Sunday, May 26, 2013

വിശ്വാസത്തിന്റെ കണ്ണാടി

രണ്ടായിരത്തിപ്പത്തിലെ ഒരു ഡിസംബർ രാത്രി. അച്ഛന്റെ ഷഷ്ടി പൂർത്തി ആഘോഷത്തിന് ഗൾഫിൽ നിന്നും വിരുന്നു വന്നതാണ് കിഷോർ. രാത്രി ഫ്ലയിറ്റിൽ തിരുവനന്തപുരത്ത് വന്നിറങ്ങി, വീട്ടിലേക്കുള്ള യാത്രയിൽ അനന്തപുരി നിറയെ ക്രിസ്തുമസ് വരവറിയിച്ചു കൊണ്ട് പലവർണ്ണങ്ങളിൽ ഉള്ള നക്ഷത്രങ്ങൾ സ്വാഗതം പറയുന്നു. കാർ ഗേറ്റിൽ എത്തിയപ്പോൾ നിലാവിന്റെ കരനെയ്ത നേരിയതുടുത്തു അമ്മ വെളിയിൽ നില്പ്പുണ്ട്. അടുത്തെത്തിയപ്പോൾ പതിവുപോലെ കെട്ടിപ്പിടിച്ച് അവന്റെ നെറുകയിൽ ഒരു വാത്സല്ല്യ മുത്തം കൊടുത്തു.


നാട്ടിൽ വരുന്നുണ്ടെന്നു നേരെത്തെ കൂട്ടുകാരോട് പറഞ്ഞിരുന്നത് കൊണ്ട്, അധികം വൈകാതെ ഫോണിൽ പലരുടെയും നമ്പർ തെളിഞ്ഞു. 'ജലസേചന' സദസ്സിൽ ഇന്ന് ഗൾഫിൽ നിന്നും സ്കോട്ച്ച് വിരുന്നെത്തുന്നതും  കാത്ത് അക്ഷമരായി കാത്തിരിക്കുകയാണ് അവർ.

മഞ്ഞു പെയ്യുന്ന രാത്രി.

നാലഞ്ചു മെഴുകുതിരികൾ ആലസ്യത്തോടെ എരിയുന്ന വട്ടമേശക്കു ചുറ്റുമിരിക്കുന്ന എല്ലാവരുടേയും ആരാധനക്കണ്ണുകൾ നീളുന്നത് കറുത്ത പർദ്ദ ഇട്ടു വിരുന്നുവന്ന ആ സുന്ദരിക്കുപ്പിയിലേക്കാണ്. മൂന്നാല് ആണുങ്ങൾ ഇങ്ങനെ ആർത്തിയോടെ നോക്കിയാൽ അതിനു പോലും നാണം തോന്നില്ലേ?

സമയം വൈകിക്കാതെ ലഹരിയുടെ പാനപാത്രങ്ങൾ വറ്റിക്കാൻ നാലാളും തീരുമാനിച്ചു . ജലോത്സവത്തിന് തുടക്കം കുറിച്ച് ചിയേർസ്സ് പറഞ്ഞ് ചില്ലുഗ്ലാസ്സുകളുടെ ചുണ്ടുകൾ തമ്മിൽ മുത്തം കൊടുത്തു.


തണുത്ത നിലാവിൽ ഭൂമി ഒരു വലിയ വിസ്കി ഗ്ലാസ്സിലെ ഹിമക്കട്ട പോലെ..!

ഈ വർഷം കള്ളുകുടി നിറുത്തണം- എന്നൊക്കെയുള്ള എവിടെയുമെത്താത്ത തീരുമാനങ്ങൾക്ക് വിരാമം ഇട്ടു സഭ പിരിച്ചു വിട്ടതായി പഞ്ചായത്ത് മെമ്പർ അജേഷ് അറിയിച്ചു.


തിരികെ വീട്ടിൽ എത്തിയപ്പോൾ അടുക്കളയിൽ നിന്നും സ്പൈസിയായ ഒരു കാറ്റുവന്നു മൂക്കിൽ ഉമ്മ വച്ച ശേഷം സ്വീകരണ മുറി ചുറ്റിക്കറങ്ങി പുറത്തേക്കു പോയി. മകന് പ്രിയപ്പെട്ട ചിക്കൻ 65 എണ്ണയിൽ വറുത്തു കോരുകയാണ് പാവം അമ്മ.

അച്ഛൻ ഈയിടയായി തീരെ റൊമാന്റിക്‌ അല്ല, ഇന്ന് അമ്മയെ കണ്ടാൽ ഹേമമാലിനിയെ പോലെയുണ്ട്. സുന്ദരിയമ്മ..!!

കിഷോറിന്റെ കമ്മന്റ് കേട്ടപ്പോൾ പൂമുഖത്തെ ചെമ്പകം പോലെ അമ്മയുടെ മുഖം ഒന്ന് പൂത്തുലഞ്ഞെങ്കിലും "പോടാ നിന്നു കൊഞ്ചാതെ, അടി മേടിക്കും നിനക്ക്" എന്നേ  പറഞ്ഞുള്ളൂ .


മക്കൾക്ക്‌ എത്ര അടുത്താണ് ഇന്നത്തെ അമ്മ, നല്ല കൂട്ടുകാരെ പോലെ. ഭംഗിയുള്ള കണ്ണാടിയുടെ ഇരുവശങ്ങൾ പോലെ.


ഭക്ഷണം കഴിഞ്ഞ് ഫേസ് ബുക്ക്‌ താളുകൾ മറിക്കുമ്പോൾ മുകളിൽ ഒരു ചുവപ്പ് വെട്ടം കിഷോറിന്റെ കണ്ണിൽപ്പെട്ടു, 'നിർമ്മല മേനോൻ' സുഹൃത്താവാൻ ആഗ്രഹിക്കുന്നു..!


ആരാണിവർ? എങ്ങനെ എന്നെ അറിയും? എന്ന ഒരുകൂട്ടം ചോദ്യശരങ്ങൾ മനസ്സില് നിന്നും തലച്ചോറിലേക്ക് എയ്തു വിട്ടുകൊണ്ട്‌ ആ പ്രൊഫൈലിൽ ഒരു രാത്രി സഞ്ചാരം നടത്തി. അധികം സുഹൃത്തുക്കൾ ഇല്ലാത്ത, അലക്ഷ്യമായ് കടൽത്തിര നോക്കി ഇരിക്കുന്ന ഏതോ ബോളിവുഡ് നടിയുടെ പടം കടമെടുത്ത നിർമ്മല മേനോനു പച്ചക്കൊടി കാണിക്കാൻ കിഷോറിനു എതിർപ്പൊന്നും തോന്നിയില്ല.


പരിചയമുള്ള ആളുകളെ പോലും കൂട്ടുകാരാക്കാൻ നക്ഷത്ര നയനങ്ങൾ രണ്ടു വട്ടം ആലോചിക്കുന്ന ഈ 'കപട മുഖച്ചിത്ര' കാലത്ത്, ഒരു നിർമ്മല മേനോൻ നിർമ്മലമായ മനസ്സോടെ തന്റെ കൂട്ട് തേടിയതിൽ അത്ഭുതവും ഒരു കൌതുകവും കിഷോറിനു തോന്നി.


  പത്തു ദിവസത്തെ അവധിക്കാലം കഴിഞ്ഞു തിരിച്ചു ജോലിയുടെ തിരക്കുകളിൽ എത്തിയപ്പോൾ, ഇടയ്ക്കിടെ ചാറ്റ് വിൻഡോയിൽ പുതിയ അതിഥി വിരുന്നു വന്നു. ആദ്യമാദ്യം ചുരുക്കം ചില വാക്കുകളിൽ ഒതുങ്ങുന്ന സംസാരം, തികഞ്ഞ ഔപചാരികത,  പിന്നെ കാണാം എന്ന് പറഞ്ഞു തിടുക്കത്തിൽ യാത്രയാകും രണ്ടാളും. പിന്നെപ്പിന്നെ ആ തിടുക്കം കുറഞ്ഞു. വീടും നാടും ചോദിച്ചറിഞ്ഞു, വീട്ടുകാരെക്കുറിച്ചും.


കണ്ണൂർ ജില്ലയുടെ വടക്കേ മുറ്റത്തെ തുളസിത്തറയാണ്‌ പയ്യന്നൂർ. അവിടെ ഏതോ നമ്പ്യാരുടെ പേരിലുള്ള ഹൌസിംഗ് കോളനിയിലെ ശ്രീശൈലം എന്ന പേരുള്ള ഒരു നല്ല വീട്. ഭർത്താവ് രമേഷ് മേനോൻ ‍, ഒരു പ്രമുഖ കമ്പനിയിൽ ഉയർന്ന പോസിഷനിൽ വർക്ക്‌ ചെയ്യുന്നു. അവർക്ക് രണ്ടു കുട്ടികൾ, മൂത്ത മകൻ കിരണ്‍,‍ പിന്നെ ഒരു കുറുമ്പത്തി മകൾ ‍ കീര്‍ത്തി. ഈ നാല് പേരാണ് ശ്രീശൈല വാസികൾ. പോര്‍ച്ചില്‍ രണ്ടു കാറുള്ള കാർഭാടമുള്ള ഫാമിലി.


ഇടവേളകൾ കുറഞ്ഞ സംവാദത്തിലൂടെ കൂടുതൽ അടുത്തു. ആരോഗ്യപരമായ നല്ല സൌഹൃദം. ഇഷ്ടങ്ങളും അനിഷ്ടങ്ങളും പറയാൻ മടി കുറഞ്ഞു. നിർമ്മലക്ക് ‌ സിൽക്ക് സാരികളോടാണ് പ്രണയം. യേശുദാസിനോട് ഒരുപാടിഷ്ടം, യാത്രകൾ അധികം ഇഷ്ടമല്ല, വീട്ടിൽ മക്കളോടും രമേഷിനോടും ഒപ്പം സമയം ചിലവാക്കാൻ കൂടുതൽ താല്പ്പര്യം. എന്നും വൈകിട്ട് ഇളം ചൂട് വെള്ളം വേണം കുളിക്കാൻ, പിന്നെ പൂജാമുറിയിലെ കള്ള കൃഷ്ണനോട് ഡീറ്റെയ്ൽഡായി നിവേദനം. മക്കൾക്ക്‌ വൈകുന്നേരത്തെ പലഹാരത്തോടൊപ്പം അളവില്ലാത്ത സ്നേഹം. ഇങ്ങനെ അവരുടെ സായാഹ്നങ്ങൾ അതി സുന്ദരം..!


സ്ത്രീകളുടെ പരമ്പരാഗത പ്രശ്നങ്ങളെക്കുറിച്ച് അവർ എപ്പോഴും കിഷോറിനോട് വാചാലയാകുമായിരുന്നു.
ഒരിക്കൽ അവർ അവനോടു ചോദിച്ചു.
"ആണിനാണോ പെണ്ണിനാണോ കൂടുതൽ കരുത്ത്"? ഉത്തരം കിഷോർ  പറയും മുന്നേ അവർ പറഞ്ഞു "എന്റെ വോട്ട് പെണ്ണിനാണ്, അതിനു കാരണവും ഉണ്ട്...!

റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടി ഒരു ഇരയാണ്, അവിശുദ്ധ കാമനകൾ കറപറ്റിക്കാതിരിക്കാൻ അവൾക്കു തന്റെ ഉടലിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കേണ്ടി വരുന്നു. നൂറായിരം വായിനോട്ട കണ്ണുകളെ അവൾ പട്ടുസാരി കൊണ്ട് പോരിനു വിളിക്കുന്നു. എല്ലാ അവിഹിതങ്ങളുടെയും പ്രേരണ അവന്റെ കൂടെ ആണെങ്കിലും വിഹിതം അവൾക്കു മാത്രമുള്ളതാകുന്നു. മീശയും താടിയും വച്ച് മസിലും പെരുപ്പിച്ചു മദിച്ചു നടക്കുന്ന നരസിംഹങ്ങളെ പേടിക്കാതെ അവൾ കൊലുസും കിലുക്കി അലസം നടക്കുന്നു.


ഇതൊക്കെ പോരെ എന്ന് നിർമ്മല ചോദിച്ചപ്പോൾ കിഷോറിനു ഉത്തരംമുട്ടി.


ഇത്രയുമൊക്കെ വാചാലായി ആവേശം കൊണ്ടിരുന്ന അവർ ഇടയ്ക്ക് അപ്രത്യക്ഷയായി. കുറെ നാൾ 'മുഖ പുസ്തകത്തിന്റെ' കുസൃതി ജാലകത്തിൽ കിഷോർ അവരെ കണ്ടതേ ഇല്ല.


ഒരു വിഷുക്കാലത്തിന്റേയും ഓണനിലാവിന്റെയും ഇടവേളയ്ക്കു ശേഷം, വീണ്ടും നിർമ്മലയുടെ പേര് ജാലകത്തിൽ കണ്ടു. കിഷോറിനു പറയാൻ അപ്പോൾ അവന്റെ ഭാവി വധുവിന്റെ വിശേഷങ്ങൾ ഉണ്ടായിരുന്നു. അവർക്ക്  കൂടുതലും മൗനവും. അതിന്റെ കാരണം കുറെ തിരക്കിയപ്പോൾ , "വിശ്വസിച്ചു കൈപിടിച്ച ആള് കാണിച്ച വിശ്വാസമില്ലായ്മയും ചതിയും ഒരു സ്ത്രീയുടെ ജീവിതം എങ്ങനെ സങ്കടക്കടലാക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഞാൻ" എന്ന് മാത്രം പറഞ്ഞു.

പിന്നെ നീണ്ട മൗനത്തിനു  ശേഷം യാത്ര  പറയാതെ പോവുകയും ചെയ്തു ..!


എവിടെയോ കളഞ്ഞു പോയോ അവരുടെ മുഖത്ത് ജ്വലിച്ചുനിന്ന ആ പെണ്‍പോരിമ എന്ന് കിഷോറിനു തോന്നി ..
കരുത്താർന്ന പെണ്‍ മനസ്സ് തോൽക്കുമോ?
തോൽക്കും .......!


അതിന്റെ കാരണങ്ങൾ പിന്നീട് നിർമ്മല പറഞ്ഞു.
കണ്‍ വെട്ടത്തുണ്ടെങ്കിലും പല കാര്യങ്ങളും നമ്മളുടെ പരിധിക്കു പുറത്താണ്. സ്വന്തം ശ്വാസം പോലെ നിർമ്മലക്കു വിശ്വാസമായിരുന്നു രമേഷിനെ. ഈ കഴിഞ്ഞ വർഷങ്ങളിൽ ഒരിക്കൽ പോലും ആ വിശ്വാസത്തിന്റെ കണ്ണാടിമാളികയിൽ ഒരു പോറൽ പോലും വീഴ്ത്താൻ ആർക്കും കഴിഞ്ഞില്ല.

മക്കൾക്കും നിനക്കും വേണ്ടി രാപ്പകൽ അദ്ധ്യാനിക്കുന്ന സ്നേഹനിധിയായ രമേഷിനെ കിട്ടിയതിൽ നീ ഭാഗ്യവതി ആണ് മോളെ-- അമ്മയും പറഞ്ഞിട്ടിട്ടുണ്ട്, പലവട്ടം.

