Wednesday, October 30, 2013

ഒരു പ്രണയക്കാപ്പി............ !

പതിവ്പോലെ പ്രഭാതം ചൂടാക്കിയുണർത്താൻ ഒരു കാപ്പി ഉണ്ടാക്കുന്ന തിരക്കിൽ , പ്രണയത്തിന്റെ ഉൾപ്പുളകങ്ങളും രാസമാറ്റങ്ങളും, തൂനിലാപ്പാലിനും സൗഗന്ധിയായ കാപ്പിപ്പൊടിക്കുമിടയിൽ കാപ്പിപ്പാത്രത്തിൽ അഗ്നിസാക്ഷിയായ് നടക്കുന്നത് എന്റെ പ്രിയതമ അറിഞ്ഞില്ല......!

പാൽമണമുള്ള ചുണ്ടിൽ ചുംബിക്കാൻ അനുവദിക്കാതെ പാവം കാപ്പിപ്പൊടിയെ വട്ടം ചുറ്റിക്കുന്ന രംഗത്തിനു തീനാളങ്ങൾ മാത്രം സാക്ഷി...! പ്രണയത്തിൻ ഊഷ്മാവ് ഉയർന്ന് പഞ്ചസാര അലിഞ്ഞ് മധുരമൂറി വന്നു. കാപ്പിപ്പൂ ചുണ്ടിലും കവിൾ ചെണ്ടിലും പാൽച്ചുണ്ടുകൾ തുരുതുരാ ഉമ്മ വക്കുന്നു.

അധികനേരം ആ തീവ്ര പ്രണയ രംഗം നീണ്ടു നിന്നില്ല........


മൂർച്ചിത ഭാവത്തിൽ ഒന്നായ്  അലിഞ്ഞ് വർദ്ധിത വീര്യത്തിൽ പതഞ്ഞുയർന്നു വന്നപ്പോൾ, കെട്ടുപിണഞ്ഞു കിടന്നവർ വലച്ചകത്തപ്പെട്ടു.........
രണ്ടു കോപ്പകളിൽ.......
പരിഭവം കരിനീലിച്ച കവിളുകളിൽ നിരാശയുടെ ചുവപ്പ് പടർത്തി അവർ ഒരു കയ്യകലത്തിൽ അടുത്തടുത്ത്‌, തമ്മിൽ സ്പർശിക്കാൻ ആകാതെ.......!
കവിളത്ത് കാമുകൻ കടം വച്ച മുത്തങ്ങൾ ചോക്ലേറ്റ് നിറത്തിൽ പതഞ്ഞു നിൽക്കുന്നു.....!!
വിരഹത്തിൻ സംഗീതം കേട്ടു ഞാൻ നോക്കി......
ഉഷ്ണമറിയാതെ ഉടൽ വിയർപ്പിൽ കുളിച്ചിരുന്ന മിഥുനങ്ങളെ ഞാൻ തുറന്നു വിടുന്നു.............
അവർ ഒന്നിച്ചൊഴുകി കാപ്പിതോട്ടത്തിലെ പൂമണം പരത്തട്ടെ......!!!

Thursday, October 10, 2013

ജീവിത കഥ............

രണ്ടായിരത്തിരണ്ടിലെ ഒരു പകൽ.
പഠിത്തവും ജോലിയുമൊക്കെയായി ചെന്നൈ നഗരത്തിൽ വന്നെത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.  ഒരു തമിഴ് അഗ്രഹാരത്തിലെ മുകളിലത്തെ നിലയിൽ ആയിരുന്നു  താമസം.    എന്നും പ്രഭാതത്തിൽ ചൂട് ചായയുടെ കൂട്ടുപിടിച്ച് ഈ ജാലകത്തിലൂടെ മദിരാശി പട്ടണം നോക്കി നില്ക്കുന്നത് പതിവാണ്. താഴെ അഗ്രഹാരത്തിലെ 'അഴകിന്റെ വിഗ്രഹങ്ങൾ' കൈവിരുതു കൊണ്ട് കോലങ്ങൾ  വരക്കുന്നുണ്ട്. വേഗവിരലുകൾ ശൂന്യതയിൽ കുസൃതിയായ് ചലിപ്പിക്കുമ്പോൾ എത്ര ഭംഗിയിലാണ് ഈ കോലങ്ങൾ തെളിയുന്നത് ..!! ചില്ല് ജാലകത്തിലെ മഞ്ഞ്,  സൂര്യന്റെ ഇളം ചൂടുള്ള മുത്തങ്ങൾ കിട്ടുമ്പോൾ കൗമാരക്കാരിയുടെ  നാണത്തോടെ ഓടിയൊളിക്കുന്നു. 

എറ്റവും ഭംഗിയിൽ കോലമെഴുതിയത് ഞാനാണെന്ന ഭാവത്തോടെ അഭിരാമി (ഹൌസ് ഓണറുടെ മകൾ)  മുകളിലേക്ക് നോക്കി എനിക്കൊരു പ്രഭാത പുഞ്ചിരി സമ്മാനിച്ച്, വെള്ളിക്കൊലുസ്സും കിലുക്കി അകത്തേക്കോടി.  സൈന്യത്തിലെ ഉദ്യോഗസ്ഥൻ ആയിരുന്നു അവളുടെ അപ്പാ. അവൾ എന്ജിനീയറിംഗ് മൂന്നാം വർഷം പഠിക്കുന്നു. ഇപ്പോൾ പോയി അമ്മ ഉണ്ടാകിയ പാലപ്പം പഞ്ചസാരയും പാലും ചേർത്ത് കഴിച്ചു തുടങ്ങിക്കാണും.!  എന്നും പാലപ്പം കഴിക്കുന്നത്‌ കൊണ്ടാകുമോ അവൾക്കീ പാൽനിറം...!  . 


മുകളിലെ  നിലയിലെ പുറകുവശത്ത്, കഴുകിയതുണി ഉണങ്ങാൻ  ഇടുന്ന നീളൻ വരാന്തയുണ്ട്.   നനച്ചുണക്കിയ പെണ്‍തുണികളുടെ സുഗന്ധം നിറഞ്ഞു നില്ക്കുന്ന ഒരിടം..!  നാലുമണി നേരങ്ങളിൽ സിന്ദൂരവെയിലിനെ തോല്പ്പിക്കാൻ, വെണ്ണയുടെ നിറത്തിലും, കനകാംബരത്തിന്റെ അഴകിലും മുഖത്ത് വിരിയുന്ന ഗൂഡ സ്മിതവുമായി അഭിരാമി പടികയറി ആ വഴി വരാറുണ്ട്.  ചിലനേരങ്ങളിൽ  അതിവിശുദ്ധമായ ആ പുഞ്ചിരിയുടെ ആരാധകനായി  ഈ ഉള്ളവൻ ആ പിൻവാതിലിൽ നിൽക്കാറുണ്ട്.  അലക്കിയ തുണികളെ കെട്ടിപ്പിടിച്ച് ആയിരം മണിയൊച്ചയുള്ള കൊലുസ്സിനെ ശക്തിയിൽ കിലുക്കി ചിരിച്ചുകൊണ്ട് അവൾ പോയപ്പോൾ, എന്റെ ചുണ്ടിൽ വന്ന ഒരു വരി പാട്ട് അവളുടെ നുണക്കുഴികളിൽ തട്ടി പ്രതിഫലിച്ചു. " നിന്റെ അരഞ്ഞാണ ചരടിലെ എലസ്സിനുള്ളിൽ ആരെയും മയക്കുന്ന മന്ത്രമുണ്ടോ?" ...........മലയാളം അധികമാർക്കും അവിടെ അറിയാത്തത് പാട്ടിന്റെ ഭാഗ്യം.


നാട്ടിൽ നിന്നും ആദ്യായിട്ട് ഇത്രേം ദൂരെ വന്നെത്തിയിട്ട് ഒരു കൊല്ലം ആകുന്നു.  വിശ്വസിക്കാൻ പ്രയാസം. അമ്മയ്ക്കും ഇതേ വിശ്വാസക്കുറവുണ്ടായിരുന്നു.  ദോശയും തേങ്ങാ ചുട്ടരച്ച ചമ്മന്തിയും, നാക്കിലിട്ടാൽ അലിഞ്ഞു പോകുന്ന മുല്ലപ്പൂ ഇഡ്ഡലിയും ഉള്ളിസാമ്പാറും എല്ലാം ഓർമ്മയാക്കി എന്റെ മോൻ അധിക കാലം എവിടേം പോയി നിൽക്കൂല്ല എന്നൊരു അമിത മാതൃവാൽസല്ല്യം ആകും അമ്മയുടെ വിശ്വാസത്തിനു പിന്നിൽ.  ഇവിടെയും കിട്ടാത്ത സാധനമല്ലല്ലൊ ഈ ഇഡ്ഡലി.


ഇരുപത്തിരണ്ടു വസന്തകാലങ്ങൾ പിന്നിട്ടപ്പോൾ സ്വന്തം കാലിൽ നിൽക്കണമിനിയെന്നൊരു വാശിതോന്നിക്കാൻ ഒരിക്കൽ അച്ഛൻ കാരണക്കാരനായി. മംഗലത്തെ നകുലേട്ടന്റെ സഹോദരിയുടെ കല്യാണ തലേന്ന്, എല്ലാവരും അമ്പലത്തിലെ ആഡിറ്റോറിയത്തിൽ കാര്യമായ സഹായങ്ങൾ ചെയ്യുന്നു.  പരിപ്പിനും അവിയലിനും, പ്രഥമനുമൊക്കെയായി തേങ്ങാ തിരുമ്മി, രാജേന്ദ്രേട്ടന്റെ പൊടിപ്പുമില്ലിൽ കൊണ്ട് പോയി ചതച്ചെടുത്ത് വരുന്ന ഒരു പരിപാടി ഉണ്ട്.   ഒരു ബൈക്കിനു പിന്നിൽ അതെടുത്തുവച്ച്  വെളുപ്പാൻകാലത്ത് മില്ലിലേക്കു പോകുമ്പോൾ ഇരുട്ടത്ത്‌ എവിടൂന്നോ ഒരു സൈക്കിൾ പാഞ്ഞു വന്നു. അപ്രതീക്ഷിതമായ ആ വരവിൽ എന്റെ കണ്ട്രോള് പോയി, ഞാൻ സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ചു.  ഇടിയുടെ ആഘാതത്തിൽ ഞാൻ പോയി വീണത്‌ വേസ്റ്റ് വെള്ളം ഒഴുക്കി വിടുന്ന ഓവ് ചാലിന്റെ അടുത്താണ്. മില്ലിൽ നിന്നും രാജേന്ദ്രേട്ടന്റെ ഭാര്യ ഓടി വന്നു. ഞാൻ ആകെ "കിളിപോയ" അവസ്ഥയിൽ ദേഷ്യം കൊണ്ട് എഴുനേറ്റ്  വായിൽ വന്ന പത്ത് 'മഹത് വചനങ്ങൾ' സൈക്കിളുകാരന് ഫ്രീ ആയി കൊടുത്തു. അയാളും ചാലിൽ കിടക്കുകയാണ്. ആരാണെന്ന് പോലും കണ്ടില്ല. 

"രാജേന്ദ്രേട്ടനെ ഒന്ന് വിളിക്കൂ ചേച്ചി"  ഞാൻ അവരോടു പറഞ്ഞു.
മില്ലിൽ ഇരിപ്പുണ്ട് ആള്, എന്നാലും ലോകത്തിലെ ഏറ്റവും തിരക്ക് കുറഞ്ഞ ആളിനെ പോലെയാണ് ചേട്ടൻ ചിലപ്പോളൊക്കെ പെരുമാറുക. അത്യാവശ്യമായി ഒരു കിലോ ഒക്സിജൻ വേണമെന്ന് പറഞ്ഞാലും സാ))) മട്ടിലേ എടുക്കൂ..!!  വേറെ രണ്ടുമൂന്നു പേരെ കൂട്ട് വിളിച്ച് സൈക്കിളുകാരനെ രാജേന്ദ്രേട്ടൻ ഒരോട്ടോയിൽ ആശുപത്രീൽ എത്തിച്ചു.  എൻറെ പൊട്ടിയ മുട്ടിൽ അയഡിൻ പുരട്ടിത്തന്നു ചേച്ചി രംഗം നീറ്റിക്കുന്നതിന് ഇടയ്ക്കു പറഞ്ഞു
" പത്രം എടുക്കാൻ രാവിലെ സൈക്കിളിൽ ബസ്സ്‌  സ്റ്റാൻഡിൽ പോയ കണ്ണപ്പൻ ആശാരി ആണ് അത്". 

