Saturday, February 15, 2014

പറഞ്ഞുതീരാ ഇഷ്ടങ്ങൾ....

വാലൻറ്റൈൻ ദിവസത്തിനു തലേന്ന് വല്ല്യമ്മാവന്റെ മോൻ സൂരജ് വിളിച്ചു.......
"ഏട്ടാ, ഒരു ഹെൽപ്പ് വേണം, നാളെ ഫെബ്രുവരി 14 , കോളേജിൽ പ്രണയലേഖനം എഴുത്ത് മത്സരമുണ്ട്.   പ്രണയത്തേനിൽ  മധുരക്കരിമ്പ് മുക്കി എഴുതിയ ഒരു വെടിക്കെട്ട്‌ സാധനം വേണം, ഹെൽപ്പിയേ പറ്റൂ..." എനിക്കൊന്നു ആളാവാൻ പറ്റിയ സമയമാ,..!

പണ്ട് സുഭാഷും, രതീഷ്‌ കുറുപ്പും, എന്നെകൊണ്ട്‌ പ്രണയം എഴുതിച്ച് അനിതയുടെയും, ദീപാതമ്പിയുടെയും കവിളുകൾ ചുവപ്പിച്ച് ആനന്ദ പുളകിതരായ കാലം മനസ്സിലോടിവന്നു..!

ഉറക്കെ പറഞ്ഞതും, പാതി പറഞ്ഞതും, പറയാതെ  പോയതുമായ അതിരില്ലാ പ്രണയത്തിൻ മേച്ചിൽപുറങ്ങൾ തുറന്നിട്ടിരുന്ന  കലാലയനാളുകൾ..!

കണ്ണുകളെ സജലമാക്കി, എന്നെങ്കിലുമൊരിക്കൽ എവിടെയെങ്കിലും നമ്മൾ കണ്ടുമുട്ടും- എന്ന വെറും വാക്കും പറഞ്ഞ്, ഒടുവിലത്തെ കയ്യുംവീശി നടന്നകന്ന എത്രയെത്ര പ്രണയിനികളെ കണ്ടിട്ടുണ്ടാകും ഈ കലാലയ മുത്തശ്ശി..!!

 പഠിക്കുന്ന കാലത്തോ സ്വന്തമായി ആർക്കും ഒരു പ്രണയമെഴുതി കൊടുക്കാൻ പറ്റീല്ല . ഇവനെങ്കിലും ഒരു ഉപകാരമാകട്ടെ എന്നോർത്ത് ഒരൂട്ടം അടിച്ചു വിട്ടു..
========================================================

വസന്തത്തിൻ അവസാന നാളുകളിലെങ്കിലും നെടുവീർപ്പു മണക്കുന്ന കാത്തിരുപ്പ്മുറി ജനാലയുടെ, കാലത്തിൻ വിജാവിരി പിന്നോട്ട് തുറന്ന്, പ്രണയപ്പൂവിലാസം തേടുന്ന പ്രിയശലഭം വന്നെങ്കിൽ.

ഒരു ചേമ്പിലക്കീഴിലേക്ക് ആകാശം ഒലിച്ചിറങ്ങുമ്പോൾ ഒരുമിച്ചു നനയാൻ.....
മരമെല്ലാം കുലുക്കിപ്പെയ്യിച്ച് വിരൽകോർത്തു നടക്കാൻ...
 അനുരാഗ വളകൾ കൈയ്യിൽ ഇടീച്ച്‌ കണ്ണേറു കിട്ടാതെ കാവലിരിക്കാൻ ..
ശ്വാസത്തിനരികെ ഒരാൾ....!!

 തീവ്രമായ ആഗ്രഹം തോന്നുമ്പോൾ ഓടിവന്നൊന്നു കാണാൻകഴിയില്ല എന്ന സത്യം തിരിച്ചറിയുമ്പോഴും, ഇനിയെന്നു കാണുമെന്നു ആവർത്തിച്ച് എന്നോട് തന്നെ ചോദിക്കുമ്പോൾ, ഉത്തരമില്ലാതെ മനസ്സ് ശൂന്യമാകുമ്പോഴും , കാത്തിരിപ്പ് ഒരാൾക്ക്‌ വേണ്ടി മാത്രമാകുമ്പോളുമാണ് പ്രണയമെന്നത് ഒരു സാധനയായി മാറുന്നത്..

