Tuesday, November 13, 2012

പ്രിയ സഖീ.......

പ്രിയ സഖീ.......
ഇപ്പോള്‍ ഞാനൊരു വെള്ളരിപ്രാവാണ്.......
എന്റെ ശരീരത്തില്‍ നിന്നും നിന്നോടുള്ള പ്രണയത്താല്‍ തുടിക്കുന്ന ആത്മാവിനെ ഞാനീ വെണ്‍പിറാവില്‍ സന്നിവേശിപ്പിക്കുന്നു. എനിക്ക് പലവര്‍ണ്ണങ്ങള്‍  ഉള്ള തൂവലുകള്‍ ഉണ്ട്...നിന്നോടുള്ള ഇഷ്ടത്തിന്‍റെ ആകാശ നീല നിറമുള്ള തൂവല്‍, എന്‍റെ ആത്മാനുരാഗത്തിന്‍റെ സ്വര്‍ണ്ണ വര്‍ണ്ണമുള്ള തൂവല്‍..പ്രായവും കാലവും തന്ന വെള്ളികെട്ടിയ തൂവല്‍.....ഉഷ്ണം പുകയുന്ന മോഹങ്ങള്‍ വളര്‍ത്തിയ ചുവപ്പ് തൂവല്‍..

ഈ തൂവല്‍ക്കെട്ടുകള്‍ക്കിടയില്‍ നിനക്കായി മിടിക്കുന്ന കുഞ്ഞു കിളിമനസ്സുമായി ഞാന്‍...
എന്‍റെ കണ്ണുകള്‍ നിന്നെ തിരയുന്നുണ്ട്...

നിന്നെ കാണാമെന്ന പ്രതീക്ഷയുടെ വെയില്‍ വെളിച്ചം ദൂരെ കാണുന്നുണ്ട്...
ഞാന്‍ പറക്കാന്‍ തുടങ്ങുകയാണ്.......
നിന്‍റെ ഹൃദയത്തിലേക്ക് ഞാനിറക്കിയ പ്രണയത്തിന്‍റെ വേരുകളില്‍ ഉറച്ചു നില്‍ക്കുന്ന ആ ജീവന്‍റെ മരത്തില്‍ കൂടുകൂട്ടാന്‍.....
നീ എന്നിലെയ്ക്കൊഴുക്കിയ ആര്‍ദ്രമായ സ്നേഹത്തെ അമര്‍ത്തി ചുംബിച്ചു കൊണ്ട് ഞാനിതാ പറന്നുയരുന്നു......
ഇനിയൊരുപാടു  സ്നേഹം എന്നില്‍ നിറച്ചുവച്ച് കാത്തിരുന്നാല്‍ ഈ കുഞ്ഞു ഹൃദയം പൊട്ടി പോകുമെന്ന് ഞാന്‍ ഭയക്കുന്നു, ഇത് നിനക്ക് പകര്‍ന്നു തരണം, ചൂടോടെ.....ആശാമരത്തില്‍
കൂടുകൂട്ടി  കാത്തിരിക്കുന്ന എന്‍റെ കിളിയമ്മയ്ക്ക്..

കുടമുല്ലപ്പൂക്കളുടെയും നന്ത്യാർവട്ടങ്ങളുടെയും നാലുമണിപ്പൂക്കളുടെയും കാതില്‍ കാറ്റ് വന്നു മൃദുവായി പറയുന്നു "നമുക്ക് കൊക്കുരുമ്മി ഇരിക്കാം..സ്വപ്നങ്ങള്‍ കൈമാറാം.. ഈ ദിനം ആഘോഷമാക്കാം"...
അതുപോലെ നിന്‍റെ മൊഴിമുത്തുകളെ എന്‍റെ കാതിനു അമൃതഗാനമാക്കാന്‍, നിന്‍റെ നീളന്‍ വിരലുകള്‍ കൊണ്ട് നീ എന്‍റെയുള്ള് തൊട്ടുണര്‍ത്തുമ്പോൾ നിന്‍റെ അദൃശ്യമായ സുഗന്ധ സാമീപ്യം അറിയാന്‍, ഞാന്‍ വരാം.....
എനിക്ക് ശ്വസിക്കാന്‍ നിന്‍റെ മുടിയിലൊരു  തുളസ്സിക്കതിരും, സ്നേഹമുദ്ര പതിപ്പിച്ച  പോലെയൊരു കുങ്കുമപ്പൊട്ട് ആ നെറ്റിയിലും വേണം...
നിന്നടുത്തെത്തുമ്പോള്‍ എന്‍റെ ചുണ്ടുകള്‍ ആ  കവിള്‍ത്തടത്തില്‍ ചുവന്ന അക്ഷരത്തില്‍ ഒരു വാക്ക് വരക്കും........
അത് "എനിക്കുസ്വന്തം" എന്നായിരിക്കും...........
വീണ്ടുമൊരു പ്രണയ കാവ്യമെഴുതാന്‍ ഈ മഞ്ഞുകാല സായാഹ്നത്തില്‍ ഞാനിരിക്കുന്നു..........
കടല്‍ക്കാഴ്ച്ചകളിലേക്ക്   തുറക്കുന്ന ഈ ജാലകചില്ലുകളില്‍ തണുത്തകാറ്റ് ചീറിയടിക്കുന്നു.
അകലങ്ങളില്‍ നിന്നും നിന്നെ തഴുകി, നിന്‍റെ കവിളിന്‍ ശോണിമ കട്ടെടുത്ത്  സന്ധ്യക്ക്‌ നിറം  പാകി, ഈ കള്ളസൂര്യന്‍ എന്‍റെ കയ്യെത്തും ദൂരത്തുണ്ട്‌.

