Follow by Email

Tuesday, June 14, 2016

വാക്കാണ്‌ സത്യം.

തിനെട്ടു വർഷം മുന്നേയുള്ള വൃശ്ചികക്കുളിരുള്ളൊരു രാത്രി.
ചക്രവാളത്തിൽ കറുത്ത മേഘങ്ങളെ വകഞ്ഞു നീക്കി ചിരിച്ച മുഖത്തോടെ ചന്ദ്രൻ എത്തി നോക്കി നില്‍ക്കുന്നു. ചുവപ്പിലും പച്ചയിലും രണ്ടു ക്രിസ്തുമസ്സ് നക്ഷ്രതങ്ങൾ ഇരുവശവും നിന്നു സ്വാഗതം പറയുന്ന ഓടിട്ട വീട്ടിലിരുന്ന് കുത്തരിച്ചോറിനെ മുളകിട്ട മത്തിക്കറികൊണ്ട് സ്നാനം ചെയ്യിക്കുന്ന ആളാണ്‌ കഥാനായകൻ ബാബുച്ചായൻ, ഒരു കഷണം ചെണ്ടമുറിയൻ കപ്പ വായിലിട്ടു അലിയിച്ച് അടുത്തിരിക്കുന്നത് ഭാര്യ എൽസമ്മാമ്മ. രണ്ടുമക്കളാണ് ഈ ദമ്പതികൾക്ക് . ഒരാള് പത്തിലും, മറ്റേയാള് പന്ത്രണ്ടിലും പഠിക്കുന്നു. അറുപത്തിരണ്ടു വസന്തകാലങ്ങൾ പിന്നിട്ടുവെങ്കിലും ബാബുച്ചായന്റെ ഞരമ്പിൽ ഇപ്പോഴും പത്തൊമ്പതിന്റെ കുതിരയാണ് ചോര വലിച്ചുകൊണ്ട് ഓടുന്നത്. രക്തത്തിലെ പഞ്ചസാരയെപറ്റി എൽസമ്മാമ്മ ഇടയ്ക്കിടയ്ക്ക് അച്ചായനെ ഓർമ്മിപ്പിക്കുമെങ്കിലും അതിയാന് ഒന്നിനുമൊരു നിയന്ത്രണവുമില്ല. കൂടാതെ പഞ്ചസാര രക്തത്തിൽ മാത്രമല്ല ലേശം അച്ചായന്റെ മനസ്സിലും ഉണ്ട്..! കുട്ടികൾ രണ്ടെണ്ണം ഉണ്ടായിക്കഴിഞ്ഞ് ഒരിക്കൽ അലക്കുകല്ലിൽ നടുവിടിച്ചുവീണ് എൽസമ്മാമ്മേടെ ഡിസ്ക്കൊന്നു തെറ്റി. അതിനു ശേഷം അച്ചായന്റെ 'ജീവശാസ്ത്ര പരമായ വിശപ്പിന്' വേണ്ടപോലെ കഞ്ഞീം വെള്ളോം കൊടുക്കാൻ അമ്മാമ്മയ്ക്ക് കഴിഞ്ഞിട്ടില്ല എന്നത് സങ്കടകരമായ സത്യമാണ്. അതിന്റെ ചില അസ്കിതങ്ങൾ അച്ചായൻ കാണിക്കാറുമുണ്ട്.
അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽക്കേ 'ഗീതാ ടാക്കീസ്സിൽ' വട്ടത്തിനകത്ത് "എ" എഴുതിയ സിനിമകളേ വരാറുള്ളൂ. കിഴക്കേച്ചന്തയിൽ പൊക്കത്തിൽ വച്ചിട്ടുള്ള വലിയ സിനിമാ പോസ്റ്ററിൽ ജയഭാരതിയും, ജയമാലിനിയും, അനുരാധയും, സിൽക്ക് സ്മിതയും, ഡിസ്ക്കോശാന്തിയും, എന്റെ നാട്ടിലെ ഓരോ കാലഘട്ടങ്ങളിലെയും യുവാക്കളുടെ പൌരുഷത്തെ വെല്ലുവിളിച്ച്, അവരുടെ ചോര ആവിയാക്കി, രാത്രികൾ നിദ്രാവിഹീനമാക്കി നെഞ്ചും വിരിച്ചു നിന്നിരുന്നു. കാലം മാറിയപ്പോൾ പഴയ മാദകത്തിടമ്പുകളിൽ നിന്നും ആ ദൗത്യം ഷക്കീലയും, മറിയയും രേഷ്മയും ഏറ്റെടുത്തു..!