നേരം വെളുത്ത് വീട്ടിൽ എത്തി.  കുളിച്ചു. ആദ്യം സോപ്പിലും, പിന്നെ ഡെറ്റോളിലും പിന്നെ ക്യുട്ടികൂറയിലും കുറെ പ്രാവിശ്യം കുളിച്ചപ്പോൾ പൌഡർ ഫാക്ടറി മാനേജരെ പോലെ ആയി നില്പ്പ്.  ഇവിടെ കാറ്റിനു സുഗന്ധം.
മുല്ലപ്പൂ ഇഡ്ഡലിയെ ഉള്ളിസാമ്പാറിൽ സ്നാനം ചെയ്യിക്കുമ്പോൾ വെളിയിൽ  ഒരു ആട്ടോറിക്ഷ വന്ന ശബ്ദം കേട്ടു.  അച്ഛൻ പൂമുഖത്തിരുന്നു പത്രം വായിക്കുന്നുണ്ട്. ആരാ വന്നതെന്ന് നോക്കി, രണ്ടു പേരുണ്ട്, ഒന്ന് മരപ്പണിക്ക് പോകുന്ന സുകു, ഇനിയൊരാളെ പരിചയം ഇല്ല.

"എന്താ???.... അച്ഛൻ ചോദിച്ചു.

"മനു ഇല്ലേ ഇവിടെ? രാവിലെ വല്യച്ചനെ ബൈക്ക് കൊണ്ട് ഇടിച്ചിട്ടു. ഇപ്പോൾ ആശുപത്രീലാണ്, മനൂനെ പിന്നെ കണ്ടില്ലങ്ങോട്ട്‌. അവിടെ കുറെ പൈസ ചിലവുണ്ട്. ഞങ്ങൾ അത് പറയാൻ വന്നതാ" ....സുകൂന്റെ വക എട്ടിന്റെ പണി..!

ഇഡ്ഡലി തൊണ്ടേൽ കുടുങ്ങി.

അച്ഛൻ അകത്തു പോയി കയ്യിൽ കുറച്ചു പൈസ എടുത്തു സുകൂന് കൊടുത്തു.
 ആട്ടോറിക്ഷ പോയി.  ഞാൻ എങ്ങോട്ടും പോകാൻ വയ്യാണ്ട് അവിടെ ഇരുന്നു.

"കഴിച്ചോളൂ, ഇഡ്ഡലി ബാക്കി വക്കണ്ട,"  .........അച്ഛൻ 
"ഒരു കാര്യം ഞാൻ പറയാം, പെൻഷൻ കാശു കൊണ്ട് നിനക്കും കൂടെ ചോറ് തരുന്നുണ്ട് ഞാൻ. പക്ഷെ ഒരു ആശാരി കുടുംബം കൂടെ പോറ്റാൻ എനിക്ക് വേറെ വരുമാനം ഇല്ല" .

ഈ വിധമുള്ള സംസാരങ്ങൾ എന്നിലെ യുവതുർക്കിയെ ഉണർത്തി. അങ്ങിനെയാണ് NIIT പഠനവും, കൂടെ ജോലിയും എന്ന ആശയത്തിൽ ചെന്നൈയ്ക്ക് ഒരു മീനച്ചൂടിൽ തീവണ്ടി കേറിയത്‌. 

 ജീവിതത്തിന്റെ  പകുതി വഴിയിൽ വന്നെത്തി  ഈ എണ്ണ രാജ്യത്തിന്റെ ചൂടിലും തണുപ്പിലും ഓർമ്മകൾ ഉരുകുകയും ഉറയുകയും ചെയ്യുമ്പോൾ, അതിജീവനത്തിന്റെ ഇരുൾ വഴികളിൽ വഴിച്ചൂട്ട്‌കറ്റയുടെ ഇത്തിരിവെട്ടമായി വന്ന അവധൂതന്മാരുടെ മുഖം ഓരോന്നായി ഇടയ്ക്കിടെ തെളിഞ്ഞു വരാറുണ്ട്.   ഓരോ തീരുമാനങ്ങൾക്ക് പിന്നിലും ഓരോ ആളുകൾ ഉണ്ടാകും. അല്ലെങ്കിൽ ഒരു വാക്ക്..
അന്ന് നാട് വിട്ടു പോകാൻ തോന്നിക്കുവാൻ കണ്ണപ്പൻ ആശാരി ഒരു നിമിത്തമായി സൈക്കിളിൽ വന്നു.  ചെന്നൈ നഗരത്തിൽ കണ്ണിനു വസന്തം തീർത്ത് ബോറടിമാറ്റാൻ അഭിരാമി എന്ന ചിത്രശലഭം. അങ്ങനെ എത്ര എത്ര പേർ...!! വടിവൊത്ത തിരക്കഥയിൽ അവരവരുടെ ഭാഗം ഭംഗിയാക്കി പോയി.  അവസാനം പ്രണയം എന്തെന്ന് പഠിപ്പിച്ച് ഒരു തേൻ കിളിയും....!!

  ജീവിതം ശരിക്കും ഒരു മാജിക് തന്നെ..!

Sunday, May 26, 2013

വിശ്വാസത്തിന്റെ കണ്ണാടി

രണ്ടായിരത്തിപ്പത്തിലെ ഒരു ഡിസംബർ രാത്രി. അച്ഛന്റെ ഷഷ്ടി പൂർത്തി ആഘോഷത്തിന് ഗൾഫിൽ നിന്നും വിരുന്നു വന്നതാണ് കിഷോർ. രാത്രി ഫ്ലയിറ്റിൽ തിരുവനന്തപുരത്ത് വന്നിറങ്ങി, വീട്ടിലേക്കുള്ള യാത്രയിൽ അനന്തപുരി നിറയെ ക്രിസ്തുമസ് വരവറിയിച്ചു കൊണ്ട് പലവർണ്ണങ്ങളിൽ ഉള്ള നക്ഷത്രങ്ങൾ സ്വാഗതം പറയുന്നു. കാർ ഗേറ്റിൽ എത്തിയപ്പോൾ നിലാവിന്റെ കരനെയ്ത നേരിയതുടുത്തു അമ്മ വെളിയിൽ നില്പ്പുണ്ട്. അടുത്തെത്തിയപ്പോൾ പതിവുപോലെ കെട്ടിപ്പിടിച്ച് അവന്റെ നെറുകയിൽ ഒരു വാത്സല്ല്യ മുത്തം കൊടുത്തു.


നാട്ടിൽ വരുന്നുണ്ടെന്നു നേരെത്തെ കൂട്ടുകാരോട് പറഞ്ഞിരുന്നത് കൊണ്ട്, അധികം വൈകാതെ ഫോണിൽ പലരുടെയും നമ്പർ തെളിഞ്ഞു. 'ജലസേചന' സദസ്സിൽ ഇന്ന് ഗൾഫിൽ നിന്നും സ്കോട്ച്ച് വിരുന്നെത്തുന്നതും  കാത്ത് അക്ഷമരായി കാത്തിരിക്കുകയാണ് അവർ.

മഞ്ഞു പെയ്യുന്ന രാത്രി.

നാലഞ്ചു മെഴുകുതിരികൾ ആലസ്യത്തോടെ എരിയുന്ന വട്ടമേശക്കു ചുറ്റുമിരിക്കുന്ന എല്ലാവരുടേയും ആരാധനക്കണ്ണുകൾ നീളുന്നത് കറുത്ത പർദ്ദ ഇട്ടു വിരുന്നുവന്ന ആ സുന്ദരിക്കുപ്പിയിലേക്കാണ്. മൂന്നാല് ആണുങ്ങൾ ഇങ്ങനെ ആർത്തിയോടെ നോക്കിയാൽ അതിനു പോലും നാണം തോന്നില്ലേ?

സമയം വൈകിക്കാതെ ലഹരിയുടെ പാനപാത്രങ്ങൾ വറ്റിക്കാൻ നാലാളും തീരുമാനിച്ചു . ജലോത്സവത്തിന് തുടക്കം കുറിച്ച് ചിയേർസ്സ് പറഞ്ഞ് ചില്ലുഗ്ലാസ്സുകളുടെ ചുണ്ടുകൾ തമ്മിൽ മുത്തം കൊടുത്തു.


തണുത്ത നിലാവിൽ ഭൂമി ഒരു വലിയ വിസ്കി ഗ്ലാസ്സിലെ ഹിമക്കട്ട പോലെ..!

ഈ വർഷം കള്ളുകുടി നിറുത്തണം- എന്നൊക്കെയുള്ള എവിടെയുമെത്താത്ത തീരുമാനങ്ങൾക്ക് വിരാമം ഇട്ടു സഭ പിരിച്ചു വിട്ടതായി പഞ്ചായത്ത് മെമ്പർ അജേഷ് അറിയിച്ചു.


തിരികെ വീട്ടിൽ എത്തിയപ്പോൾ അടുക്കളയിൽ നിന്നും സ്പൈസിയായ ഒരു കാറ്റുവന്നു മൂക്കിൽ ഉമ്മ വച്ച ശേഷം സ്വീകരണ മുറി ചുറ്റിക്കറങ്ങി പുറത്തേക്കു പോയി. മകന് പ്രിയപ്പെട്ട ചിക്കൻ 65 എണ്ണയിൽ വറുത്തു കോരുകയാണ് പാവം അമ്മ.

അച്ഛൻ ഈയിടയായി തീരെ റൊമാന്റിക്‌ അല്ല, ഇന്ന് അമ്മയെ കണ്ടാൽ ഹേമമാലിനിയെ പോലെയുണ്ട്. സുന്ദരിയമ്മ..!!

കിഷോറിന്റെ കമ്മന്റ് കേട്ടപ്പോൾ പൂമുഖത്തെ ചെമ്പകം പോലെ അമ്മയുടെ മുഖം ഒന്ന് പൂത്തുലഞ്ഞെങ്കിലും "പോടാ നിന്നു കൊഞ്ചാതെ, അടി മേടിക്കും നിനക്ക്" എന്നേ  പറഞ്ഞുള്ളൂ .


മക്കൾക്ക്‌ എത്ര അടുത്താണ് ഇന്നത്തെ അമ്മ, നല്ല കൂട്ടുകാരെ പോലെ. ഭംഗിയുള്ള കണ്ണാടിയുടെ ഇരുവശങ്ങൾ പോലെ.


ഭക്ഷണം കഴിഞ്ഞ് ഫേസ് ബുക്ക്‌ താളുകൾ മറിക്കുമ്പോൾ മുകളിൽ ഒരു ചുവപ്പ് വെട്ടം കിഷോറിന്റെ കണ്ണിൽപ്പെട്ടു, 'നിർമ്മല മേനോൻ' സുഹൃത്താവാൻ ആഗ്രഹിക്കുന്നു..!


ആരാണിവർ? എങ്ങനെ എന്നെ അറിയും? എന്ന ഒരുകൂട്ടം ചോദ്യശരങ്ങൾ മനസ്സില് നിന്നും തലച്ചോറിലേക്ക് എയ്തു വിട്ടുകൊണ്ട്‌ ആ പ്രൊഫൈലിൽ ഒരു രാത്രി സഞ്ചാരം നടത്തി. അധികം സുഹൃത്തുക്കൾ ഇല്ലാത്ത, അലക്ഷ്യമായ് കടൽത്തിര നോക്കി ഇരിക്കുന്ന ഏതോ ബോളിവുഡ് നടിയുടെ പടം കടമെടുത്ത നിർമ്മല മേനോനു പച്ചക്കൊടി കാണിക്കാൻ കിഷോറിനു എതിർപ്പൊന്നും തോന്നിയില്ല.


പരിചയമുള്ള ആളുകളെ പോലും കൂട്ടുകാരാക്കാൻ നക്ഷത്ര നയനങ്ങൾ രണ്ടു വട്ടം ആലോചിക്കുന്ന ഈ 'കപട മുഖച്ചിത്ര' കാലത്ത്, ഒരു നിർമ്മല മേനോൻ നിർമ്മലമായ മനസ്സോടെ തന്റെ കൂട്ട് തേടിയതിൽ അത്ഭുതവും ഒരു കൌതുകവും കിഷോറിനു തോന്നി.


  പത്തു ദിവസത്തെ അവധിക്കാലം കഴിഞ്ഞു തിരിച്ചു ജോലിയുടെ തിരക്കുകളിൽ എത്തിയപ്പോൾ, ഇടയ്ക്കിടെ ചാറ്റ് വിൻഡോയിൽ പുതിയ അതിഥി വിരുന്നു വന്നു. ആദ്യമാദ്യം ചുരുക്കം ചില വാക്കുകളിൽ ഒതുങ്ങുന്ന സംസാരം, തികഞ്ഞ ഔപചാരികത,  പിന്നെ കാണാം എന്ന് പറഞ്ഞു തിടുക്കത്തിൽ യാത്രയാകും രണ്ടാളും. പിന്നെപ്പിന്നെ ആ തിടുക്കം കുറഞ്ഞു. വീടും നാടും ചോദിച്ചറിഞ്ഞു, വീട്ടുകാരെക്കുറിച്ചും.


