍ എവിടെയായാലും ഒരു പോറല്‍ പോലും ഏക്കാതെ കാത്തോളണേ എന്ന് പ്രാര്‍ത്ഥിച്ച്, ആ അമ്മ ഒഴുക്കിയ കണ്ണീരിനും കാവില്‍ ഭഗവതിക്ക് കത്തിച്ച നെയ്യ് വിളക്കുകള്‍ക്കും നീ എന്ത് കൊടുത്താല്‍ മതിയാകും മോളെ" എന്ന് മുത്തശ്ശി മെല്ലെ ചോദിച്ചു.  മനസ്സിന്‍റെ മുറിവുകള്‍ക്ക്‌ പുറത്തു നിന്നും പുരട്ടാവുന്ന മരുന്നുകളില്ല, അത് താനേ ഉണങ്ങു മായിരിക്കും.

നിന്നോട് ഞാന്‍ പറഞ്ഞിരുന്നു മനൂ, പരസ്പരം ചേരാത്ത രണ്ടു പാളങ്ങളായിരുന്നു ഞാനും എബിയും. "നിന്നെ സ്നേഹിച്ചു തീരുവാന്‍ എനിക്കിനിയും ഒരു ജന്മം വേണം" എന്ന് പറയാന്‍ രണ്ടാളും തുടക്കത്തില്‍ മത്സരിച്ചിരുന്നു. അന്നൊക്കെ ഹൃദയങ്ങള്‍ക്ക്‌ പ്രണയത്തിന്‍റെ ഭാഷ മാത്രം, കണ്മുന്നില്‍ പ്രണയത്തിന്‍റെ കടുംവര്‍ണ്ണങ്ങളും വാക്കിലും സ്പര്‍ശത്തിലും മയില്‍പ്പീലിയുടെ മൃദുലതയും.  കണ്‍പീലികള്‍ പോലും തുടിക്കുന്ന തരത്തിലായിരുന്നു ആ പ്രേമകവിതകള്‍!! കോഫീ ഹൌസിലെ ഉള്ളിമണക്കുന്ന ഹാളില്‍, അലസതയുടെ അഞ്ചുമണിക്കാറ്റ്   കൊണ്ട് വെറുതെ ഇരിക്കുമ്പോള്‍ അവന്‍ വന്നിരുന്നു കൂട്ടുകൂടാന്‍.  കൌമാരത്തിന്‍റെ  അതിപ്രലോഭിത സാന്ധ്യവെയിലുകളില്‍,  ചുവന്ന കവിള്‍ത്തടങ്ങള്‍  അറിയാതെ മൊട്ടിട്ട വിയര്‍പ്പു തുള്ളികളില്‍ അവന്‍റെ  നിശ്വാസങ്ങള്‍ പ്രതിബിംബിച്ചു.
ഒരിക്കലും   പ്രണയത്തിനു  എനിക്ക് വഴങ്ങുന്ന ഭാവങ്ങള്‍ ഉള്ളതാണെന്ന് ഞാന്‍ കരുതിയിരുന്നില്ല. പ്രണയിക്കാനുള്ള ധൈര്യം ഇല്ലാത്ത പെണ്‍കുട്ടിയായിരുന്നു ഞാന്‍.  കാല്‍ നഖങ്ങളില്‍ നോക്കിയായിരുന്നു വീടിനു പുറത്തിറങ്ങുമ്പോള്‍ നടന്നിരുന്നത്. ആള്‍ക്കൂട്ടങ്ങളുടെ നടുവില്‍ 
 "എന്നെ  മാത്രം  ശ്രദ്ധിക്കൂ" എന്ന് നിശബ്ദം വിളിച്ചു പറഞ്ഞു നടക്കുന്ന പെണ്‍കുട്ടികളില്‍ നിന്നും ഒരുപാട് വേറിട്ടുനിന്നിരുന്നു ഞാന്‍ .  ‍എന്നിട്ടും ഞാന്‍ പോലും അറിയാതെ എന്നില്‍  ഒരു കാമുകിയുടെ വിത്തുപാകി എന്നെയും പ്രണയം തോല്‍പ്പിച്ചു!!
മനു പറയും പോലെ പ്രണയത്തിനു എനിക്ക് കൊടുക്കാന്‍ നല്ല നിര്‍വചനമില്ല, എന്‍റെ അഭിപ്രായത്തില്‍ 'ഒരുക്കി വച്ചിരിക്കുന്ന സ്നേഹക്കെണിയില്‍ കൌശലത്തോടെ  തള്ളിയിട്ടു  കുസൃതിച്ചിരിയോടെ  കുതിച്ചു പായുന്ന ഒരു  മുയലാണ് പ്രണയം'!!

