Wednesday, March 21, 2012

ഇഷ്ടങ്ങളുടെ കുരുവിക്കൂടുകള്‍.....

ന്ന് ഞാന്‍ ഒന്നാം വര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ഥിയായി ചരിത്രമുറങ്ങുന്ന തലസ്ഥാന നഗരിയിലെ പ്രമുഖ കലാലയത്തില്‍ അര്‍മാദിച്ചു നടക്കുന്ന കാലം.പത്താം ക്ലാസ്സിലെ നാണംകുണുങ്ങിയും ആത്മവിശ്വാസക്കുറവുമുള്ള ആ മെലിഞ്ഞ പയ്യനില്‍ നിന്നും രണ്ടു വര്‍ഷത്തെ പ്രീ-ഡിഗ്രീ വിദ്യാഭ്യാസം എന്നെ ബഹുദൂരം മുന്നില്‍ എത്തിച്ചിരുന്നു. മൂന്നു പെണ്‍കുട്ടികള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനു മുന്നിലൂടെ പോലും നടക്കാന്‍, കാരണമറിയാത്ത ഏതോ അപകര്‍ഷതാബോധം പിന്നിലോട്ടു വലിച്ചിരുന്ന എന്നെ, വെറും രണ്ടു വര്‍ഷത്തെ കലാലയ അനുഭവം മറ്റൊരാളാക്കി മാറ്റി. നക്ഷത്രനയനങ്ങള്‍ കൂട്ടംകൂടി തിളങ്ങി നില്‍ക്കുന്ന വഴിയിലൂടെ തല ഉയര്‍ത്തിപ്പിടിച്ചു സഞ്ചരിക്കാന്‍ ഈയുള്ളവനെ പ്രാപ്തനാക്കിയ അന്നത്തെ സൌഹൃദ കൂട്ടായ്മയിലെ ഗുരുക്കന്മാരെ ഇപ്പോള്‍ നന്ദിയോടെ സ്മരിക്കുന്നു!! നിലാവ് കരയിട്ട നൊസ്റ്റാള്‍ജിയ പോലെ ആ കാലം എനിക്ക് കോളേജിന്‍റെ നാളുകളിലെ നിറമുള്ള ഓര്‍മകളാണ്.

"പ്രണയിക്കാന്‍ പറ്റിയത് മഴക്കാലത്താണ്", കര്‍ക്കിടകത്തില്‍ നിന്ന് ഓണക്കാലത്തേക്ക് നീണ്ട ഒരു കുഞ്ഞുമഴ കോളേജിന്‍റെ കൊലുസ്സുകെട്ടിയ പാദങ്ങള്‍ നനച്ച് കുസൃതിയായി പെയ്ത ഒരു ഉച്ചനേരം,കാന്റീനില്‍ ഇരുന്ന് സുഭാഷ്‌ പറഞ്ഞു.

"പാഴായ പ്രണയം ചീഞ്ഞ മുല്ലപ്പൂ പോലെയാണ്, തലയില്‍ ചൂടാനും പറ്റില്ല സുഗന്ധം മനസ്സില്‍ ബാക്കി നില്‍ക്കുന്നതുകൊണ്ട് ചവിറ്റുകുട്ടയിലെക്കെറിയാനും കഴിയില്ല" . അന്നൊക്കെ പ്രണയത്തെക്കുറിച്ച് അവന്‍ പറയുമ്പോള്‍ കണ്ണടച്ച് വിശ്വസിക്കാന്‍ തോന്നും. തികഞ്ഞ പരിചയ സമ്പന്നതയോടെ, നിറഞ്ഞ ആധ്യാത്മികഭാവത്തോടെയാണ് ഓരോ വാക്കുകളും.


"ഒരാള്‍ക്ക്‌ ഒരേ സമയം എത്ര പേരെ പ്രേമിക്കാനാകും?" എന്ന എന്‍റെ ചോദ്യത്തിന് സുഭാഷ്‌ ഉത്തരം പറയാതെ ഒരു മറു ചോദ്യം നീട്ടി "എത്ര മുറികളുണ്ട് നിന്‍റെ വീടിന്‌"?

ഞാന്‍ രണ്ടു മുറി കൂട്ടിപ്പറഞ്ഞു: "എട്ട്",

"വീട് നിന്‍റെ ഹൃദയമാണെന്നു കരുതുക", അതിലെ എല്ലാമുറികളും പ്രണയിനികളായ കുരുവികള്‍ക്ക് കുടിയേറാനുള്ള കൂടുകളാണ്. ഒരാള്‍ക്കോ അല്ലെങ്കില്‍ ഒരുപിടി കുരുവികള്‍ക്കോ"..മലയാളം പ്രോഫെസ്സര്‍ ശാകുന്തളം വിവരിക്കുന്ന പോലെ അവന്‍ വാചാലനായി.

"എത്ര പേര് നിന്‍റെ വീട്ടില്‍ കൂട് കൂട്ടിയിട്ടുണ്ട്"? ഞാന്‍ ചോദിച്ചു.

കള്ളച്ചിരിയോടെ പുറത്തുപെയ്യുന്ന മഴയിലേയ്ക്ക് കൈനീട്ടി നനയിച്ചുകൊണ്ട് അവന്‍ പറഞ്ഞു : കൂടുകളെല്ലാം ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നു, വരാനിരിക്കുന്ന ദേശാടനക്കിളികളെ കാത്തിരിക്കുകയാണ് ഞാന്‍"

ഇത്രയും പ്രണയാര്‍ദ്രമായ മനസ്സും ശരീരവുമുള്ള മറ്റൊരാളെയും ഞാന്‍ മുന്‍പ് കണ്ടിട്ടില്ല, അത്രയ്ക്കും തേനില്‍ മുക്കിയ നീലക്കരിമ്പായിരുന്നു സുഭാഷിന്‍റെ മനസ്സ്!!

"കൂട്ടുകാരിയുടെ ഓട്ടോഗ്രാഫില്‍ എഴുതാന്‍ പ്രണയത്തിന്‍റെ സുഗന്ധം ഉള്ള രണ്ടു വരി വേണം, നീ പറയു" എന്ന് എന്നോടൊരിക്കല്‍ അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. കാരണം പ്രണയിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാം തോറ്റു പിന്‍വാങ്ങിയ ആളായിരുന്നു ഞാന്‍. ഹൃദയത്തിന്‍റെ ക്ഷണക്കത്തും നീട്ടി ഞാന്‍ കാത്തിരുന്നത് കാണാതെ എത്രയോ മുഖങ്ങള്‍ മുന്നിലൂടെ നടന്നുപോയീ, കരിയിലകള്‍ കൊണ്ട് പുഷ്പവൃഷ്ടി നടത്തി കലാലയ മുത്തശ്ശി എന്നെ പരിഹസിച്ചു!

പ്രണയമെഴുതിയ കടലാസ്സുമെടുത്തു ഒരു മൂളിപ്പാട്ടും പാടി സുഭാഷ് നടന്നകലുമ്പോള്‍ ഒരു കാര്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു, ഇവിടെനിന്നും പടിയിറങ്ങും മുന്‍പ് ഒരു കുരുവി എങ്കിലും എന്‍റെ മനസ്സില്‍ കൂടുകൂട്ടിയിരിക്കും, ഒരു മൈന!! അവള്‍ ആരായിരിക്കും? ഇപ്പോള്‍ എവിടെ ആയിരിക്കും??

