Sunday, May 26, 2013

വിശ്വാസത്തിന്റെ കണ്ണാടി

ണ്ടായിരത്തിപ്പത്തിലെ ഒരു ഡിസംബർ രാത്രി. അച്ഛന്റെ ഷഷ്ടി പൂർത്തി ആഘോഷത്തിന് ഗൾഫിൽ നിന്നും വിരുന്നു വന്നതാണ് കിഷോർ. രാത്രി ഫ്ലയിറ്റിൽ തിരുവനന്തപുരത്ത് വന്നിറങ്ങി, വീട്ടിലേക്കുള്ള യാത്രയിൽ അനന്തപുരി നിറയെ ക്രിസ്തുമസ് വരവറിയിച്ചു കൊണ്ട് പലവർണ്ണങ്ങളിൽ ഉള്ള നക്ഷത്രങ്ങൾ സ്വാഗതം പറയുന്നു. കാർ ഗേറ്റിൽ എത്തിയപ്പോൾ നിലാവിന്റെ കരനെയ്ത നേരിയതുടുത്തു അമ്മ വെളിയിൽ നില്പ്പുണ്ട്. അടുത്തെത്തിയപ്പോൾ പതിവുപോലെ കെട്ടിപ്പിടിച്ച് അവന്റെ നെറുകയിൽ ഒരു വാത്സല്ല്യ മുത്തം കൊടുത്തു.


നാട്ടിൽ വരുന്നുണ്ടെന്നു നേരെത്തെ കൂട്ടുകാരോട് പറഞ്ഞിരുന്നത് കൊണ്ട്, അധികം വൈകാതെ ഫോണിൽ പലരുടെയും നമ്പർ തെളിഞ്ഞു. 'ജലസേചന' സദസ്സിൽ ഇന്ന് ഗൾഫിൽ നിന്നും സ്കോട്ച്ച് വിരുന്നെത്തുന്നതും  കാത്ത് അക്ഷമരായി കാത്തിരിക്കുകയാണ് അവർ.

മഞ്ഞു പെയ്യുന്ന രാത്രി.

നാലഞ്ചു മെഴുകുതിരികൾ ആലസ്യത്തോടെ എരിയുന്ന വട്ടമേശക്കു ചുറ്റുമിരിക്കുന്ന എല്ലാവരുടേയും ആരാധനക്കണ്ണുകൾ നീളുന്നത് കറുത്ത പർദ്ദ ഇട്ടു വിരുന്നുവന്ന ആ സുന്ദരിക്കുപ്പിയിലേക്കാണ്. മൂന്നാല് ആണുങ്ങൾ ഇങ്ങനെ ആർത്തിയോടെ നോക്കിയാൽ അതിനു പോലും നാണം തോന്നില്ലേ?

സമയം വൈകിക്കാതെ ലഹരിയുടെ പാനപാത്രങ്ങൾ വറ്റിക്കാൻ നാലാളും തീരുമാനിച്ചു . ജലോത്സവത്തിന് തുടക്കം കുറിച്ച് ചിയേർസ്സ് പറഞ്ഞ് ചില്ലുഗ്ലാസ്സുകളുടെ ചുണ്ടുകൾ തമ്മിൽ മുത്തം കൊടുത്തു.


തണുത്ത നിലാവിൽ ഭൂമി ഒരു വലിയ വിസ്കി ഗ്ലാസ്സിലെ ഹിമക്കട്ട പോലെ..!

ഈ വർഷം കള്ളുകുടി നിറുത്തണം- എന്നൊക്കെയുള്ള എവിടെയുമെത്താത്ത തീരുമാനങ്ങൾക്ക് വിരാമം ഇട്ടു സഭ പിരിച്ചു വിട്ടതായി പഞ്ചായത്ത് മെമ്പർ അജേഷ് അറിയിച്ചു.


തിരികെ വീട്ടിൽ എത്തിയപ്പോൾ അടുക്കളയിൽ നിന്നും സ്പൈസിയായ ഒരു കാറ്റുവന്നു മൂക്കിൽ ഉമ്മ വച്ച ശേഷം സ്വീകരണ മുറി ചുറ്റിക്കറങ്ങി പുറത്തേക്കു പോയി. മകന് പ്രിയപ്പെട്ട ചിക്കൻ 65 എണ്ണയിൽ വറുത്തു കോരുകയാണ് പാവം അമ്മ.

അച്ഛൻ ഈയിടയായി തീരെ റൊമാന്റിക്‌ അല്ല, ഇന്ന് അമ്മയെ കണ്ടാൽ ഹേമമാലിനിയെ പോലെയുണ്ട്. സുന്ദരിയമ്മ..!!

