Follow by Email

Saturday, June 24, 2017

ഒരു പുതുവർഷ ഓർമ്മയ്ക്ക് ..


ണ്ടായിരത്തി പന്ത്രണ്ടിന്റെ ന്യൂ ഇയർ ആഘോഷങ്ങൾ.
പാട്ടും ഡാൻസും, പിന്നെ എല്ലായിടവും ചിയേർസ് പറഞ്ഞു ഗ്ളാസ്സുകൾ ഉമ്മ വയ്ക്കുന്ന ശബ്ദവും.
പക്ഷേ ..
 എന്റെ കാതിൽ ചുറ്റുമുള്ള ബഹളങ്ങളെ തോൽപ്പിച്ചു  ഇടംകൈ കൊണ്ട് അമർച്ചിപ്പിടിച്ചിരിക്കുന്ന മൊബൈലിൽ കേൾക്കുന്നുണ്ടായിരുന്നു അവളുടെ വാക്കുകൾ. 
ഫോണും പിടിച്ചു ഡിസംബർ മഞ്ഞിന്റെ സ്വകാര്യതയിലേക്ക്  ഞാൻ നടന്നു കേറി.

"നിനക്ക് വന്നൂടെ ഈ രാത്രി എന്റെ അടുത്തേയ്ക്ക്..ഈ പുതുവർഷത്തിന്റെ റിബൺ  നമുക്ക് ഒരുമിച്ചു മുറിക്കാം .വന്നൂടെ?"
 ആ ചോദ്യത്തിന് അവളെ നിരാശപ്പെടുത്തുന്ന ഒരുത്തരം കൊടുക്കാനെനിക്ക് അപ്പോൾ തോന്നിയില്ല.

ലഹരിപിടിച്ച  അലങ്കാര ലൈറ്റുകൾ ബാലൻസുതെറ്റി കത്തുന്ന അന്നത്തെ  രാത്രിവഴിയിലൂടെ ഞാൻ ശരവേഗത്തിൽ കാറോടിച്ചു.

തേൻ ഫ്ലേവറിലെ ജാക്ക് ഡാനിയേൽ വിസ്കിയുടെ  അപ്പുറമിപ്പുറമിരിക്കുമ്പോൾ അവൾ പറഞ്ഞു "ഔപചാരികതയും ആത്മനിയത്രണങ്ങളുമൊന്നും നമുക്കിടയിലിന്നു  വേണ്ട, ഈ ഡിസംബർ രാത്രി ഓർമ്മയിൽ എഴുതപ്പെടണം.."!! 

വായിച്ചെടുക്കാൻ പറ്റാത്ത അസാധാരണത്വമുള്ള ഭാവങ്ങൾ പെൺകുട്ടികളുടെ കണ്ണുകൾക്ക് മാത്രമാകും.

മഞ്ഞുപെയ്യുന്ന രാത്രിയിൽ വളഞ്ഞും പുളഞ്ഞും പോകുന്ന ആകാശവീഥിയിലൂടെ പറന്നു നടക്കുന്ന ഞങ്ങളുടെ കൂടെ നിന്ന് രണ്ടായിരത്തിപന്ത്രണ്ടിലെ ചന്ദ്രനൊരു സെൽഫിയെടുത്തു..!Thursday, May 12, 2016

വിളിക്കാതെ വന്ന അക്ഷയത്രിതീയ

രു അവധിക്കാല ഓർമ്മ..
രണ്ടു മൂന്നു വർഷം  മുന്നേയാണ്.   
ഒരാഴ്ച്ച  അവധിയ്ക്ക്  നാട്ടിലേക്ക് വരുന്ന ദിവസം, തിരുവനന്തപുരത്തുള്ള ഒരു സുഹൃത്ത് ഒരു സ്വർണ്ണമാല മേടിച്ചു ഫ്ലാറ്റിൽ കൊണ്ട് വന്നിട്ട്, അവന്റെ പെങ്ങളുടെ കല്ല്യാണ  നിശ്ച്ചയമാണ് വരുന്ന ആഴ്ച്ച, ഞാൻ നാട്ടിൽ  എത്തിയിട്ട് ആ മാല അവന്റെ വീട്ടിൽ കൊണ്ടു കൊടുക്കണം എന്ന് പറഞ്ഞു.  എന്റെ വീട്ടിൽ  നിന്നും വണ്ടിയെടുത്തു പോയാൽ വെറും പത്തോ പതിനഞ്ചോ മിനിറ്റ് മാത്രം ദൂരമേ ഉള്ളൂ ഈ പറഞ്ഞ സുഹൃത്തിന്റെ വീട്. മാല മേടിച്ചു ബാഗിൽ ഇട്ടു. പിന്നെ,  ഉഷ്ണരാജ്യത്തോട് ഒരാഴ്ച്ച അവധി പറഞ്ഞ് നാട്ടിലേയ്ക്ക്.

വീട്ടിലെത്തി.  അമ്മയെ പോലെ സുന്ദരിയായ കുത്തരിച്ചോറിനെ, സ്നേഹം കുറുക്കിക്കാച്ചിയ മോരു കൊണ്ട് സ്നാനം ചെയ്യിച്ച്, പുളിഞ്ചിക്ക ഉപ്പിലിട്ടതും, ഏത്തക്ക അവിയലും കൂട്ടി വയർ അറിയാതെ കഴിച്ചു നിറച്ച ക്ഷീണത്തിൽ ഉച്ചയ്ക്കൊന്നു മയങ്ങി.