പെണ്‍കുട്ടികളെ കാണുമ്പോള്‍ മനസ്സിലെവിടെയോ പാലപൂക്കുന്ന പ്രായം. പറന്നു പോകുന്ന കാക്കയെ പോലും ക്യുട്ടിക്കൂറ പൌഡര്‍ ഇട്ടു പ്രണയിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കൌമാരത്തിന്‍റെ തെന്നിത്തെറിക്കുന്ന മനസ്സ്. ഗെസ്റ്റ് ലെക്ച്ചറര്‍ ആയി ഷേക്ക്‌സ്പിയറിനേയും ഷെല്ലിയെയും പരിചയപ്പെടുത്താന്‍ വന്ന ആന്‍മേരി ടീച്ചര്‍, അവരുടെ നഖങ്ങളില്‍ ചുവന്ന നെയില്‍പോളിഷിന്‍റെ ആഘോഷം, മുന്നേറ്റത്തിന്‍റെ ആര്‍ഭാടം കാണിക്കുന്ന ബ്ലൌസ്, ഉടലഴകുകള്‍ എടുത്തു കാണിക്കുന്ന ഷിഫോണ്‍ സാരി, സെന്റുകുപ്പി പൊട്ടിത്തൂവിയ സുഗന്ധം ക്ലാസ്സ്മുറിയിലെങ്ങും, അവാര്‍ഡു സിനിമയ്ക്കു ആളിരിക്കും പോലെയുള്ള ഇംഗ്ലീഷ് സാഹിത്യ ക്ലാസ്സില്‍ പ്രണയാതുരരായ ഈച്ചകളെ ആകര്‍ഷിച്ചു കയറ്റുന്ന മിഠായി കടലാസ്സായിരുന്നു ആന്‍മേരി ടീച്ചര്‍!!
ചുവപ്പും പച്ചയും മഞ്ഞയും വര്‍ണ്ണങ്ങളില്‍ അഴകിന്‍റെ മഴവില്ല് വിരിയിച്ചുകൊണ്ട്‌ ചുരിദാറിലും, സാരിയിലും, ദാവണിയിലും, പട്ടുപാവാടയിലുമെല്ലാം പെണ്‍കിടാങ്ങള്‍ എന്‍റെയും സുഭാഷിന്റെയും രക്തം ആവിയാക്കി, രാത്രികള്‍ നിദ്രാവിഹീനമാക്കി. കൌമാരങ്ങളെ പ്രലോഭിപ്പിച്ച മായാസുന്ദരികളെ ഓര്‍ത്ത് വിഹ്വലമായ അമ്ലമഴകള്‍ വീഴുന്നത് സ്വപ്നം കണ്ട്, പ്രണയച്ചൂളയില്‍ തിരിഞ്ഞും മറിഞ്ഞും അര്‍ദ്ധമയക്കത്തില്‍ കിടക്കുമ്പോള്‍, അമ്മ നെറ്റിയില്‍ തൊട്ട്‌ നോക്കി "പനിച്ചൂടാണെന്നു തോന്നുന്നു" എന്ന് പറഞ്ഞു ഫാനിന്‍റെ സ്പീഡുകൂട്ടിയിട്ട് പോകും. നമ്പീശന്‍റെ ആയുര്‍വേദ വൈദ്യശാലയിലെ ഒരു മരുന്നിനും എന്‍റെ ഈ രോഗത്തെ ശമിപ്പിക്കാന്‍ കഴിയില്ല അമ്മേ എന്ന് ഒരു ആത്മഗതം ഉയരും അപ്പോള്‍.


ഒരു സായാഹ്ന്നത്തില്‍ അലസമായി പെയ്യുന്ന മഴയോട് കൂട്ടുകൂടി വരാന്തയില്‍ ഇരിക്കുമ്പോള്‍ അമ്മ വന്നു പറഞ്ഞു. "കിളിമാനൂരിലെ കല്യാണമാണ് ഞായറാഴ്ച, നീ പോണം.  ക്ലാസ് കഴിഞ്ഞു വെള്ളിയാഴ്ച തന്നെ പൊയ്കോളൂ".

ഭാസുര തങ്കച്ചി, അമ്മയുടെ ഇളയ അനുജത്തി, അവരുടെ മകളുടെയാണ് കല്യാണം. ബന്ധുജനങ്ങള്‍ എല്ലാവരും കൂടും. കോളേജും, വൈകുന്നേരത്തെ അമ്പല മൈതാനത്തിലെ കളികളും, കാവില്‍ തൊഴുതു കളഭത്തിന്‍ ഗന്ധം പരത്തി വരുന്ന സുരസുന്ദരികളെ യാത്രയാക്കി ആല്‍ത്തറയില്‍ ഇരുന്നും , രാത്രി വരെ നീളുന്ന വെടിപറച്ചിലും ഒക്കെയായി ദിവസങ്ങള്‍ ആഘോഷിച്ചു പോരുന്നതിനിടയില്‍ രണ്ടു ദിവസം കിളിമാനൂര്‍ പോയി നില്‍ക്കുന്നതില്‍ താല്‍പ്പര്യം തീരെ ഇല്ലായിരുന്നു, എങ്കിലും പോകാതെ വയ്യ. അച്ഛന്‍ ഇടപെടുന്നതിലും നല്ലത് അമ്മയെ അനുസരിക്കുന്നതാണ് എന്ന് മനസ്സില്‍ ഓര്‍ത്തു.

കല്യാണത്തിരക്കുകളുടെ കൂട്ടത്തില്‍ ഞാനും കൂടി. കാറ്റിന് നെയ്യിന്‍റെയും പരിപ്പിന്‍റെയും സാമ്പാറിന്‍റെയും മണം!! എല്ലാവരും കൂടിയപ്പോള്‍ ഒരു ഉത്സവ പ്രതീതി. അടുത്തറിയുന്നതും തീരെ അറിയാത്തതുമായ ബന്ധുക്കള്‍. അടുക്കള മുഴുവന്‍ സ്ത്രീ ജനങ്ങള്‍ കയ്യെറിക്കഴിഞ്ഞു. ഭാസുരക്കുഞ്ഞമ്മ തിരക്കിലാണ്, അടുപ്പിലെ വെളിച്ചെണ്ണയില്‍ മുങ്ങിയും പൊങ്ങിയും കളിക്കുന്ന നെയ്യപ്പത്തിന്‍റെ മുഖം ചുവക്കുന്നത് ഞാന്‍ കുറച്ചു നേരം നോക്കി നിന്നു. അപ്പോഴാണ്‌ പച്ചക്കറികള്‍ അറിയുന്നവരുടെ കൂട്ടത്തില്‍ ഇരുന്ന് ഒരു "തക്കാളി" എന്നെ കൂടെ കൂടെ ശ്രദ്ധിക്കുന്നത് കണ്ടത്. കൂടെ ഇരിക്കുന്നവരോട് തമാശകള്‍ പറഞ്ഞിട്ട് ആ ചിരി അവസാനിക്കുന്നത്‌ എന്നെ നോക്കിയാണെന്ന് ഞാന്‍ മനസ്സിലാക്കി. മനസ്സില്‍ ലഡ്ഡു പൊട്ടി!!! ചിറ്റപ്പന്‍റെ ബന്ധത്തില്‍ മാവേലിക്കരയിലുള്ള കുട്ടിയാണെന്ന് പിന്നെ ആരോടോ ചോദിച്ചു മനസ്സിലാക്കി. അമ്മയോടും അച്ഛനോടും ഒപ്പം കല്യാണത്തിന് എത്തിയതാണ്. മനസ്സിരുത്തി രണ്ടുവര്‍ഷം പത്താം ക്ലാസില്‍ പഠിച്ച ശേഷം യൂണിവേഴ്സിറ്റിയെ കഷ്ട്ടപ്പെടുത്താന്‍ ഇപ്പോള്‍ പ്രീ-ഡിഗ്രി ചേര്‍ന്ന് പഠിക്കുന്നു. പേര് അമ്പിളി.