കിഷോറിന്റെ കമ്മന്റ് കേട്ടപ്പോൾ പൂമുഖത്തെ ചെമ്പകം പോലെ അമ്മയുടെ മുഖം ഒന്ന് പൂത്തുലഞ്ഞെങ്കിലും "പോടാ നിന്നു കൊഞ്ചാതെ, അടി മേടിക്കും നിനക്ക്" എന്നേ  പറഞ്ഞുള്ളൂ .


മക്കൾക്ക്‌ എത്ര അടുത്താണ് ഇന്നത്തെ അമ്മ, നല്ല കൂട്ടുകാരെ പോലെ. ഭംഗിയുള്ള കണ്ണാടിയുടെ ഇരുവശങ്ങൾ പോലെ.


ഭക്ഷണം കഴിഞ്ഞ് ഫേസ് ബുക്ക്‌ താളുകൾ മറിക്കുമ്പോൾ മുകളിൽ ഒരു ചുവപ്പ് വെട്ടം കിഷോറിന്റെ കണ്ണിൽപ്പെട്ടു, 'നിർമ്മല മേനോൻ' സുഹൃത്താവാൻ ആഗ്രഹിക്കുന്നു..!


ആരാണിവർ? എങ്ങനെ എന്നെ അറിയും? എന്ന ഒരുകൂട്ടം ചോദ്യശരങ്ങൾ മനസ്സില് നിന്നും തലച്ചോറിലേക്ക് എയ്തു വിട്ടുകൊണ്ട്‌ ആ പ്രൊഫൈലിൽ ഒരു രാത്രി സഞ്ചാരം നടത്തി. അധികം സുഹൃത്തുക്കൾ ഇല്ലാത്ത, അലക്ഷ്യമായ് കടൽത്തിര നോക്കി ഇരിക്കുന്ന ഏതോ ബോളിവുഡ് നടിയുടെ പടം കടമെടുത്ത നിർമ്മല മേനോനു പച്ചക്കൊടി കാണിക്കാൻ കിഷോറിനു എതിർപ്പൊന്നും തോന്നിയില്ല.


പരിചയമുള്ള ആളുകളെ പോലും കൂട്ടുകാരാക്കാൻ നക്ഷത്ര നയനങ്ങൾ രണ്ടു വട്ടം ആലോചിക്കുന്ന ഈ 'കപട മുഖച്ചിത്ര' കാലത്ത്, ഒരു നിർമ്മല മേനോൻ നിർമ്മലമായ മനസ്സോടെ തന്റെ കൂട്ട് തേടിയതിൽ അത്ഭുതവും ഒരു കൌതുകവും കിഷോറിനു തോന്നി.


  പത്തു ദിവസത്തെ അവധിക്കാലം കഴിഞ്ഞു തിരിച്ചു ജോലിയുടെ തിരക്കുകളിൽ എത്തിയപ്പോൾ, ഇടയ്ക്കിടെ ചാറ്റ് വിൻഡോയിൽ പുതിയ അതിഥി വിരുന്നു വന്നു. ആദ്യമാദ്യം ചുരുക്കം ചില വാക്കുകളിൽ ഒതുങ്ങുന്ന സംസാരം, തികഞ്ഞ ഔപചാരികത,  പിന്നെ കാണാം എന്ന് പറഞ്ഞു തിടുക്കത്തിൽ യാത്രയാകും രണ്ടാളും. പിന്നെപ്പിന്നെ ആ തിടുക്കം കുറഞ്ഞു. വീടും നാടും ചോദിച്ചറിഞ്ഞു, വീട്ടുകാരെക്കുറിച്ചും.


കണ്ണൂർ ജില്ലയുടെ വടക്കേ മുറ്റത്തെ തുളസിത്തറയാണ്‌ പയ്യന്നൂർ. അവിടെ ഏതോ നമ്പ്യാരുടെ പേരിലുള്ള ഹൌസിംഗ് കോളനിയിലെ ശ്രീശൈലം എന്ന പേരുള്ള ഒരു നല്ല വീട്. ഭർത്താവ് രമേഷ് മേനോൻ ‍, ഒരു പ്രമുഖ കമ്പനിയിൽ ഉയർന്ന പോസിഷനിൽ വർക്ക്‌ ചെയ്യുന്നു. അവർക്ക് രണ്ടു കുട്ടികൾ, മൂത്ത മകൻ കിരണ്‍,‍ പിന്നെ ഒരു കുറുമ്പത്തി മകൾ ‍ കീര്‍ത്തി. ഈ നാല് പേരാണ് ശ്രീശൈല വാസികൾ. പോര്‍ച്ചില്‍ രണ്ടു കാറുള്ള കാർഭാടമുള്ള ഫാമിലി.


