"അരവിന്ദന്"
എന്ന എന്റെ സുഹൃത്ത്, ഈ ബ്ലോഗ്ഗിന്റെ വായനക്കാരനാകണേയെന്ന പ്രാര്‍ത്ഥനയോടെ ആരംഭിക്കാം.
മഴവില്ല്, പുഞ്ചിരി, നാണം, പൂവിരിയല്‍, പ്രണയം..ഇങ്ങനെയുള്ള പല കാര്യങ്ങളുടേയും തുടക്കം നാടകീയമാണ്.
ഡിസംബറിലെ ഒരു തിങ്കളാഴ്ച അരവിന്ദന് ഒന്നാം വര്‍ഷഡിഗ്രീ ക്ലാസ്സിലേയ്ക്ക് ആദ്യമായി കയറി വന്നതും ഒരു നാടകത്തിന്റെ നടുത്തളത്തിലേക്കായിരുന്നു .
പ്രഫ. മധുമേനോന് സാറിന്റെ ഷേക്സ്പിയര് നാടക ക്ലാസ്സ്. മാസങ്ങളില്‍ ഒന്നോരണ്ടോ ദിവസങ്ങളില്‍ സാറിന്റെ തലയില്‍ നിലാവുദിക്കും.
ആ ദിവസങ്ങില്‍ ക്ലാസ്സെടുക്കില്ല. കുട്ടികളുടെ ഇടയില്‍ വന്നിരിക്കും. എന്നിട്ട് ഇംഗ്ലീഷ് നാടകങ്ങളിലെ പ്രണയ രംഗങ്ങള്‍ ഞങ്ങളെക്കൊണ്ട് ക്ലാസ്സില്‍ അവതരിപ്പിക്കലാണ് സാറിന്റെ ലഹരി!!
ഓരോ ഉന്മാദത്തിനും ഓരോ നാടകം. പേരോര്‍മ്മയില്ലാത്ത ഒരു ഇംഗ്ലീഷ് നാടകത്തിലെ സീന്‍ നടക്കുന്നു. അധ്യാപകര്‍ക്കുള്ള പ്ലാറ്റ് ഫോം നാടക വേദിയായി, അതില്‍ നില്ക്കുന്നു അനന്ദലക്ഷ്മിയെന്ന എലിസബത്ത് രാജകുമാരി. നാലാം ബെഞ്ചിലെ ഈ ഉള്ളവനാണ് കാമുകന്, രാജകുമാരന്.
അനന്ദലക്ഷ്മി എന്നെ നോക്കി ഇംഗ്ലീഷില്‍ ഇങ്ങനെ പറയുന്നു:
"മഴവില്ലുകളുടെ നാട്ടിലെ പ്രീയപ്പെട്ടവനേ....നീ എവിടെയാണ്? വസന്തകാലം വിടപറയാറായി, ഇപ്പോഴും നിന്റെ വരവും കാത്ത് ഞാന്‍ ഇവിടെ നില്‍ക്കുന്നത് നീ അറിയുന്നില്ലേ പ്രിയനേ...""
ഈ ഡയലോഗ് തീര്‍ന്നാല്‍ ഞാന്‍ രാജകുമാരന്റെ ചലന ഗാംഭീര്യത്തോടെ സ്റ്റേജിലേക്ക് വരണം.
മധു സാര്‍ ക്ഷമയില്ലാതെ " മനൂ, കമോണ്‍ ഫാസ്റ്റ് " എന്ന് പറയുന്നു.
പക്ഷെ...
അനന്ദലക്ഷ്മി "പ്രിയനേ..." എന്ന് വിളിച്ചതും ക്ലാസ്സിനു പുറത്ത് ഒരു മുഖം തെളിഞ്ഞതും ഒരുമിച്ചായിരുന്നു. അരവിന്ദന്!! ആ സന്ദര്‍ഭം മധുസാര്‍ നാടകീയമാക്കി. റോമന്‍ പടയാളിയെപ്പോലെ വാതില്‍പ്പുറത്ത് ചെന്ന് അവനെ സ്വീകരിച്ചു സാര്‍ പ്ലാറ്റ് ഫോമിലേക്ക് ആനയിച്ചു.
