Tuesday, June 10, 2014

എങ്ങനെ മറക്കും..

ൾത്തിരക്കിൽ കണ്ണുകൾ തമ്മിൽ കണ്ടിട്ടും,
മന:പ്പൂർവ്വമുള്ള-
കാണാതിരുപ്പുകൾ...!
ഹൃദയത്തിൻ മിണ്ടലുകൾ,
അധരത്തിൻ-
മിണ്ടാതിരിപ്പുകൾ...!
തണൽമരച്ചോട്ടിലെ സൗഹൃദക്കൂട്ടത്തിൽ,
ഇല്ലാത്തോരാളെ തിരയുന്ന
ആകാംഷമിഴികൾ...!
വെയിൽ മണക്കും വരാന്തകളിൽ,
പ്രിയമുള്ളോരാളെ
കാണാതിരിക്കുമ്പോൾ-
നിഴലിറങ്ങിപ്പോകുംവരെ നീളും,
മിഴിയടയാ -
കാത്തിരിപ്പുകൾ...!
ഒളികണ്‍നോട്ടങ്ങളിൽ,
കണ്ണിമകളിൽ കുലച്ചു നില്ക്കും
മഴവില്ലു കണ്ടെത്തുന്ന
മത്സരങ്ങൾ..!
കടുംചുംബനങ്ങളുടെ ചായംമുക്കി,
മനസ്സിൽ തിരയടിക്കുന്ന രൂപത്തെ,
ആയിരം ക്യാൻവാസുകളിൽ
വരയ്ക്കാൻ കാണിക്കും-
തിടുക്കങ്ങൾ...!
ആകാശപ്പരപ്പിലേയ്ക്ക് തുറക്കും,
ജാലകവാതിലുകളിലൂടെ,
നീലമേഘങ്ങളുരുണ്ടുകൂടി,
കാണാൻ കൊതിച്ചോരു മുഖമാകുന്നത്
കാണുമ്പോൾ,
അവിടേയ്ക്ക് വർണ്ണശലഭങ്ങളെ പറത്തി,
ദൂതുവിടുവാൻ-
മോഹങ്ങൾ...!!
വൈകിയുള്ള രാവുറക്കങ്ങളിൽ,
ഋതുവിരലാൽ-
ആരോ തഴുകിയുണർത്തുന്ന
തരളിത സ്വപ്‌നങ്ങൾ...!
ഓരോ കാഴ്‌ചയിലും വേഗം കൂടുന്ന
ആരും കേൾക്കാ-
നെഞ്ഞിടിപ്പുകൾ..!
മറ്റാർക്കും മുഖം തരാതെയാണെങ്കിലും,
അടുത്തെത്തുമ്പോൾ
തലയുയർത്തി നോട്ടമെറിയുന്ന
വഴിനടത്തങ്ങൾ ...!
തമ്മിൽക്കാണാ ദിവസങ്ങളിൽ ,
ആളൊഴിയാ നീളൻ വരാന്തയിൽ,
ആരെയോ കാത്തുനിൽക്കുന്ന
കലങ്ങിയ കണ്‍മഷി-
നോട്ടങ്ങൾ ...!
ആദ്യമായ് കണ്ണിൽ നറുനിലാവെട്ടത്തിൻ,
നന്ത്യാർ വട്ടങ്ങൾ വിരിയിച്ച
തേനൊലി -
ചുംബനങ്ങൾ ..!
മൗനം വിരൽകോർത്ത
ഇടവഴിനടത്തങ്ങൾ..!
മിണ്ടാട്ടമില്ലാതെ മുഖം മറച്ചും,
ഇല്ലാപ്പിണക്കം കൊണ്ട് കവിൾ ചുവപ്പിച്ചും,
പരിഭവപ്പനി പിടിച്ച-
മഴദിനങ്ങൾ..!
വെയിൽ അസ്തമിച്ചിട്ടും
വെളിച്ചം അണഞ്ഞു തുടങ്ങിയിയിട്ടും
യാത്രപറയാൻ മടിച്ചിരുന്ന
വൈകുന്നേരങ്ങൾ ...!

പ്രണയം.........!!!!!!!!!
ഇതൊക്കെയും
തോന്നിയിട്ടുണ്ട്.....
എനിയ്ക്കും ..
അവൾക്കും .......
എങ്ങനെ മറക്കും...?
ആദ്യ നോട്ടം..
ആദ്യം മിണ്ടിയത്‌..
സ്പർശം..
മുത്തം കൊണ്ട് ചുണ്ട് നനഞ്ഞത്..
ദേഷ്യംവന്നു കണ്ണ് ചുവന്നത്..
സങ്കടം കൊണ്ട് കണ്മഷി കലങ്ങിയത്..
കുശുമ്പ് വന്നു കൈ പിച്ചിയെടുത്തത് ..
എങ്ങനെ...
എങ്ങനെ മറക്കും..???

ഈ ഓർമ്മകൾക്കും മറവിയ്ക്കുമുണ്ട് ജീവനിൽപ്പൂത്ത ചെമ്പകത്തിൻ വാസന..!!
___________________________________________

Wednesday, May 7, 2014

കിനാവള്ളിയിൽ കൊരുത്ത പ്രണയപ്പൂക്കൾ

ഇന്നലെ ....
 രാത്രിയാമങ്ങളിലെ ഏതോ സ്വപ്ന മുഹൂർത്തത്തിൽ
നീയെന്റെ വധുവായി.......
ആയിരം മഴമേഘ ദൂരങ്ങൾക്ക് അപ്പുറമാണ് നീയെങ്കിലും,
ഇന്നലെ ഒരൊറ്റ സ്വപ്നത്തിൻ  കിനാവള്ളിയിൽ
എത്ര പവിഴോർമ്മകളെയാണ് നീ കൊരുത്തിട്ടത്!!
എത്ര സുന്ദരമായാണ് നീ സ്വപ്നങ്ങൾക്ക് മഴവിൽ ചിറകു തുന്നുന്നത്,
നീയെന്റെ നിറങ്ങളായ്‌ മാറുന്നത്‌,
എന്റെ ശ്വാസവേഗങ്ങളിൽ മൃദുഗന്ധം കലർത്തുന്നത്,
മുടിപ്പിന്നലിന്റെ തുമ്പത്തെ പിച്ചിപ്പൂ..
മാങ്ങാമാലയും, ഇളക്കത്താലിയും കസവു പുടവയും..
നീൾമിഴികൊണ്ടുള്ള നോട്ടത്തിൽ
തളർന്നു പോയി ഞാൻ...........
നിനക്കു ചേരാത്ത നാണത്തോടെ നീ എന്റെ കരളിന്നകത്തു
കാൽവിരൽ കൊണ്ട് കോലം വരയ്ക്കുന്നോ?
കാതോരമായ് വന്നു ഞാനും നിലാവും മാത്രം കേൾക്കേ
നീ പറയുന്നു............
ഞാൻ ഇനിവരും ജന്മങ്ങളിലും നിന്റെ പ്രണയം തീറെഴുതി വാങ്ങിച്ചവൾ,
നീ പാതികണ്ട് ഉണരുന്ന പ്രണയ സ്വപ്നങ്ങളെ
ദൂരെയിരുന്നു പൂരിപ്പിച്ചു പൂർത്തിയാക്കി കാണുന്നവൾ...............
സ്വപ്നത്തിലല്ലാതെ നിന്റെ വധുവാകാൻ ഒരു പുനർജ്ജന്മം ഇല്ലാതെ പോയവൾ,
ഒരുതാലിത്തിളക്കം നീയെൻ കഴുത്തിൽ ചേർത്ത് വയ്ക്കുന്ന ചിത്രം
ഹൃദയത്തിന്റെ ചുവപ്പ് കാൻവാസിൽ പകർത്തിവച്ചവൾ,
മഴക്കുളിരിൽ നിന്നെപ്പുതച്ചും
ഒറ്റനടത്തങ്ങളിൽ
എനിക്കുമാത്രം കാണും നിന്റെ
കൈത്തണ്ട് പിടിച്ചും തോളുരുമ്മിയും,
നീപാടിയ പാട്ടിൻ പല്ലവിയ്ക്ക് ആരുംകേൾക്കാതെ
ഒരേ അനുരാഗത്തിൻ ഇണ അനുപല്ലവികൾ മൂളിയും,
നിന്റെ പേര് ഒരു പ്രാർത്ഥന പോലെ സഹസ്രനാമം ചൊല്ലിയും,
ഈ ഭൂമികയിൽ എന്റെ വിശുദ്ധ പ്രണയം ജീവിച്ചു തീർക്കുന്നവൾ..!!!