ഇടവേളകൾ കുറഞ്ഞ സംവാദത്തിലൂടെ കൂടുതൽ അടുത്തു. ആരോഗ്യപരമായ നല്ല സൌഹൃദം. ഇഷ്ടങ്ങളും അനിഷ്ടങ്ങളും പറയാൻ മടി കുറഞ്ഞു. നിർമ്മലക്ക് ‌ സിൽക്ക് സാരികളോടാണ് പ്രണയം. യേശുദാസിനോട് ഒരുപാടിഷ്ടം, യാത്രകൾ അധികം ഇഷ്ടമല്ല, വീട്ടിൽ മക്കളോടും രമേഷിനോടും ഒപ്പം സമയം ചിലവാക്കാൻ കൂടുതൽ താല്പ്പര്യം. എന്നും വൈകിട്ട് ഇളം ചൂട് വെള്ളം വേണം കുളിക്കാൻ, പിന്നെ പൂജാമുറിയിലെ കള്ള കൃഷ്ണനോട് ഡീറ്റെയ്ൽഡായി നിവേദനം. മക്കൾക്ക്‌ വൈകുന്നേരത്തെ പലഹാരത്തോടൊപ്പം അളവില്ലാത്ത സ്നേഹം. ഇങ്ങനെ അവരുടെ സായാഹ്നങ്ങൾ അതി സുന്ദരം..!


സ്ത്രീകളുടെ പരമ്പരാഗത പ്രശ്നങ്ങളെക്കുറിച്ച് അവർ എപ്പോഴും കിഷോറിനോട് വാചാലയാകുമായിരുന്നു.
ഒരിക്കൽ അവർ അവനോടു ചോദിച്ചു.
"ആണിനാണോ പെണ്ണിനാണോ കൂടുതൽ കരുത്ത്"? ഉത്തരം കിഷോർ  പറയും മുന്നേ അവർ പറഞ്ഞു "എന്റെ വോട്ട് പെണ്ണിനാണ്, അതിനു കാരണവും ഉണ്ട്...!

റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടി ഒരു ഇരയാണ്, അവിശുദ്ധ കാമനകൾ കറപറ്റിക്കാതിരിക്കാൻ അവൾക്കു തന്റെ ഉടലിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കേണ്ടി വരുന്നു. നൂറായിരം വായിനോട്ട കണ്ണുകളെ അവൾ പട്ടുസാരി കൊണ്ട് പോരിനു വിളിക്കുന്നു. എല്ലാ അവിഹിതങ്ങളുടെയും പ്രേരണ അവന്റെ കൂടെ ആണെങ്കിലും വിഹിതം അവൾക്കു മാത്രമുള്ളതാകുന്നു. മീശയും താടിയും വച്ച് മസിലും പെരുപ്പിച്ചു മദിച്ചു നടക്കുന്ന നരസിംഹങ്ങളെ പേടിക്കാതെ അവൾ കൊലുസും കിലുക്കി അലസം നടക്കുന്നു.


ഇതൊക്കെ പോരെ എന്ന് നിർമ്മല ചോദിച്ചപ്പോൾ കിഷോറിനു ഉത്തരംമുട്ടി.


ഇത്രയുമൊക്കെ വാചാലായി ആവേശം കൊണ്ടിരുന്ന അവർ ഇടയ്ക്ക് അപ്രത്യക്ഷയായി. കുറെ നാൾ 'മുഖ പുസ്തകത്തിന്റെ' കുസൃതി ജാലകത്തിൽ കിഷോർ അവരെ കണ്ടതേ ഇല്ല.


ഒരു വിഷുക്കാലത്തിന്റേയും ഓണനിലാവിന്റെയും ഇടവേളയ്ക്കു ശേഷം, വീണ്ടും നിർമ്മലയുടെ പേര് ജാലകത്തിൽ കണ്ടു. കിഷോറിനു പറയാൻ അപ്പോൾ അവന്റെ ഭാവി വധുവിന്റെ വിശേഷങ്ങൾ ഉണ്ടായിരുന്നു. അവർക്ക്  കൂടുതലും മൗനവും. അതിന്റെ കാരണം കുറെ തിരക്കിയപ്പോൾ , "വിശ്വസിച്ചു കൈപിടിച്ച ആള് കാണിച്ച വിശ്വാസമില്ലായ്മയും ചതിയും ഒരു സ്ത്രീയുടെ ജീവിതം എങ്ങനെ സങ്കടക്കടലാക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഞാൻ" എന്ന് മാത്രം പറഞ്ഞു.

