Wednesday, December 28, 2011

പനിനീര് പെയ്ത വഴിയിലൂടെ (2).​.........

കാശവും എന്റെ മനസ്സും ഒഴിഞ്ഞു കിടക്കുന്നു.  റൂമിലേക്കുള്ള ആ മടക്കയാത്രയില്‍ ഒരുപിടി ചോദ്യങ്ങളും ഉത്തരങ്ങളും വാക്കുകളായി പുറത്തുവരാതെ മനസ്സിന്‍റെ ഉള്ളില്‍ കിടന്നു ശ്വാസംമുട്ടി.  നെഞ്ചില്‍ പെയ്തൊഴിയാന്‍ ഒരു കാര്‍മേഘം വിങ്ങി. 

"നല്ല ക്ഷീണം ഉണ്ട്" ഞാന്‍ ഒന്ന് ഫ്രഷ്‌ ആയി വരാം", ഹോട്ടലില്‍ എത്തിയിട്ട് അവള്‍ ആദ്യമായി എന്‍റെ മുഖത്തേക്ക് നോക്കി  പറഞ്ഞത് അതായിരുന്നു!!

"അപ്പോഴേക്കും ഞാന്‍ ഇവിടെനിന്നുള്ള  യാത്രയുടെ കാര്യം അന്യേഷിച്ചു വരാം"  ഞാന്‍ പുറത്തേക്കിറങ്ങി. 

തിരിച്ചു വരുമ്പോള്‍ അവള്‍  ജനാലയിലൂടെ പുറത്തേക്കു നോക്കി നില്‍ക്കുകയായിരുന്നു. 

ആ നീണ്ട ഇടനാഴിയില്‍ ചാഞ്ഞു വീണു നിഴല്‍ വീഴ്ത്തിയ സൂര്യന്‍റെ ചുവന്ന വെളിച്ചത്തിനും, റോഡിനു എതിര്‍വശത്ത് മനസ്സിനെ മോഹിപ്പിച്ചു നിറഞ്ഞു പൂത്തുനില്‍ക്കുന്ന ചുവന്ന  വാകമരങ്ങള്‍്ക്കും, ജാലകങ്ങള്‍ക്കപ്പുറം പെയ്തൊഴിഞ്ഞ   തുലാമഴയ്കും അപ്പുറത്തേക്ക്... ദൂരേയ്ക്ക്  നോക്കി!!  കണ്ടുമുട്ടിയ ഈ  ദിനത്തിന്‍റെ ചിന്തകള്‍ ആകണം ആ മനസ്സില്‍ എന്ന് ഞാന്‍ ഊഹിച്ചു.
 
"എന്താ, വലിയ ആലോചനയില്‍ ആണെന്ന് തോന്നുന്നുവല്ലോ"? എന്റെ ചോദ്യം അവളെ ചിന്തകളില്‍ നിന്നും തിരികെ കൊണ്ടുവന്നു.

"മനസ്സൊഴുകും  വഴി എപ്പോഴും   മുന്‍വിധികള്‍ക്കും
നിയമങ്ങള്‍ക്കും   അതീതമാണല്ലോ, അതിനു കടിഞ്ഞാണില്ല" 
"നമുക്ക് ആ റോഡിനു അപ്പുറത്തേക്കൊന്നു പോയാലോ? നോക്കൂ അവിടെയൊരു  പാര്‍ക്കാണ്.അതിന്‍റെ അപ്പുറം കടല്‍, കുറച്ചുനേരം നടക്കാം"!! 
പാര്‍ക്കിലേക്കുള്ള  ഇടവഴികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിയായി  പെയ്തമഴയില്‍  നിറഞ്ഞുകിടന്ന  വെള്ളം ചാലുകള്‍ കീറി  കടലിനെ ചേര്‍ന്ന് കിടക്കുന്ന കായലിലേക്ക്   ഒഴുക്കിവിട്ടിരിക്കുന്നു.  തങ്ങള്‍ അനാഥരല്ലെന്ന ബോധത്തോടെ  അവയൊഴുകി ആ കായലിനെ  കെട്ടിപ്പുണരുന്നു.

വെളുത്ത പൂഴിമണലിലൂടെ കാല്‍ പുതഞ്ഞ് നടക്കുമ്പോള്‍ അകലെ  നിന്ന് കടലിന്റെ ഇരമ്പം കേള്‍ക്കാമായിരുന്നു.

മണല്‍ പരന്നുകിടക്കുന്ന കടല്‍തീരത്ത് തിരകളെ നോക്കി, അല്പം മുന്‍പ് പെയ്ത ചാറ്റല്‍ മഴക്കു ശേഷം ചക്രവാളത്തില്‍ കണ്ട മഴവില്ലിന്റെ സൌന്ദര്യം നോക്കി.. പ്രണയാതുരമായ ഒരു മധ്യാഹ്ന്ന  വെയില്‍ നുകര്‍ന്ന് ഞാനെന്റെ പ്രണയസഖിയുമായി ആ കടല്‍ തീരത്തിരുന്നു. തിരകള്‍ക്ക് തീരെ ശക്തിയുണ്ടായിരുന്നില്ല. തീരത്തേക്ക് അധികം കയറിവരാതെ അവ തകര്‍ന്നടിഞ്ഞുകൊണ്ടിരുന്നു.

"ഞാന്‍ ഒന്ന് ചോദിക്കട്ടെ നിന്നോട്" അവള്‍ സംസാരം തുടങ്ങി വച്ചു..
"ജീവിതത്തില്‍ ഭാവങ്ങള്‍ മാറാത്ത ഏതെങ്കിലും ഒരു ബന്ധം ഉണ്ടോ"?? ചോദ്യം കേട്ട് ഞാന്‍ ആ മുഖത്തേക്ക് നോക്കി..

 "അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന നാള്‍ മുതല്‍ ഹൃദയമിടുപ്പ് നില്‍ക്കും  വരെ കൂടയൂണ്ടാകും എന്ന് ഉറപ്പോടെ കരുതുന്ന  ഏതെങ്കിലും ഒരു ബന്ധം ഉണ്ടോ"?
"ഹൃദയത്തോട് അടുത്തുപിടിച്ചു സ്വന്തമെന്നു കരുതിയവര്‍ പകുതിവഴിയില്‍ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ  അന്യരായി നടന്നകലുന്നത് എത്രയോ കണ്ടിട്ടുണ്ട്"
"നിന്നെ വേദനിപ്പിക്കാനല്ല ഞാന്‍ ചോദിച്ചത്, പക്ഷെ ആലോചിച്ചു നോക്കൂ"

"ശരിയാണ് നീ പറഞ്ഞത്"
ജീവിതത്തിന്റെ നിരന്തര പ്രയാണത്തില്‍ ഒരു ദീര്‍ഘശ്വാസമെടുക്കാന്‍ പോലും എടുക്കാന്‍ വിശ്രമമില്ലാതെയുള്ള ജോലിയുടെയും തിരക്കുകളുടെയും ഒടുവില്‍ എത്തിച്ചേര്‍ന്നതാണിവിടെ.  കെട്ടുകാഴ്ചകളുടേയും, പകര്‍ന്നാട്ടത്തിന്റേയും മഹാവ്യൂഹത്തില്‍, ആള്‍ക്കൂട്ടത്തില്‍ തനിയെയെന്നപോലെ മായക്കാഴ്ചകളെയും,  കണ്ട മഹാനഗരങ്ങളുടെ പുറം മോടികളെയും തന്നിലേക്കാവാഹിക്കാന്‍ കെല്പില്ലാത്ത ഒരു സാധാരണക്കാരന്‍റെ  മാത്രം  ചിന്താഗതിയുള്ള നാട്ടുമ്പുറത്ത്കാരന്‍,  അതാണ്‌ ഞാന്‍.

"ജീവിതയാത്രയില്‍ എപ്പോഴും കൂടെ ഉണ്ടാകണം, സ്വന്തമാക്കണം  എന്നാശിക്കുന്ന ചിലതൊക്കെ കയ്യെത്തിപ്പിടിക്കും മുന്‍പേ മറ്റാരുടേതോ ആകുന്നു. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന് പറഞ്ഞവന്‍ എത്ര വിഡ്ഢി!!വര്‍ണ്ണക്കടലാസ്സിന്‍റെ പോലും മൂല്യമില്ലാത്തതായി തോന്നും ചിലപ്പോള്‍."


 "നിന്നെ എനിക്ക് മനസ്സിലാകാത്തതു  കൊണ്ടല്ല", വലം കൈകൊണ്ടു എന്‍റെ കയ്യില്‍ പിടിച്ചവള്‍ പറഞ്ഞു. 

 "ഒന്നറിയോ നിനക്ക്?? എനിക്കിപ്പോള്‍ നിന്നെക്കുറിച്ചോര്‍ത്താല്‍ കരച്ചില്‍ വരാറില്ല,   ഈ ജീവിതത്തില്‍ ഞാന്‍ കൂടുതല്‍ കരഞ്ഞത് നിനക്ക് വേണ്ടിയാണ്, ഇപ്പോള്‍ എന്‍റെ  കണ്ണുനീര്‍  എനിക്ക് നീയാണ്!! കണ്ണില്‍ നിന്നും നിറഞ്ഞിറങ്ങി കവിളിലൂടെ ഒഴുകി നീ താഴെ വീഴുന്നത്, ഈ മണ്ണില്‍ അലിയുന്നത് എനിക്ക് സഹിക്കാന്‍ പറ്റിയെന്നു  വരില്ല..കാരണം നീ എനിക്കു നഷടപ്പെടും"..ആ ശബ്ദം ഇടറി.


"നിന്നെ ഒന്ന് കണ്ടാല്‍ മാത്രം മതി, ദൂരെ നിന്നെങ്കിലും എന്ന് മനസ്സ് ഉരുകി പ്രാര്‍ഥിച്ചിട്ടുണ്ട് കണ്ണന്‍റെ മുന്നില്‍, നിനക്ക് എന്നെ കാണാന്‍ തോന്നിക്കണേ എന്ന് നിശബ്ദമായി കരഞ്ഞിട്ടുണ്ട്."  "സ്വപ്നങ്ങള്‍ പോലും ദയവു കാണിക്കാറില്ല എന്നോട്,  മുഖം പൂര്‍ണ്ണമായി കാണിക്കാതെ ഓര്‍ത്തെടുക്കാന്‍ പോലും കഴിയാതെ എന്നില്‍  നിന്നും നിന്‍റെ രൂപം  മായ്ച്ചു കളയും.

  നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ വരുന്നത് മഴ നൂലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചൊരു
മുഖം!! പെയ്തൊഴിയുമ്പോഴെല്ലാം മഴവില്ലുപോലെ മാഞ്ഞു പോകുന്നു!! വേഴാമ്പലിനെ പോലെ എരിയുന്ന മനസ്സുമായി വീണ്ടും മഴമേഘങ്ങള്‍ക്കായി കാത്തു  ഞാന്‍, ഓരോ മഴയിലും മുഴുവന്‍ തെളിയാതെ ചതുരക്കള്ളികളില്‍ അവ്യക്തമായ നിന്‍റെ രൂപം, നിന്‍റെ ഈ ചിരിയൊന്നു കാണാന്‍, നിന്‍റെ  നിശ്വാസം എന്‍റെ കാതില്‍ പതിയുന്നത് കേള്‍ക്കാന്‍, ഒരു പേമാരി പെയ്തൊഴിഞ്ഞാലും നിന്നെ  നഷ്ടമാവാതെ സ്വന്തമാക്കാന്‍, ഒക്കെയും  കൊതിച്ചിട്ടുണ്ട്" ഇപ്പോള്‍ എനിക്ക് സങ്കടാണോ സന്തോഷമാണോ  തോന്നുന്നതെന്ന്  അറിയില്ലാ..സത്യായും!!!

"ഈ സ്നേഹവും അതിനായുള്ള അത്യാര്‍ത്തിയും വിങ്ങലുമൊക്കെ ജീവിചിരിക്കുവോളമല്ലേ ഉള്ളൂ..അതിനെ മനസ്സിലടക്കി അത് ആഗ്രഹിച്ച ആള്‍ക്ക് കൊടുക്കാതെ മരിക്കാന്‍ എനിയ്ക്ക് ആവില്ല" ഞാന്‍ വികാരാധീനനായി.

ഞാന്‍ പോലുമറിയാതെ സ്നേഹമന്ത്രത്താല്‍ ആവാഹിച്ചു നീയെന്നെ സ്വന്തമാക്കിയില്ലേ?"

"എന്നോട് ചേര്‍ന്ന്നിന്ന്   എനിക്കിഷ്ടമുള്ള മഴയില്‍ നനഞ്ഞ്, ഞാന്‍ ഉച്ചത്തില്‍ ചൊല്ലുന്ന കവിതകള്‍ കേട്ട്,  എപ്പോളും പരിഭവം പറഞ്ഞു എന്‍റെ സ്നേഹം ഉറപ്പാക്കുന്ന നിന്‍റെ  കുറുമ്പുകള്‍ ആസ്വദിക്കാന്‍ എനിക്കേറെ  ഇഷ്ടമാകുന്നു"


"തനിച്ചിരിക്കാന്‍ ആശിച്ചപ്പോഴോന്നും ആരും എന്നെ സമ്മതിച്ചില്ല.....
ഇപ്പോള്‍ തനിച്ചിരിക്കാന്‍ കഴിയില്ലെന്നായപ്പോള്‍ ഞാന്‍ തനിച്ചായ്പോകുന്നു പലപ്പോഴും"...പലവുരു പറയാതെ അടക്കിപ്പിടിച്ച വാക്കുകള്‍ വാശിയോടെ ഒഴുകി.


കൈക്കുടന്നയില്‍   നിലാവുപോലെ തമ്മില്‍  പകര്‍ന്ന സ്നേഹം, മുറുക്കിപ്പിടിച്ചു നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ഒഴുകിപോകാതിരിക്കാന്‍   കാണിച്ച  അടങ്ങാത്തൊരു ആവേശം മാത്രമാണോ  പ്രണയമെന്ന പേരില്‍ നമ്മെ  കൊരുത്തിട്ടതു?


 ഒരുമിച്ചു കുറെ നേരം ഞങ്ങള്‍ നടന്നു. പറയുന്ന വിഷയങ്ങളിലെ സാമ്യത കൊണ്ട് ഞങ്ങള്‍ രണ്ടാളും വാചാലര്‍ ആയിരുന്നു എങ്കിലും പല സമയത്തും നമുക്കിടയില്‍ മൌനം നിറയാതിരിക്കാന്‍ പണിപ്പെടുകയാണോ നീ എന്ന് എനിക്ക് ചോദിയ്ക്കാന്‍ തോന്നി.

കടലിന്‍റെ കാണാ ദൂരങ്ങളില്‍ കണ്ണയച്ചു ചേര്ന്നു നില്‍ക്കുമ്പോള്‍ വിദൂര ചക്രവാളങ്ങളില്‍ നിന്നും ഒഴുകി അടുത്ത നനുത്ത മഴക്കാറ്റ് അവളുടെ നെറ്റിയിലെ കുങ്കുമപൊട്ടു  മായിച്ചൊഴുക്കി...ആ ചുണ്ടുകള്‍ക്ക് മേല്‍ ഒരു ഒരു ചുവന്ന രാശിപോലെ അത് തിളങ്ങി.


