Monday, May 21, 2012

ഈശ്വരന്‍ പണി പാലപ്പത്തില്‍ തന്നു..

രു ഒഴുവുകാലം നാട്ടില്‍ ആഘോഷിച്ചതിന്‍റെ ആലസ്യത്തിലാണ് മനസ്സിപ്പോഴും. ഒരു ചെറുമടിയോടെ നാട്ടില്‍നിന്നും തിരിച്ചെത്തുമ്പോള്‍ കടല്‍ക്കരയില്‍ തല ഉയര്‍ത്തി നിന്നിരുന്ന അല്‍-റിയ അപ്പാര്‍ട്ട്മെന്റ്റിലെ ഫ്ലാറ്റിനും മാറ്റം വന്നിരിന്നു എന്ന് തോന്നി. തലേന്നുവരെ അച്ചടക്കമില്ലാതെ ബഹളംവച്ച് കിലുക്കാംപെട്ടിയായി ഓടി നടന്നിരുന്ന പെണ്‍കുട്ടി മഴയുള്ള ഒരു രാത്രി ഋതുമതിയായപ്പോള്‍ പെട്ടെന്ന് വന്ന മാറ്റം പോലെ...! ഫ്ലാറ്റിനുള്ളില്‍ ആവിശ്യതിലധികം അടക്കവും ഒതുക്കവും സൈലന്‍സും!
എന്നെ വലിച്ചു മുറുക്കി കെട്ടിയിരുന്ന ചില കയറുകള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അഴിഞ്ഞു കിടക്കുകയായിരുന്നു, വീണ്ടും അത് ചുറ്റി വരിയുന്ന പോലെ.
 ഫ്ലാറ്റിലിരുന്നപ്പോള്‍ ഒരുതരം വീര്‍പ്പുമുട്ടല്‍. പുറത്തേക്കിറങ്ങി, താഴെ ഈ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് നടുവിലൂടെ വീണുപോയ വെള്ളിയരഞ്ഞാണം പോലെ ഒരു മെലിഞ്ഞ നീര്‍ച്ചാല്‍ ഒഴുകുന്നുണ്ട്. എവിടെയോ ഒളിപ്പിച്ചു വച്ച ഒരു ടാങ്കില്‍ നിന്ന് രാവിലെ എട്ടുമുതല്‍ പത്തു മണിവരെയും വൈകിട്ട് അഞ്ചു മണിമുതല്‍ ഒമ്പത് വരെയും ഒരു നീര്‍ച്ചാല്‍ നടക്കാനിറങ്ങുന്നപോലെ! ബാക്കി സമയം ഒളിച്ചിരിക്കും!!
അതിന്‍റെ ഇരുവശങ്ങളിലും പൂന്തോട്ടമാണ്. കുറച്ചുനേരം അവിടെ ഇരിക്കാന്‍ തോന്നി. ഇസ്മയില്‍ എന്ന ബംഗാളി തോട്ടക്കാരനെ പേടിച്ചു ജീവിക്കുന്ന ചെടികളാണ് തോട്ടത്തിലേത്. ആ നീര്‍ച്ചാലിനോട് ചേര്‍ന്ന് വരിവരിയായി പല വര്‍ണ്ണങ്ങളില്‍ പേരറിയാപ്പൂവുകള്‍,
ഇലകള്‍ ഒതിക്കിപ്പിടിച്ചു കോണ്‍വെന്റു സ്കൂളിലെ കുട്ടികളെപ്പോലെ നല്ല അച്ചടക്കത്തോടെയാണ് അവയുടെ നില്‍പ്പ്!!


മഴപെയ്തു തോര്‍ന്ന പ്രഭാതം. ചക്രവാളത്തിൽ നീലമേഘങ്ങളെ വകഞ്ഞു നീക്കി ചുവന്ന കണ്ണുകളോടെ സൂര്യൻ എത്തി നോക്കി നില്‍ക്കുന്നു. അനു എഴുനേറ്റിട്ടില്ല, രാത്രിമഴയേകിയ സുഖത്തിൽ തലയിണയെ മുറുകെ പുണർന്ന് കിടക്കുകയാണ് മടി പിടിച്ച്. ചൂട് ചായയോടൊപ്പം ഏഷ്യാനെറ്റ്‌ ന്യൂസിലെ ചൂടന്‍ വാര്‍ത്തകളും അകത്താക്കി പെട്ടെന്ന് ഓഫീസില്‍ പോകാന്‍ റെഡിയായി.

രാവിലെ വീണ്ടും പതിവ് ജോലിതിരക്കിലേക്ക്. അവിടെ മാത്രം മാറ്റങ്ങള്‍ ഒന്നുമില്ല. നാട്ടുവിശേഷങ്ങള്‍ കുറച്ചു സമയം അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ച് ജോലി തുടങ്ങി.
വൈകുന്നേരം, നഗരത്തിന്‍റെ കറുത്ത ഞരമ്പുകളില്‍ രക്തയോട്ടം നിലയ്ക്കുന്ന സമയമാണ്. എല്ലായിടവും കൊടും ബ്ലോക്ക്‌. അലറിവിളിക്കുന്ന നഗരത്തിരക്കുകള്‍ക്കിടയിലൂടെ കാറോടിച്ച് പാമ്പും കോണിയും കളിച്ച് വീട്ടിലെത്തി. ഷൂവില്‍ നിന്നും പുറത്തു കടന്ന ആശ്വാസത്തില്‍ വെള്ള സോക്ക്സുകള്‍ ഇട്ട കാലുകള്‍ സോഫയിലേയ്ക്കു വലിച്ചെറിഞ്ഞ്, ടേബിളില്‍ ഇരുന്ന ഒരു കഷണം ചോക്ലേറ്റ് പൊട്ടിച്ചു വായിലിട്ട്, ധ്യാനത്തിന്‍റെ മൌനത്തിലേക്ക്‌ മെല്ലെ ഞാന്‍ നനഞ്ഞിഴയാന്‍ തുടങ്ങുകയായിരുന്നു.

ഈ ചോക്ലേറ്റ് അലിഞ്ഞു തീരും വരെ ഒരു ശബ്ദവും കേള്‍ക്കാതെ.... നിശബ്ദമായിരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് മനസ്സ് ആഗ്രഹിക്കേ, അനു മധുരമുള്ള കപ്പില്‍ ചായയുമായെത്തി.

എന്‍റെ നേരെ സ്നേഹ വിരലുകള്‍ നീട്ടി അവള്‍ ചോദിച്ചു : എന്‍റെ ഒരു വിരലില്‍ തൊടൂ, പ്ലീസ്.

അവളുടെ വിരലിലേക്ക് നോക്കിയപ്പോള്‍ കണ്ണില്‍പ്പെട്ടത് എന്‍റെ പേരെഴുതിയ വിവാഹമോതിരമാണ്. മോതിരത്തിന്‍റെ മുഖത്ത് ഇംഗ്ലീഷ് ഇറ്റാലിക്സ് അക്ഷരങ്ങളില്‍ എന്‍റെ പേര് ഇത്ര വലുപ്പത്തില്‍ എഴുതി വയ്ക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. ചില സത്യങ്ങള്‍ അലറി വിളിച്ചു പറയുന്നതിലും നല്ലത് അടക്കിപ്പറയുമ്പോള്‍ അല്ലേ?

കൈ നീട്ടി നില്‍ക്കുന്ന പ്രിയതമയോട് കാര്യമെന്തെന്ന് ചോദിക്കാന്‍ മെനക്കെടാതെ ഞാന്‍ ഇളം ചുവപ്പ് നിറമുള്ള നെയില്‍ പോളിഷിട്ട നടുവിരലില്‍ തൊട്ടു.

നിരാശയോടെ അവള്‍ ‍ചോദിച്ചു " ഞാന്‍ പ്രതീക്ഷിക്കുന്ന പോലെ ഒന്നും ചെയ്യില്ല എന്ന വാശിയാ അല്ലെ?"

"രണ്ടാമത്തെവിരലില്‍ തൊടുമെന്നായിരുന്നു ഞാന്‍ കരുതിയെ" ..കുപ്പിവളകള്‍ ‍പൊട്ടി തകരുന്ന പോലെ ആയിരുന്നു അവളുടെ ശബ്ദം.
പരിഭവം നിറച്ച മുഖത്തിലേക്ക് അവള്‍ മാറുന്ന കണ്ട്     " ഡോണ്‍ ബി സോ സില്ലി" എന്ന് പറഞ്ഞു ഞാന്‍ എഴുനേറ്റു നടക്കുന്നതും നോക്കി അവള്‍ വിസിറ്റിംഗ് റൂമില്‍ തണുത്ത ചായയ്ക്ക് കാവലിരുന്നു!!


വേഷം മാറി ഒന്ന് കുളിച്ചു ഫ്രഷ്‌ ആകാന്‍ തുടങ്ങുമ്പോഴും ഒരു ചോദ്യം മനസ്സില്‍ അലയടിച്ചു വരുന്നുണ്ടായിരുന്നു. ഇതിനു മുന്‍പും അവളിങ്ങനെ കൈവിരലുകള്‍ നീട്ടി ഒന്നില്‍ തൊടാന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്, അപ്പോഴൊക്കെ ചൂണ്ടു വിരലില്‍ പിടിച്ചു ഞാന്‍ അവളെ സന്തോഷിപ്പിച്ചു. എന്തുകൊണ്ടിത്‌ ഞാനിന്നോര്‍ത്തില്ല?

ആണുങ്ങള്‍ക്ക് മറവി കൂടുതലായി വരുന്നുണ്ടോ? പ്രധാന തീയതി പോലും വേസ്റ്റു ബോക്സുകളില്‍ വീഴുന്ന തുണ്ടുകടലാസ്സുകള്‍ പോലെ നഷടപ്പെട്ടു പോകുന്നുണ്ടോ? ഓര്‍മ്മപ്പെടുത്താനുള്ള ശ്രമങ്ങളെപ്പോലും പരിഹസിച്ച് നമ്മള്‍ എങ്ങോട്ടാണ് ഇത്ര വേഗത്തില്‍ പാഞ്ഞു പോകുന്നത്? പ്രതീക്ഷക്കൊപ്പം നില്‍ക്കുന്നവരെയാണോ പെണ്‍കു‍ട്ടികള്‍ക്കിഷ്ടം? അതോ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേയ്ക്ക് കൂട്ടികൊണ്ട് പോകുന്നവരെയോ?

ഇങ്ങനെ ഒരു ആത്മചിന്തനം കുളിമുറിയില്‍ വച്ചുണ്ടായീ!!

അതുകൊണ്ട് ആ സായാഹ്ന്നത്തിന്‍റെ മൂഡ്‌ വെറുതെ കളയണ്ട എന്ന് കരുതി ഞാന്‍ അനൂനോട് "നമുക്കൊന്ന് പുറത്തു പോയാലോ?" എന്ന് ചോദിച്ചു. കാഴ്ചകള്‍ കാണാന്‍ അവള്‍ക്കു കൌതുകമാണെന്നറിയാമായിരുന്നു.
"ഗുഡ് ഐഡിയ, ബട്ട്‌ എങ്ങോട്ട്? "

കുറേ  ദൂരം പോയി ഒരു ഐസ് ക്രീം കഴിക്കണം! എ ചേഞ്ച്‌!!

നിഗൂഡമായ സ്വകാര്യതകളിലൂടെ കാറോടിച്ച് ഒരു ലോങ്ങ്‌ നൈറ്റ്‌ ഡ്രൈവ്.

പ്രകാശം വെള്ളി പൊഴിക്കുന്ന നക്ഷത്ര വിളക്കുകളെ സാക്ഷിയാക്കി അവള്‍ രണ്ടു ‍ ചോക്ലേറ്റ് ഐസ് ക്രീം കപ്പ്‌ കാലിയാക്കി.

ഇത്തരം കുഞ്ഞു മോഹങ്ങളുടെ അക്കരെയും ഇക്കരെയും കടവുതോണി കിട്ടാതെ നില്‍ക്കുന്ന യാത്രക്കാരാകാറുണ്ടോ ഞങ്ങള്‍ എന്നെനിക്കു ഒരു നിമിഷം തോന്നി.

മടക്കയാത്രയില്‍ അവള്‍ വളരെ സന്തോഷവതിയായിരുന്നു. തണുത്ത കമ്പളം പുതച്ചു ഉറങ്ങാന്‍ കിടക്കുന്ന മരുഭൂമി, അതിനു നടുവിലൂടെ കുതിരയുടെ ഉന്മാദത്തോടെ കുതിച്ചുപായുകയാണ് കാര്‍.
ഫ്ലാറ്റിലെത്താറാകുമ്പോഴേക്കും മഴ പെയ്യാന്‍ തുടങ്ങി.

രാത്രിയുടെ നാലാംയാമം. ഏതോ വിദേശ പുഷ്പത്തിന്‍റെ സുഗന്ധവുമായി ഒരിളംകാറ്റ് ജനലഴികള്‍ക്കിടയിലൂടെ എന്‍റെ കിടപ്പുമുറിയിലെത്തി. ആകാശത്തിന്‍റെ തണുപ്പുമായി മഴനൂലുകള്‍ ഭൂമിയിലേയ്ക്ക് വീണുകൊണ്ടിരുന്നു. ഡബിള്‍ കോട്ടിനു അടുത്തുള്ള
വെളുത്ത സ്റ്റാന്‍ഡില്‍ ഞങ്ങളുടെ കല്യാണ ഫോട്ടോ. അതിന്‍റെ വശത്തായി നീല വെളിച്ചം തൂകി നില്‍ക്കുന്ന ബെഡ് ലാംബ്. ആ നിലാ വെട്ടത്തില്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ കിടക്കുന്ന കട്ടിലിന്‍റെ അരികില്‍ ഒരാള് നില്‍ക്കുന്നു!!!
"അയ്യോ..ആരാഡാ!! ബെഡ്റൂമില്‍ കേറിയത്‌ ആരാഡാ))))))"?? എന്നലറാന്‍ തോന്നിയിട്ടും വാക്കുകള്‍ പുറത്തു വരുന്നില്ല.

‍ "മനൂ"..ഭയപ്പെടേണ്ട, ഞാന്‍ നീ വിളിക്കുന്ന സ്വാമിയാണ്. നിന്‍റെ ഈശ്വരന്‍"!!!!!!!!!!

തളിരിലകളില്‍ മഞ്ഞു പെയ്യുംപോലെ മൃദുലമായിരുന്നു ആ ശബ്ദം.

ഞാന്‍ ചാടി എഴുനേറ്റു.

കാഴ്ചയില്‍ ആറര അടി ഉയരം, നീട്ടി വളര്‍ത്തിയ മുടിയിഴകള്‍ മുറിയിലെ വെളിച്ചത്തില്‍ സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങുന്നു. നിലാവില്‍ അലക്കിയെടുത്ത വസ്ത്രങ്ങള്‍ക്ക് പാലിനേക്കാള്‍ വെണ്മ! നക്ഷത്രങ്ങള്‍ ‍കൊണ്ട് കോര്‍ത്ത പോലെ ഒരു വജ്രമാല കഴുത്തില്‍ തിളങ്ങുന്നുണ്ട്. മുഖത്തിന്‌ വെണ്ണയുടെ നിറം, ഉടലിനു ഗോതമ്പിന്റെയും!! ഇത്രയും വശ്യസൌന്ദര്യമുള്ള ഒരു പുരുഷരൂപം ഞാന്‍ ആദ്യമായാണ്‌ കാണുന്നത്.

എന്‍റെ വെപ്രാളം കണ്ട് സ്വാമി ചിരിച്ചു, ഇളം ചോപ്പുള്ള ചുണ്ടില്‍ അപ്പോള്‍ വിരിഞ്ഞത് ഒരു അരിമുല്ലപ്പൂവ്!!

ശാന്തമായ സ്വരത്തില്‍ ഭഗവാന്‍ ചോദിച്ചു, " മനൂ, നിനക്ക് ഒരു ജന്മം കൂടി വേണോ? എങ്കില്‍ നിനക്ക് ആരെയൊക്കെ കൂടെ വേണം?!!!???

എനിക്ക് പെട്ടെന്ന് ഉത്തരം കിട്ടിയില്ല. അത് പണ്ടേ അങ്ങനെയാണ്. പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ ഞാന്‍ പെട്ടെന്ന് കുട്ടിയാകും!

ഒരു വശത്ത് "ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നിന്നെ മാത്രമേ വിവാഹം കഴിക്കൂ" എന്ന് ഉറപ്പു കൊടുത്തു നില്‍ക്കുന്ന കാമുകി, പാലപ്പത്തിന്റെ നിറമുള്ളവള്‍, മറുവശത്ത്. ഒന്നുമറിയാത്ത പാവത്തെ പോലെ കിടന്നുറങ്ങുന്ന അനു!
ആകെ കണ്‍ഫ്യുഷന്‍!!

ഇന്ന് എന്തായാലും തീരുമാനതിലെത്താന്‍ പറ്റില്ല, "നാളെ വരാമോ സ്വാമീ" എന്ന് ദയനീയമായി ചോദിച്ചു.
"ശരി, നാളെ രാത്രി ഇതേ സമയം വീണ്ടും ഞാന്‍ വരും. അപ്പോള്‍ ഉത്തരം പറയണം" ..മറുപടിക്ക് കാത്തു നില്‍ക്കാതെ സായം കാലത്തെ വെയില്‍ മായും പോലെ ഈശ്വരന്‍ മറഞ്ഞു!!

അയ്യോ, കഷ്ടമായീ, ഈശ്വരന്‍ അടുത്ത് വന്നിട്ടും ഒന്നും ചോദിക്കാന്‍ പറ്റിയില്ല. എങ്ങനെയാണ് അകത്തു വന്നത്? അടുത്ത് വേറെ വല്ല ഫ്ലാറ്റിലും പോയോ? ഇങ്ങനെ കണ്ണുകള്‍ കൊണ്ട് ചിരിക്കാന്‍ ആരാണ് പഠിപ്പിച്ചത്? അങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍..ഒന്നും ചോദിയ്ക്കാന്‍ പറ്റിയില്ല..മണ്ടന്‍ മരമണ്ടന്‍.

ഒന്നുമറിയാതെ തിരിഞ്ഞു കിടന്നുറങ്ങുന്ന അനൂനെ വിളിച്ചുണര്‍ത്തി. "അനൂ..അനൂ..എഴുനേല്‍ക്കൂ...... നമ്മുടെ ബെഡ്റൂമില്‍ ദൈവം വന്നെടോ, ഇപ്പോള്‍ പോയതെ ഉള്ളൂ"

അനൂനു ആദ്യം പിടികിട്ടിയില്ല, പിടികിട്ടിയപ്പോള്‍ അവള്‍ ഒരു വടിയെടുത്തു. " രാത്രി കിടക്കുന്നതിനു മുന്‍പ് എത്ര പെഗ്ഗാ കമഴ്ത്തിയത്‌, കിടന്നുറങ്ങെന്‍റെ മനൂ..പാതിരാത്രിയില്‍ വട്ടു പറയാതെ.."""

നിറയെ പൂക്കളുള്ള ഒരു ഇലഞ്ഞിമരം പിടിച്ചു കുലുക്കും പോലെ അനുവിന്‍റെ ചുമലുകളില്‍ പിടിച്ചു കുലുക്കി ഉണര്‍ത്താന്‍ ഞാന്‍ നോക്കിയിട്ടും ഉറക്കത്തിന്‍റെ മേലാട ഊരിക്കളയാന്‍ അവള്‍ തയാറായില്ല. എന്‍റെ ഇടത്തേ കവിളില്‍ ഒരു കുഞ്ഞി ഉമ്മ തന്നു ആശ്വസിപ്പിച്ച് അവള്‍ മയക്കത്തിന്‍റെ പുതപ്പിനടിയിലേക്കു നൂഴ്ന്നു കയറി.

ഇവളോട്‌ പറഞ്ഞിട്ട് കാര്യമില്ല. ആര്‍ക്കിടെക്ച്ചറും, നെയില്‍ പോളിഷും, ചിക്കന്‍ ചാപ്സും മാത്രമേ ഇവള്‍ക്ക് മനസ്സിലാകൂ.
നാളെ വീണ്ടും ദൈവം വരുമോ? വന്നാല്‍ എന്ത് ഉത്തരം പറയും? ആരൊക്കെ വേണം എന്റെകൂടെ അടുത്ത ജന്മം? ഇപ്പോഴത്തെ അച്ഛന്‍ അമ്മ, ഏക പെങ്ങള്‍ മിനി ഒക്കെ ഇത് പോലെ തന്നെ അടുത്ത ജന്മവും കൂടെപ്പോന്നോട്ടെ.
പക്ഷെ... പാലപ്പത്തിന്‍റെ നിറമുള്ള അവള്‍??ചുവപ്പ് ലിപ്സ്റ്റിക്ക് ഇട്ടുകൊണ്ട്‌ ആദ്യമായി എന്‍റെ മുഖത്ത് ചിത്രമെഴുതിയവള്‍?? ഈ ജീവിതത്തില്‍ ഞാന്‍  കൈവിട്ട ആദ്യത്തെ പ്രണയിനി, അടുത്ത ജന്മവും അവളെ ഉപേക്ഷിക്കേണ്ടി വരുമോ? ആലോചിക്കാന്‍ വയ്യ. എത്ര കരഞ്ഞിട്ടാണ് അവള്‍ മറ്റൊരു കല്യാണത്തിലൂടെ അകന്നു പോയത്?

അയ്യോ അപ്പോള്‍ അവളെ വേണമെന്ന് കരുതിയാല്‍ അനുവോ? എന്‍റെ അരുകില്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ഈ പാവം പെണ്‍കുട്ടി, എന്നെ വിശ്വസിച്ചു കൈപിടിച്ച് ജീവിതത്തിലേക്ക് വന്നവള്‍,  അപ്പോള്‍ എന്ത് ചെയ്യും?അവളെ ഉപേക്ഷിക്കുന്നതെങ്ങനെ? ഹോ......വയ്യ..തീരുമാനത്തിലെത്താന്‍ വയ്യ.

