Thursday, October 27, 2011

എന്‍റെ മണികുഞ്ഞിന്.......

ന്റേയും, ഞാന്‍ സ്വപ്നം കണ്ടിരുന്ന എന്‍റെ മണികുഞ്ഞിന്റെയും ഹൃദയത്തെ കൂട്ടിയിണക്കുന്ന പൊന്‍തൊട്ടിലിന്‍റെ   നേര്‍ത്ത പട്ടുനൂല്‍ ചരട്,   എനിക്ക് സന്തോഷങ്ങള്‍ മാത്രം തരുന്ന സ്വാമി പോലും അറിയാതെ പോട്ടിപോയിരിക്കുന്നു...എന്‍റെ കരള്‍ കൂമ്പിനു ഉണങ്ങാത്ത മുറിവേല്‍പ്പിച്ചു കൊണ്ട്......

ഈ രാത്രി.....മനസ്സ് ഒരുപാട് അസ്വസ്ഥമാണ്...എന്‍റെ ചോരയില്‍ കുരുത്ത ഒരു പവിഴമല്ലി പൂമൊട്ടിനെ വിടരും മുന്‍പേ, പുലരിയെത്തും മുന്‍പേ... രാത്രിയുടെ കാണാകൈകള്‍ കൊണ്ട് ആരോ നുള്ളിയെടുത്തു.. എല്ലായിടത്തും  ഇരുട്ട് മാത്രം..ആകെ ഉണ്ടായിരുന്ന ചെറുവെളിച്ചവും  തിരിച്ചെടുത്ത്‌ മിന്നാമിന്നികളും പറന്നകലുന്നു......

മാഞ്ഞു പോകുന്ന മഴവില്ലിന്‍റെ  ആയുസ്സെ എന്‍റെ സ്വപ്നങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ..എങ്കിലും എന്‍റെ മറവിക്കും മായ്ക്കുവാന്‍ കഴിയുമോ ഞാന്‍ സ്വപ്നം കണ്ടിരുന്ന ആ കുഞ്ഞു മുഖം..കുഞ്ഞി കൈകള്‍ നുണഞ്ഞു ഉറക്കത്തില്‍ ചിരിച്ചു തൊട്ടിലില്‍ കിടക്കുന്ന നിനക്കായി ഞാന്‍ മനസ്സില്‍ താരാട്ട് പാടിയിട്ടുണ്ട്..  തൊട്ടിലാട്ടിയിട്ടുണ്ട് ..പെയ്തൊഴിയാത്ത പേമാരിയാണ് എന്‍റെ സ്വപ്‌നങ്ങള്‍ .. ഒരു രാത്രി കൊണ്ട് ആ വെള്ള മേഘങ്ങള്‍ക്ക് മുകളില്‍  കറപുരണ്ട കാര്‍മേഘം വന്നു കൂടണഞ്ഞു. നോവിന്‍റെ നേര്‍ത്ത സൂചി കൊണ്ട് കുത്തുംമ്പോളും സ്വപ്നം കണ്ടു നടന്ന ഓരോ നിമിഷങ്ങളും ഇനിയും മറക്കാനായിട്ടില്ല..

 " ആ വഴി മറന്നേക്കു ..അത് വിജനമായി, ഇനി മറ്റൊരു പാതയിലൂടെ ഒരു ഇടവേളയ്ക്കു ശേഷം നടക്കാം" എന്ന് ആശ്വസിപ്പിക്കുന്നു  പ്രിയപ്പെട്ടവര്‍. വഴിമാറി നടക്കാന്‍ ഒരടി പിന്നോട്ട് വച്ച് വെറുതെ പിന്നെയും തിരിഞ്ഞു നോക്കിയപ്പോള്‍, ആരെയോ തേടി വിലപിക്കുന്ന എന്‍റെ ആത്മാവിനെ കാണാമായിരുന്നു എനിക്ക്..എന്‍റെ സ്വപ്നങ്ങളെ നിന്‍റെ പ്രതീക്ഷകള്‍  കൊണ്ട് എന്തിനാണ് കുഞ്ഞേ നീ ഉണര്‍ത്തിയത്??