പിന്നെ നീണ്ട മൗനത്തിനു  ശേഷം യാത്ര  പറയാതെ പോവുകയും ചെയ്തു ..!


എവിടെയോ കളഞ്ഞു പോയോ അവരുടെ മുഖത്ത് ജ്വലിച്ചുനിന്ന ആ പെണ്‍പോരിമ എന്ന് കിഷോറിനു തോന്നി ..
കരുത്താർന്ന പെണ്‍ മനസ്സ് തോൽക്കുമോ?
തോൽക്കും .......!


അതിന്റെ കാരണങ്ങൾ പിന്നീട് നിർമ്മല പറഞ്ഞു.
കണ്‍ വെട്ടത്തുണ്ടെങ്കിലും പല കാര്യങ്ങളും നമ്മളുടെ പരിധിക്കു പുറത്താണ്. സ്വന്തം ശ്വാസം പോലെ നിർമ്മലക്കു വിശ്വാസമായിരുന്നു രമേഷിനെ. ഈ കഴിഞ്ഞ വർഷങ്ങളിൽ ഒരിക്കൽ പോലും ആ വിശ്വാസത്തിന്റെ കണ്ണാടിമാളികയിൽ ഒരു പോറൽ പോലും വീഴ്ത്താൻ ആർക്കും കഴിഞ്ഞില്ല.

മക്കൾക്കും നിനക്കും വേണ്ടി രാപ്പകൽ അദ്ധ്യാനിക്കുന്ന സ്നേഹനിധിയായ രമേഷിനെ കിട്ടിയതിൽ നീ ഭാഗ്യവതി ആണ് മോളെ-- അമ്മയും പറഞ്ഞിട്ടിട്ടുണ്ട്, പലവട്ടം.

രാത്രി വൈകിയും ലാപ്ടോപ്പിനെ കൂട്ട് പിടിച്ചു ഇരിക്കുന്ന ഭർത്താവ്, വർക്ക്‌ റിലേറ്റഡ് ആയി ഇരിക്കുകയാകും എന്ന പതിവ് ചിന്തയിൽ ഒരു ദിവസം ഉറക്കം വരാതെ പകുതി ചാരിയ വാതിൽ തുറന്നു ചെന്ന നിർമ്മല കണ്ടത്, അർദ്ധനഗ്നയായ ഒരു സ്ത്രീ ലാപ്ടോപ്പ് ജാലകത്തിൽ രമേഷിനോട് കൊഞ്ചിക്കുഴയുന്നതാണ്. ജീവന്റെ പക്ഷി കൂടൊഴിഞ്ഞ പോയ ശരീരം പോലെ സ്തബ്ധയായിപ്പോയി ഒരു നിമിഷം. വിശ്വാസമെന്ന ഹൃദയച്ചൂടിനു മേൽ വെറുപ്പിന്റെ തണുത്ത കറുത്ത പുതപ്പു നിവർന്നു വന്നു..........



പെട്ടെന്നുള്ള ഷോക്കിൽ നിന്നും മാറി, നിർമ്മലയുടെ കാലു പിടിച്ചു മാപ്പ് പറഞ്ഞു അയാള് കരഞ്ഞു, എങ്കിലും, വികാരങ്ങൾ  ഇല്ലാത്ത മനസ്സ് പോലെ നിൽക്കാനേ  അവർക്ക് കഴിഞ്ഞുള്ളു അപ്പോൾ.


ഇടവേളയ്ക്കു ശേഷമുള്ള കിഷോറുമായുള്ള സംസാരങ്ങളിൽ ആശ്വാസവാക്കുകളും, സമാധാനപ്പെടുതലും ധൈര്യം കൊടുക്കലും ഒക്കെയായി വിഷയങ്ങൾ.

ഉപദേശങ്ങൾ....