എന്തായാലും നാളെ ഒരു ദിവസം ഉണ്ട്..വേറെ ആരോടും അഭിപ്രായം ചോദിയ്ക്കാന്‍ പോകണ്ട. വട്ടാണെന്ന് പറയും.പണി പാളും. അതുകൊണ്ട് നാളെ അനൂനോട് തന്നെ ചോദിക്കാം. അവള്‍ തന്നെ പറയട്ടെ എന്ന് കരുതി.

പിറ്റേന്ന് രാത്രി, അത്താഴ മേശയില്‍ ചപ്പാത്തിയെ ദാല്‍ കറി കൊണ്ട് സ്നാനം ചെയ്യിക്കുമ്പോള്‍ ഞാന്‍ തുടക്കമിട്ടു: അനൂ ഇന്ന് രാത്രി എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഭക്ഷണശേഷം പ്രാര്‍ഥിച്ചു അവള്‍ കിടക്കാന്‍ നേരം വെള്ളയില്‍ ചുവപ്പ് പുള്ളികള്‍ ഉള്ള രണ്ടു തലയിണകളെ സാക്ഷി നിറുത്തി ഞാന്‍ ദൈവം പറഞ്ഞ കാര്യം അവളോട്‌ ചോദിച്ചു:

"ഞാന്‍ അടുത്ത ജന്മമുണ്ടെങ്കില്‍ ആരെ വിവാഹം കഴിക്കണം? നിന്നെയോ, അതോ "പാലപ്പത്തിനെയോ"??


ആ രാത്രിയുടെ നാലാം യാമം.

വാക്ക് തെറ്റിക്കാതെ ഭൂമിയിലേക്ക്‌ ഇറങ്ങി ഭഗവാന്‍ കൃത്യ സമയത്ത് തന്നെ എന്റെ ഫ്ലാറ്റിനു വെളിയില്‍ വന്നു. അകത്തു നിന്നും ഉച്ചത്തിലുള്ള ശബ്ദം കേട്ട് സ്വാമി ഒന്ന് കാതോര്‍ത്തു.

ചില്ല് ഗ്ലാസ് പൊട്ടിത്തകരും പോലെ അനൂന്റെ ശബ്ദം :" നിങ്ങള്‍ ഏതു പാലപ്പത്തിനെ വേണമെങ്കിലും കല്യാണം കഴിച്ചോളൂ, പക്ഷെ അതിനു ഈ കല്ല്‌ വച്ച നുണ പറയരുത്", കള്ളു  കുടിച്ചപ്പോള്‍ പഴയ കാമുകി ഉള്ളില്‍ ഇരുന്നു വിളിക്കുന്നുവെങ്കില്‍ അത് പറഞ്ഞാല്‍ പോരെ?, ഈശ്വരന്‍ പറഞ്ഞു പോലും!!, ആ ഈശ്വരനെ എന്റെ അടുത്ത് കൊണ്ട് വരൂ, ഞാന്‍ മറുപടി കൊടുക്കാം, ഞാന്‍ വീട്ടിലോട്ടു വിളിച്ചു ചോദിക്കട്ടെ, ഈ പാലപ്പത്തിനെ അവിടെ എത്ര പേര്‍ക്ക് അറിയാമെന്നു  അറിയണമെനിക്ക്..നാളെ നേരം ഒന്ന് വെളുത്തോട്ടെ...  
നിങ്ങള്‍ ഭൂലോക കള്ളനാണ്, ഞാനെങ്ങനെ വിശ്വസിക്കും നിങ്ങളെ? എന്‍റെ ഈശ്വരാ..........


വെളിയില്‍ നിന്നും എല്ലാം കേട്ട ശേഷം സാഹചര്യം അത്ര പന്തി അല്ല എന്ന് മനസ്സിലാക്കി ആ എട്ടാം നിലയില്‍ നിന്നും ഡയറക്റ്റ് പുഷ്പക വിമാനത്തിലേക്ക് ചാടി ഈശ്വരന്‍ സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി പോയീ..

ദുഷ്ടന്‍!! എന്നെ  ഈ പ്രതിസന്ധിയിലാക്കി  കടന്നു അല്ലെ?  

Wednesday, March 21, 2012

ഇഷ്ടങ്ങളുടെ കുരുവിക്കൂടുകള്‍.....

ന്ന് ഞാന്‍ ഒന്നാം വര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ഥിയായി ചരിത്രമുറങ്ങുന്ന തലസ്ഥാന നഗരിയിലെ പ്രമുഖ കലാലയത്തില്‍ അര്‍മാദിച്ചു നടക്കുന്ന കാലം.പത്താം ക്ലാസ്സിലെ നാണംകുണുങ്ങിയും ആത്മവിശ്വാസക്കുറവുമുള്ള ആ മെലിഞ്ഞ പയ്യനില്‍ നിന്നും രണ്ടു വര്‍ഷത്തെ പ്രീ-ഡിഗ്രീ വിദ്യാഭ്യാസം എന്നെ ബഹുദൂരം മുന്നില്‍ എത്തിച്ചിരുന്നു. മൂന്നു പെണ്‍കുട്ടികള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനു മുന്നിലൂടെ പോലും നടക്കാന്‍, കാരണമറിയാത്ത ഏതോ അപകര്‍ഷതാബോധം പിന്നിലോട്ടു വലിച്ചിരുന്ന എന്നെ, വെറും രണ്ടു വര്‍ഷത്തെ കലാലയ അനുഭവം മറ്റൊരാളാക്കി മാറ്റി. നക്ഷത്രനയനങ്ങള്‍ കൂട്ടംകൂടി തിളങ്ങി നില്‍ക്കുന്ന വഴിയിലൂടെ തല ഉയര്‍ത്തിപ്പിടിച്ചു സഞ്ചരിക്കാന്‍ ഈയുള്ളവനെ പ്രാപ്തനാക്കിയ അന്നത്തെ സൌഹൃദ കൂട്ടായ്മയിലെ ഗുരുക്കന്മാരെ ഇപ്പോള്‍ നന്ദിയോടെ സ്മരിക്കുന്നു!! നിലാവ് കരയിട്ട നൊസ്റ്റാള്‍ജിയ പോലെ ആ കാലം എനിക്ക് കോളേജിന്‍റെ നാളുകളിലെ നിറമുള്ള ഓര്‍മകളാണ്.

"പ്രണയിക്കാന്‍ പറ്റിയത് മഴക്കാലത്താണ്", കര്‍ക്കിടകത്തില്‍ നിന്ന് ഓണക്കാലത്തേക്ക് നീണ്ട ഒരു കുഞ്ഞുമഴ കോളേജിന്‍റെ കൊലുസ്സുകെട്ടിയ പാദങ്ങള്‍ നനച്ച് കുസൃതിയായി പെയ്ത ഒരു ഉച്ചനേരം,കാന്റീനില്‍ ഇരുന്ന് സുഭാഷ്‌ പറഞ്ഞു.

"പാഴായ പ്രണയം ചീഞ്ഞ മുല്ലപ്പൂ പോലെയാണ്, തലയില്‍ ചൂടാനും പറ്റില്ല സുഗന്ധം മനസ്സില്‍ ബാക്കി നില്‍ക്കുന്നതുകൊണ്ട് ചവിറ്റുകുട്ടയിലെക്കെറിയാനും കഴിയില്ല" . അന്നൊക്കെ പ്രണയത്തെക്കുറിച്ച് അവന്‍ പറയുമ്പോള്‍ കണ്ണടച്ച് വിശ്വസിക്കാന്‍ തോന്നും. തികഞ്ഞ പരിചയ സമ്പന്നതയോടെ, നിറഞ്ഞ ആധ്യാത്മികഭാവത്തോടെയാണ് ഓരോ വാക്കുകളും.


"ഒരാള്‍ക്ക്‌ ഒരേ സമയം എത്ര പേരെ പ്രേമിക്കാനാകും?" എന്ന എന്‍റെ ചോദ്യത്തിന് സുഭാഷ്‌ ഉത്തരം പറയാതെ ഒരു മറു ചോദ്യം നീട്ടി "എത്ര മുറികളുണ്ട് നിന്‍റെ വീടിന്‌"?

ഞാന്‍ രണ്ടു മുറി കൂട്ടിപ്പറഞ്ഞു: "എട്ട്",

"വീട് നിന്‍റെ ഹൃദയമാണെന്നു കരുതുക", അതിലെ എല്ലാമുറികളും പ്രണയിനികളായ കുരുവികള്‍ക്ക് കുടിയേറാനുള്ള കൂടുകളാണ്. ഒരാള്‍ക്കോ അല്ലെങ്കില്‍ ഒരുപിടി കുരുവികള്‍ക്കോ"..മലയാളം പ്രോഫെസ്സര്‍ ശാകുന്തളം വിവരിക്കുന്ന പോലെ അവന്‍ വാചാലനായി.

"എത്ര പേര് നിന്‍റെ വീട്ടില്‍ കൂട് കൂട്ടിയിട്ടുണ്ട്"? ഞാന്‍ ചോദിച്ചു.

കള്ളച്ചിരിയോടെ പുറത്തുപെയ്യുന്ന മഴയിലേയ്ക്ക് കൈനീട്ടി നനയിച്ചുകൊണ്ട് അവന്‍ പറഞ്ഞു : കൂടുകളെല്ലാം ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നു, വരാനിരിക്കുന്ന ദേശാടനക്കിളികളെ കാത്തിരിക്കുകയാണ് ഞാന്‍"

ഇത്രയും പ്രണയാര്‍ദ്രമായ മനസ്സും ശരീരവുമുള്ള മറ്റൊരാളെയും ഞാന്‍ മുന്‍പ് കണ്ടിട്ടില്ല, അത്രയ്ക്കും തേനില്‍ മുക്കിയ നീലക്കരിമ്പായിരുന്നു സുഭാഷിന്‍റെ മനസ്സ്!!

"കൂട്ടുകാരിയുടെ ഓട്ടോഗ്രാഫില്‍ എഴുതാന്‍ പ്രണയത്തിന്‍റെ സുഗന്ധം ഉള്ള രണ്ടു വരി വേണം, നീ പറയു" എന്ന് എന്നോടൊരിക്കല്‍ അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. കാരണം പ്രണയിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാം തോറ്റു പിന്‍വാങ്ങിയ ആളായിരുന്നു ഞാന്‍. ഹൃദയത്തിന്‍റെ ക്ഷണക്കത്തും നീട്ടി ഞാന്‍ കാത്തിരുന്നത് കാണാതെ എത്രയോ മുഖങ്ങള്‍ മുന്നിലൂടെ നടന്നുപോയീ, കരിയിലകള്‍ കൊണ്ട് പുഷ്പവൃഷ്ടി നടത്തി കലാലയ മുത്തശ്ശി എന്നെ പരിഹസിച്ചു!

പ്രണയമെഴുതിയ കടലാസ്സുമെടുത്തു ഒരു മൂളിപ്പാട്ടും പാടി സുഭാഷ് നടന്നകലുമ്പോള്‍ ഒരു കാര്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു, ഇവിടെനിന്നും പടിയിറങ്ങും മുന്‍പ് ഒരു കുരുവി എങ്കിലും എന്‍റെ മനസ്സില്‍ കൂടുകൂട്ടിയിരിക്കും, ഒരു മൈന!! അവള്‍ ആരായിരിക്കും? ഇപ്പോള്‍ എവിടെ ആയിരിക്കും??

പെണ്‍കുട്ടികളെ കാണുമ്പോള്‍ മനസ്സിലെവിടെയോ പാലപൂക്കുന്ന പ്രായം. പറന്നു പോകുന്ന കാക്കയെ പോലും ക്യുട്ടിക്കൂറ പൌഡര്‍ ഇട്ടു പ്രണയിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കൌമാരത്തിന്‍റെ തെന്നിത്തെറിക്കുന്ന മനസ്സ്. ഗെസ്റ്റ് ലെക്ച്ചറര്‍ ആയി ഷേക്ക്‌സ്പിയറിനേയും ഷെല്ലിയെയും പരിചയപ്പെടുത്താന്‍ വന്ന ആന്‍മേരി ടീച്ചര്‍, അവരുടെ നഖങ്ങളില്‍ ചുവന്ന നെയില്‍പോളിഷിന്‍റെ ആഘോഷം, മുന്നേറ്റത്തിന്‍റെ ആര്‍ഭാടം കാണിക്കുന്ന ബ്ലൌസ്, ഉടലഴകുകള്‍ എടുത്തു കാണിക്കുന്ന ഷിഫോണ്‍ സാരി, സെന്റുകുപ്പി പൊട്ടിത്തൂവിയ സുഗന്ധം ക്ലാസ്സ്മുറിയിലെങ്ങും, അവാര്‍ഡു സിനിമയ്ക്കു ആളിരിക്കും പോലെയുള്ള ഇംഗ്ലീഷ് സാഹിത്യ ക്ലാസ്സില്‍ പ്രണയാതുരരായ ഈച്ചകളെ ആകര്‍ഷിച്ചു കയറ്റുന്ന മിഠായി കടലാസ്സായിരുന്നു ആന്‍മേരി ടീച്ചര്‍!!
ചുവപ്പും പച്ചയും മഞ്ഞയും വര്‍ണ്ണങ്ങളില്‍ അഴകിന്‍റെ മഴവില്ല് വിരിയിച്ചുകൊണ്ട്‌ ചുരിദാറിലും, സാരിയിലും, ദാവണിയിലും, പട്ടുപാവാടയിലുമെല്ലാം പെണ്‍കിടാങ്ങള്‍ എന്‍റെയും സുഭാഷിന്റെയും രക്തം ആവിയാക്കി, രാത്രികള്‍ നിദ്രാവിഹീനമാക്കി. കൌമാരങ്ങളെ പ്രലോഭിപ്പിച്ച മായാസുന്ദരികളെ ഓര്‍ത്ത് വിഹ്വലമായ അമ്ലമഴകള്‍ വീഴുന്നത് സ്വപ്നം കണ്ട്, പ്രണയച്ചൂളയില്‍ തിരിഞ്ഞും മറിഞ്ഞും അര്‍ദ്ധമയക്കത്തില്‍ കിടക്കുമ്പോള്‍, അമ്മ നെറ്റിയില്‍ തൊട്ട്‌ നോക്കി "പനിച്ചൂടാണെന്നു തോന്നുന്നു" എന്ന് പറഞ്ഞു ഫാനിന്‍റെ സ്പീഡുകൂട്ടിയിട്ട് പോകും. നമ്പീശന്‍റെ ആയുര്‍വേദ വൈദ്യശാലയിലെ ഒരു മരുന്നിനും എന്‍റെ ഈ രോഗത്തെ ശമിപ്പിക്കാന്‍ കഴിയില്ല അമ്മേ എന്ന് ഒരു ആത്മഗതം ഉയരും അപ്പോള്‍.


ഒരു സായാഹ്ന്നത്തില്‍ അലസമായി പെയ്യുന്ന മഴയോട് കൂട്ടുകൂടി വരാന്തയില്‍ ഇരിക്കുമ്പോള്‍ അമ്മ വന്നു പറഞ്ഞു. "കിളിമാനൂരിലെ കല്യാണമാണ് ഞായറാഴ്ച, നീ പോണം.  ക്ലാസ് കഴിഞ്ഞു വെള്ളിയാഴ്ച തന്നെ പൊയ്കോളൂ".

ഭാസുര തങ്കച്ചി, അമ്മയുടെ ഇളയ അനുജത്തി, അവരുടെ മകളുടെയാണ് കല്യാണം. ബന്ധുജനങ്ങള്‍ എല്ലാവരും കൂടും. കോളേജും, വൈകുന്നേരത്തെ അമ്പല മൈതാനത്തിലെ കളികളും, കാവില്‍ തൊഴുതു കളഭത്തിന്‍ ഗന്ധം പരത്തി വരുന്ന സുരസുന്ദരികളെ യാത്രയാക്കി ആല്‍ത്തറയില്‍ ഇരുന്നും , രാത്രി വരെ നീളുന്ന വെടിപറച്ചിലും ഒക്കെയായി ദിവസങ്ങള്‍ ആഘോഷിച്ചു പോരുന്നതിനിടയില്‍ രണ്ടു ദിവസം കിളിമാനൂര്‍ പോയി നില്‍ക്കുന്നതില്‍ താല്‍പ്പര്യം തീരെ ഇല്ലായിരുന്നു, എങ്കിലും പോകാതെ വയ്യ. അച്ഛന്‍ ഇടപെടുന്നതിലും നല്ലത് അമ്മയെ അനുസരിക്കുന്നതാണ് എന്ന് മനസ്സില്‍ ഓര്‍ത്തു.

കല്യാണത്തിരക്കുകളുടെ കൂട്ടത്തില്‍ ഞാനും കൂടി. കാറ്റിന് നെയ്യിന്‍റെയും പരിപ്പിന്‍റെയും സാമ്പാറിന്‍റെയും മണം!! എല്ലാവരും കൂടിയപ്പോള്‍ ഒരു ഉത്സവ പ്രതീതി. അടുത്തറിയുന്നതും തീരെ അറിയാത്തതുമായ ബന്ധുക്കള്‍. അടുക്കള മുഴുവന്‍ സ്ത്രീ ജനങ്ങള്‍ കയ്യെറിക്കഴിഞ്ഞു. ഭാസുരക്കുഞ്ഞമ്മ തിരക്കിലാണ്, അടുപ്പിലെ വെളിച്ചെണ്ണയില്‍ മുങ്ങിയും പൊങ്ങിയും കളിക്കുന്ന നെയ്യപ്പത്തിന്‍റെ മുഖം ചുവക്കുന്നത് ഞാന്‍ കുറച്ചു നേരം നോക്കി നിന്നു. അപ്പോഴാണ്‌ പച്ചക്കറികള്‍ അറിയുന്നവരുടെ കൂട്ടത്തില്‍ ഇരുന്ന് ഒരു "തക്കാളി" എന്നെ കൂടെ കൂടെ ശ്രദ്ധിക്കുന്നത് കണ്ടത്. കൂടെ ഇരിക്കുന്നവരോട് തമാശകള്‍ പറഞ്ഞിട്ട് ആ ചിരി അവസാനിക്കുന്നത്‌ എന്നെ നോക്കിയാണെന്ന് ഞാന്‍ മനസ്സിലാക്കി. മനസ്സില്‍ ലഡ്ഡു പൊട്ടി!!! ചിറ്റപ്പന്‍റെ ബന്ധത്തില്‍ മാവേലിക്കരയിലുള്ള കുട്ടിയാണെന്ന് പിന്നെ ആരോടോ ചോദിച്ചു മനസ്സിലാക്കി. അമ്മയോടും അച്ഛനോടും ഒപ്പം കല്യാണത്തിന് എത്തിയതാണ്. മനസ്സിരുത്തി രണ്ടുവര്‍ഷം പത്താം ക്ലാസില്‍ പഠിച്ച ശേഷം യൂണിവേഴ്സിറ്റിയെ കഷ്ട്ടപ്പെടുത്താന്‍ ഇപ്പോള്‍ പ്രീ-ഡിഗ്രി ചേര്‍ന്ന് പഠിക്കുന്നു. പേര് അമ്പിളി.


രാത്രിവൈകും വരെ പലതരം ജോലികള്‍ എല്ലാവരും ചെയ്തുകൊണ്ടിരുന്നു. പിന്നെ ഒരു ടൈംപാസ്സിനായി അന്താക്ഷരി കളി തുടങ്ങി. കുടുംബത്തിലെ ഗായകന്മാരും ഗായികകളും അവരവരുടെ കഴിവുകള്‍ തെളിയിച്ചു മുന്നേറി. എന്‍റെ പാട്ടുകേട്ടപ്പോള്‍ അമ്പിളിയുടെ മുഖം 100 വോള്‍ട്ട് ബള്‍ബു കത്തുന്നപോലെ പ്രകാശിച്ചു. കുഞ്ഞമ്മയുടെ പിറകില്‍ നിന്ന് സൂക്ഷിച്ച്, ഈ ലോകത്ത് ഞാനൊരാള്‍ മാത്രം കാണാനായി മുല്ലപ്പൂ പോലെയൊരു ചിരി എന്റെ നേര്‍ക്ക്‌ നീട്ടി.

പെണ്‍കുട്ടികള്‍ ഇങ്ങനെ കള്ളച്ചിരി ചിരിക്കാന്‍ പഠിക്കുന്നത് ഏതു ക്ലാസ്സില്‍ വച്ചാണ്? അവരുടെ കള്ളത്തരങ്ങള്‍ക്ക്‌ സുന്ദരവും മൃദുലവുമായ
സ്വാഭാവികത വരുന്നത് കൊഞ്ചലും നാണവും കലരുന്നതിലാണോ? ആണുങ്ങളുടെ മുഖത്തെ കള്ളത്തരങ്ങള്‍ക്ക്‌ ഇത്ര വശ്യഭംഗി ഇല്ലാത്തത് ഈ മീശയുടെ കറുപ്പ് നിറം കൊണ്ടാണോ? ഇങ്ങനെ കുറെ ചിന്തകള്‍ മനസ്സില്‍ മിന്നിമാഞ്ഞു.


വിജനമായ ഭൂമികയില്‍, തണുത്തരാത്രികളില്‍ ഉണര്‍ന്നിരുന്ന്, കണ്ണെത്താ ദൂരം നിറയെ സ്വര്‍ണ്ണവിളക്കുകള്‍ കൊളുത്തിവച്ച്, തിളങ്ങുന്ന കണ്ണുകളില്‍ ദീപാവലിയായി ഇരിക്കുന്ന ഇവള്‍ക്ക് വേണ്ടിയാണോ ഞാന്‍ ഇത്രനാളും എന്‍റെ മനസ്സില്‍ വാഴനാരുകൊണ്ട് മൃദുലമായ കുരുവിക്കൂട് കെട്ടി കാത്തിരുന്നത്?