രാത്രിവൈകും വരെ പലതരം ജോലികള്‍ എല്ലാവരും ചെയ്തുകൊണ്ടിരുന്നു. പിന്നെ ഒരു ടൈംപാസ്സിനായി അന്താക്ഷരി കളി തുടങ്ങി. കുടുംബത്തിലെ ഗായകന്മാരും ഗായികകളും അവരവരുടെ കഴിവുകള്‍ തെളിയിച്ചു മുന്നേറി. എന്‍റെ പാട്ടുകേട്ടപ്പോള്‍ അമ്പിളിയുടെ മുഖം 100 വോള്‍ട്ട് ബള്‍ബു കത്തുന്നപോലെ പ്രകാശിച്ചു. കുഞ്ഞമ്മയുടെ പിറകില്‍ നിന്ന് സൂക്ഷിച്ച്, ഈ ലോകത്ത് ഞാനൊരാള്‍ മാത്രം കാണാനായി മുല്ലപ്പൂ പോലെയൊരു ചിരി എന്റെ നേര്‍ക്ക്‌ നീട്ടി.

പെണ്‍കുട്ടികള്‍ ഇങ്ങനെ കള്ളച്ചിരി ചിരിക്കാന്‍ പഠിക്കുന്നത് ഏതു ക്ലാസ്സില്‍ വച്ചാണ്? അവരുടെ കള്ളത്തരങ്ങള്‍ക്ക്‌ സുന്ദരവും മൃദുലവുമായ
സ്വാഭാവികത വരുന്നത് കൊഞ്ചലും നാണവും കലരുന്നതിലാണോ? ആണുങ്ങളുടെ മുഖത്തെ കള്ളത്തരങ്ങള്‍ക്ക്‌ ഇത്ര വശ്യഭംഗി ഇല്ലാത്തത് ഈ മീശയുടെ കറുപ്പ് നിറം കൊണ്ടാണോ? ഇങ്ങനെ കുറെ ചിന്തകള്‍ മനസ്സില്‍ മിന്നിമാഞ്ഞു.


വിജനമായ ഭൂമികയില്‍, തണുത്തരാത്രികളില്‍ ഉണര്‍ന്നിരുന്ന്, കണ്ണെത്താ ദൂരം നിറയെ സ്വര്‍ണ്ണവിളക്കുകള്‍ കൊളുത്തിവച്ച്, തിളങ്ങുന്ന കണ്ണുകളില്‍ ദീപാവലിയായി ഇരിക്കുന്ന ഇവള്‍ക്ക് വേണ്ടിയാണോ ഞാന്‍ ഇത്രനാളും എന്‍റെ മനസ്സില്‍ വാഴനാരുകൊണ്ട് മൃദുലമായ കുരുവിക്കൂട് കെട്ടി കാത്തിരുന്നത്?


കണ്ണുകള്‍ തമ്മില്‍ ഇടവേളകളില്ലാതെ കൂട്ടിമുട്ടി. പക്ഷെ ഞങ്ങളുടെ നാലുകണ്ണുകള്‍ അല്ലാതെ മറ്റു രണ്ടു കണ്ണുകള്‍ കൂടി ഈ കഥകളിയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട് എന്ന് ഞാനോ അമ്പിളിയോ സാക്ഷാല്‍ ആകാശത്തിലെ പൊന്നമ്പിളിയോ അറിഞ്ഞില്ല. ആ കണ്ണുകളുടെ ഉടമ ഭാസുരക്കുഞ്ഞമ്മ ആയിരുന്നു.

കല്യാണം ഭംഗിയായി കഴിഞ്ഞു. ഓരോ ബന്ധുക്കളായി പടിയിറങ്ങാന്‍ തിടുക്കം കൂട്ടി. അലങ്കാര വിളക്കുകള്‍ ഉറങ്ങാന്‍ തുടങ്ങി. സംസാരമഴ പെയ്തു തോര്‍ന്ന ശാന്തതയില്‍ എന്‍റെ കണ്ണുകള്‍ അവളെ തിരഞ്ഞു. അയലത്തെ വീട്ടുമുറ്റത്തേക്ക് സ്നേഹത്തിന്‍റെ കൈകള്‍ നീട്ടിനില്‍ക്കുന്ന ധാരാളിയായ മുത്തശ്ശിതേന്മാവിന് ചുവട്ടില്‍ കാതരമിഴികളോടെ മഞ്ഞ പട്ടുപാവാടയില്‍ അവള്‍!! ,. കുളിമെടച്ചിലില്‍ മുടി മെടഞ്ഞിട്ട് നെറ്റിയിലൊരു ചന്ദനകുറിയൊക്കെ തേച്ച്, സൂര്യനെതിരെ, അതിനെ വെല്ലുന്ന വെളിച്ചത്തില്‍. ‍ഞാന്‍ അടുത്തേയ്ക്ക് ചെന്നു.

"എന്നെ മറക്കുമോ?" പോയിക്കഴിഞ്ഞാല്‍?? ആ ചോദ്യം കേട്ടപ്പോള്‍ ഹൃദയത്തില്‍ ആണി തറച്ചു കേറുന്ന വേദന. പിന്നെയും അവള്‍ എന്തൊക്കെയോ പറഞ്ഞു. എനിക്കൊന്നും സംസാരിക്കാന്‍ പറ്റുന്നില്ല,(തോന്നിയില്ല). ചെവിയില്‍ മധുരത്തേന്‍ വീണു നിറഞ്ഞു കിടക്കുകയാണ്, കൂടുതല്‍ വാക്കുകള്‍ കയറി വന്നു അത് തുളുമ്പിപ്പോകരുതല്ലോ!


കണ്ണുകള്‍ നിറച്ചു പിടിച്ച് അവള്‍ അകത്തേക്ക് ഓടി, തിരികെ വന്നപ്പോള്‍ കുഞ്ഞമ്മേടെ ഇളയ മകളുടെ ഹിന്ദി കോപ്പി ബുക്കിന്‍റെ ഒരു കഷണം പേപ്പര്‍ കയ്യിലുണ്ട്. ആരും കാണുന്നില്ല എന്നുറപ്പുവരുത്തിയിട്ട് എന്‍റെ നേര്‍ക്ക്‌ നീട്ടി. ആദ്യമായി കിട്ടുന്ന പ്രേമലേഖനത്തിന്‍റെ ആവേശമോ ഷോക്കോ എന്താണെന്നറിയാതെ ഞാന്‍ യാന്ത്രികമായി കൈനീട്ടി അത് വാങ്ങിച്ചു.
"പിന്നെ വായിച്ചാല്‍ മതി, ഞാന്‍ പോകുന്നു. ഓര്‍മിക്കണേ... ", എന്ന് പറഞ്ഞു തിരിഞ്ഞ് പലതവണ നോക്കി അവള്‍ നടന്നകന്നു. അമ്മയും അച്ഛനും കാത്തു നില്‍പ്പുണ്ട്, ബസ്‌ വരാന്‍ നേരമായി. ചുവപ്പ് നിറമുള്ള ആ ബസ്സില്‍ കയറുമ്പോഴും അവള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. പൊതു വാഹനങ്ങള്‍ക്ക് ചുവപ്പ് നിറമടിക്കാന്‍ അനുവാദം കൊടുത്തത് ഏതു ബോറനാണ്? കണ്ണിനു കുളിര്‍മ നല്‍ക്കുന്ന പച്ചയോ, ആശ്വാസത്തിന്‍റെ വെളുപ്പോ ആകാമായിരുന്നില്ലേ? മനസ്സ് വേദനിക്കുന്ന ഒരാള്‍ ചുവന്ന ബസ്സില്‍ കേറിയാല്‍ എങ്ങനെ സമാധാനം കിട്ടും?