കണ്ണൂർ ജില്ലയുടെ വടക്കേ മുറ്റത്തെ തുളസിത്തറയാണ്‌ പയ്യന്നൂർ. അവിടെ ഏതോ നമ്പ്യാരുടെ പേരിലുള്ള ഹൌസിംഗ് കോളനിയിലെ ശ്രീശൈലം എന്ന പേരുള്ള ഒരു നല്ല വീട്. ഭർത്താവ് രമേഷ് മേനോൻ ‍, ഒരു പ്രമുഖ കമ്പനിയിൽ ഉയർന്ന പോസിഷനിൽ വർക്ക്‌ ചെയ്യുന്നു. അവർക്ക് രണ്ടു കുട്ടികൾ, മൂത്ത മകൻ കിരണ്‍,‍ പിന്നെ ഒരു കുറുമ്പത്തി മകൾ ‍ കീര്‍ത്തി. ഈ നാല് പേരാണ് ശ്രീശൈല വാസികൾ. പോര്‍ച്ചില്‍ രണ്ടു കാറുള്ള കാർഭാടമുള്ള ഫാമിലി.


ഇടവേളകൾ കുറഞ്ഞ സംവാദത്തിലൂടെ കൂടുതൽ അടുത്തു. ആരോഗ്യപരമായ നല്ല സൌഹൃദം. ഇഷ്ടങ്ങളും അനിഷ്ടങ്ങളും പറയാൻ മടി കുറഞ്ഞു. നിർമ്മലക്ക് ‌ സിൽക്ക് സാരികളോടാണ് പ്രണയം. യേശുദാസിനോട് ഒരുപാടിഷ്ടം, യാത്രകൾ അധികം ഇഷ്ടമല്ല, വീട്ടിൽ മക്കളോടും രമേഷിനോടും ഒപ്പം സമയം ചിലവാക്കാൻ കൂടുതൽ താല്പ്പര്യം. എന്നും വൈകിട്ട് ഇളം ചൂട് വെള്ളം വേണം കുളിക്കാൻ, പിന്നെ പൂജാമുറിയിലെ കള്ള കൃഷ്ണനോട് ഡീറ്റെയ്ൽഡായി നിവേദനം. മക്കൾക്ക്‌ വൈകുന്നേരത്തെ പലഹാരത്തോടൊപ്പം അളവില്ലാത്ത സ്നേഹം. ഇങ്ങനെ അവരുടെ സായാഹ്നങ്ങൾ അതി സുന്ദരം..!


സ്ത്രീകളുടെ പരമ്പരാഗത പ്രശ്നങ്ങളെക്കുറിച്ച് അവർ എപ്പോഴും കിഷോറിനോട് വാചാലയാകുമായിരുന്നു.
ഒരിക്കൽ അവർ അവനോടു ചോദിച്ചു.
"ആണിനാണോ പെണ്ണിനാണോ കൂടുതൽ കരുത്ത്"? ഉത്തരം കിഷോർ  പറയും മുന്നേ അവർ പറഞ്ഞു "എന്റെ വോട്ട് പെണ്ണിനാണ്, അതിനു കാരണവും ഉണ്ട്...!

റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടി ഒരു ഇരയാണ്, അവിശുദ്ധ കാമനകൾ കറപറ്റിക്കാതിരിക്കാൻ അവൾക്കു തന്റെ ഉടലിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കേണ്ടി വരുന്നു. നൂറായിരം വായിനോട്ട കണ്ണുകളെ അവൾ പട്ടുസാരി കൊണ്ട് പോരിനു വിളിക്കുന്നു. എല്ലാ അവിഹിതങ്ങളുടെയും പ്രേരണ അവന്റെ കൂടെ ആണെങ്കിലും വിഹിതം അവൾക്കു മാത്രമുള്ളതാകുന്നു. മീശയും താടിയും വച്ച് മസിലും പെരുപ്പിച്ചു മദിച്ചു നടക്കുന്ന നരസിംഹങ്ങളെ പേടിക്കാതെ അവൾ കൊലുസും കിലുക്കി അലസം നടക്കുന്നു.


ഇതൊക്കെ പോരെ എന്ന് നിർമ്മല ചോദിച്ചപ്പോൾ കിഷോറിനു ഉത്തരംമുട്ടി.


ഇത്രയുമൊക്കെ വാചാലായി ആവേശം കൊണ്ടിരുന്ന അവർ ഇടയ്ക്ക് അപ്രത്യക്ഷയായി. കുറെ നാൾ 'മുഖ പുസ്തകത്തിന്റെ' കുസൃതി ജാലകത്തിൽ കിഷോർ അവരെ കണ്ടതേ ഇല്ല.


ഒരു വിഷുക്കാലത്തിന്റേയും ഓണനിലാവിന്റെയും ഇടവേളയ്ക്കു ശേഷം, വീണ്ടും നിർമ്മലയുടെ പേര് ജാലകത്തിൽ കണ്ടു. കിഷോറിനു പറയാൻ അപ്പോൾ അവന്റെ ഭാവി വധുവിന്റെ വിശേഷങ്ങൾ ഉണ്ടായിരുന്നു. അവർക്ക്  കൂടുതലും മൗനവും. അതിന്റെ കാരണം കുറെ തിരക്കിയപ്പോൾ , "വിശ്വസിച്ചു കൈപിടിച്ച ആള് കാണിച്ച വിശ്വാസമില്ലായ്മയും ചതിയും ഒരു സ്ത്രീയുടെ ജീവിതം എങ്ങനെ സങ്കടക്കടലാക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഞാൻ" എന്ന് മാത്രം പറഞ്ഞു.

പിന്നെ നീണ്ട മൗനത്തിനു  ശേഷം യാത്ര  പറയാതെ പോവുകയും ചെയ്തു ..!


എവിടെയോ കളഞ്ഞു പോയോ അവരുടെ മുഖത്ത് ജ്വലിച്ചുനിന്ന ആ പെണ്‍പോരിമ എന്ന് കിഷോറിനു തോന്നി ..
കരുത്താർന്ന പെണ്‍ മനസ്സ് തോൽക്കുമോ?
തോൽക്കും .......!


അതിന്റെ കാരണങ്ങൾ പിന്നീട് നിർമ്മല പറഞ്ഞു.
കണ്‍ വെട്ടത്തുണ്ടെങ്കിലും പല കാര്യങ്ങളും നമ്മളുടെ പരിധിക്കു പുറത്താണ്. സ്വന്തം ശ്വാസം പോലെ നിർമ്മലക്കു വിശ്വാസമായിരുന്നു രമേഷിനെ. ഈ കഴിഞ്ഞ വർഷങ്ങളിൽ ഒരിക്കൽ പോലും ആ വിശ്വാസത്തിന്റെ കണ്ണാടിമാളികയിൽ ഒരു പോറൽ പോലും വീഴ്ത്താൻ ആർക്കും കഴിഞ്ഞില്ല.

മക്കൾക്കും നിനക്കും വേണ്ടി രാപ്പകൽ അദ്ധ്യാനിക്കുന്ന സ്നേഹനിധിയായ രമേഷിനെ കിട്ടിയതിൽ നീ ഭാഗ്യവതി ആണ് മോളെ-- അമ്മയും പറഞ്ഞിട്ടിട്ടുണ്ട്, പലവട്ടം.

രാത്രി വൈകിയും ലാപ്ടോപ്പിനെ കൂട്ട് പിടിച്ചു ഇരിക്കുന്ന ഭർത്താവ്, വർക്ക്‌ റിലേറ്റഡ് ആയി ഇരിക്കുകയാകും എന്ന പതിവ് ചിന്തയിൽ ഒരു ദിവസം ഉറക്കം വരാതെ പകുതി ചാരിയ വാതിൽ തുറന്നു ചെന്ന നിർമ്മല കണ്ടത്, അർദ്ധനഗ്നയായ ഒരു സ്ത്രീ ലാപ്ടോപ്പ് ജാലകത്തിൽ രമേഷിനോട് കൊഞ്ചിക്കുഴയുന്നതാണ്. ജീവന്റെ പക്ഷി കൂടൊഴിഞ്ഞ പോയ ശരീരം പോലെ സ്തബ്ധയായിപ്പോയി ഒരു നിമിഷം. വിശ്വാസമെന്ന ഹൃദയച്ചൂടിനു മേൽ വെറുപ്പിന്റെ തണുത്ത കറുത്ത പുതപ്പു നിവർന്നു വന്നു..........



പെട്ടെന്നുള്ള ഷോക്കിൽ നിന്നും മാറി, നിർമ്മലയുടെ കാലു പിടിച്ചു മാപ്പ് പറഞ്ഞു അയാള് കരഞ്ഞു, എങ്കിലും, വികാരങ്ങൾ  ഇല്ലാത്ത മനസ്സ് പോലെ നിൽക്കാനേ  അവർക്ക് കഴിഞ്ഞുള്ളു അപ്പോൾ.


ഇടവേളയ്ക്കു ശേഷമുള്ള കിഷോറുമായുള്ള സംസാരങ്ങളിൽ ആശ്വാസവാക്കുകളും, സമാധാനപ്പെടുതലും ധൈര്യം കൊടുക്കലും ഒക്കെയായി വിഷയങ്ങൾ.

ഉപദേശങ്ങൾ....

കിഷോർ, നീ കല്യാണം കഴിക്കാൻ പോകുവല്ലേ, ഒന്ന് എപ്പോഴും മനസ്സില് ഓർക്കൂ,--- "ഞാൻ", എന്നത് "ഞങ്ങൾ" ആയി മാറുന്ന പ്രവർത്തനമാണ് ദാമ്പത്യം. ലക്ഷം രൂപയേക്കാൾ സ്ത്രീ ആഗ്രഹിക്കുന്നത് നല്ല വാക്കും ജീവിത പങ്കാളിയുടെ സാമീപ്യവുമാണ്. പക്ഷെ സെക്സ് മാത്രമാണ് സ്നേഹത്തിന്റെ അടിസ്ഥാനമെന്ന് പല ആണുങ്ങളും കരുതുന്നു. വിശ്വാസമാണ് നല്ല കുടുംബത്തിന്റെ ആണിക്കല്ല് .പരസ്പരം അഭിനന്ദിക്കുക, തർക്കങ്ങൾ കുറയ്ക്കുക. തർക്കങ്ങളുടെ എണ്ണം കൂടുതലാകുന്നുവെങ്കിൽ സൂക്ഷിക്കുക, മനസ്സുകൾ സഞ്ചരിക്കുന്നത് അപകടരേഖക്ക് അരികിലൂടെയാണ്‌.


ഇതൊക്കെ വ്യക്തമായി പറഞ്ഞു തരാൻ കഴിയുന്ന ഈ സ്ത്രീയുടെ കുടുംബ വിശ്വാസത്തിന്റെ നേർത്ത പട്ടുനൂൽ ചരട് പോട്ടിപോയല്ലോ എന്നോർത്ത് കിഷോർ നെടുവീർപ്പിട്ടു.

എവിടെയാണ് ഇവര്ക്ക് തെറ്റിയത്?
കുടുംബത്തിൽ ആവശ്യം വേണ്ട ഒന്നാണ് സുതാര്യത. പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലെങ്കിലും സ്വന്തം മൊബൈലും ലാപ്ടോപ്പും പങ്കാളി തൊടുന്നത് പോലും വിലക്കുന്ന ചിലർ ഉണ്ട്. പരസപരം കാണെണ്ടാത്ത രഹസ്യങ്ങൾ ഭാര്യാഭർത്താക്കന്മാർക്ക് ആവിശ്യമുണ്ടോ? അത്തരം വിലക്കുകളുടെ മതിൽ  പൊളിച്ചു കളഞ്ഞാൽ വിശ്വാസത്തിന്റെ കണ്ണാടി കൂടുതൽ സുതാര്യവും തെളിമയും ഉള്ളതാകില്ലേ ?

Friday, January 25, 2013

ഓര്‍മ്മകളുടെ കാലിഡോസ്കോപ്പിലൂടെ..........


ഈ അവധിക്കാലത്ത് ഞാന്‍ പഠിച്ച എന്‍റെ  സ്കൂളില്‍ വര്‍ഷങ്ങളുടെ അകലങ്ങള്‍ക്ക് ശേഷം  ഒരിക്കല്‍ കൂടി  പോയിരുന്നു.
ഏറ്റവും പ്രീയപ്പെട്ട ഓര്‍മ്മവരമ്പുകളിലൂടെ ഒന്ന് പിന്തിരിഞ്ഞു
 നടന്നാല്‍ മനസ്സ് ചെന്ന് വഴിമുട്ടി നില്‍ക്കുക ഈ  ക്ലാസ്സ് മുറികളിലാകും!


