Wednesday, December 14, 2011

പനിനീര് പെയ്ത വഴിയിലൂടെ.........

സന്ധ്യക്ക്‌ ഒരു പ്രത്യേക സൌന്ദര്യം!!  കടല്‍ക്കരയില്‍ ഒറ്റക്കിരുന്നപ്പോള്‍ മനസ്സില്‍ പലതരം ചിന്തകള്‍  കടന്നു വന്നു. പൊന്മണലിലേക്ക്  പവിഴം വാരി ചിതറും പോലെ  തിരകള്‍. കണ്ണുകള്‍ അടച്ചു മനസ്സ് ശാന്തമാക്കി ഇരുന്നു കുറച്ചുനേരം. ഈ  തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ്, അല്ലെങ്കില്‍ ഒരു ഇടവേള എടുത്ത് ഒരു യാത്ര പോകണം. വരണ്ടുണങ്ങാന്‍ തുടങ്ങുന്ന  ചിന്തയ്ക്കും ജീര്‍ണ്ണിച്ചു തുടങ്ങിയ ബോധത്തെയും പുതിയ ഊര്‍ജ്ജം കൊണ്ട് നനച്ചു ശുദ്ധിവരുത്താന്‍, ഒരു പുത്തന്‍ ഉണര്‍വേകാന്‍ ഒരു യാത്ര. എങ്ങോട്ടാണ് പോകേണ്ടത്??  അത്  മാത്രം നിശ്ചയമില്ല. സന്തോഷത്തിന്‍റെ തിരയിളക്കമായാലും സങ്കടത്തിന്‍റെ പെയ്തൊഴിയലായാലും കടല്‍ എപ്പോഴും എനിക്കൊപ്പം ഉണ്ടാകും..അങ്ങ് ദൂരെ അസ്തമയ സൂര്യന്‍ സ്വര്‍ണ്ണ തിരയായ്‌ അലിഞ്ഞലിഞ്ഞു കടലില്‍ ചേരുന്നപോലെ തോന്നീ. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഞാന്‍ കടല്‍ക്കരയിലായിരുന്നു. ഉദയവും സായാഹ്നവുമൊക്കെ കടലിന്റെ വിസ്തൃതിയില്‍ കണ്ടു.  കടലിനോടുള്ള വിസ്മയം ഒരിക്കലും വിട്ടുമാറുന്നതല്ല. ഓരോ പ്രാവശ്യവും കടല്‍ കാണുമ്പോള്‍ ആദ്യമായി  കാണുന്ന ആവേശത്തോടെ തിരമാലകളെ വിടര്‍ന്ന കണ്ണുകളോടെ നോക്കി. . അവിടെ ഉണ്ടാരുന്ന കുട്ടികള്‍ പതിവുപോലെ അവരുടെ പേരുകളെഴുതാനും തിരവരുമ്പോള്‍ കാല്‍പ്പാദം നനച്ച് ഓടിമാറാനും ശ്രമിച്ചു.ഇന്ന് വെള്ളിയാഴ്ച, ലളിതാസഹസ്രനാമം  വായിക്കണം. ചിന്തയില്‍ ഒരു ദേവീസ്തുതി വന്നു. അക്ഷരവും,  വാക്കും, മനസ്സിന്‍റെ താളവും  സംഗീതവും പിഴക്കാതെ   കാക്കണേയെന്നു ഞാന്‍ എന്നും അപേക്ഷിക്കുന്ന ദേവിയെ കാണാന്‍ ആകട്ടെ ഒരു യാത്ര എന്ന് ഉറപ്പിച്ചു. ആശകള്‍ക്കു തളിരെടുക്കുന്ന, ശാന്തിയുടെ ഉദാത്തകേന്ദ്രമായ ശ്രീ മൂകാംബികദേവീ സന്നിധിയിലേക്ക് പോകാം. നല്ല കാര്യങ്ങള്‍ വച്ച് താമസിപ്പിക്കുന്നത് നന്നല്ല, അപ്പോള്‍ തന്നെ ഓഫീസ്സ് ട്രാവെല്‍ കോഡിനേടെര്‍  രേണുകയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു..മംഗലാപുരത്തേക്ക്‌ !!  കടലിന്‍റെ  സാന്ത്വനമാണ് ഈ തീരുമാനം എന്ന് തോന്നീ.. . 