വൈകുന്നേരം..., കുവൈറ്റിൽ നിന്നും വിരുന്നുവന്ന സ്വർണ്ണ മാലയുടെ വിലാസത്തിലേയ്ക്ക് വിളിച്ചു, സുഹൃത്തിന്റെ അമ്മയാണ് ഫോൺ  എടുത്തത്.  "അമ്മേ ..മാല എപ്പോൾ കൊണ്ട് വരണം, വീട്ടിൽ  ഉണ്ടാകുമോ?..എന്ന  ചോദ്യത്തിന് മറുപടി ഇതാരുന്നു:
"മോനെ, ഇന്ന് മാല കൊണ്ടു  വരണ്ട, മറ്റെന്നാൾ മതി..ഞങ്ങൾ എവിടെയെങ്കിലും പോകുന്നത് കൊണ്ടല്ല, അന്ന് അക്ഷയത്രിതീയയാണേ, സ്വർണ്ണം വീട്ടിൽ വന്നാൽ നല്ലതാ..ബുദ്ധിമുട്ടുണ്ടോ?"

സത്യത്തിൽ  ഒരാഴ്ച അവധിക്ക്  വന്ന എനിക്ക് മറ്റെന്നാൾ കരുവായത്ത് (തറവാട്) പോകേണ്ട കാര്യം ഉണ്ടായിരുന്നെങ്കിലും, സുഹൃത്തിന്റെ മുഖം ഓർത്തപ്പോൾ:

"ബുദ്ധിമുട്ടൊന്നും ഇല്ലമ്മേ..മറ്റെന്നാൾ വരാം"....എന്ന് പറയാനേ  കഴിഞ്ഞുള്ളൂ.

അക്ഷയത്രിതീയ ദിവസം..! 
കരുവായത്ത് പോയിരുന്ന ഞാൻ സുഹൃത്തായ സുഭാഷിനെക്കൂട്ടി തിരികെ തിരുവനന്തപുരത്തേയ്ക്ക്, രണ്ടു കാര്യങ്ങളുണ്ട് ചെയ്യാൻ.  ഒന്ന് മാല കൊടുക്കണം, രണ്ട്  ഒമാൻ എയർവേയ്സിൽ  പോയി മടക്കയാത്രക്കുള്ള ടിക്കറ്റ് കൺഫേം ചെയ്യിക്കണം.  തിരുവനന്തപുരത്തെത്തി രണ്ടാമത്തെ കാര്യം ആദ്യം നടത്തി. പിന്നെ, വീണ്ടും മാലയുടെ വിലാസത്തിലേയ്ക്ക് വിളിച്ചു. ഇത്തവണ ഫോണിൽ സുഹൃത്തിന്റെ സഹോദരി ആയിരുന്നു, ഈ മാല ഇനി തൊട്ടു കിടക്കേണ്ട കഴുത്തിന്റെ ഉടമ..!  

"ഞങ്ങളൊരു പത്തുമിനുറ്റിൽ അവിടെയെത്തും, വീട്ടിലുണ്ടാകുമല്ലോ..?", എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി:

"ഉണ്ടാകും..ഞാൻ ചേട്ടനെ വെയിറ്റ് ചെയ്തു നിൽക്കുവാ...ചേട്ടനിവിടെ വന്നാൽ  കൂട്ടിക്കൊണ്ടു എന്റെ മാമന്റെ വീട്ടിൽ  വരാൻ പറഞ്ഞിട്ട്, അമ്മയും അച്ഛനും അങ്ങോട്ട് പോയി, മാമന്റെ സപ്തതി  ആഘോഷമാണവിടെ, ഇവിടെ അടുത്താ, രണ്ടു വീടിനു അപ്പുറം"...!

സുഭാഷിനോട് വിവരം പറഞ്ഞു.  "സപ്തതി  പുള്ളി ആഘോഷിച്ചോട്ടെ, നമുക്ക് മാല കൊടുത്തിട്ട് വന്ന് രണ്ടെണ്ണം അടിച്ച് ഹോട്ടലീന്ന് ഫുഡ് കഴിച്ച്  തിരിച്ചു പോകാം"..എന്നായിരുന്നു അവന്റെ പ്രതികരണം. 

"നമുക്ക് പോയിട്ട് വരാഡാ , എന്തായാലും, നീ വാ"  നിർബന്ധിച്ച്  അവനെയും കൂട്ടി പെങ്ങളുടെ അടുത്തേയ്ക്ക്.
കണ്ടപ്പോൾ ആദ്യം തന്നെ മാല കയ്യിൽ  കൊടുത്തു...ആ സ്വർണ്ണച്ചെപ്പിൽ കൈ തൊട്ടപ്പോളേ  കുട്ടിയുടെ മുഖമൊന്നു ചുവന്നു തുടുത്തു..!  അക്ഷയത്രിതീയയ്ക്ക് വീടുതേടിവന്ന മഞ്ഞഭാഗ്യത്തെ ഭദ്രമായി അലമാരയിൽ വച്ചശേഷം കുട്ടി വന്നു പറഞ്ഞു:

"ചേട്ടാ...നമുക്ക് മാമന്റെ വീട്ടില് പോകാം...വന്നാൽ ഉടനെ അങ്ങോട്ട് കൂട്ടി വരണമെന്ന് പറഞ്ഞിട്ടാ  അമ്മേം അച്ഛനും പോയെ..അവിടെയാ എല്ലാവർക്കും ഭക്ഷണം..നിങ്ങളും അവിടുന്ന് കഴിക്കണം.."

സുഭാഷിന് തീരെ താൽപ്പര്യം  ഇല്ലായിരുന്നു.  ഞാൻ വായ തുറക്കും മുന്നേ അവൻ പറഞ്ഞു..
"അയ്യോ..അതൊന്നും സാരോല്ല, പോയിട്ട് അത്യാവശ്യം ഉണ്ടാരുന്നു, ഇപ്പോൾ ഞങ്ങൾ പോട്ടെ..പിന്നെ ഒരിക്കൽ വരാം ?"