രാത്രി വൈകിയും ലാപ്ടോപ്പിനെ കൂട്ട് പിടിച്ചു ഇരിക്കുന്ന ഭർത്താവ്, വർക്ക്‌ റിലേറ്റഡ് ആയി ഇരിക്കുകയാകും എന്ന പതിവ് ചിന്തയിൽ ഒരു ദിവസം ഉറക്കം വരാതെ പകുതി ചാരിയ വാതിൽ തുറന്നു ചെന്ന നിർമ്മല കണ്ടത്, അർദ്ധനഗ്നയായ ഒരു സ്ത്രീ ലാപ്ടോപ്പ് ജാലകത്തിൽ രമേഷിനോട് കൊഞ്ചിക്കുഴയുന്നതാണ്. ജീവന്റെ പക്ഷി കൂടൊഴിഞ്ഞ പോയ ശരീരം പോലെ സ്തബ്ധയായിപ്പോയി ഒരു നിമിഷം. വിശ്വാസമെന്ന ഹൃദയച്ചൂടിനു മേൽ വെറുപ്പിന്റെ തണുത്ത കറുത്ത പുതപ്പു നിവർന്നു വന്നു..........



പെട്ടെന്നുള്ള ഷോക്കിൽ നിന്നും മാറി, നിർമ്മലയുടെ കാലു പിടിച്ചു മാപ്പ് പറഞ്ഞു അയാള് കരഞ്ഞു, എങ്കിലും, വികാരങ്ങൾ  ഇല്ലാത്ത മനസ്സ് പോലെ നിൽക്കാനേ  അവർക്ക് കഴിഞ്ഞുള്ളു അപ്പോൾ.


ഇടവേളയ്ക്കു ശേഷമുള്ള കിഷോറുമായുള്ള സംസാരങ്ങളിൽ ആശ്വാസവാക്കുകളും, സമാധാനപ്പെടുതലും ധൈര്യം കൊടുക്കലും ഒക്കെയായി വിഷയങ്ങൾ.

ഉപദേശങ്ങൾ....

കിഷോർ, നീ കല്യാണം കഴിക്കാൻ പോകുവല്ലേ, ഒന്ന് എപ്പോഴും മനസ്സില് ഓർക്കൂ,--- "ഞാൻ", എന്നത് "ഞങ്ങൾ" ആയി മാറുന്ന പ്രവർത്തനമാണ് ദാമ്പത്യം. ലക്ഷം രൂപയേക്കാൾ സ്ത്രീ ആഗ്രഹിക്കുന്നത് നല്ല വാക്കും ജീവിത പങ്കാളിയുടെ സാമീപ്യവുമാണ്. പക്ഷെ സെക്സ് മാത്രമാണ് സ്നേഹത്തിന്റെ അടിസ്ഥാനമെന്ന് പല ആണുങ്ങളും കരുതുന്നു. വിശ്വാസമാണ് നല്ല കുടുംബത്തിന്റെ ആണിക്കല്ല് .പരസ്പരം അഭിനന്ദിക്കുക, തർക്കങ്ങൾ കുറയ്ക്കുക. തർക്കങ്ങളുടെ എണ്ണം കൂടുതലാകുന്നുവെങ്കിൽ സൂക്ഷിക്കുക, മനസ്സുകൾ സഞ്ചരിക്കുന്നത് അപകടരേഖക്ക് അരികിലൂടെയാണ്‌.


ഇതൊക്കെ വ്യക്തമായി പറഞ്ഞു തരാൻ കഴിയുന്ന ഈ സ്ത്രീയുടെ കുടുംബ വിശ്വാസത്തിന്റെ നേർത്ത പട്ടുനൂൽ ചരട് പോട്ടിപോയല്ലോ എന്നോർത്ത് കിഷോർ നെടുവീർപ്പിട്ടു.

എവിടെയാണ് ഇവര്ക്ക് തെറ്റിയത്?
കുടുംബത്തിൽ ആവശ്യം വേണ്ട ഒന്നാണ് സുതാര്യത. പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലെങ്കിലും സ്വന്തം മൊബൈലും ലാപ്ടോപ്പും പങ്കാളി തൊടുന്നത് പോലും വിലക്കുന്ന ചിലർ ഉണ്ട്. പരസപരം കാണെണ്ടാത്ത രഹസ്യങ്ങൾ ഭാര്യാഭർത്താക്കന്മാർക്ക് ആവിശ്യമുണ്ടോ? അത്തരം വിലക്കുകളുടെ മതിൽ  പൊളിച്ചു കളഞ്ഞാൽ വിശ്വാസത്തിന്റെ കണ്ണാടി കൂടുതൽ സുതാര്യവും തെളിമയും ഉള്ളതാകില്ലേ ?

Friday, January 25, 2013

ഓര്‍മ്മകളുടെ കാലിഡോസ്കോപ്പിലൂടെ..........


ഈ അവധിക്കാലത്ത് ഞാന്‍ പഠിച്ച എന്‍റെ  സ്കൂളില്‍ വര്‍ഷങ്ങളുടെ അകലങ്ങള്‍ക്ക് ശേഷം  ഒരിക്കല്‍ കൂടി  പോയിരുന്നു.
ഏറ്റവും പ്രീയപ്പെട്ട ഓര്‍മ്മവരമ്പുകളിലൂടെ ഒന്ന് പിന്തിരിഞ്ഞു
 നടന്നാല്‍ മനസ്സ് ചെന്ന് വഴിമുട്ടി നില്‍ക്കുക ഈ  ക്ലാസ്സ് മുറികളിലാകും!


 കാലം ഓര്‍മകളില്‍ മഞ്ഞു തുള്ളികള്‍ പോലെ മറവി ഇറ്റിച്ച്
വീഴ്ത്തുന്നുവെങ്കിലും,  കൌതുകത്തിന്‍റെ കണ്ണാന്തളിര്‍ വിടരുന്ന കണ്ണുകള്‍ കൊണ്ട് ഞാന്‍ ഇവിടെ  അക്ഷരപ്പിച്ചവച്ച് നടന്ന കാലങ്ങള്‍ എങ്ങനെ മറക്കുവാന്‍ കഴിയും?

 വേരുകള്‍ പിണഞ്ഞ് ചില്ലകള്‍ വിടര്‍ത്തി പ്രണയിക്കുന്ന മരങ്ങള്‍ ഇപ്പോഴുമുണ്ട് സ്കൂള്‍ മുറ്റം നിറയെ. ആരവമൊഴിഞ്ഞ ക്ലാസ്സ് മുറികള്‍. 

ഈ ക്ലാസ്സ്‌മുറി വരാന്തകളാണ് എന്‍റെ  കുട്ടിത്തത്തിന് പണ്ട് കാല്‍പ്പനികത പകര്‍ന്നത്. ഈ കറുത്ത ചുമരിടത്തില്‍ വരഞ്ഞ വെളുത്തു വടിവൊത്ത അക്ഷരങ്ങളായാണ് എന്‍റെ മനസ്സില്‍ കവിത കടന്നു  വന്നത്.

പുള്ളി സാരി ഉടുത്ത ഹൈമവതി റ്റീച്ചര്‍, കണക്കിലെ കളികള്‍ കൊണ്ട് കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനുമൊക്കെ  കണ്ണുരുട്ടുമ്പോള്‍ ഉത്തരം കിട്ടാതെ കണ്ണ് നിറച്ചത് ഈ ബെഞ്ചിലിരുന്നല്ലേ?

ഈ ആളൊഴിഞ്ഞ വരാന്തകളില്‍ ഇപ്പോഴും ചിതറിക്കിടക്കുന്നുണ്ടാകും കൂട്ടുകാരോടൊപ്പം  "ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ" എന്ന് പാടി നടന്ന കളിപ്പാട്ടിന്‍റെ  ഈരടികള്‍.  വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നും ആ കളിപ്പാട്ടുകളൊക്കെ എന്‍റെ  കാതരികിലേയ്ക്ക് തിരികെ പറന്നെത്തുന്നു.......! വെയില്‍ വഴുതി വീഴുന്ന ഈ നീണ്ട ഇടനാഴികള്‍ തരുന്ന ഓര്‍മ്മകള്‍ക്ക് സുഗന്ധമുണ്ട്,  അലിഞ്ഞുതീരാ മഞ്ഞിന്‍റെ  നുണഞ്ഞുതീരാ മധുരമുണ്ട് ...കുട്ടിക്കാലത്തിന്‍  നന്മ നാവിന്‍മേല്‍ ഇറ്റിച്ച  അതിമധുരം..!

അന്നേ കുസൃതിയായിരുന്ന ഞാന്‍ തന്നെ ആകണം ക്ലാസ് ടീച്ചര്‍ സോമരാജന്‍ സാറില്‍ നിന്നും ഏറ്റവും തല്ലു മേടിച്ചു കൂട്ടിയിട്ടുള്ളത്.  നാട്ടിലെ സര്‍ക്കാര്‍ സ്കൂളിലെ ഞാന്‍  കണ്ട ആദ്യത്തെ സകലകലാവല്ലഭന്‍ ആയിരുന്നു സോമരാജന്‍ എന്ന മലയാളം അധ്യാപകന്‍. ചെറിയ കഥയിലൂടെയും ഉദാഹരണത്തിലൂടെയും വലിയ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍
സാറ് വിരുതനായിരുന്നു.
അദ്ദേഹം പാട്ടുപാടും ചിത്രം വരയ്ക്കും, അടുത്ത് വരുമ്പോള്‍ ക്യുട്ടിക്കൂറ പൌഡറിന്‍റെ സുഗന്ധം പരക്കും. സ്കൂള്‍ ആനിവേഴ്സറിയില്‍ ഞങ്ങളുടെ  അച്ഛാ, അമ്മേ  നാടകങ്ങള്‍ കണ്ട് നാട്ടുകാര്‍ ബോറടിച്ചിരിക്കുമ്പോള്‍ ഇടവേളയില്‍ പെട്ടെന്ന് സോമരാജന്‍സാര്‍ സ്റ്റേജില്‍ പ്രക്ത്യക്ഷപ്പെട്ട് 'എന്‍റെ സ്വപ്നത്തിന്‍ താമരപൊയ്കയില്‍ വന്നിറങ്ങിയ രൂപവതീ'' എന്ന് പാടുന്നത് ഇന്നും എന്‍റെ കാതിലുണ്ട്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇരുവശവും ചൂരല്‍ വടിയും പിടിച്ച് ആക്രമാണോത്സുകരായി നില്‍ക്കുന്ന ബിന്ദു ടീച്ചറും മേഴ്സി ടീച്ചറും വത്സമ്മ ടീച്ചറുമൊക്കെ സോമരാജന്‍ സാറ് പാടാന്‍ തുടങ്ങുമ്പോള്‍ മെഴുകു പ്രതിമകളായി മാറും. തങ്ങളേക്കുറിച്ചാണ് ആ പാട്ടെന്ന ഗൂഢനാണത്തില്‍ അവരോരോരുത്തരും നില്‍ക്കും!  ചിത്ര രചനയും സാറിനു നല്ല വശമായിരുന്നു. ബ്ലാക്ക് ബോര്‍ഡില്‍ മുറിച്ചോക്ക് കൊണ്ട് നാല് വളഞ്ഞ വരയും ഒരു നീണ്ട വരയും, അത് നീണ്ട മൂക്കുള്ള വത്സമ്മ ടീച്ചറാകുന്നത് എന്‍റെ  കുഞ്ഞി കണ്ണുകളില്‍ അത്ഭുതം വിരിയിച്ചിട്ടുണ്ട്.

സ്കൂള്‍ മുറ്റത്തെ വാക മരങ്ങള്‍  ചുവപ്പ് നിറമുള്ള പൂക്കള്‍ വാരിയണിയുന്ന ജൂണ്‍ മാസം. അച്ഛന്‍റെ ഷേവിങ്  ബോക്സില്‍ നിന്നും ചൂണ്ടിയ ഒരു ബ്ലേഡു കൊണ്ട് ഇന്റെര്‍വല്‍ സമയത്ത് പെന്‍സിലിനു മൂര്‍ച്ച കൂട്ടുകായിരുന്നു ഞാന്‍. സുഭാഷ് വന്നെന്‍റെ കൈ തട്ടി. വിരല്‍ തുമ്പില്‍ ചുവപ്പ് നിറത്തില്‍ വാകപ്പൂമൊട്ടു വിരിഞ്ഞു. പിന്നെ അതൊരു പൂക്കുലയായി വിടര്‍ന്നു.

വിരലുകളിലൂടെ ഒലിച്ചു  യൂണിഫോമിലാകെ  ചോരപ്പൂക്കളം ..!
എനിക്ക് കരച്ചില്‍ വന്നു. മുറിവില്‍ മുളക് പുരട്ടാനെല്ലേ കൂട്ടുകാര്‍ക്ക് അറിയൂ!
സാറേ..ഈ മനു കൈ മുറിച്ചു........വിളിച്ചി കൂവി..
ആര്‍പ്പും വിളിയുമായി അവന്മാര്‍ റ്റീച്ചേര്സ് റൂമിലേക്ക്‌ ഓടിയപ്പോള്‍ എന്‍റെ തലയുടെ ഉള്ളില്‍ എവിടെയോ ചുവന്ന നിറമുള്ള വാകമരങ്ങള്‍ കാറ്റില്‍ കടപുഴകി വീഴാന്‍ തുടങ്ങി. ഞാന്‍ ഇരുട്ടിലേക്ക് വീണു പോയി.

ഇരുളിന്‍റെ തിരശ്ശീല മാറ്റി ഉണരുമ്പോള്‍ സ്റ്റാഫ് റൂമിലെ തടിയന്‍ ബെഞ്ചില്‍ കിടക്കുകയാണ് ഞാന്‍.  തൊട്ടടുത്ത്‌ കസേരയില്‍ സാര്‍ ഇരിപ്പുണ്ട്. പഞ്ഞിയില്‍ മുക്കിയ ഡെറ്റോള് കൊണ്ട് കൈ വിരലിലെ വാകപ്പൂക്കള്‍ പറിച്ചു മാറ്റിയപ്പോള്‍ വല്ലാണ്ട് നീറി വിരലിലൊരു ബാന്‍ഡ് എയിഡ് ഒട്ടിച്ചു തന്നിട്ട് എന്‍റെ  കയ്യില്‍ പിടിച്ച്‌ ‍ മുറ്റത്തേക്കിറങ്ങി.
കൂട്ടുകാരെല്ലാം ഒപ്പം കൂടി.

സ്കൂള്‍ ഗ്രൌണ്ടിനു അതിരിന് അപ്പുറത്ത് ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന റബര്‍ മരങ്ങള്‍ക്കിടയില്‍ ഞങ്ങളെ നിറുത്തി സാറ് പറഞ്ഞു:   "ഈ മരങ്ങള്‍ കണ്ടോ", എല്ലാ ദിവസവും ഷാജി ഇത് വെട്ടാന്‍ വരുമ്പോള്‍ ഇതില്‍ നീളത്തില്‍ വരയിടും, ആ മുറിവില്‍ നിന്നും ചോര ഒഴുകും, അതാണ്‌ റബര്‍ പാല്‍. അല്‍പ്പം കഴിയുമ്പോള്‍ ചോര നില്‍ക്കും, വൈകുന്നേരം ആകുമ്പോള്‍ തൊലിവന്നു മൂടും!  ഇത് പോലെയേ ഉള്ളൂ മനൂന്‍റെ കയ്യിലെ മുറിവും. ചോര വന്നാലും നാളെ ആകുമ്പോള്‍ കരിയും, വേദനയും  പോകും. ഇനി മുറിഞ്ഞാല്‍ കരയരുത്. മനസ്സിലായോ?
അതൊരു പാഠമായിരുന്നു. മുറിവുകള്‍  നിസ്സാരമെന്നു വിശ്വസിക്കാന്‍ കഴിയുന്നത്‌ അന്ന് ആദ്യം...! 