Monday, March 3, 2014

ശുഭയാത്ര നേരുന്നു ..

നിന്റെ നെഞ്ചിൻ മിടിപ്പ് നിന്നാലും,
ജീവന്റെ പക്ഷി പറന്നകന്നാലും,
പറയാൻ ബാക്കിവച്ച അവസാനത്തെ വാക്കെന്താകുമെന്നോർത്ത് എനിക്ക്  ശ്വാസംമുട്ടിയാലും,
ഇനിയൊരു പുലരി ചുവക്കാത്ത ഇരുൾക്കറുപ്പിൻ ദേശത്തേയ്ക്ക്, ഒറ്റയ്ക്കൊരു ചൂട്ടുകറ്റ വെളിച്ചം വീശിത്തെളിച്ച് നീ നടന്നകന്നാലും,
ഉറക്കത്തിൻ രാത്രി വണ്ടിയെത്തുന്ന വഴിയിലെ തനിച്ചിരുപ്പിലേയ്ക്കെന്നെ ഇറക്കിവിട്ട്, ഉണരാത്ത ഒരു ഉറക്കത്തിലേക്ക് നീ വേഗവണ്ടി കയറി കൂട്ടില്ലാതെ പോയാലും,
ഒറ്റപ്പെടലിന്റെ ചന്നിനായകക്കയ്പ്പ് രുചിക്കുമ്പോൾ, നിന്റെ ചേർന്നിരിപ്പുകൾ സമ്മാനിച്ച തേൻമധുരാനുഭൂതികൾ നെഞ്ഞുകീറി നൊമ്പരമെഴുതിയാലും,
ഓർമ്മയിൽ........
ബോധത്തിൽ.......
പ്രാണനിൽ .........
ചിന്തയിൽ ..........
സ്വപ്നത്തിൽ .....
ഉറക്കത്തിൽ.......
ഉണർവ്വിൽ ........
കണ്ണുകളിൽ.........
കാതുകളിൽ........
വാക്കിൽ......
നോക്കിൽ..........

നീ..........നിന്റെ ആത്മാവ് വാസനിക്കുവോളം,
കാലത്തിനും, പ്രകൃതിക്കും, ഋതുക്കൾക്കും  ഊതിക്കെടുത്താൻ ആകില്ല
നീ എന്റെ ഉള്ളിൽ ഉയിരിന്റെ എണ്ണ  ഊറ്റി ഒറ്റത്തിരിയിട്ട് കൊളുത്തിവച്ച പ്രണയത്തിൻ മുല്ലപ്പൂവെട്ടം.

Saturday, February 15, 2014

പറഞ്ഞുതീരാ ഇഷ്ടങ്ങൾ....

വാലൻറ്റൈൻ ദിവസത്തിനു തലേന്ന് വല്ല്യമ്മാവന്റെ മോൻ സൂരജ് വിളിച്ചു.......
"ഏട്ടാ, ഒരു ഹെൽപ്പ് വേണം, നാളെ ഫെബ്രുവരി 14 , കോളേജിൽ പ്രണയലേഖനം എഴുത്ത് മത്സരമുണ്ട്.   പ്രണയത്തേനിൽ  മധുരക്കരിമ്പ് മുക്കി എഴുതിയ ഒരു വെടിക്കെട്ട്‌ സാധനം വേണം, ഹെൽപ്പിയേ പറ്റൂ..." എനിക്കൊന്നു ആളാവാൻ പറ്റിയ സമയമാ,..!

പണ്ട് സുഭാഷും, രതീഷ്‌ കുറുപ്പും, എന്നെകൊണ്ട്‌ പ്രണയം എഴുതിച്ച് അനിതയുടെയും, ദീപാതമ്പിയുടെയും കവിളുകൾ ചുവപ്പിച്ച് ആനന്ദ പുളകിതരായ കാലം മനസ്സിലോടിവന്നു..!

ഉറക്കെ പറഞ്ഞതും, പാതി പറഞ്ഞതും, പറയാതെ  പോയതുമായ അതിരില്ലാ പ്രണയത്തിൻ മേച്ചിൽപുറങ്ങൾ തുറന്നിട്ടിരുന്ന  കലാലയനാളുകൾ..!

കണ്ണുകളെ സജലമാക്കി, എന്നെങ്കിലുമൊരിക്കൽ എവിടെയെങ്കിലും നമ്മൾ കണ്ടുമുട്ടും- എന്ന വെറും വാക്കും പറഞ്ഞ്, ഒടുവിലത്തെ കയ്യുംവീശി നടന്നകന്ന എത്രയെത്ര പ്രണയിനികളെ കണ്ടിട്ടുണ്ടാകും ഈ കലാലയ മുത്തശ്ശി..!!

 പഠിക്കുന്ന കാലത്തോ സ്വന്തമായി ആർക്കും ഒരു പ്രണയമെഴുതി കൊടുക്കാൻ പറ്റീല്ല . ഇവനെങ്കിലും ഒരു ഉപകാരമാകട്ടെ എന്നോർത്ത് ഒരൂട്ടം അടിച്ചു വിട്ടു..
========================================================

വസന്തത്തിൻ അവസാന നാളുകളിലെങ്കിലും നെടുവീർപ്പു മണക്കുന്ന കാത്തിരുപ്പ്മുറി ജനാലയുടെ, കാലത്തിൻ വിജാവിരി പിന്നോട്ട് തുറന്ന്, പ്രണയപ്പൂവിലാസം തേടുന്ന പ്രിയശലഭം വന്നെങ്കിൽ.