കടല്‍ക്കരയില്‍ നിന്നും ആള്‍കൂട്ടം ധൃതിയില്‍ ഒഴിഞ്ഞു തുടങ്ങുന്നു ....മഴ ..കടലിന്‍റെ അതിര്‍ത്തികള്‍ ഓരോന്നായി കടന്നു തീരങ്ങളില്‍ ഭ്രാന്തമായ താളത്തില്‍ ഉതിര്‍ന്നു വീണു.

"ഓരോ മഴത്തുള്ളിയും കൈവിട്ടു പോകുമ്പോള്‍ മേഘങ്ങള്‍ അറിയാതെ വേദനിക്കുനുണ്ടാകും........തേങ്ങുന്ന മനസോടെ അത് ചോദികുന്നുണ്ടാവും
"നീയും എന്നെ തനിച്ചാക്കി പോയി അല്ലേ"...? കൈക്കുമ്പിളില്‍ വീണു ചിന്നിച്ചിതറിയ മഴമുത്തുകളെ നോക്കി അവള്‍ ചോദിച്ചു..

നനയാതിരിക്കാന്‍ അവളുടെ കയ്യുപിടിച്ചു വേഗം പാര്‍ക്കിലേക്ക് ഓടിക്കയറി..പേരറിയാത്ത ഒരു വലിയ മരം കുടപിടിച്ച പോലെ പടര്‍ന്നു നില്‍പ്പുണ്ട് അവിടെ, അതിന്‍റെ കീഴില്‍ നില്‍ക്കുമ്പോള്‍ ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായപോലെ  തോന്നീ..അവളോടൊപ്പം ഒരു മഴ നനയാന്‍ കഴിഞ്ഞു!!


 ആ വിടര്‍ന്ന കണ്ണുകളില്‍ നിറയെ സ്നേഹം നിറച്ച്, എന്നോട് ചേര്‍ന്ന് നിന്നു അവള്‍ മെല്ലെ പറഞ്ഞു "സങ്കല്പ്പത്തിന്റെയും യാഥാര്‍ത്യത്തിന്റെയും കൂടിച്ചേരലുകള്‍ക്കിടയില്‍ ജീവിതത്തിന്റെ നിറം കെട്ട് വെറും "ബ്ലാക്ക് & വൈറ്റ്" ആകുന്നത് തിരിച്ചറിയണം, വീണ്ടും അവയില്‍ വര്‍ണ്ണപ്പൂക്കള്‍ തുന്നിപ്പിടിപ്പിക്കാന്‍ എന്‍റെ സ്നേഹം എപ്പോഴും നിന്‍റെ  കൂടെ ഉണ്ടാകും!!.

 താനേ ഒഴുകി അടുത്ത ഒരേ മനസ്സുകള്‍ പരസ്പരം പിരിയാത്തവരായി..കാലം ഏറെ ചെല്ലുമ്പോള്‍ ജീവിതം ചുളിവുകള്‍ തീര്‍ത്ത കയ്യില്‍ മുറുകെ പിടിച്ചും ഞാന്‍  പറയും "നിന്നെ ഞാന്‍ ഇപ്പോഴും സ്നേഹിക്കുന്നുവെന്ന്..നിന്നോടുള്ള പ്രണയം എന്റെ പ്രാണനില്‍ പറ്റിപ്പിടിച്ചതാണെന്നു" ......
ജീവിതത്തിന്റെ അര്‍ഥം എന്താണ്? എന്തിനുവേണ്ടി തീനും വെള്ളവും തന്ന് പ്രകൃതി നമ്മളെ പോറ്റുന്നു?എന്താണിതിന്റെ ഒരു പ്രയോജനം എന്നൊക്കെ ആലോചിച്ച് നാട്ടിന്‍പുറത്തെ നടവഴികളില്‍ കൂടി നടക്കുമ്പോളാകും  ഗന്ധവാഹകന്‍ ഒരു പവിഴമല്ലി സുഗന്ധമായി വീശുക. അല്ലെങ്കില്‍ മതിലോടൂചേര്‍ന്നു നില്‍ക്കുന്ന മഷിത്തണ്ട് ഞെരടി ഒന്നു മണപ്പിക്കാന്‍ തോന്നുക..ആ ഗന്ധങ്ങളില്‍ ഒരുപാട് ഉത്തരങ്ങള്‍ കലര്‍ന്നു ചേര്‍ന്നിരിക്കും.. പിന്നെ ആ  ചോദ്യം ഉപേക്ഷിക്കും.

Wednesday, December 14, 2011

പനിനീര് പെയ്ത വഴിയിലൂടെ.........

സന്ധ്യക്ക്‌ ഒരു പ്രത്യേക സൌന്ദര്യം!!  കടല്‍ക്കരയില്‍ ഒറ്റക്കിരുന്നപ്പോള്‍ മനസ്സില്‍ പലതരം ചിന്തകള്‍  കടന്നു വന്നു. പൊന്മണലിലേക്ക്  പവിഴം വാരി ചിതറും പോലെ  തിരകള്‍. കണ്ണുകള്‍ അടച്ചു മനസ്സ് ശാന്തമാക്കി ഇരുന്നു കുറച്ചുനേരം. ഈ  തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ്, അല്ലെങ്കില്‍ ഒരു ഇടവേള എടുത്ത് ഒരു യാത്ര പോകണം. വരണ്ടുണങ്ങാന്‍ തുടങ്ങുന്ന  ചിന്തയ്ക്കും ജീര്‍ണ്ണിച്ചു തുടങ്ങിയ ബോധത്തെയും പുതിയ ഊര്‍ജ്ജം കൊണ്ട് നനച്ചു ശുദ്ധിവരുത്താന്‍, ഒരു പുത്തന്‍ ഉണര്‍വേകാന്‍ ഒരു യാത്ര. എങ്ങോട്ടാണ് പോകേണ്ടത്??  അത്  മാത്രം നിശ്ചയമില്ല. സന്തോഷത്തിന്‍റെ തിരയിളക്കമായാലും സങ്കടത്തിന്‍റെ പെയ്തൊഴിയലായാലും കടല്‍ എപ്പോഴും എനിക്കൊപ്പം ഉണ്ടാകും..അങ്ങ് ദൂരെ അസ്തമയ സൂര്യന്‍ സ്വര്‍ണ്ണ തിരയായ്‌ അലിഞ്ഞലിഞ്ഞു കടലില്‍ ചേരുന്നപോലെ തോന്നീ. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഞാന്‍ കടല്‍ക്കരയിലായിരുന്നു. ഉദയവും സായാഹ്നവുമൊക്കെ കടലിന്റെ വിസ്തൃതിയില്‍ കണ്ടു.  കടലിനോടുള്ള വിസ്മയം ഒരിക്കലും വിട്ടുമാറുന്നതല്ല. ഓരോ പ്രാവശ്യവും കടല്‍ കാണുമ്പോള്‍ ആദ്യമായി  കാണുന്ന ആവേശത്തോടെ തിരമാലകളെ വിടര്‍ന്ന കണ്ണുകളോടെ നോക്കി. . അവിടെ ഉണ്ടാരുന്ന കുട്ടികള്‍ പതിവുപോലെ അവരുടെ പേരുകളെഴുതാനും തിരവരുമ്പോള്‍ കാല്‍പ്പാദം നനച്ച് ഓടിമാറാനും ശ്രമിച്ചു.ഇന്ന് വെള്ളിയാഴ്ച, ലളിതാസഹസ്രനാമം  വായിക്കണം. ചിന്തയില്‍ ഒരു ദേവീസ്തുതി വന്നു. അക്ഷരവും,  വാക്കും, മനസ്സിന്‍റെ താളവും  സംഗീതവും പിഴക്കാതെ   കാക്കണേയെന്നു ഞാന്‍ എന്നും അപേക്ഷിക്കുന്ന ദേവിയെ കാണാന്‍ ആകട്ടെ ഒരു യാത്ര എന്ന് ഉറപ്പിച്ചു. ആശകള്‍ക്കു തളിരെടുക്കുന്ന, ശാന്തിയുടെ ഉദാത്തകേന്ദ്രമായ ശ്രീ മൂകാംബികദേവീ സന്നിധിയിലേക്ക് പോകാം. നല്ല കാര്യങ്ങള്‍ വച്ച് താമസിപ്പിക്കുന്നത് നന്നല്ല, അപ്പോള്‍ തന്നെ ഓഫീസ്സ് ട്രാവെല്‍ കോഡിനേടെര്‍  രേണുകയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു..മംഗലാപുരത്തേക്ക്‌ !!  കടലിന്‍റെ  സാന്ത്വനമാണ് ഈ തീരുമാനം എന്ന് തോന്നീ.. . 

എന്തൊക്കെയോ എഴുതണം എന്ന് കരുതി മനസ്സില്‍ ഒരുക്കിവച്ചിരുന്ന നിറക്കൂട്ടുകള്‍ എല്ലാം വ്യക്തതയില്ലാത്ത ഏതോ കോണില്‍ ഒളിച്ചിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഒന്നും എഴുതാന്‍ കഴിയാതെ ഞാന്‍ എനിക്ക് പ്രിയപ്പെട്ട അക്ഷരങ്ങളെ മനസ്സിന്‍റെ  ഉഷ്വനങ്ങളില്‍ പരതുകയാണ്. വാക്കുകളുടെ കൊടുംകാട്ടില്‍ പൂര്‍ത്തിയാക്കാതെ ഒറ്റപ്പെട്ടുപോയ ഒരു കവിതയെ പോലെ, എനിക്ക് പരിചിതമായ അക്ഷരങ്ങള്‍പോലും എന്നെ തിരിച്ചറിയാതെ മാറി നില്‍ക്കുന്നു!! അരുതാത്തതെന്തോ ചെയ്തുപോയ പോലെ ചില കുറ്റബോധം, കാരണമില്ലാത്ത ഭയം, എല്ലാവരോടും വെറുതെ ദേഷ്യം, ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞു പഠിപ്പിച്ച മനസ്സുമായി സ്വയം സൃഷ്‌ടിച്ച തിരക്കുകളില്‍ അലയുകയായിരുന്നു. ഒരു മാറ്റം വേണമെന്ന് എന്‍റെ ആത്മാവ് ശരീരത്തോട് പറയുന്നപോലെ ഒരു തോന്നല്‍. ഇനിയും പുറം തൂവലുകളില്‍ മാത്രം നിന്നെ കണ്ടെടുക്കാന്‍ ശ്രമിക്കാതെ, നിന്നിലെ എന്നെ നീ തിരിച്ചറിയൂ എന്ന് എന്റെ ആത്മാവ് എന്നോട് മന്ത്രിക്കുന്നു..   എരിയുന്ന നെഞ്ചിലെ തീയയ്ക്കാന്‍ `സ്വയം തുന്നി മിനിക്കിത്തേച്ച കമ്പിളിയുമെടുത്തു കുടജാദ്രിമലയിലെ മേഘത്തണുപ്പിലേക്ക്‌ ഒരു യാത്ര. 


സന്ധ്യ കനക്കാന്‍ തുടങ്ങി. കടല്‍ക്കര വിജനമാകാന്‍ തുടങ്ങി. സ്വപ്നങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ മണലില്‍ നിന്നുമെഴുന്നേറ്റ് തിരികേ ഫ്ലാറ്റിലേക്ക് നടന്നു ഇപ്പോള്‍ പകലിന്റെ ദൈര്‍ഖ്യം കുറവാണ്. കുളിയും പ്രാര്‍ഥനയും  കഴിഞ്ഞു യാത്രയെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോള്‍   ഫോണ്‍ ശബ്ദിച്ചു..  അവളുടെ സന്ദേശം!!  ""കെട്ടിനിറുത്തിയ എന്‍റെ സ്നേഹം പരന്നൊഴുകുന്നു, നീയെന്ന സമുദ്രത്തില്‍ അലിഞ്ഞു ചേരാന്‍"". വായിച്ചപ്പോള്‍ വിളിക്കാന്‍ തോന്നീ..പകലിന്റെ വ്യഗ്രതയില്‍ നിന്ന് രാത്രിയുടെ നീല വിസ്മയങ്ങളിലേക്ക് സ്വപ്നങ്ങള്‍ നീളാന്‍ തുടങ്ങുമ്പോള്‍, ആത്മാവിന്റെ തൃഷ്ണകളെ അവളിലേക്ക് മേയാന്‍ വിടാന്‍ എനിക്കിഷ്ടമാണ്!!! 

യാത്രയെക്കുറിച്ച് പറഞ്ഞു അവളോട്‌.

"ഈ തിരക്കില്‍ നിന്നെല്ലാം കുറച്ചു ദിവസങ്ങള്‍ മാറിനിന്നു ഇതുവരെയുള്ള ജീവിതചര്യകള്‍ക്ക് പരിചിതമല്ലാത്ത ഒരു വഴിയിലൂടെ കുറച്ചുനാള്‍ സഞ്ചരിച്ചു നോക്കാന്‍ ഒരാഗ്രഹം .
  ഒരു പുണ്യ സ്ഥലം ആകുമ്പോള്‍ അവിടെ പലതരം ആളുകള്‍ ഉണ്ടാകുമല്ലോ. ജീവിതം നല്‌കിയ ഏകാന്തതയുമായി അലയുന്നവര്‍.. ഏതു സമുദ്രത്തെ പാനം ചെയ്താലും ഒടുങ്ങാത്ത ദാഹവുമായി നടക്കുന്നവര്‍. ഒടുവില്‍ ജീവിതം അവശേഷിപ്പിക്കുന്ന ദു:ഖങ്ങളുടെ മുറിവുണക്കാന്‍ ശാന്തിസ്‌ഥലികളിലേക്ക്‌ യാത്രയാവുന്ന  ആളുകള്‍ .അങ്ങനെ വ്യത്യസ്തരായ  കുറെ ആള്‍ക്കാരെ കാണാം .  അതുകൊണ്ട്  പോകണം ഈ ഒരു യാത്ര..തീരുമാനിച്ചു കഴിഞ്ഞു" കേട്ടപ്പോള്‍ അവള്‍ കുറച്ചു നേരം നിശബ്ദമായി.. പിന്നെ മെല്ലെ പറഞ്ഞു..

"നീ ഈ പറഞ്ഞത് എന്‍റെ മനസ്സാണ്."
!!!  എനിക്കുമുണ്ട് അങ്ങനെ ഒരു തോന്നലുള്ളില്‍" ഈ ജീവിതത്തിന്റെ ഇത്രയും വര്‍ഷങ്ങള്‍  കുറവുകള്‍ ഒന്നും ഇല്ലാതെ ജീവിച്ച എനിക്ക്  കുറച്ചു ദിവസങ്ങള്‍  ഒന്നുമില്ലായ്മയുടെ കാഴ്ചകള്‍ എങ്ങനെ ആയിരിക്കും എന്നറിയണം" അഹങ്കാരം ആണെന്ന്കരുതണ്ട" ..
"തികച്ചും അപരിചിതയായി  കാശിയിലോ ഹരിദ്വാറിലോ പോലെയുള്ള പുണ്യസ്ഥലത്ത് പോയി, അവിടെ കിട്ടുന്ന ഭക്ഷണം മാത്രം കഴിച്ച്, അവിടുത്തെ പകലിന്റെയും രാത്രികളുടെയും മുഖം അടുത്ത് കണ്ടു കുറച്ചു ദിനങ്ങള്‍, അതായിരുന്നു മനസ്സില്‍.
ഒരു നീണ്ട ഇടവേള ഒന്നുമല്ല ഉദ്ദേശിച്ചത് , ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും അല്ല, പക്ഷെ അടുത്തിടയായി ആ ചിന്തയുടെ ആഴം കൂടിവരുന്നുണ്ട്"

"ഇത് കേട്ട് നീ പേടിക്കണ്ട!! ജീവിത നൈരാശ്യങ്ങളോ, പ്രാരാബ്ധങ്ങളോ ഒന്നും തന്നെ എനിക്ക് നിശ്ശേഷം ഇല്ല..
പക്ഷെ ഇപ്പോള്‍ നീ പറഞ്ഞപ്പോള്‍ കൂടെ വരാന്‍ തോന്നുന്നു"..