പുതിയ അഡ്മിഷനാണെന്നുള്ള പ്രിന്‍സിപ്പലിന്റെ കുറിപ്പ് അവന്റെ കയ്യിലുണ്ടായിരുന്നു. ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ ലിഖിതം വാങ്ങുന്ന പടനായകന്റെ ആദരവോടെ ആ കടലാസ് ഏറ്റുവാങ്ങിയ മധുസാര്‍ ഇങ്ങനെ ഉറക്കെ വായിച്ചു:
"ഇവന് ഈ രാജ്യത്ത് വിരുന്നു വന്ന പുതിയ രാജകുമാരന്, പൂക്കളുടെ നാട്ടില്‍ നിന്നുള്ള ട്രോജന്‍ സുന്ദരന്‍. ഇവനെ
ആരവങ്ങളോടെ വരവേല്‍ക്കുക. ഇവനായി ഇനി എത്രയെത്ര കരുനീക്കങ്ങള്‍ കാത്തിരിക്കുന്നു, എത്ര സുന്ദരികള്‍ ഉറക്കം കളയുന്നു.!!
എല്ലാവരും കയ്യടിച്ചു. ആ കയ്യടിക്കു നടുവില്‍ അവന് ഒരു വീരപുരുഷനെ പോലെ നിന്നു. പക്ഷെ എന്റെ അസൂയക്കണ്ണുകള്‍ ശരറാന്തല്‍
പോലെ അവിടെ തെളിഞ്ഞു കത്തി നിന്നിരുന്ന അനന്തലക്ഷ്മിയില്‍ ആയിരുന്നു.
കാലം തെറ്റി ആ ക്ലാസ്സിന്നുള്ളില്‍ പൂത്ത വസന്തമായിരുന്നു അവള്.
ബിജുലാല്‍, അജീഷ്, രമേശ് കുറുപ്പ്, നകുലന് ഇങ്ങനെയുള്ള ആരാധക സംഘമുള്ള ഒരു പനിനീര്‍പ്പൂവ്! എന്റെ പേര് പരസ്യമായി ഈ ലിസ്റ്റില്‍
ചേര്‍ക്കുന്നില്ല, കാരണം ബുദ്ധിജീവികള്‍ ആരെയും ഒരിക്കലും പരസ്യമായി ആരാധിക്കാറില്ല.
എത്ര പുഷ്പാഞ്ജലികള്‍!
എത്ര ദീപാരാധനകള്‍!!
ബോറന് ലക്ചര്‍ ക്ലാസ്സുകളില്‍ അവളുടെ സാന്നിധ്യംകൊണ്ടു മാത്രം ഞങ്ങള്‍ ആഘോഷിച്ചത് എത്ര എത്ര നിശ്ശബ്ദ ഉത്സവങ്ങള്‍!
പക്ഷേ..അടുത്ത വര്‍ഷമായപ്പോള്‍ ഞങ്ങളുടെ നിശ്ശബ്ദ പ്രേമങ്ങള്‍ ചവിട്ടിയച്ചുകൊണ്ട് അരവിന്ദന് ഒരു ചീറ്റപ്പുലിയെ പോലെ മുന്നേറി.
രണ്ടാം വർഷ ഡിഗ്രി എന്ന സർവജ്ഞപീഠം പാതി കയറിക്കഴിഞ്ഞ ആളാണ് താനെന്ന അഹന്ത അരവിന്ദനെ ആക്രാന്ദ പുളകിതനാക്കി.
അതിന്റെ അനുരണനമെന്നോണം എന്തു കാര്യത്തിനും സംശയലേശമന്യേ അരവിന്ദൻ ചാടി വീഴുമായിരുന്നു, എല്ലാവരെക്കാളും മുന്നേ..!