ഒരു ചേമ്പിലക്കീഴിലേക്ക് ആകാശം ഒലിച്ചിറങ്ങുമ്പോൾ ഒരുമിച്ചു നനയാൻ.....
മരമെല്ലാം കുലുക്കിപ്പെയ്യിച്ച് വിരൽകോർത്തു നടക്കാൻ...
 അനുരാഗ വളകൾ കൈയ്യിൽ ഇടീച്ച്‌ കണ്ണേറു കിട്ടാതെ കാവലിരിക്കാൻ ..
ശ്വാസത്തിനരികെ ഒരാൾ....!!

 തീവ്രമായ ആഗ്രഹം തോന്നുമ്പോൾ ഓടിവന്നൊന്നു കാണാൻകഴിയില്ല എന്ന സത്യം തിരിച്ചറിയുമ്പോഴും, ഇനിയെന്നു കാണുമെന്നു ആവർത്തിച്ച് എന്നോട് തന്നെ ചോദിക്കുമ്പോൾ, ഉത്തരമില്ലാതെ മനസ്സ് ശൂന്യമാകുമ്പോഴും , കാത്തിരിപ്പ് ഒരാൾക്ക്‌ വേണ്ടി മാത്രമാകുമ്പോളുമാണ് പ്രണയമെന്നത് ഒരു സാധനയായി മാറുന്നത്..

അമിത ആത്മവിശ്വാസമാകുമെനിയ്ക്ക്..! ആകാശദൂരങ്ങളിൽ നീ പോയ്‌ മറഞ്ഞാലും, ക്ഷണമാത്രയിൽ ഭൂഗുരുത്വത്തേക്കാൾ വേഗം നിന്നെ ആകർഷിച്ച് എന്നിലെത്തിക്കാൻ, എന്റെ വാക്കിന്, എന്റെ ശബ്ദത്തിന് കഴിയുമെന്ന് എനിക്ക് ചിന്തിക്കാൻ കഴിയുന്നത്‌ അതുകൊണ്ടാകും.

ഗ്രീഷ്മം തിളയ്ക്കുന്ന ഇടവഴിയിൽ, ഉണങ്ങിയ പായൽപച്ച ചുവരിൽ ചാരിനിറുത്തി, നീ പ്രണയം ശ്വസിക്കുന്ന ചുണ്ടിൽനിന്ന് കട്ടെടുത്ത ആദ്യ ചുംബനത്തിന്റെ നനവുള്ള ഓർമ്മകൾ
എന്റെ സ്വപ്നങ്ങളിൽ വിരുന്നു വരാറുണ്ട്. ആ കണ്ടുതീരാ സുന്ദരസ്വപ്നങ്ങളെ പാതിവഴിയിൽ വെയിൽ തൊട്ടുണർത്തുമ്പോൾ, മറയുന്നത് നെഞ്ചോടുചേർന്നു കിടന്ന നിന്റെ ആലിംഗനത്തിൻ മുഖമാണ്‌..! 

തനിച്ചാവലുകൾ ഇതാദ്യമല്ല, പക്ഷേ,ഒന്നിച്ചുകണ്ട സ്വപ്നങ്ങളിൽ നിന്നും യാത്രപറയാതെ ഒരാൾമാത്രം മായുന്നത്,അസഹ്യം!
കരൾ പകുത്തുകൊടുത്തോരാളോടൊപ്പം  ഒരുമിച്ചൊരു ലോകമില്ലാതാകുന്ന നൊമ്പരത്തേക്കാൾ, പ്രണയം തീണ്ടി മരിക്കണം...!

ചുംബിച്ച മധുരവും, കണ്ണിലെ പ്രണയച്ചൂടും പോകും വരേയ്ക്കും സമയത്തെ ഞാൻ പിടിച്ചു കെട്ടാം,
'തിരികെവരാം 'എന്നൊരു വാക്ക് നിനക്കുണ്ടെകിൽ..! കാത്തിരിപ്പിന്റെ ഗ്രീഷ്മം ഒറ്റയ്ക്ക് വിയർത്തു തീർത്തവന് വൈകിയെങ്കിലും കനിഞ്ഞ്‌ തന്നുകൂടെ ഒരുതുടം മഞ്ഞിന്റെ വിശറിക്കുളിര് ?
============================================================
സമ്മാനം കിട്ടിയോ എന്ന് വിളിച്ചു ചോദിച്ചില്ല, എങ്കിലും പണ്ട് ആൾക്കൂട്ടങ്ങളുടെ അരികുപറ്റിച്ചേർന്നു മുഖം കുനിച്ച് കാൽനഖങ്ങളിൽ നോക്കി നടന്നിരുന്ന ഒരു അമ്പലവാസിക്കുട്ടിയുണ്ട്, ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് പലവട്ടം ആഗ്രഹിച്ച ഒരു മുഖം.......
ഈ എഴുത്ത് ആ പറയാ പ്രണയ ഓർമ്മകൾക്ക് ...............

Sunday, December 8, 2013

ഒരു അവധിക്കാല വെടി ...!

നാട്ടിലേയ്ക്കുള്ള ഓരോ അവധിക്കാലയാത്രകളും ഓരോ കഥകളാകാറുണ്ട്. ചിരിച്ചും സന്തോഷിച്ചും, സുഖമുള്ളൊരു ചെറുനോവിന്റെ മുള്ളുകൊണ്ടൊന്നു കണ്ണ് നിറഞ്ഞും  ഒരുപിടി കഥകളെ ഹൃദയത്താളിൽ എഴുതിത്തരും ഓരോ അവധിക്കാലവും ..!

ശിവന്റമ്പലത്തിൽ ദീപാരാധന കഴിഞ്ഞ് ചുറ്റുവിളക്ക് കെടുത്തും മുൻപ് വടക്കേഗോപുരത്തിണ്ണയിൽ നമ്മുടെ ലോക്കൽകമ്മറ്റി  അണ്ണന്മാരുടെ  ഒരു നാട്ടുപഞ്ചായത്തുണ്ട്‌. കണ്ണിൽ പ്രസാദവുമായ് തൊഴുതു മടങ്ങും "മിസ്സ്‌ കരമന"-സുന്ദരികളുടെ,നാട്ടുമണ്‍വഴിയിൽ പതിഞ്ഞ കാലടികളെ നോക്കി നെടുവീർപ്പിടുന്ന, ക്ലബ്ബിലെ പുരോഗമന വാദികളും, യുവ കോണ്‍ഗ്രസ്സ് ചേട്ടന്മാരും ചോരത്തിളപ്പുള്ള യുവകോമളന്മാരുമടങ്ങുന്ന ഒരു  നാട്ടുക്കൂട്ടം...!