കണ്ണില്‍ നിന്നും ബസ്സ്‌ മറഞ്ഞപ്പോള്‍ ആകാംഷയുടെ മുള്‍മുനയില്‍ ആ കടലാസ്സു കഷണം ഞാന്‍ തുറന്നു.


P . അമ്പിളി, കിഴക്കേക്കര വീട്, പടപ്പനാല്‍ പി .ഓ , മാവേലിക്കര, ഐലാവിയു"..


ഇതായിരുന്നു ഉള്ളടക്കം!!! വായിച്ചെടുക്കാന്‍ വളരെ പണിപ്പെട്ടു. (ആ മലയാളം കണ്ടപ്പോള്‍ ആദ്യം തമിള്‍ ആണോ എന്ന് സംശയിച്ചു പേപ്പര്‍ തിരിച്ചു പിടിച്ചു) അവള്‍ പത്താം ക്ലാസ്സ്‌ രണ്ടുകൊല്ലം പഠിക്കാനുണ്ടായ ഒരു കാരണം എനിക്ക് മനസ്സിലായി. ഇതില്‍ അവസാനം എഴുതിയ "ഐലാവിയു" ഒരു സ്ഥലത്തിന്റെ പെരാണെന്നാണ് ആദ്യം കരുതിയത്‌. പിന്നെ സൂക്ഷ്മ നിരീക്ഷണത്തില്‍ ആണ് കാര്യം പിടികിട്ടിയത്. "ഐ ലവ് യു" എന്ന് മലയാളത്തില്‍ എഴുതാന്‍ ഒന്നാം ക്ലാസ്സിലെ കുട്ടി പോലും ആ കാലത്ത് വാശിപിടിക്കില്ല, അപ്പോളാണ് അമ്പിളി "ഐലാവിയു" എഴുതി സാഹസം കാണിച്ചത്. "ല" യ്ക്ക് ആവിശ്യമില്ലാത്ത ഒരു നീട്ടം!!

ഞാനും തിരിച്ചു വീട്ടില്‍ പോകാന്‍ റെഡി ആകാന്‍ തുടങ്ങി. കുഞ്ഞമ്മയോടു യാത്ര പറഞ്ഞു. അപ്പോള്‍ കുഞ്ഞമ്മ ഒരു ചോദ്യം

" എങ്ങോട്ടാ മോനേ ബസ്സ്‌ കേറുന്നേ? മാവേലിക്കരക്കോ അതോ തിരുവനന്തപുരത്തിനോ?" എന്തായാലും ഞാന്‍ ചേച്ചിയെ ഒന്ന് വിളിച്ചു പറയാം നീ ഇവിടുന്നു പുറപ്പെട്ടിട്ടുണ്ട് എന്ന്"!! അപ്പോഴത്തെ എന്‍റെ മുഖം വിവരിക്കാന്‍ ഈ എഴുതുതുന്ന അക്ഷരങ്ങളുടെ സഹായം പോര.


തിരിച്ചു വീട്ടിലേക്കുള്ള യാത്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരുംകാണാതെ ഞാന്‍ കട്ടെടുത്ത അവളുടെ കണ്ണിണകൊണ്ടുള്ള കടാക്ഷം വേട്ടയാടി. വഴിയരികില്‍ പതിപ്പിച്ചിരിക്കുന്ന സിനിമ പോസ്റ്റ്‌റുകളിലെ നായികയും നായകനും ഞാനും അവളുമാണെന്നു സങ്കല്‍പ്പിച്ചു. അന്ന് രാത്രി വീട്ടില്‍ കിടന്നിട്ടു ഉറക്കം വന്നതേ ഇല്ല. ടി.വി യില്‍ 'ചന്ദനച്ചോലയില്‍ മുങ്ങി നീരാടുമെന്‍ ഇളമാന്‍ കിടാവേ ഉറക്കമായോ...എന്ന പാട്ട് കേള്‍ക്കുന്നു. ‍കണ്ണുകള്‍ അറിയാതെ നിറഞ്ഞു, തുറന്നിട്ട ജന്നലിലൂടെ മാനത്ത് അമ്പിളിയെ കണ്ടപ്പോള്‍ കണ്ണുനീര്‍ ധാര ധാരയായി ഒഴുകി ഭൂമിയില്‍ വീണു ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി !!! ആ കണ്ണുനീരില്‍ നിന്നും സൂര്യനുദിച്ചു. പിന്നെയും കോളേജിന്‍റെ ലോകത്തിലേയ്ക്ക്.

കൈവിരലുകള്‍ക്കിടയിലൂടെ കാലത്തിന്‍റെ മണല്‍ത്തരികള്‍ ഉരുണ്ടുപോയി. തുറക്കാത്ത എത്രയോ പ്രണയത്തിന്‍റെ നിലവറകള്‍ മനസ്സില്‍ ബാക്കിവച്ച് കൌമാരവും കടന്നുപോയി. സമരമരത്തണലുകളും ഒളിച്ചിരിക്കാന്‍ വന്നോളൂ എന്ന് പറഞ്ഞു വിളിക്കുന്ന ചെടിപ്പടര്‍പ്പുകളും കഥപറഞ്ഞിരിക്കാന്‍ സുന്ദരമായ പൂമരത്തണലുകളും ഒരുക്കിവച്ച് യുവരക്തങ്ങളെ തിരക്കി കലാലയ മുത്തശ്ശി ഇപ്പോഴും കാത്തിരിപ്പുണ്ട്‌. ഒരുപാട് അറിവുകളുടെ ബലത്തില്‍ പ്രണയിക്കാനിറങ്ങിയിട്ടും ആരും വലയില്‍ കുടുങ്ങിയില്ല. എങ്കിലും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി, ഡിഗ്രി ക്ലാസ്സിന്‍റെ ആ ഫെയര്‍വെല്‍ ദിനം ഓര്‍മയില്‍ വരും. യാത്രപറയലിന്‍റെ സങ്കടങ്ങളില്‍ എരിഞ്ഞുതീരുന്ന സായാഹ്ന്നം. ഓട്ടോഗ്രാഫില്‍ അക്ഷരങ്ങളുടെ ആത്മബലി. ഒപ്പം പഠിച്ച പെണ്‍കുട്ടി അവളെപ്പോലെ തന്നെ ഭംഗിയുള്ള കയ്യക്ഷരത്തില്‍ ഇങ്ങനെ എഴുതി.

ഐ നെവെര്‍ വെയിറ്റ് ഫോര്‍ യുവര്‍ കാള്‍സ്സ്!

