Follow by Email

Sunday, December 8, 2013

ഒരു അവധിക്കാല വെടി ...!

നാട്ടിലേയ്ക്കുള്ള ഓരോ അവധിക്കാലയാത്രകളും ഓരോ കഥകളാകാറുണ്ട്. ചിരിച്ചും സന്തോഷിച്ചും, സുഖമുള്ളൊരു ചെറുനോവിന്റെ മുള്ളുകൊണ്ടൊന്നു കണ്ണ് നിറഞ്ഞും  ഒരുപിടി കഥകളെ ഹൃദയത്താളിൽ എഴുതിത്തരും ഓരോ അവധിക്കാലവും ..!

ശിവന്റമ്പലത്തിൽ ദീപാരാധന കഴിഞ്ഞ് ചുറ്റുവിളക്ക് കെടുത്തും മുൻപ് വടക്കേഗോപുരത്തിണ്ണയിൽ നമ്മുടെ ലോക്കൽകമ്മറ്റി  അണ്ണന്മാരുടെ  ഒരു നാട്ടുപഞ്ചായത്തുണ്ട്‌. കണ്ണിൽ പ്രസാദവുമായ് തൊഴുതു മടങ്ങും "മിസ്സ്‌ കരമന"-സുന്ദരികളുടെ,നാട്ടുമണ്‍വഴിയിൽ പതിഞ്ഞ കാലടികളെ നോക്കി നെടുവീർപ്പിടുന്ന, ക്ലബ്ബിലെ പുരോഗമന വാദികളും, യുവ കോണ്‍ഗ്രസ്സ് ചേട്ടന്മാരും ചോരത്തിളപ്പുള്ള യുവകോമളന്മാരുമടങ്ങുന്ന ഒരു  നാട്ടുക്കൂട്ടം...!

കരളിൻ പുഴകളിൽ പാദസ്സരങ്ങളൊഴുക്കിയ പെണ്‍കൊടികൾ മധുതരമായ ഓർമ്മയിൽ ഭൂതകാലത്തിൻ പടിയിറങ്ങി നില്ക്കുന്നു.
ആ കാഴ്ച വിളക്കിന് ശേഷം ചർച്ചയാണ്..
ജാതിമത വർഗ്ഗ രാഷ്ട്രീയ ഭേദമന്യേ, അമ്പലക്കമമ്മറ്റിക്കാരും, പള്ളിക്കമ്മറ്റിക്കാരും, ഇരുന്നു സകല രാജ്യാന്തര വിഷയങ്ങളും, പൊളിഞ്ഞ പ്രേമവുമൊക്കെ ചർച്ച ചെയ്യുന്ന ഒരിടമാണത്. ആദ്യഘട്ട ചർച്ച അവിടെ തുടങ്ങി പിന്നെ മെല്ലെ അടുത്തുള്ള ക്ലബ്ബിലോട്ടു പോയിട്ടാകും ബാക്കി  അരമുക്കാൽ മണിക്കൂർ തുറന്ന ചർച്ച.! കരുവായത്തെ മനൂന്റെ അച്ഛന്റെ ജാട  മുതൽ, അമേരിക്കയിലെ ജോലി സാധ്യതകൾ വരെ വിഷയമാകുമവിടെ.

അങ്ങനെ ഒരു വൃശ്ചികക്കുളിരുള്ള സായാഹ്നത്തിലാണ്,  കണ്ണുചിമ്മി  ഉണർന്ന്‌ വരുന്ന ചന്ദ്രബിംബത്തെ സാക്ഷിനിറുത്തി,  ഗൾഫിൽ നിന്നും വെള്ളിയുടിപ്പിട്ട് വിരുന്നു വന്ന അബ്സല്യൂട്ട് മാംഗോയുടെ  രണ്ട് കുപ്പി, ഞാൻ നാട്ടുപഞ്ചായത്ത് അണ്ണന്മാരുടെ മുന്നില് വച്ചത്. പരിശുദ്ധമായ ആ തെളിനീരിൽ ഹിമക്കട്ട ചാലിച്ച് ചില്ലുഗ്ലാസ്സുകൾ പരസ്പരം മുത്തം കൊടുക്കാൻ കാണിക്കുന്ന തിടുക്കം  ഒന്ന് കാണേണ്ടത് തന്നെ ..അങ്ങനെ സംഭവം മെല്ലെ ടോപ്‌ ഗീയർ പിടിക്കാൻ തുടങ്ങി.

നാട്ടിൽ നടക്കുന്ന രസകരമായ എല്ലാ സംഭവത്തിലും എക്സ്ട്രാ മസാല ആഡുചെയ്ത് വിളമ്പുന്ന അണ്ണന്മാരോട്  ഞാനപ്പോൾ  ചോദിച്ചു..

കോമഡികൾ ഒന്നുമില്ലേഡേ ലേറ്റെസ്റ്റ്....നമ്മുടെ ഷണ്മുഖൻ ആശാരിയും, മണിയൻ സാറും പുതിയ വെടിയൊന്നും പൊട്ടിച്ചില്ലേ?

ആരോ നിർബന്ധിച്ചു കുടിപ്പിക്കുന്നു --എന്നഭാവത്തിൽ, ആരോടോ പക തീർക്കും പോലെ, ഒരു ഗ്ലാസ്സ് ലഹരി ഒറ്റവലിക്ക് അകത്താക്കി, ഒരു പിടി പിസ്താ വാരി അണ്ണാക്കിലോട്ട് എറിഞ്ഞ് സുഭാഷ് പറഞ്ഞു,

അവരൊന്നും അല്ലമോനെ, രണ്ടായിരത്തി പതിമ്മൂന്നിലെ 'സ്റ്റാർ ഓഫ് ദ ഇയർ' അവാർഡ്‌ നേടിയത് നമ്മുടെ ബാർബർ പാക്കരണ്ണനാണ്.

 ലഹരിപൂത്ത കണ്ണുകൾ കൊണ്ട് സുഭാഷ് ആ പാക്കരചരിതം ആട്ടക്കഥ പാടിത്തുടങ്ങി...

അയ്യപ്പവിലാസം ടീ ഷോപ്പ് ഉടമയാണ് ശിവൻപിള്ള. ആളിനേക്കാൾ ഫേയ്മസ് അവിടുത്തെ  ദോശയും രസവടയും, പിന്നെ നാക്കിലലിഞ്ഞു പോകുന്ന എരുവുകൂടിയ ബീഫും സോഫ്റ്റ്‌ പോറോട്ടയുമാണ്.   പണിയെടുത്താൽ വിയർക്കുമെന്നു പേടിയുള്ള ഒരുകൂട്ടം സുമനസ്സുകൾ പകലുകളിലും, വൈകുന്നേരങ്ങളിലും  ഒരേ മനസ്സോടെ ടീ ഷോപ്പിലെ ബെഞ്ചിലൊട്ടിയിരുന്നു അമേരിക്കൻ സാമ്പത്തിക പ്രതിസന്ധിക്കുനേരെ പുച്ഛം വാരി വിതരാറുള്ളത് അവിടുത്തെ സ്ഥിരം കാഴ്ച. കൃത്ത്യമായ ഇടവേളകളിൽ സപ്ലെയർ സുകു ഇടിവെട്ടും പോലെ ചായഗ്ലാസ്സ് കൊണ്ട് വന്നു മേശമേൽ ഇടിച്ചുവയ്ക്കും.

അടുക്കളയിലെ പുകമറ ഊതിമാറ്റി വെളിയിലിറങ്ങിയാൽ കാണുന്നത് പാക്കരണ്ണന്റെ ബാർബർ ഷോപ്പും, ഉത്തമൻ ചേട്ടന്റെ പലചരക്ക് കടയും, ശശാങ്കന്റെ സൌണ്ട് സിസ്റ്റവുമാണ്.  .

കടയിൽ "കസ്റ്റമേർസ്' ഇല്ലാത്ത സമയങ്ങളിൽ പാക്കരണ്ണനും ഉത്തമേട്ടനും, ഓരോ  ചൂട് ചായയുടെ കൂട്ടുപിടിച്ച് ശിവൻ പിള്ളയ്ക്ക് കമ്പനി കൊടുക്കാൻ വന്നിരിക്കും.

ദേവീനടയിലെ ഉത്സവകാലം..
 കച്ചവടം പൊടിപൊടിച്ചു നടക്കുന്നു. പോറോട്ടക്കും ബീഫിനും, ആരാധകത്തിരക്ക്. സപ്ലെയർ സുകുവിന് നിന്ന് തിരിയാൻ നേരമില്ല. ദോശയും രസവടയും പ്ലെയിറ്റുകളിൽ ചിത്രമെഴുതുന്നു. ഒരു ടിപ്പർ ലോറിയിൽ നാലുപേര് വന്നു, കടയ്ക്ക് പിന്നിലെ വിറകു പുരയുടെ മറവിൽ നിന്ന് ത്രിഗുണൻ റമ്മിന്റെ  കുപ്പി പൊട്ടിച്ച് വെള്ളമൊഴിച്ച് കേടാക്കാതെ വായിലൊഴിച്ച്, നാല് ബീഫും അതിന്റെ പൊറോട്ടയും പാർസൽ വാങ്ങിച്ചു പോയി.  സുകുവിന് സഹായമായി നമ്മുടെ പാക്കരണ്ണനുണ്ട്. തിരക്കിന്റെ മഴയൊന്നു  തോർന്നപ്പോൾ വലത്തേമൂലയ്ക്കുള്ള ഡെസ്കിനു മുകളിൽ  ഒരു "പൊതി" ശിവൻപിള്ളേടെ  കണ്ണിലുടക്കി.