കിഷോർ, നീ കല്യാണം കഴിക്കാൻ പോകുവല്ലേ, ഒന്ന് എപ്പോഴും മനസ്സില് ഓർക്കൂ,--- "ഞാൻ", എന്നത് "ഞങ്ങൾ" ആയി മാറുന്ന പ്രവർത്തനമാണ് ദാമ്പത്യം. ലക്ഷം രൂപയേക്കാൾ സ്ത്രീ ആഗ്രഹിക്കുന്നത് നല്ല വാക്കും ജീവിത പങ്കാളിയുടെ സാമീപ്യവുമാണ്. പക്ഷെ സെക്സ് മാത്രമാണ് സ്നേഹത്തിന്റെ അടിസ്ഥാനമെന്ന് പല ആണുങ്ങളും കരുതുന്നു. വിശ്വാസമാണ് നല്ല കുടുംബത്തിന്റെ ആണിക്കല്ല് .പരസ്പരം അഭിനന്ദിക്കുക, തർക്കങ്ങൾ കുറയ്ക്കുക. തർക്കങ്ങളുടെ എണ്ണം കൂടുതലാകുന്നുവെങ്കിൽ സൂക്ഷിക്കുക, മനസ്സുകൾ സഞ്ചരിക്കുന്നത് അപകടരേഖക്ക് അരികിലൂടെയാണ്‌.


ഇതൊക്കെ വ്യക്തമായി പറഞ്ഞു തരാൻ കഴിയുന്ന ഈ സ്ത്രീയുടെ കുടുംബ വിശ്വാസത്തിന്റെ നേർത്ത പട്ടുനൂൽ ചരട് പോട്ടിപോയല്ലോ എന്നോർത്ത് കിഷോർ നെടുവീർപ്പിട്ടു.

എവിടെയാണ് ഇവര്ക്ക് തെറ്റിയത്?
കുടുംബത്തിൽ ആവശ്യം വേണ്ട ഒന്നാണ് സുതാര്യത. പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലെങ്കിലും സ്വന്തം മൊബൈലും ലാപ്ടോപ്പും പങ്കാളി തൊടുന്നത് പോലും വിലക്കുന്ന ചിലർ ഉണ്ട്. പരസപരം കാണെണ്ടാത്ത രഹസ്യങ്ങൾ ഭാര്യാഭർത്താക്കന്മാർക്ക് ആവിശ്യമുണ്ടോ? അത്തരം വിലക്കുകളുടെ മതിൽ  പൊളിച്ചു കളഞ്ഞാൽ വിശ്വാസത്തിന്റെ കണ്ണാടി കൂടുതൽ സുതാര്യവും തെളിമയും ഉള്ളതാകില്ലേ ?

26 comments:

  1. വിശ്വാസം അതല്ലേ എല്ലാം, അല്ലേ!
    ഈ യുഗം ഇങ്ങനെയാണ്, ഈ ഫേസ്ബുക്ക് കൊണ്ട് തനെ എത്ര കുടുബങ്ങൾ തകർന്ന് പോകുന്നുണ്ട്
    സൂക്ഷിച്ചാൽ ................

    ReplyDelete
  2. എനിക്ക് ഇഷ്ടമായ് ഈ കഥ പ്രത്യേകം പറയേണ്ട ചില കാര്യങ്ങള്‍
    മദ്യ സദസ്സിനെ വര്‍ണ്ണിച്ചത് പിന്നെ അമ്മയുടെ കുക്കിംഗ്‌ ...വെറും വാക്കില്‍ പറഞ്ഞു പോകാതെ ഭംഗിയായ്‌ വര്‍ണ്ണിച്ചു

    റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടി ഒരു ഇരയാണ്, അവിശുദ്ധ കാമനകൾ കറപറ്റിക്കാതിരിക്കാൻ അവൾക്കു തന്റെ ഉടലിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കേണ്ടി വരുന്നു. നൂറായിരം വായിനോട്ട കണ്ണുകളെ അവൾ പട്ടുസാരി കൊണ്ട് പോരിനു വിളിക്കുന്നു. എല്ലാ അവിഹിതങ്ങളുടെയും പ്രേരണ അവന്റെ കൂടെ ആണെങ്കിലും വിഹിതം അവൾക്കു മാത്രമുള്ളതാകുന്നു. മീശയും താടിയും വച്ച് മസിലും പെരുപ്പിച്ചു മദിച്ചു നടക്കുന്ന നരസിംഹങ്ങളെ പേടിക്കാതെ അവൾ കൊലുസും കിലുക്കി അലസം നടക്കുന്നു

    ഇത് ഒരുപാട് ശക്തമായ് എഴുതിയിരിക്കുന്നു

    ഫേസ് ബുക്ക് എന്നതില്‍ വരുന്ന റിക്വസ്റ്റ് ഒരാള്‍ എങ്ങനെ അക്സപ്റ്റ് ചെയ്യുന്നു എന്നത് ശരിക്കും വ്യക്തമാണ്