കോളേജിലെ പുലിത്തരങ്ങൾ കൂടിയപ്പോൾ അദ്ദേഹത്തിന് ഭയ-ഭക്തി-ബഹുമാനപുരസരം 'പുലിവിന്ദൻ' എന്നൊരു വിളിപ്പേരും വീണു.
ചുരിദാർ,പാവാട-ബ്ലൌസ് മുതലായ നാരീ വേഷങ്ങൾക്ക് മുന്നിൽ രോമാഞ്ചകഞ്ചുകിതനായി ലോകത്തിന്റെ അർഥമില്ലായ്മയെക്കുറിച്ചും,
മറ്റുള്ള ആൺ പരിഷകളുടെ കഴിവുകേടിനെക്കുറിച്ചും, അതിലെല്ലാമുപരി, തന്റെ സദ്ഗുണസമ്പന്ന വീരചരിതങ്ങളെപ്പറ്റിയും പുലിവിന്ദൻ
മുഴുനീളം കത്തിക്കയറുമായിരുന്നു..!
ഇടവേളസമയങ്ങളിലും,ഉച്ചഭക്ഷണ നേരത്തും കൂടെയുള്ള പെണ്‍കുട്ടികള്‍ക്ക് ചോക്ലേറ്റ് പീസുകളും, ഹിന്ദി പാട്ടുകളുടെ ശേഖരണവും
ഒക്കെ കൊടുത്തു അവന് അവരുടെ ഇടയിലിരുന്നു അര്‍മാദിച്ചു.
ശര്‍ക്കരയില്‍ ഈച്ച പൊതിയും പോലെ ചില സമയങ്ങളില്‍ പതിനെട്ടിന്റെ മാംസളത അവന്റെ മേലമര്‍ത്തി പെണ്‍കുട്ടികള്‍ അരവിന്ദനെ ശ്വാസം മുട്ടിക്കുന്നത് കണ്ട് ഞങ്ങളുടെ രക്തം ആവിയായിട്ടുണ്ട്. എപ്പോഴും മുല്ലപൂമ്പൊടി ഏറ്റു നടക്കുന്ന അവനോടു തീരാത്ത
അസൂയയായിരുന്നു ഞങ്ങള്‍ക്ക് .
പ്രേമിക്കാന്‍ പഠിക്കാനാണ് കോളേജില്‍ വന്നതെന്ന പോലെയായിരുന്നു
അവന് പെണ്‍കുട്ടികളുടെ ഇടയിലൂടെ ഒഴുകിയിരുന്നത്. അവര്‍ക്കാകട്ടെ ഞങ്ങളെക്കാള്‍ ഇഷ്ടവും വിശ്വാസവും അവനോടായിരുന്നു.
"ചിരിക്കുമ്പോഴും പിണങ്ങുമ്പോഴും അരവിന്ദന്റെ മീശക്കും താടിക്കുമിടയില്‍ മനോഹരമായ ഒരു വെളുത്ത നാണം തിളങ്ങി നില്‍ക്കാറുണ്ട്"
എന്ന് അശാഫിലിപ്പ് പറഞ്ഞപ്പോള്‍ സൂചി തറക്കുന്ന വേദനയായിരുന്നു നെഞ്ചില്‍.
നോട്ടുകള്‍ എഴുതിക്കൊടുത്തും റെക്കോര്‍ഡ് വരച്ചുക്കൊടുത്തും അങ്ങനെ അദ്ദേഹം സ്ത്രീസമ്മതനായി സസുഖം വാണു പോന്നു.
ഇങ്ങനെ ഒരു അപൂര്‍വ്വ രസതന്ത്ര സമവാക്യത്തില്‍ ക്ലാസ്സുകള്‍ നീങ്ങവേ, ഉന്മാദത്തിന്റെ കുന്നുകയറ്റം പോലെ ഞങ്ങളുടെ ബാച്ച് ഊട്ടിയ്ക്ക് സ്റ്റഡി ടൂറിനു പോകാന്‍ തയ്യാറാകുന്നു.