പാക്കാരോ, എന്താഡോ ഒരു പൊതി,   ആരേലും വച്ചു മറന്നതാണോ?

സുകുവും, പാക്കരണ്ണനും ആകാംഷയുടെ കണ്ണ് തുറന്നുപിടിച്ച്‌ പൊതിയെടുത്ത്‌ നോക്കി.
കുറേ കറുപ്പും ചുവപ്പും ചരട് കെട്ടിയ മൂന്നു ഈറക്കുഴലുകൾ പോലെ ഏതോ സാധനം, ചരടുകൊണ്ടു തലങ്ങും വിലങ്ങും കെട്ടിയിട്ടുണ്ട്.

എഡോ ))))) പിള്ളേ ))))))

പാക്കരണ്ണൻറെ  വിളി.......

ഇത് മറ്റേതു തന്നെ..........!!!

എന്തോന്ന്????????????

ശിവൻപിള്ള കണ്ണ് വെളിയിൽ എറിഞ്ഞ്  ചോദിച്ചു..

കൂടോത്രം ....!!!!

തന്റെ കച്ചോടം പൊളിക്കാൻ ആരോ ശക്തമായ പ്രയോഗം ചെയ്തു കൊണ്ട് വച്ചേക്കാ.......

ഈ ഉത്സവ കച്ചോടം പൊടിപൊടിക്കുന്നത് ആർക്കോ ഇഷ്ടപ്പെട്ടിട്ടില്ല, തന്നെ മൂടോടെ പിഴാനുള്ള പണി,   ചരട് ജപിച്ചു കെട്ടിയിരിക്കുന്നത് കണ്ടില്ലേ ?

ശിവൻപിള്ള നല്ല ദൈവവിശ്വാസി, നിർമ്മാല്യം തൊഴാതെ കടതുറക്കില്ല ഒരു ദിവസം പോലും..

എങ്കിലും പൊന്നുതമ്പുരാന്റെ കണ്മുന്നിൽ അധ്വാനിച്ച് ജീവിക്കുന്ന എനിക്കീപണി ഏതു കാലനാ പാക്കരാ തന്നത്?  (ഗദ്ഗതം )
ഒരു കിളിക്കുഞ്ഞിനെ പോലും  ഞാൻ ദ്രോഹിച്ചിട്ടില്ല .
ശിവൻപിള്ള കണ്ണുതുടച്ചു .

സുകുവിന്റെ കണ്ണിൽ  വിഭ്രാന്തിയുടെ കറുത്ത പക്ഷികള്‍ ചിറകടിച്ചുയരുന്നത് കാണാം. എന്തിനും ഏതിനും പിള്ളേടെ വലം കൈ ആണല്ലോ, അപ്പോൾ കൂടോത്രപ്പണി തനിക്കും കിട്ടോ, എന്നൊരു ഭയം ആ മുഖത്ത് കാണാം.  

കടയിൽ  ക്ഷണിക്കാതെ ദേഹത്ത് ചരടും കെട്ടി വിരുന്നുവന്ന  അതിഥിയുടെ മുഖത്ത് നോക്കി മൂന്നാളും   ഒരുനിമിഷം മൗനമായി നിന്നു. 

"മറു പ്രയോഗം ചെയ്യണം ".പാക്കരണ്ണൻ ഉറക്കെ പറഞ്ഞു, ഒരു വെളിപാട് പോലെ.!!!
അത്യാവശ്യം ബാധ ഒഴിപ്പിക്കലും, ഭസ്മം ജപിക്കലുമൊക്കെ വശമുള്ള ആളാണ്‌ ടിയാൻ!!!  (വയറ്റിപ്പിഴപ്പ്‌ )

തൊട്ടുരിയാടാതെ, അലക്ഷ്യമായി കളയാതെ, വെള്ളം തൊടാതെ ഇതിനെ അഗ്നിയിൽ എരിക്കണം ..............

പാക്കരണ്ണൻ തന്ത്രിയായി, മനക്കണ്ണിൽ സാക്ഷാൽ ഭഗവാൻ ശിവൻ അരുളപ്പാട് വന്നു പറയും പോലെ കണ്ണടച്ച് പറഞ്ഞപ്പോൾ, ശിവൻപിള്ളയും സുകുവും ഭക്തിയോടെ "ഭഗവാനേ" എന്നൊരുമ്മിച്ചു വിളിച്ചു.

നീ എന്താച്ചാൽ ചെയ്യൂ, എനിക്ക് ദേഹം വിറച്ചുവയ്യ... 

എല്ലാം ശരിയാകും പിള്ളേ.... അടുപ്പത്ത് കുരുമുളകിൽ കുളിച്ചു തിളച്ചു മറിയുന്ന പോത്തിറച്ചിയെ സാക്ഷി നിറുത്തി അണ്ണൻ  പറഞ്ഞു,

"ഇത് ചെയ്തവനെ ഞാൻ പൂട്ടും, മണിച്ചിത്രത്താഴിട്ട്  ഞാൻ പൂട്ടും...."

ലാലേട്ടനെ പോലെ ചരിഞ്ഞ് ഒറ്റപോക്ക്, പൊറോട്ട തിരിച്ചിടുന്ന ചട്ടുകം വലംകയ്യിൽ എടുത്ത് സർവ്വ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച്‌ കൂടോത്രത്തെ സൂക്ഷിച്ചെടുത്തു , ശിവൻ പിള്ളേടേം, സുകൂന്റെം ഹൃദയങ്ങൾ ഞാൻ മുൻപേ ഞാൻ മുൻപേ എന്നപോലെ ഇടിച്ചോടുന്നു...

ആകാംഷയുടെ മുൾമുനയിൽ പാക്കരണ്ണൻ  ആ നിഗൂഡതയുടെ പര്യായമായ "പൊതി",  പോത്തിറച്ചി തിളയ്ക്കുന്ന അടുപ്പിൽ എറിഞ്ഞു...........!!!

ട്ടേ ഠ ട്ടേ ട്ടോ ഡും .........))))))))))))))))))))

നൂറു കുങ്കുമസൂര്യന്മാർ ഒരുമിച്ചസ്തമിച്ചപോലെ വെളിയിലൊരു കടുംചുവപ്പ്

ഒമ്പതാം ഉത്സവത്തിന്റെ വെടിക്കെട്ട്‌ പോലെ ആകെ വെടീം പുകേം....!!!

പുകമറ മാറി നോക്കീപ്പോൾ രണ്ടു മുറി കടയുടെ വലത്തേഭിത്തി ഇല്ല,  പടക്കക്കടക്ക് തീപിടിച്ച പോലെ മൂന്നുപേർ...
കാറ്റിനു വെടിമരുന്നിന്റെയും  പോത്തിറച്ചിയുടെയും മണം...

എന്താ സംഭവിച്ചത് എന്നോർക്കാൻ കൂടെ പറ്റണില്ല ....
ആളുകളോടിക്കൂടി ....

കൂട്ടത്തിൽ  അരമണിക്കൂർ മുന്നേ ഒരുകുപ്പി ത്രിഗുണൻ വിറകുപുരയുടെ  മറവിൽ നിന്ന് അകത്താക്കിയിട്ട് പോയ  ടിപ്പർ ലോറി ചേട്ടന്മാരുമുണ്ട്,

കിഴക്കേക്കരയിലുള്ള പാറമടയിൽ നിന്നും ചീറിപ്പാഞ്ഞ് വന്നതാരുന്നു അവർ...
വെള്ളമടിയുടെ തിരക്കിൽ ടീ ഷോപ്പിൽ മറന്നുവച്ച ,പാറപൊട്ടിക്കാൻ കെട്ടിയ കേപ്പും വെടിമരുന്നും, നിറച്ച കെട്ടെടുക്കാൻ ........................... 

തുള്ളിക്കൊരു കുടം കമഴ്ത്തി ചിരിയുടെ പെരുമഴ ക്ലബ്ബിൽ പെയ്തുവീഴുമ്പോൾ ഞാൻ ശിവൻപിള്ളയുടെയും സുകുവിന്റെയും പാക്കരേട്ടന്റെയും മുഖം ആവാഹിച്ചെടുക്കുകയായിരുന്നു ....