 കാലം ഓര്‍മകളില്‍ മഞ്ഞു തുള്ളികള്‍ പോലെ മറവി ഇറ്റിച്ച്
വീഴ്ത്തുന്നുവെങ്കിലും,  കൌതുകത്തിന്‍റെ കണ്ണാന്തളിര്‍ വിടരുന്ന കണ്ണുകള്‍ കൊണ്ട് ഞാന്‍ ഇവിടെ  അക്ഷരപ്പിച്ചവച്ച് നടന്ന കാലങ്ങള്‍ എങ്ങനെ മറക്കുവാന്‍ കഴിയും?

 വേരുകള്‍ പിണഞ്ഞ് ചില്ലകള്‍ വിടര്‍ത്തി പ്രണയിക്കുന്ന മരങ്ങള്‍ ഇപ്പോഴുമുണ്ട് സ്കൂള്‍ മുറ്റം നിറയെ. ആരവമൊഴിഞ്ഞ ക്ലാസ്സ് മുറികള്‍. 

ഈ ക്ലാസ്സ്‌മുറി വരാന്തകളാണ് എന്‍റെ  കുട്ടിത്തത്തിന് പണ്ട് കാല്‍പ്പനികത പകര്‍ന്നത്. ഈ കറുത്ത ചുമരിടത്തില്‍ വരഞ്ഞ വെളുത്തു വടിവൊത്ത അക്ഷരങ്ങളായാണ് എന്‍റെ മനസ്സില്‍ കവിത കടന്നു  വന്നത്.

പുള്ളി സാരി ഉടുത്ത ഹൈമവതി റ്റീച്ചര്‍, കണക്കിലെ കളികള്‍ കൊണ്ട് കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനുമൊക്കെ  കണ്ണുരുട്ടുമ്പോള്‍ ഉത്തരം കിട്ടാതെ കണ്ണ് നിറച്ചത് ഈ ബെഞ്ചിലിരുന്നല്ലേ?

ഈ ആളൊഴിഞ്ഞ വരാന്തകളില്‍ ഇപ്പോഴും ചിതറിക്കിടക്കുന്നുണ്ടാകും കൂട്ടുകാരോടൊപ്പം  "ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ" എന്ന് പാടി നടന്ന കളിപ്പാട്ടിന്‍റെ  ഈരടികള്‍.  വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നും ആ കളിപ്പാട്ടുകളൊക്കെ എന്‍റെ  കാതരികിലേയ്ക്ക് തിരികെ പറന്നെത്തുന്നു.......! വെയില്‍ വഴുതി വീഴുന്ന ഈ നീണ്ട ഇടനാഴികള്‍ തരുന്ന ഓര്‍മ്മകള്‍ക്ക് സുഗന്ധമുണ്ട്,  അലിഞ്ഞുതീരാ മഞ്ഞിന്‍റെ  നുണഞ്ഞുതീരാ മധുരമുണ്ട് ...കുട്ടിക്കാലത്തിന്‍  നന്മ നാവിന്‍മേല്‍ ഇറ്റിച്ച  അതിമധുരം..!

അന്നേ കുസൃതിയായിരുന്ന ഞാന്‍ തന്നെ ആകണം ക്ലാസ് ടീച്ചര്‍ സോമരാജന്‍ സാറില്‍ നിന്നും ഏറ്റവും തല്ലു മേടിച്ചു കൂട്ടിയിട്ടുള്ളത്.  നാട്ടിലെ സര്‍ക്കാര്‍ സ്കൂളിലെ ഞാന്‍  കണ്ട ആദ്യത്തെ സകലകലാവല്ലഭന്‍ ആയിരുന്നു സോമരാജന്‍ എന്ന മലയാളം അധ്യാപകന്‍. ചെറിയ കഥയിലൂടെയും ഉദാഹരണത്തിലൂടെയും വലിയ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍
സാറ് വിരുതനായിരുന്നു.
അദ്ദേഹം പാട്ടുപാടും ചിത്രം വരയ്ക്കും, അടുത്ത് വരുമ്പോള്‍ ക്യുട്ടിക്കൂറ പൌഡറിന്‍റെ സുഗന്ധം പരക്കും. സ്കൂള്‍ ആനിവേഴ്സറിയില്‍ ഞങ്ങളുടെ  അച്ഛാ, അമ്മേ  നാടകങ്ങള്‍ കണ്ട് നാട്ടുകാര്‍ ബോറടിച്ചിരിക്കുമ്പോള്‍ ഇടവേളയില്‍ പെട്ടെന്ന് സോമരാജന്‍സാര്‍ സ്റ്റേജില്‍ പ്രക്ത്യക്ഷപ്പെട്ട് 'എന്‍റെ സ്വപ്നത്തിന്‍ താമരപൊയ്കയില്‍ വന്നിറങ്ങിയ രൂപവതീ'' എന്ന് പാടുന്നത് ഇന്നും എന്‍റെ കാതിലുണ്ട്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇരുവശവും ചൂരല്‍ വടിയും പിടിച്ച് ആക്രമാണോത്സുകരായി നില്‍ക്കുന്ന ബിന്ദു ടീച്ചറും മേഴ്സി ടീച്ചറും വത്സമ്മ ടീച്ചറുമൊക്കെ സോമരാജന്‍ സാറ് പാടാന്‍ തുടങ്ങുമ്പോള്‍ മെഴുകു പ്രതിമകളായി മാറും. തങ്ങളേക്കുറിച്ചാണ് ആ പാട്ടെന്ന ഗൂഢനാണത്തില്‍ അവരോരോരുത്തരും നില്‍ക്കും!  ചിത്ര രചനയും സാറിനു നല്ല വശമായിരുന്നു. ബ്ലാക്ക് ബോര്‍ഡില്‍ മുറിച്ചോക്ക് കൊണ്ട് നാല് വളഞ്ഞ വരയും ഒരു നീണ്ട വരയും, അത് നീണ്ട മൂക്കുള്ള വത്സമ്മ ടീച്ചറാകുന്നത് എന്‍റെ  കുഞ്ഞി കണ്ണുകളില്‍ അത്ഭുതം വിരിയിച്ചിട്ടുണ്ട്.

സ്കൂള്‍ മുറ്റത്തെ വാക മരങ്ങള്‍  ചുവപ്പ് നിറമുള്ള പൂക്കള്‍ വാരിയണിയുന്ന ജൂണ്‍ മാസം. അച്ഛന്‍റെ ഷേവിങ്  ബോക്സില്‍ നിന്നും ചൂണ്ടിയ ഒരു ബ്ലേഡു കൊണ്ട് ഇന്റെര്‍വല്‍ സമയത്ത് പെന്‍സിലിനു മൂര്‍ച്ച കൂട്ടുകായിരുന്നു ഞാന്‍. സുഭാഷ് വന്നെന്‍റെ കൈ തട്ടി. വിരല്‍ തുമ്പില്‍ ചുവപ്പ് നിറത്തില്‍ വാകപ്പൂമൊട്ടു വിരിഞ്ഞു. പിന്നെ അതൊരു പൂക്കുലയായി വിടര്‍ന്നു.

വിരലുകളിലൂടെ ഒലിച്ചു  യൂണിഫോമിലാകെ  ചോരപ്പൂക്കളം ..!
എനിക്ക് കരച്ചില്‍ വന്നു. മുറിവില്‍ മുളക് പുരട്ടാനെല്ലേ കൂട്ടുകാര്‍ക്ക് അറിയൂ!
സാറേ..ഈ മനു കൈ മുറിച്ചു........വിളിച്ചി കൂവി..
ആര്‍പ്പും വിളിയുമായി അവന്മാര്‍ റ്റീച്ചേര്സ് റൂമിലേക്ക്‌ ഓടിയപ്പോള്‍ എന്‍റെ തലയുടെ ഉള്ളില്‍ എവിടെയോ ചുവന്ന നിറമുള്ള വാകമരങ്ങള്‍ കാറ്റില്‍ കടപുഴകി വീഴാന്‍ തുടങ്ങി. ഞാന്‍ ഇരുട്ടിലേക്ക് വീണു പോയി.

ഇരുളിന്‍റെ തിരശ്ശീല മാറ്റി ഉണരുമ്പോള്‍ സ്റ്റാഫ് റൂമിലെ തടിയന്‍ ബെഞ്ചില്‍ കിടക്കുകയാണ് ഞാന്‍.  തൊട്ടടുത്ത്‌ കസേരയില്‍ സാര്‍ ഇരിപ്പുണ്ട്. പഞ്ഞിയില്‍ മുക്കിയ ഡെറ്റോള് കൊണ്ട് കൈ വിരലിലെ വാകപ്പൂക്കള്‍ പറിച്ചു മാറ്റിയപ്പോള്‍ വല്ലാണ്ട് നീറി വിരലിലൊരു ബാന്‍ഡ് എയിഡ് ഒട്ടിച്ചു തന്നിട്ട് എന്‍റെ  കയ്യില്‍ പിടിച്ച്‌ ‍ മുറ്റത്തേക്കിറങ്ങി.
കൂട്ടുകാരെല്ലാം ഒപ്പം കൂടി.

സ്കൂള്‍ ഗ്രൌണ്ടിനു അതിരിന് അപ്പുറത്ത് ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന റബര്‍ മരങ്ങള്‍ക്കിടയില്‍ ഞങ്ങളെ നിറുത്തി സാറ് പറഞ്ഞു:   "ഈ മരങ്ങള്‍ കണ്ടോ", എല്ലാ ദിവസവും ഷാജി ഇത് വെട്ടാന്‍ വരുമ്പോള്‍ ഇതില്‍ നീളത്തില്‍ വരയിടും, ആ മുറിവില്‍ നിന്നും ചോര ഒഴുകും, അതാണ്‌ റബര്‍ പാല്‍. അല്‍പ്പം കഴിയുമ്പോള്‍ ചോര നില്‍ക്കും, വൈകുന്നേരം ആകുമ്പോള്‍ തൊലിവന്നു മൂടും!  ഇത് പോലെയേ ഉള്ളൂ മനൂന്‍റെ കയ്യിലെ മുറിവും. ചോര വന്നാലും നാളെ ആകുമ്പോള്‍ കരിയും, വേദനയും  പോകും. ഇനി മുറിഞ്ഞാല്‍ കരയരുത്. മനസ്സിലായോ?
അതൊരു പാഠമായിരുന്നു. മുറിവുകള്‍  നിസ്സാരമെന്നു വിശ്വസിക്കാന്‍ കഴിയുന്നത്‌ അന്ന് ആദ്യം...! 

കല്ല്‌ പെന്‍സിലിനെ പ്രണയിച്ച് കൊതിതീരാത്ത ഞാന്‍ എഴുതി പഠിച്ച അക്ഷരങ്ങള്‍, ഇന്ന് വാളും  ചിലമ്പുമേന്തുന്ന മഷിക്കുടുക്കയായി പുനര്‍ജ്ജനിച്ചപ്പോള്‍, അകലയല്ലാത്തൊരകലെ നിന്നും കുടമണികള്‍ കിലുങ്ങുന്ന കുതിരവണ്ടിയില്‍  അറിവിന്‍റെ ആദ്യ അക്ഷരം പഠിപ്പിച്ചു തന്ന എന്‍റെ ഗുരുക്കന്മാര്‍, ഒരുവേള വന്നെന്‍റെ  ശിരസ്സില്‍ തൊട്ടൊന്നു അനുഗ്രഹിച്ചെങ്കില്‍.........

അമ്പിളിയമ്മാവാ താമരക്കുമ്പിളില്‍ എന്തുണ്ട് എന്ന് കര്‍ക്കിടക മഴയെ തോല്‍പ്പിച്ചു ഉച്ചത്തില്‍ പാടിയും  ഒരു കുടം വെള്ളം കോരാന്‍ ജാക്കും ജില്ലും ഓടിക്കേറിയ  പുല്‍മേട്ടില്‍ കുറെവട്ടം ഉരുണ്ടു വീണും,  കുമാരനാശാന്‍ പാടിയ വീണപൂവിന്‍റെ സങ്കടം കണ്ടു കണ്ണ് നിറച്ചും,  ഉച്ചി പുകയുന്ന മീനച്ചൂടില്‍ വിളറിവിയര്‍ത്തു കിടക്കുന്ന നാട്ടു വഴികളിലൂടെ നാരങ്ങാ മിട്ടായിയുടെ മധുരം നുണഞ്ഞും ഞാന്‍ നടന്ന ഓര്‍മ്മകളുടെ സുഖദമായ എത്ര എത്ര നിമിഷങ്ങള്‍.  വെയില്‍ കൊണ്ട് മധുരം നുണഞ്ഞു നടന്നതോര്‍ത്തപ്പോള്‍  ഒരു കഷ്ണം സൂര്യനെ നാവിലിട്ട് അലിയിയിച്ച സുഖം തോന്നുണ്ട് ഇപ്പോള്‍. 