പെങ്ങളുടെ മുഖം വാടി.."ശ്ശൊ ...അങ്ങനെ പറയല്ലേ..എന്നെ അമ്മേം ഏട്ടനും വഴക്ക് പറയും, ഒന്നും ഇവിടൂന്നു കഴിക്കാണ്ട് നിങ്ങൾ പോവാച്ചാൽ"..!
എനിക്ക് വീണ്ടും സുഹൃത്തിന്റെ സങ്കട മുഖം ഓർമ്മ  വന്നു.
ഞാൻ സുഭാഷിനോട്:  "ഒന്ന് കേറീട്ട് പോകാഡാ , പരാതി വേണ്ട" എന്താ.." 
മനസ്സില്ലാമനസ്സോടെ അവൻ സമ്മതിച്ചു.

അങ്ങനെ സപ്തതി വീട്ടിലേയ്ക്ക്.
എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന ആളൊരു ബാലെ നടനെ പോലെ ഒരുങ്ങി എന്നേക്കാൾ ചെറുപ്പമായി നിൽപ്പുണ്ട് ..! 

ഷാമിയാന പന്തലും, ബന്ധുക്കളും, പിന്നെ കാറ്റിനൊരു  പരിപ്പിന്റെയും സാമ്പാറിന്റെയും മണവും..ആകെ ഒരു ഉത്സവമേളം ! 

ഞങ്ങളെ കണ്ട ഉടനേ  സുഹൃത്തിന്റെ അച്ഛനും അമ്മയും മണിഓർഡർ കൊണ്ട് വരുന്ന  പോസ്റ്റ്മാന്റെ അടുത്തേയ്ക്കെന്നപോലെ ഓടി വന്നു.  അടുത്ത് കണ്ട ചില ബന്ധുക്കളോട് ഞങ്ങൾ ആരെന്നൊരു ഇൻട്രൊഡക്ഷനും  കൊടുത്തു. 

രണ്ടു മണി നേരായിട്ടും വയറ്റിലോട്ടൊന്നും ചെല്ലാത്തതുകൊണ്ട് ഷാമിയാന പന്തലിലെ ഒഴിഞ്ഞ ഒരു കസേരയിൽ ഇരിക്കാൻ തുടങ്ങിയ സുഭാഷിനെ നോക്കി സുഹൃത്തിന്റെ അച്ഛൻ:

"ഇവിടെ ഇരിക്കണ്ട, അകത്തോട്ടിരിക്കാം..അവിടെയിരുന്നു കഴിക്കാം, വന്നാട്ടെ രണ്ടാളും..."

ദുരഭിമാനത്തെ വിശപ്പ് കീഴ്പ്പെടുത്തിയത് കൊണ്ട്, അച്ഛന്റെ ആ സ്നേഹവിളി മുഴുവൻ കേൾക്കും മുന്നേ സുഭാഷ് ചാടിയെഴുന്നേറ്റു നടന്നു, പിന്നാലെ ഞാനും..!

ബന്ധുക്കളായ സ്ത്രീജനങ്ങൾ തിങ്ങി നിന്നിരുന്ന ഒരു  മുറിയിൽ അവരെ വകഞ്ഞു മാറ്റി ഒരു മേശ സെറ്റ് ചെയ്തു..ഞങ്ങൾക്ക്  രണ്ടാൾക്ക്  കഴിക്കാൻ ഇലയിട്ടു. പച്ചടി തൊട്ടു ഇഞ്ചിക്കറി വരെയുള്ള 12 കൂട്ടം തൊടുകറിയും, തുമ്പപ്പൂ ചോറും, അതിൽ ചൂട് പരിപ്പും വന്നു...!  ഞങ്ങൾ ആരെന്നുള്ള സ്ത്രീകളുടെ പുരികത്തിന്റെ ചോദ്യങ്ങള്ക്ക് സുഹൃത്തിന്റെ അമ്മ ഉത്തരം കൊടുക്കുന്നുണ്ടായിരുന്നു.  ചൂട് പരിപ്പിൽ നെയ്യ് ഉമ്മവച്ചപ്പോൾ സുഭാഷ് ഉരുള ഉരുട്ടി, അത് ചുണ്ടോടു അടുപ്പിക്കുമ്പോളാണ് ബന്ധുവായ ഒരു അമ്മച്ചിയുടെ ചോദ്യം:
"അപ്പോൾ നിങ്ങൾ ആണ് വിളിക്കാതെ ഇവിടെ സപ്തതി കൂടാൻ വന്നവർ  അല്ലേ ..........!!!!!"

സുഭാഷിന്റെ ഉരുള ഇലയിൽ വീണൊളിച്ചു.

"ഇങ്ങനെ വേണം...വിളിക്കാതെ വേണം വരാൻ.."അമ്മച്ചി പിന്നെയും..

"നിങ്ങളെ ദൈവം വിട്ടതാ "..

സുഭാഷിന്റെ മുഖത്ത് നോക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു.

ആ റൂമിൽ മറ്റാരും കേൾക്കാതെ അവൻ എന്റെ ചെവിയിൽ  പറഞ്ഞു:

"എന്തിന്റെ കുറവുണ്ടായിട്ടാഡാ നാറീ ഇത് കേൾക്കാൻ എന്നെയും കൂട്ടിയത്"..? നല്ലവാക്കു ഞാൻ പറഞ്ഞതാ പോയി രണ്ടെണ്ണം അടിച്ചിട്ട് വീട്ടിൽ  പോകാമെന്ന്...ഇനി  ഫുള്ളടിച്ചാലും ഈ നാണക്കേട്‌ മാറൂല്ല !"