കണ്ണുകള്‍ തമ്മില്‍ ഇടവേളകളില്ലാതെ കൂട്ടിമുട്ടി. പക്ഷെ ഞങ്ങളുടെ നാലുകണ്ണുകള്‍ അല്ലാതെ മറ്റു രണ്ടു കണ്ണുകള്‍ കൂടി ഈ കഥകളിയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട് എന്ന് ഞാനോ അമ്പിളിയോ സാക്ഷാല്‍ ആകാശത്തിലെ പൊന്നമ്പിളിയോ അറിഞ്ഞില്ല. ആ കണ്ണുകളുടെ ഉടമ ഭാസുരക്കുഞ്ഞമ്മ ആയിരുന്നു.

കല്യാണം ഭംഗിയായി കഴിഞ്ഞു. ഓരോ ബന്ധുക്കളായി പടിയിറങ്ങാന്‍ തിടുക്കം കൂട്ടി. അലങ്കാര വിളക്കുകള്‍ ഉറങ്ങാന്‍ തുടങ്ങി. സംസാരമഴ പെയ്തു തോര്‍ന്ന ശാന്തതയില്‍ എന്‍റെ കണ്ണുകള്‍ അവളെ തിരഞ്ഞു. അയലത്തെ വീട്ടുമുറ്റത്തേക്ക് സ്നേഹത്തിന്‍റെ കൈകള്‍ നീട്ടിനില്‍ക്കുന്ന ധാരാളിയായ മുത്തശ്ശിതേന്മാവിന് ചുവട്ടില്‍ കാതരമിഴികളോടെ മഞ്ഞ പട്ടുപാവാടയില്‍ അവള്‍!! ,. കുളിമെടച്ചിലില്‍ മുടി മെടഞ്ഞിട്ട് നെറ്റിയിലൊരു ചന്ദനകുറിയൊക്കെ തേച്ച്, സൂര്യനെതിരെ, അതിനെ വെല്ലുന്ന വെളിച്ചത്തില്‍. ‍ഞാന്‍ അടുത്തേയ്ക്ക് ചെന്നു.

"എന്നെ മറക്കുമോ?" പോയിക്കഴിഞ്ഞാല്‍?? ആ ചോദ്യം കേട്ടപ്പോള്‍ ഹൃദയത്തില്‍ ആണി തറച്ചു കേറുന്ന വേദന. പിന്നെയും അവള്‍ എന്തൊക്കെയോ പറഞ്ഞു. എനിക്കൊന്നും സംസാരിക്കാന്‍ പറ്റുന്നില്ല,(തോന്നിയില്ല). ചെവിയില്‍ മധുരത്തേന്‍ വീണു നിറഞ്ഞു കിടക്കുകയാണ്, കൂടുതല്‍ വാക്കുകള്‍ കയറി വന്നു അത് തുളുമ്പിപ്പോകരുതല്ലോ!


കണ്ണുകള്‍ നിറച്ചു പിടിച്ച് അവള്‍ അകത്തേക്ക് ഓടി, തിരികെ വന്നപ്പോള്‍ കുഞ്ഞമ്മേടെ ഇളയ മകളുടെ ഹിന്ദി കോപ്പി ബുക്കിന്‍റെ ഒരു കഷണം പേപ്പര്‍ കയ്യിലുണ്ട്. ആരും കാണുന്നില്ല എന്നുറപ്പുവരുത്തിയിട്ട് എന്‍റെ നേര്‍ക്ക്‌ നീട്ടി. ആദ്യമായി കിട്ടുന്ന പ്രേമലേഖനത്തിന്‍റെ ആവേശമോ ഷോക്കോ എന്താണെന്നറിയാതെ ഞാന്‍ യാന്ത്രികമായി കൈനീട്ടി അത് വാങ്ങിച്ചു.
"പിന്നെ വായിച്ചാല്‍ മതി, ഞാന്‍ പോകുന്നു. ഓര്‍മിക്കണേ... ", എന്ന് പറഞ്ഞു തിരിഞ്ഞ് പലതവണ നോക്കി അവള്‍ നടന്നകന്നു. അമ്മയും അച്ഛനും കാത്തു നില്‍പ്പുണ്ട്, ബസ്‌ വരാന്‍ നേരമായി. ചുവപ്പ് നിറമുള്ള ആ ബസ്സില്‍ കയറുമ്പോഴും അവള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. പൊതു വാഹനങ്ങള്‍ക്ക് ചുവപ്പ് നിറമടിക്കാന്‍ അനുവാദം കൊടുത്തത് ഏതു ബോറനാണ്? കണ്ണിനു കുളിര്‍മ നല്‍ക്കുന്ന പച്ചയോ, ആശ്വാസത്തിന്‍റെ വെളുപ്പോ ആകാമായിരുന്നില്ലേ? മനസ്സ് വേദനിക്കുന്ന ഒരാള്‍ ചുവന്ന ബസ്സില്‍ കേറിയാല്‍ എങ്ങനെ സമാധാനം കിട്ടും?

കണ്ണില്‍ നിന്നും ബസ്സ്‌ മറഞ്ഞപ്പോള്‍ ആകാംഷയുടെ മുള്‍മുനയില്‍ ആ കടലാസ്സു കഷണം ഞാന്‍ തുറന്നു.


P . അമ്പിളി, കിഴക്കേക്കര വീട്, പടപ്പനാല്‍ പി .ഓ , മാവേലിക്കര, ഐലാവിയു"..


ഇതായിരുന്നു ഉള്ളടക്കം!!! വായിച്ചെടുക്കാന്‍ വളരെ പണിപ്പെട്ടു. (ആ മലയാളം കണ്ടപ്പോള്‍ ആദ്യം തമിള്‍ ആണോ എന്ന് സംശയിച്ചു പേപ്പര്‍ തിരിച്ചു പിടിച്ചു) അവള്‍ പത്താം ക്ലാസ്സ്‌ രണ്ടുകൊല്ലം പഠിക്കാനുണ്ടായ ഒരു കാരണം എനിക്ക് മനസ്സിലായി. ഇതില്‍ അവസാനം എഴുതിയ "ഐലാവിയു" ഒരു സ്ഥലത്തിന്റെ പെരാണെന്നാണ് ആദ്യം കരുതിയത്‌. പിന്നെ സൂക്ഷ്മ നിരീക്ഷണത്തില്‍ ആണ് കാര്യം പിടികിട്ടിയത്. "ഐ ലവ് യു" എന്ന് മലയാളത്തില്‍ എഴുതാന്‍ ഒന്നാം ക്ലാസ്സിലെ കുട്ടി പോലും ആ കാലത്ത് വാശിപിടിക്കില്ല, അപ്പോളാണ് അമ്പിളി "ഐലാവിയു" എഴുതി സാഹസം കാണിച്ചത്. "ല" യ്ക്ക് ആവിശ്യമില്ലാത്ത ഒരു നീട്ടം!!

ഞാനും തിരിച്ചു വീട്ടില്‍ പോകാന്‍ റെഡി ആകാന്‍ തുടങ്ങി. കുഞ്ഞമ്മയോടു യാത്ര പറഞ്ഞു. അപ്പോള്‍ കുഞ്ഞമ്മ ഒരു ചോദ്യം

" എങ്ങോട്ടാ മോനേ ബസ്സ്‌ കേറുന്നേ? മാവേലിക്കരക്കോ അതോ തിരുവനന്തപുരത്തിനോ?" എന്തായാലും ഞാന്‍ ചേച്ചിയെ ഒന്ന് വിളിച്ചു പറയാം നീ ഇവിടുന്നു പുറപ്പെട്ടിട്ടുണ്ട് എന്ന്"!! അപ്പോഴത്തെ എന്‍റെ മുഖം വിവരിക്കാന്‍ ഈ എഴുതുതുന്ന അക്ഷരങ്ങളുടെ സഹായം പോര.


തിരിച്ചു വീട്ടിലേക്കുള്ള യാത്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരുംകാണാതെ ഞാന്‍ കട്ടെടുത്ത അവളുടെ കണ്ണിണകൊണ്ടുള്ള കടാക്ഷം വേട്ടയാടി. വഴിയരികില്‍ പതിപ്പിച്ചിരിക്കുന്ന സിനിമ പോസ്റ്റ്‌റുകളിലെ നായികയും നായകനും ഞാനും അവളുമാണെന്നു സങ്കല്‍പ്പിച്ചു. അന്ന് രാത്രി വീട്ടില്‍ കിടന്നിട്ടു ഉറക്കം വന്നതേ ഇല്ല. ടി.വി യില്‍ 'ചന്ദനച്ചോലയില്‍ മുങ്ങി നീരാടുമെന്‍ ഇളമാന്‍ കിടാവേ ഉറക്കമായോ...എന്ന പാട്ട് കേള്‍ക്കുന്നു. ‍കണ്ണുകള്‍ അറിയാതെ നിറഞ്ഞു, തുറന്നിട്ട ജന്നലിലൂടെ മാനത്ത് അമ്പിളിയെ കണ്ടപ്പോള്‍ കണ്ണുനീര്‍ ധാര ധാരയായി ഒഴുകി ഭൂമിയില്‍ വീണു ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി !!! ആ കണ്ണുനീരില്‍ നിന്നും സൂര്യനുദിച്ചു. പിന്നെയും കോളേജിന്‍റെ ലോകത്തിലേയ്ക്ക്.

കൈവിരലുകള്‍ക്കിടയിലൂടെ കാലത്തിന്‍റെ മണല്‍ത്തരികള്‍ ഉരുണ്ടുപോയി. തുറക്കാത്ത എത്രയോ പ്രണയത്തിന്‍റെ നിലവറകള്‍ മനസ്സില്‍ ബാക്കിവച്ച് കൌമാരവും കടന്നുപോയി. സമരമരത്തണലുകളും ഒളിച്ചിരിക്കാന്‍ വന്നോളൂ എന്ന് പറഞ്ഞു വിളിക്കുന്ന ചെടിപ്പടര്‍പ്പുകളും കഥപറഞ്ഞിരിക്കാന്‍ സുന്ദരമായ പൂമരത്തണലുകളും ഒരുക്കിവച്ച് യുവരക്തങ്ങളെ തിരക്കി കലാലയ മുത്തശ്ശി ഇപ്പോഴും കാത്തിരിപ്പുണ്ട്‌. ഒരുപാട് അറിവുകളുടെ ബലത്തില്‍ പ്രണയിക്കാനിറങ്ങിയിട്ടും ആരും വലയില്‍ കുടുങ്ങിയില്ല. എങ്കിലും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി, ഡിഗ്രി ക്ലാസ്സിന്‍റെ ആ ഫെയര്‍വെല്‍ ദിനം ഓര്‍മയില്‍ വരും. യാത്രപറയലിന്‍റെ സങ്കടങ്ങളില്‍ എരിഞ്ഞുതീരുന്ന സായാഹ്ന്നം. ഓട്ടോഗ്രാഫില്‍ അക്ഷരങ്ങളുടെ ആത്മബലി. ഒപ്പം പഠിച്ച പെണ്‍കുട്ടി അവളെപ്പോലെ തന്നെ ഭംഗിയുള്ള കയ്യക്ഷരത്തില്‍ ഇങ്ങനെ എഴുതി.

ഐ നെവെര്‍ വെയിറ്റ് ഫോര്‍ യുവര്‍ കാള്‍സ്സ്!

അതിനു താഴെ സ്വന്തം പേരും ഫോണ്‍ നമ്പറും!
ഇംഗ്ലീഷില്‍ എട്ടക്ഷരം മാത്രമുള്ള പേരായിരുന്നു അവളുടേത്‌, നാല് വ്യഞ്ജനം, നാല് സ്വരം. എഴുതാനും വിളിക്കാനും എളുപ്പം. എന്നിട്ടും സ്വന്തം പേര് അന്നവള്‍ എഴുതിതന്നപ്പോള്‍ ഒരക്ഷരം തെറ്റി. സ്വന്തം പേരെഴുതി തെറ്റിക്കുമോ എന്ന് ചോദിച്ചപ്പോള്‍ തിരുത്താന്‍ തയാറാകാതെ അവള്‍ പറഞ്ഞത് " അത് നിനക്കായി ഞാന്‍ മന:പൂര്‍വ്വം വരുത്തിയതാണ്" എന്നായിരുന്നു.


നീണ്ട ഉപജീവനയാത്രയില്‍ ചെന്നൈ, ബഹ്‌റൈന്‍, കുവൈറ്റ്‌ എന്നിവടങ്ങളിലേക്ക് ജീവിതം പലപ്പോഴും എടുത്തെറിയപ്പെട്ടു.

ആരോ മറന്നുവച്ച ഒരു കരച്ചില്‍ പോലെ 2003 ജൂണിലെ മഴ പെയ്ത പ്രഭാതം. അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ എന്നെ കൂട്ടി ഒരു ബന്ധുവീട്ടിലെ ഏതോ ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മ പോയി. അവിടെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പഴയ അമ്പിളി, കയ്യില്‍ ഒരു കുട്ടിയും ഉണ്ട്. തോളത്തു കയ്യിട്ടുകൊണ്ട് ഒരു ബലിഷ്ടമായ കൈ, അവളുടെ ഭര്‍ത്താവ്.

കുസൃതിക്കുടുക്കയായ ഈ കാലം എന്തൊക്കെ കാഴ്ചകളാണ് ഒരുക്കി കാത്തിരിക്കുന്നത്!!!

Saturday, February 18, 2012

സ്നേഹത്തോടെ നവോമി.

പ്രിയപ്പെട്ട മനു, 
എന്‍റെ ഈ മെയില്‍ നിനക്ക് തീര്‍ച്ചയായും ഒരു സര്‍പ്രൈസ് ആകും. ഞാന്‍ നവോമി!! മറന്നിട്ടുണ്ടാകില്ല എന്ന് കരുതട്ടെ?  
 അന്ന് നമ്മള്‍ സംസാരിച്ചിരുന്ന ചെന്നൈയിലെ  അഞ്ചു നക്ഷത്രങ്ങള്‍ നെറ്റിയില്‍ പതിച്ച അതേ ഹോട്ടലില്‍,  ശരറാന്തലുകള്‍ കണ്ണുചിമ്മുന്ന വിരുന്നു ഹാളിന്‍റെ   മൂലയിലെ കസേരയിലിരുന്ന് ഒരു   തണുത്ത പുട്ഡിഗ് രുചിച്ചു  ഞാന്‍ നിനക്കായി എഴുതുന്നു. ആ സംസാരത്തിലെപ്പോഴോ ഈ മെയില്‍ അഡ്രസ്സ്‌ ഞാന്‍ ചോദിച്ചു മേടിച്ചിരുന്നു. പക്ഷെ ഒരിക്കല്‍ പോലും കോണ്ടാക്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല, ശ്രമിച്ചില്ല എന്നതാണ് സത്യം! കഴിഞ്ഞ ബുധനാഴ്ച  വീണ്ടും നിന്നെ ഓര്‍മയിലേക്ക് കൊണ്ട് വരാന്‍ പോന്ന ഒരു സംഭവമുണ്ടായീ, എന്നെ 
അമ്മ വിളിച്ചു!!! നീണ്ട നാല്  വര്‍ഷങ്ങള്‍ക്കു  ശേഷം!  നീ പറഞ്ഞപോലെ "വാശിയുടെയും വിദ്വേഷത്തിന്‍റെയും മഞ്ഞുരുകി".

ജനുവരി മാസം, നേരം വെളുത്തു വരുന്നേ   ഉണ്ടായിരുന്നുള്ളു.  സൂര്യന്‍
എത്ര സ്നേഹത്തോടെ വിളിച്ചിട്ടും ഉണരാതെ മഞ്ഞിന്‍ പുതപ്പിനുള്ളില്‍ മടിപിടിച്ച് ഉറങ്ങുകയായിരുന്നു എന്‍റെ നാട്.   നീണ്ട നാളുകള്‍ക്കു  ശേഷം നഗരത്തിന്‍റെ നെഞ്ചിലെ അഞ്ചാംനിലയിലുള്ള തീപ്പെട്ടിക്കൂടില്‍ നിന്നും,
 ഞാന്‍ ചാവടിയും തുളസ്സിത്തറയുമുള്ള എന്‍റെ നാട്ടിന്‍പുറത്തെ
 സ്വ ര്‍ഗ്ഗത്തിലേക്ക് തിരിച്ചെത്തി.  അമ്മയും മുത്തശ്ശിയും എന്നെ കാത്തു നില്‍ക്കും പോലെ വരാന്തയിലുണ്ടായിരുന്നു. അമ്മയുടെ കണ്‍കോണുകളില്‍ ഊറിക്കൂടുന്ന നനവ്‌ ഞാന്‍ ശ്രദ്ധിച്ചു. ചിരി തുടിച്ചു നിന്ന  കണ്‍തടങ്ങളില്‍ ഇപ്പോള്‍ സങ്കടപ്പാടുകളുടെ കരിമഷി! മുത്തശ്ശി തിമിരത്തിന്‍റെ മഞ്ഞു കണ്ണടയിലൂടെ  വാത്സല്യത്തോടെ  എന്നെ നോക്കിയിട്ട്, വര്‍ഷങ്ങളുടെ തലോടലേറ്റ് ചുളുങ്ങിയ പാവം കൈകള്‍ കൊണ്ട് എന്‍റെ കവിളില്‍  മെല്ലെ തലോടി.

നാല്  വര്‍ഷം!! ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു!  പലതരം കൃഷികളുണ്ടാരുന്ന  ഒരേക്കറോളം വരുന്ന സ്ഥലം വെറുതെ കാടുപിടിച്ച് 
കിടക്കുന്നു, ആരും പ്രണയിക്കാന്‍ ഇല്ലാത്ത ഒരു സുന്ദരിപ്പെണ്‍കുട്ടിയെ പോലെ!.. കാല്‍പ്പാടുകള്‍ പതിയാത്ത തൊടിയില്‍  ഇപ്പോള്‍ കാലം വിരിച്ചിട്ട കരിയിലപ്പുതപ്പു മൂടിയിട്ടുണ്ട് . പുതപ്പിന്‍റെ കീറലുകള്‍ക്കിടയിലൂടെ അങ്ങിങ്ങ് പുല്‍നാമ്പുകളുടെ തലക്കനം പുറത്തേക്ക് കാണാം. ഒരിക്കല്‍ പോലും വെറുതെ ഇരുന്നു ഞാന്‍ കണ്ടിട്ടില്ലാത്ത അമ്മ, ഇപ്പോള്‍ ആ വഴിക്കൊന്നും വരാറേയില്ല എന്ന് മുത്തശ്ശി പറഞ്ഞു. പണ്ട്  തൊടിയിലെ പൂക്കള്‍ സുഗന്ധം പരത്തും തണലില്‍ ഇരിക്കുമ്പോള്‍ കൂട്ടുകാര്‍ ചോദിക്കാറുണ്ടായിരുന്നു, "നിറയെ മരങ്ങളുള്ള ഈ പറമ്പ് ഒറ്റ ഇല പോലുമില്ലാതെ നിന്‍റെ അമ്മ എങ്ങനെ ഇത്ര വൃത്തിയായി സൂക്ഷിക്കുന്നു? ഇല പൊഴിഞ്ഞാലുടന്‍ താഴെ വീഴാന്‍ സമയം കൊടുക്കാതെ അമ്മ ഓടിച്ചെന്നു പിടിക്കാറുണ്ടോ"  എന്ന്.

ക്ലോറിന്‍ ചുവയില്ലാത്ത വെള്ളത്തില്‍ കുളിച്ചിട്ടു മതിയാവണില്ലായിരുന്നു. എന്ത് തണുപ്പാണെന്നറിയോ വീട്ടിലെ വെള്ളത്തിന്‌!! കവിളില്‍ കൊള്ളുമ്പോള്‍ ഒരു മധുരവും! അമ്മയുടെ ഒരു പഴയ സെറ്റുമുണ്ടും ഉടുത്ത്, ഈറന്‍ മുടി തുമ്പ് മെടഞ്ഞിട്ട്‌ തുളസ്സിത്തറയില്‍ ദീപം കൊളുത്തി. മുത്തശ്ശി സന്ധ്യാനാമം ചൊല്ലുന്നുണ്ടായിരുന്നു.  കുറേ നാളിന് ശേഷം ആ പഴയ  ഈണത്തില്‍  "ജാനകീ മനോഹരാ മുകുന്ദ രാമാ പാഹിമാം, ദീന രക്ഷകാ വിഭോ""....  എന്ന്  ചൊല്ലുന്ന കേട്ടപ്പോള്‍ സാംബ്രാണി മണമുള്ള ഒരു കാറ്റുവന്നു ഉമ്മവച്ചപോലെ തോന്നീ.

 അടുക്കളയില്‍ അമ്മ ഇലയട ഉണ്ടാക്കുന്ന മണം!! ഞാന്‍ എത്തിയത് കൊണ്ടാണ്, എന്‍റെ ഇഷ്ടങ്ങള്‍ അമ്മയെ പോലെ ആര്‍ക്കും അറിയില്ല. പക്ഷെ ഞാന്‍ പോലുമറിയാതെ  എന്നിലുണ്ടായ മറ്റൊരിഷ്ടം അത് അമ്മയെ വല്ലാതെ ഉലച്ചു. അച്ഛന്‍ പകുതിവഴിയില്‍ യാത്ര പറഞ്ഞുവെങ്കിലും ജീവിതം കൈപിടിച്ച് അമ്മ ആത്മവിശ്വാസത്തോടെ ഒരുപാട് ദൂരം മുന്നോട്ടു പോയി. മനസ്സില്‍ വിരിയുന്ന വികാരങ്ങളെ മുഖത്തോളം എത്തിക്കാതിരിക്കാന്‍ അമ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ചില ഓര്‍മ്മകള്‍ നഷ്ബോധത്തിന്‍റെ തീച്ചൂളകളാണ്. പലവിധം ചിന്തകളും ഒരുപാട് മുഖങ്ങളും ഒന്നിച്ച്   മനസ്സിലേക്ക് തള്ളിക്കയറാന്‍ തിടുക്കം കൂട്ടിയ നിമിഷത്തില്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ഭവഗതിക്കാവില്‍ രണ്ടു കതിന പൊട്ടി, നിനച്ചത്  നടക്കാന്‍ ഏതോ ഭക്തന്‍ ഭഗവതിക്ക് നേര്‍ന്നതാകും, ആ നേര്‍ച്ചയ്ക്ക് ദേവി തുണയാകട്ടെ എന്ന് മനസ്സില്‍ ഓര്‍ത്തു .