അങ്ങനെ ആ അവധിക്കാല രാത്രിയിൽ ഞാൻ മനസ്സിലെ ഡയറിയിൽ ഈ മൂന്നുപേരുടെ രൂപം വരച്ചിട്ടു . ഒഴുവുകാലങ്ങളിൽ നാട്ടുമ്പുറത്തെ വിശേഷങ്ങളുടെ കേൾവിക്കാരനായി കൂടെകൂടുമ്പോൾ, കുഞ്ഞുറുമ്പുകൾ ചുമന്നു കൂട്ടിവച്ച കുത്തരിമണികൾ പോലെ ഒരുപാട് ഓർമ്മകളെ കൂടെ  കൂട്ടി വരാൻ  കഴിയുന്നത്‌ സന്തോഷമാണ്..

Wednesday, October 30, 2013

ഒരു പ്രണയക്കാപ്പി............ !

തിവ്പോലെ പ്രഭാതം ചൂടാക്കിയുണർത്താൻ ഒരു കാപ്പി ഉണ്ടാക്കുന്ന തിരക്കിൽ , പ്രണയത്തിന്റെ ഉൾപ്പുളകങ്ങളും രാസമാറ്റങ്ങളും, തൂനിലാപ്പാലിനും സൗഗന്ധിയായ കാപ്പിപ്പൊടിക്കുമിടയിൽ കാപ്പിപ്പാത്രത്തിൽ അഗ്നിസാക്ഷിയായ് നടക്കുന്നത് എന്റെ പ്രിയതമ അറിഞ്ഞില്ല......!

പാൽമണമുള്ള ചുണ്ടിൽ ചുംബിക്കാൻ അനുവദിക്കാതെ പാവം കാപ്പിപ്പൊടിയെ വട്ടം ചുറ്റിക്കുന്ന രംഗത്തിനു തീനാളങ്ങൾ മാത്രം സാക്ഷി...! പ്രണയത്തിൻ ഊഷ്മാവ് ഉയർന്ന് പഞ്ചസാര അലിഞ്ഞ് മധുരമൂറി വന്നു. കാപ്പിപ്പൂ ചുണ്ടിലും കവിൾ ചെണ്ടിലും പാൽച്ചുണ്ടുകൾ തുരുതുരാ ഉമ്മ വക്കുന്നു.

അധികനേരം ആ തീവ്ര പ്രണയ രംഗം നീണ്ടു നിന്നില്ല........


മൂർച്ചിത ഭാവത്തിൽ ഒന്നായ്  അലിഞ്ഞ് വർദ്ധിത വീര്യത്തിൽ പതഞ്ഞുയർന്നു വന്നപ്പോൾ, കെട്ടുപിണഞ്ഞു കിടന്നവർ വലച്ചകത്തപ്പെട്ടു.........
രണ്ടു കോപ്പകളിൽ.......
പരിഭവം കരിനീലിച്ച കവിളുകളിൽ നിരാശയുടെ ചുവപ്പ് പടർത്തി അവർ ഒരു കയ്യകലത്തിൽ അടുത്തടുത്ത്‌, തമ്മിൽ സ്പർശിക്കാൻ ആകാതെ.......!
കവിളത്ത് കാമുകൻ കടം വച്ച മുത്തങ്ങൾ ചോക്ലേറ്റ് നിറത്തിൽ പതഞ്ഞു നിൽക്കുന്നു.....!!
വിരഹത്തിൻ സംഗീതം കേട്ടു ഞാൻ നോക്കി......
ഉഷ്ണമറിയാതെ ഉടൽ വിയർപ്പിൽ കുളിച്ചിരുന്ന മിഥുനങ്ങളെ ഞാൻ തുറന്നു വിടുന്നു.............
അവർ ഒന്നിച്ചൊഴുകി കാപ്പിതോട്ടത്തിലെ പൂമണം പരത്തട്ടെ......!!!

Thursday, October 10, 2013

ജീവിത കഥ............

ണ്ടായിരത്തിരണ്ടിലെ ഒരു പകൽ.
പഠിത്തവും ജോലിയുമൊക്കെയായി ചെന്നൈ നഗരത്തിൽ വന്നെത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.  ഒരു തമിഴ് അഗ്രഹാരത്തിലെ മുകളിലത്തെ നിലയിൽ ആയിരുന്നു  താമസം.    എന്നും പ്രഭാതത്തിൽ ചൂട് ചായയുടെ കൂട്ടുപിടിച്ച് ഈ ജാലകത്തിലൂടെ മദിരാശി പട്ടണം നോക്കി നില്ക്കുന്നത് പതിവാണ്. താഴെ അഗ്രഹാരത്തിലെ 'അഴകിന്റെ വിഗ്രഹങ്ങൾ' കൈവിരുതു കൊണ്ട് കോലങ്ങൾ  വരക്കുന്നുണ്ട്. വേഗവിരലുകൾ ശൂന്യതയിൽ കുസൃതിയായ് ചലിപ്പിക്കുമ്പോൾ എത്ര ഭംഗിയിലാണ് ഈ കോലങ്ങൾ തെളിയുന്നത് ..!! ചില്ല് ജാലകത്തിലെ മഞ്ഞ്,  സൂര്യന്റെ ഇളം ചൂടുള്ള മുത്തങ്ങൾ കിട്ടുമ്പോൾ കൗമാരക്കാരിയുടെ  നാണത്തോടെ ഓടിയൊളിക്കുന്നു. 

എറ്റവും ഭംഗിയിൽ കോലമെഴുതിയത് ഞാനാണെന്ന ഭാവത്തോടെ അഭിരാമി (ഹൌസ് ഓണറുടെ മകൾ)  മുകളിലേക്ക് നോക്കി എനിക്കൊരു പ്രഭാത പുഞ്ചിരി സമ്മാനിച്ച്, വെള്ളിക്കൊലുസ്സും കിലുക്കി അകത്തേക്കോടി.  സൈന്യത്തിലെ ഉദ്യോഗസ്ഥൻ ആയിരുന്നു അവളുടെ അപ്പാ. അവൾ എന്ജിനീയറിംഗ് മൂന്നാം വർഷം പഠിക്കുന്നു. ഇപ്പോൾ പോയി അമ്മ ഉണ്ടാകിയ പാലപ്പം പഞ്ചസാരയും പാലും ചേർത്ത് കഴിച്ചു തുടങ്ങിക്കാണും.!  എന്നും പാലപ്പം കഴിക്കുന്നത്‌ കൊണ്ടാകുമോ അവൾക്കീ പാൽനിറം...!  . 


മുകളിലെ  നിലയിലെ പുറകുവശത്ത്, കഴുകിയതുണി ഉണങ്ങാൻ  ഇടുന്ന നീളൻ വരാന്തയുണ്ട്.   നനച്ചുണക്കിയ പെണ്‍തുണികളുടെ സുഗന്ധം നിറഞ്ഞു നില്ക്കുന്ന ഒരിടം..!  നാലുമണി നേരങ്ങളിൽ സിന്ദൂരവെയിലിനെ തോല്പ്പിക്കാൻ, വെണ്ണയുടെ നിറത്തിലും, കനകാംബരത്തിന്റെ അഴകിലും മുഖത്ത് വിരിയുന്ന ഗൂഡ സ്മിതവുമായി അഭിരാമി പടികയറി ആ വഴി വരാറുണ്ട്.  ചിലനേരങ്ങളിൽ  അതിവിശുദ്ധമായ ആ പുഞ്ചിരിയുടെ ആരാധകനായി  ഈ ഉള്ളവൻ ആ പിൻവാതിലിൽ നിൽക്കാറുണ്ട്.  അലക്കിയ തുണികളെ കെട്ടിപ്പിടിച്ച് ആയിരം മണിയൊച്ചയുള്ള കൊലുസ്സിനെ ശക്തിയിൽ കിലുക്കി ചിരിച്ചുകൊണ്ട് അവൾ പോയപ്പോൾ, എന്റെ ചുണ്ടിൽ വന്ന ഒരു വരി പാട്ട് അവളുടെ നുണക്കുഴികളിൽ തട്ടി പ്രതിഫലിച്ചു. " നിന്റെ അരഞ്ഞാണ ചരടിലെ എലസ്സിനുള്ളിൽ ആരെയും മയക്കുന്ന മന്ത്രമുണ്ടോ?" ...........മലയാളം അധികമാർക്കും അവിടെ അറിയാത്തത് പാട്ടിന്റെ ഭാഗ്യം.


നാട്ടിൽ നിന്നും ആദ്യായിട്ട് ഇത്രേം ദൂരെ വന്നെത്തിയിട്ട് ഒരു കൊല്ലം ആകുന്നു.  വിശ്വസിക്കാൻ പ്രയാസം. അമ്മയ്ക്കും ഇതേ വിശ്വാസക്കുറവുണ്ടായിരുന്നു.  ദോശയും തേങ്ങാ ചുട്ടരച്ച ചമ്മന്തിയും, നാക്കിലിട്ടാൽ അലിഞ്ഞു പോകുന്ന മുല്ലപ്പൂ ഇഡ്ഡലിയും ഉള്ളിസാമ്പാറും എല്ലാം ഓർമ്മയാക്കി എന്റെ മോൻ അധിക കാലം എവിടേം പോയി നിൽക്കൂല്ല എന്നൊരു അമിത മാതൃവാൽസല്ല്യം ആകും അമ്മയുടെ വിശ്വാസത്തിനു പിന്നിൽ.  ഇവിടെയും കിട്ടാത്ത സാധനമല്ലല്ലൊ ഈ ഇഡ്ഡലി.