അതിനു താഴെ സ്വന്തം പേരും ഫോണ്‍ നമ്പറും!
ഇംഗ്ലീഷില്‍ എട്ടക്ഷരം മാത്രമുള്ള പേരായിരുന്നു അവളുടേത്‌, നാല് വ്യഞ്ജനം, നാല് സ്വരം. എഴുതാനും വിളിക്കാനും എളുപ്പം. എന്നിട്ടും സ്വന്തം പേര് അന്നവള്‍ എഴുതിതന്നപ്പോള്‍ ഒരക്ഷരം തെറ്റി. സ്വന്തം പേരെഴുതി തെറ്റിക്കുമോ എന്ന് ചോദിച്ചപ്പോള്‍ തിരുത്താന്‍ തയാറാകാതെ അവള്‍ പറഞ്ഞത് " അത് നിനക്കായി ഞാന്‍ മന:പൂര്‍വ്വം വരുത്തിയതാണ്" എന്നായിരുന്നു.


നീണ്ട ഉപജീവനയാത്രയില്‍ ചെന്നൈ, ബഹ്‌റൈന്‍, കുവൈറ്റ്‌ എന്നിവടങ്ങളിലേക്ക് ജീവിതം പലപ്പോഴും എടുത്തെറിയപ്പെട്ടു.

ആരോ മറന്നുവച്ച ഒരു കരച്ചില്‍ പോലെ 2003 ജൂണിലെ മഴ പെയ്ത പ്രഭാതം. അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ എന്നെ കൂട്ടി ഒരു ബന്ധുവീട്ടിലെ ഏതോ ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മ പോയി. അവിടെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പഴയ അമ്പിളി, കയ്യില്‍ ഒരു കുട്ടിയും ഉണ്ട്. തോളത്തു കയ്യിട്ടുകൊണ്ട് ഒരു ബലിഷ്ടമായ കൈ, അവളുടെ ഭര്‍ത്താവ്.

കുസൃതിക്കുടുക്കയായ ഈ കാലം എന്തൊക്കെ കാഴ്ചകളാണ് ഒരുക്കി കാത്തിരിക്കുന്നത്!!!

53 comments:

  1. കുസൃതിക്കുടുക്കയായ ഈ കാലം എന്തൊക്കെ കാഴ്ചകളാണ് ഒരുക്കി കാത്തിരിക്കുന്നത്!!!

    athe enthokkeyo iniyumund namukkaayi orukkiyirikkunnath.

    aa oru kaalam ,madhurapathinezhinte manohaaritha appozhathe oru manasikavastha sathyathil inganeyokke thanneyaanutto.ethra bhangiyaayi ezhuthiyirikkunnu.
    nannaayirikkunnutto.

    ReplyDelete
  2. Nannayittund.. Pranayathinte divasangalilekku manasu veendum ooliyittu poyi.. :D
    http://www.kannurpassenger.blogspot.in/

    ReplyDelete
  3. പെണ്‍കുട്ടികള്‍ ഇങ്ങനെ കള്ളച്ചിരി ചിരിക്കാന്‍ പഠിക്കുന്നത് ഏതു ക്ലാസ്സില്‍ വച്ചാണ്? അവരുടെ കള്ളത്തരങ്ങള്‍ക്ക്‌ സുന്ദരവും മൃദുലവുമായ
    സ്വാഭാവികത വരുന്നത് കൊഞ്ചലും നാണവും കലരുന്നതിലാണോ? ആണുങ്ങളുടെ മുഖത്തെ കള്ളത്തരങ്ങള്‍ക്ക്‌ ഇത്ര വശ്യഭംഗി ഇല്ലാത്തത് ഈ മീശയുടെ കറുപ്പ് നിറം കൊണ്ടാണോ?

    ഒരുപാട് ഇഷ്ടായി എഴുത്ത് ..നന്ദി

    ReplyDelete
  4. നമ്പീശന്‍റെ ആയുര്‍വേദ വൈദ്യശാലയിലെ ഒരു മരുന്നിനും എന്‍റെ ഈ രോഗത്തെ ശമിപ്പിക്കാന്‍ കഴിയില്ല അമ്മേ എന്ന് ഒരു ആത്മഗതം ഉയരും അപ്പോള്‍.

    രസകരമായ്‌ എഴുതിയിരിക്കുന്നു മനു...
    ചാറ്റല്‍ മഴ പോലെ ഈ പ്രണയവും ഓര്‍മകളും.......
    ഇനിയും വായിക്കാം.
    ഭാവുകങ്ങള്‍...

    ReplyDelete
  5. വ്യതസ്തമായ വായന അനുഭവം തന്നെ ആയിരുന്നു .. ഒത്തിരി ഇഷ്ട്ടപെട്ടു .. ഇനിയും എഴുതുക ...

    മനു ഭായി .. ബ്ലോഗ്‌ പൂട്ടി സീല്‍ ഒന്നും വച്ചേക്കല്ലേ.. വീണ്ടും വരാം .. സ്നേഹാശംസകളോടെ .. സസ്നേഹം ...

    ReplyDelete
    Replies
    1. പൂട്ടുമെന്ന് വെറുതെ ഭീഷണി മുഴക്കിയതാ ആഷ്, തക്കസമയത്ത് വന്ന് കമന്റ്‌ ഇട്ടല്ലോ!! സന്തോഷം

      Delete
  6. നല്ല ഒഴുക്കായി, ജീവിതഗന്ധിയായിത്തന്നെ വിവരിച്ചിരിക്കുന്നു. വായിക്കുമ്പോൾ പണ്ടത്തെ ഓർമ്മകളിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാനും. ഏതു നല്ല ജീവിതത്തിലാണ് നമ്മളെങ്കിലും, ആ ഒരു സ്നേഹമനസ്സിന്റെ നഷ്ടബോധം ഒരു പോറലായിത്തന്നെ മനസ്സിൽ കിടക്കും. നല്ല ഹൃദയഹാരിയായ എഴുത്ത്. തുടർന്നും തീർച്ചയായും എഴുതുക. ഈ ബ്ലോഗ് മറ്റുള്ളവരിൽ ഞാനും എത്തിക്കാൻ ശ്രമിക്കാം. അനുമോദനങ്ങൾ....(ഈ വിഷയംതന്നെ ഞാനും കവിതയിലെഴുതിയതിനാൽ മനസ്സിൽ തട്ടി ‘എന്റെ ലക്ഷ്മിക്ക്..’). വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കുന്നതാണ് നല്ലത്.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട വി എ ,

      മനസ്സൊഴുകും വഴി വന്നതിലെ സന്തോഷം അറിയിക്കുന്നു. കൂടാതെ പ്രോത്സാഹനത്തിനു ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി..

      മനു..

      Delete
  7. മനൂ..
    എഴുത്തിന്‍റെ ഗ്രാഫ് കുത്തനെ ഉയരുന്നത് കണ്ട് സന്തോഷിക്കുന്നു. മനോഹരമായി പറഞ്ഞ ഈ പതിനേഴിന്‍റെ പ്രണയത്തില്‍ ഓരോ വരിയിലും ആ കാലത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. രസച്ചരട് പൊട്ടാതെ എഴുതിയെങ്കിലും എനിക്കേറെ ഇഷ്ടമായത് ഈ കഥയില്‍ മൂന്നിടത്ത് മനു മഴയെ മൂന്നു ഭാവത്തില്‍
    പരിചയപ്പെടുത്തിയ രീതിയാണ്.
    നന്ദി..ഇനിയും എഴുത്ത് നല്ല നല്ല കഥകള്‍.
    ശാലിനി.

    ReplyDelete
  8. മനൂ,വളരെ സുന്ദരമായി എഴുതി. എഴുത്തിന്റെ മായാജാലം മനുവിനു സ്വന്തം.
    നന്നേ ഇഷ്ടമായി.