കരളിൻ പുഴകളിൽ പാദസ്സരങ്ങളൊഴുക്കിയ പെണ്‍കൊടികൾ മധുതരമായ ഓർമ്മയിൽ ഭൂതകാലത്തിൻ പടിയിറങ്ങി നില്ക്കുന്നു.
ആ കാഴ്ച വിളക്കിന് ശേഷം ചർച്ചയാണ്..
ജാതിമത വർഗ്ഗ രാഷ്ട്രീയ ഭേദമന്യേ, അമ്പലക്കമമ്മറ്റിക്കാരും, പള്ളിക്കമ്മറ്റിക്കാരും, ഇരുന്നു സകല രാജ്യാന്തര വിഷയങ്ങളും, പൊളിഞ്ഞ പ്രേമവുമൊക്കെ ചർച്ച ചെയ്യുന്ന ഒരിടമാണത്. ആദ്യഘട്ട ചർച്ച അവിടെ തുടങ്ങി പിന്നെ മെല്ലെ അടുത്തുള്ള ക്ലബ്ബിലോട്ടു പോയിട്ടാകും ബാക്കി  അരമുക്കാൽ മണിക്കൂർ തുറന്ന ചർച്ച.! കരുവായത്തെ മനൂന്റെ അച്ഛന്റെ ജാട  മുതൽ, അമേരിക്കയിലെ ജോലി സാധ്യതകൾ വരെ വിഷയമാകുമവിടെ.

അങ്ങനെ ഒരു വൃശ്ചികക്കുളിരുള്ള സായാഹ്നത്തിലാണ്,  കണ്ണുചിമ്മി  ഉണർന്ന്‌ വരുന്ന ചന്ദ്രബിംബത്തെ സാക്ഷിനിറുത്തി,  ഗൾഫിൽ നിന്നും വെള്ളിയുടിപ്പിട്ട് വിരുന്നു വന്ന അബ്സല്യൂട്ട് മാംഗോയുടെ  രണ്ട് കുപ്പി, ഞാൻ നാട്ടുപഞ്ചായത്ത് അണ്ണന്മാരുടെ മുന്നില് വച്ചത്. പരിശുദ്ധമായ ആ തെളിനീരിൽ ഹിമക്കട്ട ചാലിച്ച് ചില്ലുഗ്ലാസ്സുകൾ പരസ്പരം മുത്തം കൊടുക്കാൻ കാണിക്കുന്ന തിടുക്കം  ഒന്ന് കാണേണ്ടത് തന്നെ ..അങ്ങനെ സംഭവം മെല്ലെ ടോപ്‌ ഗീയർ പിടിക്കാൻ തുടങ്ങി.

നാട്ടിൽ നടക്കുന്ന രസകരമായ എല്ലാ സംഭവത്തിലും എക്സ്ട്രാ മസാല ആഡുചെയ്ത് വിളമ്പുന്ന അണ്ണന്മാരോട്  ഞാനപ്പോൾ  ചോദിച്ചു..

കോമഡികൾ ഒന്നുമില്ലേഡേ ലേറ്റെസ്റ്റ്....നമ്മുടെ ഷണ്മുഖൻ ആശാരിയും, മണിയൻ സാറും പുതിയ വെടിയൊന്നും പൊട്ടിച്ചില്ലേ?

ആരോ നിർബന്ധിച്ചു കുടിപ്പിക്കുന്നു --എന്നഭാവത്തിൽ, ആരോടോ പക തീർക്കും പോലെ, ഒരു ഗ്ലാസ്സ് ലഹരി ഒറ്റവലിക്ക് അകത്താക്കി, ഒരു പിടി പിസ്താ വാരി അണ്ണാക്കിലോട്ട് എറിഞ്ഞ് സുഭാഷ് പറഞ്ഞു,

അവരൊന്നും അല്ലമോനെ, രണ്ടായിരത്തി പതിമ്മൂന്നിലെ 'സ്റ്റാർ ഓഫ് ദ ഇയർ' അവാർഡ്‌ നേടിയത് നമ്മുടെ ബാർബർ പാക്കരണ്ണനാണ്.

 ലഹരിപൂത്ത കണ്ണുകൾ കൊണ്ട് സുഭാഷ് ആ പാക്കരചരിതം ആട്ടക്കഥ പാടിത്തുടങ്ങി...

അയ്യപ്പവിലാസം ടീ ഷോപ്പ് ഉടമയാണ് ശിവൻപിള്ള. ആളിനേക്കാൾ ഫേയ്മസ് അവിടുത്തെ  ദോശയും രസവടയും, പിന്നെ നാക്കിലലിഞ്ഞു പോകുന്ന എരുവുകൂടിയ ബീഫും സോഫ്റ്റ്‌ പോറോട്ടയുമാണ്.   പണിയെടുത്താൽ വിയർക്കുമെന്നു പേടിയുള്ള ഒരുകൂട്ടം സുമനസ്സുകൾ പകലുകളിലും, വൈകുന്നേരങ്ങളിലും  ഒരേ മനസ്സോടെ ടീ ഷോപ്പിലെ ബെഞ്ചിലൊട്ടിയിരുന്നു അമേരിക്കൻ സാമ്പത്തിക പ്രതിസന്ധിക്കുനേരെ പുച്ഛം വാരി വിതരാറുള്ളത് അവിടുത്തെ സ്ഥിരം കാഴ്ച. കൃത്ത്യമായ ഇടവേളകളിൽ സപ്ലെയർ സുകു ഇടിവെട്ടും പോലെ ചായഗ്ലാസ്സ് കൊണ്ട് വന്നു മേശമേൽ ഇടിച്ചുവയ്ക്കും.

അടുക്കളയിലെ പുകമറ ഊതിമാറ്റി വെളിയിലിറങ്ങിയാൽ കാണുന്നത് പാക്കരണ്ണന്റെ ബാർബർ ഷോപ്പും, ഉത്തമൻ ചേട്ടന്റെ പലചരക്ക് കടയും, ശശാങ്കന്റെ സൌണ്ട് സിസ്റ്റവുമാണ്.  .

കടയിൽ "കസ്റ്റമേർസ്' ഇല്ലാത്ത സമയങ്ങളിൽ പാക്കരണ്ണനും ഉത്തമേട്ടനും, ഓരോ  ചൂട് ചായയുടെ കൂട്ടുപിടിച്ച് ശിവൻ പിള്ളയ്ക്ക് കമ്പനി കൊടുക്കാൻ വന്നിരിക്കും.