കല്ല്‌ പെന്‍സിലിനെ പ്രണയിച്ച് കൊതിതീരാത്ത ഞാന്‍ എഴുതി പഠിച്ച അക്ഷരങ്ങള്‍, ഇന്ന് വാളും  ചിലമ്പുമേന്തുന്ന മഷിക്കുടുക്കയായി പുനര്‍ജ്ജനിച്ചപ്പോള്‍, അകലയല്ലാത്തൊരകലെ നിന്നും കുടമണികള്‍ കിലുങ്ങുന്ന കുതിരവണ്ടിയില്‍  അറിവിന്‍റെ ആദ്യ അക്ഷരം പഠിപ്പിച്ചു തന്ന എന്‍റെ ഗുരുക്കന്മാര്‍, ഒരുവേള വന്നെന്‍റെ  ശിരസ്സില്‍ തൊട്ടൊന്നു അനുഗ്രഹിച്ചെങ്കില്‍.........

അമ്പിളിയമ്മാവാ താമരക്കുമ്പിളില്‍ എന്തുണ്ട് എന്ന് കര്‍ക്കിടക മഴയെ തോല്‍പ്പിച്ചു ഉച്ചത്തില്‍ പാടിയും  ഒരു കുടം വെള്ളം കോരാന്‍ ജാക്കും ജില്ലും ഓടിക്കേറിയ  പുല്‍മേട്ടില്‍ കുറെവട്ടം ഉരുണ്ടു വീണും,  കുമാരനാശാന്‍ പാടിയ വീണപൂവിന്‍റെ സങ്കടം കണ്ടു കണ്ണ് നിറച്ചും,  ഉച്ചി പുകയുന്ന മീനച്ചൂടില്‍ വിളറിവിയര്‍ത്തു കിടക്കുന്ന നാട്ടു വഴികളിലൂടെ നാരങ്ങാ മിട്ടായിയുടെ മധുരം നുണഞ്ഞും ഞാന്‍ നടന്ന ഓര്‍മ്മകളുടെ സുഖദമായ എത്ര എത്ര നിമിഷങ്ങള്‍.  വെയില്‍ കൊണ്ട് മധുരം നുണഞ്ഞു നടന്നതോര്‍ത്തപ്പോള്‍  ഒരു കഷ്ണം സൂര്യനെ നാവിലിട്ട് അലിയിയിച്ച സുഖം തോന്നുണ്ട് ഇപ്പോള്‍. 

ഒരു വിദൂര സാധ്യതയിലെങ്കിലും കുട്ടിക്കാലത്തേക്ക് മടങ്ങി ചെല്ലാന്‍ പണ്ട് ഞാന്‍ ഉരുണ്ടു വീണ നടവഴികളും, ഞാന്‍ കല്ലെറിഞ്ഞ മാവുകളും ഞാന്‍  കളിച്ചു കൊതി തീരും മുന്‍പേ കളഞ്ഞു പോയ നൂല്‍പ്പമ്പരവും, ചരട് പൊട്ടി ചിണുങ്ങി വീണ കടലാസ്സു പട്ടവും എണ്ണിത്തീര്‍ക്കാതെ മണ്‍കുടുക്കയില്‍  ബാക്കി വച്ച മഞ്ചാടിക്കുരുവും, ഓര്‍മകളുടെ മഴവില്ലഴികളുടെ അപ്പുറത്ത് നിന്നും പലപ്പോഴും എന്നെ
പിന്‍വിളിക്കാറുണ്ട്.........

ഇളവെയിലിന്‍റെ ഘടികാര നിഴലുകള്‍  വീണു കിടക്കുന്ന ഈ നീളന്‍ വരാന്തയോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ കവിളില്‍ മഷിചാലിച്ചെഴുതുന്ന കര്‍ക്കിടക മേഘം കണ്ട ആണ്‍ മയിലിനെ പോലെ  ഓര്‍മ്മ മഴയുടെ തോരാ നൂലിഴകള്‍ക്കൊപ്പം മനസ്സും നൃത്തം ചെയ്യും പോലെ തോന്നി...!

Saturday, December 1, 2012

സൂചികുത്താന്‍ ഇടം കൊടുത്താല്‍...

മുന്‍പൊരിക്കല്‍ നാട്ടില്‍ നില്‍ക്കുന്ന  കാലത്ത് ഒരു മരണവീട്ടില്‍ പോകേണ്ടി വന്നു. സത്യത്തില്‍ അമ്മയുടെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രമാണ് കേട്ടോ പോയത്. അല്ലാതെ അത്തരം  ചടങ്ങില്‍ പങ്കെടുക്കുന്നതില്‍  നിന്നും പണ്ടേ ഞാന്‍ പിന്നോട്ടുമാറിയിരുന്നു.  ആത്മാവിന്‍റെ ആടയാഭരണങ്ങള്‍   ഊരിയെറിഞ്ഞ്, ചായംതേച്ചു മനോഹരമാക്കിയ ബന്ധങ്ങളുടെയും, സൌഹൃദങ്ങളുടെയും  ഒരു കുഞ്ഞുലോകത്തുനിന്നും  ‍ കൂടുതല്‍ വെളിച്ചമുള്ള മറ്റൊരു വലിയ ലോകത്തേക്ക് തനിയെ ഒരു യാത്ര പോകലാണ് മരണം!
ആ ഒറ്റക്കുള്ള  യാത്രപോകലിനു സാക്ഷിയാകാന്‍ എന്തുകൊണ്ടോ എനിക്കിഷ്ടമല്ല. (എനിക്കും ഒരിക്കല്‍ പോകേണ്ടിവരും എന്നാലും ഇപ്പോള്‍ ആ ഇഷ്ടം അനിഷ്ടമായി അങ്ങനെതന്നെ നില്‍ക്കട്ടെ! )

ഇതെന്താപ്പാ ഇന്ന് മരണ വാര്‍ത്തയുമായാണോ  ഇവന്‍റെ വരവ്, എന്ന ചോദ്യം വായിക്കുന്നവര്‍ക്ക് ഉണ്ടാകും. അല്ല കേട്ടോ, സംഭവം വേറെയാണ്, ചിരിക്കഥ തന്നെ.

തൊണ്ണൂറ്റിരണ്ടുകാരനായ കൊച്ചുതുണ്ടില്‍ ഔസേപ്പിന്‍റെ  മരണം എന്‍റെ  ജീവിതത്തില്‍ ഒരു നഷ്ടമേ അല്ല.
അമ്മയുടെ കൂട്ടുകാരി ഗ്രേസ്സി  ആന്‍റിയുടെ അപ്പച്ചനാണ് ടിയാന്‍. അതുകൊണ്ട് മാത്രം ഈ ഉള്ളവന് ആ ചടങ്ങില്‍ പങ്കെടുക്കേണ്ടി വന്നു.
"തിരോന്തോരം" ജില്ലയുടെ ഉള്‍നാടന്‍  ഗ്രാമത്തിലാണ് പ്രസ്തുത വീട് നിലകൊള്ളുന്നത്.  അവിടെ അടുത്തായി നമുക്ക് കുറച്ചു തെങ്ങും പുരയിടം ഉണ്ടായതു കൊണ്ട് വല്ലപ്പോഴും ആ വഴി പോകേണ്ടി വന്നിട്ടുണ്ട്. നാട്ടിലെ ആളുകളെയും പരിചയമുണ്ട്.


സത്യത്തില്‍ ആ മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍ ചിരിയാണ് എനിക്ക് വന്നത്!!
ശവമൊഴിച്ചു ബാക്കി എല്ലാപേരും കല്യാണത്തിന് വന്നപോലെ!
സുഗന്ധം പരത്തുന്ന ഒരു വലിയ പൂമൊട്ട് പോലെയായിരുന്നു ആ വീട്.  ഒരുപാട് തരം സെന്റുകളുടെയും ബോഡി സ്പ്രേകളുടെയും , റിങ്ങ്ടോണുകളുടെയും കൂടാരം.


 ഡെഡ്ബോഡിക്കൊഴിച്ചു  ബാക്കി എല്ലാപേര്‍ക്കും മൊബൈല്‍ ഫോണില്‍ എസ്സ് എം എസ്സ് സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. ഒരാള്‍ക്ക്‌ ട്രിംഗ് എന്നാണ് വരുന്നതെങ്കില്‍  മറ്റൊരാള്‍ക്ക് 'അമ്മായി വട്ടായി പോയേ" എന്ന  പാട്ട്, വേറെ ഒരാള്‍ക്ക് ടിഗ് ടോങ്ങ് , എല്ലാം കൂടിച്ചേര്‍ന്നാല്‍  ആകെ വട്ടായിട്ട്  ടിഗ്ട്യൂംഷ്യൂം!!!


അന്ന് അവിടെ കേട്ട ഒരു കഥ എന്നെ ഒരുപാട് ചിരിപ്പിച്ചു, മരണ വീടാണെന്ന ചിന്ത പോലും ഇല്ലാതെ ഞാന്‍ ഉറക്കെ ചിരിച്ചു പോയി.


ചാക്കാലവീട്ടില്‍ കൂടി നിന്ന ആളുകള്‍ക്കിടയില്‍ രണ്ടു കയ്യിലും പ്ലാസ്റ്റെര്‍  ഇട്ടൊരു ചെറുപ്പക്കാരനെ എന്‍റെ  കണ്ണ് തേടി  പിടിച്ചു.  പ്രായം 20. ഞാന്‍ അവനെ മുന്‍പ്     എപ്പോളൊക്കെ കണ്ടിട്ടുണ്ടോ ആ അവസരങ്ങളിലെല്ലാം  എല്ലാം അവന്‍ തിരക്കിട്ട് സൈക്കളില്‍ അങ്ങിങ്ങ് കറങ്ങി നടക്കുന്നത്  കാണാം. സര്‍ക്കസ്സിലെ സൈക്കിള്‍ യജ്ഞക്കാരനെപോലെ.  ഒരിക്കല്‍ അമ്മയോട് ഞാന്‍ പറയുകയും ചെയ്തു "സൈക്കളില്‍ ഇരിക്കുന്ന രൂപത്തിലാണ് അവന്‍റെ അമ്മ അവനെ പ്രസവിച്ചത്" എന്ന് തോന്നുന്നുവെന്ന്.


 സൈക്കളില്‍ നിന്നും ഇറങ്ങാറില്ല, മൂത്രമൊഴിക്കാന്‍ പോലും.
ആളൊഴിഞ്ഞിടം കണ്ടാല്‍  റോഡരികിലെ മൈല്‍ക്കുറ്റിയിലേക്ക് 
ഒരുകാല്‍ വച്ച് സൈക്കളില്‍ത്തന്നെ  എഴുനേറ്റു
നില്‍ക്കും. മറ്റെക്കാല്‍ പെഡലില്‍  ബലത്തില്‍ ചവിട്ടും, സൈക്കിള്‍ സര്‍ക്കസ്സ്കാരനെ പോലെ ഇടത്തോട്ട് ചരിച്ചു ഒറ്റ നില്‍പ്പാണ്.  ഒരു തുള്ളിപോലും കാലിലോ, സൈക്കിളിലോ വീഴ്ത്താതെ ക്ലീനായി കാര്യം സാധിക്കും, ഭയങ്കരന്‍.!


 രണ്ടുകാലും ഭൂമിയില്‍ കുത്തി കഥാനായകന്‍ നില്‍ക്കുന്നത്
ആദ്യമായി കണ്ട അസുലഭ ദര്‍ശനാനന്ദ പ്രക്ഷാളനത്തില്‍, അടുത്ത് നിന്ന ഒരു പരിചയക്കാരനോട്‌ സൈക്കിള്‍ യജ്ഞക്കാരന്‍റെ   കയ്യിലെ കെട്ടിന്‍റെ   ഗുട്ടന്‍സ് എന്താണെന്ന് അന്യേഷിച്ചു.

മേക്കപ്പിടാത്ത സുന്ദരിമാരുടെ മുഖം പോലെയിരിക്കുന്ന  നമ്മുടെ റോഡുകൾ "ഓം പുരി' യുടെ മോന്ത പോലെ ആയിക്കിടക്കാൻ തുടങ്ങിയിട്ട്‌ മാസങ്ങളും, വർഷങ്ങളുമായി.. അതുവഴി  ഹെല്‍മെറ്റ്‌ വയ്ക്കാത്ത ഒരു കണ്ടന്‍പൂച്ച റോഡു  ക്രോസ് ചെയ്തതാണ്, അസാധ്യ ബാലന്‍സുള്ള നമ്മുടെ യജ്ഞക്കാരന്‌ ഒന്ന് പിഴച്ചു. വീണു കയ്യൊടിഞ്ഞു, കാലു ചതഞ്ഞു!!

സൈക്കിളിന്‍റെ മുഖത്തും അവന്‍റെ ബോഡിയിലും ചോര.

എക്സ്റേ ഫിലിം ലൈറ്റിനു നേരെ പിടിച്ച്  ഡോക്ടര്‍ ട്യൂബ് ലൈറ്റ് കത്തും പോലെ ചിരിച്ചു പറഞ്ഞു  "നോക്കെടോ ചെണ്ടമുറിയന്‍ കപ്പ മുറിച്ചു വച്ചിരിക്കുന്നപോലെ മൂന്നൊടിവുകള്‍."
മുറിവുകളില്‍ നീറ്റല്‍മരുന്ന്  പുരട്ടി സീന്‍ അയഡിന്‍ നിര്‍ഭര‍മാക്കിയ   ഡോക്ടര്‍ പറഞ്ഞു --ഒരു ഇന്‍ജക്ഷന്‍ വേണം.


അതുവരെ വേദനകൊണ്ട് ഞരങ്ങിക്കൊണ്ടിരുന്ന പുള്ളിക്കാരന്‍ ഒറ്റ അലര്‍ച്ച 
--- കുത്തിവയ്പ്പ് വേണ്ട ))))))!!!


തീരെ മൂര്‍ച്ച ഇല്ലാത്ത കത്തികൊണ്ട് കോഴിയെ അറത്ത് അറത്ത് അറത്ത് കൊല്ലാന്‍ മടിയില്ലാത്ത കഠോരഹൃദയന് --ഒരു നൂലിന്‍റെ കനമുള്ള കുഞ്ഞു സൂചി കൊണ്ടുള്ള കുഞ്ഞു കുത്തിവയ്പ്പിന്
പേടിയോ?


 ഇന്‍ജക്ഷന്‍ തന്നെ വേണമെന്ന് ഡോക്ടര്‍ക്ക്‌ ദുര്‍വാശി , എന്നാല്‍ കയ്യില്‍ എടുത്താല്‍ മതിയെന്ന് വീണവന്‍! ഡോക്ടര്‍ നോക്കിയപ്പോള്‍ മുറുവുകള്‍ ഇല്ലാത്ത ഒരിടം ബാക്കിയില്ല കയ്യില്‍,  തുടയില്‍ തന്നെ മതിയെന്ന് അദ്ദേഹം നഴ്സ്സ്നോട്  വിധി പറഞ്ഞു. ചങ്ങാതി പക്ഷെ ഒരു വിധത്തിലും വഴങ്ങുന്നില്ല. കൂടെ ഉള്ള കൂട്ടുകാര്‍ ആശ്വസിപ്പിക്കുന്നുണ്ട്
--പേടിക്കണ്ടാടാ, ഒരു ഉറുമ്പ് കടിക്കുന്ന വേദനയേ  വരൂ!

വേദനയല്ലെടാ പ്രശ്നം!

പിന്നെ?

നീ പോടാ, അത് ശരിയാകൂല്ല,  ചത്താലും തുടയില്‍ വേണ്ട!!!

