Thursday, October 6, 2011

ചെമ്പകപ്പൂമണമുള്ള പ്രണയമഴ.....





റയട്ടെ ഞാന്‍ നിന്നോട് എന്റെ മനസ്സില്‍ പൂക്കുന്ന ചെമ്പകപ്പൂമണം ഉള്ള പ്രണയത്തെ കുറിച്ച്.......
 
അല്ലെങ്കില്‍ വേണ്ട  ... പറയുന്നില്ല, വരൂ എന്റെ കൂടെ.. എന്റെ മനസ്സിലേക്ക് ഒരു യാത്ര പോകാന്‍ ..അവിടെ നിനക്ക് കാണാം മറ്റൊരു മനുവിനെ..!!!

എന്‍റെ സങ്കല്‍പ്പത്തില്‍ ... കോടമഞ്ഞ്‌ നിറഞ്ഞ ഒരു താഴ്വരയിലെ ഒരു സുന്ദര തടാകത്തില്‍  ഒരു നീലത്താമാരയായി നീ ഇതള്‍ വിരിയാറുണ്ട്. നിന്റെ നുണക്കുഴികളിലെ പ്രണയത്തിന്‍ തേന്‍ തുള്ളികള്‍  ഞാന്‍ കൊതിയോടെ നോക്കിനില്‍ക്കാറുണ്ട്...!!

എങ്കിലും യാഥാര്‍ത്ഥ്യത്തിന്റെ കനലുകള്‍ എന്നെ പൊതിയുമ്പൊള്‍ ചെറിയ ഒരു വിഷമം എനിക്ക് തോന്നുന്നുണ്ടോ?
കാരണം നമ്മള് ‍സംസാരിച്ചു നടന്ന  ഇടവഴികളില്‍ നിന്ന്,  ആരും കാണാതെ നിന്റെ കവിളില്‍ നിന്ന് സ്നേഹം നുള്ളിയെടുക്കാന്‍ എപ്പോഴും എനിക്ക് കഴിയില്ലല്ലൊ?
നീലോല്‍പ്പലങ്ങള്‍ തോറ്റുപോകുന്ന  നിന്‍റെ   ഇമകള്‍ക്കിടയിലെ പ്രണയമുകിലില്‍ നിന്നും പ്രണയമഴ എപ്പോഴുമെന്നെ കുളിരണിയിക്കില്ലല്ലൊ??
അങ്ങനെ ഓര്‍ക്കുമ്പോള്‍ ഞാന്‍  വല്ലാതെ വേദനിക്കുന്നു.....
ഇമവെട്ടാതെ കണ്ണും കണ്ണും തമ്മില്‍ നോക്കി ഒന്നും ഉരിയാടാതെ ഒരുപാട് നേരം നില്‍ക്കാം നമുക്ക്..
ഞാന്‍ നിനക്കായ് അക്ഷരങ്ങളുടെ മൌന ജാഥ തുടരട്ടെ.........
അക്ഷരങ്ങളിലൂടെ മനസ്സിന്റെ വിചാരങ്ങള്‍ അറിയിക്കാനുള്ള ഈ യാത്ര മാത്രമല്ലെ എനിക്കുള്ളൂ..
ഓര്‍ക്കുക എന്നെ എപ്പോഴും ...എവിടെപോയാലും........  ഇവിടെ നിന്നുമകലെ  ഏതു 
 മൌനത്തിന്റെ ദ്വീപുകളിലേക്കു പോയാലും .......ഞാനവശേഷിപ്പിച്ച സ്നേഹവും..നിനക്ക് തരാന്‍ കൊതിച്ച , അല്ലെങ്കില്‍ ഞാന്‍ മനസ്സ് തുറന്നു കാണിച്ചു തന്ന എന്‍റെ പ്രണയത്തിന്‍റെ നിറമുള്ള സ്വപ്നങ്ങള്‍ എന്‍റെ  ഓര്‍മ്മയടയാളമായി നിന്നിലുണ്ടെങ്കില്‍........
ഞാന്‍ കൂടെ ഉണ്ടാകും.....നീ പോലും അറിയാതെ ഒരു ഹൃദയമിടുപ്പിന്റെ  അകലത്തില്‍....
 