എന്തൊക്കെയോ എഴുതണം എന്ന് കരുതി മനസ്സില്‍ ഒരുക്കിവച്ചിരുന്ന നിറക്കൂട്ടുകള്‍ എല്ലാം വ്യക്തതയില്ലാത്ത ഏതോ കോണില്‍ ഒളിച്ചിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഒന്നും എഴുതാന്‍ കഴിയാതെ ഞാന്‍ എനിക്ക് പ്രിയപ്പെട്ട അക്ഷരങ്ങളെ മനസ്സിന്‍റെ  ഉഷ്വനങ്ങളില്‍ പരതുകയാണ്. വാക്കുകളുടെ കൊടുംകാട്ടില്‍ പൂര്‍ത്തിയാക്കാതെ ഒറ്റപ്പെട്ടുപോയ ഒരു കവിതയെ പോലെ, എനിക്ക് പരിചിതമായ അക്ഷരങ്ങള്‍പോലും എന്നെ തിരിച്ചറിയാതെ മാറി നില്‍ക്കുന്നു!! അരുതാത്തതെന്തോ ചെയ്തുപോയ പോലെ ചില കുറ്റബോധം, കാരണമില്ലാത്ത ഭയം, എല്ലാവരോടും വെറുതെ ദേഷ്യം, ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞു പഠിപ്പിച്ച മനസ്സുമായി സ്വയം സൃഷ്‌ടിച്ച തിരക്കുകളില്‍ അലയുകയായിരുന്നു. ഒരു മാറ്റം വേണമെന്ന് എന്‍റെ ആത്മാവ് ശരീരത്തോട് പറയുന്നപോലെ ഒരു തോന്നല്‍. ഇനിയും പുറം തൂവലുകളില്‍ മാത്രം നിന്നെ കണ്ടെടുക്കാന്‍ ശ്രമിക്കാതെ, നിന്നിലെ എന്നെ നീ തിരിച്ചറിയൂ എന്ന് എന്റെ ആത്മാവ് എന്നോട് മന്ത്രിക്കുന്നു..   എരിയുന്ന നെഞ്ചിലെ തീയയ്ക്കാന്‍ `സ്വയം തുന്നി മിനിക്കിത്തേച്ച കമ്പിളിയുമെടുത്തു കുടജാദ്രിമലയിലെ മേഘത്തണുപ്പിലേക്ക്‌ ഒരു യാത്ര. 


സന്ധ്യ കനക്കാന്‍ തുടങ്ങി. കടല്‍ക്കര വിജനമാകാന്‍ തുടങ്ങി. സ്വപ്നങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ മണലില്‍ നിന്നുമെഴുന്നേറ്റ് തിരികേ ഫ്ലാറ്റിലേക്ക് നടന്നു ഇപ്പോള്‍ പകലിന്റെ ദൈര്‍ഖ്യം കുറവാണ്. കുളിയും പ്രാര്‍ഥനയും  കഴിഞ്ഞു യാത്രയെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോള്‍   ഫോണ്‍ ശബ്ദിച്ചു..  അവളുടെ സന്ദേശം!!  ""കെട്ടിനിറുത്തിയ എന്‍റെ സ്നേഹം പരന്നൊഴുകുന്നു, നീയെന്ന സമുദ്രത്തില്‍ അലിഞ്ഞു ചേരാന്‍"". വായിച്ചപ്പോള്‍ വിളിക്കാന്‍ തോന്നീ..പകലിന്റെ വ്യഗ്രതയില്‍ നിന്ന് രാത്രിയുടെ നീല വിസ്മയങ്ങളിലേക്ക് സ്വപ്നങ്ങള്‍ നീളാന്‍ തുടങ്ങുമ്പോള്‍, ആത്മാവിന്റെ തൃഷ്ണകളെ അവളിലേക്ക് മേയാന്‍ വിടാന്‍ എനിക്കിഷ്ടമാണ്!!! 

യാത്രയെക്കുറിച്ച് പറഞ്ഞു അവളോട്‌.