ഇപ്പോഴും അക്ഷയത്രിതീയ വരുമ്പോൾ ആ അമ്മച്ചീടെ ശബ്ദംവും അന്ന്  ആ  മുറിയിലെ ചേച്ചിമാരുടെ അടക്കിപ്പിടിച്ച ചിരിക്കും  കാതിൽ കേൾക്കും ..!

ആ "തിരോന്തോരത്തെ" സുഹൃത്ത്‌ ഈ പോസ്റ്റ്‌ വായിച്ചാൽ കമ്മന്റ് ഇൻബോക്സിൽ വന്നിടണമെന്നു അപേക്ഷിക്കുന്നു. 


Tuesday, June 30, 2015

പ്രേമം.............

തൊണ്ണൂറുകൾ ...

പഠിത്തം, വായിനോട്ടം, സിനിമ, ചീട്ടുകളി, രഹസ്യമായി അൽപ്പസ്വല്പ്പം മദ്യപാനം, ഉത്സവങ്ങൾ ഒക്കെയായി,
ജീവിതം ആഘോഷമാക്കിയ നാളുകൾ.
ഒരു കുറവുള്ളത് പ്രണയം മാത്രാരുന്നു......
ശ്യാമിനും, അജേഷിനും , കറുമ്പൻ സുനിയ്ക്കും വരെ ലൈൻ ഉണ്ടാരുന്നു,
എനിയ്ക്ക് മാത്രം ആരും ട്യൂണ്‍ ആയില്ല...!
പ്രണയിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാം തോറ്റു പിന്‍വാങ്ങിയ ആളായിരുന്നു ഞാന്‍.
ഹൃദയത്തിന്‍റെ ക്ഷണക്കത്തും നീട്ടി ഞാന്‍ കാത്തിരുന്നത് കാണാതെ എത്രയോ മുഖങ്ങള്‍ മുന്നിലൂടെ നടന്നുപോയി.
അങ്ങനെ ഇരിക്കെയാണ് കരയോഗം പ്രസിഡണ്ട്‌ വിശ്വനാഥക്കുറുപ്പിന്റെ മകൾ ആശാക്കുറിപ്പിന് കാലം എന്തൊക്കെയോ സൗന്ദര്യവർദ്ധകലേപനങ്ങൾ തേച്ചുകൊടുത്ത പോലെ ഒരു പ്രത്യേക ചർമ്മകാന്തി കൈവന്നത് ഞാൻ നോട്ട് ചെയ്തത്.
അമ്പല മൈതാനത്തെ വൈകുന്നേരങ്ങളിലെ വോളീബാൾ കളിക്കിടയ്ക്ക്‌ ആശ, ആർ.കെ.വീ ബസ്സിൽ വന്നിറങ്ങുന്നത് ഞാൻ അറിയാതെ എന്റെ കണ്ണുകൾ തേടിപ്പിടിക്കുന്നുണ്ടായിരുന്നു..!
എന്റെ രണ്ടുകണ്ണുകൾ കൂടാണ്ട് വേറെ നാലുകണ്ണുകൾ കൂടി ആശയ്ക്ക് കൂട്ട് പോക്കാറുണ്ടെന്നു വൈകി ഞാൻ മനസ്സിലാക്കി. !!
ആ വൃത്തികെട്ട കണ്ണുകളുകളുടെ മുതലാളികൾ നിർഭാഗ്യവശാൽ എന്റെ കൂട്ടുകാരായ സ്വാമിനാഥനും, സുഭാഷും ആയിരുന്നു.!!!
വൈകുംനേരങ്ങളിലെ സൂര്യൻ ആശാക്കുറിപ്പിന്റെ കവിൾ ചക്രവാളത്തിന്റെ നുണക്കുഴികളിൽ ഇളം ചോപ്പ് രാശി പടർത്തുന്നതും നോക്കി മൈതാനത്ത് മൂന്നു ചെറുപ്പക്കാർ ഇരിക്കുന്നത് അവൾ സത്യത്തിൽ അറിഞ്ഞിരുന്നില്ല.
മൈതാനത്തോട്ട് നോക്കാതെ അവൾ നടന്നു പോകുന്നത്തിന്റെ മുഖ്യകാരണം അവളുടെ ചേട്ടൻ അജിത്ത് (കരാട്ടേ അജിത്ത്) വോളീബാൾ കളിക്കാൻ ഉണ്ടായതുകൊണ്ടാണെന്ന് ഞാൻ ഊഹിച്ചു.
കാൽ ‍ നഖങ്ങളില്‍ നോക്കി നടന്നു ശീലിച്ച പെണ്‍കുട്ടി. അത്യാവശ്യത്തിനു മാത്രം വാ തുറക്കുന്ന ഒരു പൂച്ചക്കുട്ടി. എനിക്കിഷ്ടമായി..!
ഇതുവരെ കാണാത്ത സൗന്ദര്യം അവൾക്കുണ്ടെന്ന് എനിയ്ക്ക് തോന്നിയത് പ്രണയം എന്നിൽ മുളപൊട്ടിയതുകൊണ്ടാകുമെന്നു ഞാൻ ഉറപ്പിച്ചു..!
പെയ്യാൻ വെമ്പൽ കൊണ്ടിരിക്കും മേഘം പോലെ, എനിയ്ക്ക് അവളോട്‌ പറയാൻ കഴിയാതെ ഞാൻ തനിയെ പറഞ്ഞ പ്രണയം, എന്റെ മസ്സിന്റെ നിയന്ത്രിത ആഘോഷമായി.
ബസ് സ്റ്റോപ്പിലും, ഞായറാഴ്ച്ചകളിൽ അമ്പലവഴിയിലുമുള്ള കാഴ്ച്ചകളിൽ , അവൾ എന്റെ കണ്ണിനു നേർക്ക്‌ എറിഞ്ഞു തന്ന പുഞ്ചിരിത്തുണ്ടുകൾ കൊണ്ടപ്പോൾ പ്രണയം കൊണ്ട് മാത്രം വരഞ്ഞെടുക്കാവുന്നൊരു മോഹശിൽപ്പം അവളിൽ സ്പന്ദിക്കുന്നുണ്ടെന്നു എന്നിലെ അനുരാഗശിൽപ്പി തിരിച്ചറിഞ്ഞു.