  "അമ്മയുടെ സ്നേഹസംരക്ഷണമെന്ന ചിറകിന്‍കീഴില്‍നിന്നും  പ്രണയച്ചൂടിന്‍റെ അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക്   യാത്ര പോലും പറയാതെ പോയപ്പോള്‍,  തിരിച്ചു വരും നാളുവരേയ്ക്കും പൊന്നുമകള്‍ എവിടെയായാലും ഒരു പോറല്‍ പോലും ഏക്കാതെ കാത്തോളണേ എന്ന് പ്രാര്‍ത്ഥിച്ച്, ആ അമ്മ ഒഴുക്കിയ കണ്ണീരിനും കാവില്‍ ഭഗവതിക്ക് കത്തിച്ച നെയ്യ് വിളക്കുകള്‍ക്കും നീ എന്ത് കൊടുത്താല്‍ മതിയാകും മോളെ" എന്ന് മുത്തശ്ശി മെല്ലെ ചോദിച്ചു.  മനസ്സിന്‍റെ മുറിവുകള്‍ക്ക്‌ പുറത്തു നിന്നും പുരട്ടാവുന്ന മരുന്നുകളില്ല, അത് താനേ ഉണങ്ങു മായിരിക്കും.

നിന്നോട് ഞാന്‍ പറഞ്ഞിരുന്നു മനൂ, പരസ്പരം ചേരാത്ത രണ്ടു പാളങ്ങളായിരുന്നു ഞാനും എബിയും. "നിന്നെ സ്നേഹിച്ചു തീരുവാന്‍ എനിക്കിനിയും ഒരു ജന്മം വേണം" എന്ന് പറയാന്‍ രണ്ടാളും തുടക്കത്തില്‍ മത്സരിച്ചിരുന്നു. അന്നൊക്കെ ഹൃദയങ്ങള്‍ക്ക്‌ പ്രണയത്തിന്‍റെ ഭാഷ മാത്രം, കണ്മുന്നില്‍ പ്രണയത്തിന്‍റെ കടുംവര്‍ണ്ണങ്ങളും വാക്കിലും സ്പര്‍ശത്തിലും മയില്‍പ്പീലിയുടെ മൃദുലതയും.  കണ്‍പീലികള്‍ പോലും തുടിക്കുന്ന തരത്തിലായിരുന്നു ആ പ്രേമകവിതകള്‍!! കോഫീ ഹൌസിലെ ഉള്ളിമണക്കുന്ന ഹാളില്‍, അലസതയുടെ അഞ്ചുമണിക്കാറ്റ്   കൊണ്ട് വെറുതെ ഇരിക്കുമ്പോള്‍ അവന്‍ വന്നിരുന്നു കൂട്ടുകൂടാന്‍.  കൌമാരത്തിന്‍റെ  അതിപ്രലോഭിത സാന്ധ്യവെയിലുകളില്‍,  ചുവന്ന കവിള്‍ത്തടങ്ങള്‍  അറിയാതെ മൊട്ടിട്ട വിയര്‍പ്പു തുള്ളികളില്‍ അവന്‍റെ  നിശ്വാസങ്ങള്‍ പ്രതിബിംബിച്ചു.
ഒരിക്കലും   പ്രണയത്തിനു  എനിക്ക് വഴങ്ങുന്ന ഭാവങ്ങള്‍ ഉള്ളതാണെന്ന് ഞാന്‍ കരുതിയിരുന്നില്ല. പ്രണയിക്കാനുള്ള ധൈര്യം ഇല്ലാത്ത പെണ്‍കുട്ടിയായിരുന്നു ഞാന്‍.  കാല്‍ നഖങ്ങളില്‍ നോക്കിയായിരുന്നു വീടിനു പുറത്തിറങ്ങുമ്പോള്‍ നടന്നിരുന്നത്. ആള്‍ക്കൂട്ടങ്ങളുടെ നടുവില്‍ 
 "എന്നെ  മാത്രം  ശ്രദ്ധിക്കൂ" എന്ന് നിശബ്ദം വിളിച്ചു പറഞ്ഞു നടക്കുന്ന പെണ്‍കുട്ടികളില്‍ നിന്നും ഒരുപാട് വേറിട്ടുനിന്നിരുന്നു ഞാന്‍ .  ‍എന്നിട്ടും ഞാന്‍ പോലും അറിയാതെ എന്നില്‍  ഒരു കാമുകിയുടെ വിത്തുപാകി എന്നെയും പ്രണയം തോല്‍പ്പിച്ചു!!
മനു പറയും പോലെ പ്രണയത്തിനു എനിക്ക് കൊടുക്കാന്‍ നല്ല നിര്‍വചനമില്ല, എന്‍റെ അഭിപ്രായത്തില്‍ 'ഒരുക്കി വച്ചിരിക്കുന്ന സ്നേഹക്കെണിയില്‍ കൌശലത്തോടെ  തള്ളിയിട്ടു  കുസൃതിച്ചിരിയോടെ  കുതിച്ചു പായുന്ന ഒരു  മുയലാണ് പ്രണയം'!!

"ഇഷ്ടപ്പെട്ട കൂട്ടുകാരനൊപ്പം പോകുന്നു എന്നെ അന്യേഷിക്കണ്ട" എന്ന ഒരു സന്ദേശം  മൊബൈലേയ്ക്ക് അയച്ചിട്ട് സായംസന്ധ്യയിലെ മഴവില്ലുപോലെ ഞാന്‍ അമ്മയുടെ കണ്ണില്‍നിന്നും മാഞ്ഞു പോയപ്പോള്‍, ഒരു മയില്‍പീലി തണ്ടുകൊണ്ട് പോലും എന്നെ ഇന്നുവരെ തല്ലിയിട്ടില്ലാത്ത അമ്മ തളര്‍ന്നു വീണുപോയി. പക്ഷെ ,  എന്‍റെ സ്വപ്നങ്ങളുടെ കാണാക്കണ്ണില്‍   വസന്ത വര്‍ണ്ണങ്ങള്‍ പരാഗരേണുക്കള്‍ തൂവിപ്പരത്തുന്ന  സ്വര്‍ഗ്ഗതുല്യമായ ഒരു
പുതുജീവിതത്തിന്‍റെ പാതയായിരുന്നു.     രാത്രിയില്‍  ചെന്നൈയിലേക്കുള്ള യാത്രയില്‍, സ്റ്റിയറിങ്ങിലുള്ള എബിയുടെ  കയ്യില്‍ ഞാന്‍ കൈ ചേര്‍ത്തപ്പോള്‍ ഫീല്‍ ചെയ്തത് തണുപ്പല്ല, സ്നേഹത്തിന്‍റെ ഇളം ചൂട്.
  
തീ പോലെ പ്രണയിച്ചവര്‍!!  ‍പരസ്പരം അറിഞ്ഞു കഴിഞ്ഞാല്‍ മഞ്ഞുതുള്ളിയുടെ ശബ്ദം പോലും രണ്ടാള്‍ക്കും കേള്‍ക്കാനാകും. തുടക്കം അങ്ങനെ ആയിരുന്നു. എന്നെ ഒരുപാട്  ചിരിപ്പിച്ചിട്ടുണ്ട്‌ അവന്‍, എന്‍റെ ചിരികാണാന്‍ നല്ല ചന്തമാണന്നു  പറഞ്ഞ്.  പക്ഷെ  ആ ചിരിയുടെ പിന്നണിയില്‍ പിന്നീട് എവിടെയോ നിശബ്ധമായ സങ്കടത്തിന്റെ മഴച്ചാറല്‍ ഞാന്‍ കേട്ട്‌  തുടങ്ങി. വിശ്വാസങ്ങളില്‍ എവിടെയോ ഒരു കുഞ്ഞുനൂലിഴ പൊട്ടിയത് പോലെ. ഒന്നിച്ചുള്ള ജീവിതത്തിന്‍റെ ആദ്യരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം എബിക്ക് എന്നോട് മിണ്ടാന്‍ പോലും സമയം കിട്ടാറില്ലായിരുന്നു.  ഓഫീസിലെ തിരക്ക്, യാത്രകള്‍, സായാഹ്നങ്ങളില്‍  ‍ നിന്നും   രാത്രികളിലേക്ക് നീളുന്ന "സല്‍ക്കാര"  സദസ്സുകള്‍. 
ഉറങ്ങാന്‍ കിടക്കുമ്പോള്‍ പരാതി   തീര്‍ക്കാന്‍
എന്ന   പോലെ നെറ്റിയില്‍      വീഴുന്ന വിസ്കിയുടെ ലഹരിയുള്ള ഒരുമ്മയിലേയ്ക്ക്   ചുരുങ്ങി സ്നേഹം.  
ആദ്യമാദ്യം  അവന്‍റെ   തിരക്കുകളോട് ഞാന്‍ കോംപ്രൊമൈസ് ചെയ്യാന്‍ മനസ്സിനെ  പഠിപ്പിചെടുക്കാന്‍   ശ്രമിച്ചു, കാരണം ഞങ്ങള്‍ക്കിടയില്‍ രണ്ടു വര്‍ഷങ്ങള്‍   കോംപ്രൊമൈസുകളേ ഇല്ലായിരുന്നു.     "കാതിലെ അവസാന സ്വരവും തിരിച്ചെ ടുത്തോട്ടെ, എങ്കിലും ബാക്കിനില്‍ക്കും നിന്‍ മൊഴി"  എന്ന് പറഞ്ഞവന്  എന്‍റെ ശബ്ദം  കേള്‍ക്കുന്നത്  അരോചകമായി. പ്രിയപ്പെട്ടവരെയും, വിശ്വാസങ്ങളെയും  ഉപേക്ഷിച്ചു കൂടെ നടക്കാന്‍ കൈപിടിച്ചവന് എന്നെ സംശയം, എന്‍റെ സ്നേഹത്തില്‍ അവിശ്വാസം. മേയ്ക്കപ്പിട്ട്‌   പൊതിഞ്ഞു വച്ചിരുന്ന പൊരുത്തക്കേടുകള്‍ മുഖം വീര്‍പ്പിച്ചു തുടങ്ങിയതോടെ  വഴിപിരിയലിന്‍റെ തീരുമാനം ആണ്നല്ലത് എന്ന് രണ്ടാള്‍ക്കും മനസ്സിലായീ.  ചില്ല് കൊണ്ട് നിര്‍മിച്ച വൈന്‍ ഗ്ലാസ്സുപോലെയാണ് ഒരിമിച്ചുള്ള ജീവിതം ,കാണാന്‍ നല്ല ഭംഗി, എന്നാല്‍ ഒരല്‍പം അശ്രദ്ധ മതി , ആ ചില്ല് പൊട്ടിത്തകരും.


   2009 മാര്‍ച്ചിലെ അവസാന ശനിയാഴ്ച, പരീക്ഷാ ചൂടില്‍ വാടി നില്‍ക്കുകയാണ്  ചെന്നൈയിലെ C  A    ഇന്‍സ്റ്റിറ്റ്യൂട്ട്.
 ലൈബ്രറിയില്‍ നിന്നെടുത്ത ഒരു ബുക്ക്‌ തിരികെ കൊടുത്ത് ആ മഞ്ഞ കെട്ടിടം  ചുറ്റി വരുന്ന
 പിരിയന്‍ ഗോവണിയിറങ്ങുമ്പോളാണ്  മൊബൈല്‍ ശബ്ദിച്ചത്. ഒരു സന്ദേശം!!
" ഫ്ലാറ്റിന്‍റെ താക്കോല്‍ വെളിയില്‍ ഷൂറാക്കിലെ നീല ഷൂവില്‍ ഉണ്ട്. ഞാന്‍ പോകുന്നു. ഒരിക്കലുമിനി കണ്ടുമുട്ടരുതേ എന്ന്
ആഗ്രഹിച്ച്"!!  ഞെട്ടറ്റു നിന്ന പനിനീര്‍പ്പൂവ് മെല്ലെതാഴെ വീണു. കരഞ്ഞില്ല ഞാന്‍, ആത്മഹത്യയെക്കുറിച്ചും ചിന്തിച്ചില്ല.  അവിടെനിന്നും ഇറങ്ങി ഒരു ഓട്ടോ പിടിച്ചു. "പെണ്‍കള്‍ നാടിന്‍ കണ്‍കള്‍" എന്ന് പിറകില്‍ എഴുതി വച്ചിരിക്കുന്ന ആ ഓട്ടോറിക്ഷയില്‍  ഇരിക്കുമ്പോള്‍, ഈ സമൂഹത്തില്‍ ഒറ്റയ്ക്ക് കഴിയാന്‍ ആത്മവിശ്വാസവും ലക്ഷ്യവും മതി എന്ന് പഠിപ്പിച്ച അമ്മയുടെ മുഖമായിരുന്നു. വ്യവസ്ഥിതിയും, സാഹചര്യവും, മനോഭാവവുമെല്ലാം പുരുഷന്‍റെ കൂടെയാണ്!! എങ്കിലും കരുത്താര്‍ന്ന പെണ്‍മനസ്സ് തോല്‍ക്കില്ല എന്നൊരു വിശ്വാസം എന്‍റെ ഉള്ളില്‍ ഉരുവായി. 

പരീക്ഷയുടെ ടെന്‍ഷനും ജോലിയുടെ സ്ട്രെസ്സും, മനസ്സ് പറയുന്നിടത്ത് ശരീരം നില്‍ക്കുന്നില്ല എന്നൊരു തോന്നല്‍ വന്നപ്പോഴാണ് ഒരു ചെക്ക്‌ അപ്പ്‌ വേണം തോന്നിയത്. അങ്ങനെ വിവേകാനന്ദ മിഷന്‍ ഹോസ്പിറ്റലില്‍ വച്ച് ഞാന്‍ ഡോക്ടര്‍ ലീനയെ കാണുന്നു. നാട്ടുകാരിയാണെന്നു അറിഞ്ഞപ്പോള്‍ മെല്ലെ സൌഹൃദമായി.

പ്രണയദിനാഘോഷങ്ങളുടെ കടും വര്‍ണങ്ങള്‍ നിറഞ്ഞു നിന്ന ഫെബ്രുവരി 14 , മരീനാ ബീച്ചില്‍ നിറയെ ഹൃദയാകൃതിയിലുള്ള ചുവന്ന ബലൂണുകളും  കമിതാക്കളും പ്രായഭേദമില്ലാത്ത വാലന്റൈന്‍ ആഘോഷിക്കാന്‍ തിരക്കുകൂട്ടുന്നു.  അപ്രതീക്ഷിതമായാണ് ലീനയുടെ കൂടെ അന്ന് നീ വന്നത്. എന്നെ കണ്ടപ്പോള്‍ ലീന അടുത്തേക്ക് വന്നു. നിന്നെ പരിചയപ്പെടുത്തി. നീല ടീ ഷര്‍ട്ടും ക്രീം നിറത്തിലെ പാന്‍റ്സും, എനിക്ക് ഓര്‍മ്മ കുറച്ചു കൂടുതല്‍ ആണ് കേട്ടോ, ലീനയുടെ വേഷവും എനിക്കോര്‍മ്മയുണ്ട്! 
ചുവപ്പ് നിറമുള്ള ഭംഗിയുള്ള ഒരു കോട്ടണ്‍ കുര്‍ത്ത ആയിരുന്നു. അതില്‍ കുതിച്ചുപായുന്ന വെള്ളക്കുതിരകളുടെ പടം അതിമനോഹരമായി വരച്ചു ചേര്‍ത്തിരുന്നു. ധാരാളം ഞൊറികളുള്ള വെള്ള ചുരിബോട്ടം.
ചോള മലര്‍  പൊട്ടിച്ചു മൂന്നായി പങ്കുവയ്ക്കുംമ്പോഴേക്കും നമ്മള്‍ സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.

പലതരം വിഷയങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷം സന്ധ്യ ഇരുളിന് വഴിമാറിയപ്പോള്‍ നമ്മള്‍ ഡിന്നര്‍ കഴിക്കാന്‍ തീരുമാനിച്ചു പുറത്തു കടന്നു.
 മനുന്റെ മുഖം ഇപ്പോഴും ശരിക്കും എനിക്ക് ഓര്‍മയുണ്ട്. അന്ന് എനിക്കഭിമുഖമായി ഇരുന്നപ്പോള്‍  സൈഡിലെ കറുത്ത കണ്ണാടിയില്‍ നോക്കി പലവട്ടം മുടി കൈകൊണ്ടു ഒതുക്കി ഇരുന്ന ആളിനെ!
 "ആത്മവിശ്വാസക്കുറവുണ്ടോ" എന്ന് ഞാന്‍ ചോദിച്ചപ്പോള്‍
"നല്ല ചങ്ങാതികള്‍ ഇല്ലാത്തതു കൊണ്ട് കണ്ണാടിയെ ആണ് വിശ്വാസം" എന്ന് നീ തമാശയായി പറഞ്ഞു !! 
 കണ്ണാടികളോട് വലിയ അടുപ്പം പാടില്ലന്നാണ് എന്‍റെ തിയറി. കുസൃതികാരായ പെണ്‍കുട്ടികലെപോലെയാണ് അവര്‍. അടുത്തുചെന്നാല്‍ നമ്മുടെ കുഴപ്പങ്ങള്‍ പെരുപ്പിച്ചു കാണിക്കും.  എന്നൊരു ഉപദേശം ഞാന്‍ തന്നത് ഓര്‍മ്മയുണ്ടോ?

കുടുംബത്തെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ എന്നോട് അന്ന് മനു പറഞ്ഞത് ചിലത് കള്ളമാണെന്ന്  ലീന പിന്നീട് പറഞ്ഞു!! ഭംഗിയായി മേയ്ക്കപ്പിട്ട സത്യമാണ് ചില കൊച്ചു കള്ളങ്ങള്‍ അല്ലെ?

സ്നേഹത്തിന്‍റെ മുന്നിലും സ്നേഹമില്ലയ്മയുടെ മുന്നിലും പെണ്‍മനസ്സ് തോല്‍ക്കും. സ്നേഹം വറ്റി തീര്‍ന്ന ബന്ധങ്ങളുടെ നിലവിളക്ക് കരിന്തിരി കത്തുമ്പോള്‍ ആണുങ്ങളേക്കാള്‍ ആദ്യം തളര്‍ന്നു ഇരിട്ടിലായി പോകുന്നത് സ്ത്രീകളാണ്. പക്ഷെ അമ്മയുടെ വാത്സല്യത്തിന്റെ മണമുള്ള നെയ്യും, ഏതു ഇരിട്ടിലും കീറിമുറിക്കുന്ന പ്രകാശമായി വരുന്ന സൌഹൃദങ്ങളുടെ ജ്വാലയും ആ വിളക്ക് കെടുത്താതെ തെളിഞ്ഞു കത്താന്‍ കാറ്റിനെ പോലും തടുത്തു നിര്‍ത്തും!!
ഇപ്പോള്‍ എനിക്ക് പൂര്‍ണ്ണ സന്തോഷമാണ്, അമ്മ കൂടെയുണ്ട്. നഷ്ടങ്ങളുടെ കണക്കുകള്‍ ഞങ്ങള്‍ രണ്ടാളും പറയാറില്ല. ആ മുഖത്ത് പഴയ ചിരി വന്നതിലെ ആശ്വാസം എനിക്ക് ഊര്‍ജ്ജം തരുണ്ട്. ബാല്യത്തിലും കൌമാരത്തിലും എന്നെ സംരക്ഷിച്ച ആ തേന്മാവിന് ഞാന്‍ എന്ത് പകരം കൊടുത്താല്‍ മതിയാകും?
എഴുതി കാടുകയറിയ ഈ ലെറ്റര്‍ എവിടെ അവസാനിപ്പക്കണം  എന്നെനിക്കറിയില്ല. ഇനിയും കണ്ടുമുട്ടാം എന്നാ പ്രത്യാശയോടെ ഇപ്പോള്‍ നിര്‍ത്തുന്നു. പ്രാര്‍ഥനയില്‍ ഞങ്ങളെയും ഓര്‍ക്കുക.

സ്നേഹത്തോടെ നവോമി.



Saturday, January 28, 2012

സ്വര്‍ണ്ണത്താലമേന്തി കര്‍ണ്ണികാരം പൂത്തുലഞ്ഞു .........