ഇരുപത്തിരണ്ടു വസന്തകാലങ്ങൾ പിന്നിട്ടപ്പോൾ സ്വന്തം കാലിൽ നിൽക്കണമിനിയെന്നൊരു വാശിതോന്നിക്കാൻ ഒരിക്കൽ അച്ഛൻ കാരണക്കാരനായി. മംഗലത്തെ നകുലേട്ടന്റെ സഹോദരിയുടെ കല്യാണ തലേന്ന്, എല്ലാവരും അമ്പലത്തിലെ ആഡിറ്റോറിയത്തിൽ കാര്യമായ സഹായങ്ങൾ ചെയ്യുന്നു.  പരിപ്പിനും അവിയലിനും, പ്രഥമനുമൊക്കെയായി തേങ്ങാ തിരുമ്മി, രാജേന്ദ്രേട്ടന്റെ പൊടിപ്പുമില്ലിൽ കൊണ്ട് പോയി ചതച്ചെടുത്ത് വരുന്ന ഒരു പരിപാടി ഉണ്ട്.   ഒരു ബൈക്കിനു പിന്നിൽ അതെടുത്തുവച്ച്  വെളുപ്പാൻകാലത്ത് മില്ലിലേക്കു പോകുമ്പോൾ ഇരുട്ടത്ത്‌ എവിടൂന്നോ ഒരു സൈക്കിൾ പാഞ്ഞു വന്നു. അപ്രതീക്ഷിതമായ ആ വരവിൽ എന്റെ കണ്ട്രോള് പോയി, ഞാൻ സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ചു.  ഇടിയുടെ ആഘാതത്തിൽ ഞാൻ പോയി വീണത്‌ വേസ്റ്റ് വെള്ളം ഒഴുക്കി വിടുന്ന ഓവ് ചാലിന്റെ അടുത്താണ്. മില്ലിൽ നിന്നും രാജേന്ദ്രേട്ടന്റെ ഭാര്യ ഓടി വന്നു. ഞാൻ ആകെ "കിളിപോയ" അവസ്ഥയിൽ ദേഷ്യം കൊണ്ട് എഴുനേറ്റ്  വായിൽ വന്ന പത്ത് 'മഹത് വചനങ്ങൾ' സൈക്കിളുകാരന് ഫ്രീ ആയി കൊടുത്തു. അയാളും ചാലിൽ കിടക്കുകയാണ്. ആരാണെന്ന് പോലും കണ്ടില്ല. 

"രാജേന്ദ്രേട്ടനെ ഒന്ന് വിളിക്കൂ ചേച്ചി"  ഞാൻ അവരോടു പറഞ്ഞു.
മില്ലിൽ ഇരിപ്പുണ്ട് ആള്, എന്നാലും ലോകത്തിലെ ഏറ്റവും തിരക്ക് കുറഞ്ഞ ആളിനെ പോലെയാണ് ചേട്ടൻ ചിലപ്പോളൊക്കെ പെരുമാറുക. അത്യാവശ്യമായി ഒരു കിലോ ഒക്സിജൻ വേണമെന്ന് പറഞ്ഞാലും സാ))) മട്ടിലേ എടുക്കൂ..!!  വേറെ രണ്ടുമൂന്നു പേരെ കൂട്ട് വിളിച്ച് സൈക്കിളുകാരനെ രാജേന്ദ്രേട്ടൻ ഒരോട്ടോയിൽ ആശുപത്രീൽ എത്തിച്ചു.  എൻറെ പൊട്ടിയ മുട്ടിൽ അയഡിൻ പുരട്ടിത്തന്നു ചേച്ചി രംഗം നീറ്റിക്കുന്നതിന് ഇടയ്ക്കു പറഞ്ഞു
" പത്രം എടുക്കാൻ രാവിലെ സൈക്കിളിൽ ബസ്സ്‌  സ്റ്റാൻഡിൽ പോയ കണ്ണപ്പൻ ആശാരി ആണ് അത്". 

നേരം വെളുത്ത് വീട്ടിൽ എത്തി.  കുളിച്ചു. ആദ്യം സോപ്പിലും, പിന്നെ ഡെറ്റോളിലും പിന്നെ ക്യുട്ടികൂറയിലും കുറെ പ്രാവിശ്യം കുളിച്ചപ്പോൾ പൌഡർ ഫാക്ടറി മാനേജരെ പോലെ ആയി നില്പ്പ്.  ഇവിടെ കാറ്റിനു സുഗന്ധം.
മുല്ലപ്പൂ ഇഡ്ഡലിയെ ഉള്ളിസാമ്പാറിൽ സ്നാനം ചെയ്യിക്കുമ്പോൾ വെളിയിൽ  ഒരു ആട്ടോറിക്ഷ വന്ന ശബ്ദം കേട്ടു.  അച്ഛൻ പൂമുഖത്തിരുന്നു പത്രം വായിക്കുന്നുണ്ട്. ആരാ വന്നതെന്ന് നോക്കി, രണ്ടു പേരുണ്ട്, ഒന്ന് മരപ്പണിക്ക് പോകുന്ന സുകു, ഇനിയൊരാളെ പരിചയം ഇല്ല.

"എന്താ???.... അച്ഛൻ ചോദിച്ചു.

"മനു ഇല്ലേ ഇവിടെ? രാവിലെ വല്യച്ചനെ ബൈക്ക് കൊണ്ട് ഇടിച്ചിട്ടു. ഇപ്പോൾ ആശുപത്രീലാണ്, മനൂനെ പിന്നെ കണ്ടില്ലങ്ങോട്ട്‌. അവിടെ കുറെ പൈസ ചിലവുണ്ട്. ഞങ്ങൾ അത് പറയാൻ വന്നതാ" ....സുകൂന്റെ വക എട്ടിന്റെ പണി..!

ഇഡ്ഡലി തൊണ്ടേൽ കുടുങ്ങി.

അച്ഛൻ അകത്തു പോയി കയ്യിൽ കുറച്ചു പൈസ എടുത്തു സുകൂന് കൊടുത്തു.
 ആട്ടോറിക്ഷ പോയി.  ഞാൻ എങ്ങോട്ടും പോകാൻ വയ്യാണ്ട് അവിടെ ഇരുന്നു.

"കഴിച്ചോളൂ, ഇഡ്ഡലി ബാക്കി വക്കണ്ട,"  .........അച്ഛൻ 
"ഒരു കാര്യം ഞാൻ പറയാം, പെൻഷൻ കാശു കൊണ്ട് നിനക്കും കൂടെ ചോറ് തരുന്നുണ്ട് ഞാൻ. പക്ഷെ ഒരു ആശാരി കുടുംബം കൂടെ പോറ്റാൻ എനിക്ക് വേറെ വരുമാനം ഇല്ല" .

ഈ വിധമുള്ള സംസാരങ്ങൾ എന്നിലെ യുവതുർക്കിയെ ഉണർത്തി. അങ്ങിനെയാണ് NIIT പഠനവും, കൂടെ ജോലിയും എന്ന ആശയത്തിൽ ചെന്നൈയ്ക്ക് ഒരു മീനച്ചൂടിൽ തീവണ്ടി കേറിയത്‌. 

 ജീവിതത്തിന്റെ  പകുതി വഴിയിൽ വന്നെത്തി  ഈ എണ്ണ രാജ്യത്തിന്റെ ചൂടിലും തണുപ്പിലും ഓർമ്മകൾ ഉരുകുകയും ഉറയുകയും ചെയ്യുമ്പോൾ, അതിജീവനത്തിന്റെ ഇരുൾ വഴികളിൽ വഴിച്ചൂട്ട്‌കറ്റയുടെ ഇത്തിരിവെട്ടമായി വന്ന അവധൂതന്മാരുടെ മുഖം ഓരോന്നായി ഇടയ്ക്കിടെ തെളിഞ്ഞു വരാറുണ്ട്.   ഓരോ തീരുമാനങ്ങൾക്ക് പിന്നിലും ഓരോ ആളുകൾ ഉണ്ടാകും. അല്ലെങ്കിൽ ഒരു വാക്ക്..
അന്ന് നാട് വിട്ടു പോകാൻ തോന്നിക്കുവാൻ കണ്ണപ്പൻ ആശാരി ഒരു നിമിത്തമായി സൈക്കിളിൽ വന്നു.  ചെന്നൈ നഗരത്തിൽ കണ്ണിനു വസന്തം തീർത്ത് ബോറടിമാറ്റാൻ അഭിരാമി എന്ന ചിത്രശലഭം. അങ്ങനെ എത്ര എത്ര പേർ...!! വടിവൊത്ത തിരക്കഥയിൽ അവരവരുടെ ഭാഗം ഭംഗിയാക്കി പോയി.  അവസാനം പ്രണയം എന്തെന്ന് പഠിപ്പിച്ച് ഒരു തേൻ കിളിയും....!!

