Follow by Email

Thursday, May 12, 2016

വിളിക്കാതെ വന്ന അക്ഷയത്രിതീയ

രു അവധിക്കാല ഓർമ്മ..
രണ്ടു മൂന്നു വർഷം  മുന്നേയാണ്.   
ഒരാഴ്ച്ച  അവധിയ്ക്ക്  നാട്ടിലേക്ക് വരുന്ന ദിവസം, തിരുവനന്തപുരത്തുള്ള ഒരു സുഹൃത്ത് ഒരു സ്വർണ്ണമാല മേടിച്ചു ഫ്ലാറ്റിൽ കൊണ്ട് വന്നിട്ട്, അവന്റെ പെങ്ങളുടെ കല്ല്യാണ  നിശ്ച്ചയമാണ് വരുന്ന ആഴ്ച്ച, ഞാൻ നാട്ടിൽ  എത്തിയിട്ട് ആ മാല അവന്റെ വീട്ടിൽ കൊണ്ടു കൊടുക്കണം എന്ന് പറഞ്ഞു.  എന്റെ വീട്ടിൽ  നിന്നും വണ്ടിയെടുത്തു പോയാൽ വെറും പത്തോ പതിനഞ്ചോ മിനിറ്റ് മാത്രം ദൂരമേ ഉള്ളൂ ഈ പറഞ്ഞ സുഹൃത്തിന്റെ വീട്. മാല മേടിച്ചു ബാഗിൽ ഇട്ടു. പിന്നെ,  ഉഷ്ണരാജ്യത്തോട് ഒരാഴ്ച്ച അവധി പറഞ്ഞ് നാട്ടിലേയ്ക്ക്.

വീട്ടിലെത്തി.  അമ്മയെ പോലെ സുന്ദരിയായ കുത്തരിച്ചോറിനെ, സ്നേഹം കുറുക്കിക്കാച്ചിയ മോരു കൊണ്ട് സ്നാനം ചെയ്യിച്ച്, പുളിഞ്ചിക്ക ഉപ്പിലിട്ടതും, ഏത്തക്ക അവിയലും കൂട്ടി വയർ അറിയാതെ കഴിച്ചു നിറച്ച ക്ഷീണത്തിൽ ഉച്ചയ്ക്കൊന്നു മയങ്ങി.

വൈകുന്നേരം..., കുവൈറ്റിൽ നിന്നും വിരുന്നുവന്ന സ്വർണ്ണ മാലയുടെ വിലാസത്തിലേയ്ക്ക് വിളിച്ചു, സുഹൃത്തിന്റെ അമ്മയാണ് ഫോൺ  എടുത്തത്.  "അമ്മേ ..മാല എപ്പോൾ കൊണ്ട് വരണം, വീട്ടിൽ  ഉണ്ടാകുമോ?..എന്ന  ചോദ്യത്തിന് മറുപടി ഇതാരുന്നു:
"മോനെ, ഇന്ന് മാല കൊണ്ടു  വരണ്ട, മറ്റെന്നാൾ മതി..ഞങ്ങൾ എവിടെയെങ്കിലും പോകുന്നത് കൊണ്ടല്ല, അന്ന് അക്ഷയത്രിതീയയാണേ, സ്വർണ്ണം വീട്ടിൽ വന്നാൽ നല്ലതാ..ബുദ്ധിമുട്ടുണ്ടോ?"

സത്യത്തിൽ  ഒരാഴ്ച അവധിക്ക്  വന്ന എനിക്ക് മറ്റെന്നാൾ കരുവായത്ത് (തറവാട്) പോകേണ്ട കാര്യം ഉണ്ടായിരുന്നെങ്കിലും, സുഹൃത്തിന്റെ മുഖം ഓർത്തപ്പോൾ:

"ബുദ്ധിമുട്ടൊന്നും ഇല്ലമ്മേ..മറ്റെന്നാൾ വരാം"....എന്ന് പറയാനേ  കഴിഞ്ഞുള്ളൂ.