ഒരു ലജ്ജയില്ലാതെ വീണ്ടും പറയട്ടെ......നിന്‍റെ പ്രണയത്താല്‍ ഞാന്‍ അധീരനായിരിക്കുന്നു!!!
ഇനിയൊരു സന്ധ്യവരെ കാത്തിരിക്കാം,
 നിന്നെ തഴുകി എന്നരികില്‍ എത്തുന്ന ഈ കാറ്റിന്‍റെ സുഗന്ധം മുകരാന്‍...
നിന്‍റെ ചിരിയുടെ ചുവന്ന കുപ്പിവളക്കിലുക്കം  ഈ തിരമാലയുടെ ഇരുമ്പലില്‍ നിന്നും വേര്‍തിരിച്ചറിയാന്‍........
അനന്തതയില്‍ പൂക്കുന്ന നീല ശങ്ഖുപുഷ്പങ്ങള്‍ ഇറുത്തു, വിറയ്ക്കുന്ന കൈകള്‍ കൊണ്ട് നിന്‍റെ നനഞ്ഞ മുടിച്ചാര്‍ത്തി   തിരുകാന്‍..
ജലബിന്ദുക്കള്‍ ഉമ്മവയ്ക്കുന്ന ശങ്ഖു കടഞ്ഞ നിന്‍റെ കഴുത്തഴകില്‍ കുസൃതിയോടെ അധരം കൊണ്ട് ചിത്രമെഴുതാന്‍.......നിന്‍റെ നീല നയനങ്ങളില്‍ എന്‍റെ തണുത്ത വിരല്‍ കൊണ്ട് പ്രണയത്തിന്‍റെ അന്ജ്ഞനമെഴുതാന്‍....
ഞാനീ  മണ്ണില്‍ പൂത്ത മോഹങ്ങളെ  മരതകവള്ളികള്‍ കൊണ്ട് മെടഞ്ഞ ഒരു പൂക്കൂടയില്‍ ഒതുക്കി പിടിച്ച്,  പ്രണയത്തിന്‍റെ മുകില്‍ മുല്ല കുടവിരിയിച്ച മാനത്തെ കുടിലിന്‍ ജനാലക്കരുകില്‍, മുക്കൂറ്റി കമ്മലിട്ടു കാത്തിരിക്കുന്ന നിന്നരികത്തേക്ക്,  കുങ്കുമക്കാറ്റിന്‍റെ ചിറകില്‍ പറന്നുയര്‍ന്ന് വരുന്നു..
പൂനിലാവും,ഇളവെയിലും ചാലിച്ചെടുത്ത് ഞാന്‍ തന്ന ഈ ചുംബനം, നിന്‍റെ  തുടുനെറ്റിയില്‍ എന്‍റെ  പ്രണയാക്ഷരമായി വിളങ്ങും............
സുഖഗന്ധമെഴുന്ന ഈ അനുരാഗം എന്നും എന്‍കൂടെ ഉണ്ടാകട്ടെ............

18 comments:

  1. പ്രണയം എപ്പോഴും പൈങ്കിളി തന്നെ ആകും, എങ്കിലും എനിക്കിങ്ങനെ എഴുതി വക്കാന്‍ ഇഷ്ടമാകുന്നു.......

    വായിക്കുന്നവര്‍ ക്ഷമിക്കുമല്ലോ..............

    :) സ്നേഹത്തോടെ മനു.........

    ReplyDelete
  2. പ്രിയപ്പെട്ട മനു,

    ഈ വെള്ളരിപ്രാവ്‌ എത്ര ആര്‍ദ്രമായി സംസാരിക്കുന്നു.



    ''ഞാനീ മണ്ണില്‍ പൂത്ത മോഹങ്ങളെ മരതകവള്ളികള്‍ കൊണ്ട് മെടഞ്ഞ ഒരു പൂക്കൂടയില്‍ ഒതുക്കി പിടിച്ച്, പ്രണയത്തിന്‍റെ മുകില്‍ മുല്ല കുടവിരിയിച്ച മാനത്തെ കുടിലിന്‍ ജനാലക്കരുകില്‍, മുക്കൂറ്റി കമ്മലിട്ടു കാത്തിരിക്കുന്ന നിന്നരികത്തേക്ക്, കുങ്കുമക്കാറ്റിന്‍റെ ചിറകില്‍ പറന്നുയര്‍ന്ന് വരുന്നു..''