  ജീവിതം ശരിക്കും ഒരു മാജിക് തന്നെ..!

Sunday, May 26, 2013

വിശ്വാസത്തിന്റെ കണ്ണാടി

ണ്ടായിരത്തിപ്പത്തിലെ ഒരു ഡിസംബർ രാത്രി. അച്ഛന്റെ ഷഷ്ടി പൂർത്തി ആഘോഷത്തിന് ഗൾഫിൽ നിന്നും വിരുന്നു വന്നതാണ് കിഷോർ. രാത്രി ഫ്ലയിറ്റിൽ തിരുവനന്തപുരത്ത് വന്നിറങ്ങി, വീട്ടിലേക്കുള്ള യാത്രയിൽ അനന്തപുരി നിറയെ ക്രിസ്തുമസ് വരവറിയിച്ചു കൊണ്ട് പലവർണ്ണങ്ങളിൽ ഉള്ള നക്ഷത്രങ്ങൾ സ്വാഗതം പറയുന്നു. കാർ ഗേറ്റിൽ എത്തിയപ്പോൾ നിലാവിന്റെ കരനെയ്ത നേരിയതുടുത്തു അമ്മ വെളിയിൽ നില്പ്പുണ്ട്. അടുത്തെത്തിയപ്പോൾ പതിവുപോലെ കെട്ടിപ്പിടിച്ച് അവന്റെ നെറുകയിൽ ഒരു വാത്സല്ല്യ മുത്തം കൊടുത്തു.


നാട്ടിൽ വരുന്നുണ്ടെന്നു നേരെത്തെ കൂട്ടുകാരോട് പറഞ്ഞിരുന്നത് കൊണ്ട്, അധികം വൈകാതെ ഫോണിൽ പലരുടെയും നമ്പർ തെളിഞ്ഞു. 'ജലസേചന' സദസ്സിൽ ഇന്ന് ഗൾഫിൽ നിന്നും സ്കോട്ച്ച് വിരുന്നെത്തുന്നതും  കാത്ത് അക്ഷമരായി കാത്തിരിക്കുകയാണ് അവർ.

മഞ്ഞു പെയ്യുന്ന രാത്രി.

നാലഞ്ചു മെഴുകുതിരികൾ ആലസ്യത്തോടെ എരിയുന്ന വട്ടമേശക്കു ചുറ്റുമിരിക്കുന്ന എല്ലാവരുടേയും ആരാധനക്കണ്ണുകൾ നീളുന്നത് കറുത്ത പർദ്ദ ഇട്ടു വിരുന്നുവന്ന ആ സുന്ദരിക്കുപ്പിയിലേക്കാണ്. മൂന്നാല് ആണുങ്ങൾ ഇങ്ങനെ ആർത്തിയോടെ നോക്കിയാൽ അതിനു പോലും നാണം തോന്നില്ലേ?

സമയം വൈകിക്കാതെ ലഹരിയുടെ പാനപാത്രങ്ങൾ വറ്റിക്കാൻ നാലാളും തീരുമാനിച്ചു . ജലോത്സവത്തിന് തുടക്കം കുറിച്ച് ചിയേർസ്സ് പറഞ്ഞ് ചില്ലുഗ്ലാസ്സുകളുടെ ചുണ്ടുകൾ തമ്മിൽ മുത്തം കൊടുത്തു.


തണുത്ത നിലാവിൽ ഭൂമി ഒരു വലിയ വിസ്കി ഗ്ലാസ്സിലെ ഹിമക്കട്ട പോലെ..!

ഈ വർഷം കള്ളുകുടി നിറുത്തണം- എന്നൊക്കെയുള്ള എവിടെയുമെത്താത്ത തീരുമാനങ്ങൾക്ക് വിരാമം ഇട്ടു സഭ പിരിച്ചു വിട്ടതായി പഞ്ചായത്ത് മെമ്പർ അജേഷ് അറിയിച്ചു.


തിരികെ വീട്ടിൽ എത്തിയപ്പോൾ അടുക്കളയിൽ നിന്നും സ്പൈസിയായ ഒരു കാറ്റുവന്നു മൂക്കിൽ ഉമ്മ വച്ച ശേഷം സ്വീകരണ മുറി ചുറ്റിക്കറങ്ങി പുറത്തേക്കു പോയി. മകന് പ്രിയപ്പെട്ട ചിക്കൻ 65 എണ്ണയിൽ വറുത്തു കോരുകയാണ് പാവം അമ്മ.

അച്ഛൻ ഈയിടയായി തീരെ റൊമാന്റിക്‌ അല്ല, ഇന്ന് അമ്മയെ കണ്ടാൽ ഹേമമാലിനിയെ പോലെയുണ്ട്. സുന്ദരിയമ്മ..!!

കിഷോറിന്റെ കമ്മന്റ് കേട്ടപ്പോൾ പൂമുഖത്തെ ചെമ്പകം പോലെ അമ്മയുടെ മുഖം ഒന്ന് പൂത്തുലഞ്ഞെങ്കിലും "പോടാ നിന്നു കൊഞ്ചാതെ, അടി മേടിക്കും നിനക്ക്" എന്നേ  പറഞ്ഞുള്ളൂ .


മക്കൾക്ക്‌ എത്ര അടുത്താണ് ഇന്നത്തെ അമ്മ, നല്ല കൂട്ടുകാരെ പോലെ. ഭംഗിയുള്ള കണ്ണാടിയുടെ ഇരുവശങ്ങൾ പോലെ.


ഭക്ഷണം കഴിഞ്ഞ് ഫേസ് ബുക്ക്‌ താളുകൾ മറിക്കുമ്പോൾ മുകളിൽ ഒരു ചുവപ്പ് വെട്ടം കിഷോറിന്റെ കണ്ണിൽപ്പെട്ടു, 'നിർമ്മല മേനോൻ' സുഹൃത്താവാൻ ആഗ്രഹിക്കുന്നു..!


ആരാണിവർ? എങ്ങനെ എന്നെ അറിയും? എന്ന ഒരുകൂട്ടം ചോദ്യശരങ്ങൾ മനസ്സില് നിന്നും തലച്ചോറിലേക്ക് എയ്തു വിട്ടുകൊണ്ട്‌ ആ പ്രൊഫൈലിൽ ഒരു രാത്രി സഞ്ചാരം നടത്തി. അധികം സുഹൃത്തുക്കൾ ഇല്ലാത്ത, അലക്ഷ്യമായ് കടൽത്തിര നോക്കി ഇരിക്കുന്ന ഏതോ ബോളിവുഡ് നടിയുടെ പടം കടമെടുത്ത നിർമ്മല മേനോനു പച്ചക്കൊടി കാണിക്കാൻ കിഷോറിനു എതിർപ്പൊന്നും തോന്നിയില്ല.


പരിചയമുള്ള ആളുകളെ പോലും കൂട്ടുകാരാക്കാൻ നക്ഷത്ര നയനങ്ങൾ രണ്ടു വട്ടം ആലോചിക്കുന്ന ഈ 'കപട മുഖച്ചിത്ര' കാലത്ത്, ഒരു നിർമ്മല മേനോൻ നിർമ്മലമായ മനസ്സോടെ തന്റെ കൂട്ട് തേടിയതിൽ അത്ഭുതവും ഒരു കൌതുകവും കിഷോറിനു തോന്നി.


  പത്തു ദിവസത്തെ അവധിക്കാലം കഴിഞ്ഞു തിരിച്ചു ജോലിയുടെ തിരക്കുകളിൽ എത്തിയപ്പോൾ, ഇടയ്ക്കിടെ ചാറ്റ് വിൻഡോയിൽ പുതിയ അതിഥി വിരുന്നു വന്നു. ആദ്യമാദ്യം ചുരുക്കം ചില വാക്കുകളിൽ ഒതുങ്ങുന്ന സംസാരം, തികഞ്ഞ ഔപചാരികത,  പിന്നെ കാണാം എന്ന് പറഞ്ഞു തിടുക്കത്തിൽ യാത്രയാകും രണ്ടാളും. പിന്നെപ്പിന്നെ ആ തിടുക്കം കുറഞ്ഞു. വീടും നാടും ചോദിച്ചറിഞ്ഞു, വീട്ടുകാരെക്കുറിച്ചും.


