Follow by Email

Wednesday, December 28, 2011

പനിനീര് പെയ്ത വഴിയിലൂടെ (2).​.........

കാശവും എന്റെ മനസ്സും ഒഴിഞ്ഞു കിടക്കുന്നു.  റൂമിലേക്കുള്ള ആ മടക്കയാത്രയില്‍ ഒരുപിടി ചോദ്യങ്ങളും ഉത്തരങ്ങളും വാക്കുകളായി പുറത്തുവരാതെ മനസ്സിന്‍റെ ഉള്ളില്‍ കിടന്നു ശ്വാസംമുട്ടി.  നെഞ്ചില്‍ പെയ്തൊഴിയാന്‍ ഒരു കാര്‍മേഘം വിങ്ങി. 

"നല്ല ക്ഷീണം ഉണ്ട്" ഞാന്‍ ഒന്ന് ഫ്രഷ്‌ ആയി വരാം", ഹോട്ടലില്‍ എത്തിയിട്ട് അവള്‍ ആദ്യമായി എന്‍റെ മുഖത്തേക്ക് നോക്കി  പറഞ്ഞത് അതായിരുന്നു!!

"അപ്പോഴേക്കും ഞാന്‍ ഇവിടെനിന്നുള്ള  യാത്രയുടെ കാര്യം അന്യേഷിച്ചു വരാം"  ഞാന്‍ പുറത്തേക്കിറങ്ങി. 

തിരിച്ചു വരുമ്പോള്‍ അവള്‍  ജനാലയിലൂടെ പുറത്തേക്കു നോക്കി നില്‍ക്കുകയായിരുന്നു. 

ആ നീണ്ട ഇടനാഴിയില്‍ ചാഞ്ഞു വീണു നിഴല്‍ വീഴ്ത്തിയ സൂര്യന്‍റെ ചുവന്ന വെളിച്ചത്തിനും, റോഡിനു എതിര്‍വശത്ത് മനസ്സിനെ മോഹിപ്പിച്ചു നിറഞ്ഞു പൂത്തുനില്‍ക്കുന്ന ചുവന്ന  വാകമരങ്ങള്‍്ക്കും, ജാലകങ്ങള്‍ക്കപ്പുറം പെയ്തൊഴിഞ്ഞ   തുലാമഴയ്കും അപ്പുറത്തേക്ക്... ദൂരേയ്ക്ക്  നോക്കി!!  കണ്ടുമുട്ടിയ ഈ  ദിനത്തിന്‍റെ ചിന്തകള്‍ ആകണം ആ മനസ്സില്‍ എന്ന് ഞാന്‍ ഊഹിച്ചു.
 
"എന്താ, വലിയ ആലോചനയില്‍ ആണെന്ന് തോന്നുന്നുവല്ലോ"? എന്റെ ചോദ്യം അവളെ ചിന്തകളില്‍ നിന്നും തിരികെ കൊണ്ടുവന്നു.

"മനസ്സൊഴുകും  വഴി എപ്പോഴും   മുന്‍വിധികള്‍ക്കും
നിയമങ്ങള്‍ക്കും   അതീതമാണല്ലോ, അതിനു കടിഞ്ഞാണില്ല" 
"നമുക്ക് ആ റോഡിനു അപ്പുറത്തേക്കൊന്നു പോയാലോ? നോക്കൂ അവിടെയൊരു  പാര്‍ക്കാണ്.അതിന്‍റെ അപ്പുറം കടല്‍, കുറച്ചുനേരം നടക്കാം"!! 
പാര്‍ക്കിലേക്കുള്ള  ഇടവഴികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിയായി  പെയ്തമഴയില്‍  നിറഞ്ഞുകിടന്ന  വെള്ളം ചാലുകള്‍ കീറി  കടലിനെ ചേര്‍ന്ന് കിടക്കുന്ന കായലിലേക്ക്   ഒഴുക്കിവിട്ടിരിക്കുന്നു.  തങ്ങള്‍ അനാഥരല്ലെന്ന ബോധത്തോടെ  അവയൊഴുകി ആ കായലിനെ  കെട്ടിപ്പുണരുന്നു.