പണ്ട്  ഭഗവതി നടയില്‍ പട്ടുപാവാടയും ഉടുത്തു കല്‍വിളക്കില്‍ തിരികത്തിച്ചു തൊഴുതു വരുന്ന നിന്നെ കാണാന്‍ വേണ്ടി മാത്രം ഞാന്‍ കാവിലെ മണ്ഡപത്തിന്റെ അടുത്ത് വന്നു നില്‍ക്കുമായിരുന്നു. സ്വര്‍ണ്ണ പ്രഭ ചൊരിഞ്ഞു തെളിഞ്ഞു കത്തുന്ന ചുറ്റുവിളക്കുകള്‍ക്കു അരികിലൂടെ കൈകുമ്പിളില്‍ തുളസിയും തെച്ചിയും, ചന്ദവും കുങ്കുമവും ഒരിലയില്‍ ഒതുക്കിപ്പിടിച്ച്, ചന്ദന സുഗന്ധം പരത്തുന്ന ഒരു കുളിര്‍തെന്നല്‍ പോലെ നീ എന്‍റെ മുന്നിലൂടെ നടന്നു പോകുന്നത് ഞാന്‍ ദേവി പോലും അറിയാതെ നോക്കി നില്‍ക്കുമായിരുന്നു..പൂവിനു സുഗന്ധം പോലെ തേനിനു മധുരം പോലെ, പൂര്‍ണ്ണചന്ദ്രന് നിലാവ് പോലെ, എന്‍റെ ഹൃദയത്തിന്റെ അനുരാഗ സംഗീതമായി ഇപ്പോഴും നീ ബാക്കി  വച്ച ആ ചുവന്ന കുപ്പിവളകളുടെ കിലുക്കമുണ്ട്..
  
 എനിക്ക് നിന്നോട് തോന്നുന്ന ഈ സ്നേഹത്തെ കുറിച്ചെഴുതാന്‍ എന്റെ
വാക്കു കളുടെ ശേഖരം മതിയാവുകയില്ല, ആ  തിരിച്ചറിവിലാണ് എന്റെ ഭാഷയ്ക്ക്‌ ഇനിയും ഒരുപാട് ശുദ്ധത വരാന്‍  ഉണ്ടെന്ന
സത്യം ഞാന്‍ മനസ്സിലാക്കുന്നത്........ഞാന്‍ നിന്റെ മുന്‍പില്‍ ഒരുപാട് ചെറുതാകുന്നത്...
 
 മനസ്സില്‍ മഴ പോലെ പെയ്തു നിറയുകയാണ് നിന്നോടുള്ള പ്രണയം ....എന്റെ നെഞ്ചോട് ചേര്ത്ത് നിറുത്തി പ്രണയാവേശത്തില് എല്ലാം മറന്നു നിന്റെ നെറുകയില് ഉമ്മ വക്കാന് ഇനി എത്ര മരു
 കാറ്റുകളില്‍ ഞാന്‍ മരിക്കാതിരിക്കണം....
ഒന്നോര്ത്തു നോക്കു..നമ്മള്‍ മാത്രം ഉള്ള ഒരു ലോകം ..ഒരു പൂമരതണലില്‍ ഞാന്‍ നിന്റെ  മടിയില്‍ തലവച്ചു  കിടക്കുമ്പോള് അവിടെ കൊഴിഞ്ഞു വീഴുന്ന ഇലകളിലെ ഹിമകണത്തിനു എന്റെ ഹൃദയത്തിന്റെ ചൂടുണ്ടാകും.....നിന്നോടുള്ള പ്രേമത്താല്‍  ആ  കണ്ണുകളില്‍ നോക്കി  ഞാന്‍ പറയുന്ന വാക്കുകള്‍ക്കു എന്റെ  കവിതയുടെ ഗന്ധം ഉണ്ടാകും..
 
മനസ്സില്‍ നിന്നോടുള്ള പ്രേമത്തിന്റെ ഊഷ്മാവ് പകരും ഉണര്‍വുമായി, ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും..നീ വരുന്നതും നോക്കി..ഈ പകല്‍ മായുവോളം..