കണ്ണൂർ ജില്ലയുടെ വടക്കേ മുറ്റത്തെ തുളസിത്തറയാണ്‌ പയ്യന്നൂർ. അവിടെ ഏതോ നമ്പ്യാരുടെ പേരിലുള്ള ഹൌസിംഗ് കോളനിയിലെ ശ്രീശൈലം എന്ന പേരുള്ള ഒരു നല്ല വീട്. ഭർത്താവ് രമേഷ് മേനോൻ ‍, ഒരു പ്രമുഖ കമ്പനിയിൽ ഉയർന്ന പോസിഷനിൽ വർക്ക്‌ ചെയ്യുന്നു. അവർക്ക് രണ്ടു കുട്ടികൾ, മൂത്ത മകൻ കിരണ്‍,‍ പിന്നെ ഒരു കുറുമ്പത്തി മകൾ ‍ കീര്‍ത്തി. ഈ നാല് പേരാണ് ശ്രീശൈല വാസികൾ. പോര്‍ച്ചില്‍ രണ്ടു കാറുള്ള കാർഭാടമുള്ള ഫാമിലി.


ഇടവേളകൾ കുറഞ്ഞ സംവാദത്തിലൂടെ കൂടുതൽ അടുത്തു. ആരോഗ്യപരമായ നല്ല സൌഹൃദം. ഇഷ്ടങ്ങളും അനിഷ്ടങ്ങളും പറയാൻ മടി കുറഞ്ഞു. നിർമ്മലക്ക് ‌ സിൽക്ക് സാരികളോടാണ് പ്രണയം. യേശുദാസിനോട് ഒരുപാടിഷ്ടം, യാത്രകൾ അധികം ഇഷ്ടമല്ല, വീട്ടിൽ മക്കളോടും രമേഷിനോടും ഒപ്പം സമയം ചിലവാക്കാൻ കൂടുതൽ താല്പ്പര്യം. എന്നും വൈകിട്ട് ഇളം ചൂട് വെള്ളം വേണം കുളിക്കാൻ, പിന്നെ പൂജാമുറിയിലെ കള്ള കൃഷ്ണനോട് ഡീറ്റെയ്ൽഡായി നിവേദനം. മക്കൾക്ക്‌ വൈകുന്നേരത്തെ പലഹാരത്തോടൊപ്പം അളവില്ലാത്ത സ്നേഹം. ഇങ്ങനെ അവരുടെ സായാഹ്നങ്ങൾ അതി സുന്ദരം..!


സ്ത്രീകളുടെ പരമ്പരാഗത പ്രശ്നങ്ങളെക്കുറിച്ച് അവർ എപ്പോഴും കിഷോറിനോട് വാചാലയാകുമായിരുന്നു.
ഒരിക്കൽ അവർ അവനോടു ചോദിച്ചു.
"ആണിനാണോ പെണ്ണിനാണോ കൂടുതൽ കരുത്ത്"? ഉത്തരം കിഷോർ  പറയും മുന്നേ അവർ പറഞ്ഞു "എന്റെ വോട്ട് പെണ്ണിനാണ്, അതിനു കാരണവും ഉണ്ട്...!

റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടി ഒരു ഇരയാണ്, അവിശുദ്ധ കാമനകൾ കറപറ്റിക്കാതിരിക്കാൻ അവൾക്കു തന്റെ ഉടലിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കേണ്ടി വരുന്നു. നൂറായിരം വായിനോട്ട കണ്ണുകളെ അവൾ പട്ടുസാരി കൊണ്ട് പോരിനു വിളിക്കുന്നു. എല്ലാ അവിഹിതങ്ങളുടെയും പ്രേരണ അവന്റെ കൂടെ ആണെങ്കിലും വിഹിതം അവൾക്കു മാത്രമുള്ളതാകുന്നു. മീശയും താടിയും വച്ച് മസിലും പെരുപ്പിച്ചു മദിച്ചു നടക്കുന്ന നരസിംഹങ്ങളെ പേടിക്കാതെ അവൾ കൊലുസും കിലുക്കി അലസം നടക്കുന്നു.


ഇതൊക്കെ പോരെ എന്ന് നിർമ്മല ചോദിച്ചപ്പോൾ കിഷോറിനു ഉത്തരംമുട്ടി.


ഇത്രയുമൊക്കെ വാചാലായി ആവേശം കൊണ്ടിരുന്ന അവർ ഇടയ്ക്ക് അപ്രത്യക്ഷയായി. കുറെ നാൾ 'മുഖ പുസ്തകത്തിന്റെ' കുസൃതി ജാലകത്തിൽ കിഷോർ അവരെ കണ്ടതേ ഇല്ല.


ഒരു വിഷുക്കാലത്തിന്റേയും ഓണനിലാവിന്റെയും ഇടവേളയ്ക്കു ശേഷം, വീണ്ടും നിർമ്മലയുടെ പേര് ജാലകത്തിൽ കണ്ടു. കിഷോറിനു പറയാൻ അപ്പോൾ അവന്റെ ഭാവി വധുവിന്റെ വിശേഷങ്ങൾ ഉണ്ടായിരുന്നു. അവർക്ക്  കൂടുതലും മൗനവും. അതിന്റെ കാരണം കുറെ തിരക്കിയപ്പോൾ , "വിശ്വസിച്ചു കൈപിടിച്ച ആള് കാണിച്ച വിശ്വാസമില്ലായ്മയും ചതിയും ഒരു സ്ത്രീയുടെ ജീവിതം എങ്ങനെ സങ്കടക്കടലാക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഞാൻ" എന്ന് മാത്രം പറഞ്ഞു.

പിന്നെ നീണ്ട മൗനത്തിനു  ശേഷം യാത്ര  പറയാതെ പോവുകയും ചെയ്തു ..!


എവിടെയോ കളഞ്ഞു പോയോ അവരുടെ മുഖത്ത് ജ്വലിച്ചുനിന്ന ആ പെണ്‍പോരിമ എന്ന് കിഷോറിനു തോന്നി ..
കരുത്താർന്ന പെണ്‍ മനസ്സ് തോൽക്കുമോ?
തോൽക്കും .......!


അതിന്റെ കാരണങ്ങൾ പിന്നീട് നിർമ്മല പറഞ്ഞു.
കണ്‍ വെട്ടത്തുണ്ടെങ്കിലും പല കാര്യങ്ങളും നമ്മളുടെ പരിധിക്കു പുറത്താണ്. സ്വന്തം ശ്വാസം പോലെ നിർമ്മലക്കു വിശ്വാസമായിരുന്നു രമേഷിനെ. ഈ കഴിഞ്ഞ വർഷങ്ങളിൽ ഒരിക്കൽ പോലും ആ വിശ്വാസത്തിന്റെ കണ്ണാടിമാളികയിൽ ഒരു പോറൽ പോലും വീഴ്ത്താൻ ആർക്കും കഴിഞ്ഞില്ല.

മക്കൾക്കും നിനക്കും വേണ്ടി രാപ്പകൽ അദ്ധ്യാനിക്കുന്ന സ്നേഹനിധിയായ രമേഷിനെ കിട്ടിയതിൽ നീ ഭാഗ്യവതി ആണ് മോളെ-- അമ്മയും പറഞ്ഞിട്ടിട്ടുണ്ട്, പലവട്ടം.

രാത്രി വൈകിയും ലാപ്ടോപ്പിനെ കൂട്ട് പിടിച്ചു ഇരിക്കുന്ന ഭർത്താവ്, വർക്ക്‌ റിലേറ്റഡ് ആയി ഇരിക്കുകയാകും എന്ന പതിവ് ചിന്തയിൽ ഒരു ദിവസം ഉറക്കം വരാതെ പകുതി ചാരിയ വാതിൽ തുറന്നു ചെന്ന നിർമ്മല കണ്ടത്, അർദ്ധനഗ്നയായ ഒരു സ്ത്രീ ലാപ്ടോപ്പ് ജാലകത്തിൽ രമേഷിനോട് കൊഞ്ചിക്കുഴയുന്നതാണ്. ജീവന്റെ പക്ഷി കൂടൊഴിഞ്ഞ പോയ ശരീരം പോലെ സ്തബ്ധയായിപ്പോയി ഒരു നിമിഷം. വിശ്വാസമെന്ന ഹൃദയച്ചൂടിനു മേൽ വെറുപ്പിന്റെ തണുത്ത കറുത്ത പുതപ്പു നിവർന്നു വന്നു..........പെട്ടെന്നുള്ള ഷോക്കിൽ നിന്നും മാറി, നിർമ്മലയുടെ കാലു പിടിച്ചു മാപ്പ് പറഞ്ഞു അയാള് കരഞ്ഞു, എങ്കിലും, വികാരങ്ങൾ  ഇല്ലാത്ത മനസ്സ് പോലെ നിൽക്കാനേ  അവർക്ക് കഴിഞ്ഞുള്ളു അപ്പോൾ.


ഇടവേളയ്ക്കു ശേഷമുള്ള കിഷോറുമായുള്ള സംസാരങ്ങളിൽ ആശ്വാസവാക്കുകളും, സമാധാനപ്പെടുതലും ധൈര്യം കൊടുക്കലും ഒക്കെയായി വിഷയങ്ങൾ.

ഉപദേശങ്ങൾ....