ദേവീനടയിലെ ഉത്സവകാലം..
 കച്ചവടം പൊടിപൊടിച്ചു നടക്കുന്നു. പോറോട്ടക്കും ബീഫിനും, ആരാധകത്തിരക്ക്. സപ്ലെയർ സുകുവിന് നിന്ന് തിരിയാൻ നേരമില്ല. ദോശയും രസവടയും പ്ലെയിറ്റുകളിൽ ചിത്രമെഴുതുന്നു. ഒരു ടിപ്പർ ലോറിയിൽ നാലുപേര് വന്നു, കടയ്ക്ക് പിന്നിലെ വിറകു പുരയുടെ മറവിൽ നിന്ന് ത്രിഗുണൻ റമ്മിന്റെ  കുപ്പി പൊട്ടിച്ച് വെള്ളമൊഴിച്ച് കേടാക്കാതെ വായിലൊഴിച്ച്, നാല് ബീഫും അതിന്റെ പൊറോട്ടയും പാർസൽ വാങ്ങിച്ചു പോയി.  സുകുവിന് സഹായമായി നമ്മുടെ പാക്കരണ്ണനുണ്ട്. തിരക്കിന്റെ മഴയൊന്നു  തോർന്നപ്പോൾ വലത്തേമൂലയ്ക്കുള്ള ഡെസ്കിനു മുകളിൽ  ഒരു "പൊതി" ശിവൻപിള്ളേടെ  കണ്ണിലുടക്കി.

പാക്കാരോ, എന്താഡോ ഒരു പൊതി,   ആരേലും വച്ചു മറന്നതാണോ?

സുകുവും, പാക്കരണ്ണനും ആകാംഷയുടെ കണ്ണ് തുറന്നുപിടിച്ച്‌ പൊതിയെടുത്ത്‌ നോക്കി.
കുറേ കറുപ്പും ചുവപ്പും ചരട് കെട്ടിയ മൂന്നു ഈറക്കുഴലുകൾ പോലെ ഏതോ സാധനം, ചരടുകൊണ്ടു തലങ്ങും വിലങ്ങും കെട്ടിയിട്ടുണ്ട്.

എഡോ ))))) പിള്ളേ ))))))

പാക്കരണ്ണൻറെ  വിളി.......

ഇത് മറ്റേതു തന്നെ..........!!!

എന്തോന്ന്????????????

ശിവൻപിള്ള കണ്ണ് വെളിയിൽ എറിഞ്ഞ്  ചോദിച്ചു..

കൂടോത്രം ....!!!!

തന്റെ കച്ചോടം പൊളിക്കാൻ ആരോ ശക്തമായ പ്രയോഗം ചെയ്തു കൊണ്ട് വച്ചേക്കാ.......

ഈ ഉത്സവ കച്ചോടം പൊടിപൊടിക്കുന്നത് ആർക്കോ ഇഷ്ടപ്പെട്ടിട്ടില്ല, തന്നെ മൂടോടെ പിഴാനുള്ള പണി,   ചരട് ജപിച്ചു കെട്ടിയിരിക്കുന്നത് കണ്ടില്ലേ ?

ശിവൻപിള്ള നല്ല ദൈവവിശ്വാസി, നിർമ്മാല്യം തൊഴാതെ കടതുറക്കില്ല ഒരു ദിവസം പോലും..

എങ്കിലും പൊന്നുതമ്പുരാന്റെ കണ്മുന്നിൽ അധ്വാനിച്ച് ജീവിക്കുന്ന എനിക്കീപണി ഏതു കാലനാ പാക്കരാ തന്നത്?  (ഗദ്ഗതം )
ഒരു കിളിക്കുഞ്ഞിനെ പോലും  ഞാൻ ദ്രോഹിച്ചിട്ടില്ല .
ശിവൻപിള്ള കണ്ണുതുടച്ചു .

സുകുവിന്റെ കണ്ണിൽ  വിഭ്രാന്തിയുടെ കറുത്ത പക്ഷികള്‍ ചിറകടിച്ചുയരുന്നത് കാണാം. എന്തിനും ഏതിനും പിള്ളേടെ വലം കൈ ആണല്ലോ, അപ്പോൾ കൂടോത്രപ്പണി തനിക്കും കിട്ടോ, എന്നൊരു ഭയം ആ മുഖത്ത് കാണാം.  

കടയിൽ  ക്ഷണിക്കാതെ ദേഹത്ത് ചരടും കെട്ടി വിരുന്നുവന്ന  അതിഥിയുടെ മുഖത്ത് നോക്കി മൂന്നാളും   ഒരുനിമിഷം മൗനമായി നിന്നു. 

"മറു പ്രയോഗം ചെയ്യണം ".പാക്കരണ്ണൻ ഉറക്കെ പറഞ്ഞു, ഒരു വെളിപാട് പോലെ.!!!
അത്യാവശ്യം ബാധ ഒഴിപ്പിക്കലും, ഭസ്മം ജപിക്കലുമൊക്കെ വശമുള്ള ആളാണ്‌ ടിയാൻ!!!  (വയറ്റിപ്പിഴപ്പ്‌ )

തൊട്ടുരിയാടാതെ, അലക്ഷ്യമായി കളയാതെ, വെള്ളം തൊടാതെ ഇതിനെ അഗ്നിയിൽ എരിക്കണം ..............

പാക്കരണ്ണൻ തന്ത്രിയായി, മനക്കണ്ണിൽ സാക്ഷാൽ ഭഗവാൻ ശിവൻ അരുളപ്പാട് വന്നു പറയും പോലെ കണ്ണടച്ച് പറഞ്ഞപ്പോൾ, ശിവൻപിള്ളയും സുകുവും ഭക്തിയോടെ "ഭഗവാനേ" എന്നൊരുമ്മിച്ചു വിളിച്ചു.

നീ എന്താച്ചാൽ ചെയ്യൂ, എനിക്ക് ദേഹം വിറച്ചുവയ്യ... 

എല്ലാം ശരിയാകും പിള്ളേ.... അടുപ്പത്ത് കുരുമുളകിൽ കുളിച്ചു തിളച്ചു മറിയുന്ന പോത്തിറച്ചിയെ സാക്ഷി നിറുത്തി അണ്ണൻ  പറഞ്ഞു,

"ഇത് ചെയ്തവനെ ഞാൻ പൂട്ടും, മണിച്ചിത്രത്താഴിട്ട്  ഞാൻ പൂട്ടും...."

ലാലേട്ടനെ പോലെ ചരിഞ്ഞ് ഒറ്റപോക്ക്, പൊറോട്ട തിരിച്ചിടുന്ന ചട്ടുകം വലംകയ്യിൽ എടുത്ത് സർവ്വ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച്‌ കൂടോത്രത്തെ സൂക്ഷിച്ചെടുത്തു , ശിവൻ പിള്ളേടേം, സുകൂന്റെം ഹൃദയങ്ങൾ ഞാൻ മുൻപേ ഞാൻ മുൻപേ എന്നപോലെ ഇടിച്ചോടുന്നു...

ആകാംഷയുടെ മുൾമുനയിൽ പാക്കരണ്ണൻ  ആ നിഗൂഡതയുടെ പര്യായമായ "പൊതി",  പോത്തിറച്ചി തിളയ്ക്കുന്ന അടുപ്പിൽ എറിഞ്ഞു...........!!!

ട്ടേ ഠ ട്ടേ ട്ടോ ഡും .........))))))))))))))))))))