വെളുത്ത പൂഴിമണലിലൂടെ കാല്‍ പുതഞ്ഞ് നടക്കുമ്പോള്‍ അകലെ  നിന്ന് കടലിന്റെ ഇരമ്പം കേള്‍ക്കാമായിരുന്നു.

മണല്‍ പരന്നുകിടക്കുന്ന കടല്‍തീരത്ത് തിരകളെ നോക്കി, അല്പം മുന്‍പ് പെയ്ത ചാറ്റല്‍ മഴക്കു ശേഷം ചക്രവാളത്തില്‍ കണ്ട മഴവില്ലിന്റെ സൌന്ദര്യം നോക്കി.. പ്രണയാതുരമായ ഒരു മധ്യാഹ്ന്ന  വെയില്‍ നുകര്‍ന്ന് ഞാനെന്റെ പ്രണയസഖിയുമായി ആ കടല്‍ തീരത്തിരുന്നു. തിരകള്‍ക്ക് തീരെ ശക്തിയുണ്ടായിരുന്നില്ല. തീരത്തേക്ക് അധികം കയറിവരാതെ അവ തകര്‍ന്നടിഞ്ഞുകൊണ്ടിരുന്നു.

"ഞാന്‍ ഒന്ന് ചോദിക്കട്ടെ നിന്നോട്" അവള്‍ സംസാരം തുടങ്ങി വച്ചു..
"ജീവിതത്തില്‍ ഭാവങ്ങള്‍ മാറാത്ത ഏതെങ്കിലും ഒരു ബന്ധം ഉണ്ടോ"?? ചോദ്യം കേട്ട് ഞാന്‍ ആ മുഖത്തേക്ക് നോക്കി..

 "അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന നാള്‍ മുതല്‍ ഹൃദയമിടുപ്പ് നില്‍ക്കും  വരെ കൂടയൂണ്ടാകും എന്ന് ഉറപ്പോടെ കരുതുന്ന  ഏതെങ്കിലും ഒരു ബന്ധം ഉണ്ടോ"?
"ഹൃദയത്തോട് അടുത്തുപിടിച്ചു സ്വന്തമെന്നു കരുതിയവര്‍ പകുതിവഴിയില്‍ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ  അന്യരായി നടന്നകലുന്നത് എത്രയോ കണ്ടിട്ടുണ്ട്"
"നിന്നെ വേദനിപ്പിക്കാനല്ല ഞാന്‍ ചോദിച്ചത്, പക്ഷെ ആലോചിച്ചു നോക്കൂ"

"ശരിയാണ് നീ പറഞ്ഞത്"
ജീവിതത്തിന്റെ നിരന്തര പ്രയാണത്തില്‍ ഒരു ദീര്‍ഘശ്വാസമെടുക്കാന്‍ പോലും എടുക്കാന്‍ വിശ്രമമില്ലാതെയുള്ള ജോലിയുടെയും തിരക്കുകളുടെയും ഒടുവില്‍ എത്തിച്ചേര്‍ന്നതാണിവിടെ.  കെട്ടുകാഴ്ചകളുടേയും, പകര്‍ന്നാട്ടത്തിന്റേയും മഹാവ്യൂഹത്തില്‍, ആള്‍ക്കൂട്ടത്തില്‍ തനിയെയെന്നപോലെ മായക്കാഴ്ചകളെയും,  കണ്ട മഹാനഗരങ്ങളുടെ പുറം മോടികളെയും തന്നിലേക്കാവാഹിക്കാന്‍ കെല്പില്ലാത്ത ഒരു സാധാരണക്കാരന്‍റെ  മാത്രം  ചിന്താഗതിയുള്ള നാട്ടുമ്പുറത്ത്കാരന്‍,  അതാണ്‌ ഞാന്‍.