ആൺ-പെൺ അംഗങ്ങളുള്ളതിനാൽ ഇന്ദിര ടീച്ചറും, സത്യവാൻ സാറുമായിരുന്നു കൂട്ടു വന്നത്.
സത്യവാൻ സാർ തികഞ്ഞ ഗാന്ധിയൻ,ശുദ്ധൻ,സൌമ്യൻ,ശാന്ത ശീലൻ... വാക്കുകൾ കൊണ്ട് പോലും വിദ്യാർത്ഥികളെ നോവിക്കാത്തയാൾ..!
യാത്ര അതിരസകമായിരുന്നു..!
ഞങ്ങൾ ആൺ സംഘമെല്ലാം പിറകിലത്തെ സീറ്റുകളിൽ അൽപം വലിയും;സ്വൽപം കുടിയും അതിലേറെ ഓളവുമായി കൂടി.അരവിന്ദനടങ്ങുന്ന പെൺ സംഘം മുൻ സീറ്റുകളിൽ കൈ നോട്ടവും,തിരുവാതിരപ്പാട്ടും,,
അരവിന്ദ
നിനക്കൊന്നും യോഗമില്ലെഡാ മക്കളേ..' എന്ന മട്ടിൽ ചിരിക്കുന്നതും,
കൊടുക്കലും;കൈമാറലും;കൂടെക്കഴിക്കലും അരങ്ങു തകർക്കുന്നതും കണ്ടു..
ഒളിച്ചിരുന്ന് അധികം വെള്ളം ഒഴിച്ച് അശുദ്ധമാക്കാത്ത വിദേശമദ്യം ആവോളം നുകര്‍ന്ന ക്ഷീണത്തില്‍ എന്റെ കൂടെയുള്ള പിന്‍സീറ്റുകാര്‍ ചെറുമയക്കത്തില്‍ വീണുതുടങ്ങി.
ഹെയര്‍പിന്‍ വളവുകള്‍ കയറുമ്പോള്‍ ആ ബസ്സില്‍ ഉറങ്ങാത്തവരായി നാല് പേര്. ഒന്ന് ഡ്രൈവര്‍ ഹംസ, രണ്ടു അരവിന്ദന്, മൂന്നു അവന്റെ തൊട്ടടുത്ത് ഇരിക്കുന്ന അനന്ദലക്ഷ്മി. പിന്നെ ഈ ഞാന്‍!!
"അരവിന്ദാ എനിക്ക് വല്ലാതെ തണുക്കുന്നു..നോക്കൂ ചുണ്ടൊക്കെ വിറച്ചു തുടങ്ങീ" പതിഞ്ഞ ശബ്ദത്തില്‍ അവനോടു അനന്ദലക്ഷ്മി!!!
പുലിവിന്ദന്‍ എഴുനേറ്റു മുകളില്‍ വച്ചിരുന്ന ബാഗ്ഗില്‍ നിന്നും ഒരു പുതപ്പെടുത്തു, പിന്നെ പിന്നിലോട്ടു നോക്കി ക്യാമെറ കണ്ണുകള്‍ ഒന്നും ഇല്ല എന്നുറപ്പുവരുത്തി..
"ഇത് നമ്മള്‍ക്ക് പുതക്കാം" എന്ന് പറഞ്ഞു രണ്ടാളും ഒരു പുതപ്പിന് ചൂടില്‍ കേറി.
കോടമഞ്ഞ് കാഴ്ച്ചമറച്ച ജനാലക്കടുത്തേക്ക് ചാരിയിരിക്കുന്ന അനന്ദലക്ഷ്മിയുടെ നെഞ്ചില്‍, ഇരുട്ടത്ത് എന്തോ കളഞ്ഞുപോയ പോലെ അരവിന്ദന്റെ കുസൃതിക്കൈകള്‍ തപ്പുന്നു!!!
അവളുടെ ചുണ്ടില്‍ ഒരു ഗൂഢസ്മിതം!!!!