നൂറു കുങ്കുമസൂര്യന്മാർ ഒരുമിച്ചസ്തമിച്ചപോലെ വെളിയിലൊരു കടുംചുവപ്പ്

ഒമ്പതാം ഉത്സവത്തിന്റെ വെടിക്കെട്ട്‌ പോലെ ആകെ വെടീം പുകേം....!!!

പുകമറ മാറി നോക്കീപ്പോൾ രണ്ടു മുറി കടയുടെ വലത്തേഭിത്തി ഇല്ല,  പടക്കക്കടക്ക് തീപിടിച്ച പോലെ മൂന്നുപേർ...
കാറ്റിനു വെടിമരുന്നിന്റെയും  പോത്തിറച്ചിയുടെയും മണം...

എന്താ സംഭവിച്ചത് എന്നോർക്കാൻ കൂടെ പറ്റണില്ല ....
ആളുകളോടിക്കൂടി ....

കൂട്ടത്തിൽ  അരമണിക്കൂർ മുന്നേ ഒരുകുപ്പി ത്രിഗുണൻ വിറകുപുരയുടെ  മറവിൽ നിന്ന് അകത്താക്കിയിട്ട് പോയ  ടിപ്പർ ലോറി ചേട്ടന്മാരുമുണ്ട്,

കിഴക്കേക്കരയിലുള്ള പാറമടയിൽ നിന്നും ചീറിപ്പാഞ്ഞ് വന്നതാരുന്നു അവർ...
വെള്ളമടിയുടെ തിരക്കിൽ ടീ ഷോപ്പിൽ മറന്നുവച്ച ,പാറപൊട്ടിക്കാൻ കെട്ടിയ കേപ്പും വെടിമരുന്നും, നിറച്ച കെട്ടെടുക്കാൻ ........................... 

തുള്ളിക്കൊരു കുടം കമഴ്ത്തി ചിരിയുടെ പെരുമഴ ക്ലബ്ബിൽ പെയ്തുവീഴുമ്പോൾ ഞാൻ ശിവൻപിള്ളയുടെയും സുകുവിന്റെയും പാക്കരേട്ടന്റെയും മുഖം ആവാഹിച്ചെടുക്കുകയായിരുന്നു ....

അങ്ങനെ ആ അവധിക്കാല രാത്രിയിൽ ഞാൻ മനസ്സിലെ ഡയറിയിൽ ഈ മൂന്നുപേരുടെ രൂപം വരച്ചിട്ടു . ഒഴുവുകാലങ്ങളിൽ നാട്ടുമ്പുറത്തെ വിശേഷങ്ങളുടെ കേൾവിക്കാരനായി കൂടെകൂടുമ്പോൾ, കുഞ്ഞുറുമ്പുകൾ ചുമന്നു കൂട്ടിവച്ച കുത്തരിമണികൾ പോലെ ഒരുപാട് ഓർമ്മകളെ കൂടെ  കൂട്ടി വരാൻ  കഴിയുന്നത്‌ സന്തോഷമാണ്..

Wednesday, October 30, 2013

ഒരു പ്രണയക്കാപ്പി............ !

തിവ്പോലെ പ്രഭാതം ചൂടാക്കിയുണർത്താൻ ഒരു കാപ്പി ഉണ്ടാക്കുന്ന തിരക്കിൽ , പ്രണയത്തിന്റെ ഉൾപ്പുളകങ്ങളും രാസമാറ്റങ്ങളും, തൂനിലാപ്പാലിനും സൗഗന്ധിയായ കാപ്പിപ്പൊടിക്കുമിടയിൽ കാപ്പിപ്പാത്രത്തിൽ അഗ്നിസാക്ഷിയായ് നടക്കുന്നത് എന്റെ പ്രിയതമ അറിഞ്ഞില്ല......!

പാൽമണമുള്ള ചുണ്ടിൽ ചുംബിക്കാൻ അനുവദിക്കാതെ പാവം കാപ്പിപ്പൊടിയെ വട്ടം ചുറ്റിക്കുന്ന രംഗത്തിനു തീനാളങ്ങൾ മാത്രം സാക്ഷി...! പ്രണയത്തിൻ ഊഷ്മാവ് ഉയർന്ന് പഞ്ചസാര അലിഞ്ഞ് മധുരമൂറി വന്നു. കാപ്പിപ്പൂ ചുണ്ടിലും കവിൾ ചെണ്ടിലും പാൽച്ചുണ്ടുകൾ തുരുതുരാ ഉമ്മ വക്കുന്നു.

അധികനേരം ആ തീവ്ര പ്രണയ രംഗം നീണ്ടു നിന്നില്ല........


മൂർച്ചിത ഭാവത്തിൽ ഒന്നായ്  അലിഞ്ഞ് വർദ്ധിത വീര്യത്തിൽ പതഞ്ഞുയർന്നു വന്നപ്പോൾ, കെട്ടുപിണഞ്ഞു കിടന്നവർ വലച്ചകത്തപ്പെട്ടു.........
രണ്ടു കോപ്പകളിൽ.......
പരിഭവം കരിനീലിച്ച കവിളുകളിൽ നിരാശയുടെ ചുവപ്പ് പടർത്തി അവർ ഒരു കയ്യകലത്തിൽ അടുത്തടുത്ത്‌, തമ്മിൽ സ്പർശിക്കാൻ ആകാതെ.......!
കവിളത്ത് കാമുകൻ കടം വച്ച മുത്തങ്ങൾ ചോക്ലേറ്റ് നിറത്തിൽ പതഞ്ഞു നിൽക്കുന്നു.....!!
വിരഹത്തിൻ സംഗീതം കേട്ടു ഞാൻ നോക്കി......
ഉഷ്ണമറിയാതെ ഉടൽ വിയർപ്പിൽ കുളിച്ചിരുന്ന മിഥുനങ്ങളെ ഞാൻ തുറന്നു വിടുന്നു.............
അവർ ഒന്നിച്ചൊഴുകി കാപ്പിതോട്ടത്തിലെ പൂമണം പരത്തട്ടെ......!!!

Thursday, October 10, 2013

ജീവിത കഥ............

ണ്ടായിരത്തിരണ്ടിലെ ഒരു പകൽ.
പഠിത്തവും ജോലിയുമൊക്കെയായി ചെന്നൈ നഗരത്തിൽ വന്നെത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.  ഒരു തമിഴ് അഗ്രഹാരത്തിലെ മുകളിലത്തെ നിലയിൽ ആയിരുന്നു  താമസം.    എന്നും പ്രഭാതത്തിൽ ചൂട് ചായയുടെ കൂട്ടുപിടിച്ച് ഈ ജാലകത്തിലൂടെ മദിരാശി പട്ടണം നോക്കി നില്ക്കുന്നത് പതിവാണ്. താഴെ അഗ്രഹാരത്തിലെ 'അഴകിന്റെ വിഗ്രഹങ്ങൾ' കൈവിരുതു കൊണ്ട് കോലങ്ങൾ  വരക്കുന്നുണ്ട്. വേഗവിരലുകൾ ശൂന്യതയിൽ കുസൃതിയായ് ചലിപ്പിക്കുമ്പോൾ എത്ര ഭംഗിയിലാണ് ഈ കോലങ്ങൾ തെളിയുന്നത് ..!! ചില്ല് ജാലകത്തിലെ മഞ്ഞ്,  സൂര്യന്റെ ഇളം ചൂടുള്ള മുത്തങ്ങൾ കിട്ടുമ്പോൾ കൗമാരക്കാരിയുടെ  നാണത്തോടെ ഓടിയൊളിക്കുന്നു. 