ആദ്യാനുരാഗം അവളെ അറിയിയ്ക്കാൻ തേനിൽ കരിമ്പ്‌ മുക്കി എഴുതിയ മധുര പദാവലികൾ ഞാൻ ഓർത്തുവച്ചു .
അങ്ങനെ.......
മഴ പെയ്തു തോർന്ന കർക്കിടകത്തിലെ ഒരു വെള്ളിയാഴ്ച,
പൂവാക ചുവന്ന പരവതാനി വിരിച്ച നാട്ടിടവഴിയിലൂടെ
കാൽനഖം നോക്കി നടന്നു വരുന്ന ആശാക്കുറിപ്പിന് അടുത്തേയ്ക്ക്
ഹൃദയപ്പാതി പകുത്തു കൊടുക്കാമെന്നുറച്ച് ഞാൻ നടന്നടുത്തു.
ചുണ്ടിൽ വിരിഞ്ഞ് കരിമഷിക്കണ്ണിലൂടെ അവൾ തൊടുത്തുവിട്ട ആ ഒരു പുഞ്ചിരിയിൽത്തന്നെ, ഞാൻ അടിമ ആയപോലെ തോന്നി.
പിന്നെയും ബാക്കി ഉണ്ടായിരുന്ന ധൈര്യം കൂട്ട് പിടിച്ച്
എന്റെ ഇഷ്ടത്തിന്റെ നിലവറ ഞാൻ അവള്ക്ക് മുന്നിൽ
തുറന്നു..........
"ആശാ ..എനിക്ക്.....എനിക്ക്........(ചുറ്റും ഒരു റൌണ്ട് നോക്കി) എനിക്ക്.. തന്നെ ഇഷ്ടാണ്...ഒരുപാടിഷ്ടം..!!"'
ചിരി തെളിഞ്ഞു നിന്ന ആശയുടെ മുഖത്ത് കർക്കിടക മേഘം ഉരുണ്ടു കൂടി..
ഒറ്റക്കരച്ചിൽ ..........!!!
ഞാൻ ഞെട്ടിപ്പോയി.
"അയ്യോ ...കരയാതിരിക്കൂ...ഞാൻ ഒന്നും ചെയ്തില്ലല്ലോ....!!, ആരേലും വരും,പ്ലീസ്...കണ്ണ് തുടയ്കൂ.."
അപ്പോൾ കരച്ചിലിന് ഇടയിലൂടെ ചില വാക്കുകൾ വന്നു..........
"എന്തിനാ ചേട്ടാ ഇങ്ങനെ ഒക്കെ പറേണേ...സ്വാമിനാഥൻ ചേട്ടനും, സുഭാഷേട്ടനും ഇതുതന്നെ വന്നു പറഞ്ഞു എന്നോട്, അപ്പോളും എനിക്ക് സങ്കടായി, ഞാൻ നിങ്ങളെ ഏട്ടന്മാരെ പോലാ കാണണേ ..."
ഹീശ്വരാ.................
എന്നേ ക്കാൾ മുന്നേ ആ നാറികൾ ഇവളോട്‌ പറഞ്ഞോ..........
ദിവസോം കാണുന്നവർ..
ഒരുമിച്ചു കളിക്കുന്നവർ..
വെടി പറഞ്ഞിരിക്കുന്നവർ ....
എന്നിട്ടും ഇങ്ങനെ ഒരു അന്തർധാര ഉണ്ടായ വിവരം
പരസ്പരം പറഞ്ഞില്ല...............!!
***********************************************************
കാലം മീശയുടെ കട്ടികൂട്ടി പിന്നെയും മുന്നോട്ട് ............
പണ്ടത്തെ ചങ്ങാതിമാർ പല പല ജോലികളിൽ
പലയിടങ്ങളിൽ എടുത്തെറിയപ്പെട്ടു..
എങ്കിലും ഒരു ഉത്സവ കാലം ഒരുമിച്ചു നാട്ടിൽ കൂടാൻ കഴിഞ്ഞപ്പോൾ,
ഒരു കുട്ടിയെ എടുത്ത് ശിവന്റെ അമ്പലത്തിന്റെ
ശ്രീകോവിലിൽ നിന്നും തൊഴുതിറങ്ങി വരുന്ന ആശയെ കണ്ടു.
ആ കുട്ടിയെ കാണിച്ച് സുഭാഷ് എന്നോട് പറഞ്ഞു ..(അവൾ കേൾക്കാതെ )
" നമുക്ക് പിറക്കാതെ പോയ ഉണ്ണിയാടാ അത്"............!
നേവിയിൽ ജോലിക്കാരനായ അമ്മാവന്റെ മോൻ തന്നെ
അവളെ കെട്ടി.
------------------------------------
ഇതിപ്പോ ഓർക്കാനും എഴുതാനും കാരണം
ഒരു ഷോയ്ക്കും ടിക്കെറ്റില്ലാതെ അവസാനം
ഇന്ന് കാണാൻ കഴിഞ്ഞ പ്രേമം എന്ന സിനിമയാണ്.
തൊണ്ണൂറുകളിൽ പ്രേമം ഇങ്ങനെ ആയിരുന്നോ? എനിയ്ക്ക് തോന്നിയില്ല...!
മാത്രമല്ല ഒരു പഞ്ചായത്ത് മുഴുവൻ പിന്നാലെ നടക്കാൻ പോരുന്ന
ഒരു സൗന്ദര്യധാമം ആയി മേരിയെ കണ്ടപ്പോൾ തോന്നിയുമില്ല.
കണ്ടു മടുത്ത പ്രണയ നായികകളിൽ നിന്നും വ്യത്യസ്തമായ
ഒരു ഇഷ്ടം തോന്നിപ്പിച്ചത് "മലർ " ആണ്....
ഒരുപാട് തമ്മിൽ പറയാതെ കണ്ണിൽ ഇഷ്ടം നിറയ്ക്കുന്ന ജോർജ്ജും മലരും...
എനിക്കിഷ്ടമായി...........
അല്ലെങ്കിൽ........
അതുമാത്രാണ്‌ ഇഷ്ടായത്..........!