    ഒടുവില്‍ നല്ലൊരു മോറല്‍ ഉണ്ട്

    അഭിനന്ദനീയം ..ആശംസകള്‍ ..കൂടെ ഒരു ഷേക്ക്‌ ഹാന്റും

    ReplyDelete
  3. സുതാര്യത വേണം

    ReplyDelete
  4. കഥ ഇഷ്ടായി. ഒരു അനക്സര്‍ :- നമ്മുടെ നാട്ടിലെ സ്ത്രീകള്‍ കുട്ടികള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇന്ന് മദ്യത്തിനു അടിമയായികൊണ്ടിരിക്കുന്നു . അവതരണ രീതി മനോഹരമാണ് ...തിരയുടെ ആശംസകള്‍

    ReplyDelete
  5. നല്ല കഥ.വഴികള്‍ തെറ്റിനടക്കുന്ന പലരില്‍ ചിലരുടെ ജീവിതം പാശ്ചാത്തലമായപ്പോള്‍ അത് നേര്‍ക്കാഴ്ച്ചയായി.ലൈതമായ അവതരണം ഏറെ നന്നായി.ആശംസകള്‍

    ReplyDelete
  6. പരസപരം കാണെണ്ടാത്ത രഹസ്യങ്ങൾ ഭാര്യാഭർത്താക്കന്മാർക്ക് ആവിശ്യമുണ്ടോ? .ഇതിനു രണ്ട് അഭിപ്രായങ്ങള്‍....ചിലത് രഹസ്യമായി തന്നെ സുക്ഷിക്കേണ്ടി വരും ....ഭര്‍ത്താവ് അര്‍ദ്ധ നഗ്നയായ ഒരു സ്ത്രിയോട് ചാറ്റ് ചെയ്യുന്നൂ എന്ന ഒറ്റക്കാരണത്താല്‍ അയ്യാളെ വേറുക്കണോ ...... പിന്നെ കാര്യങ്ങളില്‍ സുതാര്യത വേണം എന്നതില്‍ എതിരഭിപ്രായമില്ല ..പിന്നെ പരസ്പരം അറിഞ്ഞ് ജിവിക്കുന്നതാ നല്ലത് ..പിന്നെ മുഖ പുസ്തകം തുറക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍,,,ചില ഞരമ്പ് രോഗി പയ്യന്മാരുടെ കാമ പ്രകടനം കൊണ്ട് പൊറുതി മുട്ടി തുടങ്ങി.......... എന്ത് കഷ്ട മാണെന്ന് നോക്കണേ .....കഥക്ക് എന്റെ ആശംസകള്‍.........

    ReplyDelete
  7. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തീര്‍ച്ചയായും സുതാര്യത ആവശ്യം തന്നെയാണ്.

    നല്ല പോസ്റ്റ്

    ReplyDelete
  8. ആനുകാലിക പ്രസക്തമായി കഥയെഴുതാനുള്ള ഈ കഴിവിനെ അഭിനന്ദിക്കുന്നു.
    നന്നായി എഴുതി. അഭിനന്ദനങ്ങൾ...

    ReplyDelete
  9. രചനാ ശൈലി വളരെ ആകര്‍ഷകമായി
    പക്ഷെ ക്ലൈമാക്സ് തീരെ നന്നായില്ല എന്നൊരു അഭിപ്രായം ഉണ്ട്. എന്റെ തോന്നല്‍ ആവാം
    ആശംസകള്‍ നേരുന്നു

    ReplyDelete
    Replies
    1. ക്ലൈമാക്സ് നന്നാക്കാമായിരുന്നു എന്ന് പിന്നീട് തോന്നിയിരുന്നു..
      :)

      Delete
  10. സുതാര്യത വേണം എന്ന് സമ്മതിക്കുമ്പോള്‍, അതിനു വേണ്ടി വാദികുമ്പോള്‍ എത്ര പേര്‍ സ്വന്തം ജീവിതത്തില്‍ ആ സുതാര്യത കൊണ്ടുവരുന്നു എന്നുകൂടി ചിന്തികണം... ഒഴുക്കുള്ള നിലവാരമുള്ള ഈ കഥയ്ക്ക് എന്‍റെ ആശംസകള്‍.....

    ReplyDelete
  11. കഥ നന്നായിരിക്കുന്നു.
    സുതാര്യത ആവശ്യമാണെങ്കിലും പരസ്പ്പരം വിശ്വാസം ജനിപ്പിക്കുന്ന കാര്യങ്ങളെ ചയ്യാവൂ. അല്ലാത്ത കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പടാതിരിക്കുക തന്നെയാവും രണ്ടു കൂട്ടരും ചെയ്യേണ്ടത്.