"ഈ തിരക്കില്‍ നിന്നെല്ലാം കുറച്ചു ദിവസങ്ങള്‍ മാറിനിന്നു ഇതുവരെയുള്ള ജീവിതചര്യകള്‍ക്ക് പരിചിതമല്ലാത്ത ഒരു വഴിയിലൂടെ കുറച്ചുനാള്‍ സഞ്ചരിച്ചു നോക്കാന്‍ ഒരാഗ്രഹം .
  ഒരു പുണ്യ സ്ഥലം ആകുമ്പോള്‍ അവിടെ പലതരം ആളുകള്‍ ഉണ്ടാകുമല്ലോ. ജീവിതം നല്‌കിയ ഏകാന്തതയുമായി അലയുന്നവര്‍.. ഏതു സമുദ്രത്തെ പാനം ചെയ്താലും ഒടുങ്ങാത്ത ദാഹവുമായി നടക്കുന്നവര്‍. ഒടുവില്‍ ജീവിതം അവശേഷിപ്പിക്കുന്ന ദു:ഖങ്ങളുടെ മുറിവുണക്കാന്‍ ശാന്തിസ്‌ഥലികളിലേക്ക്‌ യാത്രയാവുന്ന  ആളുകള്‍ .അങ്ങനെ വ്യത്യസ്തരായ  കുറെ ആള്‍ക്കാരെ കാണാം .  അതുകൊണ്ട്  പോകണം ഈ ഒരു യാത്ര..തീരുമാനിച്ചു കഴിഞ്ഞു" കേട്ടപ്പോള്‍ അവള്‍ കുറച്ചു നേരം നിശബ്ദമായി.. പിന്നെ മെല്ലെ പറഞ്ഞു..

"നീ ഈ പറഞ്ഞത് എന്‍റെ മനസ്സാണ്."
!!!  എനിക്കുമുണ്ട് അങ്ങനെ ഒരു തോന്നലുള്ളില്‍" ഈ ജീവിതത്തിന്റെ ഇത്രയും വര്‍ഷങ്ങള്‍  കുറവുകള്‍ ഒന്നും ഇല്ലാതെ ജീവിച്ച എനിക്ക്  കുറച്ചു ദിവസങ്ങള്‍  ഒന്നുമില്ലായ്മയുടെ കാഴ്ചകള്‍ എങ്ങനെ ആയിരിക്കും എന്നറിയണം" അഹങ്കാരം ആണെന്ന്കരുതണ്ട" ..
"തികച്ചും അപരിചിതയായി  കാശിയിലോ ഹരിദ്വാറിലോ പോലെയുള്ള പുണ്യസ്ഥലത്ത് പോയി, അവിടെ കിട്ടുന്ന ഭക്ഷണം മാത്രം കഴിച്ച്, അവിടുത്തെ പകലിന്റെയും രാത്രികളുടെയും മുഖം അടുത്ത് കണ്ടു കുറച്ചു ദിനങ്ങള്‍, അതായിരുന്നു മനസ്സില്‍.
ഒരു നീണ്ട ഇടവേള ഒന്നുമല്ല ഉദ്ദേശിച്ചത് , ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും അല്ല, പക്ഷെ അടുത്തിടയായി ആ ചിന്തയുടെ ആഴം കൂടിവരുന്നുണ്ട്"

"ഇത് കേട്ട് നീ പേടിക്കണ്ട!! ജീവിത നൈരാശ്യങ്ങളോ, പ്രാരാബ്ധങ്ങളോ ഒന്നും തന്നെ എനിക്ക് നിശ്ശേഷം ഇല്ല..
പക്ഷെ ഇപ്പോള്‍ നീ പറഞ്ഞപ്പോള്‍ കൂടെ വരാന്‍ തോന്നുന്നു"..