സ്വപ്നം മെനെഞ്ഞെടുക്കുവാന്‍ എന്തെളുപ്പം?     സാക്ഷാല്കാരത്തിന്റെ നിര്‍വൃതിയിലാകാന്‍ എന്‍റെ ഹൃദയം കൊതിക്കുണ്ട് വല്ലാതെ..
ആഴക്കടലിന്റെ തീരത്തു ഒരു മണല്‍ത്തരി കൂമ്പാരം തീര്‍ത്തു ഞാന്‍,  ആ സങ്കല്‍പ്പ ഗോപുരം തച്ചുടക്കാന്‍ ഒരു വന്‍തിരയും വരാതിരിക്കട്ടെ...  സ്വപ്ന വിമാനത്തില്‍ ഏറി പറന്നു എന്റെ ആ സ്നേഹ വികാരങ്ങള്‍ വന്നു നില്‍ക്കുന്നത് നിന്റെ മുന്നില്‍ ആണെന്ന തിരിച്ചറിവ് വൈകിയാണോ നീ അറിഞ്ഞത്??..തേന്‍ മഴയായ് എന്നില്‍  പെയ്തിറങ്ങി നെഞ്ചില്‍ പൂമണം ചാലിച്ച കൂട്ടുകാരീ ,എങ്ങനെ പിരിയും ഞാന്‍  ഈ നിശബ്ദ പ്രണയത്തെ..ചങ്ങല കൂടാതെന്നെ ബന്ധിച്ച സാമര്‍ത്ഥ്യത്തെ.........




17 comments:

  1. "ഞാന്‍ കൂടെ ഉണ്ടാകും.....നീ പോലും അറിയാതെ ഒരു ഹൃദയമിടുപ്പിന്റെ അകലത്തില്"‍..സുഹൃത്തേ .....ഒരുപാടിഷ്ടമായി ഈ ഒരു പ്രണയം ...പട്ടുചുറ്റി നില്‍ക്കുന്ന ആനകളും ആള്‍ കൂട്ടങ്ങളും .അതിനിടയില്‍ മുമ്പേ പറഞ്ഞു വെച്ച ആ നീല പട്ടുപാവാട കാണാന്‍ എന്റെ കണ്ണുകള്‍ പരതിയിരുന്നത് ഞാന്‍ ഓര്‍ത്തു പോകുകയാണ് ...ചന്ദന കുറിയണിഞ്ഞ പട്ടുപാവാടയണിഞ്ഞ നിഷ്കളങ്കമായ ആ പ്രണയം കാണാന്‍ ഇന്നും കൊതിക്കാറുണ്ട് ...ഒരു ഓര്‍മയിലേക്ക് കൊണ്ട് പോയ സുഹൃത്തേ നിനക്ക് അഭിന്ദനം .....ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി ...

    ReplyDelete
  2. കോടമഞ്ഞിന്റെ കുളിരുപോലെ പ്രണയം നിറഞ്ഞൊഴുകുന്ന വരികളിലെ സൗന്ദര്യം ആ കല്‍വിളക്കിന്റെ പ്രകാശം പോലെ തെളിച്ചമുള്ളതാണ്.
    ഹൃദയം കൊണ്ടാണ് ഈ കുറിപ്പ് എഴുതിയതെന്നു വരികളിലെ തീവ്രത പറയുന്നുണ്ട്.
    നീലതടാകത്തിലെ വിരിഞ്ഞ താമര പോലെ , ഭംഗിയുള്ള പ്രണയാക്ഷരങ്ങള്‍.
    എങ്ങിനെ ഇഷ്ടപ്പെടാതിരിക്കും മനൂ. ആശംസകള്‍ .