അമിത ആത്മവിശ്വാസമാകുമെനിയ്ക്ക്..! ആകാശദൂരങ്ങളിൽ നീ പോയ്‌ മറഞ്ഞാലും, ക്ഷണമാത്രയിൽ ഭൂഗുരുത്വത്തേക്കാൾ വേഗം നിന്നെ ആകർഷിച്ച് എന്നിലെത്തിക്കാൻ, എന്റെ വാക്കിന്, എന്റെ ശബ്ദത്തിന് കഴിയുമെന്ന് എനിക്ക് ചിന്തിക്കാൻ കഴിയുന്നത്‌ അതുകൊണ്ടാകും.

ഗ്രീഷ്മം തിളയ്ക്കുന്ന ഇടവഴിയിൽ, ഉണങ്ങിയ പായൽപച്ച ചുവരിൽ ചാരിനിറുത്തി, നീ പ്രണയം ശ്വസിക്കുന്ന ചുണ്ടിൽനിന്ന് കട്ടെടുത്ത ആദ്യ ചുംബനത്തിന്റെ നനവുള്ള ഓർമ്മകൾ
എന്റെ സ്വപ്നങ്ങളിൽ വിരുന്നു വരാറുണ്ട്. ആ കണ്ടുതീരാ സുന്ദരസ്വപ്നങ്ങളെ പാതിവഴിയിൽ വെയിൽ തൊട്ടുണർത്തുമ്പോൾ, മറയുന്നത് നെഞ്ചോടുചേർന്നു കിടന്ന നിന്റെ ആലിംഗനത്തിൻ മുഖമാണ്‌..! 

തനിച്ചാവലുകൾ ഇതാദ്യമല്ല, പക്ഷേ,ഒന്നിച്ചുകണ്ട സ്വപ്നങ്ങളിൽ നിന്നും യാത്രപറയാതെ ഒരാൾമാത്രം മായുന്നത്,അസഹ്യം!
കരൾ പകുത്തുകൊടുത്തോരാളോടൊപ്പം  ഒരുമിച്ചൊരു ലോകമില്ലാതാകുന്ന നൊമ്പരത്തേക്കാൾ, പ്രണയം തീണ്ടി മരിക്കണം...!

ചുംബിച്ച മധുരവും, കണ്ണിലെ പ്രണയച്ചൂടും പോകും വരേയ്ക്കും സമയത്തെ ഞാൻ പിടിച്ചു കെട്ടാം,
'തിരികെവരാം 'എന്നൊരു വാക്ക് നിനക്കുണ്ടെകിൽ..! കാത്തിരിപ്പിന്റെ ഗ്രീഷ്മം ഒറ്റയ്ക്ക് വിയർത്തു തീർത്തവന് വൈകിയെങ്കിലും കനിഞ്ഞ്‌ തന്നുകൂടെ ഒരുതുടം മഞ്ഞിന്റെ വിശറിക്കുളിര് ?
============================================================
സമ്മാനം കിട്ടിയോ എന്ന് വിളിച്ചു ചോദിച്ചില്ല, എങ്കിലും പണ്ട് ആൾക്കൂട്ടങ്ങളുടെ അരികുപറ്റിച്ചേർന്നു മുഖം കുനിച്ച് കാൽനഖങ്ങളിൽ നോക്കി നടന്നിരുന്ന ഒരു അമ്പലവാസിക്കുട്ടിയുണ്ട്, ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് പലവട്ടം ആഗ്രഹിച്ച ഒരു മുഖം.......
ഈ എഴുത്ത് ആ പറയാ പ്രണയ ഓർമ്മകൾക്ക് ...............