 അക്ഷമനായ ഡോക്ടര്‍  അലറി.."പിടിക്കെടോ അവനെ, കുത്തെടോ ))))))


അറവുശാലയിലെ പോത്തിനെ പോലെ അറ്റന്റര്‍മാരും  നഴ്സ്സ്‍മാരും ചേര്‍ന്ന് പാവത്തിന്‍റെ കാലും കയ്യും കട്ടിലിനോട് ചേര്‍ത്ത് പിടിച്ചു.

ഒരു സൂചി കുത്താനായുള്ള ഇടം തേടിയുള്ള  യുദ്ധത്തിനൊടുവില്‍ ഉടുത്തിരുന്ന ലുങ്കിയുടെ കുത്ത് നഴ്സ്സ്  അഴിച്ചപ്പോള്‍ അതാ താഴെ വീഴുന്നു ഒന്നിന് പിറകെ ഒന്നായി നാല് മാസികകള്‍!!

കട്ടുറുമ്പ് വരിവച്ചു നടന്നു പോകുമ്പോലെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍  അടിച്ച നാലു കൊച്ചുപുസ്തകങ്ങള്‍..നീലപൊന്മാന്‍ എന്ന പേരിലുള്ള ഒരെണ്ണത്തില്‍  മുഖചിത്രമായി പഴയ ജയമാലിനി എന്ന മാദകത്തിടമ്പ്  നാലുവയസ്സുളള   ഒരു കുഞ്ഞിന്‍റെ ഫ്രോക്കിട്ട് തുളുമ്പുന്ന ശരീരം മറയ്ക്കാന്‍ പാടുപെട്ടു നില്‍ക്കുന്നു.
 ചെറുപ്പക്കാര്‍ക്കിടയില്‍ ടോപ്‌ ഗീയറില്‍ ഓടിക്കൊണ്ടിരുന്ന മാസികകളാണത്. അശ്ലീകരങ്ങള്‍! ആരും കാണാതെ അരയില്‍ ഒളിപ്പിച്ചുവചിരിക്കുകയായിരുന്നു, നമ്മുടെ പരുക്കന്‍.


കുത്താനെടുത്ത  സിറിഞ്ചാണ് ആദ്യം ചിരിച്ചത്. പിന്നെ നഴ്സ്സ്മാര്‍ നാണംചാലിച്ച് അടക്കിച്ചിരിച്ചു അതു പിന്നെ ആശുപത്രി കുലുങ്ങും പൊലൊരു  പൊട്ടിച്ചിരിയായി.


ഒടുവില്‍ ഒരാഴ്ച കഴിഞ്ഞ് ടിയാനെ ഡിസ്ചാര്‍ജ് ചെയ്യുന്ന സമയം, ബാഗും തുണിയും മരുന്നുമെല്ലാം എടുത്തു പായ്ക്ക് ചെയ്തു. എന്നിട്ടും എന്തോ മറന്നപോലെ ആളിന്‍റെ  മുഖം. ആരോടും തുറന്നു ചോദിക്കാന്‍ ഇനിയും ഒരു സൂചിയുടെ കനത്തില്‍ മാത്രം ബാക്കിയുള്ള അഭിമാനം അനുവദിക്കുന്നില്ല!

ഇപ്പോഴും ഈ ഒടിഞ്ഞ കയ്യും വച്ച് മരണ വീട്ടില്‍ ദു:ഖഭാവത്തില്‍ നില്‍ക്കുമ്പോഴും,  ആ മുഖത്തുനിന്നും എനിക്ക് വായിക്കാം ഒരു ചോദ്യം...
എങ്കിലും ഒരു സൂചി  കേറുന്ന സമയത്തിനിടക്കു ആ പുസ്തകങ്ങള്‍ ആരുമുക്കി? ഡോക്ടറോ? കമ്പോണ്ടറോ? അതോ ചതിയന്മാരായ ചങ്ങാതികളോ?
സി ബി ഐ വേണ്ടി വരും.................!!

Tuesday, November 13, 2012

പ്രിയ സഖീ.......

പ്രിയ സഖീ.......
ഇപ്പോള്‍ ഞാനൊരു വെള്ളരിപ്രാവാണ്.......
എന്റെ ശരീരത്തില്‍ നിന്നും നിന്നോടുള്ള പ്രണയത്താല്‍ തുടിക്കുന്ന ആത്മാവിനെ ഞാനീ വെണ്‍പിറാവില്‍ സന്നിവേശിപ്പിക്കുന്നു. എനിക്ക് പലവര്‍ണ്ണങ്ങള്‍  ഉള്ള തൂവലുകള്‍ ഉണ്ട്...നിന്നോടുള്ള ഇഷ്ടത്തിന്‍റെ ആകാശ നീല നിറമുള്ള തൂവല്‍, എന്‍റെ ആത്മാനുരാഗത്തിന്‍റെ സ്വര്‍ണ്ണ വര്‍ണ്ണമുള്ള തൂവല്‍..പ്രായവും കാലവും തന്ന വെള്ളികെട്ടിയ തൂവല്‍.....ഉഷ്ണം പുകയുന്ന മോഹങ്ങള്‍ വളര്‍ത്തിയ ചുവപ്പ് തൂവല്‍..

ഈ തൂവല്‍ക്കെട്ടുകള്‍ക്കിടയില്‍ നിനക്കായി മിടിക്കുന്ന കുഞ്ഞു കിളിമനസ്സുമായി ഞാന്‍...
എന്‍റെ കണ്ണുകള്‍ നിന്നെ തിരയുന്നുണ്ട്...

നിന്നെ കാണാമെന്ന പ്രതീക്ഷയുടെ വെയില്‍ വെളിച്ചം ദൂരെ കാണുന്നുണ്ട്...
ഞാന്‍ പറക്കാന്‍ തുടങ്ങുകയാണ്.......
നിന്‍റെ ഹൃദയത്തിലേക്ക് ഞാനിറക്കിയ പ്രണയത്തിന്‍റെ വേരുകളില്‍ ഉറച്ചു നില്‍ക്കുന്ന ആ ജീവന്‍റെ മരത്തില്‍ കൂടുകൂട്ടാന്‍.....
നീ എന്നിലെയ്ക്കൊഴുക്കിയ ആര്‍ദ്രമായ സ്നേഹത്തെ അമര്‍ത്തി ചുംബിച്ചു കൊണ്ട് ഞാനിതാ പറന്നുയരുന്നു......
ഇനിയൊരുപാടു  സ്നേഹം എന്നില്‍ നിറച്ചുവച്ച് കാത്തിരുന്നാല്‍ ഈ കുഞ്ഞു ഹൃദയം പൊട്ടി പോകുമെന്ന് ഞാന്‍ ഭയക്കുന്നു, ഇത് നിനക്ക് പകര്‍ന്നു തരണം, ചൂടോടെ.....ആശാമരത്തില്‍
കൂടുകൂട്ടി  കാത്തിരിക്കുന്ന എന്‍റെ കിളിയമ്മയ്ക്ക്..

കുടമുല്ലപ്പൂക്കളുടെയും നന്ത്യാർവട്ടങ്ങളുടെയും നാലുമണിപ്പൂക്കളുടെയും കാതില്‍ കാറ്റ് വന്നു മൃദുവായി പറയുന്നു "നമുക്ക് കൊക്കുരുമ്മി ഇരിക്കാം..സ്വപ്നങ്ങള്‍ കൈമാറാം.. ഈ ദിനം ആഘോഷമാക്കാം"...
അതുപോലെ നിന്‍റെ മൊഴിമുത്തുകളെ എന്‍റെ കാതിനു അമൃതഗാനമാക്കാന്‍, നിന്‍റെ നീളന്‍ വിരലുകള്‍ കൊണ്ട് നീ എന്‍റെയുള്ള് തൊട്ടുണര്‍ത്തുമ്പോൾ നിന്‍റെ അദൃശ്യമായ സുഗന്ധ സാമീപ്യം അറിയാന്‍, ഞാന്‍ വരാം.....
എനിക്ക് ശ്വസിക്കാന്‍ നിന്‍റെ മുടിയിലൊരു  തുളസ്സിക്കതിരും, സ്നേഹമുദ്ര പതിപ്പിച്ച  പോലെയൊരു കുങ്കുമപ്പൊട്ട് ആ നെറ്റിയിലും വേണം...
നിന്നടുത്തെത്തുമ്പോള്‍ എന്‍റെ ചുണ്ടുകള്‍ ആ  കവിള്‍ത്തടത്തില്‍ ചുവന്ന അക്ഷരത്തില്‍ ഒരു വാക്ക് വരക്കും........
അത് "എനിക്കുസ്വന്തം" എന്നായിരിക്കും...........
വീണ്ടുമൊരു പ്രണയ കാവ്യമെഴുതാന്‍ ഈ മഞ്ഞുകാല സായാഹ്നത്തില്‍ ഞാനിരിക്കുന്നു..........
കടല്‍ക്കാഴ്ച്ചകളിലേക്ക്   തുറക്കുന്ന ഈ ജാലകചില്ലുകളില്‍ തണുത്തകാറ്റ് ചീറിയടിക്കുന്നു.
അകലങ്ങളില്‍ നിന്നും നിന്നെ തഴുകി, നിന്‍റെ കവിളിന്‍ ശോണിമ കട്ടെടുത്ത്  സന്ധ്യക്ക്‌ നിറം  പാകി, ഈ കള്ളസൂര്യന്‍ എന്‍റെ കയ്യെത്തും ദൂരത്തുണ്ട്‌.

ഒരു ലജ്ജയില്ലാതെ വീണ്ടും പറയട്ടെ......നിന്‍റെ പ്രണയത്താല്‍ ഞാന്‍ അധീരനായിരിക്കുന്നു!!!
ഇനിയൊരു സന്ധ്യവരെ കാത്തിരിക്കാം,
 നിന്നെ തഴുകി എന്നരികില്‍ എത്തുന്ന ഈ കാറ്റിന്‍റെ സുഗന്ധം മുകരാന്‍...
നിന്‍റെ ചിരിയുടെ ചുവന്ന കുപ്പിവളക്കിലുക്കം  ഈ തിരമാലയുടെ ഇരുമ്പലില്‍ നിന്നും വേര്‍തിരിച്ചറിയാന്‍........
അനന്തതയില്‍ പൂക്കുന്ന നീല ശങ്ഖുപുഷ്പങ്ങള്‍ ഇറുത്തു, വിറയ്ക്കുന്ന കൈകള്‍ കൊണ്ട് നിന്‍റെ നനഞ്ഞ മുടിച്ചാര്‍ത്തി   തിരുകാന്‍..
ജലബിന്ദുക്കള്‍ ഉമ്മവയ്ക്കുന്ന ശങ്ഖു കടഞ്ഞ നിന്‍റെ കഴുത്തഴകില്‍ കുസൃതിയോടെ അധരം കൊണ്ട് ചിത്രമെഴുതാന്‍.......നിന്‍റെ നീല നയനങ്ങളില്‍ എന്‍റെ തണുത്ത വിരല്‍ കൊണ്ട് പ്രണയത്തിന്‍റെ അന്ജ്ഞനമെഴുതാന്‍....
ഞാനീ  മണ്ണില്‍ പൂത്ത മോഹങ്ങളെ  മരതകവള്ളികള്‍ കൊണ്ട് മെടഞ്ഞ ഒരു പൂക്കൂടയില്‍ ഒതുക്കി പിടിച്ച്,  പ്രണയത്തിന്‍റെ മുകില്‍ മുല്ല കുടവിരിയിച്ച മാനത്തെ കുടിലിന്‍ ജനാലക്കരുകില്‍, മുക്കൂറ്റി കമ്മലിട്ടു കാത്തിരിക്കുന്ന നിന്നരികത്തേക്ക്,  കുങ്കുമക്കാറ്റിന്‍റെ ചിറകില്‍ പറന്നുയര്‍ന്ന് വരുന്നു..
പൂനിലാവും,ഇളവെയിലും ചാലിച്ചെടുത്ത് ഞാന്‍ തന്ന ഈ ചുംബനം, നിന്‍റെ  തുടുനെറ്റിയില്‍ എന്‍റെ  പ്രണയാക്ഷരമായി വിളങ്ങും............
സുഖഗന്ധമെഴുന്ന ഈ അനുരാഗം എന്നും എന്‍കൂടെ ഉണ്ടാകട്ടെ............

Wednesday, August 8, 2012

അരവിന്ദനും അനന്ദലക്ഷ്മിയും പിന്നെ ഞാനും..........


"അരവിന്ദന്‍"
എന്ന എന്‍റെ സുഹൃത്ത്‌, ഈ ബ്ലോഗ്ഗിന്‍റെ വായനക്കാരനാകണേയെന്ന പ്രാര്‍ത്ഥനയോടെ ആരംഭിക്കാം.    
മഴവില്ല്, പുഞ്ചിരി, നാണം, പൂവിരിയല്‍, പ്രണയം..ഇങ്ങനെയുള്ള പല  കാര്യങ്ങളുടേയും തുടക്കം നാടകീയമാണ്‌.
ഡിസംബറിലെ ഒരു തിങ്കളാഴ്ച അരവിന്ദന്‍ ഒന്നാം വര്‍ഷഡിഗ്രീ ക്ലാസ്സിലേയ്ക്ക് ആദ്യമായി കയറി വന്നതും ഒരു നാടകത്തിന്‍റെ നടുത്തളത്തിലേക്കായിരുന്നു .

പ്രഫ. മധുമേനോന്‍ സാറിന്‍റെ ഷേക്സ്പിയര്‍ നാടക ക്ലാസ്സ്. മാസങ്ങളില്‍ ഒന്നോരണ്ടോ ദിവസങ്ങളില്‍ സാറിന്‍റെ തലയില്‍ നിലാവുദിക്കും.
ആ ദിവസങ്ങില്‍ ക്ലാസ്സെടുക്കില്ല. കുട്ടികളുടെ ഇടയില്‍ വന്നിരിക്കും. എന്നിട്ട് ഇംഗ്ലീഷ് നാടകങ്ങളിലെ പ്രണയ രംഗങ്ങള്‍ ഞങ്ങളെക്കൊണ്ട് ക്ലാസ്സില്‍ അവതരിപ്പിക്കലാണ് സാറിന്‍റെ ലഹരി!!

ഓരോ ഉന്മാദത്തിനും ഓരോ നാടകം. പേരോര്‍മ്മയില്ലാത്ത ഒരു ഇംഗ്ലീഷ് നാടകത്തിലെ സീന്‍ നടക്കുന്നു. അധ്യാപകര്‍ക്കുള്ള പ്ലാറ്റ് ഫോം നാടക വേദിയായി,  അതില്‍ നില്‍ക്കുന്നു അനന്ദലക്ഷ്മിയെന്ന എലിസബത്ത് രാജകുമാരി. നാലാം ബെഞ്ചിലെ ഈ ഉള്ളവനാണ് കാമുകന്‍, രാജകുമാരന്‍.

അനന്ദലക്ഷ്മി എന്നെ നോക്കി ഇംഗ്ലീഷില്‍ ഇങ്ങനെ പറയുന്നു:

"മഴവില്ലുകളുടെ നാട്ടിലെ പ്രീയപ്പെട്ടവനേ....നീ എവിടെയാണ്? വസന്തകാലം വിടപറയാറായി, ഇപ്പോഴും നിന്‍റെ വരവും കാത്ത് ഞാന്‍ ഇവിടെ നില്‍ക്കുന്നത് നീ അറിയുന്നില്ലേ പ്രിയനേ...""
ഈ ഡയലോഗ് തീര്‍ന്നാല്‍ ഞാന്‍ രാജകുമാരന്‍റെ ചലന ഗാംഭീര്യത്തോടെ സ്റ്റേജിലേക്ക് വരണം.
മധു സാര്‍ ക്ഷമയില്ലാതെ " മനൂ, കമോണ്‍ ഫാസ്റ്റ് " എന്ന് പറയുന്നു.