    പാതി വളരെ അകലെയാണെങ്കിൽ‌പ്പോലും തെറ്റു ചെയ്യുന്നതിനു മുൻപ് ഒരു നിമിഷം ഓർക്കുക- താൻ ചെയ്യാൻ പോകുന്ന തെറ്റ് മറുപാതി ചെയ്താൽ താൻ ക്ഷമിക്കുമോ..? എന്ന്. അതോടെ ആത്മാർത്ഥതയുള്ളവർ തെറ്റുകളിൽ നിന്നും സ്വയം ഒഴിഞ്ഞു നിൽക്കും.
    ആശംസകൾ...

    ReplyDelete
  12. സമകാലീന നന്മ ....ചിന്തിക്കേണ്ട വിഷയം ആശംസകൾ

    ReplyDelete
  13. ഭാര്യമാർ സൂക്ഷിക്കുക!

    ReplyDelete
  14. മനൂസേ , അല്പ്പം സീരിയസ്സ് വിഷയമാണല്ലൊ ...
    വായിച്ച് കഴിഞ്ഞപ്പൊള്‍ എന്തൊ ഒരു വിഷമം വന്നേട്ടൊ ..
    പുഞ്ചിരിയുടെ അലകള്‍ വിരിയിക്കുന്ന അനേകം കുടുംബങ്ങളില്‍
    ഒക്കെ ഇങ്ങനെ ചിലതുണ്ടാകാം , ഇതൊരു കഥയല്ല
    നേരെന്ന് പറയാനാണ് എനിക്ക് മനസ്സ് വരുന്നത് .
    ഒരൊ ദാമ്പത്യത്തിലും , ഒരൊ ബന്ധങ്ങളില്‍ അത്യാവശ്യം
    വേണ്ട ഒന്ന് തന്നെയാണ് സൂതാര്യത എന്നു പറയുന്നത് .
    സ്നേഹബന്ധങ്ങളുടെ ഇന്ധനമാണത് , അതില്ലാതാകുന്നടുത്ത്
    മുന്നോട്ട് പൊക്കെന്നത് ദുഷ്കരമാകും , പിന്നെ അങ്ങൊട്ട്
    മനസ്സ് കൊണ്ടുള്ള വേര്‍പിരിയലിന് തുടക്കുവുമാകും .
    എഴുതിയിട്ട ഈ കാര്യങ്ങള്‍ പ്രധാന്യമര്‍ഹിക്കുന്നത് തന്നെയാണ് ..
    കണ്ണടച്ച് നാം ഒഴിവാക്കി വിടുന്ന പലതും , പല മനസ്സുകളിലും
    നിര്‍വികാരികമായ തലങ്ങള്‍ സൃഷ്ടിക്കുന്നുണ്ടാവാം ..
    സ്നേഹം മനൂസേ ..

    ReplyDelete
  15. കഴിഞ്ഞ ദിവസം വായിച്ചിരുന്നു ..അഭിപ്രായം പറയാന്‍ പറ്റിയില്ല

    അല്ല മന്വ പരസപരം കാണെണ്ടാത്ത രഹസ്യങ്ങൾ ഭാര്യാഭർത്താക്കന്മാർക്ക് ആവിശ്യമുണ്ടോ?

    ReplyDelete
  16. പരസ്പര വിശ്വാസം തകരുന്നിടത്ത് ദാമ്പത്യവും തകരുന്നു. അതിനുള്ള വഴികൾ ധാരാളം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട ആശംസകൾ

    ReplyDelete
  17. ആണുങ്ങള് മാത്രാണോ കുറ്റം ചെയ്യുക , സ്ത്രീകളും ചതി കാണിക്കാറില്ലേ , ഭര്‍ത്താവിനെ ചതിക്കുന്ന ആളുകളില്ലേ ? അച്ഛനോടും അമ്മയോടും ഒത്തിരി ഇഷ്ടം തോന്നുവാ ഈ രചന വായിച്ചപ്പോ . അവരുടെ നിത്യ പ്രണയമാണ് തീര്‍ച്ചയായും കുടുംബത്തിന്‍റെ സന്തോഷം ഊട്ടിയുറപ്പിക്കുന്നത് . ഓരോ അരുതാത്ത വാര്‍ത്തകള്‍ കേക്കുമ്പോ തന്നെ വിവാഹം എന്ന കാര്യത്തോട് പേടിയാവും . ചീത്ത ആളുകള്‍ കാരണമല്ലേ അത്രയും പവിത്രമായ ബന്ധം വഷളാവുന്നത് . സുതാര്യത ആവശ്യമാണ്‌ വിവാഹ ജീവിത ബന്ധത്തില്‍ എന്ന് ഓര്‍മ്മിപ്പിക്കുന്നു ഈ കഥ . എഴുത്ത് ഇഷ്ടമായി .. ആശംസകള്‍ :)