അക്ഷയത്രിതീയ ദിവസം..! 
കരുവായത്ത് പോയിരുന്ന ഞാൻ സുഹൃത്തായ സുഭാഷിനെക്കൂട്ടി തിരികെ തിരുവനന്തപുരത്തേയ്ക്ക്, രണ്ടു കാര്യങ്ങളുണ്ട് ചെയ്യാൻ.  ഒന്ന് മാല കൊടുക്കണം, രണ്ട്  ഒമാൻ എയർവേയ്സിൽ  പോയി മടക്കയാത്രക്കുള്ള ടിക്കറ്റ് കൺഫേം ചെയ്യിക്കണം.  തിരുവനന്തപുരത്തെത്തി രണ്ടാമത്തെ കാര്യം ആദ്യം നടത്തി. പിന്നെ, വീണ്ടും മാലയുടെ വിലാസത്തിലേയ്ക്ക് വിളിച്ചു. ഇത്തവണ ഫോണിൽ സുഹൃത്തിന്റെ സഹോദരി ആയിരുന്നു, ഈ മാല ഇനി തൊട്ടു കിടക്കേണ്ട കഴുത്തിന്റെ ഉടമ..!  

"ഞങ്ങളൊരു പത്തുമിനുറ്റിൽ അവിടെയെത്തും, വീട്ടിലുണ്ടാകുമല്ലോ..?", എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി:

"ഉണ്ടാകും..ഞാൻ ചേട്ടനെ വെയിറ്റ് ചെയ്തു നിൽക്കുവാ...ചേട്ടനിവിടെ വന്നാൽ  കൂട്ടിക്കൊണ്ടു എന്റെ മാമന്റെ വീട്ടിൽ  വരാൻ പറഞ്ഞിട്ട്, അമ്മയും അച്ഛനും അങ്ങോട്ട് പോയി, മാമന്റെ സപ്തതി  ആഘോഷമാണവിടെ, ഇവിടെ അടുത്താ, രണ്ടു വീടിനു അപ്പുറം"...!

സുഭാഷിനോട് വിവരം പറഞ്ഞു.  "സപ്തതി  പുള്ളി ആഘോഷിച്ചോട്ടെ, നമുക്ക് മാല കൊടുത്തിട്ട് വന്ന് രണ്ടെണ്ണം അടിച്ച് ഹോട്ടലീന്ന് ഫുഡ് കഴിച്ച്  തിരിച്ചു പോകാം"..എന്നായിരുന്നു അവന്റെ പ്രതികരണം. 

"നമുക്ക് പോയിട്ട് വരാഡാ , എന്തായാലും, നീ വാ"  നിർബന്ധിച്ച്  അവനെയും കൂട്ടി പെങ്ങളുടെ അടുത്തേയ്ക്ക്.
കണ്ടപ്പോൾ ആദ്യം തന്നെ മാല കയ്യിൽ  കൊടുത്തു...ആ സ്വർണ്ണച്ചെപ്പിൽ കൈ തൊട്ടപ്പോളേ  കുട്ടിയുടെ മുഖമൊന്നു ചുവന്നു തുടുത്തു..!  അക്ഷയത്രിതീയയ്ക്ക് വീടുതേടിവന്ന മഞ്ഞഭാഗ്യത്തെ ഭദ്രമായി അലമാരയിൽ വച്ചശേഷം കുട്ടി വന്നു പറഞ്ഞു:

"ചേട്ടാ...നമുക്ക് മാമന്റെ വീട്ടില് പോകാം...വന്നാൽ ഉടനെ അങ്ങോട്ട് കൂട്ടി വരണമെന്ന് പറഞ്ഞിട്ടാ  അമ്മേം അച്ഛനും പോയെ..അവിടെയാ എല്ലാവർക്കും ഭക്ഷണം..നിങ്ങളും അവിടുന്ന് കഴിക്കണം.."

സുഭാഷിന് തീരെ താൽപ്പര്യം  ഇല്ലായിരുന്നു.  ഞാൻ വായ തുറക്കും മുന്നേ അവൻ പറഞ്ഞു..
"അയ്യോ..അതൊന്നും സാരോല്ല, പോയിട്ട് അത്യാവശ്യം ഉണ്ടാരുന്നു, ഇപ്പോൾ ഞങ്ങൾ പോട്ടെ..പിന്നെ ഒരിക്കൽ വരാം ?"