"ഇഷ്ടപ്പെട്ട കൂട്ടുകാരനൊപ്പം പോകുന്നു എന്നെ അന്യേഷിക്കണ്ട" എന്ന ഒരു സന്ദേശം  മൊബൈലേയ്ക്ക് അയച്ചിട്ട് സായംസന്ധ്യയിലെ മഴവില്ലുപോലെ ഞാന്‍ അമ്മയുടെ കണ്ണില്‍നിന്നും മാഞ്ഞു പോയപ്പോള്‍, ഒരു മയില്‍പീലി തണ്ടുകൊണ്ട് പോലും എന്നെ ഇന്നുവരെ തല്ലിയിട്ടില്ലാത്ത അമ്മ തളര്‍ന്നു വീണുപോയി. പക്ഷെ ,  എന്‍റെ സ്വപ്നങ്ങളുടെ കാണാക്കണ്ണില്‍   വസന്ത വര്‍ണ്ണങ്ങള്‍ പരാഗരേണുക്കള്‍ തൂവിപ്പരത്തുന്ന  സ്വര്‍ഗ്ഗതുല്യമായ ഒരു
പുതുജീവിതത്തിന്‍റെ പാതയായിരുന്നു.     രാത്രിയില്‍  ചെന്നൈയിലേക്കുള്ള യാത്രയില്‍, സ്റ്റിയറിങ്ങിലുള്ള എബിയുടെ  കയ്യില്‍ ഞാന്‍ കൈ ചേര്‍ത്തപ്പോള്‍ ഫീല്‍ ചെയ്തത് തണുപ്പല്ല, സ്നേഹത്തിന്‍റെ ഇളം ചൂട്.
  