ഉയരങ്ങളിലേയ്ക്കു പറക്കാന്‍ കൊതിച്ച്  ചിറകറ്റ വീണു പോയ ഞാന്‍ ഇവിടെത്തന്നെ ഉണ്ട്..നിന്നെയും കാത്തു..നീ തിരികെ വരും വരെ ഞാന്‍ പോകില്ല..ഇവിടെ ഞാനുണ്ട്,നോക്കൂ..എന്‍റെ ഹൃദയത്തില്‍ നീ പോയ നോവിന്‍റെ സൂചി തറച്ച പാടുകള്‍..പക്ഷെ ..അവിടെ ഇപ്പോഴും നിന്നോടുള്ള സ്നേഹത്തിന്റെ  ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...നിന്നെ വാരിയെടുത്ത് ആ മണിച്ചുണ്ടില്‍ തരാന്‍ കരുതിവച്ച ഒരു അച്ഛന്റെ മുത്തം ഉണ്ട്..എന്റെ മനസ്സുണ്ട്..നീ തിരികെ വരാന്‍ എന്‍റെ ആയുസ്സുകൊണ്ട് ഞാന്‍ കണ്ണന് തുലാഭാരം നേര്‍ന്നു കാത്തിരിക്കും......

പലപ്പോഴും തോന്നിയിട്ടുണ്ട് ജീവിതം ഒരു സിനിമപോലെയാണെന്ന്..കാരണം ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളകളെ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ഓര്‍മകളാക്കുന്നത്..അതുപോലെ തന്നെ, അല്ലെങ്കില്‍  അതിനെക്കാള്‍ എത്രയോ ചുരുങ്ങിയ സമയത്തിലൂടെയാണ് എന്‍റെ ഓരോദിനവും ഓരോ സംഭവങ്ങള്‍ കടന്നുപോകുന്നത്..പെയ്തിറങ്ങിയ നിലാവുകളെ പ്രണയിച്ച കാലവും, വിടവാങ്ങലിന്‍റെ  കണക്കുകള് സൂക്ഷിച്ച കാലവും,ഇന്ന് വേദനകളുടെ കറുത്ത ജാലകം മുന്നില്‍ തുറന്നപോലെ ഈ സങ്കടവും എല്ലാം  എനിക്കു മുന്നില്‍ തെളിയുമ്പോള്‍ അതെല്ലാം ഒരു സിനിമാകഥ പോലെ തോന്നുന്നു.....

പ്രത്യാശനല്‍കുന്ന ആശ്വാസത്തോടെ നല്ല നാളെയുടെ  സുന്ദരമായ കാഴ്ചലഭിക്കാന്‍ ഒരുപാട് മോഹങ്ങള്‍ കൊണ്ട് അലങ്കരിച്ചതോണിയില്‍ തുഴഞ്ഞുപോകവെ കൂട്ടിനെത്തിയ ഒരു സുവര്‍ണ്ണപുഷ്പം, ആ സ്നേഹത്തിന്റെ തീക്ഷ്ണത,നൊമ്പരം അവയെല്ലാം എന്നെ മറ്റൊരു ഞാനാക്കിമാറ്റി, പുതിയ അനുഭവങ്ങള്‍ കൊണ്ട്....സ്വാമിയോട് പോലും പരിഭവം ഇല്ല ....

ഇന്നലെയുടെ തീരത്തുനിന്നും വന്ന് ഇന്നിലൂടെ കടന്ന് നാളെയുടെ തീരത്തിലേയ്ക്ക് അകലുന്ന ഒരു കാലപ്രവാഹം..
ഈ കാലപ്രവാഹത്തില്‍ ഓര്‍മകളുടെ കണ്ണുനീര്‍ത്തുള്ളികള്‍ക്കായ്...ഇത് എന്റെ സ്വപ്നഭൂമിയിലെ നിറവാര്‍ന്ന നിഴലുകള്‍.!!

11 comments:

  1. നന്നായിട്ടുണ്ട് മനൂ.
    പെട്ടൊന്ന് മനസ്സില്‍ കയറുന്ന ലളിതമായ ഭാഷയും അവതരണവും.
    ആശംസകള്‍

    ReplyDelete
  2. ശെരിയാണ്‌ മനു പറഞ്ഞത് നാമോരുത്തരുടെയും ജീവിതം ഒരു സിനിമ പോലെയാണ് വളരെ നല്ല ആശയം നന്നായിട്ടുണ്ട് അഭിനന്തനങ്ങള്‍ വിനയന്‍

    ReplyDelete
  3. @ മന്‍സൂര്‍ .........
    സ്നേഹപൂര്‍വ്വം പറഞ്ഞ അഭിപ്രായത്തിനു നന്ദി അറിയിക്കുന്നു.......

    @ വിനയന്‍...

    മനസ്സോഴുകും വഴിയിലേക്ക് സ്വാഗതം........അഭിപ്രായം അറിയിച്ചതിലുള്ള സന്തോഷം സ്നേഹത്തോടെ അറിയിക്കുന്നു.