    ReplyDelete
  9. പഴയ ഓര്‍മ്മകളിലൂടെ ഒരു യാത്ര നടത്തി അല്ലേ മനൂ.
    ഇഷ്ടങ്ങളുടെ കിളിക്കൂടുകളില്‍ പരതി നോക്കുമ്പോള്‍ ഓര്‍മ്മയിലെ നിറമുള്ള ചില അദ്ധ്യായങ്ങള്‍ കിട്ടും. ഇതു പോലെയുള്ളത്. ആ ഓര്‍മ്മകളെ രസകരമായി പറഞ്ഞിട്ടുണ്ട് ഇതില്‍.
    അമ്പിളിയുടെ ആ മലയാളം സാഹസം ചിരിപ്പിച്ചു. ഒരു സിനിമയില്‍ കെ പി എ സി ലളിതയുടെ എഴുത്ത് ഇന്നസെന്റ് വായിക്കുന്നത് ഓര്‍മ്മ വന്നു.
    ഓര്‍മ്മക്കൂട്ടുകളിലെ ഇത്തരം അനുഭവങ്ങള്‍ ഇനിയും എഴുതുക.
    നല്ല വായനക്ക് നന്ദി

    ReplyDelete
  10. ഒരു ആദ്യാനുരാഗത്തിന്റെഓര്‍മയ്ക്ക് ,അതും ഒരു ദിവസം ആയുസ്സുള്ള പ്രണയം .അമ്പിളി ഒരു വിളഞ്ഞവിത്താണല്ലോ .നല്ല രചന ,ശൈലി .അവതരണം .കൊള്ളാം .ഇഷ്ടപ്പെട്ടു .ആശംസകള്‍ .

    ReplyDelete
  11. മനു...

    ഭൂമിയില്‍ ‍ കാലുറപ്പിച്ചു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ആണ് മനുവിന്റെ കഥകളില്‍ എപ്പോഴും. കണ്ടറിഞ്ഞ, അനുഭവിച്ച നിമിഷങ്ങളെ, ജീവിതത്തെ ചായം പുരട്ടി പുറത്തെടുക്കുന്ന കഥകള്‍. അതുകൊണ്ട് തന്നെ വായിച്ചു തീര്‍ന്നാലും അതിലെ ഓരോ charactersum മനസ്സില്‍ മറക്കാതെ നില്‍ക്കുന്നു. മുഴുവന്‍ എഴുതി തീരാത്ത ചില കഥകള്‍ ഉണ്ടല്ലോ.വാക്കും, മനസ്സിന്‍റെ താളവും സംഗീതവും പിഴക്കാതെ കാക്കണേയെന്നു എന്നും അപേക്ഷിക്കുന്ന ദേവിയെ കാണാന്‍.പുറപ്പെട്ട ഒരു യാത്ര. അത് പകുതി വഴിയില്‍ മുടങ്ങി നില്‍ക്കുകയാണല്ലോ?​.....മടി കൂടാതെ അത് കൂടി മുഴുവനാക്കു...

    ദേവുസ്.

    ReplyDelete
    Replies
    1. സമയം പോലെ ബാക്കി വച്ചതൊക്കെ എഴുതി തീർക്കാം ദേവി, ഭൂമിയിൽ കാലുറപ്പിച്ചു നില്ക്കുന്ന ആളുകളെ ആണ് എനിക്കിഷ്ടം, ജീവിതത്തോട് ചേർന്ന് കിടക്കണം, അതി ഭാവുകത്വം ഇല്ലാതെ.........
      അഭിപ്രായം അറിയിച്ചതില്‍ ഒരുപാട് സന്തോഷം,

      സ്നേഹത്തോടെ മനു.
      --

      Delete
  12. ഒരു ക്ലിക്കില്‍ വന്നു വീണതാണീ
    പ്രണയം പൂക്കുന്ന മിത്രത്തിന്‍ വരികളില്‍ ....!

    "കള്ളച്ചിരിയോടെ പുറത്തുപെയ്യുന്ന
    മഴയിലേയ്ക്ക് കൈനീട്ടി നനയിച്ചുകൊണ്ട് അവന്‍ പറഞ്ഞു :
    കൂടുകളെല്ലാം ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നു,
    വരാനിരിക്കുന്ന ദേശാടനക്കിളികളെ കാത്തിരിക്കുകയാണ് ഞാന്‍"

    "വിജനമായ ഭൂമികയില്‍, തണുത്തരാത്രികളില്‍ ഉണര്‍ന്നിരുന്ന്,
    കണ്ണെത്താ ദൂരം നിറയെ സ്വര്‍ണ്ണവിളക്കുകള്‍ കൊളുത്തിവച്ച്,
    തിളങ്ങുന്ന കണ്ണുകളില്‍ ദീപാവലിയായി ഇരിക്കുന്ന ഇവള്‍ക്ക്
    വേണ്ടിയാണോ ഞാന്‍ ഇത്രനാളും എന്‍റെ മനസ്സില്‍
    വാഴനാരുകൊണ്ട് മൃദുലമായ കുരുവിക്കൂട് കെട്ടി കാത്തിരുന്നത്? "

    ഈ വരികള്‍ പ്രണയിക്കാന്‍ പ്രേരണ നല്‍കുന്നല്ലൊ മനു ..
    പഴയ കാലത്തിലേക്ക് , കലാലയത്തിന്റെ തുടിപ്പിലേക്ക്
    മനസ്സിനേ മടക്കി കൊണ്ടു പൊകുന്നുണ്ട് ..
    നാല് പെണ്‍ കുട്ടികള്‍ കൂടുന്നിടത്ത് പൊകുവാന്‍
    പറ്റാത്ത എന്തൊ ഒരിത് .. പിന്നെ കണ്ണുകള്‍ കൊരുത്താലും
    എടുക്കാത്ത ഉറപ്പിലേക്ക് നയിക്കുന്നത് , നയിച്ചത് ആ
    കലാലയ വാസം തന്നെയാണ്...
    നമ്മുടെ ഉള്ളിലേ അര്‍ദ്രഭാവം മുന്നിലെ സിനിമാ പോസ്റ്ററിലൂടെ
    ജീവന്‍ വയ്ക്കുന്നതിലൊക്കെ ഒരു നന്മയുള്ള പ്രണയാദ്രഭാവം
    ഉണ്ടായിരുന്നു അല്ലെ .. ഇന്നതൊക്കെ , അങ്ങനെയുള്ള
    ചിന്തകളൊക്കെ ഇപ്പൊഴത്തെ കമിതാക്കള്‍ക്ക് ഉണ്ടൊ ആവോ ..
    പതിയെ പതിയെ മനസ്സിലേക്ക് നല്ല വരികള്‍
    കൊണ്ട് ചേക്കേറുന്നുണ്ട് ...
    ആന്തരികമായ ചിലതിന്റെ ഒത്തുചേരലായിരുന്നു അന്നിന്റെ
    ഇഷ്ടമൊക്കെ , ഇന്ന് അത് ബാഹ്യമായ ചിലതൊക്കെ നോക്കി
    അതൊക്കെ ഇഷ്ടപെട്ടിട്ടാണ് മുന്നൊട്ട് പൊകണോ വേണ്ടയൊ എന്ന്
    തീരുമാനിക്കുന്നതു തന്നെ ..
    പ്രണയാദ്ര വരികള്‍ക്കായീ വീണ്ടും കാത്തിരിക്കുന്നു
    നല്ലൊരു രാത്രി സമ്മാനിക്കുന്നു .. സഖേ ..
    സ്നേഹപൂര്‍വം... റിനി ..