തീ പോലെ പ്രണയിച്ചവര്‍!!  ‍പരസ്പരം അറിഞ്ഞു കഴിഞ്ഞാല്‍ മഞ്ഞുതുള്ളിയുടെ ശബ്ദം പോലും രണ്ടാള്‍ക്കും കേള്‍ക്കാനാകും. തുടക്കം അങ്ങനെ ആയിരുന്നു. എന്നെ ഒരുപാട്  ചിരിപ്പിച്ചിട്ടുണ്ട്‌ അവന്‍, എന്‍റെ ചിരികാണാന്‍ നല്ല ചന്തമാണന്നു  പറഞ്ഞ്.  പക്ഷെ  ആ ചിരിയുടെ പിന്നണിയില്‍ പിന്നീട് എവിടെയോ നിശബ്ധമായ സങ്കടത്തിന്റെ മഴച്ചാറല്‍ ഞാന്‍ കേട്ട്‌  തുടങ്ങി. വിശ്വാസങ്ങളില്‍ എവിടെയോ ഒരു കുഞ്ഞുനൂലിഴ പൊട്ടിയത് പോലെ. ഒന്നിച്ചുള്ള ജീവിതത്തിന്‍റെ ആദ്യരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം എബിക്ക് എന്നോട് മിണ്ടാന്‍ പോലും സമയം കിട്ടാറില്ലായിരുന്നു.  ഓഫീസിലെ തിരക്ക്, യാത്രകള്‍, സായാഹ്നങ്ങളില്‍  ‍ നിന്നും   രാത്രികളിലേക്ക് നീളുന്ന "സല്‍ക്കാര"  സദസ്സുകള്‍. 
ഉറങ്ങാന്‍ കിടക്കുമ്പോള്‍ പരാതി   തീര്‍ക്കാന്‍
എന്ന   പോലെ നെറ്റിയില്‍      വീഴുന്ന വിസ്കിയുടെ ലഹരിയുള്ള ഒരുമ്മയിലേയ്ക്ക്   ചുരുങ്ങി സ്നേഹം.  
ആദ്യമാദ്യം  അവന്‍റെ   തിരക്കുകളോട് ഞാന്‍ കോംപ്രൊമൈസ് ചെയ്യാന്‍ മനസ്സിനെ  പഠിപ്പിചെടുക്കാന്‍   ശ്രമിച്ചു, കാരണം ഞങ്ങള്‍ക്കിടയില്‍ രണ്ടു വര്‍ഷങ്ങള്‍   കോംപ്രൊമൈസുകളേ ഇല്ലായിരുന്നു.     "കാതിലെ അവസാന സ്വരവും തിരിച്ചെ ടുത്തോട്ടെ, എങ്കിലും ബാക്കിനില്‍ക്കും നിന്‍ മൊഴി"  എന്ന് പറഞ്ഞവന്  എന്‍റെ ശബ്ദം  കേള്‍ക്കുന്നത്  അരോചകമായി. പ്രിയപ്പെട്ടവരെയും, വിശ്വാസങ്ങളെയും  ഉപേക്ഷിച്ചു കൂടെ നടക്കാന്‍ കൈപിടിച്ചവന് എന്നെ സംശയം, എന്‍റെ സ്നേഹത്തില്‍ അവിശ്വാസം. മേയ്ക്കപ്പിട്ട്‌   പൊതിഞ്ഞു വച്ചിരുന്ന പൊരുത്തക്കേടുകള്‍ മുഖം വീര്‍പ്പിച്ചു തുടങ്ങിയതോടെ  വഴിപിരിയലിന്‍റെ തീരുമാനം ആണ്നല്ലത് എന്ന് രണ്ടാള്‍ക്കും മനസ്സിലായീ.  ചില്ല് കൊണ്ട് നിര്‍മിച്ച വൈന്‍ ഗ്ലാസ്സുപോലെയാണ് ഒരിമിച്ചുള്ള ജീവിതം ,കാണാന്‍ നല്ല ഭംഗി, എന്നാല്‍ ഒരല്‍പം അശ്രദ്ധ മതി , ആ ചില്ല് പൊട്ടിത്തകരും.


   2009 മാര്‍ച്ചിലെ അവസാന ശനിയാഴ്ച, പരീക്ഷാ ചൂടില്‍ വാടി നില്‍ക്കുകയാണ്  ചെന്നൈയിലെ C  A    ഇന്‍സ്റ്റിറ്റ്യൂട്ട്.
 ലൈബ്രറിയില്‍ നിന്നെടുത്ത ഒരു ബുക്ക്‌ തിരികെ കൊടുത്ത് ആ മഞ്ഞ കെട്ടിടം  ചുറ്റി വരുന്ന
 പിരിയന്‍ ഗോവണിയിറങ്ങുമ്പോളാണ്  മൊബൈല്‍ ശബ്ദിച്ചത്. ഒരു സന്ദേശം!!
" ഫ്ലാറ്റിന്‍റെ താക്കോല്‍ വെളിയില്‍ ഷൂറാക്കിലെ നീല ഷൂവില്‍ ഉണ്ട്. ഞാന്‍ പോകുന്നു. ഒരിക്കലുമിനി കണ്ടുമുട്ടരുതേ എന്ന്
ആഗ്രഹിച്ച്"!!  ഞെട്ടറ്റു നിന്ന പനിനീര്‍പ്പൂവ് മെല്ലെതാഴെ വീണു. കരഞ്ഞില്ല ഞാന്‍, ആത്മഹത്യയെക്കുറിച്ചും ചിന്തിച്ചില്ല.  അവിടെനിന്നും ഇറങ്ങി ഒരു ഓട്ടോ പിടിച്ചു. "പെണ്‍കള്‍ നാടിന്‍ കണ്‍കള്‍" എന്ന് പിറകില്‍ എഴുതി വച്ചിരിക്കുന്ന ആ ഓട്ടോറിക്ഷയില്‍  ഇരിക്കുമ്പോള്‍, ഈ സമൂഹത്തില്‍ ഒറ്റയ്ക്ക് കഴിയാന്‍ ആത്മവിശ്വാസവും ലക്ഷ്യവും മതി എന്ന് പഠിപ്പിച്ച അമ്മയുടെ മുഖമായിരുന്നു. വ്യവസ്ഥിതിയും, സാഹചര്യവും, മനോഭാവവുമെല്ലാം പുരുഷന്‍റെ കൂടെയാണ്!! എങ്കിലും കരുത്താര്‍ന്ന പെണ്‍മനസ്സ് തോല്‍ക്കില്ല എന്നൊരു വിശ്വാസം എന്‍റെ ഉള്ളില്‍ ഉരുവായി. 