മേടച്ചൂടിലും  കുഞ്ഞു കുളിരേകാന്‍ ആ സന്ധ്യക്ക്‌ ഒരു വേനല്‍ മഴ മുറ്റത്ത്‌ ഓടിക്കളിക്കുണ്ടായിരുന്നു. 
തണുപ്പിന്‍റെ നൂലുകള്‍ മുറിയിലേക്ക് നീട്ടി, തുറന്നിട്ട ജനലഴിയിലൂടെ പ്രണയപൂര്‍വ്വം അവള്‍ വന്നെന്‍റെ മുഖം നനച്ചു. പിന്നാലെ   കൂട്ടുവന്ന 
കാറ്റ് ആവേശത്തോടെ എന്നെ കെട്ടിപ്പിടിച്ചു.    പടിപ്പുരയിലേയ്ക്ക് തുറക്കുന്ന ജനാലയിലൂടെ നോക്കിയാല്‍ കാണാം എവിടെനിന്നോ മഴവെള്ളം ഒഴുക്കികൊണ്ട് വന്ന പൂവുകള്‍ വരിവരിയായി മതിലിന്‍റെ താഴെയുള്ള ചെറിയ ഓവിലൂടെ പുറത്തേക്കു പോകുന്നു. ഈ പ്രകൃതി ശരിക്കും ഒരു വിസ്മയം തന്നെ! ഇന്ന് ഉച്ചവരെ പൊള്ളുന്ന ചൂട്, ഇപ്പോളിതാ അപ്രതീക്ഷിതമായി ഒരു മഴക്കാഴ്ച!! അങ്ങനെ പെട്ടെന്ന് വന്നുകിട്ടിയ മഴചിന്തകളില്‍    മനസ്സുടക്കിയിരിയ്ക്കുമ്പോളാണ് മതിലിനു വെളിയില്‍ ഒരു ഓട്ടോറിക്ഷ വന്നു നില്‍ക്കുന്നത് കണ്ടത്. അതില്‍ നിന്നും
 ഒരു വലിയ നീലക്കുട പുറത്തേക്കു വിടര്‍ത്തി ഒരു പെണ്‍കുട്ടി ഇറങ്ങി. ഇടത്തേക്കൈകൊണ്ട്  കുട നെഞ്ചോടു  ചേര്‍ത്തുപിടിച്ച് 

 തിരിഞ്ഞ് അവള്‍ റിക്ഷയില്‍ നിന്നും ഒരു വെളുത്ത ബാഗ് എടുത്തു വലതുതോളിലിട്ടു. തുറന്നിട്ട പടിപ്പുര കടന്ന്  തികഞ്ഞ ആത്മവിശ്വാസത്തോടെ നടന്നു വരുന്ന  അവളുടെ മുഖം ഞാന്‍ കണ്ടു.
 ***************************************
സ്വപ്നമായിരുന്നോ അത്???  വേണ്ടാ..അങ്ങനെ വിശ്വസിക്കാന്‍ എനിക്ക് തോന്നുന്നില്ല.   ഈ അടുത്തും അവള്‍ പറഞ്ഞിരുന്നു "എന്നെ  സ്വപ്നത്തില്‍ കണ്ടാല്‍, അത് പറയാതെ ഇരിക്കുക, ആരോടും, അല്ലെങ്കില്‍ ആ കണ്ട സ്വപ്നം ഫലിക്കില്ല" എന്ന്. 

 "വിഷുപ്പുലരിയില്‍ എന്ത് കാഴ്ച കാണാനാണ് നിനക്കാഗ്രഹം? എന്നവള്‍ ചോദിച്ചു.
 നിന്റെ മുഖം!
പെട്ടെന്നുള്ള എന്‍റെ മറുപടികേട്ട് അവള്‍ പൂത്തുലഞ്ഞെന്നു തോന്നി. 
"ഈ വിഷുവിനു എന്‍റെ കൂടെ കൂടുമോ? നമുക്കൊരുമിച്ചു കണിയൊരുക്കാം" അവളുടെ ഈ ചോദ്യം ആവണം എന്നെ ഒരു 
വിഷുക്കാല സ്വപ്നത്തിലെത്തിച്ചത്..
 
 അപ്രതീക്ഷിത സായാഹ്നങ്ങളില്‍ കാറ്റിന്‍റെ കൈയ്യുംപിടിച്ചു മഴ പോലെ ഓടി വന്നു നനച്ചു  കുസൃതിയോടെ ചിരിക്കുന്നതാണ്  അവളുടെ സ്നേഹം. 

വിഷുവിനു ആദ്യമായി കാണുന്ന കാഴ്ച ആ വര്‍ഷത്തെ സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്.പുതുമഴപെ
യ്യുമ്പോള്‍ പുതു വര്‍ഷം പിറക്കുന്നു എന്നായിരുന്നു  പണ്ടത്തെ വിശ്വാസം. കൊടിയ വേനലില്‍ തപിച്ച് വരണ്ടുണങ്ങിക്കിടക്കുന്ന ഭൂമി പുതുമഴയേറ്റ് തരളിതയാകുമ്പോള്‍ വസന്തത്തിന്‍റെ ആഗമനം അറിയിച്ചുകൊണ്ട്‌ സ്വര്‍ണ്ണത്താലമേന്തി കര്‍ണ്ണികാരം അടിമുടി പൂക്കുന്നു.
**********************************************

കരുവായത്തേയ്ക്കു  വിസ്മയം പോലെയാണ് ഒരു ഏപ്രില്‍ മഴയോടൊപ്പം  അവള്‍  വന്നെത്തിയത്.   എന്‍റെ അമ്മക്ക് അവളെ ഒരുപാടിഷ്ടമായി.  കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയപ്പോള്‍ അവള്‍ അമ്മയെ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു. അത്ഭുതത്തോടെ നോക്കിനിന്ന എന്നെ നോക്കുകപോലും ചെയ്യാതെ അവള്‍ ഒരു കുളിര്‍ തെന്നല്‍ പോലെ ഒഴുകി അകത്തേക്ക് പോയി.
നനഞ്ഞ വേഷം മാറി അവള്‍  അമ്മയോടൊപ്പം അടുക്കളയിലേക്ക് പോകുന്നകണ്ട് ഞാനും പത്തായപ്പുരയുടെ പിന്നാമ്പുറത്തെ  കതക്         തുറന്ന് അടുക്കള ഭാഗത്തേക്ക് ചെന്നു.  ഇനിയും വിട്ടുമാറാത്ത അത്ഭുതം
കണ്ണില്‍ നിറച്ചുനിന്ന എന്നെ, അവിടെ ചാഞ്ഞുനിന്നിരുന്ന  പുളിമരത്തില്‍ കയ്യെത്തിപിടിച്ച് കുലുക്കി മഴയുടെ ബാക്കി വന്ന ജലകണങ്ങള്‍ പെയ്യിച്ച് അവള്‍ വീണ്ടും നനച്ചു!!
 ചുണ്ടില്‍ ചിലങ്ക കെട്ടിയപോലെ കിലുങ്ങി ചിരിച്ചുകൊണ്ട് പൂമുഖത്തേക്കോ
ടിയ അവളെ ഞാന്‍ സസൂക്ഷ്മം വീക്ഷിച്ചു.

ആ മഴതോര്‍ന്ന സന്ധ്യയിലെവിടെയോ കേള്‍ക്കുന്ന കിളിപ്പാട്ട് പോലെയായിരുന്നു അവളുടെ സംസാരം. അവള്‍ക്ക്  ചെമ്പകപ്പൂ   നിറമായിരുന്നു. നീണ്ടു മെലിഞ്ഞു
 ചന്തമുള്ള   ആ കൈനിറയെ ചുവപ്പും പച്ചയും ഇടകലര്‍ത്തി   കുപ്പിവളകള്‍. വെള്ളാരം കല്ലുവച്ച നീണ്ട നീര്‍മിഴികളായിരുന്നു    അവളുടേത്‌. വെള്ളനിറമുള്ള ഡാലിയ പൂക്കള്‍ തുന്നി ചേര്‍ത്ത നീല ചുരിദാറും ഒരു വൈലറ്റ്   ഷാളും ആയിരുന്നു  വേഷം. ആയിരം വെള്ളിമണികളുള്ള കൊലുസ്സുകള്‍ അവളുടെ കാലുകളെ സ്നേഹിക്കുന്നുണ്ടായിരുന്നു.  വെയില്‍  തൊടുമ്പോള്‍ അവളുടെ മുടിയിഴകള്‍ക്കു സ്വര്‍ണ്ണത്തിളക്കം.

ഓണനാളുകള്‍ അല്ലെന്നാലും അമ്മ അവള്‍ക്കായി പടിഞ്ഞാറേ മുറ്റത്തെ ചക്കരമാവില്‍ ഒരു ഊഞ്ഞാല്‍ ഇട്ടുകൊടുത്തു. വായുവില്‍ അഴകിന്‍റെ  മഴവില്ല് വിരിയിച്ച് അവള്‍ ഊഞ്ഞാലാടി. മാവിന്‍ ചുവട്ടില്‍ നിന്ന് പിണങ്ങി മാറി നില്‍ക്കുന്ന കണിക്കൊന്നയെ ആയത്തില്‍ ആടിയെത്തി കാല്‍കൊണ്ടു തൊടാന്‍ മത്സരിച്ചു. വീട്ടില്‍ എല്ലാവര്‍ക്കും ഒരു പുതിയ ഉന്മേഷം! ഉത്സാഹം!! 
വിഷുഅവധി ആഘോഷിക്കാന്‍ തറവാട്ടിലെത്തിയ കുട്ട്യോള്‍ക്കെല്ലാം അവളോടൊപ്പം കളിക്കാന്‍ മത്സരം!!
എപ്പോഴും വാലുപോലെ പിറകെ കൂടിയ കുട്ട്യോള്‍ക്കൊപ്പം അവള്‍ തൊടികളില്‍  പാറി നടന്നു. അവള്‍ നടക്കുന്ന താളത്തില്‍ "ചിലും ചിലും" ശബ്ദം ഞാന്‍ ശ്രദ്ധിച്ചു ,  ഇത്രയും മണികള്‍ ഒന്നിച്ചു കൊഞ്ചുന്ന കൊലുസ്സ് മുന്‍പ് ഞാന്‍ കണ്ടിട്ടില്ല!! അവളുടെ പിന്നാലെ  കൂട്ടുകൂടാന്‍  വന്ന കാറ്റ് ആ  മുടിയിഴകളുടെ സുഗന്ധം തൊടിയിലാകെ തൂവിപ്പരത്തി വീശി.

വിത്തും കൈക്കോട്ടും പാടി വിഷുപ്പക്ഷി വന്നെത്തി!  വടക്കിനിക്കോലായില്‍ അമ്മ വിഷു വിളക്ക്  തെളിയിച്ചു. മഞ്ഞപ്പട്ടുടുത്ത ഉണ്ണിക്കണ്ണന്‍റെ മുന്നില്‍ പ്രപഞ്ചത്തിന്‍റെ പ്രതീകമായി ഉരുളി വച്ചു,
സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിക്കയും സൗവര്‍ണ്ണ ശോഭയുള്ള ഒരു കുല കൊന്നപ്പൂവും വച്ചു!!  രാമായണവും, സ്വര്‍ണ്ണാഭരണവും വെള്ളിനാണയവും വച്ചു,  ധാന്യം, നാളികേരം, കൃഷിഫലങ്ങള്‍ , പൂക്കള്‍, എന്നിവയും ചുറ്റുമൊരുക്കി,   അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി അങ്ങനെയെല്ലാമെല്ലാം മോടിയോടെ ഒരുക്കുവാന്‍ അമ്മയ്ക്കൊപ്പം അവളും  കൂടി.  അന്ന് രാത്രി ഉത്സവമേളമായിരുന്നു. പടക്കവും, പൂത്തിരിയും മത്താപ്പും കത്തിച്ചു എല്ലാരും ആഹ്ളാദത്തിമിര്‍പ്പിലായി.      പിറ്റേന്ന് പ്രഭാതത്തില്‍ അമ്മ വന്നുണര്‍ത്തി,   നെയ്ത്തിരിയുടെ സ്വര്‍ണ്ണപ്രകാശത്തില്‍  പൂവിന്‍റെയും പൊന്നിന്‍റെയും ഫലങ്ങളുടെയുമിടയില്‍  പ്രശോഭിക്കുന്ന കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടു.

 കൊണ്ട് വന്ന വെളുത്ത ബാഗില്‍ നിന്നും അവള്‍ ഒരു ചുവന്ന മണ്‍കുടുക്ക പുറത്തെടുത്തു, ഉമ്മറത്ത്‌ കൊണ്ടുവന്ന്  പൊട്ടിച്ചു. നിറയെ വെള്ളിനാണയങ്ങള്‍!! "ഈ വിഷൂന് എന്‍റെ കൈനീട്ടം എല്ലാര്‍ക്കുമുണ്ട്  കേട്ടോ" എന്ന് പറഞ്ഞു ഓരോരുത്തര്‍ക്കും കൊടുത്തു. അമ്മ കൈനീട്ടം മേടിച്ചു തിരികെ അവള്‍ക്ക് നെറുകയിലൊരു മുത്തം കൊടുത്തു. എനിക്കും കിട്ടി,കൈനീട്ടം  കൂടാതെ അവളുടെ ഒരു കള്ളചിരിയും!!!
 തൂശനിലയില്‍ എട്ടുകൂട്ടം തൊടുകാറികളും   തുമ്പപ്പൂ  ചോറും വിളമ്പി അമ്മ അവളെ ഉണ്ണാന്‍ വിളിച്ചു.  മൈലാഞ്ചി ഉണങ്ങാത്ത കൈകള്‍ മലര്‍ത്തിക്കാണിച്ച്‌ അവള്‍ കുറുമ്പ് കാണിച്ചപ്പോള്‍ എന്‍റെ  അമ്മ അവള്‍ക്കു നെയ്യും പരിപ്പും ചേര്‍ത്ത് ഉരുള ഉരുട്ടി ഊട്ടി.  വിരുന്നു വന്നവരോടെല്ലാം "ഇതെന്‍റെ മോളാണ്" എന്ന് പറഞ്ഞ് സ്നേഹത്തോടെ അവളുടെ സ്വര്‍ണ്ണ മുടിയില്‍ വിരലോടിച്ചു, ആ കുപ്പിവളകള്‍ അറിയാതെ അവളുടെ കയ്യില്‍ വാത്സല്ല്യത്തോടെ ഉമ്മവച്ചു.


വിഷു കഴിഞ്ഞു...യാത്ര പറയാനുള്ള വാക്കുകള്‍ അവളുടെ നെഞ്ചില്‍ കുരുങ്ങിക്കിടന്നു, അമ്മയുടെ  കണ്ണില്‍നിന്നും  വീണ നീര്‍ത്തുള്ളികള്‍  താഴെവീണ് സ്ഫടികം  പോലെ ചിതറി. കല്യാണം കഴിഞ്ഞു മകള്‍ വരന്‍റെ വീട്ടിലേക്കു പോകുമ്പോള്‍ കാണുന്ന ഹൃദയഭാരം പോലെ ഞാന്‍ അമ്മയില്‍  കണ്ടു.  നൊമ്പരം ഉടച്ച മിഴിയോടെ അവള്‍ റെയില്‍വേസ്റ്റേഷനിലേക്ക് പോകാനായി ഇറങ്ങി. കണ്ണില്‍ നിന്നും ആ വെളുത്ത കാര്‍   അകന്നുപോകും വരെ പടിപ്പുരയില്‍ നോക്കിനിന്നു ഞങ്ങള്‍.
 
പിറ്റേദിവസം പകല്‍, ഉത്സവവും ആരവങ്ങളും കഴിഞ്ഞ് പുരുഷാരമൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി വീട്. വീറോടെ ഓടി നടന്ന കുട്ട്യോളും ഇഷ്ടപ്പെട്ട കളിപ്പാട്ടം നഷ്ടായപോലെ വരാന്തയില്‍ ഇരിക്കുന്നു.  മുറ്റത്ത്‌ അതുവരെയും ചിലച്ചിരുന്ന മൈനകളും നിശബ്ദമായി. അവള്‍ കിടന്നിരുന്ന മുറി ഞാന്‍ തുറന്നു. അവളുടെ സാമീപ്യമറിയിച്ചുകൊണ്ട് കളഭത്തിന്‍ മണമുള്ള കാറ്റുവന്നു! "നിന്നോളം ഞാന്‍ ഒന്നിനെയും ഇഷ്ടപ്പെട്ടിട്ടില്ല" എന്ന് എന്‍റെ മനസ്സ് അവളോട്‌ പറയുന്നപോലെ തോന്നി.  
അവള്‍ പോയ  ശൂന്യതയില്‍ ഉറക്കം തൂങ്ങി നിന്ന തൊടിയിലൂടെ  വെറുതെ നടക്കുമ്പോള്‍ ഞാന്‍ ആ കാഴ്ച കണ്ടു  പറമ്പിന്റെ മൂലക്കുള്ള കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നു. ഇത് വരെ എവിടെയോ ഒളിപ്പിച്ചുവച്ചിരുന്ന മെയ്യാഭരണപ്പെട്ടി തുറന്നു ആഭരണങ്ങള്‍ വാരിയണിഞ്ഞതുപോലെ . കൊന്നച്ചുവട്ടില്‍ ഉറക്കം തൂങ്ങി നിന്ന കുറുമൊഴി മുല്ലയ്ക്കുമുണ്ട്  മാറ്റം. കൂട്ടുകാരിയുടെ സന്തോഷം കണ്ടാകാം വള്ളികളില്‍ നിറയെ പൂമൊട്ടുകളുടെ പുഞ്ചിരി.
 
ഇതിനു മുന്‍പ്  എത്ര വിഷു വന്നു പോയീ..ഇതുവര  ആ കണിക്കൊന്ന ഇങ്ങനെ സ്വര്‍ണ്ണനിറത്തില്‍ മനസ്സ് തുറന്നു ചിരിച്ചിട്ടില്ല!!
 
ആ കൊന്നച്ചുവട്ടില്‍ കിടന്ന ഒരുപിടി പൂക്കള്‍ കൈക്കുമ്പിളില്‍
വാരിയെടുത്ത്  അമ്മ പറഞ്ഞു- "ഐശ്വര്യമുള്ള പെണ്ണ്  കുടുംബത്ത് വന്നുകേറിയാല്‍ പൂക്കാത്ത കൊന്നയും പൂത്തുലയും"!!!  



Friday, January 6, 2012

അന്ന് പെയ്ത തുലാമഴയില്‍.............

"രുട്ടും മുന്‍പ് നീ വരാന്‍ നോക്കൂ..ഈ നശിച്ച  മഴ കാരണം ഇവിടെ കറണ്ടുമില്ല, ആകെ ഇരുട്ട്. ആ കൈപ്പള്ളിക്കാരുടെ ഒരു വലിയ ആഞ്ഞിലിമരം ഇലക്ട്രിക്‌ലൈന്‍ വലിച്ചതിന് മുകളില്‍ വീണിരിക്കുന്നു". എപ്പോള്‍ തുടങ്ങിയതാ ഈ മഴ, ഒരു അവസാനം വേണ്ടേ ഇതിനു? തുള്ളിക്കൊരു കുടം പോലെ കുടഞ്ഞിടുവല്ലേ" ഫോണിലൂടെ കേട്ട വലിയമ്മയുടെ ശബ്ദത്തില്‍ മഴയോടുള്ള സര്‍വ്വ ദേഷ്യവും പ്രകടമായിരുന്നു.
ഭൂമിയിലെ അലൌകികമായ അനുഭവങ്ങളില്‍ ഒന്നാണ് മഴയെങ്കിലും, ഒഴിച്ചുകൂടാനാകാത്ത ഭൌതിക സാഹചര്യത്തില്‍ മഴ എപ്പോഴും എല്ലാ മനുഷ്യര്‍ക്കും തുറന്ന മനസ്സോടെ അനുഭവിക്കാന്‍ പറ്റാത്ത ഒന്നാണ്. ആകാശം മുഴുവന്‍ പൊട്ടിയൊലിക്കുന്നപോലെയുള്ള  പേമാരിയില്‍, വറുതി, രോഗം, മരണം എന്നീ ദുരനുഭവങ്ങള്‍ അധികമാകുമ്പോള്‍, മഴക്കാല ഓര്‍മ്മകള്‍ ചിലരില്‍ കണ്ണീരിന്‍റെ നനവ്‌ പടര്‍ത്തും. തോരാതെ പെയ്ത ഒരു തുലാമഴക്കൊപ്പമാണ് എനിക്ക്  പ്രിയപ്പെട്ട  മറ്റേമ്മ യാത്ര പറഞ്ഞു പോയത്.
നാളെ മറ്റേമ്മയുടെ ആണ്ടുബലി, കരുവായത്തു തറവാട്ടു വീട്ടില്‍ ചടങ്ങുകളുണ്ട്‌. വലിയമ്മ ഇത് മൂന്നാം തവണയാണ്  വിളിക്കുന്നത്‌. മഴ കുറച്ചൊന്നു തോര്‍ന്നിട്ട് പോകാമെന്ന് കരുതി ഇത്ര നേരമായി. ഇനിയും വൈകിക്കുന്നത് ബുദ്ധിയല്ല. ഇരുണ്ട് കൂടുന്ന കാര്‍മേഘങ്ങളില്‍ ഇരുട്ട് പരക്കുന്നു.

തറവാട്ടിലേക്കുള്ള യാത്രയില്‍ എപ്പോഴും ഉള്‍പ്പുളകത്തോടെ പഴയ ഓര്‍മ്മകള്‍ കടന്നുവരും. പാട്ടുകളും സ്വപ്നങ്ങളും, പൂക്കളും കിളികളും മാത്രം കൂട്ടുണ്ടാരുന്ന ഒരു ബാല്യകാലം. മനുഷ്യനെക്കാള്‍ പ്രകൃതിയോടാരുന്നു  പ്രണയം തോന്നിയിരുന്നത്. വീടിന്‍റെ പടിഞ്ഞാറേ തൊടിയുടെ താഴെക്കൂടെ, കൈതപ്പൂവുകളെ മുട്ടിയുരുമ്മി  ഒഴുകിയിരുന്ന കുലീനയായ കരമനയാറ്. നല്ല  തറവാടിയായ ഒരു പെണ്‍കിടാവിനെ പോലെ കുണുക്കവും ഇളക്കവുമൊന്നുമില്ലാതെ, കുഞ്ഞോളങ്ങള്‍ക്ക്  ഇക്കിളിപ്പെടുത്തുന്ന കൌമാര ഭാവങ്ങളില്ലാതെ   ശാന്തമായി അവള്‍ അന്നൊഴുകിയിരുന്നു. ആ ശാലീനതയെ ആരും പ്രണയിച്ചു പോകും!! ചാറ്റല്‍ മഴനനഞ്ഞു ആറ്റിറമ്പില്‍ പോയി ആരും കാണാതെ പരല്‍ മീനുകളെ കണ്ടും, തുമ്പിയും, ശലഭവും, കുയിലും, കാക്കയുമോക്കെപോലെ പറന്നു കളിക്കാന്‍ മോഹിച്ചും, ആ മണ്ണില്‍ ജനിച്ച് അഞ്ചോ ആറോ വര്‍ഷം മാത്രം പരിചയമുള്ള  എനിക്ക് എല്ലാമെല്ലാം അത്ഭുതവും കൌതുകവുമായിരുന്ന ആ കാലം. മനുഷ്യരുടെ കാലുഷ്യം മനസ്സിനെ പൊള്ളിച്ചു തുടങ്ങിയിട്ടില്ലാത്ത, പരിലാളനങ്ങളും സ്നേഹവാത്സല്യങ്ങളും വേണ്ടുവോളം പകര്‍ന്നു കിട്ടിയിരുന്ന കുട്ടിക്കാലം. ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ഈ ഓര്‍മകളൊക്കെ ഊതിക്കാച്ചിയ പൊന്നുപോലെ ഒരു പട്ടില്‍ പൊതിഞ്ഞു ഞാന്‍ നെഞ്ചിന്നുള്ളില്‍ സൂക്ഷിക്കും.