19 comments:

  1. "തനിച്ചാവലുകൾ ഇതാദ്യമല്ല, പക്ഷേ,ഒന്നിച്ചുകണ്ട സ്വപ്നങ്ങളിൽ നിന്നും യാത്രപറയാതെ ഒരാൾമാത്രം മായുന്നത്,അസഹ്യം!"
    കരുതി വച്ചതും പകര്‍ന്നു കൊടുത്തതുമായ സ്നേഹം ഓര്‍മയിലേക്ക് വഴുതി വീഴുമ്പോള്‍, പ്രണയം നഷ്ടത്തിനു വഴിമാറുമ്പോള്‍ മനസ്സില്‍ നുരയുന്നത് നൊമ്പരത്തിന്‍ കുമിളകള്‍ മാത്രം. എന്തായാലും വാലൻന്റൈൻ ഓര്മക്കുറിപ്പ്‌ നന്നായി മനു. ഇനി അറിയാൻ ബാക്കി ഒന്നേ ഉള്ളു....അടിച്ചോ മോനെ സമ്മാനം!!!!

    ReplyDelete
  2. പഠിക്കുന്ന കാലത്തോ സ്വന്തമായി ആർക്കും ഒരു പ്രണയമെഴുതി കൊടുക്കാൻ പറ്റാത്ത കാലത്തൊ
    കഴിയാത്തതൊ ഇപ്പോള്‍ ഇങ്ങനെയെങ്കിലും ചെയ്ത് നിര്‍വൃതിയടയാമല്ലോ!
    നന്നായിരിക്കുന്നു പ്രണയലേഖനം.സമ്മാനം കിട്ടാന്‍ അര്‍ഹതയുണ്ട്......
    ആശംസകള്‍

    ReplyDelete
  3. സമ്മാനം കിട്ടീട്ടുണ്ടാവും!!

    ReplyDelete
  4. എന്തെങ്കിലുമാവട്ടെ. ഇപ്പോഴെങ്കിലും ഒത്തല്ലോ ഒന്നെഴുതാന്‍

    ReplyDelete
  5. ennaalum ingane kutyole ezhuthiniruthaamo. Manu?

    ReplyDelete
  6. സമ്മാനം കിട്ടിയിരിക്കാൻ വഴിയില്ല. കാരണം ഇപ്പോഴത്തെ പ്രണയിനികൾക്ക് ഇതൊന്നും വായിക്കാനോ മനസ്സിലാകാനോ ഉള്ള മൂട് ഉണ്ടാകാൻ വഴിയില്ല. അവര് കിട്ടിയ പാടെ ചവിറ്റുകൊട്ടയിലേക്കെറിയും... ഹാ.. ഹാ...

    ReplyDelete
  7. പ്രണയം തീണ്ടി മരിക്കണം എന്നു മാത്രം പറയരുത്. പ്രിന്റ് ചെയ്ത കാര്‍ഡുകളും സമ്മാനങ്ങളും ചെലവാകാന്‍ പുതിയ പുതിയ ഇരകള്‍ ഉണ്ടായേ തീരൂ... അഭിനന്ദനങ്ങള്‍.

    ReplyDelete
  8. പ്രണയം വിസ്മയങ്ങൾ തീർക്കട്ടെ

    ReplyDelete
  9. പ്രണയലേഖനം ഗംഭീരമായി. സമ്മാനം അര്‍ഹിക്കുന്നുമുണ്ട്. പക്ഷെ വി.കെ. പറഞ്ഞതുപോലെ ഇന്നത്തെ തലമുറയ്ക്ക് അത് വായിക്കാന്‍ നേരം കിട്ടുമോ ? ഉള്ളില്‍ തോന്നുന്നത് രണ്ടു വരി മെസ്സേജില്‍ ഒതുക്കാനാല്ലെ അവര്‍ക്ക് താല്‍പ്പര്യം.

    ReplyDelete
  10. നന്നായിട്ടുണ്ട് പ്രണയലേഖനം ...

    ReplyDelete
  11. അന്തകാലത്തെ പ്രേമലേഖനമാണിത് ...
    എന്നാലും മത്സരത്തിനൊക്കെ കൊള്ളാം
    ഇന്തകാലത്തുള്ളതൊക്കെ കുറച് ഷോർട്ടായലെ വായിക്ക തന്നെയുള്ളൂ

    ReplyDelete
  12. ഒരെസ്സെമ്മെസ്സു പോരായിരുന്നോ.....? i love you daa.....!