കിഷോർ, നീ കല്യാണം കഴിക്കാൻ പോകുവല്ലേ, ഒന്ന് എപ്പോഴും മനസ്സില് ഓർക്കൂ,--- "ഞാൻ", എന്നത് "ഞങ്ങൾ" ആയി മാറുന്ന പ്രവർത്തനമാണ് ദാമ്പത്യം. ലക്ഷം രൂപയേക്കാൾ സ്ത്രീ ആഗ്രഹിക്കുന്നത് നല്ല വാക്കും ജീവിത പങ്കാളിയുടെ സാമീപ്യവുമാണ്. പക്ഷെ സെക്സ് മാത്രമാണ് സ്നേഹത്തിന്റെ അടിസ്ഥാനമെന്ന് പല ആണുങ്ങളും കരുതുന്നു. വിശ്വാസമാണ് നല്ല കുടുംബത്തിന്റെ ആണിക്കല്ല് .പരസ്പരം അഭിനന്ദിക്കുക, തർക്കങ്ങൾ കുറയ്ക്കുക. തർക്കങ്ങളുടെ എണ്ണം കൂടുതലാകുന്നുവെങ്കിൽ സൂക്ഷിക്കുക, മനസ്സുകൾ സഞ്ചരിക്കുന്നത് അപകടരേഖക്ക് അരികിലൂടെയാണ്‌.


ഇതൊക്കെ വ്യക്തമായി പറഞ്ഞു തരാൻ കഴിയുന്ന ഈ സ്ത്രീയുടെ കുടുംബ വിശ്വാസത്തിന്റെ നേർത്ത പട്ടുനൂൽ ചരട് പോട്ടിപോയല്ലോ എന്നോർത്ത് കിഷോർ നെടുവീർപ്പിട്ടു.

എവിടെയാണ് ഇവര്ക്ക് തെറ്റിയത്?
കുടുംബത്തിൽ ആവശ്യം വേണ്ട ഒന്നാണ് സുതാര്യത. പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലെങ്കിലും സ്വന്തം മൊബൈലും ലാപ്ടോപ്പും പങ്കാളി തൊടുന്നത് പോലും വിലക്കുന്ന ചിലർ ഉണ്ട്. പരസപരം കാണെണ്ടാത്ത രഹസ്യങ്ങൾ ഭാര്യാഭർത്താക്കന്മാർക്ക് ആവിശ്യമുണ്ടോ? അത്തരം വിലക്കുകളുടെ മതിൽ  പൊളിച്ചു കളഞ്ഞാൽ വിശ്വാസത്തിന്റെ കണ്ണാടി കൂടുതൽ സുതാര്യവും തെളിമയും ഉള്ളതാകില്ലേ ?

Friday, January 25, 2013

ഓര്‍മ്മകളുടെ കാലിഡോസ്കോപ്പിലൂടെ..........


അവധിക്കാലത്ത് ഞാന്‍ പഠിച്ച എന്‍റെ  സ്കൂളില്‍ വര്‍ഷങ്ങളുടെ അകലങ്ങള്‍ക്ക് ശേഷം  ഒരിക്കല്‍ കൂടി  പോയിരുന്നു.
ഏറ്റവും പ്രീയപ്പെട്ട ഓര്‍മ്മവരമ്പുകളിലൂടെ ഒന്ന് പിന്തിരിഞ്ഞു
 നടന്നാല്‍ മനസ്സ് ചെന്ന് വഴിമുട്ടി നില്‍ക്കുക ഈ  ക്ലാസ്സ് മുറികളിലാകും!


 കാലം ഓര്‍മകളില്‍ മഞ്ഞു തുള്ളികള്‍ പോലെ മറവി ഇറ്റിച്ച്
വീഴ്ത്തുന്നുവെങ്കിലും,  കൌതുകത്തിന്‍റെ കണ്ണാന്തളിര്‍ വിടരുന്ന കണ്ണുകള്‍ കൊണ്ട് ഞാന്‍ ഇവിടെ  അക്ഷരപ്പിച്ചവച്ച് നടന്ന കാലങ്ങള്‍ എങ്ങനെ മറക്കുവാന്‍ കഴിയും?

 വേരുകള്‍ പിണഞ്ഞ് ചില്ലകള്‍ വിടര്‍ത്തി പ്രണയിക്കുന്ന മരങ്ങള്‍ ഇപ്പോഴുമുണ്ട് സ്കൂള്‍ മുറ്റം നിറയെ. ആരവമൊഴിഞ്ഞ ക്ലാസ്സ് മുറികള്‍. 

ഈ ക്ലാസ്സ്‌മുറി വരാന്തകളാണ് എന്‍റെ  കുട്ടിത്തത്തിന് പണ്ട് കാല്‍പ്പനികത പകര്‍ന്നത്. ഈ കറുത്ത ചുമരിടത്തില്‍ വരഞ്ഞ വെളുത്തു വടിവൊത്ത അക്ഷരങ്ങളായാണ് എന്‍റെ മനസ്സില്‍ കവിത കടന്നു  വന്നത്.

പുള്ളി സാരി ഉടുത്ത ഹൈമവതി റ്റീച്ചര്‍, കണക്കിലെ കളികള്‍ കൊണ്ട് കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനുമൊക്കെ  കണ്ണുരുട്ടുമ്പോള്‍ ഉത്തരം കിട്ടാതെ കണ്ണ് നിറച്ചത് ഈ ബെഞ്ചിലിരുന്നല്ലേ?

ഈ ആളൊഴിഞ്ഞ വരാന്തകളില്‍ ഇപ്പോഴും ചിതറിക്കിടക്കുന്നുണ്ടാകും കൂട്ടുകാരോടൊപ്പം  "ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ" എന്ന് പാടി നടന്ന കളിപ്പാട്ടിന്‍റെ  ഈരടികള്‍.  വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നും ആ കളിപ്പാട്ടുകളൊക്കെ എന്‍റെ  കാതരികിലേയ്ക്ക് തിരികെ പറന്നെത്തുന്നു.......! വെയില്‍ വഴുതി വീഴുന്ന ഈ നീണ്ട ഇടനാഴികള്‍ തരുന്ന ഓര്‍മ്മകള്‍ക്ക് സുഗന്ധമുണ്ട്,  അലിഞ്ഞുതീരാ മഞ്ഞിന്‍റെ  നുണഞ്ഞുതീരാ മധുരമുണ്ട് ...കുട്ടിക്കാലത്തിന്‍  നന്മ നാവിന്‍മേല്‍ ഇറ്റിച്ച  അതിമധുരം..!

അന്നേ കുസൃതിയായിരുന്ന ഞാന്‍ തന്നെ ആകണം ക്ലാസ് ടീച്ചര്‍ സോമരാജന്‍ സാറില്‍ നിന്നും ഏറ്റവും തല്ലു മേടിച്ചു കൂട്ടിയിട്ടുള്ളത്.  നാട്ടിലെ സര്‍ക്കാര്‍ സ്കൂളിലെ ഞാന്‍  കണ്ട ആദ്യത്തെ സകലകലാവല്ലഭന്‍ ആയിരുന്നു സോമരാജന്‍ എന്ന മലയാളം അധ്യാപകന്‍. ചെറിയ കഥയിലൂടെയും ഉദാഹരണത്തിലൂടെയും വലിയ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍
സാറ് വിരുതനായിരുന്നു.
അദ്ദേഹം പാട്ടുപാടും ചിത്രം വരയ്ക്കും, അടുത്ത് വരുമ്പോള്‍ ക്യുട്ടിക്കൂറ പൌഡറിന്‍റെ സുഗന്ധം പരക്കും. സ്കൂള്‍ ആനിവേഴ്സറിയില്‍ ഞങ്ങളുടെ  അച്ഛാ, അമ്മേ  നാടകങ്ങള്‍ കണ്ട് നാട്ടുകാര്‍ ബോറടിച്ചിരിക്കുമ്പോള്‍ ഇടവേളയില്‍ പെട്ടെന്ന് സോമരാജന്‍സാര്‍ സ്റ്റേജില്‍ പ്രക്ത്യക്ഷപ്പെട്ട് 'എന്‍റെ സ്വപ്നത്തിന്‍ താമരപൊയ്കയില്‍ വന്നിറങ്ങിയ രൂപവതീ'' എന്ന് പാടുന്നത് ഇന്നും എന്‍റെ കാതിലുണ്ട്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇരുവശവും ചൂരല്‍ വടിയും പിടിച്ച് ആക്രമാണോത്സുകരായി നില്‍ക്കുന്ന ബിന്ദു ടീച്ചറും മേഴ്സി ടീച്ചറും വത്സമ്മ ടീച്ചറുമൊക്കെ സോമരാജന്‍ സാറ് പാടാന്‍ തുടങ്ങുമ്പോള്‍ മെഴുകു പ്രതിമകളായി മാറും. തങ്ങളേക്കുറിച്ചാണ് ആ പാട്ടെന്ന ഗൂഢനാണത്തില്‍ അവരോരോരുത്തരും നില്‍ക്കും!  ചിത്ര രചനയും സാറിനു നല്ല വശമായിരുന്നു. ബ്ലാക്ക് ബോര്‍ഡില്‍ മുറിച്ചോക്ക് കൊണ്ട് നാല് വളഞ്ഞ വരയും ഒരു നീണ്ട വരയും, അത് നീണ്ട മൂക്കുള്ള വത്സമ്മ ടീച്ചറാകുന്നത് എന്‍റെ  കുഞ്ഞി കണ്ണുകളില്‍ അത്ഭുതം വിരിയിച്ചിട്ടുണ്ട്.