 മറുപടി  എന്ത് പറയണമെന്ന് അറിയാതെയിരുന്നു കുറച്ചു നേരം

മൂന്നര മണിക്കൂര്‍ കൊണ്ട് ഫ്ലൈറ്റ് മംഗലാപുരത്ത് എത്തി..രണ്ടു  മണിക്കൂര്‍ ഇടവേള ...അവിടെ നിന്ന് 
ടാക്സിയില്‍ ഉടുപ്പി ....വെയില്‍ മാഞ്ഞു തുടങ്ങിയപ്പോള്‍ ഇറങ്ങി നടന്നു..ഒരു ഇടുങ്ങിയ വഴിയിലൂടെ  ഉടുപ്പി ശ്രീകൃഷ്ണ  ക്ഷേത്രത്തിലേയ്ക്ക് ...മോക്ഷം തേടി ജനസഞ്ചയങ്ങള്‍ എത്തുന്ന സന്നിധി..കൈകൂപ്പി നിന്നപ്പോള്‍ മനസ്സ് ശൂന്യമായിരുന്നു..സന്ധ്യ സമയം ആയിരുന്നതിനാല്‍ പ്രത്യേക പൂജകളും ആരതിയും ഒക്കെ നടന്നു കൊണ്ടിരുന്നു. അല്‍പ നേരം ഉള്ളില്‍ ചുറ്റി നടന്നു ..പുറത്തു കടന്നു സുവര്‍ണ്ണാനദീ  തീരത്തേയ്ക്ക്.....നദിയിലേക്ക് ഒഴുക്കി വിട്ടു കൊണ്ടിരുന്ന ദീപങ്ങള്‍ അവളെ  കൂടുതല്‍  സുന്ദരിയാക്കിയിരുന്നോ? അതോ ഉള്ളില്‍ കനല്‍ പൂവുകള്‍ ഒതുക്കി വച്ചു പുറമേയ്ക്ക് ചിരിക്കുകയാണോ  സുവര്‍ണ്ണയും ?? നദിയുടെ നെഞ്ചിലൂടെ ഒഴുകുന്ന കത്തി തീരാറായ ദീപങ്ങളെയും നോക്കി ഞാന്‍ ആ പടവുകളില്‍ ഇരുന്നു.

നാളെ രാവിലെ അവള്‍ ഇവിടെ എത്തുമെന്ന് പറഞ്ഞിരുന്നു..എരിഞ്ഞടങ്ങുന്ന ഓരോ പകലിനെയും കൊത്തിവലിച്ചു കൊണ്ട് പോകാന്‍ ആര്‍ത്തിയോടെ അവിടെയും ഇരുള്‍ വന്നെത്തി. എന്‍റെ മനസ്സില്‍ ഉഷ്ണം പുകയും കയങ്ങളില്‍ ഞാന്‍ ഒരു ആയിരം തവണ എന്നോട് തന്നെ ചോദിച്ച പല ചോദ്യങ്ങളും  ആ രാത്രി  വൈകുവോളം ചിന്തയില്‍ വന്നുകൊണ്ടേയിരുന്നു..ലോകത്തിന്‍റെ കണ്ണില്‍ പെടാതെയിരിക്കാന്‍ ഒച്ച അനക്കങ്ങള്‍ ഇല്ലാതെയെ നടന്നുള്ളൂ ഞാന്‍. എന്നിട്ടും നെഞ്ചില്‍ അഗ്നിയുമായി ചടുല ഭാവത്തോടെ വന്ന അവളുടെ  മിഴികളില്‍ ഞാന്‍ ഉടക്കിയതെങ്ങിനെ?? ദിശ മറന്ന മനസ്സുമായി ഒരു കുഞ്ഞു പക്ഷിയെ പോലെ പറന്നു നടക്കുകയായിരുന്നല്ലോ  ഞാന്‍....
നീ എനിക്ക് ആരാണ് ??ചോദ്യങ്ങള്‍ എന്‍റെ നേരെ നീളുമ്പോള്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കൂട്ടുകാരിയെന്നോ,  സഹയാത്രികയെന്നോ പറഞ്ഞു ഒഴിവാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഉറക്കെ വിളിച്ചു പറയാന്‍ തോന്നീ ...നീ ആണ് എന്‍റെ നിഴല്‍,... എന്‍റെ ഹൃദയ താളം നിലക്കും വരെ, ഇരുളിലും വെളിച്ചത്തിലും,ചിന്തയിലും  ബോധത്തിലും, സ്വപ്നത്തിലും, എന്‍റെ തെറ്റിലും ശരിയിലും നീ എപ്പൊഴും കൂടെ ഉണ്ടാകും. പുറത്തു പെയ്യുന്ന മഞ്ഞു മനസ്സിലേക്കും അരിച്ചു കയറുന്നത് പോലെ തോന്നീ.

 മഴപെയ്തു തോര്‍ന്ന ഒരു മനോഹര പ്രഭാതം. എട്ടുമണിക്ക് കാത്തു നില്‍ക്കാമെന്ന് അവള്‍  പറഞ്ഞിടത്ത് ഒരു ടാക്സിയില്‍ ചെന്നു, വെളുത്ത പൈജാമയും നീല കുര്‍ത്തയും ധരിച്ച്, കാറ്റത്ത്‌ പാറി പറക്കുന്ന ഷാള്‍ ഒരു കൈകൊണ്ടു പിടിച്ചൊതുക്കി, തോളത്ത് ഒരു ചെറിയ നീല ബാഗും തൂക്കി  അവള്‍ നില്‍ക്കുന്നു!!! ഇന്നലെ വരെ ഒരു സ്വപ്ന ദൂരം അകലെയുള്ളവള്‍,  ശ്രുതി ചേര്‍ന്നൊഴുകുന്ന സംഗീതം പോലെ എന്നും ഞാന്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉടമ, ഒരു ശ്വാസത്തിന്റെ അകലത്തില്‍!!!!   കാറില്‍ കയറി.അടുത്തടുത്ത്‌ ഇരുന്നു.മൌനം മാത്രം. ഒന്ന്  തൊടാന്‍ ആഗ്രഹിച്ചു നീട്ടിയ വിരല്‍ തുമ്പുകള്‍ ശൂന്യതയില്‍ ചിത്രം വരച്ചു. മൌനം അതിന്റെ പൂര്‍ണ്ണ നിറവില്‍. വാക്കുകള്‍ കൊണ്ട് അശുദ്ധമാക്കാന്‍ രണ്ടാള്‍ക്കും മടി തോന്നിയിരിക്കണം. പരസ്പരം നോക്കാന്‍ കഴിഞ്ഞില്ല..ജാലകത്തിനപ്പുറം ഓടി മറയുന്ന കാഴ്ചകളില്‍ കണ്ണുടക്കിയിരുന്നു.ഇടക്കെപ്പോളോ തോളിലേയ്ക്ക്‌ പാറി വീണ അവളുടെ മുടിയിഴകള്‍ക്കു പനിനീരിന്റെ ഗന്ധം. ആ കണ്ണുകളില്‍ നിന്നും മുത്തുകള്‍ പോലെ രണ്ടു തുള്ളികള്‍ കവിളിലൂടെ ഉരുണ്ടു വീണു. മുഖത്തുകൂടി ചാലിട്ടൊഴുകിയ ആ നനവില്‍  പകലിന്റെ മഞ്ഞ വെളിച്ചം വീണു മഴവില്ല് പോലെ തിളങ്ങി. നിറമുള്ള നിശബ്ദതയില്‍ പൂക്കള്‍ വിതറിയ പോലെ അവിടെ ഒരു സുഗന്ധം പരക്കുന്നുണ്ടായിരുന്നു. 
 
തുടരും.....

Saturday, November 26, 2011

സാമൂഹ്യപാഠം ചതിച്ചു......

രീക്ഷാകാലം എപ്പോഴും എനിക്കൊരു വെല്ലുവിളി  ആയിരുന്നു..രണ്ടു
 കാര്യങ്ങളുണ്ട് അതിനു പിന്നില്‍..ഒന്ന് അധ്യാപക ദമ്പതികളുടെ  മകനായിപ്പോയതു കൊണ്ട് അവരുടെ പ്രതീക്ഷക്കൊത്ത്  ഉയരാനുള്ള പെടാപ്പാടു, രണ്ട്  പഠിപ്പിസ്റ്റായ ഏക സഹോദരി ഓരോ ക്ലാസ്സിലും ഒന്നാമതായെത്തി വീടുകാരുടെയും അധ്യാപകരുടെയും അഭിനന്ദനങ്ങള്‍ വാരിക്കൂട്ടുന്നത്...ഇത് രണ്ടും എന്‍റെ പ്രൈമറി വിദ്യാഭ്യാസത്തില്‍ പാരയായി നിലകൊണ്ടിരുന്ന കാര്യങ്ങളായിരുന്നു.. 

ഞാന്‍ അന്ന് കമലേശ്വരം യു . പി സ്കൂളില്‍ ഏഴാംക്ലാസ്സില്‍ പഠിക്കുന്നു. നീല ട്രൌസറും വെള്ളഷര്‍ട്ടുമിട്ട വെളുത്തു തടിച്ച നോട്ടു ബുക്കുകളില്‍ ചിത്രങ്ങള്‍ കോറി വരച്ചു നടന്ന വെറും ഏഴാംക്ലാസ്സുകാരന്‍. ഏഴാം ക്ലാസ്സിനെ ഞാനിന്നും ഓര്‍മ്മിക്കാന്‍ കാരണം വര്‍ഷത്തിന്റെ പകുതിയിലെപ്പോഴൊ അപ്പുറത്തെ ക്ലാസ്സിലെ ഒരു നസ്രാണിപ്പെണ്ണിനോട് എന്തോ ഒരിദ് തോന്നിയതും, പറയാനറിയാത്തതുകൊണ്ടു പറയാഞ്ഞതും ആ കാലഘട്ടതിലായിരുന്നു..  തിളക്കമാര്‍ന്ന വിടര്‍ന്ന കണ്ണുകളുള്ള, മൂക്കിന്‍ തുമ്പത്ത് തിളങ്ങുന്ന മൂക്കൂത്തിയിട്ട ഒരു സുന്ദരിക്കുട്ടിയായിരുന്ന ആ ഗ്രാമീണ സുന്ദരിക്ക് നീളമുള്ള ചുരുണ്ട മുടി ധാരാളമുണ്ടായിരുന്നു. 

ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഏതൊരു സാധാരണ കുട്ടിയേയും പോലെ  
 വളരെ ഏകാഗ്രതയോടും ദൃഢചിത്തതയോടും കൂടി കളിച്ച് നടക്കുന്ന ഒരു കാലം.

*********************************
ക്ലാസ്സില്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് ഞാന്‍ അന്ന് ഇരുന്നിരുന്നത്. സാമൂഹ്യപാഠത്തിന്റെ പരീക്ഷപ്പേപ്പര്‍ അന്ന് ആ പിരീഡില്‍ തരുമെന്ന് ടീച്ചര്‍ പറഞ്ഞിരുന്നു. എന്നാലെന്താ, ഞാന്‍ നന്നായിട്ട് തന്നെ പരീക്ഷ എഴുതിയിരുന്നു. ഒരുകാലത്തും കൃത്യമായി എഴുതാതിരുന്ന ചരിതത്തിലെ തിയതികള്‍ വരെ ആ പരീക്ഷയ്ക്ക് ഞാന്‍ കൃത്യമായി ചരിത്രകാരന്റെ പ്രതിബദ്ധതയോടെ രേഖപ്പെടുത്തി. യുദ്ധങ്ങള്‍, നമ്മുടെ രാജ്യത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച്, കാലാവസ്ഥ, മഹാന്മാരുടെ ജീവചരിത്രം എന്നിങ്ങനെ പരീക്ഷയില്‍ വന്ന എല്ലാ ചോദ്യത്തിനും വളരെ സമഗ്രമായി തന്നെ ഞാന്‍ ഉത്തരം എഴുതിയിരുന്നു. ഇത്തവണ എന്റെ മാര്‍ക്ക് എന്റെ സര്‍വ്വകാല റെക്കോര്‍ഡ് ഭേദിക്കുന്ന ലക്ഷണമാണ്.

എന്റെ അത്ര തന്നെ ആത്മവിശ്വാസത്തിലായിരുന്നു എന്റെ അടുത്ത സീറ്റില്‍ ഇരിക്കുന്ന സുഭാഷും, . അവനിതൊരു പുതുമ അല്ല. എല്ലാത്തവണയും പരീക്ഷയ്ക്ക് അവന് എന്നെക്കാള്‍  മാര്‍ക്ക്  നേടാറുണ്ട്. നമുക്ക് പത്ത് മാര്‍ക്ക് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയാണ് അവന് അര മാര്‍ക്ക് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് വന്നതായി സംശയം വന്നാല്‍ തന്നെ സുഭാഷിന്  ആധി ആണ്. എന്നാല്‍ ഇത്തവണ സുഭാഷും  കൂള്‍ ആയി തന്നെ ഇരിക്കുന്നു. സേം പിഞ്ച്.

ടീച്ചര്‍ പേര് വിളിച്ച് ഓരോരുത്തര്‍ക്കും പേപ്പര്‍ നല്‍കിത്തുടങ്ങി. ചിലര്‍ നിരാശരായും ചിലര്‍ പതിവില്‍ കവിഞ്ഞ സന്തോഷത്തോടെയും പേപ്പര്‍ വാങ്ങിക്കൊണ്ട് പോകുന്നത് കണ്ട് രസിച്ച് ഞങ്ങള്‍ ഇരുന്നു. കാരണം ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ഇല്ലല്ലോ. ടീച്ചറുടെ കയ്യിലെ പേപ്പറുകള്‍ കുറഞ്ഞ് കുറഞ്ഞ് വന്നു. പക്ഷെ എന്തോ, ഞങ്ങളെ വിളിക്കുന്നില്ല. ചിലപ്പോള്‍ രണ്ടാള്‍ക്കും മുഴുവന്‍ മാര്‍ക്ക് നേടി, അല്ലല്ല, എനിക്ക് മുഴുവന്‍ മാര്‍ക്കും സുഭാഷിന്  അരമാര്‍ക്ക് കുറവും, ക്ലാസ്സില്‍ ഒന്നാമതായി എത്തിയവര്‍ക്ക് പ്രത്യേക അഭിനന്ദനം കൊടുക്കാനായിരിക്കും അവസാനം വിളിക്കാന്‍ വച്ചിരിക്കുന്നത് എന്ന് കരുതി ഞങ്ങള്‍ കാത്തിരുന്നു.