    ReplyDelete
  3. പ്രിയപ്പെട്ട മയില്‍‌പ്പീലി..
    പട്ടുപാവാടയുടുത്തു, കയ്യില്‍ ഏഴുതിരിയിട്ട വിളക്ക് പിടിച്ചു ദേവിക്ക് പ്രദക്ഷിണം വയ്ക്കുന്ന നക്ഷത്ര നയനങ്ങളെക്കാണാന്‍, ആ ദീപ പ്രഭയില്‍ ആ മുഖം തിളങ്ങുന്ന കാണാന്‍..ആനക്കൊട്ടിലിന്‍റെ താഴെയുള്ള പടികളില്‍ ഞാനും അക്ഷമനായി നിന്നിട്ടുണ്ട്..
    ഈ സന്ദര്‍ശനത്തിനു നന്ദി, അഭിപ്രായത്തിനും.......

    ReplyDelete
  4. പ്രിയപ്പെട്ട മന്‍സൂര്‍, (ചെറുവാടി),

    ആദ്യമായി എന്‍റെ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം പറയുന്നു.....
    പ്രണയം പലപ്പോഴും വാക്കുകള്‍ക്കു അതീതമാണെന്ന് തോന്നിയിട്ടുണ്ട്..എന്‍റെ ഹൃദയത്തിലെ സംഗീതമാണ് ഞാന്‍ പാടാന്‍ ശ്രമിച്ചത്..ഇഷ്ടം ആയെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു...ഇനിയും വരുക...ഈ വാതില്‍ എപ്പോഴും തുറന്നു തന്നെ കിടക്കും.....

    സ്നേഹത്തോടെ മനു..

    ReplyDelete
  5. പ്രണയമഴ നനഞ്ഞ നല്ല സുന്ദരഭാഷയിലെ രചന ആകര്‍ഷകമായി.
    എങ്കിലും പൂര്‍ണ്ണവ്യക്തതവരാന്‍ രണ്ടു ആവര്‍ത്തി വായിക്കേണ്ടിവന്നു.
    എഴുതുകയിനിയും.
    ആശംസകള്‍.

    ReplyDelete
  6. മനുവിന്,
    പ്രണയത്തെക്കുറിച്ച് അസാധ്യമായി എഴുതിയ ഈ പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്..ചെമ്പകപ്പൂവിന്റെ മണം ഒഴികിവരുന്നുണ്ട്, വാക്കുകളുടെ ഈ ശേഖരം ധാരാളമാണ് പ്രണയത്തെ വര്‍ണ്ണിക്കാന്‍, ഭാഷക്കും ശുദ്ധതയുണ്ട് വേണ്ടുവോളം.!! ഈ നിശബ്ദപ്രണയം മധുരഗീതങ്ങള്‍ കൊണ്ട് ശബ്ദമുഖരിതമാക്കാന്‍ പ്രണയിനി വരും..ഒരിക്കലും പിരിയേണ്ടി വരില്ല..
    വീണ്ടും ഒരുപാട് എഴുതൂ....മണമുള്ള, നിറമുള്ള പ്രണയത്തെക്കുറിച്ച്.
    സ്നേഹത്തോടെ ശാലിനി വാര്യര്‍...

    ReplyDelete
  7. ഇസ്മായില്‍,
    സ്നേഹപ്പൂര്‍വ്വമുള്ള അഭിപ്രായം അറിയിച്ചതില്‍ സന്തോഷിക്കുന്നു..ഇനിയും വരിക ഇത് വഴി..

    സ്നേഹത്തോടെ മനു..

    ReplyDelete
  8. പ്രിയപ്പെട്ട ശാലിനീ,

    ആദ്യമായി മനസ്സൊഴുകും വഴിയിലേക്ക് സ്വാഗതം ചെയ്യുന്നു..പ്രണയത്തെക്കുറിച്ച് എഴുതാന്‍ ഈ വാക്കുകള്‍ മതിയാകുമോ? എനിക്ക് സംശയമാണ്.. സ്വര്‍ണ്ണപാത്രത്തില്‍ ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന എന്‍റെ പ്രണയം എപ്പോഴും കൂടെ തന്നെ ഉണ്ടാകും, (പ്രണയിനി വന്നില്ലെങ്കിലും)!!!.
    ഇനിയും വരുക വിലയേറിയ അഭിപ്രായങ്ങളുമായി ...ശുഭദിനം ആശംസിക്കുന്നു..