Tuesday, September 16, 2014

പുനർജ്ജനിയുടെ കംബളം

ത് ശിശിരകാലം........
എനിക്ക് ചുറ്റും ഇലയുരിഞ്ഞ ചില്ലകളും ഇതളുലഞ്ഞ തളിരുകളും മാത്രം !!
ഇവിടെ,
പൂർണ്ണത്രയേശൻ കാത്തരുളുന്ന മണ്ണിലെ  ഈ ഫ്ലാറ്റിൽ,
നെടുവീർപ്പ് മണക്കുന്ന നാലുചുവരുകളുടെ ഒരു വശത്ത്,
ആകാശത്തേയ്ക്ക് തുറക്കുന്ന ഒരു കിളിവാതിലുണ്ട്!
അതിലൂടെ രാത്രിയാകാശത്തിലെ അമ്പിളിക്കല നോക്കിനിൽക്കുമ്പോളൊക്കെ
ഞാനോർക്കും-
ഈ അമ്പിളിയുടെ മറുപാതിയക്കരെ എന്റെ പ്രിയപ്പെട്ടവൾ കാത്തിരിപ്പുണ്ടെന്ന്..!
പിന്നെ,
മെല്ലെ മെല്ലെ ..
ഞാൻ എന്റെ മനക്കോട്ടയുടെ സ്വർണ്ണ വാതിൽ  തുറക്കും..!
ഓർമ്മക്കുടുക്കയിൽ ആദ്യമിരിപ്പുണ്ട്,
കർക്കിടക മഴപ്പായ നീട്ടിവിരിച്ച് നീ  കാത്തിരുന്ന രാത്രികൾ,
ഒറ്റ രാപ്പുതപ്പിന്റെ ചുളിവിലും ചുരുളിലും പ്രണയനൂലിഴ കൊണ്ട്
പൂക്കൾ തുന്നിയ  സുവർണ്ണ  നിമിഷങ്ങൾ,

ചിലകാത്തിരുപ്പുകളാണ് നമ്മുക്ക് ചിലപ്പോഴൊക്കെ കഴിഞ്ഞുകൂടലിനു അർഥം നൽകുന്നത്..!
ഇവിടെ വേരൂന്നി നിൽക്കാൻ  പ്രേരിപ്പിക്കുന്നത് ..!
നിന്റെ കാത്തിരിപ്പിന്റെ കണ്ണീർ സ്നേഹകം പുരട്ടിയ  ഈ ജാലകത്തിലൂടെ
ഓരോ ദിനങ്ങളും എനിക്ക് മുന്നിൽ തുറന്നു അടഞ്ഞുകൊണ്ടേ ഇരിക്കുന്നു..

ചിലത് അങ്ങിനെയാണ്,
നമ്മെ വല്ലാണ്ട് ഇഷ്ടപ്പെടുത്തും,
കൈവിടീയ്ക്കാൻ തോന്നാത്ത ചില മുറുക്കെ പിടുത്തം പോലെ,
ഒരിക്കലും "ബൈ" പറയാൻ തോന്നാത്ത ചില കൂടിച്ചേരലുകൾ പോലെ,
എന്നെ വിട്ടു നീ പോകല്ലേ....എന്ന് കൂടെക്കൂടെ ആരോ ഓർമ്മപ്പെടുത്തും പോലെ..
ഹൃദയത്തിൽ നിന്നും അടർത്തി മാറ്റാൻ ഒന്ന് നോക്കിയാൽ,
ആയിരം കൂർത്ത സൂചി മുനകൾ ഒന്നിച്ചു കുത്തിയ സഹിക്കാ നോവ്‌ പോലെ..

ഇനി ഒരു മഴക്കാലം തമ്മിൽ കാണും വരെ ഓർക്കാൻ-
എന്റെ കണ്ണിലുണ്ട്,
പുലരും വരെ നീണ്ട നമ്മുടെ ഒന്നിച്ചിരുപ്പുകൾ,
മിണ്ടിയും, മിണ്ടാതെയും,
ഇടയ്ക്ക് മയങ്ങിയും, അറിയാതെ കൂർക്കം വലിച്ചും,
നിനക്ക് ശ്വാസം മുട്ടും പോലെ ഇറുകി കെട്ടിപ്പിടിച്ചും ,
പുലർകോഴി കൂകും വരെ പ്രണയം പറഞ്ഞും,
നമ്മുടെ രാത്രികൾ........!!
വരും ജന്മങ്ങളുടെ കനവുകണ്ട് നമ്മൾ നെയ്തുകൂട്ടിയ ഒരു
പുനർജ്ജനിയുടെ കംബളം ഞാൻ കാത്തു സൂക്ഷിച്ചിട്ടുണ്ട്.
വരൂ നീ............
_________________________________________________

Tuesday, June 10, 2014

എങ്ങനെ മറക്കും..