പരീക്ഷയുടെ ടെന്‍ഷനും ജോലിയുടെ സ്ട്രെസ്സും, മനസ്സ് പറയുന്നിടത്ത് ശരീരം നില്‍ക്കുന്നില്ല എന്നൊരു തോന്നല്‍ വന്നപ്പോഴാണ് ഒരു ചെക്ക്‌ അപ്പ്‌ വേണം തോന്നിയത്. അങ്ങനെ വിവേകാനന്ദ മിഷന്‍ ഹോസ്പിറ്റലില്‍ വച്ച് ഞാന്‍ ഡോക്ടര്‍ ലീനയെ കാണുന്നു. നാട്ടുകാരിയാണെന്നു അറിഞ്ഞപ്പോള്‍ മെല്ലെ സൌഹൃദമായി.

പ്രണയദിനാഘോഷങ്ങളുടെ കടും വര്‍ണങ്ങള്‍ നിറഞ്ഞു നിന്ന ഫെബ്രുവരി 14 , മരീനാ ബീച്ചില്‍ നിറയെ ഹൃദയാകൃതിയിലുള്ള ചുവന്ന ബലൂണുകളും  കമിതാക്കളും പ്രായഭേദമില്ലാത്ത വാലന്റൈന്‍ ആഘോഷിക്കാന്‍ തിരക്കുകൂട്ടുന്നു.  അപ്രതീക്ഷിതമായാണ് ലീനയുടെ കൂടെ അന്ന് നീ വന്നത്. എന്നെ കണ്ടപ്പോള്‍ ലീന അടുത്തേക്ക് വന്നു. നിന്നെ പരിചയപ്പെടുത്തി. നീല ടീ ഷര്‍ട്ടും ക്രീം നിറത്തിലെ പാന്‍റ്സും, എനിക്ക് ഓര്‍മ്മ കുറച്ചു കൂടുതല്‍ ആണ് കേട്ടോ, ലീനയുടെ വേഷവും എനിക്കോര്‍മ്മയുണ്ട്! 
ചുവപ്പ് നിറമുള്ള ഭംഗിയുള്ള ഒരു കോട്ടണ്‍ കുര്‍ത്ത ആയിരുന്നു. അതില്‍ കുതിച്ചുപായുന്ന വെള്ളക്കുതിരകളുടെ പടം അതിമനോഹരമായി വരച്ചു ചേര്‍ത്തിരുന്നു. ധാരാളം ഞൊറികളുള്ള വെള്ള ചുരിബോട്ടം.
ചോള മലര്‍  പൊട്ടിച്ചു മൂന്നായി പങ്കുവയ്ക്കുംമ്പോഴേക്കും നമ്മള്‍ സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.