അറിവിന്‍റെ ആദ്യാക്ഷരം കുറിച്ചതും അവിടെനിന്നായിരുന്നു. നവരാത്രി വൃതമെടുപ്പിച്ച് അക്ഷരത്തിന്‍റെ ആനന്ദസാരസ്വതം നുകരുവാന്‍ എന്നെ അമ്മയായിരുന്നു ഒരുക്കിയത്. മഞ്ഞനിറത്തിലുള്ള കുഞ്ഞു  നേര്യതുമുണ്ടുടുത്തു അപ്പൂപ്പന്‍റെ മടിയിലിരുന്നു, നാവിന്‍ തുമ്പില്‍ മോതിരം കൊണ്ട് ഹരി ശ്രീ എന്ന്  എഴുതിതന്നപ്പോള്‍ അതിനു അമൃതിന്‍റെ മധുരം . പിന്നെയങ്ങോട്ട് അക്ഷരലോകത്തേക്ക് പിച്ചവച്ചു നടക്കുമ്പോള്‍ മറ്റേമ്മ കൂട്ടുണ്ടാരുന്നു. വീട്ടിലെ മാവിന്‍ ചുവട്ടിലും, പടിഞ്ഞാറേ ആറ്റിറമ്പിലും, അടുക്കളക്ക് പിറകിലുള്ള കമ്പിളിനാരകത്തിന്‍റെ തണലിലും, മഴയുള്ളപ്പോള്‍ ആ നീണ്ട വരാന്തയിലും ഒക്കെ ഇരുന്നു, കൈപിടിച്ചെഴുതിച്ചും ചന്ദനമണമുള്ള കഥകള്‍ പറഞ്ഞും അറിവിന്‍റെ പൂവിതളുകള്‍ എന്നില്‍ വിരിയിക്കാന്‍ ആ പുണ്യാത്മാവ് കൂട്ടിരുന്നു. കഥകള്‍ കേട്ടാല്‍ മതിവരാത്ത പ്രായം,  ചന്ദ്രിക സോപ്പിന്‍റെയും പേരറിയാത്ത ഏതോ സുഗന്ധ തൈലത്തിന്‍റെയും സമ്മിശ്രമണമുള്ള അവരെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അവാച്യമായ ഒരു സുരക്ഷിതത്ത്വ ബോധത്തില്‍ തോന്നുന്ന ഒരു വിധേയത്വം എന്‍റെ ഉള്ളിലുണ്ടാകുമായിരുന്നു. പേടിപ്പെടുത്തുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ എന്റെ കുഞ്ഞു മനസ്സില്‍ വിഭ്രാന്തിയുടെ കറുത്ത പക്ഷികള്‍ ചിറകടിച്ചുയരുന്നത് മനസ്സിലാക്കി നെഞ്ചോടു ചേര്‍ത്ത് പിടിച്ചു വാത്സല്യത്തോടെ മുടിയില്‍ തലോടിയ ആ വിരലുകളുടെ തണുപ്പ് ഇപ്പോഴും കൂടെയുണ്ട്. അവരുടെ മനസ്സിന്‍റെ  നന്മകളെ കുറിച്ചോര്‍ക്കുമ്പോള്‍ ദൈവത്തിന്റെ തൂവല്‍ സ്പര്‍ശമായി അതെന്‍റെ  ഹൃദയത്തില്‍ തൊടും. അതൊരു നോവായി,നഷ്ടമായി എന്നില്‍ നിറയും.

മഴ ഇപ്പോഴും തോര്‍ന്നിട്ടില്ല, കാറ്റില്‍ മഴത്തുള്ളികള്‍ കാറിന്റെ മുന്‍ വശത്തെ ഗ്ലാസ്സില്‍ അലറി വീണുകൊണ്ടിരുന്നു. വൈപ്പര്‍ ശക്തിയായി പ്രവര്‍ത്തിച്ചിട്ടും റോഡ് അവ്യക്തമായി കാണപ്പെട്ടു. ബസ്സുകളുടെ പുറകിലൂടെ  കാർ നീങ്ങുമ്പോൾ പുഴപോലെയൊഴുകുന്ന റോഡ്. പെട്ടെന്ന് കാറിന്റെ ഗ്ലാസ്സുകളില്‍ മൂടല്‍മഞ്ഞ് പൊതിഞ്ഞതുപോലെ മങ്ങി. ഇപ്പോള്‍ കാറിനകം ഇരുണ്ട ഗുഹപോലെ ഭയപ്പെടുത്തുന്നതായി എനിക്ക് തോന്നി. ഏ.സി. ഓണ്‍ ചെയ്തപ്പോള്‍ ഗ്ലാസ്സിലെ മൂടല്‍ നീങ്ങി. പുറം കാഴ്ചകള്‍ ചെറുതായി തെളിഞ്ഞു വന്നു. ഇരുവശത്തും ഉയരത്തില് തിങ്ങിനില്ക്കുന്ന മരങ്ങള്ക്കിടയിലൂടെ മഴനൂലുകളെ കീറിമുറിച്ചുകൊണ്ട് ഹെഡ് ലൈറ്റിന്‍റെ പ്രകാശത്തില്‍   മുന്നോട്ട് മെല്ലെ ഇഴഞ്ഞു നീങ്ങി. റോഡില്‍ നിറയെ ചുവന്ന മണ്ണിന്‍റെ നിറത്തില്‍  വെള്ളം നിറഞ്ഞ് ശരിയായ വഴി ഏതെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായി. മഴവെള്ളവും ഇരുട്ടും നിറഞ്ഞുകിടക്കുന്ന, തിരിച്ചറിയാനാകാത്ത റോഡിലൂടെ കാറ്റിനെ കീഴടക്കി വീട്ടിലെത്തുന്നതിനെ പറ്റിയാണ് ഞാന്‍ ചിന്തിച്ചത്.വീട്ടിലേക്കുള്ള ചെമ്മണ്ണു  വഴിയിലൂടെ  വണ്ടി ഓടിച്ചു പോവുക ശ്രമകരമായ കാര്യമായതുകൊണ്ട്  ഇനിയും മുന്നോട്ട് പോകാനാവാതെ ഞാന്‍  കാര്‍ റോഡിന്‍റെ ഇടതു വശത്തുള്ള കൈപ്പള്ളിക്കാരുടെ വീട്ടില്‍  ഒതുക്കിയിട്ടു. അവിടെനിന്നും പാടത്തിന്‍റെ സൈഡിലൂടെ നടന്നാല്‍ പത്തുമിനിറ്റ് കൊണ്ട് വീടെത്താം, മഴയില്ലെങ്കില്‍ സ്കൂളിന് എതിര്‍വശത്തുള്ള ചെറിയ പാലത്തിലൂടെ ഓടിച്ചു പോകാം. പക്ഷെ ഇപ്പോള്‍ വെള്ളം കയറി പാലം കാണാന്‍ പറ്റണില്ല. ലൈറ്റ് ഓഫ്‌ ചെയ്തപ്പോഴാണ് മുന്നിലെ അന്ധകാരം ശരിക്കും അറിയാന്‍ കഴിഞ്ഞത്. വഴിവിളക്കുകള്‍ എല്ലാം മഴയില്‍ കുതിര്‍ന്ന് ബോധമറ്റ് മരവിച്ചു കിടക്കുന്നു!!!  വീടുവരെ വണ്ടി ഓടിച്ചു ചെല്ലാം എന്ന വിശ്വാസത്തിലിരുന്നകൊണ്ട് കുടയും ടോര്‍ച്ചും എടുത്തതുമില്ല. ആരോടോ മത്സരിക്കാന്‍ വീശിയടിച്ച കാറ്റ് മഴത്തുള്ളികള്‍ കൊണ്ട് എന്നെ  വരിഞ്ഞുമുറുക്കി. നിശബ്ദ്ദതയില്‍ മഴയുടെ സംഗീതം മാത്രം!!!

സ്ഥിരമായി അതിലേ  നടക്കുന്നവര്‍ക്ക് ഏതു ഇരുട്ടിലും ആ വഴി പരിചിതമായിരിക്കും, ഞാന്‍ അത് പോലെ അല്ലല്ലോ, ഓരോ അവധിക്കാലത്തും തിരക്കൊഴിഞ്ഞ ഒരു പകല്‍ സമയം  ഒന്ന് വന്നു പോകും, ഓരോ വരവിലും വഴിയില്‍ പല മാറ്റങ്ങളും ഉണ്ടാകും!! ഇത്രേം വൈകിയത് തീര്‍ത്തും അബദ്ധമായീ  എന്ന് മനസ്സിലോര്‍ത്തു. ഒരു ഊഹം വച്ച് നടക്കാം എന്നുറച്ചു വേഗത്തില്‍ നടന്നു സ്കൂളിന് മുന്നേയുള്ള  ഇറക്കത്തിലെ വളവു കടക്കുമ്പോള്‍  ഒരു പ്രകാശം!! ആരോ ടോര്‍ച്ചുമായി എതിരെ വരുന്നുണ്ട്. അടുത്തെത്തിയപ്പോള്‍ കയ്യിലെ വെളിച്ചം മുകളിലേക്ക് തെളിയിച്ചു,
 അയാള്‍ എന്നെ നോക്കി, തികച്ചും പരിചിതനെപോലെ,
 "ആഹാ.. ഇതാരാ, എന്താ ഈ രാത്രിയില്‍ ഒരു വരവ്??" എന്ന് ചോദിച്ചു.
സത്യത്തില്‍ ഒറ്റനോട്ടത്തില്‍ എനിക്കത് ആരാണെന്ന് മനസ്സിലായില്ല. എങ്കിലും അത് പുറത്തു കാണിക്കാതെ ഒരു ചിരി വരുത്തി ആ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍,
അയാള്‍ വീണ്ടും "കുറച്ചു പച്ചക്കറികളും മറ്റു സാധനങ്ങളും കരുവായത്ത് കൊണ്ട് കൊടുത്തു,പിന്നെ  കട അടച്ചു ഞാന്‍ ദേ ഇപ്പോള്‍ വരണേയുള്ളൂ"  എന്ന് പറഞ്ഞു!!! ആളെ പിടികിട്ടി, സുധാകരേട്ടന്‍!!
സൂപ്പര്‍ മാര്‍ക്കെറ്റും മാര്‍ജിന്‍ ഫ്രീ ഷോപ്പും ഒക്കെ വരും മുന്‍പേ പലചരക്കും പച്ചക്കറിയും റീടെയില്‍ ആയി വില്‍ക്കുന്ന കടയും, ഒരു ചെറിയ ബേക്കറിയും  നടത്തി, ഗ്രാമത്തിന്‍റെ നന്മയോടെ കച്ചവടം ചെയ്ത്  ആ ചെറിയ ലോകത്ത് ജീവിക്കുന്ന പാവം കച്ചവടക്കാരന്‍.
"നേരത്തെ വരണം കരുതിയതാ ചേട്ടാ, വൈകിപ്പോയി, പെരുമഴയും"  ഞാന്‍ പറഞ്ഞു.

"കുട ഇല്ലേ? എന്നാല്‍ ഇവിടെ നിന്ന് ഇനി ചാറ്റല്‍മഴ നനയണ്ട, മഴ കൂടും മുന്‍പേ പെട്ടെന്ന് നടന്നു കേറിക്കൊളിന്‍, രാവിലെ കാണാം" എന്ന് പറഞ്ഞു നടന്നു.
ഒരു പത്തിരുപതു ചുവടു മാത്രമേ നടന്നുള്ളൂ..അപ്പോഴേക്കും വീശിയടിക്കുന്ന കാറ്റിനോടൊപ്പം ആരോടോ ഉള്ള പക തീര്‍ക്കാനെന്ന പോലെ  ദൂരെ നിന്നും മഴ ശക്തിയോടെ ഇരച്ചു വരുന്ന ശബ്ദം കേട്ടു, അടുത്തെത്തും  മുന്‍പേ നനയാതെ രക്ഷപ്പെടാമെന്നു കരുതി സുധാകരേട്ടന്‍റെ കട ലക്ഷ്യമാക്കി ഓടി. അവിടെ കേറിനിന്ന് മഴ ഒന്ന് തോര്‍ന്നിട്ട് വീട്ടിലേക്കു പോകാമെന്നാണ് മനസ്സില്‍. തലയിലൂടെ  വീഴുന്ന മഴ വെള്ളം കണ്ണിന്റെ കാഴച മറച്ച് ഒഴുകി  ഇറങ്ങി. കടയുടെ അടുത്തേക്ക്  ഓടിയെത്തിയപ്പോള്‍  ‍എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുടയും പിടിച്ചു ഒരു ഒരു സ്ത്രീ രൂപം കടവരാന്തയില്‍ നിന്നും ഇറങ്ങിവരുന്നു. കാറ്റത്ത് ശക്തിയായി മുഖത്ത് വന്നടിക്കുന്ന മഴത്തുള്ളികള്‍ സമ്മാനിച്ച സുഖമുള്ള വേദനയിലും, മിന്നലിന്‍റെ വെള്ളിവെളിച്ചത്തില്‍ ആ മുഖം ശരിക്കും ഞാന്‍ കണ്ടു. സാരിത്തലപ്പു കൊണ്ടു മൂടിയാണു ഇരിക്കുന്നതെങ്കിലും മുഖത്ത്‌ വീണ വെളിച്ചം ആളിനെ തിരിച്ചറിയാന്‍ പോരുന്നതായി,  ഗായത്രി!! മംഗലത്തെ കൈമളു മാഷിന്‍റെ രണ്ടാമത്തെ മകള്‍. 
"പേടിച്ചു പോയല്ലോ, ഇതെന്താ ഈ  ഇരുട്ടിലും മഴയിലും ഒറ്റയ്ക്ക്?"  ഞാന്‍ തെല്ലൊരു അമ്പരപ്പോടെ ചോദിച്ചു!!!
"ഹ ഹ...പേടിക്കണ്ട, ഏതായാലും ഈ ഇരുട്ടിലെങ്കിലും  കാണാത്തവരെ ഒക്കെ ഒന്ന് കാണാന്‍ പറ്റിയല്ലോ? അവര്‍ ചിരിച്ചു.
"ഗിരീഷേട്ടന്‍ വരാന്‍ വൈകും, കുട എടുക്കാണ്ടാ പോയേ, ഈ കടയില്‍ ഒരു കുട ഏല്‍പ്പിച്ചു പോകാം കരുതി വന്നതാ, അപ്പോഴേക്കും സുധാരേട്ടന്‍ കട  അടച്ചു പോയീ". 
ചുവന്ന ഒരു സാരിയാണ് അവര്‍ ധരിച്ചിരുന്നത്..എന്നെക്കാളും രണ്ടു വയസ്സിന്റെ മൂപ്പ് ഉള്ളത് കൊണ്ട് ഗായത്രി പണ്ട് മുതലേ  എന്റെമേല്‍ ഒരു 'ചേച്ചി അധികാരം' സ്വയം പിടിച്ചെടുത്തിരുന്നു. കുറഞ്ഞത്‌ ഒരു പത്തു വര്‍ഷമെങ്കിലും  ആയിട്ടുണ്ടാകും കണ്ടിട്ട്, എങ്കിലും അത്രയും വര്‍ഷത്തെ മാറ്റമൊന്നും  കാലം ആ മുഖത്ത് വരുത്തിയിട്ടില്ല എന്ന് തോന്നി. 
"നോക്കി നില്‍ക്കാതെ ഈ കുട പിടിച്ചു നടന്നോളൂ, മഴ  നനയാന്‍കൊതിയാണോ?" ഗായത്രിയുടെ ചോദ്യം എന്‍റെ കണ്ണുകളെ അവരുടെ മുഖത്തുനിന്നും തിരിച്ചു വിളിച്ചു. 
ചരിഞ്ഞു വീശുന്ന മഴക്കാറ്റിനെ വെല്ലുവിളിച്ചുകൊണ്ട് അവളുടെ നെറ്റിയില്‍ ഒരു വലിയ സിന്ദൂര പൊട്ടു നനയാതെ തെളിഞ്ഞു കിടക്കുന്നു!
ഇരച്ചു പെയ്യുന്ന മഴ,ശക്തിയായി വീശുന്ന കാറ്റിലൂടെ ചരിഞ്ഞു വീഴുന്ന സ്ഫടികക്കയറുകള്‍  പോലെ തോന്നി. കുട ഒരു വശത്തേക്ക് ചരിച്ചു പിടിച്ച് ഞങ്ങള്‍ മുന്നോട്ടു നടന്നു.
പണ്ട് തൊട്ടേ അവാച്യമായ ഒരു ആത്മ ബന്ധം അവരോടു തോന്നിയിരുന്നു.  കൈമളുമാഷിനു ആണ്‍കുട്ടികള്‍ ഇല്ലാതിരുന്നകൊണ്ട് എന്നെ 
മകനെ പോലെ സ്നേഹമായിരുന്നു, ആ സ്നേഹം ഗായത്രിക്കും എന്നോടുണ്ടാരുന്നു. 
"ഓര്‍മ്മയുണ്ടോ, പണ്ട് ഇത് പോലെ ഒരു  മഴയില്‍ നിന്നെ കാണാതായത്"? മുഖത്തേക്ക് വീണ നനഞ്ഞ മുടി കൈകൊണ്ടു പുറകോട്ടോതുക്കി  അവര്‍  ചോദിച്ചു.  
 "അന്ന് കരുവായത്തമ്മയും അപ്പൂപ്പനും, എന്റെ അച്ഛനും നിന്നെ തിരക്കി
 ആറ്റുകടവിലും വെള്ളം നിറഞ്ഞു കിടന്ന കിഴക്കേ പാടത്തും  ഒക്കെ അന്യേഷിച്ചു
 ഓടി നടന്നത്"?
"ഓര്‍മയുണ്ട്" 
"ഹും", അന്ന് സ്കൂളില്‍ ചോറുകൊണ്ട്    പോയ പാത്രം കൈത്തോടില്‍ ഒഴുക്കി അതിന്റെ കൂടെ ഓടിക്കളിച്ചു വരുമ്പോള്‍, പാത്രം വലിയ ഒഴുക്കില്‍ പെട്ട് തോട്ടിലേക്ക് പോയീ" , "അതില്ലാതെ വീട്ടില്‍ ചെന്നാല്‍ അമ്മ തല്ലുമെന്ന് പേടിച്ചു കൈതക്കാട്ടില്‍ പേടിച്ചിരുന്നു കരയുവായിരുന്നു നീ"  അത് പറഞ്ഞു അവര്‍ എന്റെ മുഖത്തേക്ക് ചിരിച്ചു കൊണ്ട് നോക്കി.
ഞാനും ചിരിച്ചു.
"അന്ന് ശരിക്കും ഞങ്ങള്‍ എല്ലാരും പേടിച്ചു"
എനിക്ക് ഓര്‍മയുണ്ട്, അന്ന് അമ്മയും അമ്മാവനും, മത്സരിച്ചു എനിക്ക് തല്ലു തന്നപ്പോള്‍ കരഞ്ഞു കൊണ്ട് പത്തായപ്പുരയുടെ അടുത്തിരുന്ന എന്നെ, ഒരു കൈനിറയെ കല്‍ക്കണ്ടം നിറച്ചു കൊണ്ട് വന്ന് കണ്ണുനീര്‍ തുടച്ചു സന്തോഷിപ്പിച്ചത് ഈ രണ്ടു വയസ്സ് മൂപ്പുള്ള ചേച്ചി ആയിരുന്നു. 
"കല്യാണം കഴിഞ്ഞത് ഞാന്‍ അമ്മ പറഞ്ഞാണ് അറിഞ്ഞത്, എത്ര കുട്ടികളാ"?
"രണ്ടു ആണ്‍കുട്ടികള്‍"  ഇരട്ടകളാണ് കേട്ടോ, ഒരാള് ഗിരീഷേട്ടന്‍റെ വീട്ടിലാ" , മറ്റേയാള്  ഇവിടെ"
ഗായത്രിയെ കൂട്ട് കിട്ടിയത് ഭാഗ്യമായി എന്ന് ആ സംസാരത്തിനിടക്ക്‌ ഞാനോര്‍ത്തു. കാരണം, മഴവെള്ളം നിറഞ്ഞു പാടവരമ്പു മനസ്സിലാക്കാന്‍ പാടായിരുന്നു. ഒറ്റക്കായിരുന്നെങ്കില്‍ വഴിതെറ്റി ഉറപ്പായും വെള്ളം നിറഞ്ഞ പാടത്തു വീണേനെ.
ചുരുങ്ങിയ സമയം കൊണ്ട് കുറേ  സ്നേഹാന്യേഷണങ്ങള്‍ പങ്കുവച്ച്  പടിപ്പുര എത്തിയതു അറിഞ്ഞില്ല.

"ഇനി കേറി  പൊയ്കോളൂ, കുട ഞാന്‍ നാളെ മേടിച്ചോളാം" കുറെ കാലം കൂടി നിന്നെ കണ്ടത്തില്‍ സന്തോഷമുണ്ട് കേട്ടോ, എന്നാല്‍ ഞാന്‍ പോണു"  എന്ന് പറഞ്ഞു ഇരുട്ടിലേക്ക് നടന്നു നീങ്ങി അവര്‍. അവിടെ നിന്നും മൂന്നാമത്തെ വീടാണ് അവരുടേത്. ഇരുട്ട് വിഴുങ്ങിയ ആ രാത്രിയില്‍ ഒരു പേടിയുമില്ലാതെ അവര്‍ നടന്നു പോകുന്നത് അവിടെ നിന്നും ഞാന്‍ നോക്കി.