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതില്‍ സന്തോഷം സുഹൃത്തേ...

      Delete
  13. പണ്ട് നടന്ന വഴികളിലേക്കൊരു തിരിഞ്ഞുനോട്ടം പലപ്പോഴും നമുക്കൊരു ചിരിയാണ് സമ്മാനിക്കുക..കണ്ടു മറന്നു തുടങ്ങിയ പല മുഖങ്ങളും പിന്നീട് പലപ്പോഴും യാദൃശികമായി മുന്നിലെത്തുമ്പോള്‍ ഓര്‍മകള്‍ക്ക് ഏതൊക്കെ ഭാവമാണ് വന്നുചേരുന്നത് !!

    "കുസൃതിക്കുടുക്കയായ ഈ കാലം എന്തൊക്കെ കാഴ്ചകളാണ് ഒരുക്കി കാത്തിരിക്കുന്നത്! "
    ലളിതമായ വാക്കുകളിലൂടെ എത്ര രസകരമായാണ് മനു എഴുതിയിരിക്കുന്നത് ..
    ആശംസകള്‍ !

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..

      Delete
  14. മനസ്സൊഴുകിയ ഈ വഴി ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. മനസ്സൊഴുകും വഴിയില്‍ വന്നതിലും അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..

      Delete
  15. ഹായ്,എത്ര ഭംഗീലാ എഴുതിയിരിക്കുന്നത്. മനുച്ചേട്ടന്‍ ഇത്രയ്ക്ക് വലിയ പുലിയാണെന്നരിഞ്ഞില്ലാട്ടോ.
    ഇനിയും വരാമേ.

    ReplyDelete
    Replies
    1. മനസ്സൊഴുകും വഴിയില്‍ വന്നതിലും അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..
      ഇനിയും വരണം!!

      Delete
  16. ഇഷ്ടപ്പെട്ടു. ആശംസകള്‍.. എന്നാലും അവള്‍ അഡ്രസ്‌ തന്നിട്ടും, വീണ്ടും കണ്ടുമുട്ടാന്‍ ശ്രമിച്ചില്ലല്ലോ.. അത് വലിയ തെണ്ടിത്തരമായിപ്പോയി.

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..

      Delete
  17. നല്ല രസം വായിക്കാൻ ട്ടോ. പഴയ, സുഖമുള്ള ഓർമ്മകൾ ഉറങ്ങുന്ന, കല്യാണ വീടുകളിലൂടെയൊക്കെ ഒരോട്ട പ്രദക്ഷിണം നടത്തി. നല്ല രസകരമായിട്ടുണ്ട്, അതോടൊപ്പം ഒറിജിനാലിറ്റിയുടെ ഒരു നോവുമുണ്ട്. ആശംസകൾ.

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..

      Delete
  18. നന്നായിരിക്കുന്നു ..നല്ലോണം രസിച്ചു വായിച്ചു .
    ആശംസകള്‍
    Saranya
    http://nicesaranya.blogspot.com/
    http://foodandtaste.blogspot.com/

    ReplyDelete
  19. ഗതകാല സ്മരണകളിൽ എന്റെ മനസും കൂപ്പ് കുത്തിവീണു...ഞാനും ഭൂതകാൽത്തില്ലേക്ക് തിരിച്ചിറങ്ങി.തിരുവനന്തപുരം നഗരത്തിലെ കോളേജിൽ തന്നെയാ ഞാനും പഠിച്ചത്..........കാമുകിയായിട്ടല്ലാ ഭാര്യയായിട്ട് എന്റെ ജീവിതത്തിൽ കടന്ന് വന്ന വാമഭാഗത്തിന്റെ പേരും അമ്പിളി എന്ന് തന്നെയാണു ..അക്ഷരത്തെറ്റില്ലാതെ വടിവൊത്ത അക്കരത്തിൽ എഴുതുന്ന ഒരു എം.എ.ക്കാരി...മുറപ്പെണ്ണുമാണു.... കസ്മിക്കാണം ഞാനീക്കഥയിൽ ലയിച്ചുപോയി അതുകൊണ്ടാ ഇത്രയും...ഇനി താങ്കളുടെ എഴുത്തിനെപ്പറ്റി...ബ്ലോദെഴുത്തിൽ അപൂർവ്വമായി കണ്ട് കിട്ടുന്ന ചാരുത..വരികളീലൂടെ നമ്മെ നടത്തിക്കൊണ്ട് പോകുന്ന രചനാരീതി..' പറന്നു പോകുന്ന കാക്കയെ പോലും ക്യുട്ടിക്കൂറ പൌഡര്‍ ഇട്ടു പ്രണയിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കൌമാരത്തിന്‍റെ തെന്നിത്തെറിക്കുന്ന മനസ്സ്.....തുടങ്ങിയ നല്ല ചിന്തകൾ വരികൾ ഓരോന്നും എടുത്തെഴുതുന്നില്ലാ...താങ്കളിൽ നല്ലൊരു എഴുത്തുകാരനുണ്ട്...ആ എഴുത്തുകാരനു എന്റെ പ്രണാമം..പിന്നെ എന്നെ ഇവിടെക്കെത്തിച്ച് കണ്ണൂരാനും വളരെ നന്ദി..ഞാൻ വീണ്ടും വരാം...താങ്കൾക്ക് എല്ലാ നന്മകളും...

    ReplyDelete
    Replies
    1. സന്തോഷമുണ്ട് വായിച്ചഭിപ്രായം അറിയിച്ചതില്‍.
      സ്നേഹത്തോടെ മനു.

      Delete
  20. ഡാ മനൂ മുത്തേ, തനിക്കെന്തിനാ നൂറു കമന്റു! റിനി ഭായീടെ ഒറ്റക്കമന്റ്റ് മാത്രം പോരെ?
    നിന്റെയെഴുത്ത് വല്ലാത്തൊരു ഫീലിങ്ങാണ് തന്നത്. സത്യം പറഞ്ഞാല്‍ മുതുകത്ത് കിട്ടിയൊരു അടിപോലെയായി. നിന്റെ ഈ എഴുത്തൊക്കെ നിനക്ക് കൂടുതല്‍ പേരിലേക്ക് എത്തിച്ചാലെന്താ? പടച്ചോന്‍ വാരിക്കോരി തന്നിട്ടുണ്ടല്ലോ സാഹിത്യം?

    പോസ്റ്റ്‌ ഇട്ടാല്‍ മെയില്‍ വിടാന്‍ മറക്കല്ലേ.
    kannooraan2010@gmail.com

    ReplyDelete
    Replies
    1. കണ്ണൂരാന്‍ സന്തോഷം ഉണ്ട് കേട്ടോ അഭിപ്രായം പറഞ്ഞതില്‍

      Delete
  21. മനുവേട്ടാ,
    ഞാന്‍ ഒത്തിരി വൈകിപ്പോയി. തിരക്കായിരുന്നു.
    ഐ നെവെര്‍ വെയിറ്റ് ഫോര്‍ യുവര്‍ കാള്‍സ്!! അത് ചുമ്മാ പറഞ്ഞതാവും ലെ? നിനക്കായി മനപൂര്‍വം തെറ്റ് വരുത്തീട്ടും വെയിറ്റ് ചെയ്യാതിരിക്കാന്‍ പറ്റുമോ? :)
    ഒരുപാട് ഇഷ്ടായി ഈ എഴുത്ത്,
    കുസൃതിക്കുടുക്കയായ കാലം ഇനിയും എന്തൊക്കെ കാഴ്ചകളാവും കരുതിവെച്ചിരിക്കുന്നത്!! ഇഷ്ടങ്ങളുടെ കുരുവിക്കൂടുകള്‍ നിറയെ ബഹളം കൂട്ടുന്ന കുരുവിക്കുഞ്ഞുങ്ങള്‍ ഇനിയും ഉണ്ടാവും അല്ലെ?
    ആശംസകള്‍.
    - സ്നേഹപൂര്‍വ്വം അവന്തിക

    ReplyDelete
    Replies
    1. കുരുവിക്കൂട് ഇപ്പോഴും നിറഞ്ഞു തന്നെ ഇരിക്കട്ടെ അല്ലെ?