"ജീവിതയാത്രയില്‍ എപ്പോഴും കൂടെ ഉണ്ടാകണം, സ്വന്തമാക്കണം  എന്നാശിക്കുന്ന ചിലതൊക്കെ കയ്യെത്തിപ്പിടിക്കും മുന്‍പേ മറ്റാരുടേതോ ആകുന്നു. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന് പറഞ്ഞവന്‍ എത്ര വിഡ്ഢി!!വര്‍ണ്ണക്കടലാസ്സിന്‍റെ പോലും മൂല്യമില്ലാത്തതായി തോന്നും ചിലപ്പോള്‍."


 "നിന്നെ എനിക്ക് മനസ്സിലാകാത്തതു  കൊണ്ടല്ല", വലം കൈകൊണ്ടു എന്‍റെ കയ്യില്‍ പിടിച്ചവള്‍ പറഞ്ഞു. 

 "ഒന്നറിയോ നിനക്ക്?? എനിക്കിപ്പോള്‍ നിന്നെക്കുറിച്ചോര്‍ത്താല്‍ കരച്ചില്‍ വരാറില്ല,   ഈ ജീവിതത്തില്‍ ഞാന്‍ കൂടുതല്‍ കരഞ്ഞത് നിനക്ക് വേണ്ടിയാണ്, ഇപ്പോള്‍ എന്‍റെ  കണ്ണുനീര്‍  എനിക്ക് നീയാണ്!! കണ്ണില്‍ നിന്നും നിറഞ്ഞിറങ്ങി കവിളിലൂടെ ഒഴുകി നീ താഴെ വീഴുന്നത്, ഈ മണ്ണില്‍ അലിയുന്നത് എനിക്ക് സഹിക്കാന്‍ പറ്റിയെന്നു  വരില്ല..കാരണം നീ എനിക്കു നഷടപ്പെടും"..ആ ശബ്ദം ഇടറി.


"നിന്നെ ഒന്ന് കണ്ടാല്‍ മാത്രം മതി, ദൂരെ നിന്നെങ്കിലും എന്ന് മനസ്സ് ഉരുകി പ്രാര്‍ഥിച്ചിട്ടുണ്ട് കണ്ണന്‍റെ മുന്നില്‍, നിനക്ക് എന്നെ കാണാന്‍ തോന്നിക്കണേ എന്ന് നിശബ്ദമായി കരഞ്ഞിട്ടുണ്ട്."  "സ്വപ്നങ്ങള്‍ പോലും ദയവു കാണിക്കാറില്ല എന്നോട്,  മുഖം പൂര്‍ണ്ണമായി കാണിക്കാതെ ഓര്‍ത്തെടുക്കാന്‍ പോലും കഴിയാതെ എന്നില്‍  നിന്നും നിന്‍റെ രൂപം  മായ്ച്ചു കളയും.

  നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ വരുന്നത് മഴ നൂലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചൊരു
മുഖം!! പെയ്തൊഴിയുമ്പോഴെല്ലാം മഴവില്ലുപോലെ മാഞ്ഞു പോകുന്നു!! വേഴാമ്പലിനെ പോലെ എരിയുന്ന മനസ്സുമായി വീണ്ടും മഴമേഘങ്ങള്‍ക്കായി കാത്തു  ഞാന്‍, ഓരോ മഴയിലും മുഴുവന്‍ തെളിയാതെ ചതുരക്കള്ളികളില്‍ അവ്യക്തമായ നിന്‍റെ രൂപം, നിന്‍റെ ഈ ചിരിയൊന്നു കാണാന്‍, നിന്‍റെ  നിശ്വാസം എന്‍റെ കാതില്‍ പതിയുന്നത് കേള്‍ക്കാന്‍, ഒരു പേമാരി പെയ്തൊഴിഞ്ഞാലും നിന്നെ  നഷ്ടമാവാതെ സ്വന്തമാക്കാന്‍, ഒക്കെയും  കൊതിച്ചിട്ടുണ്ട്" ഇപ്പോള്‍ എനിക്ക് സങ്കടാണോ സന്തോഷമാണോ  തോന്നുന്നതെന്ന്  അറിയില്ലാ..സത്യായും!!!