എറ്റവും ഭംഗിയിൽ കോലമെഴുതിയത് ഞാനാണെന്ന ഭാവത്തോടെ അഭിരാമി (ഹൌസ് ഓണറുടെ മകൾ)  മുകളിലേക്ക് നോക്കി എനിക്കൊരു പ്രഭാത പുഞ്ചിരി സമ്മാനിച്ച്, വെള്ളിക്കൊലുസ്സും കിലുക്കി അകത്തേക്കോടി.  സൈന്യത്തിലെ ഉദ്യോഗസ്ഥൻ ആയിരുന്നു അവളുടെ അപ്പാ. അവൾ എന്ജിനീയറിംഗ് മൂന്നാം വർഷം പഠിക്കുന്നു. ഇപ്പോൾ പോയി അമ്മ ഉണ്ടാകിയ പാലപ്പം പഞ്ചസാരയും പാലും ചേർത്ത് കഴിച്ചു തുടങ്ങിക്കാണും.!  എന്നും പാലപ്പം കഴിക്കുന്നത്‌ കൊണ്ടാകുമോ അവൾക്കീ പാൽനിറം...!  . 


മുകളിലെ  നിലയിലെ പുറകുവശത്ത്, കഴുകിയതുണി ഉണങ്ങാൻ  ഇടുന്ന നീളൻ വരാന്തയുണ്ട്.   നനച്ചുണക്കിയ പെണ്‍തുണികളുടെ സുഗന്ധം നിറഞ്ഞു നില്ക്കുന്ന ഒരിടം..!  നാലുമണി നേരങ്ങളിൽ സിന്ദൂരവെയിലിനെ തോല്പ്പിക്കാൻ, വെണ്ണയുടെ നിറത്തിലും, കനകാംബരത്തിന്റെ അഴകിലും മുഖത്ത് വിരിയുന്ന ഗൂഡ സ്മിതവുമായി അഭിരാമി പടികയറി ആ വഴി വരാറുണ്ട്.  ചിലനേരങ്ങളിൽ  അതിവിശുദ്ധമായ ആ പുഞ്ചിരിയുടെ ആരാധകനായി  ഈ ഉള്ളവൻ ആ പിൻവാതിലിൽ നിൽക്കാറുണ്ട്.  അലക്കിയ തുണികളെ കെട്ടിപ്പിടിച്ച് ആയിരം മണിയൊച്ചയുള്ള കൊലുസ്സിനെ ശക്തിയിൽ കിലുക്കി ചിരിച്ചുകൊണ്ട് അവൾ പോയപ്പോൾ, എന്റെ ചുണ്ടിൽ വന്ന ഒരു വരി പാട്ട് അവളുടെ നുണക്കുഴികളിൽ തട്ടി പ്രതിഫലിച്ചു. " നിന്റെ അരഞ്ഞാണ ചരടിലെ എലസ്സിനുള്ളിൽ ആരെയും മയക്കുന്ന മന്ത്രമുണ്ടോ?" ...........മലയാളം അധികമാർക്കും അവിടെ അറിയാത്തത് പാട്ടിന്റെ ഭാഗ്യം.


നാട്ടിൽ നിന്നും ആദ്യായിട്ട് ഇത്രേം ദൂരെ വന്നെത്തിയിട്ട് ഒരു കൊല്ലം ആകുന്നു.  വിശ്വസിക്കാൻ പ്രയാസം. അമ്മയ്ക്കും ഇതേ വിശ്വാസക്കുറവുണ്ടായിരുന്നു.  ദോശയും തേങ്ങാ ചുട്ടരച്ച ചമ്മന്തിയും, നാക്കിലിട്ടാൽ അലിഞ്ഞു പോകുന്ന മുല്ലപ്പൂ ഇഡ്ഡലിയും ഉള്ളിസാമ്പാറും എല്ലാം ഓർമ്മയാക്കി എന്റെ മോൻ അധിക കാലം എവിടേം പോയി നിൽക്കൂല്ല എന്നൊരു അമിത മാതൃവാൽസല്ല്യം ആകും അമ്മയുടെ വിശ്വാസത്തിനു പിന്നിൽ.  ഇവിടെയും കിട്ടാത്ത സാധനമല്ലല്ലൊ ഈ ഇഡ്ഡലി.


ഇരുപത്തിരണ്ടു വസന്തകാലങ്ങൾ പിന്നിട്ടപ്പോൾ സ്വന്തം കാലിൽ നിൽക്കണമിനിയെന്നൊരു വാശിതോന്നിക്കാൻ ഒരിക്കൽ അച്ഛൻ കാരണക്കാരനായി. മംഗലത്തെ നകുലേട്ടന്റെ സഹോദരിയുടെ കല്യാണ തലേന്ന്, എല്ലാവരും അമ്പലത്തിലെ ആഡിറ്റോറിയത്തിൽ കാര്യമായ സഹായങ്ങൾ ചെയ്യുന്നു.  പരിപ്പിനും അവിയലിനും, പ്രഥമനുമൊക്കെയായി തേങ്ങാ തിരുമ്മി, രാജേന്ദ്രേട്ടന്റെ പൊടിപ്പുമില്ലിൽ കൊണ്ട് പോയി ചതച്ചെടുത്ത് വരുന്ന ഒരു പരിപാടി ഉണ്ട്.   ഒരു ബൈക്കിനു പിന്നിൽ അതെടുത്തുവച്ച്  വെളുപ്പാൻകാലത്ത് മില്ലിലേക്കു പോകുമ്പോൾ ഇരുട്ടത്ത്‌ എവിടൂന്നോ ഒരു സൈക്കിൾ പാഞ്ഞു വന്നു. അപ്രതീക്ഷിതമായ ആ വരവിൽ എന്റെ കണ്ട്രോള് പോയി, ഞാൻ സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ചു.  ഇടിയുടെ ആഘാതത്തിൽ ഞാൻ പോയി വീണത്‌ വേസ്റ്റ് വെള്ളം ഒഴുക്കി വിടുന്ന ഓവ് ചാലിന്റെ അടുത്താണ്. മില്ലിൽ നിന്നും രാജേന്ദ്രേട്ടന്റെ ഭാര്യ ഓടി വന്നു. ഞാൻ ആകെ "കിളിപോയ" അവസ്ഥയിൽ ദേഷ്യം കൊണ്ട് എഴുനേറ്റ്  വായിൽ വന്ന പത്ത് 'മഹത് വചനങ്ങൾ' സൈക്കിളുകാരന് ഫ്രീ ആയി കൊടുത്തു. അയാളും ചാലിൽ കിടക്കുകയാണ്. ആരാണെന്ന് പോലും കണ്ടില്ല. 