എന്നാല്‍ ടീ‍ച്ചറുടെ കയ്യിലെ ഉത്തരക്കടലാസുകള്‍ തീര്‍ന്നിട്ടും ഞങ്ങളെ രണ്ട് പേരെയും വിളിച്ചില്ല. അക്ഷമനായ ഞാന്‍ ഉറക്കെ ചോദിച്ചു. “ടീച്ചര്‍, എന്റെ പേപ്പര്‍ കിട്ടിയില്ല! സുഭാഷിനും കിട്ടിയില്ല.”

രണ്ട് പേരും ക്ലാസ്സ് കഴിഞ്ഞ് ക്ലാസ്സ് റൂമില്‍ വരൂ. അപ്പോള്‍ തരാം.

ഇനി ടീച്ചര്‍ ഞങ്ങള്‍ രണ്ടുപേരുടെ പേപ്പര്‍ മാത്രം കൊണ്ട് വരാന്‍ മറന്ന് പോയിക്കാണുമോ?

**************************

ഞാന്‍ പണ്ടേ  അന്നും ഞാന്‍ പഠിക്കാന്‍ വളരെ മിടുക്കനായിരുന്നു. പക്ഷെ പരീക്ഷയുടെ തലേന്നേ പഠിക്കൂ എന്ന് മാത്രം.

അങ്ങിനെ ഉള്ള ഒരു സമയത്തിങ്കലായിരുന്നു പരീക്ഷ വരുന്നത്. നന്നായി കുളിച്ചൊരുങ്ങി ആകെ മൊത്തം ഉഷാ‍റായി അസ്സലായൊരു ഊണും കഴിച്ച് ഞാന്‍ പഠിക്കാനിരുന്നപ്പോഴാണ് പരീക്ഷ സാമൂഹ്യപാഠമായത്തിന്റെ സാമൂഹികപ്രസക്തി മനസ്സിലാക്കി അമ്മ എനിക്ക് ബൂസ്റ്റ് കലക്കിയ പാല്‍ കുടിക്കാന്‍ തരുന്നത്.
സാമൂഹ്യ പാഠം എന്റെ ഒരു വീക്ക്നെസ്സ് ആണെന്ന് അമ്മയ്ക്ക് നന്നായി അറിയാം. കഴിഞ്ഞ തവണ നടന്ന സാമൂഹ്യപാഠപരീക്ഷയ്ക്ക് കഷ്ടിച്ചുമാത്രം ഞാന്‍ പാസ്സായത് പോഷകങ്ങള്‍ നിറഞ്ഞ ഈ പാനീയം കഴിക്കാത്തത് കൊണ്ടാണെന്ന് അമ്മ തെറ്റിദ്ധരിച്ചാല്‍ അമ്മയെ കുറ്റം പറയാന്‍ കഴിയില്ലല്ലോ.

എന്നാല്‍ ബൂസ്റ്റ് നല്ലൊരു ഉറക്കമരുന്നാണെന്ന് അമ്മയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. അതോ അമ്മയുടെ സ്നേഹത്തിന്റെ ചൂട് ഒരു താരാട്ടായി തോന്നിയതോ, ഞാന്‍ തന്നെ എന്നില്‍ അടിച്ചേല്‍പ്പിച്ച പ്രതീക്ഷകളുടെ അമിതഭാരം കാരണമോ; എന്തോ ഈ സാധനം കഴിച്ചയുടനേ ഞാന്‍ ഉറങ്ങി. പിന്നീടുണര്‍ന്നത് സ്വാഭാവികമായും എന്നത്തേയും പോലെ പരീക്ഷയ്ക്ക് അരമുക്കാല്‍ മണിക്കൂര്‍ മുന്‍പാണ്. ഒരു കുന്തവും പഠിച്ചിട്ടില്ലെന്ന ദുരന്തസത്യം ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. എന്നിട്ടും തളരാതെ ഞാന്‍ പതിവില്‍ കൂടുതല്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ആ പതിനൊന്നാം മണിക്കൂറില്‍ വായിക്കാന്‍ കഴിയുന്ന ചില ചില്ലറ ഭാഗങ്ങള്‍ പെട്ടെന്ന് വായിച്ചുതീര്‍ത്ത് ഞാന്‍ സ്കൂളിലേക്ക് യാത്രയായി.

എനിക്ക് അന്നും നല്ല ബുദ്ധിയാണെന്ന് ഒരിക്കല്‍ പറഞ്ഞല്ലോ. വീണ്ടും വീണ്ടും പറയുന്നതില്‍ ക്ഷമിക്കുക. പറഞ്ഞാലും ഇല്ലെങ്കിലും ഈ സത്യം ആര്‍ക്ക് നിഷേധിക്കാനാകും? അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത്, ഇത്രയ്ക്കും ബുദ്ധിമാനായ ഒരു വിദ്യാര്‍ത്ഥിക്ക് പരീക്ഷയ്ക്കുള്ള പാഠങ്ങള്‍ ഒന്നോടിച്ച് വായിച്ചാലും മതി എന്നതാണ്.

ഈ ധാരണ തെറ്റാന്‍ അധികനേരം വേണ്ടി വന്നില്ല. പരീക്ഷയുടെ ചോദ്യക്കടലാസ് ഞാന്‍ നേരത്തേ പാഠ്യപുസ്തകം വാ‍യിച്ച അതേ സ്പീഡില്‍ ഒന്ന് ഓടിച്ച് വായിക്കേണ്ട നേരമേ താമസമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ ഞാന്‍ പരാജയം രുചിക്കും. നിശ്ചയം. ഇത് ഒരു തരം, രണ്ട് തരം, മൂ... പിന്നെ സകല ദൈവങ്ങളെയും മനസ്സില്‍ വിചാരിച്ചു സ്വന്തമായി ചില പരീക്ഷണങ്ങള്‍  നടത്തി എഴുത്ത് തുടങ്ങീ..അങ്ങനെ ഇരിക്കുമ്പോളാണ് സുഭാഷ് എന്നെ തന്നെ നോക്കിയിരിക്കുന്നത് കണ്ടത്..അവനും അതെ പ്രശ്നം..ചോദ്യങ്ങള്‍ നോക്കി കൊഞ്ഞനം കുത്തുന്നപോലെ തോന്നുന്നു എന്ന് അവന്റെ മുഖം നോക്കിയാല്‍ അറിയാം..അറിയാവുന്നതൊക്കെ ആദ്യം എഴുതിയിട്ടാകും അവന്‍ എന്റെ ഉത്രക്കടലാസിലേക്ക് നോക്കുന്നത് എന്ന് ഞാന്‍ കരുതി..

"ആ കയ്യൊന്നു മാറ്റിക്കേടാ  മനൂ" എന്ന് പറഞ്ഞിട്ട് അവന്‍ കുഞ്ഞനുറുമ്പുകള്‍ വരിവരിയായി പോകുന്നതുപോലെ ഞാന്‍ എഴുതിയത് അടിച്ചു വിട്ടു തുടങ്ങീ...
"നീ എഴുതിയത് എനിക്കും കൂടെ കാണിക്കെടാ" ഞാന്‍ മുഖം ഏറ്റവും ദൈന്യതയിലാക്കി അവനോടു..
"ഇതാ പിടിച്ചോടാ"  എന്ന് പറഞ്ഞിട്ട് ആദ്യത്തെ ഉത്തരകടലാസ്സ് അവന്‍ എന്റെ മുന്നില്‍ മലര്‍ക്കെ തുറന്നു വച്ചു.. 5- ബി ലെ ക്ലാസ് ടീച്ചര്‍ രുഗ്മിണിയമ്മ ടീച്ചറിനു ഉച്ച ഊണിന്റെ ഉറക്ക ക്ഷീണവും, ഞങ്ങള്‍ കുരുന്നുകളില്‍ ഉള്ള അമിത വിശ്വാസവും ഞാനും സുഭാഷും പരമാവധി മുതലാക്കി..

പരീക്ഷ കഴിഞ്ഞു. ഞാന്‍ വളരെ ആത്മവിശ്വാസത്തിലായിരുന്നു. കാരണം? സുഭാഷ്‌ എല്ലചോദ്യങ്ങള്‍ക്കും ശെരി ഉത്തരം എഴുതിയിട്ടുണ്ടാകും എന്ന് എനിക്ക് വിശ്വാസമായിരുന്നു...

"നമ്മള്‍ എല്ലാ  ചോദ്യങ്ങള്‍ക്കും കൃത്യമായി തന്നെ ഉത്തരമെഴുതി. എനിക്ക്  മുഴുവന്‍ മാര്‍ക്കും കിട്ടും" എന്നുറപ്പ് പറഞ്ഞു സുഭാഷ് . എങ്കില്‍പ്പിന്നെ ആ പേപ്പറിന്റെ ഫോട്ടോകോപ്പിയെടുത്ത എനിക്ക് എത്ര കിട്ടണം? ഇടയ്ക്കുള്ള വെട്ടലും തിരുത്തലും സുഭാഷിന്റെ  അര മാര്‍ക്ക് നിര്‍ഭാഗ്യവശാല്‍ കുറച്ചാലും ശരി, എന്റെ കുറയില്ല. അച്ചടിച്ചപോലെയല്ലേ എന്റെ പേപ്പര്‍ കിടക്കുന്നത്. അനാവശ്യമായി ഒരു വെട്ടലോ തിരുത്തലോ അതിലില്ല.

ഇത്തവണ ആദ്യമായി എനിക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടാന്‍ പോകുന്നു. ഞാന്‍ ഒരു വിലസ് വിലസും, നോക്കിക്കോ.

ഇങ്ങനെ കരുതിയിരുന്ന പേപ്പറാണ് ടീച്ചര്‍ ക്ലാസ്സില്‍ വച്ച് തരാതെ എന്നെ വഞ്ചിച്ചത്.
****************************

ക്ലാസ്സ് കഴിഞ്ഞപ്പോള്‍ രണ്ടാളും ക്ലാസ്സ് റൂമില്‍ ചെന്നു. ടീച്ചര്‍ അവിടെ രണ്ടുപേരെയും പ്രതീക്ഷിച്ച് ഇരിപ്പുണ്ടായിരുന്നു. ചെന്നയുടനേ ഞാന്‍ പേപ്പര്‍ ചോദിച്ചു. ക്ഷമയുടെ നെല്ലിപ്പലക ആ പ്രായത്തില്‍ എന്റേത് ചിരവപ്പലകയേക്കാള്‍ ചെറുതായിരുന്നു.

ടീച്ചര്‍ രണ്ട് ഉത്തരക്കടലാസുകള്‍ മേശയ്ക്ക് മുകളില്‍ വച്ചു. എന്നിട്ട് എന്നോട് എന്റേത് എടുത്തുകൊള്ളാന്‍ പറഞ്ഞു.

എന്റെ കൈയ്യക്ഷരം തിരിച്ചറിയാനാണോ പാട്? അത് ഏത് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിച്ചോദിച്ചാലും ഞാന്‍ തിരിച്ചറിയും. ചില അസൂയക്കാര്‍ അത് പുറമ്പോക്കില്‍ വേലികെട്ടിയപോലെയിരിക്കും എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്, പക്ഷെ എന്റേത് നല്ല ബെസ്റ്റ് കൈയ്യക്ഷരമാണ്, കണ്ടാല്‍പ്പോലും നിങ്ങള്‍ വിശ്വസിക്കില്ല.

ടീച്ചറിന്റെ ചോദ്യം ഉടന്‍ വന്നു. നിന്റെ ഉത്തരക്കടലാസ് അതാണെന്നെങ്ങിനെ മനസ്സിലായി?

കൈയ്യക്ഷരം കണ്ടാണെന്ന് എങ്ങിനെ പറയും? അത് മോശമല്ലേ, സത്യം അതാണെങ്കിലും. സ്വാഭാവികമായും ആരും പറഞ്ഞ് പോകുന്ന ഉത്തരം തന്നെ ഞാനും പറഞ്ഞു.

“എന്റെ പേരുണ്ട് ഇതില്‍”

ഇത് മുഴുവന്‍ പറഞ്ഞോ എന്നോര്‍മ്മയില്ല എനിക്ക്. കാരണം പറഞ്ഞ്തീരുന്നതിനുമുന്നേ തന്നെ, ഞാന്‍ ഉത്തരക്കടലാസിന്റെ മുകളില്‍ പേരെഴുതുന്നയിടത്ത് എന്റെ കണ്ണുടക്കിയിരുന്നു. അവിടെ എന്റെ പേരായിരുന്നില്ല, മറിച്ച്, സുഭാഷിന്റെ  പേരായിരുന്നു. അവന്റെ ഉത്തരക്കടലാസ് കമ്പ്ലീറ്റ് പകര്‍പ്പെടുക്കുന്നതിന്റെ ആവേശത്തില്‍ ഇടയ്ക്കെപ്പോഴോ‍ പേപ്പറിന്റെ മുകളിലെ അവന്റെ പേരും പകര്‍ത്തിയെഴുതിയത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത ഒരു ചെക്കനായിരുന്നതിനാല്‍ കോടതി(ടീച്ചര്‍) എന്നെ വെറുതേ വിട്ടു. പ്രധാനാധ്യാപകനോടും എന്റെ മാതാപിതാക്കളോടും പറഞ്ഞ് എന്നെ നാറ്റിച്ചില്ല. ഉത്തരക്കടലാസില്‍ എനിക്ക് മുഴുവന്‍ മാര്‍ക്കും ടീച്ചര്‍ ഇട്ടിരുന്നു. എങ്കിലും സാമൂഹ്യപാഠം പരീക്ഷയ്ക്ക് ഞാന്‍ അന്ന് ആദ്യമായി തോറ്റു.

Thursday, October 27, 2011

എന്‍റെ മണികുഞ്ഞിന്.......

ന്റേയും, ഞാന്‍ സ്വപ്നം കണ്ടിരുന്ന എന്‍റെ മണികുഞ്ഞിന്റെയും ഹൃദയത്തെ കൂട്ടിയിണക്കുന്ന പൊന്‍തൊട്ടിലിന്‍റെ   നേര്‍ത്ത പട്ടുനൂല്‍ ചരട്,   എനിക്ക് സന്തോഷങ്ങള്‍ മാത്രം തരുന്ന സ്വാമി പോലും അറിയാതെ പോട്ടിപോയിരിക്കുന്നു...എന്‍റെ കരള്‍ കൂമ്പിനു ഉണങ്ങാത്ത മുറിവേല്‍പ്പിച്ചു കൊണ്ട്......

ഈ രാത്രി.....മനസ്സ് ഒരുപാട് അസ്വസ്ഥമാണ്...എന്‍റെ ചോരയില്‍ കുരുത്ത ഒരു പവിഴമല്ലി പൂമൊട്ടിനെ വിടരും മുന്‍പേ, പുലരിയെത്തും മുന്‍പേ... രാത്രിയുടെ കാണാകൈകള്‍ കൊണ്ട് ആരോ നുള്ളിയെടുത്തു.. എല്ലായിടത്തും  ഇരുട്ട് മാത്രം..ആകെ ഉണ്ടായിരുന്ന ചെറുവെളിച്ചവും  തിരിച്ചെടുത്ത്‌ മിന്നാമിന്നികളും പറന്നകലുന്നു......