സ്കൂള്‍ മുറ്റത്തെ വാക മരങ്ങള്‍  ചുവപ്പ് നിറമുള്ള പൂക്കള്‍ വാരിയണിയുന്ന ജൂണ്‍ മാസം. അച്ഛന്‍റെ ഷേവിങ്  ബോക്സില്‍ നിന്നും ചൂണ്ടിയ ഒരു ബ്ലേഡു കൊണ്ട് ഇന്റെര്‍വല്‍ സമയത്ത് പെന്‍സിലിനു മൂര്‍ച്ച കൂട്ടുകായിരുന്നു ഞാന്‍. സുഭാഷ് വന്നെന്‍റെ കൈ തട്ടി. വിരല്‍ തുമ്പില്‍ ചുവപ്പ് നിറത്തില്‍ വാകപ്പൂമൊട്ടു വിരിഞ്ഞു. പിന്നെ അതൊരു പൂക്കുലയായി വിടര്‍ന്നു.

വിരലുകളിലൂടെ ഒലിച്ചു  യൂണിഫോമിലാകെ  ചോരപ്പൂക്കളം ..!
എനിക്ക് കരച്ചില്‍ വന്നു. മുറിവില്‍ മുളക് പുരട്ടാനെല്ലേ കൂട്ടുകാര്‍ക്ക് അറിയൂ!
സാറേ..ഈ മനു കൈ മുറിച്ചു........വിളിച്ചി കൂവി..
ആര്‍പ്പും വിളിയുമായി അവന്മാര്‍ റ്റീച്ചേര്സ് റൂമിലേക്ക്‌ ഓടിയപ്പോള്‍ എന്‍റെ തലയുടെ ഉള്ളില്‍ എവിടെയോ ചുവന്ന നിറമുള്ള വാകമരങ്ങള്‍ കാറ്റില്‍ കടപുഴകി വീഴാന്‍ തുടങ്ങി. ഞാന്‍ ഇരുട്ടിലേക്ക് വീണു പോയി.

ഇരുളിന്‍റെ തിരശ്ശീല മാറ്റി ഉണരുമ്പോള്‍ സ്റ്റാഫ് റൂമിലെ തടിയന്‍ ബെഞ്ചില്‍ കിടക്കുകയാണ് ഞാന്‍.  തൊട്ടടുത്ത്‌ കസേരയില്‍ സാര്‍ ഇരിപ്പുണ്ട്. പഞ്ഞിയില്‍ മുക്കിയ ഡെറ്റോള് കൊണ്ട് കൈ വിരലിലെ വാകപ്പൂക്കള്‍ പറിച്ചു മാറ്റിയപ്പോള്‍ വല്ലാണ്ട് നീറി വിരലിലൊരു ബാന്‍ഡ് എയിഡ് ഒട്ടിച്ചു തന്നിട്ട് എന്‍റെ  കയ്യില്‍ പിടിച്ച്‌ ‍ മുറ്റത്തേക്കിറങ്ങി.
കൂട്ടുകാരെല്ലാം ഒപ്പം കൂടി.

സ്കൂള്‍ ഗ്രൌണ്ടിനു അതിരിന് അപ്പുറത്ത് ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന റബര്‍ മരങ്ങള്‍ക്കിടയില്‍ ഞങ്ങളെ നിറുത്തി സാറ് പറഞ്ഞു:   "ഈ മരങ്ങള്‍ കണ്ടോ", എല്ലാ ദിവസവും ഷാജി ഇത് വെട്ടാന്‍ വരുമ്പോള്‍ ഇതില്‍ നീളത്തില്‍ വരയിടും, ആ മുറിവില്‍ നിന്നും ചോര ഒഴുകും, അതാണ്‌ റബര്‍ പാല്‍. അല്‍പ്പം കഴിയുമ്പോള്‍ ചോര നില്‍ക്കും, വൈകുന്നേരം ആകുമ്പോള്‍ തൊലിവന്നു മൂടും!  ഇത് പോലെയേ ഉള്ളൂ മനൂന്‍റെ കയ്യിലെ മുറിവും. ചോര വന്നാലും നാളെ ആകുമ്പോള്‍ കരിയും, വേദനയും  പോകും. ഇനി മുറിഞ്ഞാല്‍ കരയരുത്. മനസ്സിലായോ?
അതൊരു പാഠമായിരുന്നു. മുറിവുകള്‍  നിസ്സാരമെന്നു വിശ്വസിക്കാന്‍ കഴിയുന്നത്‌ അന്ന് ആദ്യം...! 

കല്ല്‌ പെന്‍സിലിനെ പ്രണയിച്ച് കൊതിതീരാത്ത ഞാന്‍ എഴുതി പഠിച്ച അക്ഷരങ്ങള്‍, ഇന്ന് വാളും  ചിലമ്പുമേന്തുന്ന മഷിക്കുടുക്കയായി പുനര്‍ജ്ജനിച്ചപ്പോള്‍, അകലയല്ലാത്തൊരകലെ നിന്നും കുടമണികള്‍ കിലുങ്ങുന്ന കുതിരവണ്ടിയില്‍  അറിവിന്‍റെ ആദ്യ അക്ഷരം പഠിപ്പിച്ചു തന്ന എന്‍റെ ഗുരുക്കന്മാര്‍, ഒരുവേള വന്നെന്‍റെ  ശിരസ്സില്‍ തൊട്ടൊന്നു അനുഗ്രഹിച്ചെങ്കില്‍.........

അമ്പിളിയമ്മാവാ താമരക്കുമ്പിളില്‍ എന്തുണ്ട് എന്ന് കര്‍ക്കിടക മഴയെ തോല്‍പ്പിച്ചു ഉച്ചത്തില്‍ പാടിയും  ഒരു കുടം വെള്ളം കോരാന്‍ ജാക്കും ജില്ലും ഓടിക്കേറിയ  പുല്‍മേട്ടില്‍ കുറെവട്ടം ഉരുണ്ടു വീണും,  കുമാരനാശാന്‍ പാടിയ വീണപൂവിന്‍റെ സങ്കടം കണ്ടു കണ്ണ് നിറച്ചും,  ഉച്ചി പുകയുന്ന മീനച്ചൂടില്‍ വിളറിവിയര്‍ത്തു കിടക്കുന്ന നാട്ടു വഴികളിലൂടെ നാരങ്ങാ മിട്ടായിയുടെ മധുരം നുണഞ്ഞും ഞാന്‍ നടന്ന ഓര്‍മ്മകളുടെ സുഖദമായ എത്ര എത്ര നിമിഷങ്ങള്‍.  വെയില്‍ കൊണ്ട് മധുരം നുണഞ്ഞു നടന്നതോര്‍ത്തപ്പോള്‍  ഒരു കഷ്ണം സൂര്യനെ നാവിലിട്ട് അലിയിയിച്ച സുഖം തോന്നുണ്ട് ഇപ്പോള്‍. 

ഒരു വിദൂര സാധ്യതയിലെങ്കിലും കുട്ടിക്കാലത്തേക്ക് മടങ്ങി ചെല്ലാന്‍ പണ്ട് ഞാന്‍ ഉരുണ്ടു വീണ നടവഴികളും, ഞാന്‍ കല്ലെറിഞ്ഞ മാവുകളും ഞാന്‍  കളിച്ചു കൊതി തീരും മുന്‍പേ കളഞ്ഞു പോയ നൂല്‍പ്പമ്പരവും, ചരട് പൊട്ടി ചിണുങ്ങി വീണ കടലാസ്സു പട്ടവും എണ്ണിത്തീര്‍ക്കാതെ മണ്‍കുടുക്കയില്‍  ബാക്കി വച്ച മഞ്ചാടിക്കുരുവും, ഓര്‍മകളുടെ മഴവില്ലഴികളുടെ അപ്പുറത്ത് നിന്നും പലപ്പോഴും എന്നെ
പിന്‍വിളിക്കാറുണ്ട്.........

ഇളവെയിലിന്‍റെ ഘടികാര നിഴലുകള്‍  വീണു കിടക്കുന്ന ഈ നീളന്‍ വരാന്തയോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ കവിളില്‍ മഷിചാലിച്ചെഴുതുന്ന കര്‍ക്കിടക മേഘം കണ്ട ആണ്‍ മയിലിനെ പോലെ  ഓര്‍മ്മ മഴയുടെ തോരാ നൂലിഴകള്‍ക്കൊപ്പം മനസ്സും നൃത്തം ചെയ്യും പോലെ തോന്നി...!