    എത്ര മനോഹരം ഈ വരികള്‍ !

    ഒരു നീണ്ട ഇടവേളയ്ക്കു ശേഷം, എഴുതിയ ഈ പോസ്റ്റ്‌ ഹൃദ്യം !

    ''എന്റെ സ്വന്തം'' രണ്ടു വാക്കല്ലേ, മനു?:)

    അനുരാഗവിലോചനനായി ..............എഴുതിയ വരികള്‍ വളരെ നന്നായി, കേട്ടോ.

    ഹാര്ദമായ ശിശുദിനാശംസകള്‍ !

    സസ്നേഹം ,

    അനു

    ReplyDelete
  3. പ്രണയം പൈങ്കിളിയാവണം അത് ആസ്വദിക്കുന്നത് കൊണ്ടാണ് അത് പൈങ്കിളി എന്ന് വിളിക്കപ്പെടുന്നത്

    പ്രിയ സഖീ.......
    ഇപ്പോള്‍ ഞാനൊരു വെള്ളരിപ്രാവാണ്.......

    ReplyDelete
  4. പ്രണയകാവ്യം നന്നായിട്ടുണ്ട്

    ReplyDelete
  5. സുഖഗന്ധമെഴുന്ന ഈ അനുരാഗം എന്നും എന്‍കൂടെ ഉണ്ടാകട്ടെ............

    ReplyDelete
  6. പൈങ്കിളീ മലര്‍ത്തേന്‍കിളീ

    ReplyDelete
  7. pranayikkunna alla igane pranju kelkkan aarum agrahikkum...nalla bhavanakal..aashamsakal...

    ReplyDelete
  8. ഞാന്‍ ഈ വഴി പറന്നിട്ടില്ല :) :) :)

    ReplyDelete
    Replies
    1. ആഹാ...വെള്ളരിപ്രാവ്‌ വന്നല്ലോ......:) അതെനിക്ക് ഇഷ്ടായി....

      Delete
  9. എന്നും കൂടെ ഉണ്ടാവട്ടെ

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ഇതാണല്ലെ പൈങ്കിളി സാഹിത്യം....!?

    ReplyDelete
  12. പക്കാ പൈങ്കിളി :)

    ReplyDelete
    Replies
    1. ആദ്യമേ ജാമ്യം എടുത്തു............... ;)

      Delete
  13. എത്രയെഴുതിയാലും തീരാത്ത എന്തോ ഒരു സാധനമാകുന്നു ഈ പ്രണയം!

    കൂടികൂട്ടി എന്നത് കൂടുകൂട്ടി എന്നാക്കുമല്ലോ?

    ReplyDelete
  14. പ്രണയം എന്നും ബുദ്ധിജീവികള്‍ക്ക് പൈങ്കിളി തന്നെ ആണ് ...എങ്കിലും ...പ്രണയം ഒരു സുഖം പകരുന്ന വികാരമാണ് ..ഈ ബുദ്ധിജീവികളെ പ്രണയിച്ചാല്‍ പോലും :P
    ആശംസകള്‍

    ReplyDelete
  15. മൌനം പങ്കു വെക്കുന്ന ഈ പ്രണയം എത്ര മനോഹരമാണ്!
    ചുണ്ടുകള്‍ പറയാന്‍ മടിക്കുന്ന പ്രണയ സ്വപ്‌നങ്ങള്‍....
    മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന പട്ടുപോലുള്ള പ്രണയം.
    സ്വപ്നങ്ങളില്‍ നിന്നും തൊട്ടെടുത്ത മയില്‍‌പീലി വര്‍ണങ്ങള്‍ ഉള്ള അക്ഷരങ്ങള്‍....
    "ഞാന്‍ പറക്കാന്‍ തുടങ്ങുകയാണ്...നിന്‍റെ ഹൃദയത്തിലേക്ക് ഞാനിറക്കിയ പ്രണയത്തിന്‍റെ വേരുകളില്‍ ഉറച്ചു നില്‍ക്കുന്ന ആ ജീവന്‍റെ മരത്തില്‍ കൂടുകൂട്ടാന്‍.....നീ എന്നിലെയ്ക്കൊഴുക്കിയ ആര്‍ദ്രമായ സ്നേഹത്തെ അമര്‍ത്തി ചുംബിച്ചു കൊണ്ട് ഞാനിതാ പറന്നുയരുന്നു..."
    ആകാശങ്ങളില്‍ തൊട്ടു പറന്നുയരാം...മേഘങ്ങളില്‍ പേരെഴുതി വക്കാം?
    ഒരിടവേളക്ക് ശേഷം നല്ല ഒരു പോസ്റ്റ്‌
    പ്രണയത്തിന്റെ രാജകുമാരാ....
    ഒരുപാട് ഇഷ്ടായീട്ടോ .....
    ദേവുസ്സ്

    ReplyDelete