പെങ്ങളുടെ മുഖം വാടി.."ശ്ശൊ ...അങ്ങനെ പറയല്ലേ..എന്നെ അമ്മേം ഏട്ടനും വഴക്ക് പറയും, ഒന്നും ഇവിടൂന്നു കഴിക്കാണ്ട് നിങ്ങൾ പോവാച്ചാൽ"..!
എനിക്ക് വീണ്ടും സുഹൃത്തിന്റെ സങ്കട മുഖം ഓർമ്മ  വന്നു.
ഞാൻ സുഭാഷിനോട്:  "ഒന്ന് കേറീട്ട് പോകാഡാ , പരാതി വേണ്ട" എന്താ.." 
മനസ്സില്ലാമനസ്സോടെ അവൻ സമ്മതിച്ചു.

അങ്ങനെ സപ്തതി വീട്ടിലേയ്ക്ക്.
എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന ആളൊരു ബാലെ നടനെ പോലെ ഒരുങ്ങി എന്നേക്കാൾ ചെറുപ്പമായി നിൽപ്പുണ്ട് ..! 

ഷാമിയാന പന്തലും, ബന്ധുക്കളും, പിന്നെ കാറ്റിനൊരു  പരിപ്പിന്റെയും സാമ്പാറിന്റെയും മണവും..ആകെ ഒരു ഉത്സവമേളം ! 

ഞങ്ങളെ കണ്ട ഉടനേ  സുഹൃത്തിന്റെ അച്ഛനും അമ്മയും മണിഓർഡർ കൊണ്ട് വരുന്ന  പോസ്റ്റ്മാന്റെ അടുത്തേയ്ക്കെന്നപോലെ ഓടി വന്നു.  അടുത്ത് കണ്ട ചില ബന്ധുക്കളോട് ഞങ്ങൾ ആരെന്നൊരു ഇൻട്രൊഡക്ഷനും  കൊടുത്തു. 

രണ്ടു മണി നേരായിട്ടും വയറ്റിലോട്ടൊന്നും ചെല്ലാത്തതുകൊണ്ട് ഷാമിയാന പന്തലിലെ ഒഴിഞ്ഞ ഒരു കസേരയിൽ ഇരിക്കാൻ തുടങ്ങിയ സുഭാഷിനെ നോക്കി സുഹൃത്തിന്റെ അച്ഛൻ:

"ഇവിടെ ഇരിക്കണ്ട, അകത്തോട്ടിരിക്കാം..അവിടെയിരുന്നു കഴിക്കാം, വന്നാട്ടെ രണ്ടാളും..."

ദുരഭിമാനത്തെ വിശപ്പ് കീഴ്പ്പെടുത്തിയത് കൊണ്ട്, അച്ഛന്റെ ആ സ്നേഹവിളി മുഴുവൻ കേൾക്കും മുന്നേ സുഭാഷ് ചാടിയെഴുന്നേറ്റു നടന്നു, പിന്നാലെ ഞാനും..!

ബന്ധുക്കളായ സ്ത്രീജനങ്ങൾ തിങ്ങി നിന്നിരുന്ന ഒരു  മുറിയിൽ അവരെ വകഞ്ഞു മാറ്റി ഒരു മേശ സെറ്റ് ചെയ്തു..ഞങ്ങൾക്ക്  രണ്ടാൾക്ക്  കഴിക്കാൻ ഇലയിട്ടു. പച്ചടി തൊട്ടു ഇഞ്ചിക്കറി വരെയുള്ള 12 കൂട്ടം തൊടുകറിയും, തുമ്പപ്പൂ ചോറും, അതിൽ ചൂട് പരിപ്പും വന്നു...!  ഞങ്ങൾ ആരെന്നുള്ള സ്ത്രീകളുടെ പുരികത്തിന്റെ ചോദ്യങ്ങള്ക്ക് സുഹൃത്തിന്റെ അമ്മ ഉത്തരം കൊടുക്കുന്നുണ്ടായിരുന്നു.  ചൂട് പരിപ്പിൽ നെയ്യ് ഉമ്മവച്ചപ്പോൾ സുഭാഷ് ഉരുള ഉരുട്ടി, അത് ചുണ്ടോടു അടുപ്പിക്കുമ്പോളാണ് ബന്ധുവായ ഒരു അമ്മച്ചിയുടെ ചോദ്യം:
"അപ്പോൾ നിങ്ങൾ ആണ് വിളിക്കാതെ ഇവിടെ സപ്തതി കൂടാൻ വന്നവർ  അല്ലേ ..........!!!!!"