"രാജേന്ദ്രേട്ടനെ ഒന്ന് വിളിക്കൂ ചേച്ചി"  ഞാൻ അവരോടു പറഞ്ഞു.
മില്ലിൽ ഇരിപ്പുണ്ട് ആള്, എന്നാലും ലോകത്തിലെ ഏറ്റവും തിരക്ക് കുറഞ്ഞ ആളിനെ പോലെയാണ് ചേട്ടൻ ചിലപ്പോളൊക്കെ പെരുമാറുക. അത്യാവശ്യമായി ഒരു കിലോ ഒക്സിജൻ വേണമെന്ന് പറഞ്ഞാലും സാ))) മട്ടിലേ എടുക്കൂ..!!  വേറെ രണ്ടുമൂന്നു പേരെ കൂട്ട് വിളിച്ച് സൈക്കിളുകാരനെ രാജേന്ദ്രേട്ടൻ ഒരോട്ടോയിൽ ആശുപത്രീൽ എത്തിച്ചു.  എൻറെ പൊട്ടിയ മുട്ടിൽ അയഡിൻ പുരട്ടിത്തന്നു ചേച്ചി രംഗം നീറ്റിക്കുന്നതിന് ഇടയ്ക്കു പറഞ്ഞു
" പത്രം എടുക്കാൻ രാവിലെ സൈക്കിളിൽ ബസ്സ്‌  സ്റ്റാൻഡിൽ പോയ കണ്ണപ്പൻ ആശാരി ആണ് അത്". 

നേരം വെളുത്ത് വീട്ടിൽ എത്തി.  കുളിച്ചു. ആദ്യം സോപ്പിലും, പിന്നെ ഡെറ്റോളിലും പിന്നെ ക്യുട്ടികൂറയിലും കുറെ പ്രാവിശ്യം കുളിച്ചപ്പോൾ പൌഡർ ഫാക്ടറി മാനേജരെ പോലെ ആയി നില്പ്പ്.  ഇവിടെ കാറ്റിനു സുഗന്ധം.
മുല്ലപ്പൂ ഇഡ്ഡലിയെ ഉള്ളിസാമ്പാറിൽ സ്നാനം ചെയ്യിക്കുമ്പോൾ വെളിയിൽ  ഒരു ആട്ടോറിക്ഷ വന്ന ശബ്ദം കേട്ടു.  അച്ഛൻ പൂമുഖത്തിരുന്നു പത്രം വായിക്കുന്നുണ്ട്. ആരാ വന്നതെന്ന് നോക്കി, രണ്ടു പേരുണ്ട്, ഒന്ന് മരപ്പണിക്ക് പോകുന്ന സുകു, ഇനിയൊരാളെ പരിചയം ഇല്ല.

"എന്താ???.... അച്ഛൻ ചോദിച്ചു.

"മനു ഇല്ലേ ഇവിടെ? രാവിലെ വല്യച്ചനെ ബൈക്ക് കൊണ്ട് ഇടിച്ചിട്ടു. ഇപ്പോൾ ആശുപത്രീലാണ്, മനൂനെ പിന്നെ കണ്ടില്ലങ്ങോട്ട്‌. അവിടെ കുറെ പൈസ ചിലവുണ്ട്. ഞങ്ങൾ അത് പറയാൻ വന്നതാ" ....സുകൂന്റെ വക എട്ടിന്റെ പണി..!

ഇഡ്ഡലി തൊണ്ടേൽ കുടുങ്ങി.

അച്ഛൻ അകത്തു പോയി കയ്യിൽ കുറച്ചു പൈസ എടുത്തു സുകൂന് കൊടുത്തു.
 ആട്ടോറിക്ഷ പോയി.  ഞാൻ എങ്ങോട്ടും പോകാൻ വയ്യാണ്ട് അവിടെ ഇരുന്നു.

"കഴിച്ചോളൂ, ഇഡ്ഡലി ബാക്കി വക്കണ്ട,"  .........അച്ഛൻ 
"ഒരു കാര്യം ഞാൻ പറയാം, പെൻഷൻ കാശു കൊണ്ട് നിനക്കും കൂടെ ചോറ് തരുന്നുണ്ട് ഞാൻ. പക്ഷെ ഒരു ആശാരി കുടുംബം കൂടെ പോറ്റാൻ എനിക്ക് വേറെ വരുമാനം ഇല്ല" .

ഈ വിധമുള്ള സംസാരങ്ങൾ എന്നിലെ യുവതുർക്കിയെ ഉണർത്തി. അങ്ങിനെയാണ് NIIT പഠനവും, കൂടെ ജോലിയും എന്ന ആശയത്തിൽ ചെന്നൈയ്ക്ക് ഒരു മീനച്ചൂടിൽ തീവണ്ടി കേറിയത്‌. 

 ജീവിതത്തിന്റെ  പകുതി വഴിയിൽ വന്നെത്തി  ഈ എണ്ണ രാജ്യത്തിന്റെ ചൂടിലും തണുപ്പിലും ഓർമ്മകൾ ഉരുകുകയും ഉറയുകയും ചെയ്യുമ്പോൾ, അതിജീവനത്തിന്റെ ഇരുൾ വഴികളിൽ വഴിച്ചൂട്ട്‌കറ്റയുടെ ഇത്തിരിവെട്ടമായി വന്ന അവധൂതന്മാരുടെ മുഖം ഓരോന്നായി ഇടയ്ക്കിടെ തെളിഞ്ഞു വരാറുണ്ട്.   ഓരോ തീരുമാനങ്ങൾക്ക് പിന്നിലും ഓരോ ആളുകൾ ഉണ്ടാകും. അല്ലെങ്കിൽ ഒരു വാക്ക്..
അന്ന് നാട് വിട്ടു പോകാൻ തോന്നിക്കുവാൻ കണ്ണപ്പൻ ആശാരി ഒരു നിമിത്തമായി സൈക്കിളിൽ വന്നു.  ചെന്നൈ നഗരത്തിൽ കണ്ണിനു വസന്തം തീർത്ത് ബോറടിമാറ്റാൻ അഭിരാമി എന്ന ചിത്രശലഭം. അങ്ങനെ എത്ര എത്ര പേർ...!! വടിവൊത്ത തിരക്കഥയിൽ അവരവരുടെ ഭാഗം ഭംഗിയാക്കി പോയി.  അവസാനം പ്രണയം എന്തെന്ന് പഠിപ്പിച്ച് ഒരു തേൻ കിളിയും....!!

  ജീവിതം ശരിക്കും ഒരു മാജിക് തന്നെ..!