പക്ഷെ...
അനന്ദലക്ഷ്മി "പ്രിയനേ..." എന്ന് വിളിച്ചതും ക്ലാസ്സിനു പുറത്ത് ഒരു മുഖം തെളിഞ്ഞതും ഒരുമിച്ചായിരുന്നു. അരവിന്ദന്‍!! ആ സന്ദര്‍ഭം മധുസാര്‍ നാടകീയമാക്കി. റോമന്‍ പടയാളിയെപ്പോലെ ‍ വാതില്‍പ്പുറത്ത് ചെന്ന് അവനെ സ്വീകരിച്ചു സാര്‍  പ്ലാറ്റ് ഫോമിലേക്ക് ആനയിച്ചു.

പുതിയ അഡ്മിഷനാണെന്നുള്ള പ്രിന്‍സിപ്പലിന്‍റെ   കുറിപ്പ് അവന്‍റെ കയ്യിലുണ്ടായിരുന്നു. ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ ലിഖിതം വാങ്ങുന്ന പടനായകന്‍റെ ആദരവോടെ ആ കടലാസ് ഏറ്റുവാങ്ങിയ മധുസാര്‍ ഇങ്ങനെ ഉറക്കെ വായിച്ചു:

"ഇവന്‍ ഈ രാജ്യത്ത് വിരുന്നു വന്ന പുതിയ രാജകുമാരന്‍, പൂക്കളുടെ നാട്ടില്‍ നിന്നുള്ള ട്രോജന്‍ സുന്ദരന്‍. ഇവനെ
ആരവങ്ങളോടെ വരവേല്‍ക്കുക.   ഇവനായി ഇനി എത്രയെത്ര കരുനീക്കങ്ങള്‍ കാത്തിരിക്കുന്നു, എത്ര സുന്ദരികള്‍ ഉറക്കം കളയുന്നു.!!

എല്ലാവരും  കയ്യടിച്ചു. ആ കയ്യടിക്കു നടുവില്‍  അവന്‍ ഒരു വീരപുരുഷനെ പോലെ നിന്നു. പക്ഷെ എന്‍റെ അസൂയക്കണ്ണുകള്‍ ശരറാന്തല്‍
പോലെ അവിടെ തെളിഞ്ഞു കത്തി നിന്നിരുന്ന അനന്തലക്ഷ്മിയില്‍ ആയിരുന്നു.

 കാലം തെറ്റി ആ ക്ലാസ്സിന്നുള്ളില്‍ പൂത്ത വസന്തമായിരുന്നു അവള്‍.
ബിജുലാല്‍, അജീഷ്, രമേശ്‌ കുറുപ്പ്, നകുലന്‍ ഇങ്ങനെയുള്ള ആരാധക സംഘമുള്ള ഒരു പനിനീര്‍പ്പൂവ്! എന്‍റെ പേര് പരസ്യമായി ഈ ലിസ്റ്റില്‍
ചേര്‍ക്കുന്നില്ല, കാരണം ബുദ്ധിജീവികള്‍ ആരെയും ഒരിക്കലും പരസ്യമായി ആരാധിക്കാറില്ല.
എത്ര പുഷ്പാഞ്ജലികള്‍!
എത്ര ദീപാരാധനകള്‍!!

 ബോറന്‍ ലക്ചര്‍  ക്ലാസ്സുകളില്‍ അവളുടെ സാന്നിധ്യംകൊണ്ടു മാത്രം ഞങ്ങള്‍ ആഘോഷിച്ചത് എത്ര എത്ര നിശ്ശബ്ദ ഉത്സവങ്ങള്‍!

പക്ഷേ..അടുത്ത  വര്‍ഷമായപ്പോള്‍ ഞങ്ങളുടെ നിശ്ശബ്ദ പ്രേമങ്ങള്‍ ചവിട്ടിയച്ചുകൊണ്ട് അരവിന്ദന്‍ ഒരു ചീറ്റപ്പുലിയെ പോലെ മുന്നേറി.
രണ്ടാം വർഷ ഡിഗ്രി എന്ന സർവജ്ഞപീഠം പാതി കയറിക്കഴിഞ്ഞ ആളാണ്‌ താനെന്ന അഹന്ത അരവിന്ദനെ ആക്രാന്ദ പുളകിതനാക്കി.
 അതിന്‍റെ അനുരണനമെന്നോണം എന്തു കാര്യത്തിനും സംശയലേശമന്യേ അരവിന്ദൻ ചാടി വീഴുമായിരുന്നു, എല്ലാവരെക്കാളും മുന്നേ..!
കോളേജിലെ പുലിത്തരങ്ങൾ കൂടിയപ്പോൾ  അദ്ദേഹത്തിന്  ഭയ-ഭക്തി-ബഹുമാനപുരസരം 'പുലിവിന്ദൻ' എന്നൊരു വിളിപ്പേരും വീണു.

 ചുരിദാർ,പാവാട-ബ്ലൌസ്‌ മുതലായ നാരീ വേഷങ്ങൾക്ക്‌ മുന്നിൽ രോമാഞ്ചകഞ്ചുകിതനായി ലോകത്തിന്‍റെ അർഥമില്ലായ്മയെക്കുറിച്ചും,
 മറ്റുള്ള  ആൺ പരിഷകളുടെ കഴിവുകേടിനെക്കുറിച്ചും, അതിലെല്ലാമുപരി, തന്‍റെ സദ്ഗുണസമ്പന്ന വീരചരിതങ്ങളെപ്പറ്റിയും പുലിവിന്ദൻ
മുഴുനീളം കത്തിക്കയറുമായിരുന്നു..!

ഇടവേളസമയങ്ങളിലും,ഉച്ചഭക്ഷണ നേരത്തും  കൂടെയുള്ള പെണ്‍കുട്ടികള്‍ക്ക്  ചോക്ലേറ്റ്‌ പീസുകളും, ഹിന്ദി പാട്ടുകളുടെ ശേഖരണവും
 ഒക്കെ കൊടുത്തു അവന്‍ അവരുടെ ഇടയിലിരുന്നു അര്‍മാദിച്ചു.
ശര്‍ക്കരയില്‍ ഈച്ച പൊതിയും പോലെ ചില സമയങ്ങളില്‍ പതിനെട്ടിന്‍റെ മാംസളത അവന്‍റെ മേലമര്‍ത്തി പെണ്‍കുട്ടികള്‍ അരവിന്ദനെ ശ്വാസം മുട്ടിക്കുന്നത്‌ കണ്ട് ഞങ്ങളുടെ രക്തം ആവിയായിട്ടുണ്ട്.  എപ്പോഴും മുല്ലപൂമ്പൊടി ഏറ്റു നടക്കുന്ന അവനോടു തീരാത്ത
 അസൂയയായിരുന്നു ഞങ്ങള്‍ക്ക് .

പ്രേമിക്കാന്‍ പഠിക്കാനാണ് കോളേജില്‍ വന്നതെന്ന പോലെയായിരുന്നു
അവന്‍ പെണ്‍കുട്ടികളുടെ ഇടയിലൂടെ   ഒഴുകിയിരുന്നത്‌. അവര്‍ക്കാകട്ടെ ഞങ്ങളെക്കാള്‍ ഇഷ്ടവും വിശ്വാസവും അവനോടായിരുന്നു.

"ചിരിക്കുമ്പോഴും പിണങ്ങുമ്പോഴും  അരവിന്ദന്‍റെ മീശക്കും താടിക്കുമിടയില്‍ മനോഹരമായ ഒരു വെളുത്ത നാണം തിളങ്ങി നില്‍ക്കാറുണ്ട്"
എന്ന് അശാഫിലിപ്പ് പറഞ്ഞപ്പോള്‍ സൂചി തറക്കുന്ന വേദനയായിരുന്നു  നെഞ്ചില്‍.
നോട്ടുകള്‍ എഴുതിക്കൊടുത്തും റെക്കോര്‍ഡ്‌ വരച്ചുക്കൊടുത്തും അങ്ങനെ   അദ്ദേഹം സ്ത്രീസമ്മതനായി സസുഖം വാണു പോന്നു.

ഇങ്ങനെ ഒരു അപൂര്‍വ്വ രസതന്ത്ര സമവാക്യത്തില്‍ ക്ലാസ്സുകള്‍ നീങ്ങവേ, ഉന്മാദത്തിന്‍റെ  കുന്നുകയറ്റം പോലെ  ഞങ്ങളുടെ ബാച്ച്‌ ഊട്ടിയ്ക്ക്‌ സ്റ്റഡി ടൂറിനു പോകാന്‍ തയ്യാറാകുന്നു.
ആൺ-പെൺ അംഗങ്ങളുള്ളതിനാൽ ഇന്ദിര ടീച്ചറും, സത്യവാൻ സാറുമായിരുന്നു കൂട്ടു വന്നത്‌.

സത്യവാൻ സാർ തികഞ്ഞ ഗാന്ധിയൻ,ശുദ്ധൻ,സൌമ്യൻ,ശാന്ത ശീലൻ... വാക്കുകൾ കൊണ്ട്‌ പോലും വിദ്യാർത്ഥികളെ നോവിക്കാത്തയാൾ..!

യാത്ര അതിരസകമായിരുന്നു..!
ഞങ്ങൾ ആൺ സംഘമെല്ലാം പിറകിലത്തെ സീറ്റുകളിൽ അൽപം വലിയും;സ്വൽപം കുടിയും അതിലേറെ ഓളവുമായി കൂടി.അരവിന്ദനടങ്ങുന്ന പെൺ സംഘം മുൻ സീറ്റുകളിൽ കൈ നോട്ടവും,തിരുവാതിരപ്പാട്ടും,, കടല കൈമാറലും,പൊതികളിൽ കയ്യിട്ടു വാരലും ഒക്കെയായി തകർത്തു വാരി..!

അരവിന്ദ
ന്‍റെ കയ്യിലെ വലിയ ബാഗ്‌ ഇടയ്ക്കിടെ തുറന്നടയുന്നതും,ദുർലഭമായ ഭക്ഷണ സാമഗ്രികൾ വളയിട്ട കൈകളിലിരുന്ന്‌ പിറകിലേക്ക്‌ നോക്കി
നിനക്കൊന്നും യോഗമില്ലെഡാ മക്കളേ..' എന്ന മട്ടിൽ ചിരിക്കുന്നതും,
കൊടുക്കലും;കൈമാറലും;കൂടെക്കഴിക്കലും അരങ്ങു തകർക്കുന്നതും കണ്ടു..


ഒളിച്ചിരുന്ന് അധികം വെള്ളം ഒഴിച്ച് അശുദ്ധമാക്കാത്ത വിദേശമദ്യം ആവോളം നുകര്‍ന്ന ക്ഷീണത്തില്‍ എന്‍റെ കൂടെയുള്ള പിന്‍സീറ്റുകാര്‍ ചെറുമയക്കത്തില്‍ വീണുതുടങ്ങി.

ഹെയര്‍പിന്‍ വളവുകള്‍  കയറുമ്പോള്‍ ആ ബസ്സില്‍ ഉറങ്ങാത്തവരായി  നാല് പേര്‍. ഒന്ന് ഡ്രൈവര്‍ ഹംസ, രണ്ടു അരവിന്ദന്‍, മൂന്നു അവന്‍റെ തൊട്ടടുത്ത്‌  ഇരിക്കുന്ന അനന്ദലക്ഷ്മി. പിന്നെ ഈ ഞാന്‍!!


"അരവിന്ദാ എനിക്ക് വല്ലാതെ തണുക്കുന്നു..നോക്കൂ ചുണ്ടൊക്കെ വിറച്ചു തുടങ്ങീ" പതിഞ്ഞ ശബ്ദത്തില്‍ അവനോടു അനന്ദലക്ഷ്മി!!!

പുലിവിന്ദന്‍ എഴുനേറ്റു മുകളില്‍ വച്ചിരുന്ന ബാഗ്ഗില്‍ നിന്നും ഒരു പുതപ്പെടുത്തു, പിന്നെ പിന്നിലോട്ടു  നോക്കി ക്യാമെറ കണ്ണുകള്‍ ഒന്നും ഇല്ല എന്നുറപ്പുവരുത്തി..

 "ഇത് നമ്മള്‍ക്ക് പുതക്കാം" എന്ന് പറഞ്ഞു രണ്ടാളും ഒരു പുതപ്പിന്‍ ചൂടില്‍ കേറി.
കോടമഞ്ഞ്‌ കാഴ്ച്ചമറച്ച  ജനാലക്കടുത്തേക്ക് ചാരിയിരിക്കുന്ന അനന്ദലക്ഷ്മിയുടെ നെഞ്ചില്‍, ഇരുട്ടത്ത്‌ എന്തോ കളഞ്ഞുപോയ പോലെ അരവിന്ദന്‍റെ കുസൃതിക്കൈകള്‍ തപ്പുന്നു!!!

അവളുടെ ചുണ്ടില്‍ ഒരു ഗൂഢസ്മിതം!!!!


വിരസമായ രസതന്ത്ര ക്ലാസ്സുകളില്‍  കണ്ണുകള്‍ക്ക്‌ ദര്‍ശന സുഖമേകിയിരുന്ന ആ പട്ടത്തിപെണ്ണിന്‍റെ നിമ്നോന്നതങ്ങളില്‍, പുലിവിന്ദന്‍റെ പുലിക്കൈകള്‍ വീണ മീട്ടുന്നത് കണ്ട ആ സമയം എന്‍റെ രക്തസമ്മര്‍ദം പരിശോധിച്ചിരുന്നെങ്കില്‍, ആ രക്തസമ്മർദമാപനയന്ത്രം അപ്പോള്‍ തന്നെ
പൊട്ടിത്തെറിച്ചു പോയിരിക്കും.

എന്‍റെ പോലെ അത്ര ബലമുള്ളതായിരുന്നില്ല  ബിജുലാലിന്‍റെയും, അജീഷിന്‍റെയും, രമേശ്‌ കുറുപ്പിന്‍റെയും ഹൃദയം!!
അതുകൊണ്ട് ഉറങ്ങിക്കിടന്ന ആ പാവം കാമുകരെ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനായി  ക്ഷണിക്കാന്‍ എനിക്ക് ധൈര്യമുണ്ടായില്ല.
അസൂയ മൂത്തിട്ട്  ഇരിക്കാന്‍ മേലാതിരുന്ന എന്നെ എപ്പോഴോ കുടിച്ച കള്ള് കീഴ്പ്പെടുത്തി ഉറക്കി.

അതിരാവിലെ ഊട്ടിയിലെത്തി..!
ഹോട്ടല്‍ വൃന്താവനം, എന്ന നീല ബോര്‍ഡ്‌ കാണാം വെളിയില്‍.
എല്ലാവരെയും ബസിൽ തന്നെയിരുത്തി റൂം ശരിയാക്കാൻ പോയ അദ്ധ്യാപക ജോഡികളിൽ ഇന്ദിര ടീച്ചർ മാത്രം തിരികെയെത്തി ഇറങ്ങാൻ വിസിലൂതി..!

കൂടു തുറന്നുവിട്ട കോഴിക്കുഞ്ഞുങ്ങളെപ്പോലെ എല്ലാവരും ചാടിയിറങ്ങി. രാത്രി മുഴുവന്‍ കുടിച്ചും  കഴിച്ചും  ശേഖരിച്ചു വച്ചിരിക്കുന്ന "ശങ്ക" ഒരു ഭാരമായി എല്ലാവര്ക്കും അടിവയറ്റില്‍ മുറവിളി കൂട്ടുന്നുണ്ടായിരുന്നു. കോമൺ ബാത്ത് റൂമുകളെന്ന ശങ്ക നിർവഹണ കേന്ദ്രം ലക്ഷ്യമാക്കി ശങ്കന്മാരും, ശങ്കികളും ചീറിയടുത്തു...!