"ഈ സ്നേഹവും അതിനായുള്ള അത്യാര്‍ത്തിയും വിങ്ങലുമൊക്കെ ജീവിചിരിക്കുവോളമല്ലേ ഉള്ളൂ..അതിനെ മനസ്സിലടക്കി അത് ആഗ്രഹിച്ച ആള്‍ക്ക് കൊടുക്കാതെ മരിക്കാന്‍ എനിയ്ക്ക് ആവില്ല" ഞാന്‍ വികാരാധീനനായി.

ഞാന്‍ പോലുമറിയാതെ സ്നേഹമന്ത്രത്താല്‍ ആവാഹിച്ചു നീയെന്നെ സ്വന്തമാക്കിയില്ലേ?"

"എന്നോട് ചേര്‍ന്ന്നിന്ന്   എനിക്കിഷ്ടമുള്ള മഴയില്‍ നനഞ്ഞ്, ഞാന്‍ ഉച്ചത്തില്‍ ചൊല്ലുന്ന കവിതകള്‍ കേട്ട്,  എപ്പോളും പരിഭവം പറഞ്ഞു എന്‍റെ സ്നേഹം ഉറപ്പാക്കുന്ന നിന്‍റെ  കുറുമ്പുകള്‍ ആസ്വദിക്കാന്‍ എനിക്കേറെ  ഇഷ്ടമാകുന്നു"


"തനിച്ചിരിക്കാന്‍ ആശിച്ചപ്പോഴോന്നും ആരും എന്നെ സമ്മതിച്ചില്ല.....
ഇപ്പോള്‍ തനിച്ചിരിക്കാന്‍ കഴിയില്ലെന്നായപ്പോള്‍ ഞാന്‍ തനിച്ചായ്പോകുന്നു പലപ്പോഴും"...പലവുരു പറയാതെ അടക്കിപ്പിടിച്ച വാക്കുകള്‍ വാശിയോടെ ഒഴുകി.


കൈക്കുടന്നയില്‍   നിലാവുപോലെ തമ്മില്‍  പകര്‍ന്ന സ്നേഹം, മുറുക്കിപ്പിടിച്ചു നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ഒഴുകിപോകാതിരിക്കാന്‍   കാണിച്ച  അടങ്ങാത്തൊരു ആവേശം മാത്രമാണോ  പ്രണയമെന്ന പേരില്‍ നമ്മെ  കൊരുത്തിട്ടതു?


 ഒരുമിച്ചു കുറെ നേരം ഞങ്ങള്‍ നടന്നു. പറയുന്ന വിഷയങ്ങളിലെ സാമ്യത കൊണ്ട് ഞങ്ങള്‍ രണ്ടാളും വാചാലര്‍ ആയിരുന്നു എങ്കിലും പല സമയത്തും നമുക്കിടയില്‍ മൌനം നിറയാതിരിക്കാന്‍ പണിപ്പെടുകയാണോ നീ എന്ന് എനിക്ക് ചോദിയ്ക്കാന്‍ തോന്നി.

കടലിന്‍റെ കാണാ ദൂരങ്ങളില്‍ കണ്ണയച്ചു ചേര്ന്നു നില്‍ക്കുമ്പോള്‍ വിദൂര ചക്രവാളങ്ങളില്‍ നിന്നും ഒഴുകി അടുത്ത നനുത്ത മഴക്കാറ്റ് അവളുടെ നെറ്റിയിലെ കുങ്കുമപൊട്ടു  മായിച്ചൊഴുക്കി...ആ ചുണ്ടുകള്‍ക്ക് മേല്‍ ഒരു ഒരു ചുവന്ന രാശിപോലെ അത് തിളങ്ങി.