 മറുപടി  എന്ത് പറയണമെന്ന് അറിയാതെയിരുന്നു കുറച്ചു നേരം

മൂന്നര മണിക്കൂര്‍ കൊണ്ട് ഫ്ലൈറ്റ് മംഗലാപുരത്ത് എത്തി..രണ്ടു  മണിക്കൂര്‍ ഇടവേള ...അവിടെ നിന്ന് 
ടാക്സിയില്‍ ഉടുപ്പി ....വെയില്‍ മാഞ്ഞു തുടങ്ങിയപ്പോള്‍ ഇറങ്ങി നടന്നു..ഒരു ഇടുങ്ങിയ വഴിയിലൂടെ  ഉടുപ്പി ശ്രീകൃഷ്ണ  ക്ഷേത്രത്തിലേയ്ക്ക് ...മോക്ഷം തേടി ജനസഞ്ചയങ്ങള്‍ എത്തുന്ന സന്നിധി..കൈകൂപ്പി നിന്നപ്പോള്‍ മനസ്സ് ശൂന്യമായിരുന്നു..സന്ധ്യ സമയം ആയിരുന്നതിനാല്‍ പ്രത്യേക പൂജകളും ആരതിയും ഒക്കെ നടന്നു കൊണ്ടിരുന്നു. അല്‍പ നേരം ഉള്ളില്‍ ചുറ്റി നടന്നു ..പുറത്തു കടന്നു സുവര്‍ണ്ണാനദീ  തീരത്തേയ്ക്ക്.....നദിയിലേക്ക് ഒഴുക്കി വിട്ടു കൊണ്ടിരുന്ന ദീപങ്ങള്‍ അവളെ  കൂടുതല്‍  സുന്ദരിയാക്കിയിരുന്നോ? അതോ ഉള്ളില്‍ കനല്‍ പൂവുകള്‍ ഒതുക്കി വച്ചു പുറമേയ്ക്ക് ചിരിക്കുകയാണോ  സുവര്‍ണ്ണയും ?? നദിയുടെ നെഞ്ചിലൂടെ ഒഴുകുന്ന കത്തി തീരാറായ ദീപങ്ങളെയും നോക്കി ഞാന്‍ ആ പടവുകളില്‍ ഇരുന്നു.

നാളെ രാവിലെ അവള്‍ ഇവിടെ എത്തുമെന്ന് പറഞ്ഞിരുന്നു..എരിഞ്ഞടങ്ങുന്ന ഓരോ പകലിനെയും കൊത്തിവലിച്ചു കൊണ്ട് പോകാന്‍ ആര്‍ത്തിയോടെ അവിടെയും ഇരുള്‍ വന്നെത്തി. എന്‍റെ മനസ്സില്‍ ഉഷ്ണം പുകയും കയങ്ങളില്‍ ഞാന്‍ ഒരു ആയിരം തവണ എന്നോട് തന്നെ ചോദിച്ച പല ചോദ്യങ്ങളും  ആ രാത്രി  വൈകുവോളം ചിന്തയില്‍ വന്നുകൊണ്ടേയിരുന്നു..ലോകത്തിന്‍റെ കണ്ണില്‍ പെടാതെയിരിക്കാന്‍ ഒച്ച അനക്കങ്ങള്‍ ഇല്ലാതെയെ നടന്നുള്ളൂ ഞാന്‍. എന്നിട്ടും നെഞ്ചില്‍ അഗ്നിയുമായി ചടുല ഭാവത്തോടെ വന്ന അവളുടെ  മിഴികളില്‍ ഞാന്‍ ഉടക്കിയതെങ്ങിനെ?? ദിശ മറന്ന മനസ്സുമായി ഒരു കുഞ്ഞു പക്ഷിയെ പോലെ പറന്നു നടക്കുകയായിരുന്നല്ലോ  ഞാന്‍....
നീ എനിക്ക് ആരാണ് ??ചോദ്യങ്ങള്‍ എന്‍റെ നേരെ നീളുമ്പോള്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കൂട്ടുകാരിയെന്നോ,  സഹയാത്രികയെന്നോ പറഞ്ഞു ഒഴിവാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഉറക്കെ വിളിച്ചു പറയാന്‍ തോന്നീ ...നീ ആണ് എന്‍റെ നിഴല്‍,... എന്‍റെ ഹൃദയ താളം നിലക്കും വരെ, ഇരുളിലും വെളിച്ചത്തിലും,ചിന്തയിലും  ബോധത്തിലും, സ്വപ്നത്തിലും, എന്‍റെ തെറ്റിലും ശരിയിലും നീ എപ്പൊഴും കൂടെ ഉണ്ടാകും. പുറത്തു പെയ്യുന്ന മഞ്ഞു മനസ്സിലേക്കും അരിച്ചു കയറുന്നത് പോലെ തോന്നീ.