ഡോർമിറ്ററിയും അതിന്‌ ശേഷം ടോയ്‌ലെറ്റുകളുടെ നിരയുമായി എൽ ഷേപ്പിലായിരുന്നു പാത.
അതിലൂടെ മറ്റു കുതിരകളെ പിന്നിലാക്കി കുതിയ്ക്കുന്ന അശ്വരാജന്‍റെ കരുത്തോടെ,അതിലേറെ ആക്രാന്ദത്തോടെ തള്ളി മാറ്റിയും;വകഞ്ഞ്‌ നീക്കിയും പുലിവിന്ദന്‍ കുതിച്ചോടി മുന്നിലെത്തി..!
മറ്റുള്ളവർ എത്തിയപ്പോഴേയ്ക്കും അശ്വമുഖ്യൻ ആദ്യം കണ്ട വാതിലിൽ പിടുത്തമിട്ടു കഴിഞ്ഞിരുന്നു.

'ഈ പുണ്യ ഭൂവിൽ ഞാനാദ്യം.....' എന്ന മട്ടിൽ മറ്റുള്ളവരെ നോക്കി, അധികം പ്രതിരോധമില്ലാത്ത വാതിൽ പുലിവിന്ദന്‍ മലർക്കെ തുറന്നു....
അതിനുള്ളിൽ ത്രിശങ്കു സ്വർഗത്തിലായ സത്യവാൻ സാറിന്‍റെ നരച്ച മീശ ഉയർന്നു വിറച്ചു...അനാട്ടമിയുടെ പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ പോലും
കാണാത്ത ദഹനേന്ദ്രിയ വ്യവസ്ഥയുടെ നേര്‍ക്കാഴ്ച!!!

കിടക്കപ്പായയിൽ നിധി കണ്ട്‌ പ്രജ്ഞയറ്റവനെപ്പോലെ കണ്ണുകൾ തള്ളിയ അരവിന്ദൻ ഒട്ടും സംശയിക്കാതെ വെച്ചടിച്ചു..
'ഗുഡ്‌ മോർണിങ്ങ്‌ സർ..!'

കുറ്റിയില്ലാത്ത ടോയ്‌ലെറ്റിൽ നിന്നും പിന്നെ ഒരു അലർച്ച മാത്രം..
'അടയ്ക്കെടാ പട്ടീ വാതിൽ...!' ഒപ്പം വേർതിരിച്ചെടുക്കാനാകാത്ത ഭാഷയുടെ പെരുമഴയും....!

ചുറ്റും  ആരാധികമാരുടെ ആർത്തു ചിരി...
കേട്ടതും കണ്ടതും വിശ്വസിക്കാന്‍ കഴിയാത്ത പോലെ പുലിവിന്ദ മുഖം..
തികച്ചും ഗാന്ധിയനായ സത്യവാന്‍ സാറാണോ ചന്ദ്രിക സോപ്പിട്ടു കുളിച്ചാലും നാറുന്ന ഈ തെറി എന്‍റെ ദേഹത്ത് തെറിപ്പിച്ചത്?
ആവേശത്തോടെ ഓടിക്കയറി പുറത്തു കളയാന്‍ തുടങ്ങിയ "ശങ്ക" ബാഷ്പീകരിച്ചു പോയപോലെ,  ഇനി കയറേണ്ട ആവശ്യമില്ലെന്ന ചിന്തയോടെ തിരിഞ്ഞു നടന്നു..

തിരികെയുള്ള യാത്രയിൽ സൂചി വീണാലറിയുന്ന നിശബ്ദത .... ബസിൽ രണ്ട്‌ പുലികളുള്ളത്‌ കൊണ്ടാകാം ...!!!
എന്നാലും പുലിവിന്ദന്‍ പണിമേടിച്ചതില്‍ ഏറ്റവും സന്തോഷിച്ചത്‌ ഞാനായുരുന്നു.

ഊട്ടിയിലെ തണുത്ത രാത്രിയില്‍ എണ്ണമയമുള്ള പൈന്‍ വിറകുകഷണങ്ങള്‍ക്ക് തീപിടിക്കേ, കൊഴിഞ്ഞു വീഴുന്ന നല്ല ദിവസങ്ങള്‍ക്കു ചിയേഴ്‍സ് പറയാനിരുന്ന ഞങ്ങള്‍ സംസാരിച്ചത് അരവിന്ദനെയും  അനന്തലക്ഷ്മിയേയും കുറിച്ചായിരുന്നു.  പാട്ടും കഥകളും നിറഞ്ഞ ഭാവനകള്‍ക്ക് തീപിടിച്ച ആ യാത്ര അവര്‍ക്കുവേണ്ടി.

കാലം മുന്നോട്ടു പോയി..
മാര്‍ച്ച് വന്ന് ഞങ്ങളെ പിരിച്ചു വിട്ടു.


ക്ലാസ്മേറ്റ് എന്ന  സിനിമയുടെ ആവേശത്തില്‍ പഴയ ഡിഗ്രീ ക്ലാസ്സുകാരുടെ ഒരു  കൂട്ടായ്മ സംഘടിപ്പിക്കാന്‍ ശ്രമം നടക്കുന്നു എന്ന് ഒരു സുഹൃത്ത്‌ വിളിച്ചു പറഞ്ഞപ്പോള്‍ കണ്ണുകളില്‍  ഊട്ടിയുടെ കുളിരുകുടഞ്ഞു വന്നതാണീ ഓര്‍മകള്‍!!. 

Wednesday, July 18, 2012

നാല് മുഴം പിച്ചിപ്പൂ..........


ആ
യിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ തിരുവനന്തപുരത്തെ ഒരു ഗ്രാമക്കാഴ്ച.
കഥാനായകന്‍ ബലരാമന്‍. പേരുപോലെ തന്നെ ആളെ കണ്ടാല്‍
കരിമ്പനയിലെ ജയനെ പോലെയായിരുന്നു!!
എണ്‍പതുകളില്‍ ആളിനൊരു ചീത്തപ്പേരുണ്ടായിരുന്നു, അത് മറ്റൊന്നുമല്ല ചെറിയതോതില്‍ മോഷണം!!
എന്നു വെച്ചാൽ 'തേങ്ങ','കപ്പ', 'പഴുത്ത വാഴക്കുല',കശുവണ്ടി', പശുക്കിടാവ്‌'..ഇത്ത്യാദി ..കാര്‍ഷിക വിഷയങ്ങളില്‍ ആണ് പഥ്യം.
'ക്ലപ്റ്റോമാനിയ' എന്നു തികച്ച്‌ പറയാനറിയാത്തത്‌ കൊണ്ട്‌ 'ചൂണ്ടാനുള്ള ഏനക്കേട്‌' എന്നാണ്‌ അദ്ദേഹം സ്വയം ഈ അസുഖത്തെ സൌകര്യപൂർവം വിളിച്ചു പോന്നത്‌..!
ചില സംഗതികള്‍ കണ്ടു മോഹിച്ചാല്‍ അറിയാതെ വലംകയ്യും മനസ്സും അതിനെ അടിച്ചുമാറ്റാനുള്ള സിഗ്നല്‍സ് ബലരാമന്‍റെ തലച്ചോറിനു കൈമാറും.  എന്ത്‌ കാര്യവും വിചാരിച്ചാലുടനെ നടത്തുക എന്നത്‌ ടിയാ
ന്‍റെ വേറൊരു പ്രത്യേകത ആണ്‌.

ആ കാലത്ത് നാട്ടിൽ ആരുടെ എന്ത്‌ പോയാലും സംശയലേശമന്യേ എന്‍റെ നാട്ടുകാര്‍ നീട്ടി വിളിക്കും
"ബലരാമോ ))))) ....!"
പക്ഷെ പല കേസുകളിലും 
ആള്  നിരപരാധി ആയിരുന്നു.എന്നാലും "ചത്തത്‌ കീചകനെങ്കിൽ.." എന്ന്‌ ചിന്തിക്കാനായിരുന്നു എല്ലാവർക്കും എളുപ്പം.
അങ്ങനെയിരിക്കെ ഒരു നാൾ
ബലരാമന്‍ പരസ്യമായി മോഷണത്തിൽ നിന്നും 'റിട്ടയർമെന്റ്റ് ' പ്രഖ്യാപിച്ചു..!
വിവരം അറിഞ്ഞ നാട്ടുകാര്‍ 'തിരോന്തോരം' സ്റ്റൈലില്‍ ഒന്ന് ഞെട്ടി.. "തള്ളേ"........
എന്നാലും ബലേട്ടന്‍റെ  'തടി' പരിഗണിച്ച്‌ ആരും അതിൽ അവിശ്വാസം പ്രകടിപ്പിച്ചില്ല.

കുറെ നാൾ മോഷണ വിവരങ്ങളൊന്നും തന്നെ റിപ്പോർട്ട്‌ ചെയ്യപ്പെടാതെ കടന്നു പോയി.

ഇതിനിടയില്‍
ബലരാമന്‍ അറിയാവുന്ന മറ്റൊരു തൊഴിലായ ഇലക്‌ട്രിക് വര്‍ക്കിലേക്ക്  ശ്രദ്ധ തിരിച്ചു. 'അന്ന വിചാരം മുന്ന വിചാരം' എന്നാണല്ലോ. സ്വന്തം ശരീരത്തില്‍ അമിതാഭിമാനിയും, കണ്ണാടി  നോക്കി ആ  ശരീര സൌന്ദര്യം കണ്ടു രോമാഞ്ച   കഞ്ചുകമണിയുന്നവനുമായ ബലേട്ടന്‍, ഐ ടി ഐ പരീക്ഷ ഒന്നും പാസ്സായില്ലെങ്കിലും ശരീരത്തിന് തീനും വെള്ളവും കൊടുക്കാന്‍ വയറിംഗ് ജോലി ആത്മാര്‍ഥമായി ചെയ്തു പോന്നു.
ആ ഇടയ്ക്ക്  ഒരു പുത്തന്‍ പണക്കാരനായ  അമേരിക്കക്കാരന്‍ ചുമ്മാ ജാഡ കാണിക്കാന്‍ ഞങ്ങളുടെ നാട്ടില്‍ ഒരു മണിമാളിക പണിതു. അതിന്‍റെ വയറിംഗ് ജോലികള്‍ ലോട്ടറി അടിച്ചപോലെ കിട്ടിയത് നമ്മുടെ ബലരാമന്!
ജോലി തീര്‍ന്നപ്പോള്‍ ആളിന്  കൈനിറയെ ഡോ
ളര്‍ കിട്ടി. അതുകൊണ്ട് അയാളൊരു   നല്ലകാര്യവും ചീത്തക്കാര്യവും ചെയ്തു.
ആദ്യം നല്ല കാര്യം പറയാം.......
പ്രായമായ അയാളുടെ അമ്മയ്ക്ക് പച്ചക്കല്ല് മുത്ത്‌ ഇടയ്ക്കിടയ്ക്ക് വരുന്ന രണ്ടു പവന്‍റെ ഒരു സ്വര്‍ണ്ണമാല മേടിച്ചു കൊടുത്തു.  എഴുപതു സങ്കടവര്‍ഷങ്ങള്‍ നടന്നു കൂനിപ്പോയ ഒരമ്മയാണ്. സ്വര്‍ണ്ണം തൊട്ടതോടെ ആ മുഖമൊന്നു തുടുത്തു.

ഇനി ചീത്ത കാര്യം............
നാല് പവന്‍റെ മറ്റൊരു മാല വാങ്ങി സ്വന്തം  കഴുത്തിലിട്ടു. ഒരു മാല വാങ്ങി സ്വന്തം കഴുത്തില്‍ ഇടുന്നതില്‍ എന്ത് മോശമാണ് ഉള്ളതെന്ന് വായിക്കുന്നവര്‍ക്ക് തോന്നാം. പക്ഷെ സ്വര്‍ണ്ണമാല വന്നതോടെ ആള് ഷര്‍ട്ടിന്‍റെ ഒന്നുമുതല്‍ ആറു ബട്ടണുകള്‍ ഇടാതെയായി!! വയറിംഗ് എന്നാല്‍ വയറു കാണിക്കല്‍ ആണെന്ന് തെറ്റിദ്ധരിച്ചപോലെ!!
ഏതു  വീട്ടില്‍ വയറിംഗ് പണിക്കു ചെന്നാലും  ആദ്യം  "സീനാ
ടെയ് ലേര്‍സ് കരമന" എന്ന സ്റ്റിക്കെറുള്ള ഷര്‍ട്ടഴിച്ച് സ്വന്തം വാഹനമായ പഴയ വിജയ്‌സൂപ്പര്‍ സ്ക്കൂട്ടെറിന്‍റെ ഹാന്‍റിലില്‍ തൂക്കും. പിന്നെ ആകെയുള്ളത് ഒരു കൈലിയാണ്. അതുടുക്കാന്‍ പഠിപ്പിച്ചത് പഴയ സിനിമയിലെ ജയഭാരതി ആണെന്ന് തോന്നാറുണ്ട്.
"സൌന്ദര്യമുള്ള ശരീരം കാണിച്ചാല്‍ എന്താടാ കുഴപ്പം. അസൂയക്കാരോട് പോകാന്‍ പറ" എന്നായിരുന്നു പലപ്പോഴും ബലേട്ട
ന്‍റെ ചോദ്യം. 

നാട്ടില്‍ ചില കാര്യങ്ങള്‍ ബോറാണ്.
K S R TC  സ്റ്റാ
ന്‍റ്റിലെ മൂത്രപ്പുരയുടെ വാതില്‍.
ജലദോഷം പിടിച്ചവന്‍റെ ഷേക്ക്‌ഹാന്‍ഡ്‌.
വീടി
ന്‍റെ ഉമ്മറത്തിണ്ണയില്‍ അണ്ടര്‍വിയറുകളുടെ  തോരണം.
അതിനെക്കാള്‍ ബോറാണ് ആണ്‍ബോഡിയുടെ ആവിശ്യമില്ലാത്ത പൊതു ദര്‍ശനം.
പഴശ്ശിരാജയിലും, വടക്കന്‍ വീരഗാഥയിലും ശരത് കുമാറും മമ്മൂട്ടിയും ഷര്‍ട്ട്‌ ഇട്ടിട്ടില്ല, പക്ഷേ അതിനൊക്കെ വ്യക്തമായ കാരണമുണ്ട്, കാണാന്‍ ശംഖു കടഞ്ഞെടുത്ത ഒരു കലയുണ്ട്.. പക്ഷെ  "തിരോന്തോരത്ത്" ഒരു കുഞ്ഞു ഗ്രാമത്തിലെ ബലരാമന്‍‍,  നാടുണര്‍ന്നു നാട്ടുകാര്‍ 
കൂടുന്ന നേരത്ത്, ഒരു ഇളം നീലയില്‍ ചുവപ്പും വയലറ്റും വരകളുള്ള കളസ്സം മാത്രമിട്ട്, അശ്ലീല ചലനങ്ങളോടെ, റോഡു സൈഡിലുള്ള 
വീടിനു മുന്നില്‍ പുഷ് അപ്സ് എടുക്കുന്നതിനു എന്ത് പര്‍പ്പസ്സ് ആണുള്ളതെന്ന് ആര്‍ക്കും മനസ്സിലാകാത്ത കാര്യമായിരുന്നു. 
ബെഡ് റൂമിന്‍റെ സ്വകാര്യ വെളിച്ചത്തില്‍ ആണിന്‍റെ നെഞ്ച് സ്ഫടിക തുല്യം തിളങ്ങും. അതിനു നിഗൂഢമായ വശ്യതയും ആകര്‍ഷണീയമായ സുഗന്ധവുമുണ്ട്. അത് മുല്ലവള്ളികളെ അലസം ചുറ്റിപ്പടരാന്‍ ക്ഷണിക്കും..അങ്ങനെ ആണ് വേണ്ടത്. ചിലതൊക്കെ കാണണ്ടവരെ    മാത്രം കാണാന്‍ ഉള്ളത് ആകണം!