കടല്‍ക്കരയില്‍ നിന്നും ആള്‍കൂട്ടം ധൃതിയില്‍ ഒഴിഞ്ഞു തുടങ്ങുന്നു ....മഴ ..കടലിന്‍റെ അതിര്‍ത്തികള്‍ ഓരോന്നായി കടന്നു തീരങ്ങളില്‍ ഭ്രാന്തമായ താളത്തില്‍ ഉതിര്‍ന്നു വീണു.

"ഓരോ മഴത്തുള്ളിയും കൈവിട്ടു പോകുമ്പോള്‍ മേഘങ്ങള്‍ അറിയാതെ വേദനിക്കുനുണ്ടാകും........തേങ്ങുന്ന മനസോടെ അത് ചോദികുന്നുണ്ടാവും
"നീയും എന്നെ തനിച്ചാക്കി പോയി അല്ലേ"...? കൈക്കുമ്പിളില്‍ വീണു ചിന്നിച്ചിതറിയ മഴമുത്തുകളെ നോക്കി അവള്‍ ചോദിച്ചു..

നനയാതിരിക്കാന്‍ അവളുടെ കയ്യുപിടിച്ചു വേഗം പാര്‍ക്കിലേക്ക് ഓടിക്കയറി..പേരറിയാത്ത ഒരു വലിയ മരം കുടപിടിച്ച പോലെ പടര്‍ന്നു നില്‍പ്പുണ്ട് അവിടെ, അതിന്‍റെ കീഴില്‍ നില്‍ക്കുമ്പോള്‍ ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായപോലെ  തോന്നീ..അവളോടൊപ്പം ഒരു മഴ നനയാന്‍ കഴിഞ്ഞു!!


 ആ വിടര്‍ന്ന കണ്ണുകളില്‍ നിറയെ സ്നേഹം നിറച്ച്, എന്നോട് ചേര്‍ന്ന് നിന്നു അവള്‍ മെല്ലെ പറഞ്ഞു "സങ്കല്പ്പത്തിന്റെയും യാഥാര്‍ത്യത്തിന്റെയും കൂടിച്ചേരലുകള്‍ക്കിടയില്‍ ജീവിതത്തിന്റെ നിറം കെട്ട് വെറും "ബ്ലാക്ക് & വൈറ്റ്" ആകുന്നത് തിരിച്ചറിയണം, വീണ്ടും അവയില്‍ വര്‍ണ്ണപ്പൂക്കള്‍ തുന്നിപ്പിടിപ്പിക്കാന്‍ എന്‍റെ സ്നേഹം എപ്പോഴും നിന്‍റെ  കൂടെ ഉണ്ടാകും!!.

 താനേ ഒഴുകി അടുത്ത ഒരേ മനസ്സുകള്‍ പരസ്പരം പിരിയാത്തവരായി..കാലം ഏറെ ചെല്ലുമ്പോള്‍ ജീവിതം ചുളിവുകള്‍ തീര്‍ത്ത കയ്യില്‍ മുറുകെ പിടിച്ചും ഞാന്‍  പറയും "നിന്നെ ഞാന്‍ ഇപ്പോഴും സ്നേഹിക്കുന്നുവെന്ന്..നിന്നോടുള്ള പ്രണയം എന്റെ പ്രാണനില്‍ പറ്റിപ്പിടിച്ചതാണെന്നു" ......
ജീവിതത്തിന്റെ അര്‍ഥം എന്താണ്? എന്തിനുവേണ്ടി തീനും വെള്ളവും തന്ന് പ്രകൃതി നമ്മളെ പോറ്റുന്നു?എന്താണിതിന്റെ ഒരു പ്രയോജനം എന്നൊക്കെ ആലോചിച്ച് നാട്ടിന്‍പുറത്തെ നടവഴികളില്‍ കൂടി നടക്കുമ്പോളാകും  ഗന്ധവാഹകന്‍ ഒരു പവിഴമല്ലി സുഗന്ധമായി വീശുക. അല്ലെങ്കില്‍ മതിലോടൂചേര്‍ന്നു നില്‍ക്കുന്ന മഷിത്തണ്ട് ഞെരടി ഒന്നു മണപ്പിക്കാന്‍ തോന്നുക..ആ ഗന്ധങ്ങളില്‍ ഒരുപാട് ഉത്തരങ്ങള്‍ കലര്‍ന്നു ചേര്‍ന്നിരിക്കും.. പിന്നെ ആ  ചോദ്യം ഉപേക്ഷിക്കും.