 മഴപെയ്തു തോര്‍ന്ന ഒരു മനോഹര പ്രഭാതം. എട്ടുമണിക്ക് കാത്തു നില്‍ക്കാമെന്ന് അവള്‍  പറഞ്ഞിടത്ത് ഒരു ടാക്സിയില്‍ ചെന്നു, വെളുത്ത പൈജാമയും നീല കുര്‍ത്തയും ധരിച്ച്, കാറ്റത്ത്‌ പാറി പറക്കുന്ന ഷാള്‍ ഒരു കൈകൊണ്ടു പിടിച്ചൊതുക്കി, തോളത്ത് ഒരു ചെറിയ നീല ബാഗും തൂക്കി  അവള്‍ നില്‍ക്കുന്നു!!! ഇന്നലെ വരെ ഒരു സ്വപ്ന ദൂരം അകലെയുള്ളവള്‍,  ശ്രുതി ചേര്‍ന്നൊഴുകുന്ന സംഗീതം പോലെ എന്നും ഞാന്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉടമ, ഒരു ശ്വാസത്തിന്റെ അകലത്തില്‍!!!!   കാറില്‍ കയറി.അടുത്തടുത്ത്‌ ഇരുന്നു.മൌനം മാത്രം. ഒന്ന്  തൊടാന്‍ ആഗ്രഹിച്ചു നീട്ടിയ വിരല്‍ തുമ്പുകള്‍ ശൂന്യതയില്‍ ചിത്രം വരച്ചു. മൌനം അതിന്റെ പൂര്‍ണ്ണ നിറവില്‍. വാക്കുകള്‍ കൊണ്ട് അശുദ്ധമാക്കാന്‍ രണ്ടാള്‍ക്കും മടി തോന്നിയിരിക്കണം. പരസ്പരം നോക്കാന്‍ കഴിഞ്ഞില്ല..ജാലകത്തിനപ്പുറം ഓടി മറയുന്ന കാഴ്ചകളില്‍ കണ്ണുടക്കിയിരുന്നു.ഇടക്കെപ്പോളോ തോളിലേയ്ക്ക്‌ പാറി വീണ അവളുടെ മുടിയിഴകള്‍ക്കു പനിനീരിന്റെ ഗന്ധം. ആ കണ്ണുകളില്‍ നിന്നും മുത്തുകള്‍ പോലെ രണ്ടു തുള്ളികള്‍ കവിളിലൂടെ ഉരുണ്ടു വീണു. മുഖത്തുകൂടി ചാലിട്ടൊഴുകിയ ആ നനവില്‍  പകലിന്റെ മഞ്ഞ വെളിച്ചം വീണു മഴവില്ല് പോലെ തിളങ്ങി. നിറമുള്ള നിശബ്ദതയില്‍ പൂക്കള്‍ വിതറിയ പോലെ അവിടെ ഒരു സുഗന്ധം പരക്കുന്നുണ്ടായിരുന്നു. 
 
തുടരും.....

10 comments:

  1. മനൂ,
    വായനയുടെ രസം വന്നപ്പോഴേക്കും "തുടരും" എന്ന് കണ്ടു നിറുത്തി, വേണ്ടിയിരുന്നില്ല. എഴുതിതീര്‍ക്കാമായിരുന്നു. ബ്ലോഗ്ഗില്‍ വന്നു കുറച്ചു അധികനാളായി. ഭക്തിയില്‍ തുടങ്ങി യാത്ര പുറപ്പെട്ട മനസ്സ് പ്രണയത്തിലേക്ക് മാറുകയാണോ? :-) അധികം വൈകിക്കാതെ ബാക്കി കൂടെ വായിക്കാം എന്ന് കരുതട്ടെ.
    ശാലിനി.