മാഞ്ഞു പോകുന്ന മഴവില്ലിന്‍റെ  ആയുസ്സെ എന്‍റെ സ്വപ്നങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ..എങ്കിലും എന്‍റെ മറവിക്കും മായ്ക്കുവാന്‍ കഴിയുമോ ഞാന്‍ സ്വപ്നം കണ്ടിരുന്ന ആ കുഞ്ഞു മുഖം..കുഞ്ഞി കൈകള്‍ നുണഞ്ഞു ഉറക്കത്തില്‍ ചിരിച്ചു തൊട്ടിലില്‍ കിടക്കുന്ന നിനക്കായി ഞാന്‍ മനസ്സില്‍ താരാട്ട് പാടിയിട്ടുണ്ട്..  തൊട്ടിലാട്ടിയിട്ടുണ്ട് ..പെയ്തൊഴിയാത്ത പേമാരിയാണ് എന്‍റെ സ്വപ്‌നങ്ങള്‍ .. ഒരു രാത്രി കൊണ്ട് ആ വെള്ള മേഘങ്ങള്‍ക്ക് മുകളില്‍  കറപുരണ്ട കാര്‍മേഘം വന്നു കൂടണഞ്ഞു. നോവിന്‍റെ നേര്‍ത്ത സൂചി കൊണ്ട് കുത്തുംമ്പോളും സ്വപ്നം കണ്ടു നടന്ന ഓരോ നിമിഷങ്ങളും ഇനിയും മറക്കാനായിട്ടില്ല..

 " ആ വഴി മറന്നേക്കു ..അത് വിജനമായി, ഇനി മറ്റൊരു പാതയിലൂടെ ഒരു ഇടവേളയ്ക്കു ശേഷം നടക്കാം" എന്ന് ആശ്വസിപ്പിക്കുന്നു  പ്രിയപ്പെട്ടവര്‍. വഴിമാറി നടക്കാന്‍ ഒരടി പിന്നോട്ട് വച്ച് വെറുതെ പിന്നെയും തിരിഞ്ഞു നോക്കിയപ്പോള്‍, ആരെയോ തേടി വിലപിക്കുന്ന എന്‍റെ ആത്മാവിനെ കാണാമായിരുന്നു എനിക്ക്..എന്‍റെ സ്വപ്നങ്ങളെ നിന്‍റെ പ്രതീക്ഷകള്‍  കൊണ്ട് എന്തിനാണ് കുഞ്ഞേ നീ ഉണര്‍ത്തിയത്??

ഉയരങ്ങളിലേയ്ക്കു പറക്കാന്‍ കൊതിച്ച്  ചിറകറ്റ വീണു പോയ ഞാന്‍ ഇവിടെത്തന്നെ ഉണ്ട്..നിന്നെയും കാത്തു..നീ തിരികെ വരും വരെ ഞാന്‍ പോകില്ല..ഇവിടെ ഞാനുണ്ട്,നോക്കൂ..എന്‍റെ ഹൃദയത്തില്‍ നീ പോയ നോവിന്‍റെ സൂചി തറച്ച പാടുകള്‍..പക്ഷെ ..അവിടെ ഇപ്പോഴും നിന്നോടുള്ള സ്നേഹത്തിന്റെ  ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...നിന്നെ വാരിയെടുത്ത് ആ മണിച്ചുണ്ടില്‍ തരാന്‍ കരുതിവച്ച ഒരു അച്ഛന്റെ മുത്തം ഉണ്ട്..എന്റെ മനസ്സുണ്ട്..നീ തിരികെ വരാന്‍ എന്‍റെ ആയുസ്സുകൊണ്ട് ഞാന്‍ കണ്ണന് തുലാഭാരം നേര്‍ന്നു കാത്തിരിക്കും......

പലപ്പോഴും തോന്നിയിട്ടുണ്ട് ജീവിതം ഒരു സിനിമപോലെയാണെന്ന്..കാരണം ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളകളെ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ഓര്‍മകളാക്കുന്നത്..അതുപോലെ തന്നെ, അല്ലെങ്കില്‍  അതിനെക്കാള്‍ എത്രയോ ചുരുങ്ങിയ സമയത്തിലൂടെയാണ് എന്‍റെ ഓരോദിനവും ഓരോ സംഭവങ്ങള്‍ കടന്നുപോകുന്നത്..പെയ്തിറങ്ങിയ നിലാവുകളെ പ്രണയിച്ച കാലവും, വിടവാങ്ങലിന്‍റെ  കണക്കുകള് സൂക്ഷിച്ച കാലവും,ഇന്ന് വേദനകളുടെ കറുത്ത ജാലകം മുന്നില്‍ തുറന്നപോലെ ഈ സങ്കടവും എല്ലാം  എനിക്കു മുന്നില്‍ തെളിയുമ്പോള്‍ അതെല്ലാം ഒരു സിനിമാകഥ പോലെ തോന്നുന്നു.....

പ്രത്യാശനല്‍കുന്ന ആശ്വാസത്തോടെ നല്ല നാളെയുടെ  സുന്ദരമായ കാഴ്ചലഭിക്കാന്‍ ഒരുപാട് മോഹങ്ങള്‍ കൊണ്ട് അലങ്കരിച്ചതോണിയില്‍ തുഴഞ്ഞുപോകവെ കൂട്ടിനെത്തിയ ഒരു സുവര്‍ണ്ണപുഷ്പം, ആ സ്നേഹത്തിന്റെ തീക്ഷ്ണത,നൊമ്പരം അവയെല്ലാം എന്നെ മറ്റൊരു ഞാനാക്കിമാറ്റി, പുതിയ അനുഭവങ്ങള്‍ കൊണ്ട്....സ്വാമിയോട് പോലും പരിഭവം ഇല്ല ....

ഇന്നലെയുടെ തീരത്തുനിന്നും വന്ന് ഇന്നിലൂടെ കടന്ന് നാളെയുടെ തീരത്തിലേയ്ക്ക് അകലുന്ന ഒരു കാലപ്രവാഹം..
ഈ കാലപ്രവാഹത്തില്‍ ഓര്‍മകളുടെ കണ്ണുനീര്‍ത്തുള്ളികള്‍ക്കായ്...ഇത് എന്റെ സ്വപ്നഭൂമിയിലെ നിറവാര്‍ന്ന നിഴലുകള്‍.!!

Thursday, October 6, 2011

ചെമ്പകപ്പൂമണമുള്ള പ്രണയമഴ.....





റയട്ടെ ഞാന്‍ നിന്നോട് എന്റെ മനസ്സില്‍ പൂക്കുന്ന ചെമ്പകപ്പൂമണം ഉള്ള പ്രണയത്തെ കുറിച്ച്.......
 
അല്ലെങ്കില്‍ വേണ്ട  ... പറയുന്നില്ല, വരൂ എന്റെ കൂടെ.. എന്റെ മനസ്സിലേക്ക് ഒരു യാത്ര പോകാന്‍ ..അവിടെ നിനക്ക് കാണാം മറ്റൊരു മനുവിനെ..!!!

എന്‍റെ സങ്കല്‍പ്പത്തില്‍ ... കോടമഞ്ഞ്‌ നിറഞ്ഞ ഒരു താഴ്വരയിലെ ഒരു സുന്ദര തടാകത്തില്‍  ഒരു നീലത്താമാരയായി നീ ഇതള്‍ വിരിയാറുണ്ട്. നിന്റെ നുണക്കുഴികളിലെ പ്രണയത്തിന്‍ തേന്‍ തുള്ളികള്‍  ഞാന്‍ കൊതിയോടെ നോക്കിനില്‍ക്കാറുണ്ട്...!!

എങ്കിലും യാഥാര്‍ത്ഥ്യത്തിന്റെ കനലുകള്‍ എന്നെ പൊതിയുമ്പൊള്‍ ചെറിയ ഒരു വിഷമം എനിക്ക് തോന്നുന്നുണ്ടോ?
കാരണം നമ്മള് ‍സംസാരിച്ചു നടന്ന  ഇടവഴികളില്‍ നിന്ന്,  ആരും കാണാതെ നിന്റെ കവിളില്‍ നിന്ന് സ്നേഹം നുള്ളിയെടുക്കാന്‍ എപ്പോഴും എനിക്ക് കഴിയില്ലല്ലൊ?
നീലോല്‍പ്പലങ്ങള്‍ തോറ്റുപോകുന്ന  നിന്‍റെ   ഇമകള്‍ക്കിടയിലെ പ്രണയമുകിലില്‍ നിന്നും പ്രണയമഴ എപ്പോഴുമെന്നെ കുളിരണിയിക്കില്ലല്ലൊ??
അങ്ങനെ ഓര്‍ക്കുമ്പോള്‍ ഞാന്‍  വല്ലാതെ വേദനിക്കുന്നു.....
ഇമവെട്ടാതെ കണ്ണും കണ്ണും തമ്മില്‍ നോക്കി ഒന്നും ഉരിയാടാതെ ഒരുപാട് നേരം നില്‍ക്കാം നമുക്ക്..
ഞാന്‍ നിനക്കായ് അക്ഷരങ്ങളുടെ മൌന ജാഥ തുടരട്ടെ.........
അക്ഷരങ്ങളിലൂടെ മനസ്സിന്റെ വിചാരങ്ങള്‍ അറിയിക്കാനുള്ള ഈ യാത്ര മാത്രമല്ലെ എനിക്കുള്ളൂ..
ഓര്‍ക്കുക എന്നെ എപ്പോഴും ...എവിടെപോയാലും........  ഇവിടെ നിന്നുമകലെ  ഏതു 
 മൌനത്തിന്റെ ദ്വീപുകളിലേക്കു പോയാലും .......ഞാനവശേഷിപ്പിച്ച സ്നേഹവും..നിനക്ക് തരാന്‍ കൊതിച്ച , അല്ലെങ്കില്‍ ഞാന്‍ മനസ്സ് തുറന്നു കാണിച്ചു തന്ന എന്‍റെ പ്രണയത്തിന്‍റെ നിറമുള്ള സ്വപ്നങ്ങള്‍ എന്‍റെ  ഓര്‍മ്മയടയാളമായി നിന്നിലുണ്ടെങ്കില്‍........
ഞാന്‍ കൂടെ ഉണ്ടാകും.....നീ പോലും അറിയാതെ ഒരു ഹൃദയമിടുപ്പിന്റെ  അകലത്തില്‍....
 
പണ്ട്  ഭഗവതി നടയില്‍ പട്ടുപാവാടയും ഉടുത്തു കല്‍വിളക്കില്‍ തിരികത്തിച്ചു തൊഴുതു വരുന്ന നിന്നെ കാണാന്‍ വേണ്ടി മാത്രം ഞാന്‍ കാവിലെ മണ്ഡപത്തിന്റെ അടുത്ത് വന്നു നില്‍ക്കുമായിരുന്നു. സ്വര്‍ണ്ണ പ്രഭ ചൊരിഞ്ഞു തെളിഞ്ഞു കത്തുന്ന ചുറ്റുവിളക്കുകള്‍ക്കു അരികിലൂടെ കൈകുമ്പിളില്‍ തുളസിയും തെച്ചിയും, ചന്ദവും കുങ്കുമവും ഒരിലയില്‍ ഒതുക്കിപ്പിടിച്ച്, ചന്ദന സുഗന്ധം പരത്തുന്ന ഒരു കുളിര്‍തെന്നല്‍ പോലെ നീ എന്‍റെ മുന്നിലൂടെ നടന്നു പോകുന്നത് ഞാന്‍ ദേവി പോലും അറിയാതെ നോക്കി നില്‍ക്കുമായിരുന്നു..പൂവിനു സുഗന്ധം പോലെ തേനിനു മധുരം പോലെ, പൂര്‍ണ്ണചന്ദ്രന് നിലാവ് പോലെ, എന്‍റെ ഹൃദയത്തിന്റെ അനുരാഗ സംഗീതമായി ഇപ്പോഴും നീ ബാക്കി  വച്ച ആ ചുവന്ന കുപ്പിവളകളുടെ കിലുക്കമുണ്ട്..
  
 എനിക്ക് നിന്നോട് തോന്നുന്ന ഈ സ്നേഹത്തെ കുറിച്ചെഴുതാന്‍ എന്റെ
വാക്കു കളുടെ ശേഖരം മതിയാവുകയില്ല, ആ  തിരിച്ചറിവിലാണ് എന്റെ ഭാഷയ്ക്ക്‌ ഇനിയും ഒരുപാട് ശുദ്ധത വരാന്‍  ഉണ്ടെന്ന
സത്യം ഞാന്‍ മനസ്സിലാക്കുന്നത്........ഞാന്‍ നിന്റെ മുന്‍പില്‍ ഒരുപാട് ചെറുതാകുന്നത്...
 
 മനസ്സില്‍ മഴ പോലെ പെയ്തു നിറയുകയാണ് നിന്നോടുള്ള പ്രണയം ....എന്റെ നെഞ്ചോട് ചേര്ത്ത് നിറുത്തി പ്രണയാവേശത്തില് എല്ലാം മറന്നു നിന്റെ നെറുകയില് ഉമ്മ വക്കാന് ഇനി എത്ര മരു
 കാറ്റുകളില്‍ ഞാന്‍ മരിക്കാതിരിക്കണം....
ഒന്നോര്ത്തു നോക്കു..നമ്മള്‍ മാത്രം ഉള്ള ഒരു ലോകം ..ഒരു പൂമരതണലില്‍ ഞാന്‍ നിന്റെ  മടിയില്‍ തലവച്ചു  കിടക്കുമ്പോള് അവിടെ കൊഴിഞ്ഞു വീഴുന്ന ഇലകളിലെ ഹിമകണത്തിനു എന്റെ ഹൃദയത്തിന്റെ ചൂടുണ്ടാകും.....നിന്നോടുള്ള പ്രേമത്താല്‍  ആ  കണ്ണുകളില്‍ നോക്കി  ഞാന്‍ പറയുന്ന വാക്കുകള്‍ക്കു എന്റെ  കവിതയുടെ ഗന്ധം ഉണ്ടാകും..
 
മനസ്സില്‍ നിന്നോടുള്ള പ്രേമത്തിന്റെ ഊഷ്മാവ് പകരും ഉണര്‍വുമായി, ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും..നീ വരുന്നതും നോക്കി..ഈ പകല്‍ മായുവോളം..

സ്വപ്നം മെനെഞ്ഞെടുക്കുവാന്‍ എന്തെളുപ്പം?     സാക്ഷാല്കാരത്തിന്റെ നിര്‍വൃതിയിലാകാന്‍ എന്‍റെ ഹൃദയം കൊതിക്കുണ്ട് വല്ലാതെ..
ആഴക്കടലിന്റെ തീരത്തു ഒരു മണല്‍ത്തരി കൂമ്പാരം തീര്‍ത്തു ഞാന്‍,  ആ സങ്കല്‍പ്പ ഗോപുരം തച്ചുടക്കാന്‍ ഒരു വന്‍തിരയും വരാതിരിക്കട്ടെ...  സ്വപ്ന വിമാനത്തില്‍ ഏറി പറന്നു എന്റെ ആ സ്നേഹ വികാരങ്ങള്‍ വന്നു നില്‍ക്കുന്നത് നിന്റെ മുന്നില്‍ ആണെന്ന തിരിച്ചറിവ് വൈകിയാണോ നീ അറിഞ്ഞത്??..തേന്‍ മഴയായ് എന്നില്‍  പെയ്തിറങ്ങി നെഞ്ചില്‍ പൂമണം ചാലിച്ച കൂട്ടുകാരീ ,എങ്ങനെ പിരിയും ഞാന്‍  ഈ നിശബ്ദ പ്രണയത്തെ..ചങ്ങല കൂടാതെന്നെ ബന്ധിച്ച സാമര്‍ത്ഥ്യത്തെ.........