7 comments:

 1. manoo ingane okke paranjo???????????????

  ReplyDelete
 2. മനൂ..
  ഹൃദ്യമായ അവതരണം...
  പിന്നെ,ആ ചോദ്യങ്ങള്‍ ..അതൊക്കെ സത്യമല്ലേ???
  സത്യത്തില്‍ ഭാവം മാറാത്ത ബന്ധം ലോകത്തില്‍ ഉണ്ടോ???.
  അതെന്തായാലും മനു പറഞ്ഞപോലെ "പ്രാണനില്‍ പറ്റിപ്പിടിച്ച പ്രണയം" എന്നും അതേപോലെ നിലനില്‍ക്കട്ടെ..
  ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ശക്തമാകട്ടെ....
  "ഓരോ മഴത്തുള്ളിയും കൈവിട്ടു പോകുമ്പോള്‍ മേഘങ്ങള്‍ അറിയാതെ വേദനിക്കുനുണ്ടാകും........തേങ്ങുന്ന മനസോടെ അത് ചോദികുന്നുണ്ടാവും
  "നീയും എന്നെ തനിച്ചാക്കി പോയി അല്ലേ"...?
  ഇത് വായിച്ചപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി...എന്തിനെന്നു അറിയില്ല...

  ReplyDelete
 3. നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ വരുന്നത് മഴ നൂലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചൊരു
  മുഖം!! പെയ്തൊഴിയുമ്പോഴെല്ലാം മഴവില്ലുപോലെ മാഞ്ഞു പോകുന്നു!!വേഴാമ്പലിനെ പോലെ എരിയുന്ന മനസ്സുമായി വീണ്ടും മഴമേഘങ്ങള്‍ക്കായി കാത്തു ഞാന്‍, ഓരോ മഴയിലും മുഴുവന്‍ തെളിയാതെ ചതുരക്കള്ളികളില്‍ അവ്യക്തമായ നിന്‍റെ രൂപം, നിന്‍റെ ഈ ചിരിയൊന്നു കാണാന്‍, നിന്‍റെ നിശ്വാസം എന്‍റെ കാതില്‍ പതിയുന്നത് കേള്‍ക്കാന്‍, ഒരു പേമാരി പെയ്തൊഴിഞ്ഞാലും നിന്നെ നഷ്ടമാവാതെ സ്വന്തമാക്കാന്‍, ഒക്കെയും കൊതിച്ചിട്ടുണ്ട്"
  നന്നായിരിക്കുന്നു മനൂ... ഒരു പവിഴമല്ലി സുഗന്ധം എന്റെ ചുറ്റിലും നിറയുന്നു...

  ReplyDelete
 4. പുതുവര്‍ഷാശംസകള്‍ .....

  ReplyDelete
 5. നല്ല എഴുത്ത് .മനസ്സറിഞ്ഞു വായിച്ചു ...
  ആശംസകള്‍

  ReplyDelete
 6. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി........

  ReplyDelete
 7. വശ്യമനോഹരമായ എഴുത്ത് നാട്ടാരാ..മഴത്തുള്ളികൾ മനസ്സിൽ വീണുടഞ്ഞ പ്രതീതി..

  ReplyDelete