ഒരു വിദൂര സാധ്യതയിലെങ്കിലും കുട്ടിക്കാലത്തേക്ക് മടങ്ങി ചെല്ലാന്‍ പണ്ട് ഞാന്‍ ഉരുണ്ടു വീണ നടവഴികളും, ഞാന്‍ കല്ലെറിഞ്ഞ മാവുകളും ഞാന്‍  കളിച്ചു കൊതി തീരും മുന്‍പേ കളഞ്ഞു പോയ നൂല്‍പ്പമ്പരവും, ചരട് പൊട്ടി ചിണുങ്ങി വീണ കടലാസ്സു പട്ടവും എണ്ണിത്തീര്‍ക്കാതെ മണ്‍കുടുക്കയില്‍  ബാക്കി വച്ച മഞ്ചാടിക്കുരുവും, ഓര്‍മകളുടെ മഴവില്ലഴികളുടെ അപ്പുറത്ത് നിന്നും പലപ്പോഴും എന്നെ
പിന്‍വിളിക്കാറുണ്ട്.........

ഇളവെയിലിന്‍റെ ഘടികാര നിഴലുകള്‍  വീണു കിടക്കുന്ന ഈ നീളന്‍ വരാന്തയോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ കവിളില്‍ മഷിചാലിച്ചെഴുതുന്ന കര്‍ക്കിടക മേഘം കണ്ട ആണ്‍ മയിലിനെ പോലെ  ഓര്‍മ്മ മഴയുടെ തോരാ നൂലിഴകള്‍ക്കൊപ്പം മനസ്സും നൃത്തം ചെയ്യും പോലെ തോന്നി...!

Saturday, December 1, 2012

സൂചികുത്താന്‍ ഇടം കൊടുത്താല്‍...

മുന്‍പൊരിക്കല്‍ നാട്ടില്‍ നില്‍ക്കുന്ന  കാലത്ത് ഒരു മരണവീട്ടില്‍ പോകേണ്ടി വന്നു. സത്യത്തില്‍ അമ്മയുടെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രമാണ് കേട്ടോ പോയത്. അല്ലാതെ അത്തരം  ചടങ്ങില്‍ പങ്കെടുക്കുന്നതില്‍  നിന്നും പണ്ടേ ഞാന്‍ പിന്നോട്ടുമാറിയിരുന്നു.  ആത്മാവിന്‍റെ ആടയാഭരണങ്ങള്‍   ഊരിയെറിഞ്ഞ്, ചായംതേച്ചു മനോഹരമാക്കിയ ബന്ധങ്ങളുടെയും, സൌഹൃദങ്ങളുടെയും  ഒരു കുഞ്ഞുലോകത്തുനിന്നും  ‍ കൂടുതല്‍ വെളിച്ചമുള്ള മറ്റൊരു വലിയ ലോകത്തേക്ക് തനിയെ ഒരു യാത്ര പോകലാണ് മരണം!
ആ ഒറ്റക്കുള്ള  യാത്രപോകലിനു സാക്ഷിയാകാന്‍ എന്തുകൊണ്ടോ എനിക്കിഷ്ടമല്ല. (എനിക്കും ഒരിക്കല്‍ പോകേണ്ടിവരും എന്നാലും ഇപ്പോള്‍ ആ ഇഷ്ടം അനിഷ്ടമായി അങ്ങനെതന്നെ നില്‍ക്കട്ടെ! )

ഇതെന്താപ്പാ ഇന്ന് മരണ വാര്‍ത്തയുമായാണോ  ഇവന്‍റെ വരവ്, എന്ന ചോദ്യം വായിക്കുന്നവര്‍ക്ക് ഉണ്ടാകും. അല്ല കേട്ടോ, സംഭവം വേറെയാണ്, ചിരിക്കഥ തന്നെ.

തൊണ്ണൂറ്റിരണ്ടുകാരനായ കൊച്ചുതുണ്ടില്‍ ഔസേപ്പിന്‍റെ  മരണം എന്‍റെ  ജീവിതത്തില്‍ ഒരു നഷ്ടമേ അല്ല.
അമ്മയുടെ കൂട്ടുകാരി ഗ്രേസ്സി  ആന്‍റിയുടെ അപ്പച്ചനാണ് ടിയാന്‍. അതുകൊണ്ട് മാത്രം ഈ ഉള്ളവന് ആ ചടങ്ങില്‍ പങ്കെടുക്കേണ്ടി വന്നു.
"തിരോന്തോരം" ജില്ലയുടെ ഉള്‍നാടന്‍  ഗ്രാമത്തിലാണ് പ്രസ്തുത വീട് നിലകൊള്ളുന്നത്.  അവിടെ അടുത്തായി നമുക്ക് കുറച്ചു തെങ്ങും പുരയിടം ഉണ്ടായതു കൊണ്ട് വല്ലപ്പോഴും ആ വഴി പോകേണ്ടി വന്നിട്ടുണ്ട്. നാട്ടിലെ ആളുകളെയും പരിചയമുണ്ട്.


സത്യത്തില്‍ ആ മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍ ചിരിയാണ് എനിക്ക് വന്നത്!!
ശവമൊഴിച്ചു ബാക്കി എല്ലാപേരും കല്യാണത്തിന് വന്നപോലെ!
സുഗന്ധം പരത്തുന്ന ഒരു വലിയ പൂമൊട്ട് പോലെയായിരുന്നു ആ വീട്.  ഒരുപാട് തരം സെന്റുകളുടെയും ബോഡി സ്പ്രേകളുടെയും , റിങ്ങ്ടോണുകളുടെയും കൂടാരം.


 ഡെഡ്ബോഡിക്കൊഴിച്ചു  ബാക്കി എല്ലാപേര്‍ക്കും മൊബൈല്‍ ഫോണില്‍ എസ്സ് എം എസ്സ് സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. ഒരാള്‍ക്ക്‌ ട്രിംഗ് എന്നാണ് വരുന്നതെങ്കില്‍  മറ്റൊരാള്‍ക്ക് 'അമ്മായി വട്ടായി പോയേ" എന്ന  പാട്ട്, വേറെ ഒരാള്‍ക്ക് ടിഗ് ടോങ്ങ് , എല്ലാം കൂടിച്ചേര്‍ന്നാല്‍  ആകെ വട്ടായിട്ട്  ടിഗ്ട്യൂംഷ്യൂം!!!


അന്ന് അവിടെ കേട്ട ഒരു കഥ എന്നെ ഒരുപാട് ചിരിപ്പിച്ചു, മരണ വീടാണെന്ന ചിന്ത പോലും ഇല്ലാതെ ഞാന്‍ ഉറക്കെ ചിരിച്ചു പോയി.


ചാക്കാലവീട്ടില്‍ കൂടി നിന്ന ആളുകള്‍ക്കിടയില്‍ രണ്ടു കയ്യിലും പ്ലാസ്റ്റെര്‍  ഇട്ടൊരു ചെറുപ്പക്കാരനെ എന്‍റെ  കണ്ണ് തേടി  പിടിച്ചു.  പ്രായം 20. ഞാന്‍ അവനെ മുന്‍പ്     എപ്പോളൊക്കെ കണ്ടിട്ടുണ്ടോ ആ അവസരങ്ങളിലെല്ലാം  എല്ലാം അവന്‍ തിരക്കിട്ട് സൈക്കളില്‍ അങ്ങിങ്ങ് കറങ്ങി നടക്കുന്നത്  കാണാം. സര്‍ക്കസ്സിലെ സൈക്കിള്‍ യജ്ഞക്കാരനെപോലെ.  ഒരിക്കല്‍ അമ്മയോട് ഞാന്‍ പറയുകയും ചെയ്തു "സൈക്കളില്‍ ഇരിക്കുന്ന രൂപത്തിലാണ് അവന്‍റെ അമ്മ അവനെ പ്രസവിച്ചത്" എന്ന് തോന്നുന്നുവെന്ന്.


 സൈക്കളില്‍ നിന്നും ഇറങ്ങാറില്ല, മൂത്രമൊഴിക്കാന്‍ പോലും.
ആളൊഴിഞ്ഞിടം കണ്ടാല്‍  റോഡരികിലെ മൈല്‍ക്കുറ്റിയിലേക്ക് 
ഒരുകാല്‍ വച്ച് സൈക്കളില്‍ത്തന്നെ  എഴുനേറ്റു
നില്‍ക്കും. മറ്റെക്കാല്‍ പെഡലില്‍  ബലത്തില്‍ ചവിട്ടും, സൈക്കിള്‍ സര്‍ക്കസ്സ്കാരനെ പോലെ ഇടത്തോട്ട് ചരിച്ചു ഒറ്റ നില്‍പ്പാണ്.  ഒരു തുള്ളിപോലും കാലിലോ, സൈക്കിളിലോ വീഴ്ത്താതെ ക്ലീനായി കാര്യം സാധിക്കും, ഭയങ്കരന്‍.!


 രണ്ടുകാലും ഭൂമിയില്‍ കുത്തി കഥാനായകന്‍ നില്‍ക്കുന്നത്
ആദ്യമായി കണ്ട അസുലഭ ദര്‍ശനാനന്ദ പ്രക്ഷാളനത്തില്‍, അടുത്ത് നിന്ന ഒരു പരിചയക്കാരനോട്‌ സൈക്കിള്‍ യജ്ഞക്കാരന്‍റെ   കയ്യിലെ കെട്ടിന്‍റെ   ഗുട്ടന്‍സ് എന്താണെന്ന് അന്യേഷിച്ചു.

മേക്കപ്പിടാത്ത സുന്ദരിമാരുടെ മുഖം പോലെയിരിക്കുന്ന  നമ്മുടെ റോഡുകൾ "ഓം പുരി' യുടെ മോന്ത പോലെ ആയിക്കിടക്കാൻ തുടങ്ങിയിട്ട്‌ മാസങ്ങളും, വർഷങ്ങളുമായി.. അതുവഴി  ഹെല്‍മെറ്റ്‌ വയ്ക്കാത്ത ഒരു കണ്ടന്‍പൂച്ച റോഡു  ക്രോസ് ചെയ്തതാണ്, അസാധ്യ ബാലന്‍സുള്ള നമ്മുടെ യജ്ഞക്കാരന്‌ ഒന്ന് പിഴച്ചു. വീണു കയ്യൊടിഞ്ഞു, കാലു ചതഞ്ഞു!!

സൈക്കിളിന്‍റെ മുഖത്തും അവന്‍റെ ബോഡിയിലും ചോര.

എക്സ്റേ ഫിലിം ലൈറ്റിനു നേരെ പിടിച്ച്  ഡോക്ടര്‍ ട്യൂബ് ലൈറ്റ് കത്തും പോലെ ചിരിച്ചു പറഞ്ഞു  "നോക്കെടോ ചെണ്ടമുറിയന്‍ കപ്പ മുറിച്ചു വച്ചിരിക്കുന്നപോലെ മൂന്നൊടിവുകള്‍."
മുറിവുകളില്‍ നീറ്റല്‍മരുന്ന്  പുരട്ടി സീന്‍ അയഡിന്‍ നിര്‍ഭര‍മാക്കിയ   ഡോക്ടര്‍ പറഞ്ഞു --ഒരു ഇന്‍ജക്ഷന്‍ വേണം.


അതുവരെ വേദനകൊണ്ട് ഞരങ്ങിക്കൊണ്ടിരുന്ന പുള്ളിക്കാരന്‍ ഒറ്റ അലര്‍ച്ച 
--- കുത്തിവയ്പ്പ് വേണ്ട ))))))!!!


തീരെ മൂര്‍ച്ച ഇല്ലാത്ത കത്തികൊണ്ട് കോഴിയെ അറത്ത് അറത്ത് അറത്ത് കൊല്ലാന്‍ മടിയില്ലാത്ത കഠോരഹൃദയന് --ഒരു നൂലിന്‍റെ കനമുള്ള കുഞ്ഞു സൂചി കൊണ്ടുള്ള കുഞ്ഞു കുത്തിവയ്പ്പിന്
പേടിയോ?