Wednesday, October 5, 2011

മന്ത്രം മണക്കുന്ന മനയിലേയ്ക്ക് ഒരു യാത്ര......

രണശേഷം എന്തുസംഭവിക്കും എന്ന മനുഷ്യോല്‍കണ്ഠയെ പൂര്‍ണ്ണമായും സാന്ത്വനപ്പെടുത്താന്‍   പോന്ന ഒരു ഉത്തരം ഇനിയും പിറന്നിട്ടില്ല. എങ്കിലും സംവല്സ്സരങ്ങളായി മനുഷ്യന്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നു..മരിച്ചവര്‍ ശേഷിപ്പിക്കുന്ന ആത്മാക്കളിലും, ജീവിച്ചിരിക്കുന്നവരുടെ ബോധത്തിലേക്കുള്ള അവരുടെ കടന്നുവരവിലും ഇപ്പോഴും  വിശ്വസിക്കുന്നു..(അപ്പോഴും അവയെ കൃത്യമായി  വ്യാഖ്യാനിക്കുന്ന ശാസ്ത്ര പദ്ധതികളില്‍ ഭൂരിപക്ഷവും അവിശ്വാസികളായി തുടര്‍ന്നു).



തന്ത്രവിധികള്‍ അനുസരിച്ച് പ്രേത, യക്ഷി,ഗന്ധര്‍വ ബാധകള്‍ ഒഴിപ്പിക്കാന്‍ ഒരായുഷ്കാലം മാറ്റിവച്ച മന്ത്രവാദികളും താന്ത്രികരും,  എനിക്ക് അത്ത്യത്ഭുതം ഉളവാകുന്ന അതിമാനുഷരായിരുന്നു..അറയിലും താളിയോലയില്‍ നിന്നും ജീവിതത്തിലേക്ക് ഇറങ്ങിവരുന്ന എണ്ണമറ്റ പ്രേതകഥകള്‍ എന്‍റെ കൌതുകങ്ങള്‍ ആയിരുന്നു..എപ്പോഴും  അതിന്റെ കേള്‍വിക്കാരനും, ആസ്വാദകനും ആയിരുന്നു ഞാന്‍ ..പഴയ മന്ത്രവാദ കഥകള്‍ കേട്ട് എന്‍റെ മനസ്സ് മറ്റേമ്മ പറയുന്ന കഥകളിലെ അതിമാനുഷികമായവരുടെ ലോകത്തിലൂടെ സഞ്ചരിക്കും..നിലച്ചുപോയ മുത്തശ്ശിക്കഥകളുടെ ബാക്കി  പത്രം പോലെ യക്ഷി ഗന്ധര്‍വ കഥകള്‍ പുനര്‍ജ്ജനിക്കും..വെറ്റിലകറ മണക്കുന്ന ആ മുത്തശ്ശി കഥകള്‍ ശ്വാസമടക്കിപ്പിടിച്ചു കേള്‍ക്കുമ്പോള്‍ യക്ഷി ഗന്ധര്‍വ പ്രേത രൂപങ്ങളെ  മനസ്സില്‍ എന്റേതായ കാല്‍പ്പനിക രൂപത്തില്‍ ഞാന്‍ വരച്ചെടുക്കും..

വാര്‍ധക്യത്തിലും വറ്റാത്ത കാല്‍പ്പനിക ഭാവനയുടെ ഒരു ഉറവയുണ്ട് ഓരോ മനുഷ്യ മനസ്സിലും, ആ വിളനിലങ്ങളിലേക്കാണ്
യക്ഷി ഗന്ധര്‍വ കഥകള്‍ ഊറിയിറങ്ങുന്നതും, അനശ്വരമായ പ്രണയ കാവ്യങ്ങള്‍ നാമ്പിടുന്നതും..യൌവ്വനത്തിന്റെ തീഷ്ണതകളില്‍ ആ കഥകള്‍ക്ക് പകിട്ടേരും..അതവര്‍ക്ക് കാണാത്ത സ്വപ്നങ്ങളുടെ പുല്‍മേടും വിതാനങ്ങളും ഒരുക്കിക്കൊടുക്കും..പ്രണയാര്‍ദ്രമായ ഇത്തരം ചില കഥകളെ ചുറ്റിപ്പറ്റി എന്നോ പരക്കാന്‍ തുടങ്ങിയ പൊതു സങ്കല്പം അതാണ്‌..

മന്ത്രോപാസന  ഉള്ള ഏതു താവഴിക്കും പറയാന്‍ ഉണ്ടാകും ഇത്തരം കഥകളും, ചിലര്‍ നേരിട്ടനുഭവിച്ചറിഞ്ഞ സത്യങ്ങളും.
തിരുവനന്തപുരം, ശ്രീപദ്മനാഭന്‍ അനന്തശായിയായി കുടികൊള്ളുന്ന തലസ്ഥാന നഗരിയില്‍ കരമനയുടെ    തെക്കേ അതിര്‍ത്തിയിലാണ് എന്റെ വീട്. വീട്ടില്‍ നിന്ന് സ്കൂളിലേക്ക്  പുറപ്പെടുമ്പോള്‍ ഒറ്റക്കായിരിക്കും. ഒരു ചെറിയ നെല്‍പ്പാടവും മൂന്നു കൈതോടുകളും കടന്നാല്‍ ആറ്റുകാല്‍  ഗ്രാമത്തിന്റെ ഹൃദയഭാഗത്തെത്തും. അവിടെവെച്ച് ചില കൂട്ടുകാരെ കിട്ടും. കൃഷ്ണന്‍ കുട്ടി ചേട്ടന്റെ പരിപ്പു വട മണക്കുന്ന ചായക്കടയും, കുഞ്ഞുവറീതേട്ടന്റെ റേഷന്‍ കടയും കടന്ന് ആറ്റുകാല്‍ ദേവീ  ക്ഷേത്രം , മുന്നിലെ അരയാലും, അതിനോടു 
 
ചേര്‍ന്നുള്ള ഇറക്കവും ഇറങ്ങിക്കഴിഞ്ഞാല്‍ വിശാലമായ തിരുമലയായി ഇരുവശങ്ങളിലും നെല്‍ വയല്‍ വിരിഞ്ഞു നില്‍ക്കുന്ന പാടത്തിനു   നടുവിലൂടെ തിരുമലതോടിനു മുകളിലെ പാലത്തിലെത്തും. അവിടുന്നപ്പുറം കമലേശ്വരം . മഞ്ഞുകാലത്ത്  തിരുമലപ്പാടത്തിന്റെ നെല്‍ച്ചെടിത്തുമ്പില്‍ മഞ്ഞുതുള്ളികള്‍ കാണാം. നടക്കുന്നതിനിടയില്‍ കാലുകൊണ്ട് ചെടിത്തുമ്പിലെ മഞ്ഞുതുള്ളികളെ തട്ടിത്തെറിപ്പിക്കും, മഞ്ഞുതുള്ളി പൊട്ടിച്ചിതറി വെയിലില്‍തട്ടി നെല്ലിന്‍ തലപ്പില്‍ മഴവില്ലു വിരിയും.
സ്കൂള്‍ വിട്ടു വരുമ്പോള്‍ തിരുമല വരെ കൂട്ടുകാര്‍ കാണും , പിന്നെ ഇരുവശത്തും മഞ്ഞമുള കാടുപിടിച്ച് നില്‍ക്കുന്ന വഴിയിലൂടെ സേവ്യര്‍ സാറിന്‍റെ വീട്ടില്‍  ട്യുഷന്‍  പഠിക്കാന്‍ പോകണം..നടന്നു കയറുന്ന ചെമ്മന്നു വഴിയുടെ ഒടുവില്‍ ഒരു വലിയ പാല ഉണ്ട്..മുത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാല . പാലപ്പൂവിന്റെ മണം ഒഴുകി വരുന്ന രാത്രികളില്‍ പാലയില്‍ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ചു  പാലമരത്തിലേക്ക്   കൊണ്ടു പോയി രക്തം ഊറ്റി   കുടിക്കുമെന്നും പിറ്റേന്ന് രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ  എന്നുമുള്ള മുത്തശ്ശി കഥകള്‍ ആരിലും ചെറുപ്പകാലത്ത് ഭീതി ഉയര്‍ത്തുന്നതായിരുന്നു . കൂടാതെ പാലമരത്തില്‍ ഗന്ധര്‍വന്‍ വസിക്കുന്നുവെന്നും ഗന്ധര്‍വന്‍പെണ്‍കിടാങ്ങളെ പ്രലോഭിപ്പിക്കുമെന്നുമുളള കഥകളും ഉണ്ടായിരുന്നു . പാല പൂക്കുമ്പോള്‍  ആ മണമേറ്റ്   പാമ്പുകള്‍ പാലച്ചുവട്ടില്‍ എത്തുമെന്നുമുള്ള വിശ്വാസവും ഉണ്ട്  ഒരുപക്ഷെ കേരളത്തിലെ ഒട്ടു മിക്ക കാവുകളിലും  പാലയുണ്ട് എന്നതാവാം അതിനു കാരണം   പക്ഷെ എന്ത് തന്നെ ആയാലും ഈ വശ്യ സുഗന്ധം ഏതൊരാളിലും ഒരു നിശബ്ദ റൊമാന്‍സിന്  വഴി തെളിക്കും എന്നതില്‍ സംശയമില്ല.

പകലിന്‍റെ  നീളും  നിഴലാട്ടം കഴിഞ്ഞു രാത്രികാലങ്ങളില്‍ കൂട്ടുകാരുമൊത്തു കുറെ വൈകുവോളം സമയം ചിലവിടാര്  പതിവായിരുന്നു.. നാട്ടിന്‍ പുറങ്ങളിലും പല വഴിയോരങ്ങളിലും  മാദക  സുഗന്ധവും പേറി നില്‍ക്കുന്ന ഏഴിലംപാല തുലാമാസത്തില്‍ ആണ് പൂക്കുന്നത്.    മഴക്കാലം കഴിഞ്ഞു പ്രകൃതി മഞ്ഞു കാലത്തേക്ക്  പോകുന്ന ഈക്കാലയളവില്‍ പകലിനു ദൈര്‍ഘ്യം കുറവും രാത്രിക്കു ദൈര്‍ഘ്യം കൂടുതലുമാണ്.. തണുപ്പരിച്ചിറങ്ങുന്ന ഈ രാവുകളുടെ നിറ സുഗന്ധമായി പാലപ്പൂ മണം  ഒഴുകിയിറങ്ങും... സമാനചിന്തകള്‍ ചര്‍ച്ചചെയ്യാന്‍ പറ്റുന്ന ഒരു സുഹൃത്ത് കൂട്ടത്തോടൊപ്പം പദ്മനാഭസ്വാമി ക്ഷേത്ര പടിയില്‍ ഇരുന്ന് ഇനിയും കാണാത്ത ആത്മാക്കളെയും, സുഗന്ധം  പരത്തി ഭൂമിയില്‍ കാലുകുത്താതെ ഒഴുകി നടക്കുന്ന സുന്ദരികളായ യക്ഷികളെയും  കുറിച്ച്  കാല്‍പ്പനിക കഥകള്‍ മെനയും..
ഇത്തരം കേട്ടറിഞ്ഞ കഥകളും അവയോടുള്ള  കൌതുകവും കൊണ്ട് യക്ഷി ഗന്ധര്‍വന്മാരെ കുറിച്ച് കൂടുതല്‍ വിസ്മയകരങ്ങളായ കഥകള്‍ കേള്‍ക്കാന്‍ ഒരു യാത്ര പോകണം എന്ന് മനസ്സില്‍ അതിയായ മോഹമുണ്ടായീ.

അതിനു  ഏറ്റവും അനുയോജ്യമായ ഒരിടം സൂര്യകാലടിമനയാണ്.. മരണത്തിന്‍റെ അപാരമുഖങ്ങളുടെ കുടിയിരുപ്പുകള്‍ തിരയുന്ന വേളയില്‍ ആദ്യം മനസ്സിലെത്തിയത്‌ മീനച്ചിലാറിന്‍റെ തീരങ്ങളില്‍ പിറന്ന സൂര്യകാലടിയുടെ പ്രേതഗന്ധങ്ങളുള്ള അകത്തളങ്ങലാണ്. .സൂര്യനെ പ്രത്യക്ഷപ്പെടുത്തി മന്ത്രവാദഗ്രന്ഥം സ്വന്തമാക്കിയ കാലടിമനയുടെ പാരമ്പര്യത്തെപ്പറ്റി കൊട്ടാരത്തില് ശങ്കുണ്ണിയുടെ  ഐതിഹ്യമാലയിലെ വിസ്തരിച്ച അധ്യായത്തിന്‍റെ അത്ഭുതം കണ്ണില്‍ തെളിഞ്ഞ് ,  സ്വാമിനാഥന്‍ എന്ന സുഹൃത്തിന്‍റെ കൂടെ അവിടെക്കൊരുയാത്ര..മന്ത്രം മണക്കുന്ന മനയിലേക്ക്..   ഏതോ മോഹവലയങ്ങളില്‍ തളക്കപ്പെട്ട ,പരലോകത്തേക്കുള്ള പ്രയാണം നിഷേധിക്കപ്പെട്ട ഓരോ ദുരാത്മാക്കളെയും, പ്രാര്‍ഥനാ നിര്‍ഭരമായ ഒരു ഉപാസനയിലൂടെ വിളിച്ചു വരുത്തി സായൂജ്യമര്‍പ്പിച്ച് ജലതമായ   ഏതോ വിദൂര മണ്ഡലത്തിലേക്ക് യാത്രയാക്കുന്ന മഹാമാന്ത്രികരുടെ ഗര്‍ഭഗ്രിഹമാണ് സൂര്യകാലടി..നൂറ്റാണ്ടുകള്‍ താണ്ടി ഇന്നും ജീവിക്കുന്ന  മരിച്ച മനുഷ്യന്‍റെ   ബോധബിന്ദുക്കള്‍ മനോമയകോശങ്ങളായ പ്രേതങ്ങളായി മാറാട്ടമാടി പിന്നെയും സഞ്ചാരം തുടരുന്ന ഒരിടം..നമ്മള്‍ ജീവിക്കുന്ന ഈ ഭൂമിയില്‍  മനുഷ്യരുടെ ബോധത്തിലേക്ക്‌ ഒഴിയാബാധയായി പടര്‍ന്നു  കയറി ഊര്‍ജ്ജം വര്‍ഷിക്കുകയും ഉന്മാദിയാക്കുകയും ചെയ്യുന്ന പ്രേത സാന്നിധ്യങ്ങളുടെ ഒരു മറുലോകമുണ്ട്  .