അങ്ങനെ അല്ലറ ചില്ലറ നേരമ്പോക്കുകളും ബോഡിഷോയും ഒക്കെയായി നമ്മുടെ നായകന്‍ കഴിഞ്ഞുപോകെ ..
ഏതോ ഒരു സുന്ദര പ്രഭാതത്തില്‍ ബലരാമന് ‌ പ്രേമം പൊട്ടിമുളച്ചു..സുഗന്ധിയോട്‌..!
പീതാംബരേട്ടന്‍റെ രണ്ടാമത്തെ മകള്. ഒരു  ഇലക്ട്രിക്‌ ഷോക്കിലൂടെ ഉടലെടുത്ത ബന്ധം!! ആ നാട്ടിലെ  സ്ത്രീ രത്നങ്ങള്‍ കാലെടുത്തുകുത്താന്‍  ഭയക്കുന്ന ബലരാമന്‍റെ മനസ്സെന്ന അങ്കത്തട്ട്, സുഗന്ധിയുടെ പുരികത്തിന്‍ ചുരിക തടുക്കാന്‍ പരിച ഇല്ലാതെ കീഴടങ്ങി. ‍

ബലന്‍-സുഗന്ധി ബന്ധം വറീത്ചേട്ടന്‍റെ ചൂട്  'ബോണ്ട'പരിപ്പുവട' കിട്ടുന്ന ചായക്കട, മരംചുറ്റി പ്രണയം വഴിയുന്ന  സിനിമ കൊട്ടക , സായം കാലത്തെ കടല്‍ത്തീരം,  മുതലായ സ്ഥലങ്ങളിലൂടെ മുന്നേറി..!
ഒരു നാൾ സുഗന്ധി 'പിച്ചിപ്പൂ'വിനോടുള്ള തന്‍റെ അടങ്ങാത്ത ആസക്തി അവന്‍റെ  മുന്നിൽ തുറന്നിട്ടു..
"ബലേട്ടാ ......എന്‍റെ തലയില്‍ ചൂടാന്‍ നാലുമുഴം പിച്ചിപ്പൂ കൊണ്ട് തരുമോ"?
ബലന്‍ 'ഭീമൻ' ആയി..
പിച്ചി പൂക്കുന്ന കാലം അല്ലെങ്കിലും പ്രിയതമയെ  എടുത്തു വാരിപ്പുണര്‍ന്നു അവന്‍ പറഞ്ഞു " എന്റെ സുഗന്ധീ...നിന്‍റെ ഈ പേര് പോലെ, സുഗന്ധം നാടെങ്ങും പരത്താന്‍ നിന്‍റെ മേനി  ഞാന്‍ പിച്ചിപ്പൂ കൊണ്ട് മൂടും, എ
ന്‍റെ തേന്‍ കുടുക്കേ" എന്ന് പ്രണയ പരവശനായി വിളിച്ചുകൊണ്ടു  സുഗന്ധമുള്ള കവിളില്‍ നുള്ളി.
ആ പ്രഭാതത്തില്‍ തന്നെ 'പിച്ചിപ്പൂ' എന്ന്‌ മനസിൽ മൂന്ന്‌ തവണ കോറിയിട്ടു..!
**************************
ചെത്തുകാരന്‍ നാരായണേട്ടന്‍റെ പൂവാലന്‍ പൂങ്കോഴിയുടെ പുഷ്കലകണ്‌ഠനാദം, ആ വൃശ്ചികമാസ ഗ്രാമത്തെ ഉണര്‍ത്തി..
'ബലരാമനെ 'പിറന്ന പടി' പാലമരത്തിൽ കെട്ടിയിട്ടിരിക്കുന്നു...!'
എന്ന വാർത്ത കേട്ടാണ്‌ ആ നാടുണർന്നത്‌..!
'പാലമരം', 'കെട്ട്‌' ഇതൊക്കെ ദഹിക്കാം...പക്ഷെ..."ഈ പിറന്നപടി"എന്ന വാക്കില്‍ എവിടെയോ ഏന്തോ ഒരു ഇത്‌.!
സംഭവം ശരി തന്നെയായിരുന്നു..
കാണുമ്പോൾ തേക്കിലയിൽ നാണം മറച്ച്‌, നാട്ടാർക്ക്‌ മുൻപിൽ ബന്ധിതനായിരുന്നു കഥാനായകൻ..!
കൂടി നിന്നവരുടെ 'അയ്യേ, നാണക്കേട്‌' എന്ന മൊഴികൾക്കിടയ്ക്ക്‌ സുഗന്ധിയുടെ പരിചിത സ്വരത്തില്‍ "നാണമില്ലാത്തവന്‍" എന്നത് കേട്ട്  'യൂ റ്റൂ ബ്രൂട്ടസ്‌..!' എന്ന ഭാവത്തോടെ, അതിലേറെ നിസ്സഹായതയോടെ ബലരാമന്‍ നിന്നു..!!!

"എങ്കിലും ഇത് എങ്ങനെ സംഭവിച്ചു"??? അവന്‍ മോഷണം പിന്നെയും തുടങ്ങിയോ? എന്തിന്??
 
വറീത് ചേട്ടന്‍റെ ചായക്കടയിലെ  വര്‍ഷങ്ങളായുള്ള  കസ്റ്റമേഴ്സിന്‍റെ   മൂലതാപം കൊണ്ട് ഇരുണ്ടു   പോയ ബെഞ്ചില്‍, ഇരുന്നും കിടന്നും നാട്ടുകാര്‍ കൂലംകഷമായി ചിന്തിച്ചു..

അവസാനം പഞ്ചായത്ത് മെമ്പര്‍ വാസുവാശാനോട് ബലരാമന്‍ നടന്ന സത്യം പറഞ്ഞു.......

അതിരാവിലെ ശരീരമാസകലം എണ്ണയും തേച്ച്‌,തോർത്ത്‌ മുണ്ട്‌ മാത്രമുടുത്ത്‌ അമ്പലക്കുളത്തിൽ കുളിക്കാൻ
പോകാനിറങ്ങിയതായിരു
ന്നു, ഒന്നും പിന്നത്തേക്ക്‌ നീട്ടിവെക്കാറില്ലാത്ത ബലരാമന്‍. 
ഊണിലും ഉറക്കത്തിലും സുഗന്ധിയുടെ 'പിച്ചിപ്പൂ' മാത്രമായിരുന്നു  കുറച്ചു ദിവസമായി.
ശബരിമലക്ക് പോകാന്‍ മാലയിട്ടു വ്രതം നോറ്റ്,  അതിരാവിലെ ദേഹം മുഴുവന്‍ എണ്ണ തേച്ചു പിടിപ്പിച്ച്, അമ്പലക്കുളത്തിലേക്ക് കുളിക്കാന്‍ പോകും വഴിയാണ് ഒരു അഭൌമ സൌരഭം തന്‍റെ നാസികയെ ഭ്രമിപ്പിക്കുന്നു എന്ന സത്യം മനസിലാക്കിയത്.  

"ഹെന്ത്.....ഇതുവരെ ഈ മണം ഇവിടെ ഇല്ലാരുന്നുവല്ലോ? ഇതിപ്പോള്‍ എവിടെനിന്ന്? എന്തിന്‍റെ? എങ്ങനെ? ഇത്യാദി ചിന്തകള്‍ ആ ലോലമനസ്സിനെ മഥിച്ചു.
പോലീസ് നായ മണം പിടിച്ചു ചെല്ലും പോലെ  കൊച്ചുവെളുപ്പാങ്കാലത്ത് ആ നീണ്ട  മൂക്ക് ചെന്ന്നിന്നത് റേഷന്‍കട നടത്തുന്ന കമലാക്ഷി ചേച്ചിയുടെ  വീട്ടിൽ.
അപ്പോള്‍ കണ്ട  കാഴ്ച!!!!!
ആ വര്‍ഷത്തെ ന്യൂ ഇയര്‍ ബംബര്‍ അടിച്ചപോലെ ബലരാമ
ന്‍റെ കണ്ണ് ഊരിത്തെറിച്ചു.   ആയിരം പൂത്തിരി ഒന്നിച്ചു കത്തിയ തിളക്കം. ഉടലാകെ വെളുത്തമുത്ത്‌ കൊണ്ട് മാല കൊരുത്തിട്ട പോലെ  കമലാക്ഷി ചേച്ചിയുടെ പിച്ചകവള്ളി പൂ ചൂടി നില്‍ക്കുന്നു"!!!
സുഗന്ധിയുടെ കാച്ചെണ്ണ തേച്ച കാര്‍കൂന്തളവും, അതില്‍ ഈ  പൂചൂടിക്കുമ്പോള്‍ അവള്‍ അനുരാഗപരവശയായി ത
ന്‍റെ ഇടത്തേ കവിളില്‍ പ്രണയമുദ്ര പതിപ്പിക്കുന്നതും   അവന്‍റെ മനസ്സില്‍ മിന്നി മാഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. കയ്യിലിരുന്ന സോപ്പുപെട്ടി താഴെവച്ച്, ഉടുത്തിരുന്ന തോര്‍ത്തുമുണ്ട് ഒന്നുമുറുക്കിക്കുത്തി    അഞ്ചടി പൊക്കത്തിലെ ആ  മതില്‍ ചാടിക്കടന്നു.

 ആ അരണ്ട വെളിച്ചത്തില്‍ മെല്ലെ പൂ പറിക്കാനായി തോട്ടത്തില്‍   കയറി.    കമലാക്ഷി ചേച്ചിയുടെ  മകൻ 'പട്ടാളം മണിയന്‍'  അവധിയ്ക്ക് വന്നിടുണ്ടായിരുന്നു. മൂന്നരമണി
തൊട്ടു   തോന്നിപ്പിക്കുന്ന ഒരു  'ശങ്ക' തീർക്കാൻ മണിയന്‍ മുറ്റത്തിറങ്ങിയപ്പോള്‍‍  ശരീരമാസകലം എണ്ണ തേച്ച 'ബലരാമ'  രൂപത്തെ കണ്ടതും, 'കൃത്യ നിർവഹണത്തിനായി എണ്ണ തേച്ചിറങ്ങിയ കള്ളൻ' എന്ന്‌ ബ്രെയിനില്‍ മെസ്സേജ് കിട്ടിയ ഞെട്ടലോടെ, പട്ടാളം മണിയന്‍ ഒരു നിമിഷം അതിര്‍ത്തിയില്‍ കണ്ട പാകിസ്താന്‍ ചാരന് നേരെ പായുംപോലെ   ബലരാമന്‍റെ നേരെ ചാടി.  അതു കണ്ട്‌ അപകടം മണത്തു ബലരാമന്‍ ഓടാൻ ശ്രമിച്ചതും ,റൊസാച്ചെടിയിൽ കുരുങ്ങിയ തന്‍റെ ഒറ്റത്തോർത്തെടുക്കാൻ വീണ്ടും തിരിഞ്ഞതും, ആ ശ്രമം പരാജയപ്പെട്ട് പട്ടാളത്തിന്‍റെ 'കരാളഹസ്ത'ത്തിലകപ്പെട്ടതും...
എല്ലാം ചരിത്രം...!
തേക്കിലയുടെ പിന്നില്‍ പുരുഷത്വത്തെ മറച്ച്, ഒരു  ബോഡി ഷോ നാട്ടുകാര്‍ക്ക് ടിക്കെ
റ്റില്ലാതെ സമ്മാനിച്ച ബലരാമന്‍, ആ സംഭവത്തിനു ശേഷം കുളിക്കുമ്പോള്‍ പോലും ഷര്‍ട്ട് ഊരാന്‍ നില്ക്കാതെആയതിനു സുഗന്ധിയോടു നാടുകാര്‍ക്ക് കടപ്പാട്.

നാലുമുഴം പിച്ചിപ്പൂ ബലരാമ
ന്‍റെ  കീര്‍ത്തി നാടാകെ പരത്തി..ആ പൂമണം ഇപ്പോഴും ഗ്രാമത്തില്‍ ഒഴുകുന്നുണ്ട്.

Sunday, July 1, 2012

പ്രണയം കൊണ്ടൊരു തുലാഭാരം..

ആകാശം പരിഭവം പെയ്തു തീര്‍ക്കാന്‍ വാശിപിടിക്കുന്ന പോലെ  ഇടവപ്പാതി മഴ!!
കൂട്ടുകാരിയുടെ തണുത്ത വിരല്‍തുമ്പ്‌ പിടിച്ചുനടന്നിരുന്ന  കരിയില മൂടിയ ആ പഴയ  ഇടവഴിയിലൂടെ ഇപ്പോള്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍, അവളുടെ സ്മൃതിയില്‍ പുണ്യം തളിക്കും  പോലെ കൂട്ട് വന്നതാണോ ഈ മഴ?
ഓറഞ്ച്നിറത്തിലെ കോളാമ്പിപ്പൂവുകള്‍ മഴയുടെ ചുംബനമേറ്റ്  നാണിച്ചു തലതാഴ്ത്തി!!



ഇടവഴി നടന്നു കയറിയാല്‍ അമ്പലക്കുളം.
കുളിമുറികളില്‍ ചാറ്റമഴകള്‍   കൃത്രിമമായി
പെയ്യാന്‍  തുടങ്ങിയതോടെ ഈ കുളം തനിച്ചായപോലെ!! കഷ്ടം!!

 ആരും വരാത്ത  കുളിക്കടവില്‍ തിരയിളക്കമില്ലാത്ത വെള്ളത്തിന്‍റെ സങ്കടം. സമപ്രായക്കാരായ കൂട്ടുകാരികളെല്ലാം വിവാഹം കഴിഞ്ഞു പോയിട്ടും, പ്രണയിക്കാനും സ്നേഹിക്കാനും ആരുമില്ലാതെ ഒറ്റക്കായ പോയ ഒരു പാവം പെണ്‍കുട്ടിയെ പോലെ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ  അമ്പലക്കുളം. 

ചാഞ്ഞു പെയ്യുന്ന മഴയില്‍ മെല്ലെ ഞാന്‍ പടവുകളിലൂടെ താഴേയ്ക്ക് ഇറങ്ങിച്ചെന്നു.
നനഞ്ഞ വിരലുകള്‍ കൊണ്ട് വെള്ളം എന്‍റെ പാദത്തില്‍ വന്നു തൊട്ടു!!
എന്‍റെ പ്രണയസഖിയുടെ സ്പര്‍ശം പോലെ!!
ഓര്‍മ്മകള്‍!!! ചന്ദനമുട്ടി വച്ച് കത്തിച്ചാലും അഗ്നിയ്ക്ക്   ദഹിപ്പിക്കാന്‍ ആവില്ല അതിനെ.
സന്ധ്യയെ യാത്രയാക്കാന്‍ വന്ന പൂനിലാവിന്‍റെ   ഇലഞ്ഞിപൂത്ത   ഓര്‍മകളില്‍, കസ്സവിന്‍റെ പാവാട മുട്ടൊപ്പം കയറ്റി, വെള്ളിക്കൊലുസ്സിട്ട കാലുകള്‍ വെള്ളത്തില്‍ ഇളക്കിക്കൊണ്ട്, ഈ കുളിക്കടവില്‍ അവള്‍ എന്‍റെ കൌമാരത്തിന്‍റെ ജലോത്സവങ്ങള്‍ക്ക് കാവലിരുന്നിട്ടുണ്ട്!