      Delete
  22. ഓര്‍മ്മക്കുറിപ്പ്‌ വായിക്കുമ്പോള്‍ കിട്ടുന്ന നിര്‍വൃതി ഒന്ന് വേറെ തന്നെയാണ് നന്നായി എഴുതി കേട്ടോ കൌമാരകാരന്റെ എല്ലാ മാനസിക ഭാവങ്ങളും അക്ഷരങ്ങളിലേക്ക് പകര്‍ത്തി ഇനിയും എഴുതുക

    ReplyDelete
    Replies
    1. ശ്രമിക്കാം സുഹൃത്തേ..സന്തോഷം ഉണ്ട് അഭിപ്രായം പറഞ്ഞതില്‍.

      Delete
  23. മനു,ഞാനിത്തിരി വൈകിപ്പോയി.നന്നായിരിക്കുനെടോ തന്റെ കുരുവികൂടുകള്‍.എന്തായാലും അമ്പിളിക്ക് ഒരു സലുട്ട് :D..ആശംസകളോടെ

    ReplyDelete
    Replies
    1. അമ്പിളീ കീ ജയ്‌!
      സന്തോഷം ഉണ്ട് കേട്ടോ ..അമ്പിളിയെ സപ്പോര്‍ട്ട് ചെയ്തതില്‍ .

      മനു

      Delete
  24. നന്നായിരിക്കുന്നു നാട്ടാരാ കലാലയസ്മരണകൾ...ഓർമ്മിക്കുവാൻ കുറെ തൂവലുകൾ ബാക്കിയാക്കി ദേശാടനക്കിളികളായി പറന്നകലാൻ വിധിക്കപ്പെട്ട മനുഷ്യമനസ്സുകൾ...കാലം കാത്തുവയ്ക്കുന്ന അത്ഭുതങ്ങൾക്ക് കാതോർത്ത് നടക്കുക തന്നെ...കണ്ടുമറന്ന മുഖങ്ങളെ പുതിയ ഭാവത്തിലും രൂപത്തിലും മുന്നിലെത്തിക്കും കാലം....ചിലത് സന്തോഷമെങ്കിൽ മറ്റു ചിലത് കണ്ണീരാവും തരിക...പതിവു വശ്യമനോഹരശൈലിയിൽ ഒരു പോസ്റ്റ് കൂടെ...

    ((( അപ്പോഴേ നാട്ടാ‍രാ‍ എത്ര അടി ആകെമൊത്തം ടോട്ടൽ കിട്ടിയിട്ടുണ്ട്..ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഞാനോടീ.... )))

    ReplyDelete
    Replies
    1. നാട്ടുകാരീ..
      വായിച്ചു നല്ല വാക്ക് പറഞ്ഞതില്‍ സന്തോഷം..അടി കിട്ടിയ കഥ ഇനി ഒരു ബ്ലോഗ്ഗില്‍ ആക്കാം..എണ്ണം അപ്പോള്‍ കൃത്യായി എഴുതാം.

      മനു..

      Delete
  25. പെണ്‍കുട്ടികള്‍ ഇങ്ങനെ കള്ളച്ചിരി ചിരിക്കാന്‍ പഠിക്കുന്നത് ഏതു ക്ലാസ്സില്‍ വച്ചാണ്? അവരുടെ കള്ളത്തരങ്ങള്‍ക്ക്‌ സുന്ദരവും മൃദുലവുമായ
    സ്വാഭാവികത വരുന്നത് കൊഞ്ചലും നാണവും കലരുന്നതിലാണോ? ആണുങ്ങളുടെ മുഖത്തെ കള്ളത്തരങ്ങള്‍ക്ക്‌ ഇത്ര വശ്യഭംഗി ഇല്ലാത്തത് ഈ മീശയുടെ കറുപ്പ് നിറം കൊണ്ടാണോ? ഇങ്ങനെ കുറെ ചിന്തകള്‍ മനസ്സില്‍ മിന്നിമാഞ്ഞു.
    വിജനമായ ഭൂമികയില്‍, തണുത്തരാത്രികളില്‍ ഉണര്‍ന്നിരുന്ന്, കണ്ണെത്താ ദൂരം നിറയെ സ്വര്‍ണ്ണവിളക്കുകള്‍ കൊളുത്തിവച്ച്, തിളങ്ങുന്ന കണ്ണുകളില്‍ ദീപാവലിയായി ഇരിക്കുന്ന ഇവള്‍ക്ക് വേണ്ടിയാണോ ഞാന്‍ ഇത്രനാളും എന്‍റെ മനസ്സില്‍ വാഴനാരുകൊണ്ട് മൃദുലമായ കുരുവിക്കൂട് കെട്ടി കാത്തിരുന്നത്? .....

    ന്നല്ല രസമുള്ള ചിന്തകള്‍....
    വായനാസുഖമുള്ള രചന...
    ഇഷ്ടായി....
    ആശംസകളും ഒപ്പം ദേവപ്രിയയിലെ സന്ദര്‍ശനത്തിനു നന്ദിയും...

    ReplyDelete
    Replies
    1. ടീച്ചര്‍,
      മനസ്സോഴുകും വഴി വന്നതിലെ സന്തോഷം അറിയിക്കുന്നു.
      സ്നേഹത്തോടെ മനു.

      Delete
  26. Replies
    1. മനസ്സോഴുകും വഴി വന്നതിലെ സന്തോഷം അറിയിക്കുന്നു.
      സ്നേഹത്തോടെ മനു.
      Delete

      Delete
  27. നന്നായിട്ടുണ്ട്..ഒരുപാട് ഇഷ്ടപ്പെട്ടു.ഇരുത്തി വായിപ്പിക്കുന്ന അവതരണം ആണ്..കണ്ഗ്രാട്സ്..!

    ReplyDelete
    Replies
    1. മനസ്സോഴുകും വഴി വന്നതിലെ സന്തോഷം അറിയിക്കുന്നു.
      സ്നേഹത്തോടെ മനു.
      Delete

      Delete
  28. ഓര്‍മ്മക്കുറിപ്പ്‌ വായിക്കുമ്പോള്‍ കിട്ടുന്ന നിര്‍വൃതി ഒന്ന് വേറെ തന്നെയാണ് നന്നായി എഴുതി കേട്ടോ കൌമാരകാരന്റെ എല്ലാ മാനസിക ഭാവങ്ങളും അക്ഷരങ്ങളിലേക്ക് പകര്‍ത്തി ഇനിയും എഴുതുക ഇഷ്ടായി ആശംസകള്‍..



    ReplyDelete
  29. നന്ദി പ്രിയരെ........
    സ്നേഹത്തോടെ മനു..........

    ReplyDelete