അങ്ങനെ, സിനിമ മാറിവന്ന ഒരു വെള്ളിയാഴ്ച.
വൈകുന്നേരം ചന്തയിൽ കയറി മത്തിമേടിച്ചു മടങ്ങുമ്പോഴാണ് ബാബുച്ചായൻ ഗീതാ ടാക്കീസ്സിന്റെ പോസ്റ്ററിൽ കാതരമിഴികളോടെ, പരമാവധി ഇറക്കിവെട്ടിയ ബ്ലൗസ്സുമിട്ട്, ഷക്കീല നിന്ന് മുറ്റംതൂക്കുന്നത് കണ്ടത്...!
"ഇന്നത്തെ രാത്രി നിനക്ക്".. എന്ന് തിരിഞ്ഞൊന്നുകൂടി നോക്കി ഷക്കീലയ്ക്ക് നിശബ്ദമായവാക്ക് കൊടുത്തിട്ട് നേരെ വീട്ടിലേക്ക് വിട്ടു. വാക്കാണ്‌ സത്യം. !
അത്താഴം കഴിഞ്ഞ് ഒരു സിഗരറ്റും കത്തിച്ച് വയറും തടവി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ബാബുച്ചായനോട്, "കിടക്കുന്നില്ലായോ" അമ്മാമ്മ ചോദിച്ചു.
"നീ കിടന്നോ"...വയറിനൊരു സുഖം തോന്നുന്നില്ല. ഞാൻ വടക്കേ പറമ്പിലോട്ടൊന്നു പോയിട്ട് വരാം". (കക്കൂസ്സില്ല, വിദ്യാബാലൻ കക്കൂസ്സിന്റെ എണ്ണം എടുക്കുന്നതിനു മുന്നേയുള്ള സംഭവാ ).
അമ്മാമ്മ നോക്കിനിൽക്കെ, വയലറ്റും ഓറഞ്ചും ഇടകലർത്തി വരച്ചോരു നിക്കറൂരി വെളിയിലെ അയേലോട്ടിട്ടു അച്ചായൻ വടക്കോട്ട്‌ നടന്നു.
സെക്കന്റുകൾ മിനിറ്റുകളായി, മിനുറ്റുകൾ മണിക്കൂറിലേയ്ക്ക് ഓടിക്കയറി.
കിടന്നൊന്നു മയങ്ങിപ്പോയ എൽസമ്മാമ്മ കണ്ണു തുറന്ന് നോക്കിയപ്പോൾ അച്ചായൻ കട്ടിലിലില്ല. ക്ലോക്കിൽ മണി പത്തര..!
പിള്ളാരെ ഉണർത്താതെ എഴുനേറ്റ് , മുടീം കെട്ടി, മെല്ലെ കതകു തുറന്നു വെളീൽ നോക്കിയപ്പോൾ--.
നിക്കറ് വൃശ്ചിക മഞ്ഞു കൊണ്ട് തണുത്ത് അയേൽ തന്നെ കിടപ്പുണ്ട്.
"ഈ മനുഷ്യനിത് എവിടെപ്പോയി..?
അച്ചായോ...അച്ചായോ.." വടക്കോട്ട്‌ നോക്കി ആദ്യം മെല്ലെ രണ്ടുതവണ വിളിച്ചു.
അച്ചായോ )))))))
പിന്നെ ഒരു അലർച്ച ആയിരുന്നു.
കാറലുകേട്ട്‌ പിള്ളേരുണർന്നു.
എന്താമ്മച്ചീ ....""""
എടാ റെജിമോനേ............. അപ്പച്ചനെ കാണുന്നില്ലെടാ..അത്താഴം കഴിഞ്ഞു തൂറാൻ പോയതാ..മണിക്കൂറു ഒന്നരയായി..വല്ല പാമ്പോ മറ്റോ കടിച്ചു കാണോ ? പോയി നോക്കെടാ മക്കളേ..""
കേട്ടപാതി റെജിമോനോടി വടക്കോട്ട്‌.
ഇളയമോളും അമ്മാമ്മയും ഉച്ചത്തിൽ "അച്ചായോ,.. അപ്പച്ചോ" എന്നും വിളിച്ചോണ്ട് വീടിനുചുറ്റും ഓട്ടം.
പറമ്പ് മുഴുവൻ തിരഞ്ഞു കരഞ്ഞുവിളിച്ച്റെജിമോൻ വന്നു, "ഇല്ലമ്മച്ചീ ...അവിടെങ്ങുമില്ല ".
കൂട്ടക്കരച്ചിൽ...!