സുഭാഷിന്റെ ഉരുള ഇലയിൽ വീണൊളിച്ചു.

"ഇങ്ങനെ വേണം...വിളിക്കാതെ വേണം വരാൻ.."അമ്മച്ചി പിന്നെയും..

"നിങ്ങളെ ദൈവം വിട്ടതാ "..

സുഭാഷിന്റെ മുഖത്ത് നോക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു.

ആ റൂമിൽ മറ്റാരും കേൾക്കാതെ അവൻ എന്റെ ചെവിയിൽ  പറഞ്ഞു:

"എന്തിന്റെ കുറവുണ്ടായിട്ടാഡാ നാറീ ഇത് കേൾക്കാൻ എന്നെയും കൂട്ടിയത്"..? നല്ലവാക്കു ഞാൻ പറഞ്ഞതാ പോയി രണ്ടെണ്ണം അടിച്ചിട്ട് വീട്ടിൽ  പോകാമെന്ന്...ഇനി  ഫുള്ളടിച്ചാലും ഈ നാണക്കേട്‌ മാറൂല്ല !"

ഇപ്പോഴും അക്ഷയത്രിതീയ വരുമ്പോൾ ആ അമ്മച്ചീടെ ശബ്ദംവും അന്ന്  ആ  മുറിയിലെ ചേച്ചിമാരുടെ അടക്കിപ്പിടിച്ച ചിരിക്കും  കാതിൽ കേൾക്കും ..!

ആ "തിരോന്തോരത്തെ" സുഹൃത്ത്‌ ഈ പോസ്റ്റ്‌ വായിച്ചാൽ കമ്മന്റ് ഇൻബോക്സിൽ വന്നിടണമെന്നു അപേക്ഷിക്കുന്നു. 


7 comments:

 1. സുഭാഷ് ആയതോണ്ട് അത്രയുമേ പറഞ്ഞുള്ളൂല്ലോ. അതോർത്ത് സമാധാനിക്കാം

  ReplyDelete
 2. ഹ..ഹ..കൊള്ളാട്ടോ അക്ഷയ ത്രിതീയയ്ക്ക് കിട്ടുന്നതൊന്നും നഷ്ട്ടപ്പെടില്ല .. പോരാത്തതിനു ഇരട്ടി ഉണ്ടാകും എന്നാണ് പഴമക്കാർ പറയുന്നത് .. പാവം എന്തായാലും വയറു നിറയെ ചീത്ത കിട്ടി അല്ലെ ... നന്നായി എഴുതി .. വായിക്കാൻ രസമുണ്ടായിരുന്നു .

  ReplyDelete
 3. അക്ഷയതൃതീയയും,സപ്തതിയാഘോഷവും ഒരേനാളില്‍ വന്നതില്‍, ഹാ കഷ്ടം.
  ഇനിയും 'കൊണ്ടുകൊടുക്കല്‍'പരിപാടിക്കൊരു വൈമുഖ്യം കാണും.
  രസകരമായി അവതരിപ്പിച്ചു.
  ആശംസകള്‍

  ReplyDelete
 4. ഹ..ഹ..കൊള്ളാട്ടോ, വിളിക്കാതെ ഉണ്ണാന്‍ ഇരുന്നവര്‍

  ReplyDelete
 5. വിളിക്കാതെ ചെന്നാലെന്താ..ഒടുക്കത്തെ ഐശ്വര്യമല്ലെ മേടിച്ച് അലമാരയില്‍ വെച്ചത്. :)

  ReplyDelete
 6. അക്ഷയതൃതീയയും,സപ്തതിയാഘോഷവും
  ഒന്നിച്ച് കൂടി ഐശ്വര്യം പോകാതെ കാത്ത് സൂക്ഷിച്ചല്ലോ ...അത് മതി

  ReplyDelete
 7. കൊള്ളാം രസകരമായ വിവരണം..തൊലിക്കട്ടി കുറവായതാണ് പ്രശ്നം..ആശംസകൾ  ReplyDelete