സൂര്യരശ്മികള്‍ ചിത്രമെഴുതുന്ന അമ്പലക്കുളത്തില്‍ വാലു നനച്ചിട്ടു പോകുന്ന തുമ്പികള്‍.
 "ഈ കുളത്തിലെ മീനുകള്‍ പ്രണയിക്കുന്നുണ്ട് മനൂ"  ഒരിക്കല്‍ അവള്‍ ഒരു കുസൃതി  പറഞ്ഞു.  
"മൂക്കുകള്‍ പരസ്പരം മുട്ടിക്കുന്നത്‌ അവരുടെ സ്നേഹപ്രകടനമാണ്, പ്രണയത്തിന്‍റെ കാതരമായ രഹസ്യം പറച്ചിലുകള്‍ വരുമ്പോളാണ് അവ ചെകിളപ്പൂവുകള്‍ തമ്മില്‍ ചേര്‍ത്ത് പിടിച്ചു ഒരുമിച്ചു വാലിളക്കുന്നത് !!"
അവളുടെ കണ്ണിലെവിടെയും പ്രണയത്തിന്‍റെ സൂര്യകാന്തിപ്പൂക്കള്‍ മാത്രമായിരുന്നു ആ നാളുകളില്‍. 

 വാക്കിലും സ്പര്‍ശത്തിലും പ്രണയഗന്ധം നിറഞ്ഞു നിന്ന ദിനങ്ങള്‍.


മൊബൈല്‍ ഫോണുകളില്ലാതെ  അന്ന്  സന്ദേശങ്ങള്‍ അയച്ചിരുന്നത് കണ്ണുകളില്‍ നിന്നും കണ്ണുകളിലേയ്ക്കായിരുന്നു!!
 താമരത്തണ്ടിന്‍റെ മൃദുലതയുള്ള ആ കൈകളെ താലോലിക്കാന്‍ "കൈനോട്ടം" അറിയാമെന്നു കള്ളം പറയുമായിരുന്നു.   അവളുടെ ചായം തേക്കാത്ത ഭംഗിയുള്ള നഖങ്ങളോട് എനിക്കും തോന്നിയിരുന്നു അസൂയ!
അടുപ്പമുള്ളവര്‍ക്ക് മാത്രം വായിക്കാന്‍ കിട്ടുന്ന സ്വകാര്യ ഡയറിയാണ് പെണ്‍കുട്ടികളുടെ കൈകള്‍! ആര്‍ക്കും അത്ര എളുപ്പം വായിക്കാന്‍ കഴിയാത്തത് അവരുടെ മനസ്സാകും!

 അകലങ്ങള്‍ പ്രണയത്തെ അതിരുകളില്ലാതെ മനോഹരമാക്കുന്നു. ഒരു വാക്കും മിണ്ടാതെ ഒരു നോക്കിനില്‍പ്പിന്‍റെ മൌനം പകരുന്നത് ഒരിക്കലും അവസാനിക്കാത്ത രാഗങ്ങളുടെ ഘോഷയാത്രയാണ്. നിന്‍റെ  ഒരു ദളം മതി എനിക്ക് ആയിരം പൂക്കാലം ഒരുമിച്ചു കിട്ടിയപോലെയാകും, നീ  അറിയാതെ നിന്നെ നോക്കി നില്‍ക്കുമ്പോള്‍ ഞാനും പൂത്തൊരു മരമാകുന്നു..

ഒരു വേനലവധിക്കാലത്ത് എല്ലാമുറികളിലും വലിയ കണ്ണാടികളുള്ള  അവളുടെ വീട്ടിലേയ്ക്ക് ഞാന്‍ ചെന്നു.  പടികടന്നെത്തുന്ന അതിഥിയെ സ്വീകരിക്കുന്നത് സ്വന്തം പ്രതിബിംബം തന്നെ!!  നിറയെ കണ്ണാടികളുള്ള വീട്ടില്‍ താമസിക്കുന്നത് കൊണ്ടാകാം മോഹിപ്പിക്കുന്ന വസ്ത്രധാരണമായിരുന്നു അവളുടേത്‌.  ചിത്രപ്പണികളുള്ള മനോഹര കുര്‍ത്തകളും, പിന്നെ വല്ലാതെ നൊസ്റ്റാല്‍ജിയ‍   തോന്നിപ്പിക്കുന്ന ബംഗാളി കോട്ടണ്‍ സാരികളും!

നീലവിരിയിട്ട പതുപതുഞ്ഞ സോഫയിലേക്ക് ഒരു വള്ളിപ്പൂമരം പോലെ ചാഞ്ഞിരുന്ന് അവള്‍ സംസാരിക്കുമ്പോള്‍,  ആ മാന്തളിരധരങ്ങളുടെ മായിക ചലനം മാത്രമായിരുന്നു എന്‍റെ കണ്ണില്‍.
ഇടയ്ക്ക് മേശപ്പുറത്തിരുന്ന ഒരു ഡയറി വെറുതെ മറിച്ചു നോക്കി, വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതിലെ ഓരോതാളിലും എന്‍റെ പേര് എഴുതിയിരിക്കുന്നു. ആദ്യം ഇംഗ്ലീഷില്‍..പിന്നെ മലയാളത്തില്‍, ഹിന്ദിയില്‍..പിന്നെ എനിക്ക് അറിയാത്ത ഏതൊക്കെയോ ഭാഷകളില്‍!! എന്‍റെ പേര് ഇത്രയധികം തവണ ഞാന്‍ വായിച്ചിട്ടേയില്ല. മറ്റൊരാള്‍ എഴുതുമ്പോള്‍ ഈ പേരിനു ഇത്ര ഭംഗിയുണ്ടെന്നു ഞാന്‍ ആദ്യമായാണ്‌  തിരിച്ചറിയുന്നത്‌!!

സംസാരമഴ  പെയ്തു തോര്‍ന്ന ഇടവേളയില്‍, ഭഗവതിക്കാവിലെ ഇരുവശവും കരിങ്കല്ല്  കെട്ടിയ ഇടവഴിയിലൂടെ കുറേ നേരം നടന്നു.
 "സ്വന്തമല്ല നീ എനിക്ക്..ആവില്ല എന്നുമറിയാം, "
എങ്കിലും....ഒത്തിരി നേട്ടങ്ങള്‍ കൊയ്യാതെ, ഒരാള്‍ക്കും ഒന്നും നഷ്ടപ്പെടുത്താതെ, ഈശ്വരന് പോലും പരിഭവം തോന്നാതെ
അപൂര്‍വ്വമായി അനുവദിച്ചുകിട്ടുന്ന ഈ ചില സുന്ദര നിമിഷങ്ങളെ  നമുക്ക് ആസ്വദിച്ചുകൂടെ?" മെല്ലെ ഞാന്‍ ആ കൈപിടിച്ചു.
 അവളുടെ കൈകള്‍ക്കപ്പോള്‍  കര്‍ക്കിടക മഴത്തുള്ളിയുടെ തണുപ്പായിരുന്നു.

ജീവിതം പലപ്പോഴും യാത്രയാണല്ലോ ... ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്, നാം പോലുമറിയാതെ..ഇനിയുമൊരിക്കല്‍ നടക്കണം നമ്മള്‍ക്ക്  ഇതുപോലെ കയ്യോട് കൈചേര്‍ത്തു, ഒരുപാട്ദൂരം.  ജീവിതത്തിന്‍റെ  സായന്തനത്തില്‍
നാമൊറ്റയാവുമ്പോള്‍ കയ്യിലൊന്നും കരുതാതെ, പിന്നെയും ഒരുപാട് ദൂരെ പോകണം.
ആര്‍ക്കും സങ്കടം കൊടുക്കാതെ, പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഹൃദയം പങ്കുവയ്ക്കാന്‍, ഗുരുവായൂര്‍ കണ്ണന് നമുക്ക്  ഈ പ്രണയം കൊണ്ട് തുലാഭാരം നടത്താം....ഈ ആയുസ്സ് മുഴുവന്‍ നിന്നെ എനിക്കും,  എന്നെ നിനക്കും  സ്നേഹിക്കാന്‍.
"എത്ര കുടിച്ചു വറ്റിച്ചാലും തീരാത്തത് പോലെ സ്നേഹത്തിന്‍റെ ഒരു വലിയ കടല്‍ നമുക്കിടയില്‍ ഉള്ളപ്പോള്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടോ"  എന്ന് മനസ്സ് ചോദിക്കുന്നു.

ഈ ഇഷ്ടത്തിന്‍റെ ശരിയും തെറ്റും എനിക്കറിയില്ല. അറിയുകയും  വേണ്ട. അതുകൊണ്ടുതന്നെ സദാചാര സമൂഹത്തിന്‍റെ മിഴികള്‍ ഞാനെന്‍റെ
വലംകൈ കൊണ്ട് മറയ്ക്കുന്നു.

ഞാനീ  സുന്ദര നിമിഷങ്ങള്‍ എന്‍റെ പ്രീയപ്പെട്ടവളുടെ  കൂടെ മുകര്‍ന്നോട്ടെ...അവളുടെ ശ്വാസച്ചൂടില്‍  എന്‍റെ കവിള്‍ത്തടങ്ങളില്‍ വിയര്‍പ്പുമണികള്‍ പൊടിയുന്നത് ഞാന്‍ അറിയുന്നു. എന്ത് മണമാണ് നിന്‍റെ മുടിയിഴകള്‍ക്ക്‌..ഈ നിലാവില്‍ നമുക്കലിഞ്ഞു ചേരാം..
ഞൊറിവച്ചുടുത്ത നിന്‍റെ കസവ് ചേല എന്‍റെ കുസൃതിക്കൈ അഴിക്കുമ്പോള്‍ നാണം കൊണ്ട് മുഖം ചുവന്നു.
ആ പൊന്നുനൂലരിഞ്ഞാണത്തില്‍  എന്‍റെ വിരലുടക്കി...ഒന്നായ്  അലിഞ്ഞാത്മാവില്‍ ഒന്നായ് ചേരാന്‍ ഈ പ്രണയത്തിന്‍  മായാതീരം തിരിതെളിച്ചു. ഇപ്പോള്‍ ഒരു പട്ടുനൂലിന്‍റെ അകലം പോലും നമുക്കിടയില്‍ ഇല്ല.....
മഴവില്ലലിഞ്ഞു ചേര്‍ന്ന അഴകിന്‍റെ   ചിരിയൊന്ന്  അവള്‍ എന്‍റെ നേര്‍ക്ക്‌ നീട്ടി. അപ്പോള്‍ കുങ്കുമച്ചാറില്‍ പിഴിഞ്ഞെടുത്ത സാന്ധ്യ മേഘങ്ങള്‍‍ പ്രതിഭലിച്ചപോലെ   അവളുടെ കവിളില്‍ ഒരു  ശോണിമ പടര്‍ന്നു.   
നറുവെണ്ണയുടെ     നിറമായിരുന്നു അവള്‍ക്ക്. മണ്‍ചിരാതുകളുടെ ദീപപ്രഭയുടെ നടുവില്‍ ജ്വലിച്ചു നില്‍ക്കുന്ന  നിലവിളക്കിന്‍റെ  വിശുദ്ധിയോടെ എന്‍റെ പ്രീയപ്പെട്ടവള്‍!   
ഈ ഒരുമിച്ചുള്ള സമയമെങ്കിലും  ഞാന്‍ നിന്നെ സ്വന്തമാക്കിക്കോട്ടേ..!!
ഒരിക്കല്‍ അവള്‍  എനിക്കെഴുതിയ പ്രണയവരികളില്‍  ": എനിക്ക് നിന്‍റെ രാധിക ആകണ്ട, ഈ സ്നേഹസാമീപ്യം ഉള്ളപ്പോള്‍ ഞാന്‍ നിന്‍റെ ലക്ഷ്മിയാണ്‌, നിന്‍റെ മഹാലക്ഷ്മി..നിന്‍റെ ഇടം കൈ എന്‍റെ ചുമലില്‍ പിടിച്ചു നീ എന്നെ നെഞ്ചോടു ചേര്‍ത്തുപിടിക്കുമ്പോള്‍ ഞാന്‍ വൃന്ദാവനത്തി‍ലല്ല..മഥുരയില്‍ നിനക്കൊപ്പം. എന്തെന്നാല്‍ നിന്‍റെ വിരഹം എന്നെ തളര്‍ത്തുന്നത്   എനിക്കിഷ്ടമാകില്ല!! എന്നായിരുന്നു.

ഓര്‍മകളുടെ വേനലിന്‍റെ നടുമുറ്റത്തേക്ക് ഇന്നലെയൊരു  രാത്രിമഴ വിരുന്നുവന്നു.
കിടപ്പുമുറിയുടെ സ്വകാര്യതയില്‍ ഉന്മാദിയായ പെണ്‍കുട്ടിയെപ്പോലെ രാത്രിമഴ എന്‍റെ മുറ്റത്തെ ഇരുളില്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. സ്വീകരണമുറിയുടെ ജനാല തുറന്നു പുറത്തേക്കു നോക്കിയ  എന്‍റെ മുഖത്തേക്ക് കുളിര് കുടഞ്ഞിട്ടു കുസൃതി  മഴയുടെ ചോദ്യം:"വരുന്നോ എന്‍റെ കൂടെ? ഞാന്‍ നിന്‍റെ പ്രണയിനിയുടെ പ്രിയസഖി. അവള്‍ കാത്തിരിക്കുന്നു നീ മയില്‍പ്പീലികൊണ്ട് ഹൃദയതിലെഴുതിയ പ്രണയാക്ഷരങ്ങള്‍‍ക്കായി"  കേട്ടപ്പോള്‍ ഹൃദയം തുളുമ്പി!!

നേരം പുലരാന്‍ കാത്തു നില്‍ക്കാതെ മഴ ഏതോ രാത്രിവണ്ടിയില്‍ മടങ്ങിപോയിരുന്നു. ഇന്ന് പുലര്‍ച്ചെ  നോക്കുമ്പോള്‍ മുറ്റം നിറയെ മഴയുടെ കാല്‍പ്പാടുകള്‍. തൊടിയുടെ മൂലയില്‍ പിണങ്ങിനിന്ന പവിഴമല്ലി ഒരു രാത്രികൊണ്ട്‌ ആളാകെ മാറി. ഉടല്‍ നിറയെ പൂക്കള്‍ ചൂടി ഒരുങ്ങി നില്‍ക്കുന്നു. നവവധുവിനെ പോലെ..

ആ ഗന്ധത്തിന്‍റെ  ഊര്‍ജ്ജസൂനങ്ങളില്‍ എന്നിലെ പ്രണയത്തിന്‍റെ ഊഷ്മാവുപകരും ഉണര്‍വുമായി ഞാന്‍  കാത്തിരിക്കുന്നു. ആ പ്രണയത്തിന്‍റെ മുഖം ഒരിക്കല്‍ക്കൂടി ഒരു ശ്വാസത്തിന്‍റെ അകലത്തില്‍ കാണാന്‍. 
എഴുതിയതിനും ഇനി എഴുതാനിരിക്കുന്നതുമായ എല്ലാ നിര്‍വചനങ്ങള്‍ക്കും  അപ്പുറത്ത് നിന്ന് ഇപ്പോഴും പ്രണയം ഗൂഢമായി ചിരിക്കുന്നത് എനിക്ക് കാണാം..