നാട്ടുകാരുണർന്നു..!
അയൽക്കാരോടിക്കൂടി..!!
"എനിക്കിനി ജീവിക്കണ്ടേ........." എന്ന് കാറിക്കൊണ്ട് എൽസമ്മാമ്മ കിണറ്റിൽച്ചാടാനൊരു ശ്രമം നടത്തി, റെജി മോനും പഞ്ചായത്ത് മെമ്പർ സുകുവും കൂടി അത് വിഫലമാക്കി.
"ഒരു അസുഖോം ഇല്ലാതെ എന്റെ കൂടെയിരുന്ന് അത്താഴം കഴിച്ച് ...ദാ വരുന്നെന്നു പറഞ്ഞു നിക്കറൂരിയിട്ട് വടക്കോട്ട്‌ നടന്നുകേറി പോയ മനുഷ്യനാ"...ഇങ്ങനെ ഓരോന്ന് പറഞ്ഞായി കരച്ചിൽ.
എല്ലാരുടേം കണ്ണുകൾ ആ നിഗൂഡതയുടെ പര്യായമായി വയലറ്റും ഓറഞ്ചും നിറത്തിൽ അയയിൽ തൂങ്ങിക്കിടക്കുന്ന നിക്കറിൽ തന്നെ..!
പറമ്പ് മുഴുവൻ വെളിച്ചം , ചുറ്റുമുള്ള പറമ്പിലും ആളുകളുടെ തിരച്ചിൽ.
ഇതിനിടക്ക് ഒരാള് കിണറ്റിലിറങ്ങി നോക്കി.
സ്ത്രീ ജനങ്ങളുടെ വക പലതരം കമന്റുകൾ.
കൊയിപ്പുറത്തെ വത്സലേച്ചി: " ആൾക്കൊരു വഷളൻ നോട്ടം ഉണ്ടാരുന്നെങ്കിലും, പാവാരുന്നു., ഇനി നാടുവിട്ടതായിരിക്യോ?"
എരിതീയിൽ എണ്ണ ഒഴിക്കും പോലെ വടക്കേതിലെ ഉഷേടെ ചോദ്യം: "ആത്മഹത്യവല്ലോം "??
അതുകേട്ടു "എന്റെ അപ്പച്ചോ."..എന്നലറിക്കൊണ്ട് മോൾടെ ഡിജിറ്റൽ സൌണ്ട്.
അങ്ങിനെ തിരച്ചിൽ പുരോഗമിക്കവേ ...
റെജിമോന്റെ സൈക്കിളും ചവിട്ടി ദാ വരുന്നു ബാബുച്ചായൻ...!!!!
വീട്ടിൽ ആളു കൂടി നിൽക്കുന്നകണ്ട് "അയ്യോ............എൽസമ്മയ്ക്ക് എന്നാ പറ്റി ..എന്താ കുഴപ്പം...എടീ എൽസേ ))))))" എന്ന് കാറിക്കൊണ്ട് ഓടിവന്നു.
"എൽസക്ക്യൊന്നും പറ്റീല്ല, നീ തൂറാൻ സൈക്കിളും ചവിട്ടിയാണോ പോയേ?".. മെമ്പർ സുകു ചോദിച്ചു .
നിക്കറും ഊരിയിട്ട് നീ ഇത് എന്നാ പോക്കാ പോയെ?
എവിടെപോയതാഡാ ബാബൂ നീ...ചോദ്യ ശരങ്ങൾ.
"നിങ്ങളെന്നെയും പിള്ളാരെയും തീ തീറ്റിച്ചു കൊല്ല് മനുഷ്യാ..." അമ്മാമ്മ പൊട്ടികരഞ്ഞു പിന്നെയും .
അതിനിടയ്ക്ക് ആരോ അച്ചായന്റെ പോക്കറ്റിൽ നിന്നും വെളീലോട്ടു തള്ളിയിരുന്ന ഗീതാ ടാക്കീസ്സിന്റെ ടിക്കറ്റ് കണ്ടുപിടിച്ചു.
സെക്കന്റ്‌ ഷോ, പത്തുരൂപ.!!
ഉദ്വേഗജനകമായആ അന്തരീക്ഷത്തിൽ കുറച്ചു മുന്നേ മുഴങ്ങിയ കരച്ചിലിനെ അമ്പേ പരാജയപ്പെടുത്തി, പിന്നെയുണ്ടായ കൂട്ടച്ചിരി.
ഷക്കീലയ്ക്ക് കൊടുത്ത വാക്ക്.. വാക്കാണ്‌ സത്യം.