  പൂര്‍വ്വ ജന്മത്തിലേക്കു വിടര്‍ന്ന കണ്ണുകളുമായി ഉദിച്ച്,  മനയ്ക്കു പിന്നില്‍ തലയുയര്‍ത്തി നില്ക്കുന്ന  അവിടുത്തെ  വിരഹിണിയായ   യക്ഷിപ്പാലയും   നക്ഷത്രവനവും    മാന്ത്രികതയുടെ ഓര്മ്മകളുണര്‍ത്തുന്നു...കിഴക്ക് വശത്തുതന്നെ സര്‍പ്പക്കാവും കുളവുമുണ്ട്.. സിദ്ധിയുള്ള മാന്ത്രികരുടെ വലിയ താവഴിയായ കാലടി, സൂര്യകാലടിയായ  കഥയാണ്‌ ആ മന ബാക്കിവയ്ക്കുന്ന കഥകളിലൊന്ന്..ആ കഥയില്‍, ഒരിക്കല്‍ മരിച്ചുപോയവര്‍ ജീവിതം തുടരുന്ന ഒരു സൂക്ഷ്മലോകത്തിന്റെ ചിത്രമെഴുത്തുണ്ട്. സൂര്യകാലടിയിലെ   യക്ഷിപ്പാലയുടെ പ്രണയാതുരമായ ഭൂതകാലമുണ്ട്,,സൂര്യനെ തപം ചെയ്ത ഒരു മഹാമാന്ത്രികന്റെ പുരാവൃത്തമുണ്ട്. അതിലത്രെയും കവനീനദിയെന്ന ഇന്നത്തെ മീനച്ചിലാരിന്റെ കുളിരുമുണ്ട്..ജീവിച്ചിരിക്കുന്നവരെ നിരന്തരം പിന്തുടരാന്‍ വിധിക്കപ്പെട്ട മരിച്ച മനുഷ്യന്‍റെ ബോധശേഷിപ്പുകളെ സൂര്യകാലടി മനയിലെ ഭട്ടതിരി വിളിക്കുന്നത്‌ ചലിക്കുന്ന ഒരു ബോധകേന്ദ്രം എന്നാണ്..അതിനു നിയതമായ ഒരു ബാഹ്യരൂപമില്ല.  ജീവിതത്തെയും മരണത്തെയും ബന്ധിപ്പിക്കുന്ന ഒരു ഇരുണ്ട പാതയിലൂടെ കാലങ്ങളായി യാത്രചെയ്യുന്ന മഹാമാന്ത്രികരുടെ വഴികള്‍ പലതാണ്..ഭാരതപ്പുഴ കടന്നു തെക്ക് കൌമിയാറിന്‍ തീരതെതിയ കാലടി പട്ടേരിമാര്‍ അനുഭവങ്ങളിലൂടെയും പാരമ്പര്യത്തിലൂടെയും ആര്‍ജ്ജിച്ചെടുത്ത മന്ത്ര വിധിയോടെ ഉപാസന തുടര്‍ന്നു..തലമുറകള്‍ നീണ്ട ആ ഉപാസനയുടെ കയറ്റിറക്കങ്ങളില്‍ മലയാളി ചൊല്ലി നടക്കാന്‍ എണ്ണമറ്റ ഐതീഹ്യങ്ങള്‍ പിറന്നു..മനുഷ്യനെയും പ്രേതങ്ങളെയും ജീവിതത്തെയും മരണത്തെയും വേര്‍തിരിക്കുന്ന പദ്ധതിയാണ് "തന്ത്രം" എന്നറിയപ്പെട്ടത്..അതിന്റെ വഴികള്‍ പലതാണ്..സൂര്യകാലടിയിലെ മാന്ത്രികര്‍ നടന്നുപോയതും, തന്ത്ര പാരമ്പര്യത്തിന്റെ വഴികളിലൂടെയാണ്‌. മന്ത്രത്തിന്റെ വഴികളിലാണ്..സൂര്യനും ഗണപതിയും ത്രിപുര സുന്ദരിയുമായിരുന്നു ഉപാസനാ മൂര്‍ത്തികള്‍. ജനന   മരണ  വ്യഥകളെ   അതിജീവിക്കുന്ന  പരമമായ  അറിവ്   , ആ അറിവ് ശരിയായ   ഗുരുമുഖത്ത്  നിന്നും    സ്വായത്തമാകുമ്പോള്‍ യോഗം. അതില്‍ ശിവനും ശക്തിയും ഒരുമിക്കും എന്ന് വിധി..

പഴയ പുസ്തകത്താളിലെ മയില്‍പ്പീലിയോടു തോന്നാറുള്ള ഒരു വിസ്മയം ബാക്കിവച്ച് കുറേ കഥകളുടെ ഭണ്ടാരവുമായി അവിടുന്ന് പടിയിറങ്ങുമ്പോള്‍ കുറേ ചോദ്യങ്ങള്‍ ബാക്കിയായിരുന്നു...ഒരു യക്ഷിയെയോ ഗന്ധര്‍വനെയോ കാണാന്‍ കഴിഞ്ഞെങ്കില്‍...... !!!

Tuesday, September 20, 2011

ഇനിയും തീരാത്ത എന്‍റെ വിസ്മയങ്ങള്‍.......



വിസ്മയങ്ങള്‍ ആരുന്നു അവനെല്ലാം...കുഞ്ഞായിരിക്കുമ്പോള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ചെണ്ടകൊട്ടുന്ന കുട്ടികുരങ്ങന്‍ പാവയും..കീ പിടിച്ചു തിരിച്ചാല്‍ തനിയെ ഓടുന്ന കാറും കുഞ്ഞി കണ്ണുകളില്‍ അത്ഭുതം വിരിയിച്ചിരുന്നു... ..ഇടിമിന്നലും, മഴയും,ഇരുട്ടും,  എന്തിനു.. കുട്ടിക്കാലത്ത് വീട്ടില്‍ പുറംപണിയ്ക്ക്   വരാരുണ്ടാരുന്ന  നാണിതള്ള  വെറ്റിലയും ചുണ്ണാമ്പും ചവച്ചു ചുവപ്പ് തുപ്പുന്നത് പോലും  അതിശയത്തോടെ നോക്കുമായിരുന്നു. അമ്മയുടെ മടിയില്‍ ഇരുന്നു ബസില്‍ യാത്ര ചെയ്യുമ്പോള്‍  മാവും അടക്കാമരവും പുറകിലേക്ക് ഓടിമറയുന്നതും, നാട്ടിലേക്കുള്ള   യാത്രയില്‍ ബസ്സ് പട്ടണത്തിലേക്ക് പ്രവേശിക്കുന്ന പാലത്തിലെത്തുമ്പോള്‍ പാലത്തിനു വശങ്ങളിലെ കറണ്ടു കമ്പികള്‍ (ഇലക്ട്രിക് ലൈനുകള്‍) പതിയെ പതിയെ താഴേക്ക് പോകുന്നതും പിന്നെ കുറേക്കഴിഞ്ഞ് പതിയെ പതിയെ മുകളിലേക്ക് ഉയരുന്നതും ഒരുപാട് നാളത്തെ അത്ഭുതമായിരുന്നു..


പിന്നെ കടല്‍!!!.. ..  അകലെ നിന്ന് കടലിന്റെ ഇരമ്പം കേള്‍ക്കുമ്പോഴേ ഉള്ളില്‍ തിളച്ചു വരുന്ന സന്തോഷവും അത്ഭുതവും അടക്കി  കുഞ്ഞിക്കാലുകള്‍ മണലില്‍ ചവിട്ടി നടക്കും..  വെള്ളാരം മണലിനോട് ചേര്‍ന്ന് ആകാശത്തെ നീലകളറിനോടൊപ്പം മുട്ടിയുരുമ്മി കരയിലേക്ക് തിരകളെ തുടരെത്തുടരെ വലിച്ചെറിഞ്ഞ്  കണ്ണെത്താത്ത ദൂരത്തൊളം ചാര നിറത്തില്‍ പരന്നു കിടക്കുന്നു കടല്‍.......കടലിനെ ആദ്യം കണ്ടപ്പോള്‍ ‍ആദ്യമായി ചെയ്തത് ഇപ്പോഴും ഓര്‍മ്മയിലുണ്ട് ...തന്റെ പാദങ്ങളെ നനച്ചു പോയ ഒരു തിരമാലയുടെ ബാക്കിവന്ന തുള്ളികളില്‍ കൈ മുക്കി ‍ ആ കടല്‍ വെള്ളം രുചിച്ചു നോക്കി... കൂടെ നിന്നിരുന്നവരൊക്കെ ചിരിച്ചെങ്കിലും ആദ്യമായി കടല്‍ കണ്ടതിന്റെയും കടല്‍ വെള്ളത്തിന് ഉപ്പുരസമാണെന്ന് നേരില്‍ തിരിച്ചറിഞ്ഞതിന്റേയും ആഹ്ലാദത്തിലായിരുന്നു....                                     
ആകാശം മുഴുവന്‍ ചുവന്ന പട്ടുപുതച്ചിരിക്കുന്നു. ഒരു ചുവന്ന വലിയ തീ ഗോളമായി കടലിലേക്കു താഴുവാന്‍ തുടങ്ങുന്ന സൂര്യന്‍. തീ ഗോളം കടലില്‍ മുങ്ങുമ്പോള്‍ തീക്കട്ട വെള്ളത്തില്‍ വീഴുന്ന ശബ്ദം കേള്‍ക്കുമെന്നു പ്രതീക്ഷിച്ചു  സൂര്യന്‍ അസ്തമിക്കുന്നതു വരെ അവിടെ നിന്നു..വിസ്മയങ്ങള്‍ തീരുന്നില്ല ജീവിതത്തില്‍ ..!!
  
പുതു മഴ അതിന്റെറ എല്ലാ ആഘോഷങ്ങളൊടും കൂടെ തകര്ത്തു പെയ്യുവാന്‍ തുടങ്ങി. പുതുമണ്ണിന്റെ മയക്കുന്ന ഗന്ധം...ഭൂമിയിലേക്കു വര്ഷിച്ച ഓരോ തുള്ളിയെയും ആര്ത്തിയോടെ ഭക്ഷിച്ച ചുടുമണ്ണ് അടങ്ങി തളര്ന്നു കിടന്നു. വീണ്ടും വീണ്ടും പതിച്ചു കൊണ്ടിരുന്ന തുള്ളികളെ ഭക്ഷിക്കാനാവാഞ്ഞപ്പോള്‍ അവ മണ്ണിനു മുകളില്‍ അവിടവിടെയായി തളം കെട്ടി കിടന്നു. ഒടുവില്‍ മഴ ഒന്നടങ്ങിയപ്പോള്‍ തൃപ്തി വരാത്തവളെപ്പോലെ ഉണര്ന്ന് തന്റെ മേല്‍ അഭയം തേടിയ വെള്ളത്തെയും വിഴുങ്ങി ....ഓര്‍മകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നു ജീവിതത്തില്‍ ഇന്ന് വരെ സംഭവിച്ചതെല്ലാം അത്ഭുതങ്ങളും
 വിസ്മയങ്ങളും ഒക്കെയായിരുന്നു....

മനസ്സില്‍ സ്വപ്‌നങ്ങള്‍ മാത്രമേ ഉണ്ടാരുന്നുള്ളൂ കഴിഞ്ഞ പത്തു വര്ഷം വരേയ്ക്കും...കുറച്ചു നല്ല കൂട്ടുകാരും,   പുസ്തകങ്ങളും കലാലയവും...സൌഹൃദ കൂട്ടങ്ങളില്‍ തമാശകള്‍ പറഞ്ഞു നിയന്ത്രിക്കാനാവാതെ  പൊട്ടിച്ചിരിച്ചും...സങ്കടം വരുമ്പോള്‍ ആരും കാണാതെ കണ്ണിലെ നനവ്‌ മറച്ചും...നാളെയെ കുറിച്ച് അമിതമായ പ്രതീക്ഷകള്‍ വയ്ക്കാതെ ഇന്നിന്റെ സന്തോഷത്തില്‍ മനസ്സ് നിറച്ചു നടന്ന കാലം...


ഒരുപാട് പ്രണയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌...കോളേജു ക്യാമ്പസ്സ് ലെ എപ്പോഴും ചുവന്ന പുഷ്പങ്ങള്‍ പൊഴിക്കുന്ന വാക മുത്തശ്ശിയുടെ ചുവട്ടിലിരുന്നു പ്രണയിതാക്കള്‍ പരസ്പരം ഹൃദയം കൈമാറുന്നത് അസൂയയോടെ നോക്കിയിട്ടുണ്ട്..                        കാരണം തന്റെ മനസ്സിലും ഒരു പ്രണയത്തിന്റെ വസന്തം ഉണ്ട്..ഇനിയും കണ്ടിട്ടില്ലാത്ത....സത്യമോ  മിഥ്യയോ എന്നറിയാത്ത ഒരു പ്രണയത്തിന്റെ മുഖം..അവള്‍ക്ക്  വേണ്ടി ഋതുഭേതങ്ങള്‍ക്ക്  മായിക്കാന്‍ ആവാത്ത പ്രണയവസന്തവുമായി കാത്തിരിക്കുന്നു.....ചുവന്ന പട്ട് ചുറ്റി പൂവാക എത്ര സുന്ദരി....പാടി പതിഞ്ഞ പഴയ പ്രേമ ഗാനങ്ങള്‍ ഒന്നും ആവര്‍ത്തിക്കാതെ ഒരിക്കന്‍ അവള്‍ വന്ന് എന്നെ സ്പര്‍ശിക്കും...അപ്പോള്‍ എന്നിലെ പൂക്കള്‍ തേന്‍ ചുരത്തും....


ജീവിതം ക്ഷണികമാണ്...ഈ  യാത്രയില്‍  അഭിമുഖീകരിക്കുന്ന എത്ര എത്ര മുഖങ്ങള്‍.
ഇന്ന്കണ്ടു കഴിഞ്ഞ മുഖങ്ങള്‍ ഓര്‍മയുടെ നെരിപ്പോടിലമരുന്നു. കണ്ടുകൊണ്ടിരിക്കുന്നവരും മനസ്സിലേറ്റിയവരും ജീവിതത്തിലെ വര്‍ണ്ണവൈവിദ്ധ്യങ്ങുളുടെ, ഒപ്പം വൈരുദ്ധ്യങ്ങളുടെ പാഠ പുസ്തകമാവുന്നു. കാണാനുള്ള മുഖങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇനിയും കാണാത്ത എന്റെ ആ ആത്മാവിനെ തേടിയാണ് ഇനിയുള്ള ജീവിത യാത്ര. യാത്രയില്‍ പകലും രാത്രിയും വരുന്നു; നന്മയും തിന്മയും പോലെ. പ്രകൃതിയില്‍   രാത്രിക്കും പകലിനും ഒരേ തൂക്കം. എന്നില്‍ ഇളകിയാടുന്ന നന്മ തിന്മകളുടെ ത്രാസില്‍   സ്വന്തം  മുഖം നഷ്ട്പ്പെട്ട ഞാന്‍
അലയുകയാണ്. വഴിയറിയാതെ കാറ്റില്‍ അലയുന്ന അപ്പൂപ്പന്‍ താടി പോലെ....


Thursday, June 16, 2011

കാശി

"നൂ" എന്നൊരു പിന്‍വിളി വിളിച്ചു ഇവിടെ എത്താന്‍ ആരും ഇല്ല .....