    ReplyDelete
  18. ചില ഭാഗങ്ങളിലെ വർണ്ണനകൾ മനോഹരം. കഥ പറഞ്ഞു വന്ന രീതിയും നന്നായിരിക്കുന്നു. അവസാന ഭാഗം കഥയിൽ നിന്നും മാറി ഒരു ലേഖനത്തിന്റെ എന്ടിംഗ് പോലെ തോന്നി.

    ReplyDelete
  19. റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടി ഒരു ഇരയാണ്, അവിശുദ്ധ കാമനകൾ കറപറ്റിക്കാതിരിക്കാൻ അവൾക്കു തന്റെ ഉടലിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കേണ്ടി വരുന്നു. നൂറായിരം വായിനോട്ട കണ്ണുകളെ അവൾ പട്ടുസാരി കൊണ്ട് പോരിനു വിളിക്കുന്നു. എല്ലാ അവിഹിതങ്ങളുടെയും പ്രേരണ അവന്റെ കൂടെ ആണെങ്കിലും വിഹിതം അവൾക്കു മാത്രമുള്ളതാകുന്നു. മീശയും താടിയും വച്ച് മസിലും പെരുപ്പിച്ചു മദിച്ചു നടക്കുന്ന നരസിംഹങ്ങളെ പേടിക്കാതെ അവൾ കൊലുസും കിലുക്കി അലസം നടക്കുന്നു

    നന്നായി പറഞ്ഞിരിക്കുന്നൂ കേട്ടൊ ഭായ്

    ReplyDelete
  20. നല്ല ഒഴുക്കോടെ എഴുതി..
    നല്ല വായനയും കിട്ടി..കാലിക
    പ്രസക്തമായ വിഷയം...

    എന്നാൽ കഥയ്ക്കും ലേഖനത്തിനും
    ഇടയിൽ കുടുങ്ങി ഒരു തീരുമാനം
    എടുക്കാൻ മനു വിഷമിച്ചു എന്ന്
    തോന്നി..
    ആശംസകൾ

    ReplyDelete
  21. വളരെ നല്ല എഴുത്താണ് ആർക്കും ഇഷ്ടപ്പെടുന്ന ഒരു രചനശൈലിയുണ്ട് എന്നാലും ചില വിലയിരുത്തലുകൾ തെറ്റല്ലേ എന്ന വിമർശനവും പക്കുവെക്കുന്നു “ സെക്സ് മാത്രമാണ് സ്നേഹത്തിന്റെ അടിസ്ഥാനമെന്ന് പല ആണുങ്ങളും കരുതുന്നു“ ഇതു താങ്കളുടെ മാത്രം അഭിപ്രായമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. വിവേചനമുള്ള ആരും അങ്ങനെ ചിന്തിക്കും എന്നു തോന്നുന്നില്ല.

    ReplyDelete
  22. ചാലക്കോടൻ,
    മനസ്സൊഴുകും വഴി വന്നു അഭിപ്രായം അറിയിച്ചതിൽ സന്തോഷം.
    "സെക്സ് മാത്രമാണ് സ്നേഹത്തിന്റെ അടിസ്ഥാനമെന്ന് പല ആണുങ്ങളും കരുതുന്നു“ എന്നേ പറയാനാണ് ശ്രമിച്ചത്. ഒരിക്കലും എല്ലാ പുരുഷ വർഗ്ഗവും അതിൽ പെടുന്നില്ല, (എഴുതിയ ഞാനും) :) എന്നിരുന്നാലും നാമുൾപ്പെടുന്ന പുരുഷ സമൂഹത്തിൽ അങ്ങനെയും ചിലർ ഉണ്ട് എന്ന സത്യം വിസ്മരിച്ചില്ല എന്ന് മാത്രം.

    സ്നേഹത്തോടെ,
    മനു..

    ReplyDelete
  23. ഹൃദസ്പർശം... അല്ലാ വിങ്ങൽ... അഭിപ്രായങ്ങൾ എല്ലാരും പറഞ്ഞിരിക്കുന്നു.. ഹൃദയം കൊണ്ട് നിർമ്മലെ ഞാൻ പുണരുകയണ്... കഥയാണെങ്കിൽ അല്ലെങ്കിലും.. ആശംസകൾ...

    ReplyDelete