    ReplyDelete
  4. മനു,
    വല്ലാതെ സങ്കടമാക്കി ഈ എഴുത്ത്..ചെമ്പകപ്പൂമണം ഉള്ള പ്രണയത്തില്‍ നിന്നും പെട്ടെന്ന് എന്തെ ഇങ്ങനെ ഒരു മാറ്റം? ഇതൊരു കഥയായി തന്നെ വിശ്വസിക്കാനാണ് എനിക്ക് തോന്നുന്നത്, വെറും കഥ..ഈ മൂട് മാറ്റാന്‍ സന്തോഷകരമായ മറ്റൊന്ന് ഉടനെ എഴുതൂ..

    സ്നേഹത്തോടെ ശാലിനി.

    ReplyDelete
  5. ente manasil undu. but parayilla. no comment

    ReplyDelete
  6. @ ശാലിനി,
    എല്ലായ്പ്പോഴും മനസ്സ് ഒരേ വഴിക്ക് ഒഴുകുകയില്ലല്ലോ..കഴിഞ്ഞു പോയ കാര്യങ്ങള്‍ പിന്നീടു പറയുമ്പോള്‍ എപ്പോഴും കഥകള്‍ തന്നെയാണ് ശാലിനീ.. അത് കൊണ്ട് ഇതും ഒരു കഥയാകും.. അഭിപ്രായത്തിനു നന്ദി..

    @ AAN ,മനസ്സൊഴുകും വഴിയിലേക്ക് സ്വാഗതം..മനസ്സിലുള്ളത് പറയാന്‍ ആണല്ലോ സുഹൃത്തേ ബൂലോകവും, അതിന്‍റെ കമന്റ്‌ എന്ന ഭാഗവും..എന്തായാലും ഈ സന്ദര്‍ശനത്തിനു നന്ദി...

    സ്നേഹത്തോടെ മനു..

    ReplyDelete
  7. ഇന്നലെകൾ ജീർണ്ണിച്ച മണ്ണിൽ നിന്നും ഇന്നിന്റെ ജീവരസം ഊറ്റിക്കുടിക്കൂ.. കാലത്തിനും ഋതുഭേദങ്ങൾക്കും കടപുഴക്കിക്കളയാനാവാത്ത പ്രതീക്ഷയുടെ പുത്തൻ നാമ്പുകൾ തളിരിടട്ടെ...

    ReplyDelete
  8. മനു..
    ജീവിതം പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലൂടെ ചിലപ്പോള്‍ നമ്മെ കൊണ്ടുപോകും,താങ്ങാന്‍ കഴിയാത്ത സങ്കടങ്ങള്‍ തരും. കാലപെരുമഴയില്‍ കുറെയൊക്കെ ഒഴുകിപ്പോകും, മറ്റു ചിലത് നമ്മള്‍ ഒഴുക്കി കളയണം. പിന്നെയും ചിലത് അത്രമേല്‍ വിലപ്പെട്ട, അമൂല്യമായ ചിലത് ഹൃദയത്തില്‍ സൂക്ഷിക്കാം. പൊള്ളുന്ന ഓര്‍മകള്‍ക്ക് മേല്‍ തണുപ്പ് പകര്‍ന്നു ഒരു മഴ പെയ്യട്ടെ എന്ന് ആശംസിക്കുന്നു.
    -സ്നേഹപൂര്‍വ്വം അവന്തിക

    ReplyDelete
  9. അവന്തിക,
    കാലം ഓരോരുത്തര്‍ക്കും സൂക്ഷിച്ചു വച്ചിരിക്കുന്ന ചിലതുണ്ട്..ജീവിത യാത്രയില്‍ അപ്രതീക്ഷിതമായി അഭിമുഖീകരിക്കേണ്ട പലതും..ചിലതൊക്കെ എപ്പോഴും ഓര്‍ക്കേണ്ടി വരും...ചിലത് കാലം തന്നെ മനസ്സില്‍ നിന്ന് മായ്ച്ചു കളയും...സ്നേഹത്തോടെയുള്ള അഭിപ്രായം അറിയിച്ചതില്‍ സന്തോഷിക്കുന്നു...
    ശുഭദിനം ആശംസിച്ചു കൊണ്ട് മനു..

    ReplyDelete
  10. നാളെയുടെ പുലരി നമുക്കായി വിടരും.... നന്മയുടെ നൂലിഴ കെട്ടിയ ഒരു കുഞ്ഞു തോട്ടില്‍ ..അതില്‍ നമ്മുടെ പ്രാര്‍ത്ഥനയുടെ പുണ്യം ..പ്രതീക്ഷ നിര്‍ഭരമായ നാളുകള്‍ .....സ്വാമി അനുഗ്രഹിക്കട്ടെ

    ReplyDelete
  11. ലളിതമായ ശൈലിയില്‍ മനോഹരമായ അവതരണം. ആശംസകള്‍.

    ReplyDelete