 ഇന്‍ജക്ഷന്‍ തന്നെ വേണമെന്ന് ഡോക്ടര്‍ക്ക്‌ ദുര്‍വാശി , എന്നാല്‍ കയ്യില്‍ എടുത്താല്‍ മതിയെന്ന് വീണവന്‍! ഡോക്ടര്‍ നോക്കിയപ്പോള്‍ മുറുവുകള്‍ ഇല്ലാത്ത ഒരിടം ബാക്കിയില്ല കയ്യില്‍,  തുടയില്‍ തന്നെ മതിയെന്ന് അദ്ദേഹം നഴ്സ്സ്നോട്  വിധി പറഞ്ഞു. ചങ്ങാതി പക്ഷെ ഒരു വിധത്തിലും വഴങ്ങുന്നില്ല. കൂടെ ഉള്ള കൂട്ടുകാര്‍ ആശ്വസിപ്പിക്കുന്നുണ്ട്
--പേടിക്കണ്ടാടാ, ഒരു ഉറുമ്പ് കടിക്കുന്ന വേദനയേ  വരൂ!

വേദനയല്ലെടാ പ്രശ്നം!

പിന്നെ?

നീ പോടാ, അത് ശരിയാകൂല്ല,  ചത്താലും തുടയില്‍ വേണ്ട!!!

 അക്ഷമനായ ഡോക്ടര്‍  അലറി.."പിടിക്കെടോ അവനെ, കുത്തെടോ ))))))


അറവുശാലയിലെ പോത്തിനെ പോലെ അറ്റന്റര്‍മാരും  നഴ്സ്സ്‍മാരും ചേര്‍ന്ന് പാവത്തിന്‍റെ കാലും കയ്യും കട്ടിലിനോട് ചേര്‍ത്ത് പിടിച്ചു.

ഒരു സൂചി കുത്താനായുള്ള ഇടം തേടിയുള്ള  യുദ്ധത്തിനൊടുവില്‍ ഉടുത്തിരുന്ന ലുങ്കിയുടെ കുത്ത് നഴ്സ്സ്  അഴിച്ചപ്പോള്‍ അതാ താഴെ വീഴുന്നു ഒന്നിന് പിറകെ ഒന്നായി നാല് മാസികകള്‍!!

കട്ടുറുമ്പ് വരിവച്ചു നടന്നു പോകുമ്പോലെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍  അടിച്ച നാലു കൊച്ചുപുസ്തകങ്ങള്‍..നീലപൊന്മാന്‍ എന്ന പേരിലുള്ള ഒരെണ്ണത്തില്‍  മുഖചിത്രമായി പഴയ ജയമാലിനി എന്ന മാദകത്തിടമ്പ്  നാലുവയസ്സുളള   ഒരു കുഞ്ഞിന്‍റെ ഫ്രോക്കിട്ട് തുളുമ്പുന്ന ശരീരം മറയ്ക്കാന്‍ പാടുപെട്ടു നില്‍ക്കുന്നു.
 ചെറുപ്പക്കാര്‍ക്കിടയില്‍ ടോപ്‌ ഗീയറില്‍ ഓടിക്കൊണ്ടിരുന്ന മാസികകളാണത്. അശ്ലീകരങ്ങള്‍! ആരും കാണാതെ അരയില്‍ ഒളിപ്പിച്ചുവചിരിക്കുകയായിരുന്നു, നമ്മുടെ പരുക്കന്‍.


കുത്താനെടുത്ത  സിറിഞ്ചാണ് ആദ്യം ചിരിച്ചത്. പിന്നെ നഴ്സ്സ്മാര്‍ നാണംചാലിച്ച് അടക്കിച്ചിരിച്ചു അതു പിന്നെ ആശുപത്രി കുലുങ്ങും പൊലൊരു  പൊട്ടിച്ചിരിയായി.


ഒടുവില്‍ ഒരാഴ്ച കഴിഞ്ഞ് ടിയാനെ ഡിസ്ചാര്‍ജ് ചെയ്യുന്ന സമയം, ബാഗും തുണിയും മരുന്നുമെല്ലാം എടുത്തു പായ്ക്ക് ചെയ്തു. എന്നിട്ടും എന്തോ മറന്നപോലെ ആളിന്‍റെ  മുഖം. ആരോടും തുറന്നു ചോദിക്കാന്‍ ഇനിയും ഒരു സൂചിയുടെ കനത്തില്‍ മാത്രം ബാക്കിയുള്ള അഭിമാനം അനുവദിക്കുന്നില്ല!

ഇപ്പോഴും ഈ ഒടിഞ്ഞ കയ്യും വച്ച് മരണ വീട്ടില്‍ ദു:ഖഭാവത്തില്‍ നില്‍ക്കുമ്പോഴും,  ആ മുഖത്തുനിന്നും എനിക്ക് വായിക്കാം ഒരു ചോദ്യം...
എങ്കിലും ഒരു സൂചി  കേറുന്ന സമയത്തിനിടക്കു ആ പുസ്തകങ്ങള്‍ ആരുമുക്കി? ഡോക്ടറോ? കമ്പോണ്ടറോ? അതോ ചതിയന്മാരായ ചങ്ങാതികളോ?
സി ബി ഐ വേണ്ടി വരും.................!!

Tuesday, November 13, 2012

പ്രിയ സഖീ.......

പ്രിയ സഖീ.......
ഇപ്പോള്‍ ഞാനൊരു വെള്ളരിപ്രാവാണ്.......
എന്റെ ശരീരത്തില്‍ നിന്നും നിന്നോടുള്ള പ്രണയത്താല്‍ തുടിക്കുന്ന ആത്മാവിനെ ഞാനീ വെണ്‍പിറാവില്‍ സന്നിവേശിപ്പിക്കുന്നു. എനിക്ക് പലവര്‍ണ്ണങ്ങള്‍  ഉള്ള തൂവലുകള്‍ ഉണ്ട്...നിന്നോടുള്ള ഇഷ്ടത്തിന്‍റെ ആകാശ നീല നിറമുള്ള തൂവല്‍, എന്‍റെ ആത്മാനുരാഗത്തിന്‍റെ സ്വര്‍ണ്ണ വര്‍ണ്ണമുള്ള തൂവല്‍..പ്രായവും കാലവും തന്ന വെള്ളികെട്ടിയ തൂവല്‍.....ഉഷ്ണം പുകയുന്ന മോഹങ്ങള്‍ വളര്‍ത്തിയ ചുവപ്പ് തൂവല്‍..

ഈ തൂവല്‍ക്കെട്ടുകള്‍ക്കിടയില്‍ നിനക്കായി മിടിക്കുന്ന കുഞ്ഞു കിളിമനസ്സുമായി ഞാന്‍...
എന്‍റെ കണ്ണുകള്‍ നിന്നെ തിരയുന്നുണ്ട്...

നിന്നെ കാണാമെന്ന പ്രതീക്ഷയുടെ വെയില്‍ വെളിച്ചം ദൂരെ കാണുന്നുണ്ട്...
ഞാന്‍ പറക്കാന്‍ തുടങ്ങുകയാണ്.......
നിന്‍റെ ഹൃദയത്തിലേക്ക് ഞാനിറക്കിയ പ്രണയത്തിന്‍റെ വേരുകളില്‍ ഉറച്ചു നില്‍ക്കുന്ന ആ ജീവന്‍റെ മരത്തില്‍ കൂടുകൂട്ടാന്‍.....
നീ എന്നിലെയ്ക്കൊഴുക്കിയ ആര്‍ദ്രമായ സ്നേഹത്തെ അമര്‍ത്തി ചുംബിച്ചു കൊണ്ട് ഞാനിതാ പറന്നുയരുന്നു......
ഇനിയൊരുപാടു  സ്നേഹം എന്നില്‍ നിറച്ചുവച്ച് കാത്തിരുന്നാല്‍ ഈ കുഞ്ഞു ഹൃദയം പൊട്ടി പോകുമെന്ന് ഞാന്‍ ഭയക്കുന്നു, ഇത് നിനക്ക് പകര്‍ന്നു തരണം, ചൂടോടെ.....ആശാമരത്തില്‍
കൂടുകൂട്ടി  കാത്തിരിക്കുന്ന എന്‍റെ കിളിയമ്മയ്ക്ക്..

കുടമുല്ലപ്പൂക്കളുടെയും നന്ത്യാർവട്ടങ്ങളുടെയും നാലുമണിപ്പൂക്കളുടെയും കാതില്‍ കാറ്റ് വന്നു മൃദുവായി പറയുന്നു "നമുക്ക് കൊക്കുരുമ്മി ഇരിക്കാം..സ്വപ്നങ്ങള്‍ കൈമാറാം.. ഈ ദിനം ആഘോഷമാക്കാം"...
അതുപോലെ നിന്‍റെ മൊഴിമുത്തുകളെ എന്‍റെ കാതിനു അമൃതഗാനമാക്കാന്‍, നിന്‍റെ നീളന്‍ വിരലുകള്‍ കൊണ്ട് നീ എന്‍റെയുള്ള് തൊട്ടുണര്‍ത്തുമ്പോൾ നിന്‍റെ അദൃശ്യമായ സുഗന്ധ സാമീപ്യം അറിയാന്‍, ഞാന്‍ വരാം.....
എനിക്ക് ശ്വസിക്കാന്‍ നിന്‍റെ മുടിയിലൊരു  തുളസ്സിക്കതിരും, സ്നേഹമുദ്ര പതിപ്പിച്ച  പോലെയൊരു കുങ്കുമപ്പൊട്ട് ആ നെറ്റിയിലും വേണം...
നിന്നടുത്തെത്തുമ്പോള്‍ എന്‍റെ ചുണ്ടുകള്‍ ആ  കവിള്‍ത്തടത്തില്‍ ചുവന്ന അക്ഷരത്തില്‍ ഒരു വാക്ക് വരക്കും........
അത് "എനിക്കുസ്വന്തം" എന്നായിരിക്കും...........
വീണ്ടുമൊരു പ്രണയ കാവ്യമെഴുതാന്‍ ഈ മഞ്ഞുകാല സായാഹ്നത്തില്‍ ഞാനിരിക്കുന്നു..........
കടല്‍ക്കാഴ്ച്ചകളിലേക്ക്   തുറക്കുന്ന ഈ ജാലകചില്ലുകളില്‍ തണുത്തകാറ്റ് ചീറിയടിക്കുന്നു.
അകലങ്ങളില്‍ നിന്നും നിന്നെ തഴുകി, നിന്‍റെ കവിളിന്‍ ശോണിമ കട്ടെടുത്ത്  സന്ധ്യക്ക്‌ നിറം  പാകി, ഈ കള്ളസൂര്യന്‍ എന്‍റെ കയ്യെത്തും ദൂരത്തുണ്ട്‌.

ഒരു ലജ്ജയില്ലാതെ വീണ്ടും പറയട്ടെ......നിന്‍റെ പ്രണയത്താല്‍ ഞാന്‍ അധീരനായിരിക്കുന്നു!!!
ഇനിയൊരു സന്ധ്യവരെ കാത്തിരിക്കാം,
 നിന്നെ തഴുകി എന്നരികില്‍ എത്തുന്ന ഈ കാറ്റിന്‍റെ സുഗന്ധം മുകരാന്‍...
നിന്‍റെ ചിരിയുടെ ചുവന്ന കുപ്പിവളക്കിലുക്കം  ഈ തിരമാലയുടെ ഇരുമ്പലില്‍ നിന്നും വേര്‍തിരിച്ചറിയാന്‍........
അനന്തതയില്‍ പൂക്കുന്ന നീല ശങ്ഖുപുഷ്പങ്ങള്‍ ഇറുത്തു, വിറയ്ക്കുന്ന കൈകള്‍ കൊണ്ട് നിന്‍റെ നനഞ്ഞ മുടിച്ചാര്‍ത്തി   തിരുകാന്‍..
ജലബിന്ദുക്കള്‍ ഉമ്മവയ്ക്കുന്ന ശങ്ഖു കടഞ്ഞ നിന്‍റെ കഴുത്തഴകില്‍ കുസൃതിയോടെ അധരം കൊണ്ട് ചിത്രമെഴുതാന്‍.......നിന്‍റെ നീല നയനങ്ങളില്‍ എന്‍റെ തണുത്ത വിരല്‍ കൊണ്ട് പ്രണയത്തിന്‍റെ അന്ജ്ഞനമെഴുതാന്‍....
ഞാനീ  മണ്ണില്‍ പൂത്ത മോഹങ്ങളെ  മരതകവള്ളികള്‍ കൊണ്ട് മെടഞ്ഞ ഒരു പൂക്കൂടയില്‍ ഒതുക്കി പിടിച്ച്,  പ്രണയത്തിന്‍റെ മുകില്‍ മുല്ല കുടവിരിയിച്ച മാനത്തെ കുടിലിന്‍ ജനാലക്കരുകില്‍, മുക്കൂറ്റി കമ്മലിട്ടു കാത്തിരിക്കുന്ന നിന്നരികത്തേക്ക്,  കുങ്കുമക്കാറ്റിന്‍റെ ചിറകില്‍ പറന്നുയര്‍ന്ന് വരുന്നു..
പൂനിലാവും,ഇളവെയിലും ചാലിച്ചെടുത്ത് ഞാന്‍ തന്ന ഈ ചുംബനം, നിന്‍റെ  തുടുനെറ്റിയില്‍ എന്‍റെ  പ്രണയാക്ഷരമായി വിളങ്ങും............
സുഖഗന്ധമെഴുന്ന ഈ അനുരാഗം എന്നും എന്‍കൂടെ ഉണ്ടാകട്ടെ............