വിരസമായ രസതന്ത്ര ക്ലാസ്സുകളില്‍ കണ്ണുകള്‍ക്ക് ദര്‍ശന സുഖമേകിയിരുന്ന ആ പട്ടത്തിപെണ്ണിന്റെ നിമ്നോന്നതങ്ങളില്‍, പുലിവിന്ദന്റെ പുലിക്കൈകള്‍ വീണ മീട്ടുന്നത് കണ്ട ആ സമയം എന്റെ രക്തസമ്മര്‍ദം പരിശോധിച്ചിരുന്നെങ്കില്‍, ആ രക്തസമ്മർദമാപനയന്ത്രം അപ്പോള്‍ തന്നെ പൊട്ടിത്തെറിച്ചു പോയിരിക്കും.
എന്റെ പോലെ അത്ര ബലമുള്ളതായിരുന്നില്ല ബിജുലാലിന്റെയും, അജീഷിന്റെയും, രമേശ് കുറുപ്പിന്റെയും ഹൃദയം!!
അതുകൊണ്ട് ഉറങ്ങിക്കിടന്ന ആ പാവം കാമുകരെ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനായി ക്ഷണിക്കാന്‍ എനിക്ക് ധൈര്യമുണ്ടായില്ല.
അസൂയ മൂത്തിട്ട് ഇരിക്കാന്‍ മേലാതിരുന്ന എന്നെ എപ്പോഴോ കുടിച്ച കള്ള് കീഴ്പ്പെടുത്തി ഉറക്കി.
അതിരാവിലെ ഊട്ടിയിലെത്തി..!
ഹോട്ടല്‍ വൃന്താവനം, എന്ന നീല ബോര്‍ഡ് കാണാം വെളിയില്‍.
എല്ലാവരെയും ബസിൽ തന്നെയിരുത്തി റൂം ശരിയാക്കാൻ പോയ അദ്ധ്യാപക ജോഡികളിൽ ഇന്ദിര ടീച്ചർ മാത്രം തിരികെയെത്തി ഇറങ്ങാൻ വിസിലൂതി..!
കൂടു തുറന്നുവിട്ട കോഴിക്കുഞ്ഞുങ്ങളെപ്പോലെ എല്ലാവരും ചാടിയിറങ്ങി. രാത്രി മുഴുവന്‍ കുടിച്ചും കഴിച്ചും ശേഖരിച്ചു വച്ചിരിക്കുന്ന "ശങ്ക" ഒരു ഭാരമായി എല്ലാവര്ക്കും അടിവയറ്റില്‍ മുറവിളി കൂട്ടുന്നുണ്ടായിരുന്നു. കോമൺ ബാത്ത് റൂമുകളെന്ന ശങ്ക നിർവഹണ കേന്ദ്രം ലക്ഷ്യമാക്കി ശങ്കന്മാരും, ശങ്കികളും ചീറിയടുത്തു...!
ഡോർമിറ്ററിയും അതിന് ശേഷം ടോയ്ലെറ്റുകളുടെ നിരയുമായി എൽ ഷേപ്പിലായിരുന്നു പാത.
അതിലൂടെ മറ്റു കുതിരകളെ പിന്നിലാക്കി കുതിയ്ക്കുന്ന അശ്വരാജന്റെ കരുത്തോടെ,അതിലേറെ ആക്രാന്ദത്തോടെ തള്ളി മാറ്റിയും;വകഞ്ഞ് നീക്കിയും പുലിവിന്ദന്‍ കുതിച്ചോടി മുന്നിലെത്തി..!
മറ്റുള്ളവർ എത്തിയപ്പോഴേയ്ക്കും അശ്വമുഖ്യൻ ആദ്യം കണ്ട വാതിലിൽ പിടുത്തമിട്ടു കഴിഞ്ഞിരുന്നു.
'ഈ പുണ്യ ഭൂവിൽ ഞാനാദ്യം.....' എന്ന മട്ടിൽ മറ്റുള്ളവരെ നോക്കി, അധികം പ്രതിരോധമില്ലാത്ത വാതിൽ പുലിവിന്ദന്‍ മലർക്കെ തുറന്നു....