പലതരം വിഷയങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷം സന്ധ്യ ഇരുളിന് വഴിമാറിയപ്പോള്‍ നമ്മള്‍ ഡിന്നര്‍ കഴിക്കാന്‍ തീരുമാനിച്ചു പുറത്തു കടന്നു.
 മനുന്റെ മുഖം ഇപ്പോഴും ശരിക്കും എനിക്ക് ഓര്‍മയുണ്ട്. അന്ന് എനിക്കഭിമുഖമായി ഇരുന്നപ്പോള്‍  സൈഡിലെ കറുത്ത കണ്ണാടിയില്‍ നോക്കി പലവട്ടം മുടി കൈകൊണ്ടു ഒതുക്കി ഇരുന്ന ആളിനെ!
 "ആത്മവിശ്വാസക്കുറവുണ്ടോ" എന്ന് ഞാന്‍ ചോദിച്ചപ്പോള്‍
"നല്ല ചങ്ങാതികള്‍ ഇല്ലാത്തതു കൊണ്ട് കണ്ണാടിയെ ആണ് വിശ്വാസം" എന്ന് നീ തമാശയായി പറഞ്ഞു !! 
 കണ്ണാടികളോട് വലിയ അടുപ്പം പാടില്ലന്നാണ് എന്‍റെ തിയറി. കുസൃതികാരായ പെണ്‍കുട്ടികലെപോലെയാണ് അവര്‍. അടുത്തുചെന്നാല്‍ നമ്മുടെ കുഴപ്പങ്ങള്‍ പെരുപ്പിച്ചു കാണിക്കും.  എന്നൊരു ഉപദേശം ഞാന്‍ തന്നത് ഓര്‍മ്മയുണ്ടോ?

കുടുംബത്തെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ എന്നോട് അന്ന് മനു പറഞ്ഞത് ചിലത് കള്ളമാണെന്ന്  ലീന പിന്നീട് പറഞ്ഞു!! ഭംഗിയായി മേയ്ക്കപ്പിട്ട സത്യമാണ് ചില കൊച്ചു കള്ളങ്ങള്‍ അല്ലെ?

സ്നേഹത്തിന്‍റെ മുന്നിലും സ്നേഹമില്ലയ്മയുടെ മുന്നിലും പെണ്‍മനസ്സ് തോല്‍ക്കും. സ്നേഹം വറ്റി തീര്‍ന്ന ബന്ധങ്ങളുടെ നിലവിളക്ക് കരിന്തിരി കത്തുമ്പോള്‍ ആണുങ്ങളേക്കാള്‍ ആദ്യം തളര്‍ന്നു ഇരിട്ടിലായി പോകുന്നത് സ്ത്രീകളാണ്. പക്ഷെ അമ്മയുടെ വാത്സല്യത്തിന്റെ മണമുള്ള നെയ്യും, ഏതു ഇരിട്ടിലും കീറിമുറിക്കുന്ന പ്രകാശമായി വരുന്ന സൌഹൃദങ്ങളുടെ ജ്വാലയും ആ വിളക്ക് കെടുത്താതെ തെളിഞ്ഞു കത്താന്‍ കാറ്റിനെ പോലും തടുത്തു നിര്‍ത്തും!!
ഇപ്പോള്‍ എനിക്ക് പൂര്‍ണ്ണ സന്തോഷമാണ്, അമ്മ കൂടെയുണ്ട്. നഷ്ടങ്ങളുടെ കണക്കുകള്‍ ഞങ്ങള്‍ രണ്ടാളും പറയാറില്ല. ആ മുഖത്ത് പഴയ ചിരി വന്നതിലെ ആശ്വാസം എനിക്ക് ഊര്‍ജ്ജം തരുണ്ട്. ബാല്യത്തിലും കൌമാരത്തിലും എന്നെ സംരക്ഷിച്ച ആ തേന്മാവിന് ഞാന്‍ എന്ത് പകരം കൊടുത്താല്‍ മതിയാകും?
എഴുതി കാടുകയറിയ ഈ ലെറ്റര്‍ എവിടെ അവസാനിപ്പക്കണം  എന്നെനിക്കറിയില്ല. ഇനിയും കണ്ടുമുട്ടാം എന്നാ പ്രത്യാശയോടെ ഇപ്പോള്‍ നിര്‍ത്തുന്നു. പ്രാര്‍ഥനയില്‍ ഞങ്ങളെയും ഓര്‍ക്കുക.

സ്നേഹത്തോടെ നവോമി.