ൾത്തിരക്കിൽ കണ്ണുകൾ തമ്മിൽ കണ്ടിട്ടും,
മന:പ്പൂർവ്വമുള്ള-
കാണാതിരുപ്പുകൾ...!
ഹൃദയത്തിൻ മിണ്ടലുകൾ,
അധരത്തിൻ-
മിണ്ടാതിരിപ്പുകൾ...!
തണൽമരച്ചോട്ടിലെ സൗഹൃദക്കൂട്ടത്തിൽ,
ഇല്ലാത്തോരാളെ തിരയുന്ന
ആകാംഷമിഴികൾ...!
വെയിൽ മണക്കും വരാന്തകളിൽ,
പ്രിയമുള്ളോരാളെ
കാണാതിരിക്കുമ്പോൾ-
നിഴലിറങ്ങിപ്പോകുംവരെ നീളും,
മിഴിയടയാ -
കാത്തിരിപ്പുകൾ...!
ഒളികണ്‍നോട്ടങ്ങളിൽ,
കണ്ണിമകളിൽ കുലച്ചു നില്ക്കും
മഴവില്ലു കണ്ടെത്തുന്ന
മത്സരങ്ങൾ..!
കടുംചുംബനങ്ങളുടെ ചായംമുക്കി,
മനസ്സിൽ തിരയടിക്കുന്ന രൂപത്തെ,
ആയിരം ക്യാൻവാസുകളിൽ
വരയ്ക്കാൻ കാണിക്കും-
തിടുക്കങ്ങൾ...!
ആകാശപ്പരപ്പിലേയ്ക്ക് തുറക്കും,
ജാലകവാതിലുകളിലൂടെ,
നീലമേഘങ്ങളുരുണ്ടുകൂടി,
കാണാൻ കൊതിച്ചോരു മുഖമാകുന്നത്
കാണുമ്പോൾ,
അവിടേയ്ക്ക് വർണ്ണശലഭങ്ങളെ പറത്തി,
ദൂതുവിടുവാൻ-
മോഹങ്ങൾ...!!
വൈകിയുള്ള രാവുറക്കങ്ങളിൽ,
ഋതുവിരലാൽ-
ആരോ തഴുകിയുണർത്തുന്ന
തരളിത സ്വപ്‌നങ്ങൾ...!
ഓരോ കാഴ്‌ചയിലും വേഗം കൂടുന്ന
ആരും കേൾക്കാ-
നെഞ്ഞിടിപ്പുകൾ..!
മറ്റാർക്കും മുഖം തരാതെയാണെങ്കിലും,
അടുത്തെത്തുമ്പോൾ
തലയുയർത്തി നോട്ടമെറിയുന്ന
വഴിനടത്തങ്ങൾ ...!
തമ്മിൽക്കാണാ ദിവസങ്ങളിൽ ,
ആളൊഴിയാ നീളൻ വരാന്തയിൽ,
ആരെയോ കാത്തുനിൽക്കുന്ന
കലങ്ങിയ കണ്‍മഷി-
നോട്ടങ്ങൾ ...!
ആദ്യമായ് കണ്ണിൽ നറുനിലാവെട്ടത്തിൻ,
നന്ത്യാർ വട്ടങ്ങൾ വിരിയിച്ച
തേനൊലി -
ചുംബനങ്ങൾ ..!
മൗനം വിരൽകോർത്ത
ഇടവഴിനടത്തങ്ങൾ..!
മിണ്ടാട്ടമില്ലാതെ മുഖം മറച്ചും,
ഇല്ലാപ്പിണക്കം കൊണ്ട് കവിൾ ചുവപ്പിച്ചും,
പരിഭവപ്പനി പിടിച്ച-
മഴദിനങ്ങൾ..!
വെയിൽ അസ്തമിച്ചിട്ടും
വെളിച്ചം അണഞ്ഞു തുടങ്ങിയിയിട്ടും
യാത്രപറയാൻ മടിച്ചിരുന്ന
വൈകുന്നേരങ്ങൾ ...!

പ്രണയം.........!!!!!!!!!
ഇതൊക്കെയും
തോന്നിയിട്ടുണ്ട്.....
എനിയ്ക്കും ..
അവൾക്കും .......
എങ്ങനെ മറക്കും...?
ആദ്യ നോട്ടം..
ആദ്യം മിണ്ടിയത്‌..
സ്പർശം..
മുത്തം കൊണ്ട് ചുണ്ട് നനഞ്ഞത്..
ദേഷ്യംവന്നു കണ്ണ് ചുവന്നത്..
സങ്കടം കൊണ്ട് കണ്മഷി കലങ്ങിയത്..
കുശുമ്പ് വന്നു കൈ പിച്ചിയെടുത്തത് ..
എങ്ങനെ...
എങ്ങനെ മറക്കും..???