പടിപ്പുര തുറന്നു അകത്തു കയറി. കുട അവിടെ മടക്കി വച്ചു. അകത്തു എമര്‍ജന്‍സി ലാമ്പിന്‍റെ  വെളിച്ചം കാണാം. 
"അയ്യോ, ആകെ നനഞ്ഞുവല്ലോ നീയ്, പോയി തലതോര്‍ത്തി വേഷം മാറിക്കോളൂ." കണ്ടപ്പോള്‍ തന്നെ വലിയമ്മ പറഞ്ഞു.
"ഈ മഴ തോര്‍ന്നിട്ടില്ല ഇന്ന്, ആര്‍ക്കും എങ്ങോട്ടും പോകണ്ട, മൂന്നു ദിവസായി ഈ മുളക് ഒന്ന് ഉണക്കാമെന്ന് വിചാരിച്ചു എടുത്തു വക്കുന്നു, നശിച്ച മഴ ഒന്ന് തോരണ്ടേ?" അകത്തുനിന്നു നനഞ്ഞ തുണി മാറുമ്പോള്‍ കേള്‍ക്കാമായിരുന്നു വല്യമ്മ മഴയെ ശപിക്കുന്നത്‌.
"നീ ആ ഭസ്മം നെറുകയില്‍ കുറച്ചിട്ടോളൂ, പനി പിടിപ്പിക്കണ്ട" , ഞാന്‍ കഴിക്കാനെടുക്കാം" എന്ന് പറഞ്ഞു അടുക്കളയിലേക്കു പോയീ..
വേഷം മാറി അടുക്കളയില്‍ചെന്നു, കസേരയില്‍ ഇരുന്നു. "നേരത്തെ ഇറങ്ങാന്‍ പറ്റിയില്ല" കൈപ്പള്ളിയില്‍ കാര്‍ ഇട്ടിട്ടുണ്ട്, അവിടുന്ന് നടക്കുമ്പോള്‍ ചെറിയ മഴയെ ഉണ്ടായുള്ളൂ..പിന്നെയാണ് കനത്തത്, പക്ഷെ ഗായത്രിയെ കണ്ടത് ഭാഗ്യായീ..ഒരു കുട കിട്ടി, പിന്നെ വഴിയും അത്ര നിശ്ചയം ഇല്ലാരുന്നു..അവര്‍ ഉണ്ടായത് കൊണ്ട്  അങ്ങനെയും രക്ഷയായീ"
"ഏതു ഗായത്രി"?? വല്യമ്മ പുരികം ചുളിച്ചു ചോദിച്ചു..
"മംഗലത്തെ, നമ്മുടെ കൈമാളുമാഷിന്‍റെ  മകളേ" ഞാന്‍ പറഞ്ഞു.
"നീ എന്താ ഈ പറയണേ? അവള്‍ എങ്ങനെയാ നിന്‍റെ കൂടെ വരുക"? 
"അതെന്താ, ഗിരീഷ്‌ എട്ടന് കുട കൊണ്ട് വയ്ക്കാന്‍ വന്നതാ, അപ്പോഴേക്കും സുദാരേട്ടന്‍ കട അടച്ചു പോയീ, അതെനിക്ക് ഉപകാരായീ"  ഞാന്‍ പിന്നെയും പറഞ്ഞു.
"അല്ല മോനെ,,,,,'' വല്യമ്മയുടെ ശബ്ദം വിറച്ചിരുന്നോ??????
ഞാന്‍ സൂക്ഷിച്ചു നോക്കി..
"മോനെ ഗായത്രി മരിച്ചു മൂന്നു കൊല്ലം ആകുന്നു".!!!!!!!!!!!!!!!!!!!!!
വജ്രവാളു പോലെ ഒരുമിന്നല്‍ പോയത് മുറ്റത്തല്ല , എന്‍റെ നെഞ്ചിലായിരുന്നു!!!!!
ആ തണുപ്പിലും എന്‍റെ  തൊണ്ടയില്‍ ചൂട് കനത്തു നിന്നു.  
 ഞാന്‍ മുറ്റത്തേക്ക്  ഓടി, പടിപ്പുരയുടെ സൈഡില്‍ ചാരി വച്ചിരുന്ന ആ കുടയുടെ നനവില്‍ തൊട്ടുനോക്കി..എന്‍റെ കൈകള്‍
 വിറച്ചിരുന്നു.. 
 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കൈക്കുടന്നയില്‍ കല്‍ക്കണ്ടവുമായി എന്‍റെ മുന്നിലെത്തിയ ഗായത്രി,
ഇന്ന് വീണ്ടും ഓര്‍മകളെ പുനര്‍ജനിപ്പിക്കാന്‍ മൃതസന്ജീവനിയുമായി എത്തിയപോലെ  അപ്രതീക്ഷിതമായി എന്‍റെ മുന്നില്‍!!! കാലം എന്തൊക്കെയാണ് സൂക്ഷിച്ചു വച്ചിരിക്കുന്നത്!! ‍ 

Wednesday, December 28, 2011

പനിനീര് പെയ്ത വഴിയിലൂടെ (2).​.........

കാശവും എന്റെ മനസ്സും ഒഴിഞ്ഞു കിടക്കുന്നു.  റൂമിലേക്കുള്ള ആ മടക്കയാത്രയില്‍ ഒരുപിടി ചോദ്യങ്ങളും ഉത്തരങ്ങളും വാക്കുകളായി പുറത്തുവരാതെ മനസ്സിന്‍റെ ഉള്ളില്‍ കിടന്നു ശ്വാസംമുട്ടി.  നെഞ്ചില്‍ പെയ്തൊഴിയാന്‍ ഒരു കാര്‍മേഘം വിങ്ങി. 

"നല്ല ക്ഷീണം ഉണ്ട്" ഞാന്‍ ഒന്ന് ഫ്രഷ്‌ ആയി വരാം", ഹോട്ടലില്‍ എത്തിയിട്ട് അവള്‍ ആദ്യമായി എന്‍റെ മുഖത്തേക്ക് നോക്കി  പറഞ്ഞത് അതായിരുന്നു!!

"അപ്പോഴേക്കും ഞാന്‍ ഇവിടെനിന്നുള്ള  യാത്രയുടെ കാര്യം അന്യേഷിച്ചു വരാം"  ഞാന്‍ പുറത്തേക്കിറങ്ങി. 

തിരിച്ചു വരുമ്പോള്‍ അവള്‍  ജനാലയിലൂടെ പുറത്തേക്കു നോക്കി നില്‍ക്കുകയായിരുന്നു. 

ആ നീണ്ട ഇടനാഴിയില്‍ ചാഞ്ഞു വീണു നിഴല്‍ വീഴ്ത്തിയ സൂര്യന്‍റെ ചുവന്ന വെളിച്ചത്തിനും, റോഡിനു എതിര്‍വശത്ത് മനസ്സിനെ മോഹിപ്പിച്ചു നിറഞ്ഞു പൂത്തുനില്‍ക്കുന്ന ചുവന്ന  വാകമരങ്ങള്‍്ക്കും, ജാലകങ്ങള്‍ക്കപ്പുറം പെയ്തൊഴിഞ്ഞ   തുലാമഴയ്കും അപ്പുറത്തേക്ക്... ദൂരേയ്ക്ക്  നോക്കി!!  കണ്ടുമുട്ടിയ ഈ  ദിനത്തിന്‍റെ ചിന്തകള്‍ ആകണം ആ മനസ്സില്‍ എന്ന് ഞാന്‍ ഊഹിച്ചു.
 
"എന്താ, വലിയ ആലോചനയില്‍ ആണെന്ന് തോന്നുന്നുവല്ലോ"? എന്റെ ചോദ്യം അവളെ ചിന്തകളില്‍ നിന്നും തിരികെ കൊണ്ടുവന്നു.

"മനസ്സൊഴുകും  വഴി എപ്പോഴും   മുന്‍വിധികള്‍ക്കും
നിയമങ്ങള്‍ക്കും   അതീതമാണല്ലോ, അതിനു കടിഞ്ഞാണില്ല" 
"നമുക്ക് ആ റോഡിനു അപ്പുറത്തേക്കൊന്നു പോയാലോ? നോക്കൂ അവിടെയൊരു  പാര്‍ക്കാണ്.അതിന്‍റെ അപ്പുറം കടല്‍, കുറച്ചുനേരം നടക്കാം"!! 
പാര്‍ക്കിലേക്കുള്ള  ഇടവഴികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിയായി  പെയ്തമഴയില്‍  നിറഞ്ഞുകിടന്ന  വെള്ളം ചാലുകള്‍ കീറി  കടലിനെ ചേര്‍ന്ന് കിടക്കുന്ന കായലിലേക്ക്   ഒഴുക്കിവിട്ടിരിക്കുന്നു.  തങ്ങള്‍ അനാഥരല്ലെന്ന ബോധത്തോടെ  അവയൊഴുകി ആ കായലിനെ  കെട്ടിപ്പുണരുന്നു.

വെളുത്ത പൂഴിമണലിലൂടെ കാല്‍ പുതഞ്ഞ് നടക്കുമ്പോള്‍ അകലെ  നിന്ന് കടലിന്റെ ഇരമ്പം കേള്‍ക്കാമായിരുന്നു.

മണല്‍ പരന്നുകിടക്കുന്ന കടല്‍തീരത്ത് തിരകളെ നോക്കി, അല്പം മുന്‍പ് പെയ്ത ചാറ്റല്‍ മഴക്കു ശേഷം ചക്രവാളത്തില്‍ കണ്ട മഴവില്ലിന്റെ സൌന്ദര്യം നോക്കി.. പ്രണയാതുരമായ ഒരു മധ്യാഹ്ന്ന  വെയില്‍ നുകര്‍ന്ന് ഞാനെന്റെ പ്രണയസഖിയുമായി ആ കടല്‍ തീരത്തിരുന്നു. തിരകള്‍ക്ക് തീരെ ശക്തിയുണ്ടായിരുന്നില്ല. തീരത്തേക്ക് അധികം കയറിവരാതെ അവ തകര്‍ന്നടിഞ്ഞുകൊണ്ടിരുന്നു.

"ഞാന്‍ ഒന്ന് ചോദിക്കട്ടെ നിന്നോട്" അവള്‍ സംസാരം തുടങ്ങി വച്ചു..
"ജീവിതത്തില്‍ ഭാവങ്ങള്‍ മാറാത്ത ഏതെങ്കിലും ഒരു ബന്ധം ഉണ്ടോ"?? ചോദ്യം കേട്ട് ഞാന്‍ ആ മുഖത്തേക്ക് നോക്കി..

 "അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന നാള്‍ മുതല്‍ ഹൃദയമിടുപ്പ് നില്‍ക്കും  വരെ കൂടയൂണ്ടാകും എന്ന് ഉറപ്പോടെ കരുതുന്ന  ഏതെങ്കിലും ഒരു ബന്ധം ഉണ്ടോ"?
"ഹൃദയത്തോട് അടുത്തുപിടിച്ചു സ്വന്തമെന്നു കരുതിയവര്‍ പകുതിവഴിയില്‍ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ  അന്യരായി നടന്നകലുന്നത് എത്രയോ കണ്ടിട്ടുണ്ട്"
"നിന്നെ വേദനിപ്പിക്കാനല്ല ഞാന്‍ ചോദിച്ചത്, പക്ഷെ ആലോചിച്ചു നോക്കൂ"

"ശരിയാണ് നീ പറഞ്ഞത്"
ജീവിതത്തിന്റെ നിരന്തര പ്രയാണത്തില്‍ ഒരു ദീര്‍ഘശ്വാസമെടുക്കാന്‍ പോലും എടുക്കാന്‍ വിശ്രമമില്ലാതെയുള്ള ജോലിയുടെയും തിരക്കുകളുടെയും ഒടുവില്‍ എത്തിച്ചേര്‍ന്നതാണിവിടെ.  കെട്ടുകാഴ്ചകളുടേയും, പകര്‍ന്നാട്ടത്തിന്റേയും മഹാവ്യൂഹത്തില്‍, ആള്‍ക്കൂട്ടത്തില്‍ തനിയെയെന്നപോലെ മായക്കാഴ്ചകളെയും,  കണ്ട മഹാനഗരങ്ങളുടെ പുറം മോടികളെയും തന്നിലേക്കാവാഹിക്കാന്‍ കെല്പില്ലാത്ത ഒരു സാധാരണക്കാരന്‍റെ  മാത്രം  ചിന്താഗതിയുള്ള നാട്ടുമ്പുറത്ത്കാരന്‍,  അതാണ്‌ ഞാന്‍.

"ജീവിതയാത്രയില്‍ എപ്പോഴും കൂടെ ഉണ്ടാകണം, സ്വന്തമാക്കണം  എന്നാശിക്കുന്ന ചിലതൊക്കെ കയ്യെത്തിപ്പിടിക്കും മുന്‍പേ മറ്റാരുടേതോ ആകുന്നു. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന് പറഞ്ഞവന്‍ എത്ര വിഡ്ഢി!!വര്‍ണ്ണക്കടലാസ്സിന്‍റെ പോലും മൂല്യമില്ലാത്തതായി തോന്നും ചിലപ്പോള്‍."


 "നിന്നെ എനിക്ക് മനസ്സിലാകാത്തതു  കൊണ്ടല്ല", വലം കൈകൊണ്ടു എന്‍റെ കയ്യില്‍ പിടിച്ചവള്‍ പറഞ്ഞു. 

 "ഒന്നറിയോ നിനക്ക്?? എനിക്കിപ്പോള്‍ നിന്നെക്കുറിച്ചോര്‍ത്താല്‍ കരച്ചില്‍ വരാറില്ല,   ഈ ജീവിതത്തില്‍ ഞാന്‍ കൂടുതല്‍ കരഞ്ഞത് നിനക്ക് വേണ്ടിയാണ്, ഇപ്പോള്‍ എന്‍റെ  കണ്ണുനീര്‍  എനിക്ക് നീയാണ്!! കണ്ണില്‍ നിന്നും നിറഞ്ഞിറങ്ങി കവിളിലൂടെ ഒഴുകി നീ താഴെ വീഴുന്നത്, ഈ മണ്ണില്‍ അലിയുന്നത് എനിക്ക് സഹിക്കാന്‍ പറ്റിയെന്നു  വരില്ല..കാരണം നീ എനിക്കു നഷടപ്പെടും"..ആ ശബ്ദം ഇടറി.


"നിന്നെ ഒന്ന് കണ്ടാല്‍ മാത്രം മതി, ദൂരെ നിന്നെങ്കിലും എന്ന് മനസ്സ് ഉരുകി പ്രാര്‍ഥിച്ചിട്ടുണ്ട് കണ്ണന്‍റെ മുന്നില്‍, നിനക്ക് എന്നെ കാണാന്‍ തോന്നിക്കണേ എന്ന് നിശബ്ദമായി കരഞ്ഞിട്ടുണ്ട്."  "സ്വപ്നങ്ങള്‍ പോലും ദയവു കാണിക്കാറില്ല എന്നോട്,  മുഖം പൂര്‍ണ്ണമായി കാണിക്കാതെ ഓര്‍ത്തെടുക്കാന്‍ പോലും കഴിയാതെ എന്നില്‍  നിന്നും നിന്‍റെ രൂപം  മായ്ച്ചു കളയും.

  നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ വരുന്നത് മഴ നൂലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചൊരു
മുഖം!! പെയ്തൊഴിയുമ്പോഴെല്ലാം മഴവില്ലുപോലെ മാഞ്ഞു പോകുന്നു!! വേഴാമ്പലിനെ പോലെ എരിയുന്ന മനസ്സുമായി വീണ്ടും മഴമേഘങ്ങള്‍ക്കായി കാത്തു  ഞാന്‍, ഓരോ മഴയിലും മുഴുവന്‍ തെളിയാതെ ചതുരക്കള്ളികളില്‍ അവ്യക്തമായ നിന്‍റെ രൂപം, നിന്‍റെ ഈ ചിരിയൊന്നു കാണാന്‍, നിന്‍റെ  നിശ്വാസം എന്‍റെ കാതില്‍ പതിയുന്നത് കേള്‍ക്കാന്‍, ഒരു പേമാരി പെയ്തൊഴിഞ്ഞാലും നിന്നെ  നഷ്ടമാവാതെ സ്വന്തമാക്കാന്‍, ഒക്കെയും  കൊതിച്ചിട്ടുണ്ട്" ഇപ്പോള്‍ എനിക്ക് സങ്കടാണോ സന്തോഷമാണോ  തോന്നുന്നതെന്ന്  അറിയില്ലാ..സത്യായും!!!

"ഈ സ്നേഹവും അതിനായുള്ള അത്യാര്‍ത്തിയും വിങ്ങലുമൊക്കെ ജീവിചിരിക്കുവോളമല്ലേ ഉള്ളൂ..അതിനെ മനസ്സിലടക്കി അത് ആഗ്രഹിച്ച ആള്‍ക്ക് കൊടുക്കാതെ മരിക്കാന്‍ എനിയ്ക്ക് ആവില്ല" ഞാന്‍ വികാരാധീനനായി.

ഞാന്‍ പോലുമറിയാതെ സ്നേഹമന്ത്രത്താല്‍ ആവാഹിച്ചു നീയെന്നെ സ്വന്തമാക്കിയില്ലേ?"

"എന്നോട് ചേര്‍ന്ന്നിന്ന്   എനിക്കിഷ്ടമുള്ള മഴയില്‍ നനഞ്ഞ്, ഞാന്‍ ഉച്ചത്തില്‍ ചൊല്ലുന്ന കവിതകള്‍ കേട്ട്,  എപ്പോളും പരിഭവം പറഞ്ഞു എന്‍റെ സ്നേഹം ഉറപ്പാക്കുന്ന നിന്‍റെ  കുറുമ്പുകള്‍ ആസ്വദിക്കാന്‍ എനിക്കേറെ  ഇഷ്ടമാകുന്നു"


"തനിച്ചിരിക്കാന്‍ ആശിച്ചപ്പോഴോന്നും ആരും എന്നെ സമ്മതിച്ചില്ല.....
ഇപ്പോള്‍ തനിച്ചിരിക്കാന്‍ കഴിയില്ലെന്നായപ്പോള്‍ ഞാന്‍ തനിച്ചായ്പോകുന്നു പലപ്പോഴും"...പലവുരു പറയാതെ അടക്കിപ്പിടിച്ച വാക്കുകള്‍ വാശിയോടെ ഒഴുകി.


കൈക്കുടന്നയില്‍   നിലാവുപോലെ തമ്മില്‍  പകര്‍ന്ന സ്നേഹം, മുറുക്കിപ്പിടിച്ചു നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ഒഴുകിപോകാതിരിക്കാന്‍   കാണിച്ച  അടങ്ങാത്തൊരു ആവേശം മാത്രമാണോ  പ്രണയമെന്ന പേരില്‍ നമ്മെ  കൊരുത്തിട്ടതു?


 ഒരുമിച്ചു കുറെ നേരം ഞങ്ങള്‍ നടന്നു. പറയുന്ന വിഷയങ്ങളിലെ സാമ്യത കൊണ്ട് ഞങ്ങള്‍ രണ്ടാളും വാചാലര്‍ ആയിരുന്നു എങ്കിലും പല സമയത്തും നമുക്കിടയില്‍ മൌനം നിറയാതിരിക്കാന്‍ പണിപ്പെടുകയാണോ നീ എന്ന് എനിക്ക് ചോദിയ്ക്കാന്‍ തോന്നി.

കടലിന്‍റെ കാണാ ദൂരങ്ങളില്‍ കണ്ണയച്ചു ചേര്ന്നു നില്‍ക്കുമ്പോള്‍ വിദൂര ചക്രവാളങ്ങളില്‍ നിന്നും ഒഴുകി അടുത്ത നനുത്ത മഴക്കാറ്റ് അവളുടെ നെറ്റിയിലെ കുങ്കുമപൊട്ടു  മായിച്ചൊഴുക്കി...ആ ചുണ്ടുകള്‍ക്ക് മേല്‍ ഒരു ഒരു ചുവന്ന രാശിപോലെ അത് തിളങ്ങി.


കടല്‍ക്കരയില്‍ നിന്നും ആള്‍കൂട്ടം ധൃതിയില്‍ ഒഴിഞ്ഞു തുടങ്ങുന്നു ....മഴ ..കടലിന്‍റെ അതിര്‍ത്തികള്‍ ഓരോന്നായി കടന്നു തീരങ്ങളില്‍ ഭ്രാന്തമായ താളത്തില്‍ ഉതിര്‍ന്നു വീണു.

"ഓരോ മഴത്തുള്ളിയും കൈവിട്ടു പോകുമ്പോള്‍ മേഘങ്ങള്‍ അറിയാതെ വേദനിക്കുനുണ്ടാകും........തേങ്ങുന്ന മനസോടെ അത് ചോദികുന്നുണ്ടാവും
"നീയും എന്നെ തനിച്ചാക്കി പോയി അല്ലേ"...? കൈക്കുമ്പിളില്‍ വീണു ചിന്നിച്ചിതറിയ മഴമുത്തുകളെ നോക്കി അവള്‍ ചോദിച്ചു..

നനയാതിരിക്കാന്‍ അവളുടെ കയ്യുപിടിച്ചു വേഗം പാര്‍ക്കിലേക്ക് ഓടിക്കയറി..പേരറിയാത്ത ഒരു വലിയ മരം കുടപിടിച്ച പോലെ പടര്‍ന്നു നില്‍പ്പുണ്ട് അവിടെ, അതിന്‍റെ കീഴില്‍ നില്‍ക്കുമ്പോള്‍ ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായപോലെ  തോന്നീ..അവളോടൊപ്പം ഒരു മഴ നനയാന്‍ കഴിഞ്ഞു!!