    സ്നേഹത്തോടെ മനു...

    ReplyDelete
  9. മനു...
    ഹൃദയത്തില്‍ കയ്യോപ്പോടു കൂടി എഴുതുന്ന കവിതയാണ് പ്രണയം. ഹൃദയതുടിപ്പില്‍ ഒഴുകിവന്ന ഈ പ്രണയം ഒരിക്കലും മായാതിരിക്കട്ടെ. പലരുടെയും വാക്കുകള്‍ നമ്മെ കരയിചേക്കാം.എന്നാല്‍ ചിലപ്പോള്‍ എങ്കിലും ഒരാളുടെ നിശബ്ധത നമ്മളെ കരയിച്ചാല്‍ അവരാണ് നമുക്ക് പ്രിയപ്പെട്ടവര്‍. അവകാശപെടാന്‍ മാത്രം കഴിയുന്ന അല്ലെങ്കില്‍ രക്ത ബന്ധങ്ങളെക്കാള്‍ എത്രയോ വലുതാണ്‌ സ്നേഹിക്കാന്‍ മാത്രം കഴിയുന്ന സുഹൃത്ത് ബന്ധങ്ങള്‍. ഓര്‍മയുടെ താളുകളില്‍ ഒരു മയില്‍ പീലി തണ്ട് പോലെ സൂക്ഷിച്ചു വക്കാന്‍ കൊച്ചു കൊച്ചു പരിഭവങ്ങളും തമാശകളും നിറഞ്ഞ ഈ സൗഹൃദം എന്നും നിലനില്‍ക്കട്ടെ. ഒരുപാടു സ്നേഹികുന്നവരെ കാലം വേഗം വേര്‍പെടുത്തും. പക്ഷെ കാലത്തിനറിയില്ല, വേര്പാട് സ്നേഹത്തിന്റെ ആഴം കൂട്ടുമെന്ന്.വേനല്‍ മഴകള്‍ ഇനിയും പെയ്യും. നിലാവും നിശാഗന്ധിയും ഇനിയും പൊഴിയും. സ്നേഹ നിലാവ് പൊഴിക്കുന്ന ഈ പ്രണയം എന്നും നില നില്‍ക്കട്ടെ.
    സ്നേഹത്തോടെ
    ദേവി

    ReplyDelete
  10. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ആദ്യം വന്നത് ഒരു കൂട്ടുകാരി പറഞ്ഞ കഥയാണ്, ഒരിക്കലും തിരിച്ചു വരാത്ത ഗന്ധര്‍വനേയും കാത്തു പൂത്ത കാട്ടുചെമ്പകത്തിന്റെ ചുവട്ടില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന രാജകുമാരിയുടെ കഥ! ജരാനരകള്‍ ബാധിച്ച കാട്ടുചെമ്പകത്തിന്റെ ചുവട്ടില്‍ വൃദ്ധയായ രാജകുമാരി ഇന്നും തന്‍റെ ഗന്ധര്‍വനേയും കാത്തു നില്‍കുന്നുവത്രേ! പിന്നെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികളും:
    ചൂടാതെ പോയി നീ, നിനക്കായി ഞാന്‍ ചോര ചാരി ചുവപ്പിചോരെന്‍ പനിനീര്‍പൂവുകള്‍.........
    കാണാതെ പോയി നീ, നിനക്കായി ഞാനെന്‍റെ പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍.......
    ഒന്ന് തൊടാതെ പോയി നീ, ഇന്നും നിനക്കായി തുടിക്കുമെന്‍ തന്തികള്‍...........

    മനോഹരമായിരിക്കുന്നു ........ ഭാവുകങ്ങള്‍..

    ReplyDelete
  11. ദേവീ..
    മനോഹരമായി ഈ വാക്കുകള്‍..ദേവിയുടെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു..പ്രിയപ്പെട്ട ചിലരുടെ നിശബ്ധത നമുക്ക് ചിലപ്പോള്‍ വലിയ സങ്കടം ഉണ്ടാക്കും..ഒരുപക്ഷെ വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയാത്ത ഒരുതരം നോവ്‌..ഋതു ഭേദങ്ങള്‍ക്കും കാലത്തിനും അതീതമായി നല്ല സൌഹൃദങ്ങള്‍ നിലനിന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു..