ഈ ഓർമ്മകൾക്കും മറവിയ്ക്കുമുണ്ട് ജീവനിൽപ്പൂത്ത ചെമ്പകത്തിൻ വാസന..!!
___________________________________________

Wednesday, May 7, 2014

കിനാവള്ളിയിൽ കൊരുത്ത പ്രണയപ്പൂക്കൾ

ഇന്നലെ ....
 രാത്രിയാമങ്ങളിലെ ഏതോ സ്വപ്ന മുഹൂർത്തത്തിൽ
നീയെന്റെ വധുവായി.......
ആയിരം മഴമേഘ ദൂരങ്ങൾക്ക് അപ്പുറമാണ് നീയെങ്കിലും,
ഇന്നലെ ഒരൊറ്റ സ്വപ്നത്തിൻ  കിനാവള്ളിയിൽ
എത്ര പവിഴോർമ്മകളെയാണ് നീ കൊരുത്തിട്ടത്!!
എത്ര സുന്ദരമായാണ് നീ സ്വപ്നങ്ങൾക്ക് മഴവിൽ ചിറകു തുന്നുന്നത്,
നീയെന്റെ നിറങ്ങളായ്‌ മാറുന്നത്‌,
എന്റെ ശ്വാസവേഗങ്ങളിൽ മൃദുഗന്ധം കലർത്തുന്നത്,
മുടിപ്പിന്നലിന്റെ തുമ്പത്തെ പിച്ചിപ്പൂ..
മാങ്ങാമാലയും, ഇളക്കത്താലിയും കസവു പുടവയും..
നീൾമിഴികൊണ്ടുള്ള നോട്ടത്തിൽ
തളർന്നു പോയി ഞാൻ...........
നിനക്കു ചേരാത്ത നാണത്തോടെ നീ എന്റെ കരളിന്നകത്തു
കാൽവിരൽ കൊണ്ട് കോലം വരയ്ക്കുന്നോ?
കാതോരമായ് വന്നു ഞാനും നിലാവും മാത്രം കേൾക്കേ
നീ പറയുന്നു............
ഞാൻ ഇനിവരും ജന്മങ്ങളിലും നിന്റെ പ്രണയം തീറെഴുതി വാങ്ങിച്ചവൾ,
നീ പാതികണ്ട് ഉണരുന്ന പ്രണയ സ്വപ്നങ്ങളെ
ദൂരെയിരുന്നു പൂരിപ്പിച്ചു പൂർത്തിയാക്കി കാണുന്നവൾ...............
സ്വപ്നത്തിലല്ലാതെ നിന്റെ വധുവാകാൻ ഒരു പുനർജ്ജന്മം ഇല്ലാതെ പോയവൾ,
ഒരുതാലിത്തിളക്കം നീയെൻ കഴുത്തിൽ ചേർത്ത് വയ്ക്കുന്ന ചിത്രം
ഹൃദയത്തിന്റെ ചുവപ്പ് കാൻവാസിൽ പകർത്തിവച്ചവൾ,
മഴക്കുളിരിൽ നിന്നെപ്പുതച്ചും
ഒറ്റനടത്തങ്ങളിൽ
എനിക്കുമാത്രം കാണും നിന്റെ
കൈത്തണ്ട് പിടിച്ചും തോളുരുമ്മിയും,
നീപാടിയ പാട്ടിൻ പല്ലവിയ്ക്ക് ആരുംകേൾക്കാതെ
ഒരേ അനുരാഗത്തിൻ ഇണ അനുപല്ലവികൾ മൂളിയും,
നിന്റെ പേര് ഒരു പ്രാർത്ഥന പോലെ സഹസ്രനാമം ചൊല്ലിയും,
ഈ ഭൂമികയിൽ എന്റെ വിശുദ്ധ പ്രണയം ജീവിച്ചു തീർക്കുന്നവൾ..!!!

Monday, March 3, 2014

ശുഭയാത്ര നേരുന്നു ..

നിന്റെ നെഞ്ചിൻ മിടിപ്പ് നിന്നാലും,
ജീവന്റെ പക്ഷി പറന്നകന്നാലും,
പറയാൻ ബാക്കിവച്ച അവസാനത്തെ വാക്കെന്താകുമെന്നോർത്ത് എനിക്ക്  ശ്വാസംമുട്ടിയാലും,
ഇനിയൊരു പുലരി ചുവക്കാത്ത ഇരുൾക്കറുപ്പിൻ ദേശത്തേയ്ക്ക്, ഒറ്റയ്ക്കൊരു ചൂട്ടുകറ്റ വെളിച്ചം വീശിത്തെളിച്ച് നീ നടന്നകന്നാലും,
ഉറക്കത്തിൻ രാത്രി വണ്ടിയെത്തുന്ന വഴിയിലെ തനിച്ചിരുപ്പിലേയ്ക്കെന്നെ ഇറക്കിവിട്ട്, ഉണരാത്ത ഒരു ഉറക്കത്തിലേക്ക് നീ വേഗവണ്ടി കയറി കൂട്ടില്ലാതെ പോയാലും,
ഒറ്റപ്പെടലിന്റെ ചന്നിനായകക്കയ്പ്പ് രുചിക്കുമ്പോൾ, നിന്റെ ചേർന്നിരിപ്പുകൾ സമ്മാനിച്ച തേൻമധുരാനുഭൂതികൾ നെഞ്ഞുകീറി നൊമ്പരമെഴുതിയാലും,
ഓർമ്മയിൽ........
ബോധത്തിൽ.......
പ്രാണനിൽ .........
ചിന്തയിൽ ..........
സ്വപ്നത്തിൽ .....
ഉറക്കത്തിൽ.......
ഉണർവ്വിൽ ........
കണ്ണുകളിൽ.........
കാതുകളിൽ........
വാക്കിൽ......
നോക്കിൽ..........

നീ..........നിന്റെ ആത്മാവ് വാസനിക്കുവോളം,
കാലത്തിനും, പ്രകൃതിക്കും, ഋതുക്കൾക്കും  ഊതിക്കെടുത്താൻ ആകില്ല
നീ എന്റെ ഉള്ളിൽ ഉയിരിന്റെ എണ്ണ  ഊറ്റി ഒറ്റത്തിരിയിട്ട് കൊളുത്തിവച്ച പ്രണയത്തിൻ മുല്ലപ്പൂവെട്ടം.