 ആ വിടര്‍ന്ന കണ്ണുകളില്‍ നിറയെ സ്നേഹം നിറച്ച്, എന്നോട് ചേര്‍ന്ന് നിന്നു അവള്‍ മെല്ലെ പറഞ്ഞു "സങ്കല്പ്പത്തിന്റെയും യാഥാര്‍ത്യത്തിന്റെയും കൂടിച്ചേരലുകള്‍ക്കിടയില്‍ ജീവിതത്തിന്റെ നിറം കെട്ട് വെറും "ബ്ലാക്ക് & വൈറ്റ്" ആകുന്നത് തിരിച്ചറിയണം, വീണ്ടും അവയില്‍ വര്‍ണ്ണപ്പൂക്കള്‍ തുന്നിപ്പിടിപ്പിക്കാന്‍ എന്‍റെ സ്നേഹം എപ്പോഴും നിന്‍റെ  കൂടെ ഉണ്ടാകും!!.

 താനേ ഒഴുകി അടുത്ത ഒരേ മനസ്സുകള്‍ പരസ്പരം പിരിയാത്തവരായി..കാലം ഏറെ ചെല്ലുമ്പോള്‍ ജീവിതം ചുളിവുകള്‍ തീര്‍ത്ത കയ്യില്‍ മുറുകെ പിടിച്ചും ഞാന്‍  പറയും "നിന്നെ ഞാന്‍ ഇപ്പോഴും സ്നേഹിക്കുന്നുവെന്ന്..നിന്നോടുള്ള പ്രണയം എന്റെ പ്രാണനില്‍ പറ്റിപ്പിടിച്ചതാണെന്നു" ......
ജീവിതത്തിന്റെ അര്‍ഥം എന്താണ്? എന്തിനുവേണ്ടി തീനും വെള്ളവും തന്ന് പ്രകൃതി നമ്മളെ പോറ്റുന്നു?എന്താണിതിന്റെ ഒരു പ്രയോജനം എന്നൊക്കെ ആലോചിച്ച് നാട്ടിന്‍പുറത്തെ നടവഴികളില്‍ കൂടി നടക്കുമ്പോളാകും  ഗന്ധവാഹകന്‍ ഒരു പവിഴമല്ലി സുഗന്ധമായി വീശുക. അല്ലെങ്കില്‍ മതിലോടൂചേര്‍ന്നു നില്‍ക്കുന്ന മഷിത്തണ്ട് ഞെരടി ഒന്നു മണപ്പിക്കാന്‍ തോന്നുക..ആ ഗന്ധങ്ങളില്‍ ഒരുപാട് ഉത്തരങ്ങള്‍ കലര്‍ന്നു ചേര്‍ന്നിരിക്കും.. പിന്നെ ആ  ചോദ്യം ഉപേക്ഷിക്കും.

Wednesday, December 14, 2011

പനിനീര് പെയ്ത വഴിയിലൂടെ.........

സന്ധ്യക്ക്‌ ഒരു പ്രത്യേക സൌന്ദര്യം!!  കടല്‍ക്കരയില്‍ ഒറ്റക്കിരുന്നപ്പോള്‍ മനസ്സില്‍ പലതരം ചിന്തകള്‍  കടന്നു വന്നു. പൊന്മണലിലേക്ക്  പവിഴം വാരി ചിതറും പോലെ  തിരകള്‍. കണ്ണുകള്‍ അടച്ചു മനസ്സ് ശാന്തമാക്കി ഇരുന്നു കുറച്ചുനേരം. ഈ  തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ്, അല്ലെങ്കില്‍ ഒരു ഇടവേള എടുത്ത് ഒരു യാത്ര പോകണം. വരണ്ടുണങ്ങാന്‍ തുടങ്ങുന്ന  ചിന്തയ്ക്കും ജീര്‍ണ്ണിച്ചു തുടങ്ങിയ ബോധത്തെയും പുതിയ ഊര്‍ജ്ജം കൊണ്ട് നനച്ചു ശുദ്ധിവരുത്താന്‍, ഒരു പുത്തന്‍ ഉണര്‍വേകാന്‍ ഒരു യാത്ര. എങ്ങോട്ടാണ് പോകേണ്ടത്??  അത്  മാത്രം നിശ്ചയമില്ല. സന്തോഷത്തിന്‍റെ തിരയിളക്കമായാലും സങ്കടത്തിന്‍റെ പെയ്തൊഴിയലായാലും കടല്‍ എപ്പോഴും എനിക്കൊപ്പം ഉണ്ടാകും..അങ്ങ് ദൂരെ അസ്തമയ സൂര്യന്‍ സ്വര്‍ണ്ണ തിരയായ്‌ അലിഞ്ഞലിഞ്ഞു കടലില്‍ ചേരുന്നപോലെ തോന്നീ. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഞാന്‍ കടല്‍ക്കരയിലായിരുന്നു. ഉദയവും സായാഹ്നവുമൊക്കെ കടലിന്റെ വിസ്തൃതിയില്‍ കണ്ടു.  കടലിനോടുള്ള വിസ്മയം ഒരിക്കലും വിട്ടുമാറുന്നതല്ല. ഓരോ പ്രാവശ്യവും കടല്‍ കാണുമ്പോള്‍ ആദ്യമായി  കാണുന്ന ആവേശത്തോടെ തിരമാലകളെ വിടര്‍ന്ന കണ്ണുകളോടെ നോക്കി. . അവിടെ ഉണ്ടാരുന്ന കുട്ടികള്‍ പതിവുപോലെ അവരുടെ പേരുകളെഴുതാനും തിരവരുമ്പോള്‍ കാല്‍പ്പാദം നനച്ച് ഓടിമാറാനും ശ്രമിച്ചു.ഇന്ന് വെള്ളിയാഴ്ച, ലളിതാസഹസ്രനാമം  വായിക്കണം. ചിന്തയില്‍ ഒരു ദേവീസ്തുതി വന്നു. അക്ഷരവും,  വാക്കും, മനസ്സിന്‍റെ താളവും  സംഗീതവും പിഴക്കാതെ   കാക്കണേയെന്നു ഞാന്‍ എന്നും അപേക്ഷിക്കുന്ന ദേവിയെ കാണാന്‍ ആകട്ടെ ഒരു യാത്ര എന്ന് ഉറപ്പിച്ചു. ആശകള്‍ക്കു തളിരെടുക്കുന്ന, ശാന്തിയുടെ ഉദാത്തകേന്ദ്രമായ ശ്രീ മൂകാംബികദേവീ സന്നിധിയിലേക്ക് പോകാം. നല്ല കാര്യങ്ങള്‍ വച്ച് താമസിപ്പിക്കുന്നത് നന്നല്ല, അപ്പോള്‍ തന്നെ ഓഫീസ്സ് ട്രാവെല്‍ കോഡിനേടെര്‍  രേണുകയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു..മംഗലാപുരത്തേക്ക്‌ !!  കടലിന്‍റെ  സാന്ത്വനമാണ് ഈ തീരുമാനം എന്ന് തോന്നീ.. . 

എന്തൊക്കെയോ എഴുതണം എന്ന് കരുതി മനസ്സില്‍ ഒരുക്കിവച്ചിരുന്ന നിറക്കൂട്ടുകള്‍ എല്ലാം വ്യക്തതയില്ലാത്ത ഏതോ കോണില്‍ ഒളിച്ചിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഒന്നും എഴുതാന്‍ കഴിയാതെ ഞാന്‍ എനിക്ക് പ്രിയപ്പെട്ട അക്ഷരങ്ങളെ മനസ്സിന്‍റെ  ഉഷ്വനങ്ങളില്‍ പരതുകയാണ്. വാക്കുകളുടെ കൊടുംകാട്ടില്‍ പൂര്‍ത്തിയാക്കാതെ ഒറ്റപ്പെട്ടുപോയ ഒരു കവിതയെ പോലെ, എനിക്ക് പരിചിതമായ അക്ഷരങ്ങള്‍പോലും എന്നെ തിരിച്ചറിയാതെ മാറി നില്‍ക്കുന്നു!! അരുതാത്തതെന്തോ ചെയ്തുപോയ പോലെ ചില കുറ്റബോധം, കാരണമില്ലാത്ത ഭയം, എല്ലാവരോടും വെറുതെ ദേഷ്യം, ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞു പഠിപ്പിച്ച മനസ്സുമായി സ്വയം സൃഷ്‌ടിച്ച തിരക്കുകളില്‍ അലയുകയായിരുന്നു. ഒരു മാറ്റം വേണമെന്ന് എന്‍റെ ആത്മാവ് ശരീരത്തോട് പറയുന്നപോലെ ഒരു തോന്നല്‍. ഇനിയും പുറം തൂവലുകളില്‍ മാത്രം നിന്നെ കണ്ടെടുക്കാന്‍ ശ്രമിക്കാതെ, നിന്നിലെ എന്നെ നീ തിരിച്ചറിയൂ എന്ന് എന്റെ ആത്മാവ് എന്നോട് മന്ത്രിക്കുന്നു..   എരിയുന്ന നെഞ്ചിലെ തീയയ്ക്കാന്‍ `സ്വയം തുന്നി മിനിക്കിത്തേച്ച കമ്പിളിയുമെടുത്തു കുടജാദ്രിമലയിലെ മേഘത്തണുപ്പിലേക്ക്‌ ഒരു യാത്ര. 


സന്ധ്യ കനക്കാന്‍ തുടങ്ങി. കടല്‍ക്കര വിജനമാകാന്‍ തുടങ്ങി. സ്വപ്നങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ മണലില്‍ നിന്നുമെഴുന്നേറ്റ് തിരികേ ഫ്ലാറ്റിലേക്ക് നടന്നു ഇപ്പോള്‍ പകലിന്റെ ദൈര്‍ഖ്യം കുറവാണ്. കുളിയും പ്രാര്‍ഥനയും  കഴിഞ്ഞു യാത്രയെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോള്‍   ഫോണ്‍ ശബ്ദിച്ചു..  അവളുടെ സന്ദേശം!!  ""കെട്ടിനിറുത്തിയ എന്‍റെ സ്നേഹം പരന്നൊഴുകുന്നു, നീയെന്ന സമുദ്രത്തില്‍ അലിഞ്ഞു ചേരാന്‍"". വായിച്ചപ്പോള്‍ വിളിക്കാന്‍ തോന്നീ..പകലിന്റെ വ്യഗ്രതയില്‍ നിന്ന് രാത്രിയുടെ നീല വിസ്മയങ്ങളിലേക്ക് സ്വപ്നങ്ങള്‍ നീളാന്‍ തുടങ്ങുമ്പോള്‍, ആത്മാവിന്റെ തൃഷ്ണകളെ അവളിലേക്ക് മേയാന്‍ വിടാന്‍ എനിക്കിഷ്ടമാണ്!!! 

യാത്രയെക്കുറിച്ച് പറഞ്ഞു അവളോട്‌.

"ഈ തിരക്കില്‍ നിന്നെല്ലാം കുറച്ചു ദിവസങ്ങള്‍ മാറിനിന്നു ഇതുവരെയുള്ള ജീവിതചര്യകള്‍ക്ക് പരിചിതമല്ലാത്ത ഒരു വഴിയിലൂടെ കുറച്ചുനാള്‍ സഞ്ചരിച്ചു നോക്കാന്‍ ഒരാഗ്രഹം .
  ഒരു പുണ്യ സ്ഥലം ആകുമ്പോള്‍ അവിടെ പലതരം ആളുകള്‍ ഉണ്ടാകുമല്ലോ. ജീവിതം നല്‌കിയ ഏകാന്തതയുമായി അലയുന്നവര്‍.. ഏതു സമുദ്രത്തെ പാനം ചെയ്താലും ഒടുങ്ങാത്ത ദാഹവുമായി നടക്കുന്നവര്‍. ഒടുവില്‍ ജീവിതം അവശേഷിപ്പിക്കുന്ന ദു:ഖങ്ങളുടെ മുറിവുണക്കാന്‍ ശാന്തിസ്‌ഥലികളിലേക്ക്‌ യാത്രയാവുന്ന  ആളുകള്‍ .അങ്ങനെ വ്യത്യസ്തരായ  കുറെ ആള്‍ക്കാരെ കാണാം .  അതുകൊണ്ട്  പോകണം ഈ ഒരു യാത്ര..തീരുമാനിച്ചു കഴിഞ്ഞു" കേട്ടപ്പോള്‍ അവള്‍ കുറച്ചു നേരം നിശബ്ദമായി.. പിന്നെ മെല്ലെ പറഞ്ഞു..

"നീ ഈ പറഞ്ഞത് എന്‍റെ മനസ്സാണ്."
!!!  എനിക്കുമുണ്ട് അങ്ങനെ ഒരു തോന്നലുള്ളില്‍" ഈ ജീവിതത്തിന്റെ ഇത്രയും വര്‍ഷങ്ങള്‍  കുറവുകള്‍ ഒന്നും ഇല്ലാതെ ജീവിച്ച എനിക്ക്  കുറച്ചു ദിവസങ്ങള്‍  ഒന്നുമില്ലായ്മയുടെ കാഴ്ചകള്‍ എങ്ങനെ ആയിരിക്കും എന്നറിയണം" അഹങ്കാരം ആണെന്ന്കരുതണ്ട" ..
"തികച്ചും അപരിചിതയായി  കാശിയിലോ ഹരിദ്വാറിലോ പോലെയുള്ള പുണ്യസ്ഥലത്ത് പോയി, അവിടെ കിട്ടുന്ന ഭക്ഷണം മാത്രം കഴിച്ച്, അവിടുത്തെ പകലിന്റെയും രാത്രികളുടെയും മുഖം അടുത്ത് കണ്ടു കുറച്ചു ദിനങ്ങള്‍, അതായിരുന്നു മനസ്സില്‍.
ഒരു നീണ്ട ഇടവേള ഒന്നുമല്ല ഉദ്ദേശിച്ചത് , ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും അല്ല, പക്ഷെ അടുത്തിടയായി ആ ചിന്തയുടെ ആഴം കൂടിവരുന്നുണ്ട്"

"ഇത് കേട്ട് നീ പേടിക്കണ്ട!! ജീവിത നൈരാശ്യങ്ങളോ, പ്രാരാബ്ധങ്ങളോ ഒന്നും തന്നെ എനിക്ക് നിശ്ശേഷം ഇല്ല..
പക്ഷെ ഇപ്പോള്‍ നീ പറഞ്ഞപ്പോള്‍ കൂടെ വരാന്‍ തോന്നുന്നു"..

 മറുപടി  എന്ത് പറയണമെന്ന് അറിയാതെയിരുന്നു കുറച്ചു നേരം

മൂന്നര മണിക്കൂര്‍ കൊണ്ട് ഫ്ലൈറ്റ് മംഗലാപുരത്ത് എത്തി..രണ്ടു  മണിക്കൂര്‍ ഇടവേള ...അവിടെ നിന്ന് 
ടാക്സിയില്‍ ഉടുപ്പി ....വെയില്‍ മാഞ്ഞു തുടങ്ങിയപ്പോള്‍ ഇറങ്ങി നടന്നു..ഒരു ഇടുങ്ങിയ വഴിയിലൂടെ  ഉടുപ്പി ശ്രീകൃഷ്ണ  ക്ഷേത്രത്തിലേയ്ക്ക് ...മോക്ഷം തേടി ജനസഞ്ചയങ്ങള്‍ എത്തുന്ന സന്നിധി..കൈകൂപ്പി നിന്നപ്പോള്‍ മനസ്സ് ശൂന്യമായിരുന്നു..സന്ധ്യ സമയം ആയിരുന്നതിനാല്‍ പ്രത്യേക പൂജകളും ആരതിയും ഒക്കെ നടന്നു കൊണ്ടിരുന്നു. അല്‍പ നേരം ഉള്ളില്‍ ചുറ്റി നടന്നു ..പുറത്തു കടന്നു സുവര്‍ണ്ണാനദീ  തീരത്തേയ്ക്ക്.....നദിയിലേക്ക് ഒഴുക്കി വിട്ടു കൊണ്ടിരുന്ന ദീപങ്ങള്‍ അവളെ  കൂടുതല്‍  സുന്ദരിയാക്കിയിരുന്നോ? അതോ ഉള്ളില്‍ കനല്‍ പൂവുകള്‍ ഒതുക്കി വച്ചു പുറമേയ്ക്ക് ചിരിക്കുകയാണോ  സുവര്‍ണ്ണയും ?? നദിയുടെ നെഞ്ചിലൂടെ ഒഴുകുന്ന കത്തി തീരാറായ ദീപങ്ങളെയും നോക്കി ഞാന്‍ ആ പടവുകളില്‍ ഇരുന്നു.

നാളെ രാവിലെ അവള്‍ ഇവിടെ എത്തുമെന്ന് പറഞ്ഞിരുന്നു..എരിഞ്ഞടങ്ങുന്ന ഓരോ പകലിനെയും കൊത്തിവലിച്ചു കൊണ്ട് പോകാന്‍ ആര്‍ത്തിയോടെ അവിടെയും ഇരുള്‍ വന്നെത്തി. എന്‍റെ മനസ്സില്‍ ഉഷ്ണം പുകയും കയങ്ങളില്‍ ഞാന്‍ ഒരു ആയിരം തവണ എന്നോട് തന്നെ ചോദിച്ച പല ചോദ്യങ്ങളും  ആ രാത്രി  വൈകുവോളം ചിന്തയില്‍ വന്നുകൊണ്ടേയിരുന്നു..ലോകത്തിന്‍റെ കണ്ണില്‍ പെടാതെയിരിക്കാന്‍ ഒച്ച അനക്കങ്ങള്‍ ഇല്ലാതെയെ നടന്നുള്ളൂ ഞാന്‍. എന്നിട്ടും നെഞ്ചില്‍ അഗ്നിയുമായി ചടുല ഭാവത്തോടെ വന്ന അവളുടെ  മിഴികളില്‍ ഞാന്‍ ഉടക്കിയതെങ്ങിനെ?? ദിശ മറന്ന മനസ്സുമായി ഒരു കുഞ്ഞു പക്ഷിയെ പോലെ പറന്നു നടക്കുകയായിരുന്നല്ലോ  ഞാന്‍....
നീ എനിക്ക് ആരാണ് ??ചോദ്യങ്ങള്‍ എന്‍റെ നേരെ നീളുമ്പോള്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കൂട്ടുകാരിയെന്നോ,  സഹയാത്രികയെന്നോ പറഞ്ഞു ഒഴിവാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഉറക്കെ വിളിച്ചു പറയാന്‍ തോന്നീ ...നീ ആണ് എന്‍റെ നിഴല്‍,... എന്‍റെ ഹൃദയ താളം നിലക്കും വരെ, ഇരുളിലും വെളിച്ചത്തിലും,ചിന്തയിലും  ബോധത്തിലും, സ്വപ്നത്തിലും, എന്‍റെ തെറ്റിലും ശരിയിലും നീ എപ്പൊഴും കൂടെ ഉണ്ടാകും. പുറത്തു പെയ്യുന്ന മഞ്ഞു മനസ്സിലേക്കും അരിച്ചു കയറുന്നത് പോലെ തോന്നീ.

 മഴപെയ്തു തോര്‍ന്ന ഒരു മനോഹര പ്രഭാതം. എട്ടുമണിക്ക് കാത്തു നില്‍ക്കാമെന്ന് അവള്‍  പറഞ്ഞിടത്ത് ഒരു ടാക്സിയില്‍ ചെന്നു, വെളുത്ത പൈജാമയും നീല കുര്‍ത്തയും ധരിച്ച്, കാറ്റത്ത്‌ പാറി പറക്കുന്ന ഷാള്‍ ഒരു കൈകൊണ്ടു പിടിച്ചൊതുക്കി, തോളത്ത് ഒരു ചെറിയ നീല ബാഗും തൂക്കി  അവള്‍ നില്‍ക്കുന്നു!!! ഇന്നലെ വരെ ഒരു സ്വപ്ന ദൂരം അകലെയുള്ളവള്‍,  ശ്രുതി ചേര്‍ന്നൊഴുകുന്ന സംഗീതം പോലെ എന്നും ഞാന്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉടമ, ഒരു ശ്വാസത്തിന്റെ അകലത്തില്‍!!!!   കാറില്‍ കയറി.അടുത്തടുത്ത്‌ ഇരുന്നു.മൌനം മാത്രം. ഒന്ന്  തൊടാന്‍ ആഗ്രഹിച്ചു നീട്ടിയ വിരല്‍ തുമ്പുകള്‍ ശൂന്യതയില്‍ ചിത്രം വരച്ചു. മൌനം അതിന്റെ പൂര്‍ണ്ണ നിറവില്‍. വാക്കുകള്‍ കൊണ്ട് അശുദ്ധമാക്കാന്‍ രണ്ടാള്‍ക്കും മടി തോന്നിയിരിക്കണം. പരസ്പരം നോക്കാന്‍ കഴിഞ്ഞില്ല..ജാലകത്തിനപ്പുറം ഓടി മറയുന്ന കാഴ്ചകളില്‍ കണ്ണുടക്കിയിരുന്നു.ഇടക്കെപ്പോളോ തോളിലേയ്ക്ക്‌ പാറി വീണ അവളുടെ മുടിയിഴകള്‍ക്കു പനിനീരിന്റെ ഗന്ധം. ആ കണ്ണുകളില്‍ നിന്നും മുത്തുകള്‍ പോലെ രണ്ടു തുള്ളികള്‍ കവിളിലൂടെ ഉരുണ്ടു വീണു. മുഖത്തുകൂടി ചാലിട്ടൊഴുകിയ ആ നനവില്‍  പകലിന്റെ മഞ്ഞ വെളിച്ചം വീണു മഴവില്ല് പോലെ തിളങ്ങി. നിറമുള്ള നിശബ്ദതയില്‍ പൂക്കള്‍ വിതറിയ പോലെ അവിടെ ഒരു സുഗന്ധം പരക്കുന്നുണ്ടായിരുന്നു. 
 
തുടരും.....