 
 കാശി, അനാദിയായ ഒരു ലയത്തെ കുറിക്കുന്നു...ഇവിടെ ഊറിക്കിടക്കുന്ന  ഊര്‍ജ്ജബിന്ദുക്കള്‍‍ക്കൊന്നിനും ജനന മരണങ്ങളില്ല..മോക്ഷം മാത്രം.. 
കാശിക്കു  കാലമില്ല ....ഈ സങ്കല്‍പ്പത്തെ സമീപിക്കുന്ന ഏതു മനുഷ്യനും തിരിച്ചറിയാവുന്ന ഒന്നാണത്..ഒരു പരിണാമചക്രവും ഈ വിശ്വാസത്തെ   സ്പര്‍ശിച്ചിട്ടില്ല ..കാലരഹിതമായ "ശിവം"  എന്ന മഹാലയത്തില്‍ ആണ് കാശിയുടെ തുടര്‍ച്ച..അങ്ങിനെ ഒരിടത്ത് 'മരണം' എന്നാല്‍ മോക്ഷമോ തുടര്‍ച്ചയോ അല്ലാതെ മറ്റെന്താകാന്‍.
നീ എന്തിനു  മരണത്തെ ഭയപ്പെടുന്നു മനു?...ഇവിടെ നിനക്ക് മരണം അല്ല,പുനര്‍ജ്ജന്മം..മനസ്സില്‍ ആഗ്രഹങ്ങള്‍ അടക്കിവച്ചു
 മോക്ഷമില്ലാതെ അലയുന്നതിലും എത്രയോ നന്നാണ് ഒരു പുനര്‍ജ്ജന്മം..
   
ഹരിച്ചന്ദ്രഘാട്ടിലും മണികര്‍ണ്ണികയിലും കത്തിയമര്‍ന്ന കോടികോടി ശവങ്ങളുടെ കാതില്‍ താരകമന്ത്രം ഓതിക്കൊടുത്തു
 മോക്ഷം നല്‍കിയ പ്രപഞ്ചത്തിന്റെ ആതിശക്തി.  "ശിവം" ,അതാണ്‌  കാശിയെ നയിക്കുന്ന ഉര്ജ്ജപ്രവാഹം. മോക്ഷം യാചിച്ചെത്തുന്ന ഓരോ മനുഷ്യനെയും ഈ മണ്ണിലൂടെ നയിക്കുന്ന കാശിവിശ്വനാഥന്‍ എന്ന കാന്തികോര്‍ജ്ജം.  
 ഒരു  രാഗമാലികപോലെ  ശാന്തമായ വിശ്വനാഥന്റെ ഭാവം ഉഗ്രശക്തിയായ കാലഭൈരവനിലേക്ക് ചിലപ്പോള്‍ മാറാട്ടം നടത്തും..  പിന്നെയും   ശാന്തിയിലേക്ക് കൊണ്ട്വരാന്‍ ആ  ശിവജടയില്‍ ഒരു   താഴംപൂവും മൂര്‍ധാവില്‍ ശിവഗംഗ പകരുന്ന തണുപ്പിനും മാത്രം സാധ്യം.
ശിവന്റെ മൂര്‍ധാവില്‍ നിന്ന് ഊറിയിറങ്ങിയ ഈ ജലധാര ,അളകനന്ദയും, മന്ദാകിനിയും ഭാഗീരധിയുമായി മനുഷ്യരാശിയുടെ പാപങ്ങളെ ഏറ്റുവാങ്ങുന്നു...അവര്‍ മുക്തിനേടുന്നു.

ഞാനും അതിനായിതന്നെ ഇവിടെ വീണ്ടും എത്തി........വിറയ്ക്കുന്ന കാലുകളോടെ ഗംഗയിലേക്ക് ഇറങ്ങി 
..തണുപ്പിന്ന്റെ ഒരു  വൈദ്യുതി പ്രവാഹം സിരകളിലേക്ക് പടര്‍ന്നു കയറി..ഒന്ന് മുങ്ങി കയറാം..

താണ്ഡവ ശിവന്‍ കാശിയില്‍  മാത്രം ശാന്തനെങ്കില്‍ അതിനു നിമിത്തം  മൂന്ന് മൈല്‍ നീളത്തില്‍ ഒരുചന്ദ്രക്കല പോലെ  കാശിയെ പുണര്‍ന്നൊഴുകുന്ന ഈ ഗംഗ ആണ്..
 ക്ഷമയോടെ  നിന്ന് പൊന്നമ്പലത്തിലെ ആ തിരുസ്വരൂപം തെല്ലിട നേരത്തേക്കു കണ്ടു തൊഴുമ്പോള്‍ അപക്വമായ എന്റെ മനസ്സ്‌ ശൂന്യമായിരുന്നു....സാഷ്ടാംഗം ആ തിരുമുറ്റത്ത്‌ നമിച്ചപ്പോള്‍ നിസ്സാരനായ ഞാന്‍ വീണ്ടുമൊരു മണ്‍തരിയായപോലെ... മതിയായില്ല, പിന്നെയും തൊഴുതു എല്ലാ വ്യഥകളും മോഹങ്ങളും സന്തോഷങ്ങളും മാഞ്ഞ്‌ ഉള്ളില്‍ ശാന്തി നിറയുന്ന നിര്‍വൃതി..
ഉഗ്രശിവനില്‍ ഉള്‍ചേര്‍ന്ന തണുപ്പാണ് ഗംഗ..എന്നില്‍ അലിഞ്ഞു ചേര്‍ന്ന എന്റെ പ്രണയം പോലെ.......എന്നില്‍ അലിഞ്ഞുചേര്‍ന്ന ദ്രാവകൂര്‍ജ്ജം

 കുട്ടിക്കാലത്ത് അപ്പൂപ്പന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് "കാശിയിലേക്ക്  എല്ലാരും പോകുന്നതെ ഉള്ളൂ..തിരിച്ചുവരാരില്ല എന്ന്..എവിടെപോയാല്‍ തിരിച്ചു  വരുന്നില്ല അതാണ്‌  പുണ്യം"...മതി വരുന്ന ഒരു ഭാവം...തിരിച്ചുവരാതിരിക്കുന്ന സങ്കല്പം മരണം ആയിടുതന്നെ ബന്ധപ്പെടുത്തണം എന്നില്ല 
,മറിച്ചു  ഇനിയും പുലരാത്ത ഒരു അല്ലില്‍ ഞാന്‍ അലിഞ്ഞു ചേരണം എന്നൊരാഗ്രഹം....ഈ തിരിച്ചറിവ് എന്നെ ഇവിടെ എത്തിച്ചു....

 വിശ്വനാഥന്റെ  പ്രസാദം ഉച്ചയൂണ്‌. ഇത്രയും രുചിയോടെയും തൃപ്തിയോടെയും അന്നും ഇന്നും വേറെ ഭക്ഷണം കഴിച്ചിട്ടില്ല. ഇല്ലായ്മയറിയിക്കാതെ എന്നും പോറ്റിപ്പരിപാലിക്കുന്ന എന്റെ അന്നദാനപ്രഭുവിനെ ഞാന്‍ നേരിട്ടറിഞ്ഞ മുഹൂര്‍ത്തം...ഇവിടെ എല്ലാരും തുല്യര്‍ ...സമ്പത്തും പദവിയും കുടുംബമഹിമയും വേര്‍തിരിവുണ്ടാക്കാത്ത ലോകം..പരസഹസ്രം നാവുകളില്‍ നിന്നും മന്ത്രങ്ങള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കാം.... എല്ലാവരുടെയും മുഖത്ത്‌ ഒരേ തേജസ്‌, എല്ലാ നാവിലും ഒരേ മന്ത്രം. മതവും ജാതിയും വേഷവും ഭാഷയും  ഒന്നാകുന്നു..


പുനര്ജ്ജന്മം എന്നൊന്നുണ്ടെങ്കില്‍.. ഒരുനിമിഷം ഓര്‍ത്തുപോയീ..

Tuesday, June 14, 2011

താമരന്നൂലുകൊണ്ട് കോര്‍ത്ത എന്റെ പ്രണയം............



പ്രിയ നിളാ നീ ഒഴുകുകയാണ് ...തീരത്ത് നില്‍ക്കുന്ന എനിക്ക് നിന്നെ ബന്ധിക്കാന്‍ കഴിയില്ലല്ലോ..ഞാനെന്നല്ല ആര്‍ക്കും സാധ്യമല്ല കാരണം നീ കാലം ആകുന്നു .അത് ഇങ്ങനെ അനസ്യുതം ഒഴുകികൊണ്ടേ ഇരിക്കും. നിന്നോടെനിക്ക് ഒരു കോടി നന്ദി പറയാനുണ്ട്‌.നിന്‍റെ മടിത്തട്ടില്‍  എനിക്കായി സൂക്ഷിച്ചു വച്ച എന്‍റെ  പ്രണയത്തെ തിരിച്ചു തന്നതിന്..ഈ തീരത്ത് പാദം സ്പര്‍ശിച്ചു കടന്നു പോയ ആയിരങ്ങള്‍ ആരും അറിഞ്ഞില്ല അനുരാഗത്തിന്‍റെ ഈ തിരയിളക്കം നിന്നില്‍ ഉണ്ടാകുമെന്ന്..

എപ്പോഴാണ് ഞാന്‍ അവളെ വീണ്ടും കണ്ടത്?  വിരസതകളുടെ നെടുവീര്‍പ്പുമായി നിന്റെ തീരത്ത് വന്നിരുന്നു സന്ധ്യകള്‍ മായുവോളം സൂര്യനെ നോക്കിയിരുന്നിട്ടുണ്ട്.     ഒരുനാള്‍ മണി കിലുങ്ങും വില്ല് കെട്ടി തുലാവര്‍ഷം പെയ്തിറങ്ങിയ ഒരു രാത്രിയില്‍ അവളെ  നീ കൊണ്ട് വന്നു കൂടെ. നിളയിലെ പൊന്നലകള്‍ അപ്പോള്‍ ആവേശത്തോടെ എന്‍റെയും അവളുടെയും പേര് ചൊല്ലി പാടുന്നുണ്ടായിരുന്നു.. ഇത്തിരി തേന്‍ തൊട്ടരച്ച പോന്നുപോലെ ആയിരുന്നു അവളുടെ സംസാരം, ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്‍, മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന അവളുടെ ഹൃദയം എത്രയോ സുന്ദരമായിരിക്കണം...
പലപ്പോഴും  ബോധത്തെയും ചിന്തയേയും നിയന്ത്രിക്കാന്‍ കഴിയാത്ത വികാരമായി എന്‍റെ പ്രണയം പോകുന്നുണ്ടോ? വായിക്കാന്‍ എടുക്കുന്ന പുസ്തകതാളിലെ കറുത്ത അക്ഷരങ്ങല്‍ക്കിടയിലും, ശബ്ദിച്ചു കൊണ്ടിരിക്കുന്ന നാഴികമണിയിലും, അപരിചിതമായ ആള്‍ക്കുട്ടത്തിലും, നിന്‍റെ മുഖം ഞാന്‍ തേടുന്നത് അതുകൊണ്ടല്ലേ??
തണുത്ത കാറ്റ് വീശി അടിക്കുന്ന ഒരു തുലാവര്‍ഷ സന്ധ്യയില്‍,  മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന ഇടവഴിയില്‍ വച്ച് ഞാന്‍ അവളോട്‌ "നിന്നെ ആണ് എനിക്കിപ്പോള്‍ എന്നെക്കാള്‍ ഏറെ ഇഷ്ടം " എന്ന് പറഞ്ഞു.. അപ്പോള്‍ അവള് ‍ചോദിച്ചു.."ഞാന്‍ ഒന്ന് കരഞ്ഞാല്‍ ഈ മഴതുള്ളികള്‍ക്കിടയില്‍ എന്‍റെ കണ്ണുനീര്‍ തിരിച്ചറിയാന്‍ മാത്രമുള്ള സ്നേഹം നിനക്കുണ്ടോ മനു?? നെഞ്ചില്‍ കൈ വച്ച് ഞാന്‍ പറഞ്ഞു "നിന്‍റെ കണ്ണുകള്‍ നിറയുന്ന ഓരോ നിമിഷവും അതില്‍ ഈ മനുവിന്റെ ഹൃദയരക്തതിന്‍റെ ചുവപ്പുണ്ടാകും...ഏതു പെരുമഴയിലും അത് ഞാന്‍ തിരിച്ചറിയും"..പക്ഷെ ഒരിക്കല്‍ പോലും ആ കണ്ണുകള്‍ നിറയരുതെന്നാണ്  ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നീ അറിയുന്നില്ലേ?

പുറത്തു നല്ല തണുപ്പുണ്ട്....വഴിയില്‍ ഇരുട്ടിന്‍റെ പാറാവ്‌ നില്‍ക്കുന്ന ഈ തെരുവ് വിളക്കുകള്‍ക്കപ്പുറം കണ്ണെത്താദൂരത്തോളം കടല്‍ ആണ്....അതിനപ്പുറത്ത്   ഇനിയും സാധ്യമാകാത്ത കൂടികാഴ്ച ആണെങ്കിലും മനസ്സില്‍ മിന്നിമായുന്ന എന്റെ ഭാവനയില്‍ ഞാന്‍ കണ്ട രൂപവുമായി നീ ഇരിപ്പുണ്ട്.. , ആ നല്ല നാളിന്നു ഇനി അധികം ദൂരം ഇല്ല എന്ന പ്രതീക്ഷയോടും കൂടി കാതിരിക്കിക്കുന്ന ഞാന്‍ ഓരോന്ന് ആശിച്ചുപോകുകയാണ്, ഈ സമാന്തര രേഖകള്‍ പോലെ ഒരിക്കലും കൂട്ടിമുട്ടാത്ത സ്വപ്നങ്ങളാണ് എന്റെ ആഗ്രഹങ്ങള്‍. ആ രേഖകള്‍ എന്നെങ്കിലും കൂട്ടിമുട്ടുമോ ?അസാധ്യം . എന്റെ മനസ്സ് അങ്ങനെയാണ് അസാധ്യമായാതെ ചിന്തിക്കൂ ..എങ്കിലും അറിയാതെ  മനസ്സ് മനസ്സ് മന്ത്രിച്ചു കൊണ്ടേയിരിക്കുന്നു.. "പാതിയിലേറെ കടന്നു കഴിഞ്ഞു വഴി..ഇനി കുറച്ചു ദൂരം മാത്രം.ഓര്‍മ്മകള്‍ക്ക് തിളക്കം കൂട്ടി , മധുരങ്ങള്‍ പാടി കാത്തിരിക്കൂ  മനു " എന്ന്.
 വിഷമങ്ങള്‍ ഉള്ളിലോതുക്കുംബോളും അറിയാതെ ഹിമകണമായ് പൊഴിയുന്ന കണ്ണീരിനു ഇന്ന് പുത്തന്‍ പ്രതീക്ഷയുടെ സുഗന്ധം ..എന്റെ മനസ്സില്‍ ഒരു കുളിര്‍ മഴയായ് പെയ്തത്തിനു ,എന്റെ ഓര്‍മകളെ തിരിച്ചു തന്നതിന് ഒരുപാട് നന്ദി .....ഒരുപാട് നന്ദി ............

വീണ്ടും ഇങ്ങനെ എനിക്കെഴുതാന്‍ പ്രേരണയായി എന്റെ മുന്നില്‍ വന്ന പ്രിയകൂട്ടുകാരീ..ഇനിയുമുണ്ട് ഒരുപാട് പൊന്ചെമ്പകം പൂത്ത കഥകള്‍ നിന്നോട് പറയാന്‍. അതുകൊണ്ട് ഈ രാത്രിയില്‍ ഈ കഥ ഇവിടെ അപൂര്‍ണ്ണമായി നില്‍ക്കട്ടെ.........