    ReplyDelete
  13. പ്രണയം പോലെ മനോഹരമായി എഴുതി.
    ആശംസകള്‍
    (ഒരു കാര്യം- ഈ പ്രണയസാഹിത്യം സമ്മാനം ലഭിക്കുവാന്‍ ഉതകും. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പച്ചയായ , ഹൃദയത്തിന്‍റെ ഭാഷയില്‍ എഴുതിയ ലേഖനങ്ങള്‍ ആകാം കൂടുതല്‍ ഇഷ്ടം.)

    ReplyDelete
  14. ഇപ്പൊഴത്തെ പെൺകുട്ടികൾക്ക് ഇതൊക്കെ ഇഷ്ടമാകുമോ എന്തൊ!!! ഏതായാലും പണ്ടായിരുന്നെങ്കിൽ വീണത് തന്നെ. സമ്മാനം അടിച്ചുകാണും ചോദിച്ചിട്ട് പറയണെ :)

    ഹ ഹ ഹ പിന്നെ തിരിഞ്ഞു നോക്കിയിരുന്നു എങ്കിൽ എന്നാശിച്ച ഒരുപാടുപേരുണ്ടായിരുന്നത് കൊണ്ട് ആ ഭാഗം  ഞാൻ വെറുതെ വിട്ടു

    ReplyDelete
  15. ഇവിടെ പലരും സംശയിച്ചത് പോലെ ഇത് ആ പെണ്‍കുട്ടിക്ക് ഇഷ്ടമായിക്കാണുമോ എന്ന സംശയം എനിക്കില്ല .ഏതു കാലത്തയാലും ഹൃദയത്തിന്‍റെ ഭാഷ ഹൃദയം കേള്‍ക്കാതിരിക്കില്ല ..

    ReplyDelete
  16. ഞാന്‍ കവിയല്ല,
    പക്ഷേ
    ആദ്യമായ്‌ നിന്നെ കണ്ടപ്പോള്‍
    എന്നില്‍ കവിതയുടെ മുള പൊട്ടി
    ഞാന്‍ കാമുകനായിരുന്നില്ല
    പക്ഷെ നിന്നെ കണ്ടനാള്‍ മുതല്‍
    എന്നില്‍ പ്രണയം മുളപൊട്ടി

    ഹിന്ദി ഗാനരചയിതാവായ ശൈലേന്ദ്ര എഴുതിയ വരികള്‍.

    ReplyDelete
  17. പ്രണയമാണഖിലസാരമുഴിയിൽ.. കലക്കി .. :)

    ReplyDelete
  18. വായിച്ചു. വീണ്ടും വായിച്ചു. ഇതൊരു പ്രണയലേഖമാണല്ലോ എന്നോർത്ത് വീണ്ടും വായിച്ചുനോക്കി. എന്നിട്ടും സാഹിത്യം തലയിൽ കയറുന്നില്ല. മറ്റേതെങ്കിലും രചനകയായിരുന്നെങ്കിൽ സാഹിത്യബോധമില്ലാത്ത ഞാൻ അഭിപ്രായം പറയാതെ പോയാൽമതി എന്നുവിചാരിച്ച് മിണ്ടാതിരിക്കുമായിരുന്നു.
    പക്ഷെ ഇതൊരു പ്രണയലേഖനമാണ്‌. സ്വീകർക്കുന്നയാൾക്കും എന്നെപ്പോലെ എഴുത്തിന്റെ അർത്ഥം മനസ്സിലാവാതെ വന്നാൽ..........
    എന്നോർത്ത് എന്റെ അഭിപ്രായം തുറന്നെഴുതി. :)

    ReplyDelete
  19. പലപ്പോഴായി എഴുതിയത് മുഴുവൻ ഒന്നാക്കി അങ്ങ് പെടച്ചു..അല്ലെ...എന്നാലും ഒന്നാം സമ്മാനത്തിന് അർഹൻ തന്നെ ആയിരുന്നു..കാര്യം പ്രണയമല്ലേ ....പാതിയെഴുതി ക്ലൈമാക്സ് സസ്പെന്സ് ആക്കീല്ലേ അതോണ്ടാ സമ്മാനം പോയത് ..സാരല്യ...പ്രണയത്തിന്റെ അനന്ത സാദ്ധ്യതകൽ തുറന്നു കിടക്കല്ലേ..ഇനിയും കൈ നോക്കാൻ..ആൾ ദി ബെസ്റ്റ്

    ReplyDelete