    ReplyDelete
  2. മനസ്സില്‍ നിന്നും നേരെ പകര്‍ന്നെഴുതിയത് പോലെ.
    അത്രക്കും ഫീല്‍ ഉള്ള വരികള്‍.
    "മനസ്സോഴുകും വഴികള്‍ " എന്ന പേര് ഇവിടെ ശരിക്കും ചേരുന്നു മനൂ.
    അടുത്ത ഭാഗവും വരട്ടെ.
    ആശംസകള്‍

    ReplyDelete
  3. നിറഞ്ഞ നിശബ്ദതയില്‍ മനസ് നിറഞ്ഞൊഴുകിയ മനസിന്‍റെ സൗരഭ്യം വാക്കുകളെയും കാഴ്ചകളെയും മഴവില്ലിനേക്കാള്‍ മനോഹരിയാക്കി ......ഒരു നിശ്വസത്തിനരികെ കൈവന്ന സ്വപ്‌നങ്ങള്‍ മൌനത്തിന്റെ പുതപ്പണിഞ്ഞു കൂടുതല്‍ നമ്രമുഖിയായി .......സ്വപ്നവും സത്യവും തിരിച്ചറിയാനുള്ള മനസ്സിന്‍റെ വ്യഗ്രത മൌനത്തിനു മിഴിവേകി ..........

    ReplyDelete
  4. മനൂ
    അതിമനോഹരമായിരിക്കുന്നു..ഓരോ തവണ വായിക്കുന്തോറും സൌന്ദര്യം കൂടിവരുന്നു!!
    ഈ യാത്രയ്ക്കൊടുവില്‍ ഒരു സ്വപ്നദൂരത്തിനുമപ്പുറം, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഒരു പ്രണയ സാഫല്യം കൂടി പ്രതീക്ഷിക്കാമോ?
    ഇല്ല, കഥാകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നില്ല.. മനസ്സൊഴുകും വഴിയിലൂടെ തന്നെ തുടര്‍ന്നോളൂ.. പക്ഷെ ഏറെത്താമാസിക്കരുത്..
    ഭാവുകങ്ങള്‍...

    ReplyDelete
  5. ഗൃഹാതുര ചിന്തകളുടെ മേമ്പൊടി ചാർത്തി ഭക്തിയിലൂടെ പ്രണയത്തിലേക്കുള്ള യാത്ര നന്നായിരിക്കുന്നു നാട്ടാരാ...ആ‍കാംഷയിലെത്തിച്ച് തുടരും എന്നെഴുതിയപ്പോൾ വീണ്ടും വരാൻ കൊതി...

    ആശംസകൾ...

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. മനൂ,
    മനുവിന്‍റെ മനസ്സൊഴുകിയ ഈ വഴികളിലൂടെ നടക്കുകയായിരുന്നു ഞാന്‍...... ..... ....
    ഇവിടെയെങ്ങും പ്രണയത്തിന്റെ ചെമ്പകപ്പൂമണം നിറഞ്ഞു നില്‍ക്കുന്നു......
    എത്ര ഭംഗിയായിട്ടാണ് മനു പ്രണയം പറയുന്നത്.....
    അശാന്തിയുടെ തീരങ്ങളില്‍ പോലും പ്രണയിനിയുടെ നിഴല്‍ തേടുന്ന മനുവിന്‍റെ മനസ്സ്....
    മനുവിന്‍റെ പ്രണയിനി എത്ര ഭാഗ്യവതിയാണ് ..!!!
    (പലതും വായിക്കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു ബ്ലോഗില്‍ അഭിപ്രായം എഴുതുന്നത്‌...
    ഞാന്‍ മൃദുല.....ഖത്തറില്‍ നിന്നാണ്...)
    എന്തേ ഇതിന്റെ ബാക്കി എഴുതാന്‍ താമസിപ്പിക്കുന്നത്?????
    സ്നേഹപൂര്‍വ്വം മൃദുല.......

    ReplyDelete
  8. തുടരൂ മാഷേ ........................

    ReplyDelete
  9. entha parayendathennu ariyunnilla.
    oru swapnam.
    evideyokkeyo chiriyude muthukal.
    pinne oru kudam kannuneer.
    athaanu enikkundaayathu.
    ee vaakkukalodu orupaadu sneham thonnunnu.
    ente pranayathodu enthinu asooya thonnanam!!!!

    ReplyDelete
  10. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി...

    ReplyDelete