അതിനുള്ളിൽ ത്രിശങ്കു സ്വർഗത്തിലായ സത്യവാൻ സാറിന്റെ നരച്ച മീശ ഉയർന്നു വിറച്ചു...അനാട്ടമിയുടെ പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ പോലും
കാണാത്ത ദഹനേന്ദ്രിയ വ്യവസ്ഥയുടെ നേര്‍ക്കാഴ്ച!!!
കിടക്കപ്പായയിൽ നിധി കണ്ട് പ്രജ്ഞയറ്റവനെപ്പോലെ കണ്ണുകൾ തള്ളിയ അരവിന്ദൻ ഒട്ടും സംശയിക്കാതെ വെച്ചടിച്ചു..
'ഗുഡ് മോർണിങ്ങ് സർ..!'
കുറ്റിയില്ലാത്ത ടോയ്ലെറ്റിൽ നിന്നും പിന്നെ ഒരു അലർച്ച മാത്രം..
'അടയ്ക്കെടാ പട്ടീ വാതിൽ...!' ഒപ്പം വേർതിരിച്ചെടുക്കാനാകാത്ത ഭാഷയുടെ പെരുമഴയും....!
ചുറ്റും ആരാധികമാരുടെ ആർത്തു ചിരി...
കേട്ടതും കണ്ടതും വിശ്വസിക്കാന്‍ കഴിയാത്ത പോലെ പുലിവിന്ദ മുഖം..
തികച്ചും ഗാന്ധിയനായ സത്യവാന് സാറാണോ ചന്ദ്രിക സോപ്പിട്ടു കുളിച്ചാലും നാറുന്ന ഈ തെറി എന്റെ ദേഹത്ത് തെറിപ്പിച്ചത്?
ആവേശത്തോടെ ഓടിക്കയറി പുറത്തു കളയാന്‍ തുടങ്ങിയ "ശങ്ക" ബാഷ്പീകരിച്ചു പോയപോലെ, ഇനി കയറേണ്ട ആവശ്യമില്ലെന്ന ചിന്തയോടെ തിരിഞ്ഞു നടന്നു..
തിരികെയുള്ള യാത്രയിൽ സൂചി വീണാലറിയുന്ന നിശബ്ദത .... ബസിൽ രണ്ട് പുലികളുള്ളത് കൊണ്ടാകാം ...!!!
എന്നാലും പുലിവിന്ദന്‍ പണിമേടിച്ചതില്‍ ഏറ്റവും സന്തോഷിച്ചത് ഞാനായുരുന്നു.
ഊട്ടിയിലെ തണുത്ത രാത്രിയില്‍ എണ്ണമയമുള്ള പൈന്‍ വിറകുകഷണങ്ങള്‍ക്ക് തീപിടിക്കേ, കൊഴിഞ്ഞു വീഴുന്ന നല്ല ദിവസങ്ങള്‍ക്കു ചിയേഴ്സ് പറയാനിരുന്ന ഞങ്ങള്‍ സംസാരിച്ചത് അരവിന്ദനെയും അനന്തലക്ഷ്മിയേയും കുറിച്ചായിരുന്നു. പാട്ടും കഥകളും നിറഞ്ഞ ഭാവനകള്‍ക്ക് തീപിടിച്ച ആ യാത്ര അവര്‍ക്കുവേണ്ടി.
കാലം മുന്നോട്ടു പോയി..
മാര്‍ച്ച് വന്ന് ഞങ്ങളെ പിരിച്ചു വിട്ടു.
ക്ലാസ്മേറ്റ് എന്ന സിനിമയുടെ ആവേശത്തില്‍ പഴയ ഡിഗ്രീ ക്ലാസ്സുകാരുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാന്‍ ശ്രമം നടക്കുന്നു എന്ന് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോള്‍ കണ്ണുകളില്‍ ഊട്ടിയുടെ കുളിരുകുടഞ്ഞു വന്നതാണീ ഓര്‍മകള്‍!!.