Wednesday, August 8, 2012

അരവിന്ദനും അനന്ദലക്ഷ്മിയും പിന്നെ ഞാനും..........


"അരവിന്ദന്‍"
എന്ന എന്‍റെ സുഹൃത്ത്‌, ഈ ബ്ലോഗ്ഗിന്‍റെ വായനക്കാരനാകണേയെന്ന പ്രാര്‍ത്ഥനയോടെ ആരംഭിക്കാം.    
മഴവില്ല്, പുഞ്ചിരി, നാണം, പൂവിരിയല്‍, പ്രണയം..ഇങ്ങനെയുള്ള പല  കാര്യങ്ങളുടേയും തുടക്കം നാടകീയമാണ്‌.
ഡിസംബറിലെ ഒരു തിങ്കളാഴ്ച അരവിന്ദന്‍ ഒന്നാം വര്‍ഷഡിഗ്രീ ക്ലാസ്സിലേയ്ക്ക് ആദ്യമായി കയറി വന്നതും ഒരു നാടകത്തിന്‍റെ നടുത്തളത്തിലേക്കായിരുന്നു .

പ്രഫ. മധുമേനോന്‍ സാറിന്‍റെ ഷേക്സ്പിയര്‍ നാടക ക്ലാസ്സ്. മാസങ്ങളില്‍ ഒന്നോരണ്ടോ ദിവസങ്ങളില്‍ സാറിന്‍റെ തലയില്‍ നിലാവുദിക്കും.
ആ ദിവസങ്ങില്‍ ക്ലാസ്സെടുക്കില്ല. കുട്ടികളുടെ ഇടയില്‍ വന്നിരിക്കും. എന്നിട്ട് ഇംഗ്ലീഷ് നാടകങ്ങളിലെ പ്രണയ രംഗങ്ങള്‍ ഞങ്ങളെക്കൊണ്ട് ക്ലാസ്സില്‍ അവതരിപ്പിക്കലാണ് സാറിന്‍റെ ലഹരി!!

ഓരോ ഉന്മാദത്തിനും ഓരോ നാടകം. പേരോര്‍മ്മയില്ലാത്ത ഒരു ഇംഗ്ലീഷ് നാടകത്തിലെ സീന്‍ നടക്കുന്നു. അധ്യാപകര്‍ക്കുള്ള പ്ലാറ്റ് ഫോം നാടക വേദിയായി,  അതില്‍ നില്‍ക്കുന്നു അനന്ദലക്ഷ്മിയെന്ന എലിസബത്ത് രാജകുമാരി. നാലാം ബെഞ്ചിലെ ഈ ഉള്ളവനാണ് കാമുകന്‍, രാജകുമാരന്‍.

അനന്ദലക്ഷ്മി എന്നെ നോക്കി ഇംഗ്ലീഷില്‍ ഇങ്ങനെ പറയുന്നു:

"മഴവില്ലുകളുടെ നാട്ടിലെ പ്രീയപ്പെട്ടവനേ....നീ എവിടെയാണ്? വസന്തകാലം വിടപറയാറായി, ഇപ്പോഴും നിന്‍റെ വരവും കാത്ത് ഞാന്‍ ഇവിടെ നില്‍ക്കുന്നത് നീ അറിയുന്നില്ലേ പ്രിയനേ...""
ഈ ഡയലോഗ് തീര്‍ന്നാല്‍ ഞാന്‍ രാജകുമാരന്‍റെ ചലന ഗാംഭീര്യത്തോടെ സ്റ്റേജിലേക്ക് വരണം.
മധു സാര്‍ ക്ഷമയില്ലാതെ " മനൂ, കമോണ്‍ ഫാസ്റ്റ് " എന്ന് പറയുന്നു.

പക്ഷെ...
അനന്ദലക്ഷ്മി "പ്രിയനേ..." എന്ന് വിളിച്ചതും ക്ലാസ്സിനു പുറത്ത് ഒരു മുഖം തെളിഞ്ഞതും ഒരുമിച്ചായിരുന്നു. അരവിന്ദന്‍!! ആ സന്ദര്‍ഭം മധുസാര്‍ നാടകീയമാക്കി. റോമന്‍ പടയാളിയെപ്പോലെ ‍ വാതില്‍പ്പുറത്ത് ചെന്ന് അവനെ സ്വീകരിച്ചു സാര്‍  പ്ലാറ്റ് ഫോമിലേക്ക് ആനയിച്ചു.

പുതിയ അഡ്മിഷനാണെന്നുള്ള പ്രിന്‍സിപ്പലിന്‍റെ   കുറിപ്പ് അവന്‍റെ കയ്യിലുണ്ടായിരുന്നു. ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ ലിഖിതം വാങ്ങുന്ന പടനായകന്‍റെ ആദരവോടെ ആ കടലാസ് ഏറ്റുവാങ്ങിയ മധുസാര്‍ ഇങ്ങനെ ഉറക്കെ വായിച്ചു:

"ഇവന്‍ ഈ രാജ്യത്ത് വിരുന്നു വന്ന പുതിയ രാജകുമാരന്‍, പൂക്കളുടെ നാട്ടില്‍ നിന്നുള്ള ട്രോജന്‍ സുന്ദരന്‍. ഇവനെ
ആരവങ്ങളോടെ വരവേല്‍ക്കുക.   ഇവനായി ഇനി എത്രയെത്ര കരുനീക്കങ്ങള്‍ കാത്തിരിക്കുന്നു, എത്ര സുന്ദരികള്‍ ഉറക്കം കളയുന്നു.!!

എല്ലാവരും  കയ്യടിച്ചു. ആ കയ്യടിക്കു നടുവില്‍  അവന്‍ ഒരു വീരപുരുഷനെ പോലെ നിന്നു. പക്ഷെ എന്‍റെ അസൂയക്കണ്ണുകള്‍ ശരറാന്തല്‍
പോലെ അവിടെ തെളിഞ്ഞു കത്തി നിന്നിരുന്ന അനന്തലക്ഷ്മിയില്‍ ആയിരുന്നു.

 കാലം തെറ്റി ആ ക്ലാസ്സിന്നുള്ളില്‍ പൂത്ത വസന്തമായിരുന്നു അവള്‍.
ബിജുലാല്‍, അജീഷ്, രമേശ്‌ കുറുപ്പ്, നകുലന്‍ ഇങ്ങനെയുള്ള ആരാധക സംഘമുള്ള ഒരു പനിനീര്‍പ്പൂവ്! എന്‍റെ പേര് പരസ്യമായി ഈ ലിസ്റ്റില്‍
ചേര്‍ക്കുന്നില്ല, കാരണം ബുദ്ധിജീവികള്‍ ആരെയും ഒരിക്കലും പരസ്യമായി ആരാധിക്കാറില്ല.
എത്ര പുഷ്പാഞ്ജലികള്‍!
എത്ര ദീപാരാധനകള്‍!!

 ബോറന്‍ ലക്ചര്‍  ക്ലാസ്സുകളില്‍ അവളുടെ സാന്നിധ്യംകൊണ്ടു മാത്രം ഞങ്ങള്‍ ആഘോഷിച്ചത് എത്ര എത്ര നിശ്ശബ്ദ ഉത്സവങ്ങള്‍!

പക്ഷേ..അടുത്ത  വര്‍ഷമായപ്പോള്‍ ഞങ്ങളുടെ നിശ്ശബ്ദ പ്രേമങ്ങള്‍ ചവിട്ടിയച്ചുകൊണ്ട് അരവിന്ദന്‍ ഒരു ചീറ്റപ്പുലിയെ പോലെ മുന്നേറി.
രണ്ടാം വർഷ ഡിഗ്രി എന്ന സർവജ്ഞപീഠം പാതി കയറിക്കഴിഞ്ഞ ആളാണ്‌ താനെന്ന അഹന്ത അരവിന്ദനെ ആക്രാന്ദ പുളകിതനാക്കി.
 അതിന്‍റെ അനുരണനമെന്നോണം എന്തു കാര്യത്തിനും സംശയലേശമന്യേ അരവിന്ദൻ ചാടി വീഴുമായിരുന്നു, എല്ലാവരെക്കാളും മുന്നേ..!
കോളേജിലെ പുലിത്തരങ്ങൾ കൂടിയപ്പോൾ  അദ്ദേഹത്തിന്  ഭയ-ഭക്തി-ബഹുമാനപുരസരം 'പുലിവിന്ദൻ' എന്നൊരു വിളിപ്പേരും വീണു.

 ചുരിദാർ,പാവാട-ബ്ലൌസ്‌ മുതലായ നാരീ വേഷങ്ങൾക്ക്‌ മുന്നിൽ രോമാഞ്ചകഞ്ചുകിതനായി ലോകത്തിന്‍റെ അർഥമില്ലായ്മയെക്കുറിച്ചും,
 മറ്റുള്ള  ആൺ പരിഷകളുടെ കഴിവുകേടിനെക്കുറിച്ചും, അതിലെല്ലാമുപരി, തന്‍റെ സദ്ഗുണസമ്പന്ന വീരചരിതങ്ങളെപ്പറ്റിയും പുലിവിന്ദൻ
മുഴുനീളം കത്തിക്കയറുമായിരുന്നു..!

ഇടവേളസമയങ്ങളിലും,ഉച്ചഭക്ഷണ നേരത്തും  കൂടെയുള്ള പെണ്‍കുട്ടികള്‍ക്ക്  ചോക്ലേറ്റ്‌ പീസുകളും, ഹിന്ദി പാട്ടുകളുടെ ശേഖരണവും
 ഒക്കെ കൊടുത്തു അവന്‍ അവരുടെ ഇടയിലിരുന്നു അര്‍മാദിച്ചു.
ശര്‍ക്കരയില്‍ ഈച്ച പൊതിയും പോലെ ചില സമയങ്ങളില്‍ പതിനെട്ടിന്‍റെ മാംസളത അവന്‍റെ മേലമര്‍ത്തി പെണ്‍കുട്ടികള്‍ അരവിന്ദനെ ശ്വാസം മുട്ടിക്കുന്നത്‌ കണ്ട് ഞങ്ങളുടെ രക്തം ആവിയായിട്ടുണ്ട്.  എപ്പോഴും മുല്ലപൂമ്പൊടി ഏറ്റു നടക്കുന്ന അവനോടു തീരാത്ത
 അസൂയയായിരുന്നു ഞങ്ങള്‍ക്ക് .

പ്രേമിക്കാന്‍ പഠിക്കാനാണ് കോളേജില്‍ വന്നതെന്ന പോലെയായിരുന്നു
അവന്‍ പെണ്‍കുട്ടികളുടെ ഇടയിലൂടെ   ഒഴുകിയിരുന്നത്‌. അവര്‍ക്കാകട്ടെ ഞങ്ങളെക്കാള്‍ ഇഷ്ടവും വിശ്വാസവും അവനോടായിരുന്നു.

"ചിരിക്കുമ്പോഴും പിണങ്ങുമ്പോഴും  അരവിന്ദന്‍റെ മീശക്കും താടിക്കുമിടയില്‍ മനോഹരമായ ഒരു വെളുത്ത നാണം തിളങ്ങി നില്‍ക്കാറുണ്ട്"
എന്ന് അശാഫിലിപ്പ് പറഞ്ഞപ്പോള്‍ സൂചി തറക്കുന്ന വേദനയായിരുന്നു  നെഞ്ചില്‍.
നോട്ടുകള്‍ എഴുതിക്കൊടുത്തും റെക്കോര്‍ഡ്‌ വരച്ചുക്കൊടുത്തും അങ്ങനെ   അദ്ദേഹം സ്ത്രീസമ്മതനായി സസുഖം വാണു പോന്നു.

ഇങ്ങനെ ഒരു അപൂര്‍വ്വ രസതന്ത്ര സമവാക്യത്തില്‍ ക്ലാസ്സുകള്‍ നീങ്ങവേ, ഉന്മാദത്തിന്‍റെ  കുന്നുകയറ്റം പോലെ  ഞങ്ങളുടെ ബാച്ച്‌ ഊട്ടിയ്ക്ക്‌ സ്റ്റഡി ടൂറിനു പോകാന്‍ തയ്യാറാകുന്നു.
ആൺ-പെൺ അംഗങ്ങളുള്ളതിനാൽ ഇന്ദിര ടീച്ചറും, സത്യവാൻ സാറുമായിരുന്നു കൂട്ടു വന്നത്‌.