    ബ്ലോഗ്ഗില്‍ എഴുത്ത് തുടങ്ങാന്‍ ഇനിയും വൈകിക്കണ്ട എന്നാണ് എന്‍റെ അഭിപ്രായം..നല്ല വാക്കുകള്‍.!!!
    സ്നേഹത്തോടെ മനു..

    ReplyDelete
  12. അവന്തികാ..

    മനസ്സൊഴുകും വഴിയിലേക്ക് സ്വാഗതം..ഇന്നലെ അഭിപ്രായം പറഞ്ഞു എന്ന് മെയിലില്‍ കണ്ടു..പക്ഷെ അത് ബ്ലോഗ്ഗില്‍ വരാന്‍ വൈകി!!! ഗന്ധര്‍വന്‍ വരുമെന്ന് കരുതി കാത്തിരിക്കുന്ന ഒരു രാജകുമാരിയാണ്‌ എന്‍റെ കഥയില്‍..ബാലചന്ദ്രന്‍ചുള്ളിക്കാടിന്റെ ഈ കവിത എനിക്കും പ്രിയപ്പെട്ടതാകുന്നു...മനോഹരമായ ഈ അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..വീണ്ടും വരുക..

    സ്നേഹത്തോടെ മനു..

    ReplyDelete
  13. പ്രണയമഴ...ചെമ്പകപ്പൂവിന്റെ നൈർമ്മല്യത്തോടെ മനസ്സിൽ നിന്നും മനസ്സിലേക്ക് ഒഴുകി ഇറങ്ങുന്നു.. ഇത് ഗദ്യമല്ല കവിത തന്നെ...മനസ്സിനെ വശീകരിക്കുന്ന വാക്കുകളാൽ കുറിച്ചിട്ട ഗദ്യകവിത...

    ReplyDelete
  14. പ്രണയമഴയില്‍ നനഞ്ഞു നിര്‍വൃതി പൂണ്ടു നില്‍കുന്ന മനോഹരമായ ഒരു പ്രണയ കാവ്യം .......മനസ് നിറയെ പൊന്‍ ചെമ്പകത്തിന്റെ സൌരഭ്യം നിറയുന്നു ......

    ReplyDelete
  15. ഈ വാക്കുകളിൽ ഒരു ഹൃദയം മിടിക്കുന്നുണ്ട്...മനസ്സിൽ തട്ടി വന്ന പ്രണയാക്ഷരങ്ങൾ. നല്ല ഈ എഴുത്തിന് അഭിനന്ദനങ്ങൾ!

    ReplyDelete
  16. ചെമ്പകപ്പൂ മണക്കുന്ന ഈ പ്രണയമഴയിൽ മനസ്സ് കൊണ്ട് നനഞ്ഞലിഞ്ഞു...മനസ്സിന്റെ കോണിൽ എവിടെയോ ഒരു നോവ് അനുഭവിക്കുന്നു. വരില്ല എന്ന് അറിയാമെങ്കിലും നമ്മുടെ പ്രിയപ്പെട്ടവർക്കായുള്ള കാത്തിരിപ്പ് സുഖമുള്ള നോവ് അല്ലെ മനു ? ആശംസകൾ.

    ReplyDelete
  17. ചെമ്പകപ്പൂ മണക്കുന്ന ഈ പ്രണയമഴയിൽ മനസ്സ് കൊണ്ട് നനഞ്ഞലിഞ്ഞു...മനസ്സിന്റെ കോണിൽ എവിടെയോ ഒരു നോവ് അനുഭവിക്കുന്നു. വരില്ല എന്ന് അറിയാമെങ്കിലും നമ്മുടെ പ്രിയപ്പെട്ടവർക്കായുള്ള കാത്തിരിപ്പ് സുഖമുള്ള നോവ് അല്ലെ മനു ? ആശംസകൾ.

    ReplyDelete