സത്യവാൻ സാർ തികഞ്ഞ ഗാന്ധിയൻ,ശുദ്ധൻ,സൌമ്യൻ,ശാന്ത ശീലൻ... വാക്കുകൾ കൊണ്ട്‌ പോലും വിദ്യാർത്ഥികളെ നോവിക്കാത്തയാൾ..!

യാത്ര അതിരസകമായിരുന്നു..!
ഞങ്ങൾ ആൺ സംഘമെല്ലാം പിറകിലത്തെ സീറ്റുകളിൽ അൽപം വലിയും;സ്വൽപം കുടിയും അതിലേറെ ഓളവുമായി കൂടി.അരവിന്ദനടങ്ങുന്ന പെൺ സംഘം മുൻ സീറ്റുകളിൽ കൈ നോട്ടവും,തിരുവാതിരപ്പാട്ടും,, കടല കൈമാറലും,പൊതികളിൽ കയ്യിട്ടു വാരലും ഒക്കെയായി തകർത്തു വാരി..!

അരവിന്ദ
ന്‍റെ കയ്യിലെ വലിയ ബാഗ്‌ ഇടയ്ക്കിടെ തുറന്നടയുന്നതും,ദുർലഭമായ ഭക്ഷണ സാമഗ്രികൾ വളയിട്ട കൈകളിലിരുന്ന്‌ പിറകിലേക്ക്‌ നോക്കി
നിനക്കൊന്നും യോഗമില്ലെഡാ മക്കളേ..' എന്ന മട്ടിൽ ചിരിക്കുന്നതും,
കൊടുക്കലും;കൈമാറലും;കൂടെക്കഴിക്കലും അരങ്ങു തകർക്കുന്നതും കണ്ടു..


ഒളിച്ചിരുന്ന് അധികം വെള്ളം ഒഴിച്ച് അശുദ്ധമാക്കാത്ത വിദേശമദ്യം ആവോളം നുകര്‍ന്ന ക്ഷീണത്തില്‍ എന്‍റെ കൂടെയുള്ള പിന്‍സീറ്റുകാര്‍ ചെറുമയക്കത്തില്‍ വീണുതുടങ്ങി.

ഹെയര്‍പിന്‍ വളവുകള്‍  കയറുമ്പോള്‍ ആ ബസ്സില്‍ ഉറങ്ങാത്തവരായി  നാല് പേര്‍. ഒന്ന് ഡ്രൈവര്‍ ഹംസ, രണ്ടു അരവിന്ദന്‍, മൂന്നു അവന്‍റെ തൊട്ടടുത്ത്‌  ഇരിക്കുന്ന അനന്ദലക്ഷ്മി. പിന്നെ ഈ ഞാന്‍!!


"അരവിന്ദാ എനിക്ക് വല്ലാതെ തണുക്കുന്നു..നോക്കൂ ചുണ്ടൊക്കെ വിറച്ചു തുടങ്ങീ" പതിഞ്ഞ ശബ്ദത്തില്‍ അവനോടു അനന്ദലക്ഷ്മി!!!

പുലിവിന്ദന്‍ എഴുനേറ്റു മുകളില്‍ വച്ചിരുന്ന ബാഗ്ഗില്‍ നിന്നും ഒരു പുതപ്പെടുത്തു, പിന്നെ പിന്നിലോട്ടു  നോക്കി ക്യാമെറ കണ്ണുകള്‍ ഒന്നും ഇല്ല എന്നുറപ്പുവരുത്തി..

 "ഇത് നമ്മള്‍ക്ക് പുതക്കാം" എന്ന് പറഞ്ഞു രണ്ടാളും ഒരു പുതപ്പിന്‍ ചൂടില്‍ കേറി.
കോടമഞ്ഞ്‌ കാഴ്ച്ചമറച്ച  ജനാലക്കടുത്തേക്ക് ചാരിയിരിക്കുന്ന അനന്ദലക്ഷ്മിയുടെ നെഞ്ചില്‍, ഇരുട്ടത്ത്‌ എന്തോ കളഞ്ഞുപോയ പോലെ അരവിന്ദന്‍റെ കുസൃതിക്കൈകള്‍ തപ്പുന്നു!!!

അവളുടെ ചുണ്ടില്‍ ഒരു ഗൂഢസ്മിതം!!!!


വിരസമായ രസതന്ത്ര ക്ലാസ്സുകളില്‍  കണ്ണുകള്‍ക്ക്‌ ദര്‍ശന സുഖമേകിയിരുന്ന ആ പട്ടത്തിപെണ്ണിന്‍റെ നിമ്നോന്നതങ്ങളില്‍, പുലിവിന്ദന്‍റെ പുലിക്കൈകള്‍ വീണ മീട്ടുന്നത് കണ്ട ആ സമയം എന്‍റെ രക്തസമ്മര്‍ദം പരിശോധിച്ചിരുന്നെങ്കില്‍, ആ രക്തസമ്മർദമാപനയന്ത്രം അപ്പോള്‍ തന്നെ
പൊട്ടിത്തെറിച്ചു പോയിരിക്കും.

എന്‍റെ പോലെ അത്ര ബലമുള്ളതായിരുന്നില്ല  ബിജുലാലിന്‍റെയും, അജീഷിന്‍റെയും, രമേശ്‌ കുറുപ്പിന്‍റെയും ഹൃദയം!!
അതുകൊണ്ട് ഉറങ്ങിക്കിടന്ന ആ പാവം കാമുകരെ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനായി  ക്ഷണിക്കാന്‍ എനിക്ക് ധൈര്യമുണ്ടായില്ല.
അസൂയ മൂത്തിട്ട്  ഇരിക്കാന്‍ മേലാതിരുന്ന എന്നെ എപ്പോഴോ കുടിച്ച കള്ള് കീഴ്പ്പെടുത്തി ഉറക്കി.

അതിരാവിലെ ഊട്ടിയിലെത്തി..!
ഹോട്ടല്‍ വൃന്താവനം, എന്ന നീല ബോര്‍ഡ്‌ കാണാം വെളിയില്‍.
എല്ലാവരെയും ബസിൽ തന്നെയിരുത്തി റൂം ശരിയാക്കാൻ പോയ അദ്ധ്യാപക ജോഡികളിൽ ഇന്ദിര ടീച്ചർ മാത്രം തിരികെയെത്തി ഇറങ്ങാൻ വിസിലൂതി..!

കൂടു തുറന്നുവിട്ട കോഴിക്കുഞ്ഞുങ്ങളെപ്പോലെ എല്ലാവരും ചാടിയിറങ്ങി. രാത്രി മുഴുവന്‍ കുടിച്ചും  കഴിച്ചും  ശേഖരിച്ചു വച്ചിരിക്കുന്ന "ശങ്ക" ഒരു ഭാരമായി എല്ലാവര്ക്കും അടിവയറ്റില്‍ മുറവിളി കൂട്ടുന്നുണ്ടായിരുന്നു. കോമൺ ബാത്ത് റൂമുകളെന്ന ശങ്ക നിർവഹണ കേന്ദ്രം ലക്ഷ്യമാക്കി ശങ്കന്മാരും, ശങ്കികളും ചീറിയടുത്തു...!

ഡോർമിറ്ററിയും അതിന്‌ ശേഷം ടോയ്‌ലെറ്റുകളുടെ നിരയുമായി എൽ ഷേപ്പിലായിരുന്നു പാത.
അതിലൂടെ മറ്റു കുതിരകളെ പിന്നിലാക്കി കുതിയ്ക്കുന്ന അശ്വരാജന്‍റെ കരുത്തോടെ,അതിലേറെ ആക്രാന്ദത്തോടെ തള്ളി മാറ്റിയും;വകഞ്ഞ്‌ നീക്കിയും പുലിവിന്ദന്‍ കുതിച്ചോടി മുന്നിലെത്തി..!
മറ്റുള്ളവർ എത്തിയപ്പോഴേയ്ക്കും അശ്വമുഖ്യൻ ആദ്യം കണ്ട വാതിലിൽ പിടുത്തമിട്ടു കഴിഞ്ഞിരുന്നു.

'ഈ പുണ്യ ഭൂവിൽ ഞാനാദ്യം.....' എന്ന മട്ടിൽ മറ്റുള്ളവരെ നോക്കി, അധികം പ്രതിരോധമില്ലാത്ത വാതിൽ പുലിവിന്ദന്‍ മലർക്കെ തുറന്നു....
അതിനുള്ളിൽ ത്രിശങ്കു സ്വർഗത്തിലായ സത്യവാൻ സാറിന്‍റെ നരച്ച മീശ ഉയർന്നു വിറച്ചു...അനാട്ടമിയുടെ പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ പോലും
കാണാത്ത ദഹനേന്ദ്രിയ വ്യവസ്ഥയുടെ നേര്‍ക്കാഴ്ച!!!

കിടക്കപ്പായയിൽ നിധി കണ്ട്‌ പ്രജ്ഞയറ്റവനെപ്പോലെ കണ്ണുകൾ തള്ളിയ അരവിന്ദൻ ഒട്ടും സംശയിക്കാതെ വെച്ചടിച്ചു..
'ഗുഡ്‌ മോർണിങ്ങ്‌ സർ..!'

കുറ്റിയില്ലാത്ത ടോയ്‌ലെറ്റിൽ നിന്നും പിന്നെ ഒരു അലർച്ച മാത്രം..
'അടയ്ക്കെടാ പട്ടീ വാതിൽ...!' ഒപ്പം വേർതിരിച്ചെടുക്കാനാകാത്ത ഭാഷയുടെ പെരുമഴയും....!

ചുറ്റും  ആരാധികമാരുടെ ആർത്തു ചിരി...
കേട്ടതും കണ്ടതും വിശ്വസിക്കാന്‍ കഴിയാത്ത പോലെ പുലിവിന്ദ മുഖം..
തികച്ചും ഗാന്ധിയനായ സത്യവാന്‍ സാറാണോ ചന്ദ്രിക സോപ്പിട്ടു കുളിച്ചാലും നാറുന്ന ഈ തെറി എന്‍റെ ദേഹത്ത് തെറിപ്പിച്ചത്?
ആവേശത്തോടെ ഓടിക്കയറി പുറത്തു കളയാന്‍ തുടങ്ങിയ "ശങ്ക" ബാഷ്പീകരിച്ചു പോയപോലെ,  ഇനി കയറേണ്ട ആവശ്യമില്ലെന്ന ചിന്തയോടെ തിരിഞ്ഞു നടന്നു..

തിരികെയുള്ള യാത്രയിൽ സൂചി വീണാലറിയുന്ന നിശബ്ദത .... ബസിൽ രണ്ട്‌ പുലികളുള്ളത്‌ കൊണ്ടാകാം ...!!!
എന്നാലും പുലിവിന്ദന്‍ പണിമേടിച്ചതില്‍ ഏറ്റവും സന്തോഷിച്ചത്‌ ഞാനായുരുന്നു.

ഊട്ടിയിലെ തണുത്ത രാത്രിയില്‍ എണ്ണമയമുള്ള പൈന്‍ വിറകുകഷണങ്ങള്‍ക്ക് തീപിടിക്കേ, കൊഴിഞ്ഞു വീഴുന്ന നല്ല ദിവസങ്ങള്‍ക്കു ചിയേഴ്‍സ് പറയാനിരുന്ന ഞങ്ങള്‍ സംസാരിച്ചത് അരവിന്ദനെയും  അനന്തലക്ഷ്മിയേയും കുറിച്ചായിരുന്നു.  പാട്ടും കഥകളും നിറഞ്ഞ ഭാവനകള്‍ക്ക് തീപിടിച്ച ആ യാത്ര അവര്‍ക്കുവേണ്ടി.

കാലം മുന്നോട്ടു പോയി..
മാര്‍ച്ച് വന്ന് ഞങ്ങളെ പിരിച്ചു വിട്ടു.


ക്ലാസ്മേറ്റ് എന്ന  സിനിമയുടെ ആവേശത്തില്‍ പഴയ ഡിഗ്രീ ക്ലാസ്സുകാരുടെ ഒരു  കൂട്ടായ്മ സംഘടിപ്പിക്കാന്‍ ശ്രമം നടക്കുന്നു എന്ന് ഒരു സുഹൃത്ത്‌ വിളിച്ചു പറഞ്ഞപ്പോള്‍ കണ്ണുകളില്‍  ഊട്ടിയുടെ കുളിരുകുടഞ്ഞു വന്നതാണീ ഓര്‍മകള്‍!!.